സൈബർവലയും കുട്ടിയിരകളും – 13

സൈബർവലയും കുട്ടിയിരകളും – 13

മാത്യൂസ് ആര്‍പ്പൂക്കര

ഡെത്ത് ഗെയിം ടാസ്ക് നറുക്കിട്ടെടുക്കുകയായിരുന്നു കേശവദാസപുരത്തു ഗീതാനന്ദിന്‍റെ വീട്ടില്‍ കൊച്ചു കൂട്ടുകാര്‍. ഒന്നിച്ചു കൂടിയിട്ട് ഏറെ നേരമായിരിക്കുന്നു. ഏറ്റം പുതിയ സിനിമയുടെ വ്യാജകോപ്പിയും ഇഷ്ടഗെയിമും മറ്റും കണ്ട് അവര്‍ രസിച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ ചിലര്‍ ഡെത്ത്ഗെയിമില്‍ കയറാന്‍ ശ്രമിച്ചു. ശ്യാമിനും നവീനും മാത്രമേ അതില്‍ ജോയിന്‍ ചെയ്യാന്‍ സാധിച്ചുള്ളൂ.

ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലെ ചില പ്ലാറ്റ്ഫോമുകളിലും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഡെത്ത് ഗെയിം! ടീനേജുകാരെ ചതിയില്‍ വീഴ്ത്തി ആത്മഹത്യയോളമെത്തിക്കുന്ന ക്രൂരവിനോദമാണിത്. ഇന്ത്യയില്‍ ഇത്തരം സൂയിസൈഡുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറേയേറെ ഉത്തരവാദിത്വങ്ങള്‍ കളിക്കാരനെക്കൊണ്ടു നിര്‍ബന്ധിച്ചു ചെയ്യിക്കുന്നു, സംഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്. ദിവസത്തില്‍ വളരെ കുറച്ചു സമയം മാത്രമേ കളിക്കാരനു കളിയില്‍ ചേരേണ്ടതുള്ളൂ. ഓണ്‍ ലൈന്‍ ഗെയിമില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ കളിക്കാര്‍ക്കു ഗെയിം അഡ്മിനിസ്ട്രേറ്റര്‍ കല്പിതനിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു. 50 ദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട ഗെയിം പ്ലാനുകള്‍ നല്കിത്തുടങ്ങിയാല്‍പ്പിന്നെ ഇരകള്‍ക്ക് ഇരിക്കപ്പൊറുതിയില്ല. അഥവാ, നിര്‍ത്തണമെന്നുവച്ചാല്‍ അതിനു പറ്റാത്ത ടെന്‍സീവ് സിറ്റ്വേഷനിലെത്തിക്കഴിഞ്ഞിരിക്കും ഇര.

നവീനും ശ്യാമും പ്രസ്തുത ഡെത്ത് ഗെയിം കളിച്ചുതുടങ്ങിയപ്പോഴേക്കും രണ്ടു പേര്‍ക്കും തുടക്കത്തിലേ ചെയ്തുതീര്‍ക്കാനുള്ള ടാസ്കുകള്‍ ഗെയിം അഡ്മിനിസ്ട്രേറ്റര്‍ ഇട്ടുകഴിഞ്ഞു. ഓരോരുത്തര്‍ക്കും ഒന്നിലധികം ടാസ്കുകള്‍ നല്കിയിട്ടു നറുക്കിട്ടെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

നവീന് അങ്ങനെ കിട്ടിയ ടാസ്കാണത്; കൂട്ടമരണം സംഭവിച്ച ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നൊരു വീട്ടില്‍ ഒറ്റയ്ക്ക് ആരോരുമറിയാതെ രാത്രിയില്‍ പോകുക… നവീനു കിട്ടിയ ടാസ്കില്‍ അഭിപ്രായവ്യത്യാസമുണ്ടായില്ല. വിസമ്മതമോ എതിര്‍പ്പോ ഉണ്ടായില്ല.

"നിങ്ങള്‍ തീര്‍ത്തും ദുര്‍ബലനാണ്… നിങ്ങള്‍ക്കു വില്‍പവര്‍ ഉണ്ടാകണമെങ്കില്‍, ജീവിതവിജയം ആഗ്രഹിക്കുന്നുവെങ്കില്‍ പറയുന്നപോലെ അനുസരിക്കു ക…!" അഡ്മിനിസ്ട്രേറ്ററുടെ ദൃഢവും പരുഷവുമായ വാക്കുകള്‍ നവീന്‍ ശിരസ്സാ വഹിച്ചു.

"കടപ്പുറത്തെവിടെയെങ്കിലും കരയ്ക്കു കയറ്റിവച്ചിരിക്കുന്ന വള്ളത്തില്‍ ആരുമറിയാതെ പോയി ഒരു രാത്രി മുഴുവന്‍ കിടന്നുറങ്ങുക…! – ശ്യാമിനു കിട്ടിയ ടാസ്ക് അതായിരുന്നു.

നവീനും ശ്യാമും ഗെയിം അഡ്മിനിസ്ട്രേറ്ററുടെ കര്‍ക്കശ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കാന്‍ തീരുമാനിച്ചു.

കൊച്ചു കൂട്ടുകാരുടെയിടയില്‍ ജോജോ പമ്മിയിരുന്നു ഊറിച്ചിരിച്ചു. ഓണ്‍ലൈന്‍ ഡെത്ത് ഗെയിമില്‍ പങ്കാളിയാകാന്‍ കൂട്ടുകാര്‍ അവനെ നിര്‍ബന്ധിച്ചു. അവനു താത്പര്യമില്ലായിരുന്നു. ഈ ഗെയിമിന്‍റെ പേരുപോലും മിണ്ടാന്‍ വീട്ടില്‍ പപ്പ അനുവദിക്കാത്ത കാര്യമോര്‍ത്തണവന്‍ ഊറിച്ചിരിച്ചത്. ഒരു മൈന്‍ഡ് മാനിപ്പുലേറ്റിങ്ങ് ഗെയിമാണിതെന്നു പപ്പ പറഞ്ഞതവന്‍ ഓര്‍ത്തു. കളിക്കുന്ന ആളിന്‍റെ അഥവാ ഇരയുടെ മനസ്സിനെ പയ്യെപ്പയ്യെ വരുതിയിലാക്കി അവസാനം ആത്മഹത്യയുടെ മുനമ്പിലേക്കു തള്ളിവിടുന്ന വിചിത്രമായ കളി! അധമമനസ്സിന്‍റെ ഉടമയാക്കി മാറ്റുന്ന ഹീനമായ ഓണ്‍ലൈന്‍ ഗെയിം! ലോകത്തിനു ഭീഷണിയായ കൊലയാളി ഗെയിം!!

ജോജോ ആ വഴിക്കാണു ചിന്തിച്ചുപോയത്. എന്നാല്‍ നവീനും ശ്യാമും അതേ ഡെത്ത് ഗെയിമിന്‍റെ പുറകെ പോയി. അതിന്‍റെ ഡിമെരിറ്റ്സ് മെറിറ്റ്സാക്കി തലയിലേറ്റിക്കൊണ്ട്.

നവീനും ശ്യാമും ജോജോയ്ക്കുമൊപ്പം കിഴക്കേകോട്ടയിലെത്തി അവിടെനിന്നും ബസ്സില്‍ കയറി ഹോളി ക്രോസ് ജംഗ്ഷനിലിറങ്ങി. ബസ്സില്‍ യാത്ര ചെയ്യുമ്പോഴും നവീന്‍റെ ചിന്തയാകെ ടാസ്ക് നടപ്പാക്കുന്നതിനെപ്പറ്റിയായിരുന്നു.

"കൂട്ടമരണം നടന്ന വീട്…! അതെവിടെച്ചെന്നു കണ്ടെത്തും…? ആരോടു ചോദിച്ചറിയും…?" അവന്‍റെ മനസ്സിയുലര്‍ന്ന വലിയ ചോദ്യചിഹ്നം…! ഫ്ളെക്സ് അക്ഷരങ്ങള്‍പോലെ അതങ്ങനെ മനോമുകുരത്തില്‍ തിളങ്ങി നിന്നു.

നേരം അഞ്ചു മണിയാകുന്നതേയുള്ളൂ. നവീന്‍ നേരെ മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിലേക്കു നടന്നു. അവനൊരു ചോക്ലേറ്റ് വാങ്ങണമായിരുന്നു. ആകാശ് മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഗെയ്റ്റിങ്കല്‍ ചന്തമാര്‍ന്ന കാവല്‍പ്പുര. അവിടെ സെക്യൂരിറ്റി ജോലിക്കാരന്‍ നില്ക്കുന്നു. അവനെ കാണുമ്പോഴൊക്കെ സംസാരിക്കാന്‍ താത്പ ര്യം കാണിക്കുന്ന കുട്ടപ്പായി ചേട്ടന്‍. ബീഡി വലിക്കാരന്‍ കുട്ടപ്പായിചേട്ടന്‍. അവന്‍ അയാളുടെ അടുത്തേയ്ക്കു ചെന്നു.

"കുട്ടപ്പായിച്ചേട്ടാ, ഒരു കാര്യം ചോദിച്ചോട്ടേ…? പറഞ്ഞുതരുമോ…?"

"എന്താണു മോനേ…?" – കുട്ടപ്പായിചേട്ടന്‍ തലയിലെ തൊപ്പിയെടുത്തു ചൊവ്വേ വച്ചുകൊണ്ടു ബീഡിക്കറ പിടിച്ച പല്ലുകാട്ടി ചിരിച്ചു.

"ഒത്തിരി മരണം നടന്നൊരു വീട് ഇവിടെങ്ങാനുമുണ്ടോ ചേട്ടാ…?" – നവീന്‍ ചോദിച്ചു.

"കൊള്ളാം, നല്ല ചോദ്യം…!" കുട്ടപ്പായിച്ചേട്ടന്‍ ഉറക്കെ ചി രിച്ചു. എന്നിട്ട് തിരക്കി: "മോനെന്തിനാ ഇതൊക്കെ തെരക്കുന്നേ…?"

"വെറുതെ ഒന്നറിയാനാ…"- അവന്‍റെ മുഖത്തു തെല്ല് ജാള്യത പരക്കാതിരുന്നില്ല.

"ഇവിടെ അടുത്തെങ്ങുമില്ല മോനേ…" ഒന്നാലോചിച്ചു നിന്നിട്ട് അയാള്‍ പറഞ്ഞു: "ആറേഴ് മൈല്‍ അകലെ വട്ടാറപ്പാറയിലൊരു വീടുണ്ട്… കാടുപിടിച്ചു കെടക്കണ പറമ്പ്… അതിലൊരു നല്ല വാര്‍ക്ക വീട്…! ഇ പ്പം അന്യാധീനപ്പെട്ട് കെടക്കയാ… കരിമൂര്‍ഖന്‍ പോലും ആ ഫാഷന്‍ വീട് കണ്ടു പേടിക്കും…"

"അതെന്താ ചേട്ടാ…? അവിടാണോ കൊലപാതകം നടന്നേ…?" – നവീന് ആകാംക്ഷ ഏറി.

"ആ വീട്ടില്‍ നടന്നത് ഒന്നല്ല, നാലു കൊലപാതകങ്ങളാ…" കുട്ടപ്പായിചേട്ടന്‍ പറഞ്ഞു: "അച്ഛനും അമ്മയും മദ്യത്തിനടിമകള്‍…. മക്കളിലൊരുത്തന്‍ മയക്കുമരുന്നിനടിമ! എന്താ പോരേ…? അവിടെ നടന്നതൊന്നും മോനറിയാതിരിക്കുന്നതാ നല്ലത്…. ആ വീട്ടില്‍ ഏറ്റം ഇളയ പയ്യനുണ്ടായിരുന്നു. നിന്‍റെ പ്രായത്തിലുള്ളൊരു പയ്യന്‍… കൊലപാതകത്തിനിടയില്‍ അവനോടി രക്ഷപ്പെട്ടു. ആ പയ്യന്‍റെ മൊഴിയനുസരിച്ചാ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി ഇപ്പോള്‍ ജയിലിലാ… ശിക്ഷയും കാത്ത്…"

"ആ പയ്യനോ…?" നവീന്‍ ഉദ്വേഗത്തോടെ തിരക്കി.

"ആ പയ്യന്‍ ദേവനാഥ് ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാ…! ആരും നോക്കാനില്ലാതെ അന്യാധീനപ്പെട്ട് ഒരുപാടു സ്വത്തുക്കള്‍…!"

നവീന് ആ വീടിന്‍റെ ലൊക്കേഷനും മറ്റും അറിയണമായിരുന്നു. അറിയേണ്ടതൊക്കെ ചോദിച്ചറിഞ്ഞിട്ടാണ് അവന്‍ വീട്ടിലേക്കു മടങ്ങിയത്.

മമ്മ ഇന്നു വീട്ടിലുണ്ടാകും. രണ്ടാം ശനിയാഴ്ചയായതിനാല്‍ ജോലിക്കു പോയിട്ടില്ല. സന്ധ്യയോടെ നവീന്‍ വീട്ടിലെത്തുമ്പോള്‍ ഏലീശ്വാ സിറ്റൗട്ടിലെ കസാലയില്‍ പത്രം വായിച്ചിരുപ്പുണ്ടായിരുന്നു.

"ഫ്രണ്ട്സൊക്കെകൂടി 'സൂ' കണ്ടോ…?" – ഏലീശ്വ മകനെ കണ്ട പാടെ ചോദിച്ചു: "പുതിയ ജന്തുക്കള്‍ ഏതൊക്കെ ഉണ്ടായിരുന്നു…? അനക്കോണ്ടയും പിന്നെ…?"

നുണകള്‍ ഏച്ചുകെട്ടി അവന്‍ മമ്മയുടെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറഞ്ഞു.

പിറ്റേന്നു നവീന്‍ സ്കൂളിലെത്തിയപ്പോള്‍ ക്ലാസ് ടീച്ചര്‍ ലിന്‍സി വിളിപ്പിച്ചു.

"നവീനെന്താ ഇപ്പോള്‍ പരിപാടി…? പഠിത്തമില്ലേ?" ടീച്ചര്‍ ചോദിച്ചപ്പോള്‍ നവീനൊന്നു പകച്ചു. എന്തു പറയണമന്നറിയാതെ അവന്‍ പരുങ്ങി നിന്നു.

"എന്‍റെ ക്ലാസ്സില്‍ പഠനത്തില്‍ ഏറ്റം മികച്ച കുട്ടിയായിരുന്നു നീ…" ലിന്‍സി ടീച്ചര്‍ തുടര്‍ന്നു: "ഇന്നിപ്പോള്‍ നീ വളരെ പിന്നാക്കം പോയി. ഇന്‍റേണല്‍ ടെസ്റ്റുകളുടെയൊക്കെ റിസല്‍റ്റ് അതാണു കാണിക്കുന്നേ…? ഹോംവര്‍ക്കിലും പ്രോജക്ട് വര്‍ക്കിലുമൊക്കെ നീ തീരെ മോശം! ഒന്നിലും റെഗുലറല്ല. എന്താ ഇങ്ങനെ…? അതു ചോദിക്കാനാ വിളിപ്പിച്ചത്… നിനക്കെന്താ അദര്‍ ആക്ടിവിറ്റീസ്…? പഠനമല്ലാതെ…?"

ചുമല്‍ വെട്ടിച്ചുകൊണ്ട് നവീന്‍ ഉച്ചരിച്ചു: "ഒന്നുമില്ല…"

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org