സൈബർവലയും കുട്ടിയിരകളും – 14

സൈബർവലയും കുട്ടിയിരകളും – 14

മാത്യൂസ് ആര്‍പ്പൂക്കര

"കാര്യം തുറന്നു പറയ് നവീന്‍…" – ലിന്‍സി ടീച്ചര്‍ നിര്‍ബന്ധം പിടിച്ചു: "പഠനത്തില്‍ നിന്നും ഇത്ര അകന്നുപോകാന്‍ മാത്രം നിന്‍റെ അദര്‍ ആക്ടിവിറ്റീസ് എന്താണ്…? നീയാകെ ആള് മാറിപ്പോയി."

ചിന്താമൂകനായി അലക്ഷ്യമായി നോക്കിനില്ക്കുന്ന നവീനോടു ടീച്ചര്‍ തുടര്‍ന്നു പറഞ്ഞു: "ഇങ്ങനെ പോയാല്‍ ശരിയാവില്ല… നിന്നോടു സംസാരിച്ചിട്ടു നിന്‍റെ മമ്മയെ വിളിച്ചു സംസാരിക്കാമെന്നു വിചാരിച്ചു…."

"മാം പ്ലീസ്…!" നവീന്‍ വികാരഭരിതനായി കെഞ്ചി: "മമ്മയെ വിളിച്ചറിയിക്കണ്ടാ… ഞാന്‍ വേഗം ഫോളോ അപ് ചെയ്തോളാം മാം… അടുത്ത എക്സാമിനൊക്കെ ഞാന്‍ മുന്നിലെത്തിക്കോളാം… പ്ലീസ് മാം…!"

"ശരി… നോക്കട്ടെ…" ടീച്ചര്‍ സ്വരം കടുപ്പിച്ചു തുടര്‍ന്നു: "ഇത്തവണകൂടി ഒരു മാപ്പ്! ഇനി എക്സക്യൂസില്ല. ഉഴപ്പി നടന്നാല്‍ പറയേണ്ടിടത്തൊക്കെ പറയും. പഠനം ശരിയായില്ലേല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിടത്തൊക്കെ റിപ്പോര്‍ട്ട് ചെയ്യും; ഷുവര്‍ലി…"

എന്നിട്ട് ടീച്ചര്‍ ചെറിയൊരു ഉപദേശംകൂടി നല്കി: "നമ്മുടെ കര്‍ത്തവ്യങ്ങള്‍ നാം മറക്കരുത്… ഫിഷര്‍മാന്‍ ഫിഷിങ്ങ്ബോട്ടില്‍ കടലില്‍ പോകുന്നതെന്തിനാ…? മീന്‍ പിടിക്കാനല്ലേ…? അല്ലാതെ തിരയെണ്ണാനോ കടല്‍പ്പാമ്പിനെ കാണാനോ ആണോ…? പൊയ്ക്കോ ക്ലാസ്സിലേക്ക്…"

ലിന്‍സി മാമിന്‍റെ രൂക്ഷഭാവം അവനു പിടിച്ചില്ല. "മാര്‍ക്കിത്തിരി കുറഞ്ഞുപോയെന്നു കണ്ട് ഇത്രയ്ക്കുണ്ടോ ഭാവം…!?" മനസ്സില്‍ പറഞ്ഞുകൊണ്ടവന്‍ ക്ലാസ്സിലേക്കു നടന്നു. സ്കൂളിന്‍റെ നീളന്‍ വരാന്തയില്‍ വായ് പൊളിച്ചിരിക്കുന്ന എമ്പറര്‍ പെന്‍ഗ്വിന്‍ എന്ന വേസ്റ്റ് ബിന്‍ തട്ടിത്തെറിപ്പിക്കാനുള്ള ചീര്‍ത്ത ദേഷ്യം അവനുണ്ടായിരുന്നു.

ലിന്‍സിമാമിന്‍റെ ഉപദേശത്തെപ്പറ്റി നവീന് ശ്യാമിനോട് പറഞ്ഞു.

"അതൊക്കെ അങ്ങനെ കിടക്കും." ശ്യാം സ്വരമുയര്‍ത്തി പറഞ്ഞു: "എക്സാം അടുക്കുമ്പഴ് പഠിത്തം നോക്കാം. നീ, ഗെയിം അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശപ്രകാരമുള്ള ടാസ്ക് പൂര്‍ത്തിയാക്കാന്‍ നോക്ക്… ഞാനിന്നു രാത്രി കടപ്പുറത്തു പോകും… കടപ്പുറത്തെ വള്ളത്തില്‍ ഈ രാത്രി കിടന്നുറങ്ങും… ഉറപ്പാ…"

"അപ്പോള്‍ വീട്ടില്‍…?"-നവീനു സംശയം.

"കമ്പെയ്ന്‍ സ്റ്റഡിക്ക് ഫ്രണ്ടിന്‍റെ വീട്ടില്‍ പോവുകയാണെന്നു പറയും. രാത്രിയില്‍ അവിടെ കിടക്കുമെന്നും പറയും…"- ശ്യം ഉറപ്പിച്ചു പറഞ്ഞു

അതോടെ നവീന്‍റെ മനസ്സില്‍ ടാസ്ക് പൂര്‍ത്തീകരിക്കാനുള്ള വിചാരം ബലപ്പെട്ടു. അന്നു വൈകുന്നേരം സ്കൂള്‍ ബാഗ് വീട്ടില്‍ കൊണ്ടുവച്ചിട്ട് അവന്‍ വട്ടാറപ്പാറയിലേക്കു പോയി.

അതിനിടയില്‍ അവന്‍ മമ്മയെ ഫോണില്‍ വിളിച്ച് അറിയിച്ചു: "മമ്മാ. ഞാനൊരു ഫ്രണ്ടിന്‍റെ വീട്ടില്‍ കമ്പെയ്ന്‍ സ്റ്റഡിക്കു പോകുകയാ… ഇത്തിരി രാത്രിയായിട്ടേ വരത്തുള്ളൂ…."

"അധികം രാത്രിയാകാതിങ്ങ് വരണം" – ഏലീശ്വ നിര്‍ദ്ദേശിച്ചു.

നാലു കൊലപാതകങ്ങള്‍ നട ന്ന വീടിന്‍റെ ഗെയ്റ്റ് പൊലീസ് അ ടച്ചു താഴിട്ടു പൂട്ടിയിരിക്കുന്നതായി നവീന് അറിയാന്‍ കഴിഞ്ഞു. സ ന്ധ്യയോട ആ പുരയിടം അവന്‍ ചുറ്റി നടന്നു കണ്ടു. അതിന്‍റെ പിന്‍ ഭാഗത്തെ മതില്‍ ഇടിഞ്ഞുപൊളി ഞ്ഞു കിടക്കുന്നത് അവന്‍ കണ്ടു. അതിലൂടെ ആ വീടിന്‍റെ മുറ്റത്തെത്താം. വലിയ സിറ്റൗട്ടില്‍ കയറാം. അവന്‍ വിചാരിച്ചു. രാത്രിയാവോ ളം അവന്‍ ആ വഴിയൊക്കെ വെറു തെ കറങ്ങി നടന്നു. രാത്രിയോടെ അവന്‍ ടാസ്കിലേക്കു നീങ്ങി.

മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്‍റെ സഹായത്തോടെ നവീന്‍ ആ പുരയിടത്തിന്‍റെ പിന്നാമ്പുറത്ത് കൂടി അകത്തു പ്രവേശിച്ചു. ടൈല്‍ പതിച്ച മുറ്റത്തും ഗ്രാനൈറ്റിട്ട വലിയ സിറ്റൗട്ടിലും കടന്നു.

മനസ്സാകെ ആശങ്ക…!

സംഭീതി ആര്‍ത്തട്ടഹസിക്കുന്ന അന്തരീക്ഷം…!! ഇരുള്‍ഭൂതങ്ങളുടെ തീക്കണ്ണുകള്‍ തീവെട്ടികളാകുന്ന ഭീതിദകാഴ്ച…!

പേടിച്ചു വീഴാതിരിക്കാന്‍ അവന്‍ സര്‍വധൈര്യവും സംഭരിച്ചു.

അവന്‍റെ ചങ്ക് പടപടാന്നിടിച്ചു. പള്‍സ് റേറ്റ് വര്‍ദ്ധിച്ചു. എല്ലാം സഹിച്ചു. ഗെയിം അഡ്മിനിസ്ട്രേറ്റര്‍ വച്ചുനീട്ടിയ വില്‍പവറിനുവേണ്ടി. മരണകൂടാരം മുന്നില്‍ കണ്ടു…!

പ്രശ്നങ്ങളൊക്കെ അവഗണിച്ചു…! എന്തിനുവേണ്ടി…? ഓണ്‍ലൈന്‍ മരണക്കളി സക്സാകാന്‍ വേണ്ടി! ആക്കാന്‍വേണ്ടി! എന്തും സഹിച്ചു ടാസ്ക് വിജയത്തിലെത്തിക്കണമെന്ന ഒറ്റച്ചിന്ത മാത്രം!

സിറ്റൗട്ടില്‍ കയറിനിന്ന് അവന്‍ സെല്‍ഫിയെടുത്തു. ഒന്നിലധികം സെല്‍ഫിഫോട്ടോകള്‍…! ഓണ്‍ ലൈന്‍ ഗെയിം അഡ്മിനിസ്ട്രേറ്റര്‍ക്ക് അയച്ചുകൊടുത്ത് അഷ്വറന്‍സ് വാങ്ങണം. ചിലപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ഓണ്‍ലൈനില്‍ ഓണ്‍ ദി സ്പോട്ടില്‍ പ്രത്യക്ഷപ്പെടും. ലൈവ് ഡിസ്കഷന്‍ നടത്തും. ടാസ്ക് വിഷ്വലൈസ് ചെയ്തു ബോദ്ധ്യപ്പെടും.

കട്ടിപിടിച്ച ഇരുട്ട്…! നേരിയ നിലാവോ മിന്നാമിന്നിയുടെ ഒരു തരിവെട്ടമോ പോലുമില്ലാത്ത കറുത്ത രാത്രി…! ഈ ഇരുട്ടത്തു സെല്‍ഫിയെടുത്താല്‍ ശരിയാകുമോ…? ഫ്ളാഷ് ക്യാമറയിലേ പടം കിട്ടൂ… പടം ശരിയാകൂ… സിറ്റൗട്ടില്‍ നിന്നുകൊണ്ടവന്‍ സ്മാര്‍ട്ട്ഫോണ്‍ വഴി വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ശ്രമം പാഴായില്ല; സക്സസ്.

ആശങ്കയും ഭീതിയുമൊക്കെ പമ്പ കടന്നു. നവീനാകെ ത്രില്ലില്‍! തിരിച്ചുപോകാന്‍ മൊബൈല്‍ ടോര്‍ച്ച് തെളിച്ചു സിറ്റൗട്ടിന്‍റെ സ്റ്റെപ്പിറങ്ങുമ്പോഴാണ് ആ കാഴ്ച…!

നവീന്‍ ഭയന്നു വിറച്ചു! അവന്‍റെ കൈപ്പിടിയില്‍നിന്നും സ്മാര്‍ട്ട്ഫോണ്‍ താഴെ വീണുപോയേക്കുമോ എന്നവന്‍ പേടിച്ചു. ചുവന്ന ടൈല്‍ വിരിച്ച മുറ്റത്തു വമ്പനൊരു കരിമൂര്‍ഖന്‍…! പത്തിവിരിച്ചാടുന്നു…!

തല കറങ്ങി താഴെ വീണേക്കുമോ എന്ന ഭിതിയോടെ അവന്‍ ഉരുളന്‍ തൂണില്‍ കെട്ടിപ്പിടിച്ചു. അടുത്ത നിമഷം എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന ഭയം അവനെ ഗ്രസിച്ചു. മൊബൈല്‍ വെട്ടത്തില്‍ അവന്‍ ഒന്നുകൂടി അങ്ങോട്ട് നോക്കി. ആ ഭീകരന്‍ കാട്ടിലേക്ക് ഇഴഞ്ഞുപോകുന്നു..! സംഭീതി പരത്തി. പിന്നെ ഒരു നിമിഷം അവന്‍ അവിടെ നിന്നില്ല. മൊബൈല്‍ വെട്ടത്തില്‍ പുറത്തേയ്ക്കു പാഞ്ഞു. തൊടലിയാണോ തൊട്ടാവാടിയാണോ അവന്‍റെ നരച്ച നീല ജീന്‍സില്‍ തോണ്ടി വലിച്ചു. കാല്‍പ്പത്തി എങ്ങോ ഉരഞ്ഞ് നീറുന്നു…!

അവന്‍ ജീവനും കൊണ്ടോടി.

എന്തായാലും നവീന്‍റെ ടാസ്ക് സാധിച്ചെടുത്തു. നവീന്‍ തന്‍റെ ഫസ്റ്റ് ടാസ്ക് വിജയകരമായി ഫിനിഷ് ചെയ്തു. ഓണ്‍ലൈന്‍ ഡെത്ത് ഗെയിം ഓപ്പറേറ്ററുടെ അറിയിപ്പും അഭിനന്ദനവും!

ഫസ്റ്റ് ടാസ്കുകളുടെ വിജയത്തില്‍ നവീനും ശ്യാമും മതിമറന്നു. അവര്‍ വിജയം ആഘോഷിച്ചു; ഗ്രില്‍ചിക്കനും പത്തരിയും കഴിച്ചുകൊണ്ട്.

"ജോജോയ്ക്കും കശ്യപിനും റാഫിക്കും എത്ര ശ്രമിച്ചിട്ടും ഓണ്‍ലൈനില്‍ ഗെയിം ഓപ്പറേറ്ററെ കിട്ടിയതേയില്ല…!" – ശ്യാം പറഞ്ഞു ചിരിച്ചു.

കൂട്ടുകാര്‍ക്കിടയില്‍ പാലാഴി സംഭവം ലീക്കായി. കൂട്ട കൊലപാതകമരണം നടന്ന പാലാഴി കൊട്ടാരം വീട് മിലിയുടെ വീട്ടില്‍നിന്നും രണ്ടു മൈലേയുള്ളൂ. ശ്യാമില്‍ നിന്നാണ് അവളതറിഞ്ഞത്. കൊച്ചു കൂട്ടുകാര്‍ക്കിടയില്‍ അതു വൈറലായി.

"അഡ്വവെഞ്ചേഴ്സ് ഓഫ് നവീന്‍…!" – പെണ്‍കുട്ടികള്‍ നവീനെ കളിയാക്കി.

വട്ടാറപ്പായിലെ പാലാഴിക്കൊട്ടാരം വീട്ടില്‍ കൂട്ടമരണം നടന്ന വീട്ടില്‍ നവീന്‍ രാത്രി ഒറ്റയ്ക്കു പോയ സംഭവകഥ…! പക്ഷേ, അതാ മരണക്കളിയുടെ ഭാഗമായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയില്ല.

ഇടവകപ്പള്ളിയില്‍ ഞായറാഴ്ച രാവിലെ ഒമ്പതിനുള്ള കുര്‍ബാന കഴിഞ്ഞപ്പോള്‍ മിലി യാദൃച്ഛികമായി ഏലീശ്വായെ കണ്ടു. അവള്‍ ചോദിച്ചു: "ആന്‍റീ, നവീന്‍ വന്നില്ലേ…?"

"നവീന്‍ കുറേ നാളായി ഞായറാഴ്ച നാലരയ്ക്കുള്ള കുര്‍ബാനയ്ക്കാ വരണത്. സണ്‍ഡേ സ്കൂളില്‍ പത്തരയ്ക്കുതന്നെ വരും" – ഏലീശ്വ ഉറപ്പിച്ചു പറഞ്ഞു.

സണ്‍ഡേ സ്കൂളിലും സ്കൂളിലും നവീന്‍റെ സഹപാഠിയാണു മിലി. ജോണ്‍ മാഷിന്‍റെ മകളുടെ മകള്‍. നവീനെപ്പറ്റി അവളോടു ചോദിച്ചാലോ? നന്നായി പഠിച്ചിരുന്ന നവീന്‍റെ പ്രസന്‍റ് സ്ഥിതിയെപ്പറ്റി മിലിയോടു വെറുതെയൊന്നു തിരക്കിയാലോ…? ഒരു നിമിഷം ആലോചിച്ച് ഏലീശ്വ നിന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org