സൈബർവലയും കുട്ടിയിരകളും – 15

സൈബർവലയും കുട്ടിയിരകളും – 15

മാത്യൂസ് ആര്‍പ്പൂക്കര

"ആന്‍റിയെന്താ വല്യ ആലോചന…?"

സമ്മിശ്ര വിചാരങ്ങളോടെ ഏലീശ്വ പള്ളിമുറ്റത്തു നിമിഷനേരംനിന്നുപോയി. അപ്പോഴാണു മുന്നില്‍ നില്ക്കുന്ന മിലിമോളുടെ കുശലം.

"ഓ…! ഒന്നുമില്ല മോളേ…" – ഏലീശ്വ പെട്ടെന്നു പറഞ്ഞു.

ഏലീശ്വയ്ക്കു മകനെപ്പറ്റി തിരക്കിയറിയാന്‍ ആകാംക്ഷയേറി. അവള്‍ ചോദിച്ചു: "മോള് സണ്‍ഡേ സ്കൂളിലും സ്കൂളിലും നവീന്‍റെ ക്ലാസ്മേറ്റാണല്ലോ… എങ്ങനെയുണ്ട് നവീന്‍റെ പഠനം…?"

"ആന്‍റീ, നവീന് ഈയിടെയായി ഇത്തരി ഒഴപ്പ് കൂടീടൊണ്ടോന്നൊരു സംശയം…? മിലി തുടര്‍ന്നു പറഞ്ഞു: "സണ്‍ഡേ സ്കൂളില്‍ കഴിഞ്ഞ ക്ലാസ്സില്‍ രണ്ടാമത്തെ പീരിയഡ് കട്ട് ചെയ്തു നവീന്‍ എങ്ങോ പോയി. നവീനും സിറിലും ഒന്നിച്ചാ പോയത്…"

സംസാരം ഒന്നു നിര്‍ത്തിയിട്ട് മിലി ശാന്തമായി തുടര്‍ന്നു: "ആന്‍റീ, പിന്നൊരു കാര്യോണ്ട്… ഞാനെങ്ങനെ പറയും…?"

"എന്താ മോളേ, മോള് പറയ്… എന്തായാലെന്താ ആന്‍റിയറിയട്ടെ…" – ഏലീശ്വ ഉദ്വേഗഭരിതയായി.

മിലി അക്കഥകൂടി പറയാതിരുന്നില്ല. വട്ടാറപ്പാറയിലെ പാലാഴി കൊട്ടാരം വീട്ടില്‍ രാത്രിയില്‍ നവീന്‍ ഒറ്റയ്ക്കുപോയ സംഭവം. നാല് കൊലപാതകമരണങ്ങള്‍ നടന്ന വീട്ടില്‍ അവന്‍ പോയ കഥ! ആരുമില്ലാതെ അന്യാധീനപ്പെട്ട് കാടും പടലും പിടിച്ചുകിടക്കുന്ന ഫാഷന്‍ വീട്ടിലേക്ക് അവന്‍ തനിയേ നടത്തിയ സാഹസികയാത്ര…!

ഏലീശ്വ സ്തബ്ധയായി നിന്നുപോയി. മകനെപ്പറ്റി കേട്ട് ചിന്താവിഷ്ടയായി. ചിന്തയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ മിലിയുടെ അടുത്ത ചോദ്യം വീണു:

"ആന്‍റീ, നവീനു പപ്പയോടു നല്ല സ്നേഹോണ്ട്… കേസ് അവസാനിപ്പിച്ചു നിങ്ങള്‍ മൂവര്‍ക്കുംകൂടി ഒന്നിച്ചു താമസിച്ചൂടേ…?"

ഓര്‍ക്കാപ്പുറത്തു തന്‍റെ മനസ്സിനൊരു കുത്തേറ്റപോലെ ഏലീശ്വായ്ക്കു തോന്നി. അരിശം ഭാവത്തില്‍ ഇരച്ചുകയറി. അതടക്കാന്‍ ശ്രമിച്ചുകൊണ്ടവള്‍ പുലമ്പി:

"മിലി…! കാണാപ്പും വായിക്കണ്ടാ…. മോള് കൊച്ചുകുട്ടിയാ… കാര്യങ്ങളൊന്നും അറിഞ്ഞൂടാ… കുടുംബകാര്യങ്ങള്‍ ഞങ്ങള് നോക്കിക്കോളാം… മോളിപ്പം സണ്‍ഡേ സ്കൂളിലേക്കു പോ…"

"ആന്‍റി ഇതൊക്കെ ഞാന്‍ പറേന്നതല്ല… സ്കൂളില്‍ പലരും പറേന്നതാ…"

"നീയെന്തിനാ വല്ലോരുമൊക്കെ പറഞ്ഞത് ഏറ്റുപറേന്നേ? മേലാല്‍ എന്നോടിക്കാര്യമൊന്നും മിണ്ടിപ്പോകരുത്…" ഏലീശ്വ മിലിയെ താക്കീത് ചെയ്തു. അവള്‍ ദേഷ്യത്തില്‍ നടന്നുനീങ്ങി. സ്കൂളില്‍ പലരും പറയുന്നുപോലും…! സ്വന്തം കാര്യം നോക്കി ജീവിക്കാന്‍ കൂടി സമ്മതിക്കാത്ത ഒരു ലോകം! ഏലീശ്വ വിചാരിച്ചു. സ്കൂട്ടറിന്‍റെ ഇരമ്പല്‍ പോലെ അവളുടെ ഭാവവും ഇരച്ചുകേറി.

വീട്ടില്‍ ചെന്നപ്പോള്‍ നവീന്‍ ഇനിയും മുറിവിട്ടെഴുന്നേറ്റിട്ടില്ല. വൈകുന്നേരം നാലരയ്ക്കുള്ള കുര്‍ബാനയ്ക്ക് അവന്‍ പോകാനിരിക്കയാണ്. പക്ഷേ, പത്തരയ്ക്കു സണ്‍ഡേ സ്കൂളില്‍ ചെല്ലേണ്ടതല്ലേ… മണി പത്തു കഴിഞ്ഞു. ഇനി എപ്പോള്‍ പോകാനാണ്?

ഏലീശ്വാ ശക്തമായി ഡോറിലിടിച്ചു വിളിച്ചു: "എടാ നവീന്‍… നവീന്‍…!"

"എന്താ മമ്മാ… എനിക്കു തീരെ വയ്യാ…" – നവീന്‍റെ പരിദേവനം.

"നീ വാതില്‍ തുറന്നേ…" – അവള്‍ ആക്രോശിച്ചു.

ആക്രോശങ്ങള്‍ക്കിടയില്‍ വാതില്‍ തുറക്കാന്‍ സമയമെടുത്തു. "മമ്മാ എനിക്കു നല്ല സുഖമില്ല… ഭയങ്കര തലവേദനയാ…. ഞാന്‍ ഗുളിക കഴിച്ചിട്ട് കിടക്കുകയാ…"- അവന്‍ ദീനഭാവം നടിച്ചു.

"നീ ഇന്നു സണ്‍ഡേ സ്കൂളില്‍ പോകാതിരിക്കാനുള്ള അടവാണല്ലേ…? നിനക്കു സണ്‍ഡേ സ്കൂളില്‍ പോകാനെന്തായിത്ര മടി?" – ഏലീശ്വയ്ക്കു ദേഷ്യം കേറി.

"ഞാന്‍ കഴിഞ്ഞ സണ്‍ഡേ ക്ലാസില്‍ പോയല്ലോ മമ്മാ…"- അ വന്‍ ശഠിച്ചു പറഞ്ഞു.

"കഴിഞ്ഞ ക്ലാസ്സ് കട്ട് ചെയ്തു നീയും സിറിലുംകൂടി എവിടെ പോയി…?" – അവള്‍ സ്വരമുയര്‍ത്തി ചോദിച്ചു.

"ഞങ്ങളവിടെയൊക്കെത്തന്നെയുണ്ടായിരുന്നു മമ്മാ…" – സങ്കട സ്വരത്തില്‍ അവന്‍ പറഞ്ഞു. "സണ്‍ഡേ സ്കൂള്‍ എക്സാം വരുമ്പം പഠിച്ചു നല്ല മാര്‍ക്ക് വാങ്ങിച്ചാല്‍ പോരേ…?"

"അതു പോരാ… ക്ലാസ്സ് റെഗുലറായി അറ്റന്‍ഡ് ചെയ്യണം…" – ഏലീശ്വ ഉറപ്പിച്ചു പറഞ്ഞു. എന്നിട്ടവള്‍ ഡൈനിങ്ങ് ടേബിളിനടുത്തായി ഇരുന്നുകൊണ്ടു തുടര്‍ന്നു: "നീയിങ്ങ് വന്നേ ചോദിക്കട്ടെ…"

അവന്‍ മമ്മയുടെ അടുത്തേയ്ക്കു ചെല്ലാതെ അരിശത്തില്‍ തിരക്കി: "എന്താ മമ്മാ…?"

"നീ വട്ടാറപ്പാറയിലെ പാലാഴി കൊട്ടാരം വീട്ടില്‍ പോയോ…?" – ഏലീശ്വ ചോദിച്ചു.

അവന്‍ മിണ്ടാതെ നിന്നു.

"ചോദിച്ചതു കേട്ടില്ലേ…? കൂട്ടക്കൊലപാതകം നടന്ന വീടാണത്… നീ അവിടെ രാത്രിക്കു തനിച്ചു പോയോ…? ഇപ്പഴും പൊലീസ് നിരീക്ഷണത്തിലുള്ള വീടാണത്…"
എന്നിട്ടും അവന്‍ മിണ്ടാതെ നിന്നതേയുള്ളൂ.

"നവീന്‍…! നിന്നോടു ചോദിച്ചതു കേട്ടില്ലേ…? നീ എന്തിനാ വീട്ടില്‍ പോയി…?"

"പൊലീസുകാരേക്കാളും കഷ്ടമാണല്ലോ മമ്മാടെ ചോദ്യങ്ങള്…" – അവന് അമര്‍ഷം.

"എന്താ നവീന്‍…? നീയെന്തിനവിടെ പോയി…?"

ഏലീശ്വ വീണ്ടും വീണ്ടും ചോദിച്ചു. മകന്‍ കാര്യം പറഞ്ഞില്ല. ഓണ്‍ലൈന്‍ ഗെയിമിന്‍റെ ഭാഗമായിട്ടാണ്; ഡെത്ത് ഗെയിമിന്‍റെ ഭാഗമായിട്ടാണ് അവിടെ പോയതെന്ന് അവന്‍ പറഞ്ഞില്ല. അവനെങ്ങനെ പറയാനാവും…? അവനിങ്ങനെയാണ് പറഞ്ഞത്:

"മമ്മാ, ഞാന്‍ വെറുമൊരു കു ട്ടിയല്ല. ഞാന്‍ വെറുമൊരു കുട്ടിയായിട്ടൊരു കാര്യോം ഇല്ല. ഒരു പുസ്തകപ്പുഴുവായി സ്കൂളിലും വീട്ടിലുമിരുന്നിട്ടെന്തിന്…? എന്തിനു കൊള്ളാം…?"

"നീയെന്താ ഇപ്പറേന്നേ..? എനിക്കൊന്നും മനസ്സിലാകുന്നില്ല."

"മമ്മയ്ക്കൊന്നും മനസ്സിലാകത്തില്ല. പപ്പയോടു വഴക്കിടാന്‍ മാത്രമറിയാം." നവീന്‍ ദേഷ്യത്തില്‍ പറഞ്ഞപ്പോള്‍ ഏലീശ്വ അമര്‍ഷത്തോടെ സ്വരമുയര്‍ത്തി വിളിച്ചു:

"നവീന്‍…!" അടുത്ത നിമിഷം അവള്‍ വീണ്ടും ചോദിച്ചു.

"ഞാന്‍ ചോദിച്ചതിനു നീ മറുപടി പറഞ്ഞില്ല. നീയെന്തിനാ പാലാഴി കൊട്ടാരം വീട്ടില്‍ പോയത്…? പൊലീസ് ആ വീട്ടിലെ പരിസരത്തുമൊക്കെ സിസി ക്യാമറ വച്ചിട്ടുണ്ടെന്നാ പറഞ്ഞുകേട്ടത്… മമ്മയോടു സത്യം പറയ്…"

"മമ്മാ, ഞാനവിടൊന്നു കാണാന്‍ പോയതാ… അല്ലാതൊന്നുമല്ല." നവീന്‍ ഉറപ്പിച്ചു പറഞ്ഞു: "ഞാന്‍ വല്യൊരു ഇന്‍വെസ്റ്റിഗേറ്ററാകുമ്പോള്‍ ഇവിടെയൊക്കെ പോകണ്ടതല്ലേ….? ഇതിലപ്പുറമുള്ള സ്പോട്ടുകളില്‍ പോകേണ്ടി വരും…"

"ഇന്‍വെസ്റ്റിഗേറ്ററോ…? എന്ത് ഇന്‍വെസ്റ്റിഗേറ്റര്‍…!?" ഏലീശ്വ മനസ്സിലാക്കാനാവാതെ വായ് പൊളിച്ചുനിന്നു. "തനിയേ പുറത്തിറങ്ങാന്‍ പോലും പേടിയായിരുന്ന നവീന് എവിടെനിന്നു കിട്ടി ഇത്രയധികം ധൈര്യം…!?" അവള്‍ സ്വയം പിറുപിറുത്തു, "അതിരുവിട്ട ധൈര്യം…?"

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org