Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 16

സൈബർവലയും കുട്ടിയിരകളും – 16

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

ഉത്കണ്ഠയുടെ ഒരു നിമിഷം!

മകന്‍റെ മനസ്സിലെ ഇന്‍വെസ്റ്റിഗേറ്ററെ പിടികിട്ടാതെ ഏലീശ്വ ആശങ്കയോടെ നിന്നുപോയി.

“മമ്മാ എനിക്കു പഠിക്കാനൊണ്ട്…”- നവീന്‍ മുറിയിലേക്കു പോയി.

“പഠിച്ചു പഠിച്ച് എവിടെവരെയായോ…? സ്കൂളില്‍ നിന്നും വിളി വരാതിരുന്നാല്‍ ഭാഗ്യം…! മമ്മയുടെ അര്‍ത്ഥംവച്ചുള്ള പറച്ചില്‍ അവനെ ചൊടിപ്പിച്ചു. അവന്‍ വാതില്‍പ്പടിയില്‍ തിരിഞ്ഞുനിന്നു മമ്മയെ രൂക്ഷമായൊന്നു നോക്കി. എന്നിട്ടു വാതില്‍ ശക്തമായി വലിച്ചടച്ചു. ആ ശബ്ദത്തോടൊപ്പം വീടാകെ കുലുങ്ങി വിറയ്ക്കുംപോലെ തോന്നിച്ചു.

കള്ളം പറയാനോ പ്രവര്‍ത്തിക്കാനോ നവീനു ബുദ്ധിമുട്ടില്ലാതായിരിക്കുന്നു. അന്നേദിവസം അവന്‍ പുസ്തകം തുറന്നു നോക്കിയതേയില്ല.

ആ രാത്രി അവന്‍ ഡെത്ത് ഗെയിം അഡ്മിനിസ്ട്രേറ്ററുമായി സ്മാര്‍ട്ട്ഫോണില്‍ ബന്ധപ്പെട്ടു. അയാള്‍ അടുത്ത ടാസ്കുകള്‍ വിശദമാക്കിക്കൊടുത്തു. നവീന്‍ ഇനി ഉടന്‍ ചെയ്യേണ്ട ടാസ്കുകള്‍, തുടര്‍ച്ചയായി കാണേണ്ട പ്രേതസിനിമകളുടെ ലിസ്റ്റ് അവനു നല്കി.

ആദ്യം കാണേണ്ട പ്രേതസിനിമ “ബ്ലാക്ക് ഗോസ്റ്റ്.” പാതിരാത്രിക്കു വീടിന്‍റെ ടെറസില്‍ ഒറ്റയ്ക്കിരുന്ന് അവനതു കണ്ടു. ഡെത്ത് ഗെയിം ഗൈഡിന്‍റെ നിര്‍ദ്ദേശാനുസരണമായിരുന്നത്. ഗൈഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ നീണ്ടു. അതൊക്കെ ഫോളോ ചെയ്യാന്‍ അവന്‍ പാടുപെട്ടു.

മൈന്‍റ് മാനിപ്പുലേറ്റീവ് ഗെയിം!

കളിക്കുന്ന ആളിന്‍റെ മനസ്സിനെ പയ്യെപ്പയ്യെ കണ്‍ട്രോള്‍ ചെയ്ത് അവസാനം ആത്മഹത്യയിലേക്കു തള്ളിവിടുന്ന ക്രൂരമായ സമ്പ്രദായം…!

ഈ കളിയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ഭീകരതകള്‍ ഉള്‍ക്കൊള്ളുന്നു. അമ്പതു ലെവലുകളിലേക്കു കളി നീളുന്നു. അമ്പതാം ലെവലിലേക്ക് ഈ കളി എത്തുന്നതോടെ അതിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ ഡെത്തിലേക്കു “കളിക്കാരന്‍ അഥവാ ഇര” വീഴുന്നു! ഡെത്ത് ഗെയിമിന് ഇരയാകുന്ന കളിക്കാരന്‍ ആത്മഹത്യ ചെയ്യുന്നു! ഡെത്ത് ഗെയിമിന്‍റെ സ്പിരിറ്റില്‍!

ഗൂഗിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, മറ്റ് ഔദ്യോഗിക ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ ഇവ ഒന്നില്‍നിന്നും ഈ പറഞ്ഞ ഗെയിം ഡൗണ്‍ലോഡ് ചെയ്യുവാനോ ഇന്‍സ്റ്റാള്‍ ചെയ്യുവാനോ സാധിക്കില്ല. ഇന്‍റര്‍നെറ്റ് ബ്രൗസിങ്ങിനിടയില്‍ പല സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയാണു ഡെത്ത് ഗെയിം അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തന വിദ്യ! കളിപ്പിക്കുന്ന കുതന്ത്രശാലി, കളിക്കാന്‍ താത്പര്യം പേറി അലയുന്ന ഇരകളെ കെണിയില്‍ വീഴ്ത്തുകയാണെന്നു പറയാം. ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ മെസേജുകളിലൂടെ ഈ ഗെയിമില്‍ താത്പര്യമുണ്ടോ എന്നു കളിപ്പിക്കുന്ന കുതന്ത്രശാലി ആരായുന്നു. സമ്മതം അറിയിച്ചു ക്ലിക് ചെയ്താല്‍ ഗെയിമിന്‍റെ ലിങ്കിലേക്കു വീഴുന്നു! അതോടെ ഗെയിം ട്രാപ്പില്‍ കളിക്കാന്‍ അതിമോഹമുള്ള ഇര വീഴുകയാണ്…! ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്കു കെണിയില്‍ വീണ ഇര കളിച്ചുതുടങ്ങുകയായി. നാശത്തിലേക്കുള്ള, മരണത്തിലേക്കുള്ള ഇരുണ്ട വഴി തേടി.

നവീനും ശ്യാമും ഇപ്പോള്‍ അതേ ഇരുള്‍ വീണ വഴിയിലൂടെയാണു യാത്ര…! അവര്‍ കുറേ ദൂരം താണ്ടിക്കഴി ഞ്ഞു! ഗെയിമിന്‍റെ ആദ്യലെവലുകള്‍ കടന്നുകഴിഞ്ഞു! രണ്ടുപേരും ഇപ്പോള്‍ ഡെത്ത് ഗെയിം സ്പിരിറ്റിലാണ്. ഓരോ ലെവല്‍ സാഹസികമായി പിന്നിടുമ്പോഴും അവര്‍ക്ക് ആവേശം കൂടുന്നു… അഭിമാനം പേറുന്നു…!!

ഗെയിമിലൂടെ താന്‍ നാശത്തിന്‍റെ ഗര്‍ത്തത്തിലേക്കാണു നീങ്ങുന്നതെന്നു നവീനോ ശ്യാമോ അറിയുന്നില്ല. നന്മയുടെ ആ തിരിച്ചറിവല്ല, മറിച്ചു തിന്മയുടെ പ്രലോഭനങ്ങളിലാണവര്‍. ആ പ്രലോഭനങ്ങളില്‍ രണ്ടു പേരും യഥേഷ്ടം വീണുപോകുകയാണ്. പ്രലോഭനങ്ങള്‍ സൃഷ്ടിക്കുന്നതു മറ്റാരുമല്ല, ഡെത്ത് ഗെയിംഗൈഡ് തന്നെ. അയാളിപ്പോള്‍ ഊറിച്ചിരിച്ചുകൊണ്ട് ഉദ്ദിഷ്ടനേട്ടങ്ങളിലാണ്.

ഏലീശ്വ ഞായറാഴ്ച രാവിലെ ആറരയ്ക്കുള്ള ആദ്യത്തെ കുര്‍ബാന കഴിഞ്ഞു വന്നപ്പോള്‍ വേറിട്ട കാഴ്ച…! അവള്‍ക്കു സന്തോഷ വും ആകാംക്ഷയും ഉണ്ടായി. നവീന്‍ ഒരുങ്ങിനില്ക്കുന്നു! രണ്ടാമത്തെ കുര്‍ബാനയ്ക്കും തുടര്‍ന്നു സണ്‍ഡേസ്കൂള്‍ ക്ലാസ്സിലും പോകാന്‍. ഇന്നിപ്പോള്‍ അവന്‍ ഈവനിങ്ങ് മാസിനല്ല പോകുന്നത്. സണ്‍ഡേ സ്കൂള്‍ സ്റ്റുഡന്‍റ്സിനുള്ള രണ്ടാമത്തെ കുര്‍ബാനയ്ക്കാണ്.

അവനിറങ്ങുമ്പോള്‍ അവള്‍ മകന്‍റെ തലയില്‍ വാത്സല്യപൂര്‍വം കൈവച്ചുകൊണ്ട് അറിയിച്ചു: “കുര്‍ബാനയും സണ്‍ഡേ സ്കൂള്‍ ക്ലാസ്സും കഴിയുമ്പോള്‍ നേരെ ഇങ്ങോട്ടു പോരണം. കൂട്ടുകാരുംകൂടി കറങ്ങാന്‍ പോകരുത്…”

ഒരു വിനാഴിക!

അവന്‍ മമ്മയുടെ മുഖത്തേയ്ക്കൊന്നു വല്ലാതെ നോക്കി. ഉപദേശം പിടിക്കാത്ത മാതിരി.

“ഇന്നൊരു വിശേഷ ദിവസമാ… മോനോര്‍ക്കുന്നോ…?” – അവള്‍ ചോദിച്ചു.

അവന്‍ ഒരിക്കല്‍കൂടി മമ്മയെ അസുഖകരമായി നോക്കി. പിന്നെ ആലോചനയിലാണ്ടു, വിഷാദമൂകനായി.

“നീ ഓര്‍ക്കുന്നതേയില്ല…?” ഏലീശ്വ എടുത്തു ചോദിച്ചു.

എന്നിട്ടും അവന്‍ മിണ്ടാതെ നിന്നതേയുള്ളൂ.

“എടാ ഇന്നു നിന്‍റെ ബര്‍ത്ത് ഡേയാ…!” ചെറുചിരിയോടെ ഏലീശ്വ തുടര്‍ന്നു: “മമ്മ പായസം ഉണ്ടാക്കിവയ്ക്കാം. വൈകുന്നേരം കേക്ക് മുറിക്കണം. നിനക്കിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് തന്നെയാകട്ടെ…!”

ഇനിയും നവീന്‍റെ മുഖം പ്രസാദിച്ചില്ല. ബ്ലാക് ഡിജിറ്റല്‍ അക്ഷരങ്ങളായി അവന്‍റെ മനസ്സിലൊരു ചോദ്യം ഉയര്‍ന്നുവന്നു. “പപ്പാ ഇല്ലാതെ എന്തിനു ബെര്‍ത്ത് ഡേ…?” എന്നു ചോദിക്കണമെന്നു തോന്നി. പക്ഷേ, ചോദിച്ചില്ല. മമ്മയെ പേടി! കഴിഞ്ഞ കൊല്ലത്തെ വല്ലാത്ത രംഗം പെട്ടെന്നവന്‍ ഓര്‍ത്തുപോയി. ബെര്‍ത്ത് ഡേയ്ക്കു പപ്പയെ വിളിക്കാന്‍ ശാഠ്യം പിടിച്ചതിനു മമ്മയുടെ വഴക്കും തല്ലും പിടിപ്പതു കിട്ടിയ ടെന്‍സീവ് സീന്‍…!

നവീന്‍ നിശ്ശബ്ദനായി നടയിറങ്ങുമ്പോള്‍ ഏലീശ്വ പിന്നെയും ഓര്‍മ്മിപ്പിച്ചു: “കേട്ടോ പറഞ്ഞത്… സണ്‍ഡേ ക്ലാസ്സ് കഴിുമ്പോഴേ ഇങ്ങെത്തണം… അതുപോലെ മറ്റൊരു കാര്യംകൂടി നിന്നോടു പറയാനൊണ്ട്… മമ്മ ഫോണ്‍ വിളിച്ചാല്‍, അറ്റ്ലീസ്റ്റ് അതൊന്നെടുക്കണം; സ്വിച്ചോഫ് ചെയ്തുവയ്ക്കരുത്…”

ഒന്നും മറുപടി പറയാതെ അവന്‍ നടന്നു. കനത്ത കാലടികളാക്കി അമര്‍ത്തിച്ചവിട്ടിക്കൊണ്ട്…

എന്തിനാണ്, ആരോടാണ് അവനിത്ര കുറുമ്പ്…? ഏലീശ്വ അല്പനേരം ആലോചിച്ചുനിന്നുപോയി. അതേ സമയം അവളും കഴിഞ്ഞ കൊല്ലത്തെ മോന്‍റെ ജന്മദിനാനുഭവം ഓര്‍ക്കാതിരുന്നില്ല. ശകാരത്തിലും പ്രഹരത്തിലും മുങ്ങിപ്പോയ മോന്‍റെ ജന്മദിനം! സന്തോഷത്തിനു പകരം കണ്ണുനീര്‍ സമ്മാനിച്ച ജന്മദിനം…!!

(തുടരും)

Leave a Comment

*
*