സൈബർവലയും കുട്ടിയിരകളും – 17

സൈബർവലയും കുട്ടിയിരകളും – 17

മാത്യൂസ് ആര്‍പ്പൂക്കര

നവീന്‍ പള്ളിയിലേക്കു നടന്നകലുന്നതും നോക്കി ഏലീശ്വ ചിന്താവിഷ്ടയായി പൂമുഖത്തു നിന്നു. കഴിഞ്ഞ കൊല്ലം നവീന്‍റെ ജന്മദിനാഘോഷം കണ്ണീരിലാണ്ടുപോയി. ജന്മദിനാഘോഷത്തിനു ഡേവീസിനെ വിളിക്കണമെന്ന് അവന്‍ ശാഠ്യം പിടിച്ചു. സമ്മതിക്കാത്തതിന് അവന്‍ ബഹളം വച്ചു. ദേഷ്യം അടക്കാനാവാതെ താന്‍ അവനെ കണക്കിനു തല്ലി. കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ആഘോഷം അലങ്കോലപ്പെട്ടു കൂട്ടുകാരാരും വരാതിരുന്നതു നന്നായെന്ന് അപ്പോള്‍ തോന്നി.

ഇന്നിപ്പോള്‍ നവീന്‍റെ പതിമൂന്നാം ജന്മദിനമാണ്. ഇക്കൊല്ലത്തെ ജന്മദിനം സന്തോഷപ്രദമാക്കണം. മോന് അതീവ സന്തോഷം പകരുന്നതാകണം; ഏലീശ്വ വിചാരിച്ചു. പായസം വയ്ക്കണം, മോന്‍റെ കൂട്ടുകാരോടൊപ്പം കേക്ക് മുറിക്കണം, മമ്മയുടെ വക നല്ലൊരു ബെര്‍ത്ത്ഡേ ഗിഫ്റ്റ് മോനു നല്കണം. അതൊരു സര്‍പ്രൈസ് ഗിഫ്റ്റാകണം.

ആ സര്‍പ്രൈസ് ഗിഫ്റ്റ് എന്താകണം….? നിമിഷനേരം അതേക്കുറിച്ച് ആലോചിച്ച് ഏലീശ്വ നിന്നു പോയി. ചുവന്ന പനിനീര്‍പ്പൂക്കളുടെ വര്‍ണമനോഹരചിത്രമുള്ള കവറിനുള്ളില്‍ പുതുപുത്തന്‍ നോട്ടുകളിട്ടു കൊടുത്താലോ? നരച്ച നീല ജീന്‍സും സെലിബ്രിറ്റി എന്നു ചിത്രണം ചെയ്തിട്ടുള്ള ടീ ഷര്‍ട്ടും ഉള്‍ക്കൊള്ളിച്ച റെഡിമെയ്ഡ് ഡ്രസ് വാങ്ങിക്കൊടുത്താലോ…? അതോ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങികൊടുത്താലോ…?

എന്തായാലും നവീന്‍ വരട്ടെ. അവനെ കൂട്ടിക്കൊണ്ടുപോയി ഇഷ്ടമുള്ളതു വാങ്ങികൊടുക്കാം. അവന്‍റെ സെലക്ഷനു മുന്‍തൂക്കം കൊടുക്കാം. അവന്‍ സണ്‍ഡേ ക്ലാസ് കഴിഞ്ഞ് വരട്ടെ. ഏലീശ്വ വീടൊരുക്കത്തിന്‍റെ തിരക്കിട്ട നേരത്തിലേക്കു നീങ്ങി. കാര്‍ത്തി നേരത്തെ എത്തി. അ വള്‍ വീടാകെ ക്ലീന്‍ ചെയ്തു. മുറികളും ഹാളുമൊക്കെ ബെര്‍ത്ത് ഡേ സെലിബ്രേഷനു വേദിയാകുന്ന ഹാളില്‍ തോരണങ്ങള്‍ തൂങ്ങി. വര്‍ണമാര്‍ന്ന ബലൂണുകള്‍ നിറ മിഴി ചാര്‍ത്തി. പായസത്തിനുള്ള സാധനങ്ങളും റെഡി; കിസ്മിസും കാഷ്യൂനട്ടും ഉള്‍പ്പെടെ.

കാര്‍ത്തി പാര്‍ട്ട് ടൈം ജോലി തീര്‍ത്തു പോയി. ഏലീശ്വ മകനെ കാത്തിരുന്നു. അതിനിടയില്‍ അവള്‍ അക്കാര്യം ഓര്‍ത്തു. കഴിഞ്ഞ കൊല്ലം മോന്‍റെ ബെര്‍ത്ത് ഡേയ്ക്ക് ഒരു മാസം മുമ്പാണതു സംഭവിച്ചത്. അവളുടെ ഡിവോഴ്സ് പെറ്റീഷന്‍ കുടുംബക്കോടതി ഫയലില്‍ സ്വീകരിച്ചത് അന്നായിരുന്നു. ജോയന്‍റ് ഡിവോഴ്സ് പെറ്റീഷനായിരുന്നെങ്കില്‍ എളുപ്പമായിരുന്നു. അതിനു ഡേവീസ് ഇനിയും മനസ്സ് തുറന്നിട്ടില്ല. മകന്‍റെ ഭാവിയാണ് അയാള്‍ മുഴുപ്പിച്ചു കാണിക്കുന്നത്. മകനെ അയാളുടെ പക്കല്‍ നിന്നും അകറ്റുന്തോറും അയാള്‍ പിതൃവാത്സല്യവുമായി അടുത്തുകൂടുകയാണ്.

നവീനെ കാണുന്നില്ല. സണ്‍ഡേ സ്കൂള്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. ഏലശ്വ വിചാരിച്ചു. സണ്‍ ഡേ സ്കൂള്‍ കുട്ടികള്‍ വഴിയിലൂ ടെ പോയിക്കാണുന്നില്ല. ഇന്നന്തേ വൈകുന്നു…?

അതേ സമയം സണ്‍ഡേ ക്ലാസ് കഴിഞ്ഞതേയുള്ളൂ. കുട്ടികള്‍ നാലുപാടും ചിതറിയോടി. സണ്‍ ഡേ സ്കൂളിന്‍റെ ഗെയ്റ്റിങ്കല്‍ ഡേവീസ് നവീനെ കാത്തുനില്പു തുടങ്ങിയിട്ടെത്ര നേരമായി. നവീന്‍റെ പ്രായത്തിലുള്ള ഓരോ ആണ്‍കുട്ടിയും ഗെയ്റ്റ് കടന്നുപോകുമ്പോള്‍ അയാള്‍ നന്നേ നിരീക്ഷണത്തിലായിരുന്നു. പക്ഷേ അവനെ കണ്ടില്ല.

ചിറ്റപ്പനും ചിറ്റമ്മയും പ്രത്യേകം പറഞ്ഞാണു വിട്ടത്. നവീനെ കൂട്ടിക്കൊണ്ടുവരാന്‍. അവന്‍റെ ബെര്‍ത്ത് ഡേ ആഘോഷ ചിറ്റപ്പന്‍റെ വീട്ടിലും കഴിച്ചിട്ടു വേണം വിടാന്‍. ചിറ്റമ്മ പാല്‍പ്പായസം ഒരുക്കിവച്ചു കാത്തിരിക്കുന്നു!

"നവീന്‍ മോന്‍റെ ഇഷ്ടത്തിനു റെഡിമെയ്ഡ് കടേന്ന് ഉടുപ്പും നിക്കറും വാങ്ങിച്ചോണ്ടു വേണം അവനെ കൂട്ടിവരാന്‍…"

ചിറ്റമ്മയുടെ വാക്കുകള്‍ ഡേവീസ് പെട്ടെന്ന് ഓര്‍ത്തുപോയി. ആക്ടീവാ സ്കൂട്ടറിലിരിക്കുന്ന ടെക്സ്റ്റൈല്‍ കവറിനുള്ളിലെ റെഡി മെയ്ഡ് ഡ്രസ് അയാളൊരു വട്ടം നിരീക്ഷിച്ചു. അപ്പോഴാണു നവീന്‍റെ സഹപാഠികള്‍ മിലിയും കൊച്ചുറാണിയും അതിലേ വന്നത്. അയാള്‍ നവീനെപ്പറ്റി അവരോട് അന്വേഷിച്ചു.

"ഇന്നു പള്ളിയിലും സണ്‍ഡേ സ്കൂളിലും നവീനെ കണ്ടതേയില്ല…!" മിലി തുടര്‍ന്നറിയിച്ചു. "കഴിഞ്ഞ സണ്‍ഡേ ക്ലാസ്സില്‍ ആദ്യപീരിയഡ് കഴിഞ്ഞുപോയി. സിറിലാണിപ്പോള്‍ പ്രധാന ഫ്രണ്ട്…. സിറില്‍ മഹാപ്രശ്നക്കാരനാ…. സണ്‍ ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററും കൊച്ചച്ചനും ഉപദേശിച്ചു മടുത്തിട്ടിരിക്കുന്നയാളാ…"

"ഹെഡ്മാസ്റ്ററും കൊച്ചച്ചനും ഇന്നു നവീനെ അന്വേഷിക്കുന്നുണ്ടായിരുന്നു…" – കൊച്ചുറാണി പറഞ്ഞു.

ഡേവീസ് ചിന്താകുലനായി നിന്നുപോയി. ഗെയ്റ്റിനപ്പുറം മതിലിന്മേല്‍ തിളങ്ങുന്ന അക്ഷരങ്ങള്‍: "കലഹം തുടങ്ങുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കിക്കൊള്ളുക…" (സുഭാ. 17:14).

മകനെപ്പറ്റി ശുഭകരമല്ലാത്ത കാര്യങ്ങള്‍ കേട്ട് ഡേവീസ് വിഷമിച്ചു. വിശേഷിച്ച് അവന്‍റെ ജന്മദിനത്തില്‍ അയാള്‍ ജിന്മദിനസമ്മാനവുമായി സിറിലിന്‍റെ വീട്ടില്‍ പോയി. അതിനിടയില്‍ അയാള്‍ പല തവണ നവീനെ ഫോണ്‍ ചെയ്തു. അവനെ ഫോണില്‍ കിട്ടുന്നില്ല; സ്വിച്ചോഫ്!

മകന്‍റെ ജന്മദിനത്തില്‍ ഒരു പപ്പയുടെ ദുരനുഭവം ഓര്‍ത്തു കൊണ്ടയാള്‍ സ്കൂട്ടറില്‍ യാത്ര ചെയ്തു.

സിറിലിന്‍റെ അപ്പന്‍ ഷാജിമോന്‍ ടൗണില്‍ മീറ്റ് സ്റ്റാള്‍ നടത്തുകയാണ്; യൂദാ മീറ്റ്. സ്ലോട്ടര്‍ ഹൗസ് കാണാന്‍ സിറിലിന്‍റെ കൂടെ നവീന്‍ പോയിരിക്കുകയാണെന്ന് അറിഞ്ഞു. മകന്‍റെ ജീവിതക്രമത്തിലെ വിരോധാഭാസത്തെക്കുറിച്ചു ചിന്തിച്ച് അയാള്‍ സ്കൂട്ടര്‍ തിരിച്ചു. ജന്മദിനസമ്മാനം വണ്ടിയില്‍ ബാക്കി!

ശ്യാമിന്‍റെ വീട്ടിലേക്കു പോകുന്ന വഴിക്കു ഡേവീസ് സ്വന്തം വീടിന്‍റെ മുന്നില്‍ ഒരു വിനാഴിക സ്കൂട്ടര്‍ നിര്‍ത്തി. വാതില്ക്കല്‍ത്തന്നെ അവളുണ്ടായിരുന്നു.

"നാശം…!" ഏലീശ്വ പിറുപിറുത്തുകൊണ്ട് അകത്തേയ്ക്കു നടന്നു. "ബെര്‍ത്ത് ഡേയ്ക്കു ഗിഫ്റ്റുമായി നവീനെ പാട്ടിലാക്കാന്‍ കറങ്ങി നടക്കുകയാവും…"

അയാള്‍ പോയിക്കഴിഞ്ഞെന്നു ജനലിലൂടെ നോക്കി ഉറപ്പു വരുത്തി യിട്ടാണ് അവള്‍ സിറ്റൗട്ടിലേക്കു വന്നത്. അവള്‍ മകനെ കാത്തിരുന്നു മടുത്തു. അന്തിയായിട്ടും അവന്‍ വന്നില്ല. ജന്മദിനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ കഴിഞ്ഞിട്ടാണു കാത്തിരുപ്പ്. ഫോണ്‍ വിളിച്ചിട്ടും കിട്ടുന്നില്ല. എപ്പോഴും സ്വിച്ചോഫ്… ഫോണ്‍ സ്വിച്ചോഫ് ചെയ്തുവയ്ക്കരുതെന്നു നവീനോടു പ്രത്യേകം പറഞ്ഞാണു വിട്ടത്; എന്നിട്ടുപോലും…!?

അതിനിടയില്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ഫോണ്‍ കോളെത്തി, "ഏലീശ്വാ, ഒത്തിരി പ്രതീക്ഷകളോടെയാണു ടീച്ചേഴ്സ് നവീനെ കണ്ടിരുന്നത്. അതൊക്കെ പോയി. ഇപ്പോള്‍ എല്ലാവര്‍ക്കും പരാതികള്‍ മാത്രം. അവന്‍ കൃത്യമായി ക്ലാസില്‍ വരാറില്ല. പഠനത്തില്‍ ഒന്നാമനായിരുന്നവന്‍ പിന്നോക്കം പോയിരിക്കുന്നു…! കഞ്ചാവ് വലിച്ചു പുഴക്കരയില്‍ പോയിരുന്ന ഒരു സംഘം കുട്ടികളോടൊപ്പം നവീനെയും കണ്ടെത്തി. എന്താണിങ്ങനെയൊക്കെ…?"

ഒരു ചോദ്യത്തോടെ ആ കോള്‍ അവസാനിക്കുമെന്നു കരുതിയെങ്കിലും തീര്‍ന്നില്ല. മാനുവല്‍ സാര്‍ തുടര്‍ന്നു: "അടുത്ത ഞായറാഴ്ച ഏലീശ്വ നവീനെയും കൂട്ടി വികാരിയച്ചനെ കാണണം. എങ്കിലെ സണ്‍ഡേ സ്കൂള്‍ ക്ലാസില്‍ നവീന് ഇനി പ്രവേശനമുള്ളൂ… മറ്റൊരു കാര്യം കൂടി പറയാന്‍ വികാരിയച്ചന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഏലീശ്വായുടെ അപ്പന്‍ അന്ത്രോച്ചേട്ടന്‍ ഇന്നു രാവിലെ വികാരിയച്ചനെ കണ്ട് എന്തെല്ലാമോ പരാതി ബോധിപ്പിച്ചിട്ടാണു പോയത്…"

അതു കേട്ടപ്പോള്‍ ഏലീശ്വ ഒന്നു നടുങ്ങി. എന്നിട്ട് അവള്‍ തീര്‍ത്തും പരുഷമായി പറഞ്ഞു: "ആ കുരിശു വികാരിയച്ചന്‍റെ മുറിയിലും ചെന്നോ…!? അപ്പനെക്കുറിച്ച് അവളുടെ ധിക്കാരം നിറഞ്ഞ മറുപടി!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org