Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 18

സൈബർവലയും കുട്ടിയിരകളും – 18

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

മകനെ കാണാതെ തീരെ അസ്വസ്ഥയായി ഇരിക്കുമ്പോഴാണു ഏലീശ്വയെ തേടി പല പ്രശ്നങ്ങള്‍ വരുന്നത്. എല്ലാം മകനെപ്പറ്റി. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാനുവല്‍ സാറിന്‍റെ വിളിയും അവളെ കൂടുതല്‍ വിഷാദത്തിലാഴ്ത്തി. മകനെപ്പറ്റി ഒട്ടേറെ ആരോപണങ്ങള്‍…!

നവീന്‍റെ പോക്ക് ഒട്ടും ശരിയല്ല. സണ്‍ഡേ സ്കൂളില്‍ അവന്‍ കൃത്യമായി ഹാജരാകുന്നില്ല; ചീത്ത കൂട്ടുകെട്ട്! പഠനത്തില്‍ തികച്ചും പിന്നോക്കം!

അതിനിടയിലാണു കൂനിന്മേല്‍ കുരുപോലെ അവളുടെ അപ്പന്‍ അന്ത്രോ കൊണ്ടുവന്ന പരാതിക്കെട്ട്…! അന്ത്രോ അപ്പന്‍ പൂന്തുറയില്‍ നിന്നും ഈ ഇടവകയിലെത്തിയാണു വികാരിയച്ചനെ കണ്ടു പരാതികള്‍ ബോധിപ്പിച്ചിരിക്കുന്നത്… എല്ലാം ഇന്നേ ദിവസം…! മകന്‍റെ ജന്മദിനത്തില്‍ത്തന്നെ!

നേരം സന്ധ്യയായി. പക്ഷികള്‍ ചേക്കേറാന്‍ പറന്നകലുന്നു.

നവീനെ ഫോണ്‍ വിളിച്ചിട്ടെങ്ങും കിട്ടുന്നില്ല. പ്രത്യേകം പറഞ്ഞാണു വിട്ടത്. ഫോണ്‍ സ്വി ച്ചോഫ് ചെയ്തു വയ്ക്കരുത്. വിളിച്ചാല്‍ ഉടനെ അറ്റന്‍ഡ് ചെയ്യണമെന്നൊക്കെ. എന്നിട്ടുപോലും അവനെ ഫോണില്‍ കിട്ടുന്നില്ല. അവന്‍ എവിടെപ്പോയി? ഇന്നു ജന്മദിനമാണ്. സണ്‍ഡേ സ്കൂള്‍ കഴിയുമ്പോള്‍ത്തന്നെ വീട്ടിലെത്തണമെന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചു വിട്ടിട്ട്…!?

ഏലീശ്വ അടങ്ങാത്ത അസ്വസ്ഥതകളോടെ സിറ്റൗട്ടില്‍ നിന്നും അകത്തേയ്ക്കു കയറി വാതിലടച്ചു. രണ്ടു കൈകള്‍കൊണ്ടും ശിരസ്സ് താങ്ങി സോഫയിലിരുന്നു. അല്പനേരം കഴിഞ്ഞ് അവള്‍ നവീന്‍റെ പ്രധാന ചങ്ങാതി ശ്യാമിന്‍റെ നമ്പറില്‍ വിളിച്ചുനോക്കി. ശ്യാമിനെ ലൈനില്‍ കിട്ടി. ആ കുട്ടി പറഞ്ഞു:

“നവീനും ഞാനുംകൂടി സിറിലിന്‍റെ പപ്പേടെ സ്റ്റോട്ടര്‍ ഹൗസ് കാണാന്‍ പോയിരുന്നു. സിറിലിന്‍റെ പപ്പ ഞങ്ങള്‍ക്കു ഹോട്ടലീന്നു ഭക്ഷണം വാങ്ങിച്ചുതന്നു. ഉച്ചതിരിഞ്ഞു നവീന്‍റെ പപ്പ വന്നു കൂട്ടിക്കൊണ്ടുപോയി. ഇന്നു നവീന്‍റെ ബെര്‍ത്ത് ഡേ അല്ലേ…!”

കൂടുതലൊന്നും കേള്‍ക്കാന്‍ ചെവി കൊടുക്കാതെ മൊബൈല്‍ ഫോണ്‍ സോഫയിലേക്കിട്ടു. എന്നിട്ടവള്‍ കൂടുതല്‍ അസ്വസ്ഥയായി വീട്ടിലെ ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കമ്പിക്കൂട്ടിലെ വെരുകിനെപ്പോലെ.

പെട്ടെന്നു ഫോണ്‍ റിങ്ങ് ചെയ്തുതുടങ്ങി. ഏലീശ്വ ഫോണെടുത്തു നോക്കി.

നവീന്‍…!

“എന്താടാ നീ ചത്തില്ലേ…? ഇങ്ങോട്ടു വരാറായോ?” – അവളുടെ ദ്വേഷ്യം ഇരച്ചു.

“രണ്ടായിരത്തിപതിനെട്ടിലെ ജന്മദിനത്തില്‍ തന്നെ ചാകണോ മമ്മാ…?”- നവീന്‍ ഉദ്വേഗത്തോടെ തുടര്‍ന്നു പറഞ്ഞു. “ചെലപ്പം ഞാന്‍ ചത്തെന്നു വരും… എനിക്കൊരു മരണക്കുറിപ്പെഴുതണം… എന്‍റെ അടുത്ത ജന്മദിനത്തില്‍ ഞാന്‍ കണ്ടെന്നു വരില്ല…!”

“നീ എന്തു തോന്ന്യാസമൊക്കെയാടാ ഇപ്പറേന്നേ…?” അവളുടെ അരിശം ഇരട്ടിച്ചു. “നീ ഇങ്ങോട്ടു വരുന്നുണ്ടോ? അല്ലേല് അയാടെ കൂടെ പൊയ്ക്കോ… ഇന്നുതന്നെ പൊയ്ക്കോ… ആ വെറുക്കപ്പെട്ടവന്‍റെ കൂടെ… ഈ ബെര്‍ത്ത് ഡേയ്ക്കുതന്നെയായിക്കോട്ടെ…”

“മമ്മ ഞാനിവിടെ നില്പുണ്ട്… നമ്മുടെ സിറ്റൗട്ടില്‍…!” നവീന്‍റെ പറച്ചില്‍ കേട്ട് അവള്‍ ഉടനെ വാതില്‍ വലിച്ചു തുറന്നു.

നവീന്‍ കളര്‍ഫുള്‍ ടെക്സ്റ്റൈല്‍ പായ്ക്കറ്റുമായി മുന്നില്‍ നില്ക്കുന്നു; ചെറുചിരിയോടെ.

ടെക്സ്റ്റൈല്‍ പായ്ക്കറ്റിലേക്ക് ഉറ്റുനോക്കിക്കൊണ്ടവള്‍ അമര്‍ഷം അടക്കാനാവാതെ ചോദിച്ചു: “ഇതെന്താ..?”

“പപ്പ ബെര്‍ത്ത് ഡേ ഗിഫ്റ്റ് മേടിച്ചുതന്നതാ….”

മകന്‍റെ രണ്ടു ചെകിട്ടത്തും മാറിമാറി അടിക്കാനുള്ള ദ്വേഷ്യം അവള്‍ക്കുണ്ടായിരുന്നു; അടിച്ചില്ല. അവള്‍ കൊപം മറ്റൊരു വഴിക്കു തിരിച്ചുവിട്ടു.

മകന്‍റെ പക്കല്‍ നിന്നും ടെക് സ്റ്റൈല്‍ പായ്ക്കറ്റ് അവള്‍ പിടിച്ചുവാങ്ങി. ലൈറ്റര്‍ എടുത്തുകൊണ്ടുവന്ന് ആ പായ്ക്കറ്റ് അപ്പാടെ മുറ്റത്തിട്ടു കത്തിച്ചു. എന്നിട്ടും ക്രോധം അടങ്ങാതെ അകത്തേയ്ക്കു കനത്ത കാലടികളോടെ ചവിട്ടിക്കയറിപ്പോയി; ഒരു ചുഴലിക്കാറ്റുപോലെ!

അവള്‍ നേരെ പോയി കട്ടിലില്‍ വീണു. അതേ ദുര്‍ബലനിമിഷത്തില്‍ മകനെ തല്ലിച്ചതയ്ക്കാഞ്ഞതു നന്നായിപ്പോയെന്ന് അവള്‍ക്കു തോന്നി. അവന്‍ വല്ല വേണ്ടാതീനോം ചെയ്തേനെ..? ദുശ്ശാഠ്യക്കാരനാണ്!

ഡൈനിങ്ങ് ടേബിളില്‍ ബെര്‍ത്ത് ഡേ കേക്ക് ഇരിക്കുന്നു. “ഹാപ്പി ബെര്‍ത്ത് ഡേ ടൂ നവീന്‍മോന്‍” എന്നു ബ്ലാക്ക് ഫോറസ്റ്റ് കേക്കിന്‍റെ മുഖത്തു മിന്നിത്തിളങ്ങുന്ന അക്ഷരങ്ങള്‍…! അതിപ്പോള്‍ കറുത്ത ലിപികളാകുമ്പോലെ…!

ഇതിനിടയില്‍ അവനുവേണ്ടി വാങ്ങിവച്ച ബെര്‍ത്ത് ഡേ ഗിഫ്റ്റും അവിടെത്തന്നെയിരിപ്പുണ്ട്. ജീന്‍സും ടീഷര്‍ട്ടും അടങ്ങിയ ടെക്സ്റ്റൈല്‍ പായ്ക്കറ്റ്. കുറേനേരം കഴിയട്ടെ. കലങ്ങിയ അന്തരീക്ഷമൊന്ന് ആറിത്തണുക്കട്ടെ. ഏലീശ്വ ആശ്വസിച്ചു. എന്നിട്ടെഴുന്നേല്ക്കാം; കേക്ക് മുറിക്കലും മറ്റും നടത്താം. കേക്ക് മുറിക്കല്‍ കഴിഞ്ഞിട്ട് ഗിഫ്റ്റ് കൊടുക്കാം. സമ്മാനിക്കാന്‍ ഇണങ്ങിയ സമയം അതാണ്.

എന്നാല്‍ അധികനേരം അവള്‍ കിടന്നില്ല. എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ചാടിയെണീററു. അപ്പോള്‍ അതാണു കാഴ്ച…!

മുറ്റത്ത് ആളിക്കത്തുന്ന രണ്ടാമത്തെ തീക്കൂന…!! അവന്, അവള്‍ സമ്മാനിക്കാന്‍ വച്ചിരുന്ന സമ്മാനപ്പൊതിയും അവന്‍ എടുത്തു തീയിട്ടെന്നോ…? വിശ്വിസിക്കാനാവാതെ അവള്‍ കണ്ണുകള്‍ ഇറുകെ അടച്ചു വീണ്ടും തുറന്നു. ഡൈനിങ്ങ് ടേബിളിലേക്ക് അവള്‍ ഉത്ക്കണ്ഠയോടെ തിരിഞ്ഞു നോക്കി. അതേ, അതുതന്നെ! അതവന്‍ കത്തിച്ചു!!

“നവീന്‍…!!”

ഏലീശ്വ വാതില്‍പ്പടിയില്‍ നിന്ന് അലറിവിളിച്ചു. മകന്‍ കുലുങ്ങിയില്ല.

“എടാ, നവീന്‍, മമ്മ നിനക്കു സമ്മനിക്കാന്‍ വച്ചിരുന്ന സമ്മാനപ്പൊതി നീ കത്തിച്ചോ…?” – വികാരഭരിതയായി അവള്‍ ചോദിച്ചു.

“പപ്പ എനിക്കു തന്ന ഗിഫ്റ്റ് മമ്മ കത്തിച്ചുകളഞ്ഞില്ലേ…? മമ്മയുടെ ഗിഫ്റ്റും എനിക്കു വേണ്ട….” – ഒറ്റശ്വാസത്തില്‍ വിമ്മിട്ടത്തോടെ അവന്‍ പറഞ്ഞു.

അമര്‍ഷം താങ്ങാനാവാതെ അവള്‍ കടപ്പല്ല് കടിച്ചു. ഒരു നിമിഷം…! ശരീരമാകെ വിറച്ചു. അടുത്ത നിമിഷം വാതില്‍ കൊട്ടിയടച്ചു. ആ ശബ്ദത്തില്‍ ആ രണ്ടുനില വീടൊന്നു വിറകൊണ്ടപോലെ! എന്നിട്ടവള്‍ വീണ്ടും പോയി കട്ടിലില്‍ വീണു.

അധികസമയം കിടക്കാന്‍ ഏലീശ്വക്കായില്ല. മനസ്സാകെ ആശങ്ക ഭരിച്ചു. മകന്‍ വല്ല വഴിക്കും പോയാലോ? അവള്‍ എഴുന്നേറ്റു ചെന്നു വാതില്‍ തുറന്നിട്ടു.

ബെര്‍ത്ത് ഡേ കേക്ക് മുറിക്കല്‍ നടന്നില്ല. നവീന്‍റെ ജന്മദിനാഘോഷവും അങ്ങനെ അസ്തമിച്ചു.

രണ്ടാം ശനിയാഴ്ച നവീനെയും കൂട്ടി വികാരിയച്ചനെ കാണാന്‍ ഏലീശ്വ തീരുമാനിച്ചു. നവീന്‍ വരുമോ…? എങ്ങനെയും അവനെ കൂട്ടിക്കൊണ്ടു പോകണം.

(തുടരും)

Leave a Comment

*
*