സൈബർവലയും കുട്ടിയിരകളും – 19

സൈബർവലയും കുട്ടിയിരകളും – 19

മാത്യൂസ് ആര്‍പ്പൂക്കര

"മോനേ, നിന്നെ കൂട്ടി വികാരിയച്ചനെ കാണാന്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാനുവല്‍ സാര്‍ വിളിച്ചുപറഞ്ഞിരിക്കുന്നു. നാളെ രാവിലെ നമുക്കു പള്ളിയില്‍ പോകണം. അപ്പോള്‍ അച്ചനെയും കണ്ടിട്ടുപോരാം" – സെക്കന്‍ഡ് സാറ്റര്‍ഡേയുടെ തലേ രാത്രി ഏലീശ്വ മകനെ അറിയിച്ചു.

"ഞാന്‍ വരില്ല" – നവീന്‍ ശുണ്ഠിയോടെ തീര്‍ത്തു പറഞ്ഞു.

"മോന്‍ വരണം; വന്നേ ഒക്കൂ… വികാരിച്ചന്‍ വിളിച്ചതു നമ്മള്‍ രണ്ടു പേരോടുമായി അച്ചനെന്തോ പറയാനൊണ്ട്… അത്രേയുള്ളൂ. കണ്ടാലുടനെ തിരിച്ചുപോരുകയും ചെയ്യാം" – അവള്‍ നയത്തില്‍ മകനോടു പറഞ്ഞു.

പക്ഷേ, അവന്‍ ഉറക്കെ ഉറപ്പി ച്ചു പറഞ്ഞു: "ഞാന്‍ വരില്ല, വരില്ല… വരില്ല…"

എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ പള്ളിയില്‍ പോരാമെന്നു സമ്മതിച്ചില്ല. ഇനിയും നിര്‍ബന്ധിച്ചാല്‍ അവന്‍റെ ശുണ്ഠിയും അരിശവും കൂടുകയേയുള്ളൂ.

രാവിലെ ആറരയ്ക്കുള്ള കുര്‍ബാനയ്ക്കു ഏലീശ്വ പള്ളിയില്‍ പോയി. കുര്‍ബാനയ്ക്കുശേഷം സെമിത്തേരിയില്‍ ഒപ്പീസും കഴിഞ്ഞു വികാരിയച്ചന്‍ വരുമ്പോള്‍ അവള്‍ മോണ്ടളത്തില്‍ നില്ക്കുകയായിരുന്നു. അവള്‍ അച്ചനെ കണ്ടു കൈകള്‍ കൂപ്പി.

"ഏലീശ്വാ… നവീനെവിടെ…?" – തോമസച്ചന്‍ അവളോടു തിരക്കി; "മാനുവല്‍ സാറു വിളിച്ചുപറഞ്ഞിരുന്നില്ലേ…?"

"വിളിച്ചുപറഞ്ഞിരുന്നു…" – വിനയപൂര്‍വം അവള്‍ അറിയിച്ചു.

"എന്നിട്ടവന്‍ എവിടെ…?" – അച്ചന്‍ ശാന്തസ്വരത്തില്‍ ചോദിച്ചു.

"നവീന് അച്ചനെ ഫെയ്സ് ചെയ്യാന്‍ പേടി…" – അവളുടെ മറുപടി കേട്ട് അച്ചന്‍ ചിരിച്ചു.

"അതിരിക്കട്ടെ…" അച്ചന്‍ തുടര്‍ന്നു: "നവീന്‍റെ കാര്യങ്ങള്‍ ഏലീശ്വ ഗൗരവമായി കാണുന്നില്ലെന്നു തോന്നുന്നു. നവീന്‍ ചീത്ത കൂട്ടുകെട്ടിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സണ്‍ഡേ സ്കൂളില്‍ അവന്‍ ഇറെഗുലറാ… അപ്പോള്‍പ്പിന്നെ സ്കൂളിലും അങ്ങനെയാവാനാ സാദ്ധ്യത… അവന്‍റെ ക്രമക്കേടുകള്‍ നിയന്ത്രിച്ചു നല്ല വരുതിക്കു നിര്‍ത്തിക്കൂടേ…?"

"ഒണ്ടച്ചാ… പക്ഷേ, ഞാന്‍ ഓഫീസില്‍ പോയിക്കഴിഞ്ഞാല്‍…" – അവളുടെ വാക്കുകളില്‍ നിസ്സഹായത സ്ഫുരിച്ചു.

"ഇവിടെയാണു നമ്മള്‍ കുടുംബത്തിന്‍റെ അടിത്തറ കാണേണ്ടത്…"

തോമസച്ചന്‍ ഉപദേശിച്ചു: "നിങ്ങള്‍ അപ്പനും അമ്മയും എതിര്‍ദിശകളില്‍ പോയാല്‍ മകനെങ്ങനെ നന്നാകും…? അവനിങ്ങനെയായതില്‍ അവനെ മാത്രം കുറ്റപ്പെടുത്താനാവില്ല…"

നിമിഷ നേരം കഴിഞ്ഞു തോമസച്ചന്‍ തുടര്‍ന്ന് ഉപദേശിച്ചു: "സത്യത്തില്‍ നിങ്ങളുടെ പ്രശ്നമെന്താണ്…? കുടുംബക്കോടതിയിലും സഭാകോടതിയിലുമൊക്കെ ഡിവോഴ്സ് പേപ്പറുമായി പോകാന്‍ മാത്രം എന്താണ്…? രണ്ടു പേരുടെയും ഈഗോയാണെന്നാണു ഞാനറിഞ്ഞത്… വെറും ഈഗോ…! നീര്‍പ്പോളകള്‍ പോലുളള കാര്യങ്ങള്‍ നിങ്ങള്‍ രണ്ടുപേരും പര്‍വതീകരിക്കുന്നു…! അത്രതന്നെ… നിങ്ങള്‍ രണ്ടുപേരും നല്ലൊരു ധ്യാനം കൂടി കൗണ്‍സലിങ്ങിലൂടെ നേര്‍വഴിക്കു വന്നുകൂടേ? നവീന്‍ നല്ല കുട്ടിയാ… അവനെങ്ങനെ ഇങ്ങനെയായിത്തീരുന്നു…? നവീനെ നല്ലൊരു ഭാവിയിലേക്കു തിരിച്ചുവിടണ്ടേ…? ഞാന്‍ ഡേവീസിനോടു സംസാരിക്കാം…"

"അതു ശരിയാവില്ലച്ചാ…" ഏലീശ്വ ഉറച്ച സ്വരത്തില്‍ അറിയിച്ചു: "ഞങ്ങള്‍ തമ്മിലൊരുമിച്ചുള്ളൊരു ജീവിതം ഇനി നടക്കില്ല. അത്രമാത്രം ഞാനയാളെ വെറുത്തു…"

"നിങ്ങള്‍ രണ്ടും പേരും മനസ്സുവച്ചാല്‍ നേരെയാകാത്ത പ്രശ്നമുണ്ടോ നിങ്ങള്‍ തമ്മില്‍? എനിക്കു തോന്നുന്നില്ല. മനസ്സാണു പ്രധാനം…" അച്ചന്‍ തുടര്‍ന്നു: "ഏലീശ്വയ്ക്കു വിദ്യാഭ്യാസമുണ്ട്, ഉയര്‍ന്ന ഉദ്യോഗമുണ്ട്, സാമ്പത്തികമുണ്ട്… ദൈവാനുഗ്രഹങ്ങള്‍ കണ്ടറിഞ്ഞു ശാന്തമായി ചിന്തിച്ചുനോക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ… ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. ഏലീശ്വ വായിച്ചു കാണുമോ…? ഔവര്‍ ആറ്റിറ്റ്യൂഡ് ടു വേഡ്സ് അസ് ഡിറ്റര്‍മൈന്‍സ് ലൈഫ്സ് ആറ്റിറ്റ്യൂട് ടുവേര്‍ഡ്സ് അസ് (Our Attitude towards life determines lifes attitude towards us). ജീവിതത്തോടുള്ള നമ്മുടെ മനോഭാവമാണ് ആ ചൊല്ലില്‍ കാണുക."

തോമസച്ചന്‍ അല്പം സ്വരമുയര്‍ത്തി തുടര്‍ന്നു: "ഏഴാം തീയതി നവീന്‍റെ പിറന്നാളിയിരുന്നല്ലോ. അന്ത്രോച്ചേട്ടന്‍ ഈ പള്ളിയില്‍ വന്നു കുര്‍ബാന കണ്ടു പേരക്കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വന്നതാ… കടപ്പുറത്തെ പള്ളീല് ഞാന്‍ ഇടവക വികാരിയായിരുന്ന കാലം മുതല്‍ എനിക്ക് അന്ത്രോച്ചേട്ടന്‍റെ കുടുംബത്തെപ്പറ്റി അറിയാം. ഏലീശ്വ മാതാപിതാക്കളുമായി രമ്യതപ്പെട്ടു പോകണം. വിട്ടുവീഴ്ചകള്‍ നിന്‍റെ ഭാഗത്തുനിന്നുണ്ടാകണം. അവരുടെ കണ്ണീര്‍ ഏലീശ്വയിലേക്കൊഴുകരുത്…"

ഏലീശ്വ ചിന്താമൂകയായി നി ന്നു. അച്ചന്‍റെ ഉപദേശങ്ങള്‍ ശിരസ്സാ വഹിക്കാന്‍ അവള്‍ തയ്യാറായില്ല. അച്ചന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കൊന്നിനും അവള്‍ അനുകൂലിച്ചൊരു വാക്ക് പറഞ്ഞില്ല.

പിറ്റേന്ന് ഏലീശ്വ വളരെ നിര്‍ബന്ധിച്ചിട്ടാണു നവീന്‍ സ്കൂളില്‍ പോയത്. സ്കൂളില്‍ പോകാതിരിക്കാന്‍ അവന്‍ പരമാവധി നോക്കി. അവനും ശ്യാമിനുംകൂടി എവിടെയോ ടൂര്‍ പ്രോഗ്രാമുണ്ടത്രേ.

സ്കൂളില്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി മടങ്ങിയെത്തിയ നവീന്‍റെ കൈത്തണ്ടയില്‍ മുറിവ്…! ബ്ലേഡുകൊണ്ടു വരഞ്ഞുണ്ടായതുപോലുള്ള മുറിവ്! ചോര പൊടിയുന്നു. ഇടയ്ക്കിടെ അവന്‍ അവിടം കര്‍ച്ചീഫ്കൊണ്ടു തുടയ്ക്കുന്നു. ക്ലാസ്സില്‍വച്ചു കുട്ടികളും ടീച്ചറും അതു കണ്ടു.

"എന്തു പറ്റിയതാ നവീന്‍…?"- സുമടീച്ചര്‍ അവനോടു തിരക്കി.

"ഗ്ലാസ് പൊട്ടിയപ്പോള്‍ പറ്റിയതാ…" – നവീന്‍ പറഞ്ഞു.

"എവിടെവച്ചു ഗ്ലാസ് പൊട്ടി…?" – ടീച്ചര്‍ ചോദിച്ചു.

"ഇന്നു രാവിലെ വീട്ടില്‍വച്ച്…" – അവന്‍ പച്ചക്കള്ളമാണു പറഞ്ഞത്.

പിറ്റേന്നു നവീനു സ്കൂളില്‍ പോകാന്‍ തീരെ മടി. ഏലീശ്വ ഒത്തിരി നിര്‍ബന്ധിച്ചിട്ടാണ് അവന്‍ ബാഗുമെടുത്തു പോയത്.

അന്നു ക്ലാസ്സില്‍വച്ചു സമാനസ്വഭാവമുള്ള ഗൗരവമാര്‍ന്ന സംഭവമുണ്ടായി. അവന്‍റെ ഇടതു കൈത്തണ്ട മേല്‍ "എ ബി ഐ" എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കോറിവച്ചിരിക്കുന്നു…! ഇടയ്ക്കിടെ അവിടെ ചോര പൊടിയുന്നുണ്ട്. സഹപാഠികള്‍ ടീച്ചറോടു പറഞ്ഞു സംഗതി ഫ്ളാഷായി.

"നവീന്‍, നീയെന്താ ഈ കൈത്തണ്ടയില്‍ കാട്ടിയിരിക്കുന്നത്…?" -സുമടീച്ചര്‍ സഗൗരവം ചോദിച്ചു.

"ഞാന്‍ വെറുതെ കോമ്പസുകൊണ്ടു വരച്ചതാ…" അവന്‍ ജാള്യത കൂടാതെ പറഞ്ഞു ചിരിച്ചു. പച്ചക്കള്ളം പറയുന്നതിന്‍റെ സങ്കോചം അവനില്ലായിരുന്നു. ഡെത്ത് ഗെയിം ഗൈഡിന്‍റെ നിര്‍ദ്ദേശാനുസരണം കൃത്യമായി ചെയ്തതാണെന്ന് ആരറിയുന്നു…!?

"എന്താടാ നവീന്‍, നീ നന്നാകുന്നതിനു പകരം നശിക്കാന്‍ തന്നെ തീരുമാനിച്ചോ…?"

ടീച്ചറുടെ നീരസം പിടിച്ച ചോദ്യം കേട്ടിട്ടും അവന് ഒട്ടും കൂസലില്ലായിരുന്നു.

വെറുതെ ചിരി… ഇളിഭ്യച്ചിരി…!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org