Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 20

സൈബർവലയും കുട്ടിയിരകളും – 20

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

ക്ലാസ്സില്‍ വച്ചു നവീനെ സുമ ടീച്ചര്‍ നന്നേ ഉപദേശിച്ചു. അവന്‍ റെഗുലറായി ക്ലാസ്സില്‍ ഹാജരാകാത്തതിനെപ്പറ്റിയും ക്ലാസ്സില്‍ പഴയ പടി ആക്ടീവാകാത്തതിനെപ്പറ്റിയും പഠനത്തില്‍ മോശമായതിനെപ്പറ്റിയുമൊക്കെ ചൂണ്ടിക്കാണിച്ച് ഉപദേശം നല്കി. പക്ഷേ, അവനൊരു ജാള്യതയുമില്ല! പൊട്ടിച്ചിരി മാത്രം!

“നീയെന്താണിങ്ങനെ കൈത്തണ്ടമേല്‍ ‘എബിഐ’ എന്നു കോമ്പസുകൊണ്ടു മുറിപ്പാടുണ്ടാക്കിയത്…? ‘എബിഐ’ എന്നുവച്ചാലെന്താണ്…?” ടീച്ചറുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അവന്‍ ചിന്താമൂകനായി നിന്നതേയുള്ളൂ.

“നാളെ നീ ക്ലാസ്സില്‍ വരുമ്പം നിന്‍റെ മമ്മയെ കൂട്ടിവരണം… മമ്മയും ശരിക്കറിയണമല്ലോ… പുന്നാരമോന്‍ എന്തൊക്കെ കാട്ടിക്കൂട്ടുന്നെന്ന്…?” സുമ ടീച്ചര്‍ കുണ്ഠിതത്തോടെ തുടര്‍ന്നു: “നവീന്‍, എത്ര തവണയായി നിന്നെ ഞാന്‍ ഉപദേശിക്കുന്നു. നിനക്കൊരു മാറ്റവുമില്ല. മാത്രവുമല്ല, നീ കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു…! നിന്‍റെ കൂട്ടുകാര്‍ നിന്നെപ്പറ്റി പറഞ്ഞുകേട്ടതൊന്നും ഞാനിവിടെ വിസ്തരിക്കുന്നില്ല. പക്ഷേ, അതൊക്കെ നിന്‍റെ മമ്മ അറിയണ്ടേ…? നിനക്കു നന്നാവണ്ടേ…? മമ്മയ്ക്കും പപ്പയ്ക്കും നീ ഒരൊറ്റ സന്താനമല്ലേ…? അവര്‍ക്കു കണ്ണീരാകുന്നതിനു പകരം അവരുടെ സ്വപ്നമായി മാറണ്ടേ…? സ്വപ്നസാക്ഷാത്കാരമായി മാറണ്ടേ…?

സുമ ടീച്ചറിന്‍റെ ഉപദേശങ്ങളും നല്ല വാക്കുകളും കേട്ട ഭാവമില്ലാതെ നവീന്‍ നിന്നു; മിണ്ടാട്ടമില്ലാതെയും. സത്യത്തില്‍ ടീച്ചറിനു സങ്കടം തോന്നി. ക്ലാസ്സില്‍ ബ്രില്യന്‍റായിരുന്ന അവന്‍റെ അധോഗതിയോര്‍ത്ത്.

സുമടീച്ചര്‍ സഹപ്രവര്‍ത്തകയോടൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് ആ കാഴ്ച. അടഞ്ഞുകിടക്കുന്ന പഴയ മത്സ്യഫെഡിന്‍റെ കടവരാന്തയില്‍ അവര്‍ നിന്നു പുകവലിക്കുന്നു! നവീനും ശ്യാമും…! യഥാര്‍ത്ഥത്തില്‍ ആ കാഴ്ച ടീച്ചറെ ഞെട്ടിച്ചുകളഞ്ഞു.

വീട്ടില്‍ ചെന്നപാടെ സുമടീച്ചര്‍ നവീന്‍റെ മമ്മ ഏലീശ്വായെ ഫോണില്‍ വിളിച്ചു. ഏലീശ്വാ അറിയിച്ചു: “സുമടീച്ചറേ ഞാന്‍ ഓഫീസില്‍ നിന്നിറങ്ങുന്നതേയുള്ളൂ… വീട്ടില്‍ വന്നാലുടനെ തിരിച്ചുവിളിക്കാം…”

ദിനംപ്രതി നവീനെപ്പറ്റിയുള്ള പരാതികള്‍ പെരുകിവരുന്നു. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ പരാതി! പള്ളി വികാരി തോമസച്ചന്‍റെ പരാതി! സ്കൂള്‍ ടീച്ചേഴ്സിന്‍റെ പരാതി! ഗുഡ് ഫ്രണ്ട്സിന്‍റെ പരാതി! ആ പരാതികളുടെ കൂന കൂടുകയായിരുന്നു. തിരിച്ചുവിളിച്ചപ്പോള്‍ സുമടീച്ചര്‍ അവന്‍ കൈത്തണ്ടയില്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ആകൃതിയില്‍ കോമ്പസുകൊണ്ടു മുറിപ്പാടുണ്ടാക്കിയതും കടത്തിണ്ണയില്‍ പുകവലിച്ചു നില്ക്കുന്നതു കണ്ടതും ഉള്‍പ്പെടെ ടീച്ചറിന്‍റെ അറിവില്‍പ്പെട്ട സകല ക്രമക്കേടുകളും ഏലീശ്വയെ അറിയിച്ചു.

അതൊക്കെ കേട്ടപ്പോള്‍ ഏലീശ്വയുടെ മനസ്സുരുകുകയായിരുന്നു. നവീന്‍ നേരേ ചൊവ്വ ആകുമെന്നു വിചാരിച്ചിട്ടു നേരെ വിപരീത അനുഭവങ്ങള്‍…! ആശയുടെ കിരണങ്ങള്‍ക്കു പകരം നിരാശയുടെ പൊടിപടലങ്ങള്‍ മാത്രം…!

“അവനിന്നിങ്ങോട്ടു വരട്ടെ… ശരിയാക്കുന്നുണ്ട്…” ഏലീശ്വ തലപുകഞ്ഞു. ഉറച്ച തീരുമാനങ്ങളെടുത്തു. ഇത്രനാള്‍ അവനെന്നെ ഓരോന്നു പറഞ്ഞു കബളിപ്പിച്ചു. ഇങ്ങനെയങ്ങ് വിട്ടാലൊക്കില്ല. തലേല്‍ കേറി നിരങ്ങുന്നു…! ആ വെറുക്കപ്പെട്ടവന്‍റെ തനിസ്വഭാവം…! മുരട്ടുസ്വഭാവം…! അവള്‍ നിനച്ചു.

ഇനിയും മമ്മ അറിയാത്ത നവീന്‍റെ ദുശ്ശീലങ്ങള്‍…! കഞ്ചാവ് വലിക്കുക…! പ്രേതസിനിമകള്‍ കണ്ടിരുന്നു വെളുപ്പാന്‍കാലത്തു കിടക്കുക! വീട്ടിലെ ആഹാരങ്ങളോടു മടുപ്പു കാണിച്ച് ഔട്ട്സൈഡ് ഫുഡിനു താത്പര്യം കൂട്ടുക… പഠനത്തിനും ലക്ഷ്യത്തിലും ആത്മീയകാര്യങ്ങളിലും എന്തിനു ദിനകൃത്യങ്ങളില്‍പോലും അശ്രദ്ധ കാണിക്കുന്ന വികൃതസ്വഭാവം… അതേ അധോഗതിക്കിടയിലും ഓണ്‍ ലൈന്‍ ഡെത്ത് ഗെയിം ഓപ്പറേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുന്ന ആവേശം…! മരണമോ സൂയിസൈഡ് പോയിന്‍റോ കിനാവ് കണ്ടുഴലുന്ന ദുര്‍ഗതി…!!

വള്ളിചൂരല്‍വടി കരുതിവച്ച് ഏലീശ്വ മകനെ കാത്തിരുന്നു. തര്‍ക്കുത്തരം പറഞ്ഞാല്‍, അനുസരണക്കേടോടെ ദുശാഠ്യം കാണിച്ചാല്‍…? മകന്‍റെ അനുചിതമായ ചെയ്തികളോട് അവള്‍ രോഷത്തോടെ കടപ്പല്ല് ഞെരിച്ചു.

നേരം ഇരുട്ടിയിട്ടും നവീന്‍ വീട്ടിലെത്തിയില്ല. അവന്‍ വഴിവിട്ടു പോയിരിക്കുന്നു…! പിടിച്ച പിടിയാലേ നേര്‍വഴിക്കു കൊണ്ടുവന്നില്ലെങ്കില്‍…? അസ്വസ്ഥതകളില്‍ ഏലീശ്വ മുഴുകിയിരിക്കുമ്പോള്‍ അവന്‍റെ ഫോണ്‍കോള്‍… അവള്‍ വേഗം കോള്‍ അറ്റന്‍ഡ് ചെയ്തു.

“നീ എവിടാ…?”- ഏലീശ്വായുടെ അമര്‍ഷം പൂണ്ട ചോദ്യം.

“മമ്മാ… ഞാന്‍ വീടെത്തി. വാതില്‍ തുറക്ക്…” മകന്‍റെ അരിശത്തിലാണ്ട മറുപടി.

അവള്‍ വേഗം വാതില്‍ വലിച്ചു തുറന്നു. മകന്‍റെ പ്രാകൃതവേഷം അവളെ ഞെട്ടിച്ചു. മുഷിഞ്ഞ വേഷം! ചിതറികടക്കുന്ന തലമുടി…! കളഞ്ഞുപോയ മുഖശ്രീ…!

“നീയിങ്ങ് വന്നേ… നിന്നോടെനിക്കു പലതും ചോദിച്ചറിയാനുണ്ട്…” ഏലീശ്വ മകനെ കൈക്കു പിടിച്ചു വലിച്ചുകൊണ്ട് അകത്തേയ്ക്കു പോയി. “നിനക്കു ചോദിച്ചതൊക്കെ ഇഷ്ടാനുസരണം തന്നു. സര്‍വസ്വാതന്ത്ര്യോം അനുവദിച്ചു വളര്‍ത്തിയത് ഇതിനാണോ…? എനിക്കിപ്പമറിയണം, നിന്‍റെ നാശം കാണാനാ നിന്നെ കൃഷ്ണമണി കാക്കുംപോലെ നോക്കിവളര്‍ത്തിയത്…!?”

അവന്‍റെ കൈത്തണ്ട പിടിച്ചുനോക്കിക്കൊണ്ട് അവള്‍ ആക്രോശിച്ചു: “നീയെന്താ ഈ തൊലിപ്പുറത്തു കീറിവരഞ്ഞിട്ടിരിക്കുന്നേ…? നിനക്കെന്ത് പറ്റി…? നിന്നെപ്പറ്റിയുണ്ടായിരുന്ന എല്ലാ അഭിമാനോം നീ തുലച്ചല്ലോടാ… നിന്നെപ്പറ്റി കേട്ടു ഞാന്‍ നാണം കെട്ടു…! പള്ളീന്നും പള്ളിക്കൂടത്തീന്നും വീട്ടിന്നും നാട്ടീന്നുമൊക്കെ കേട്ടു ഞാന്‍ നാണം കെട്ടു…! എന്താടാ നിനക്കു ഭ്രാന്തു പിടിച്ചോ…?”

അവള്‍ മകനെ മുറിക്കുള്ളിലേക്കു വലിച്ചു കൊണ്ടുപോയി. എന്നിട്ടു വള്ളിച്ചൂരലെടുത്തു വീശിക്കൊണ്ടു കയര്‍ത്തു: “എനിക്കിപ്പമറിയണം നീയെന്തു ഭാവിച്ചാ…? ഒന്നുകില്‍ നിന്നെ ഞാന്‍ വളര്‍ത്തും. അല്ലെങ്കില്‍ നിന്നെ കൊന്നിട്ടു ഞാനും ചാകും… അത്രയ്ക്കു ഞാന്‍ സഹിച്ചു…! നീ കാരണം എന്‍റെ ക്ഷമയെല്ലാം നശിച്ചു…!”

ഒരു ഭ്രാന്തിയെപ്പോലെ പുലമ്പിക്കൊണ്ടു നില്ക്കുന്ന മമ്മയുടെ വിറളി പിടിച്ച ഭാവങ്ങളിലേക്കു തുറിച്ചു നോക്കി നിന്ന നവീനു ഭാവഭേദമുണ്ടായില്ല. തളര്‍ന്നണഞ്ഞ ഭാവങ്ങളോടെ അവന്‍ പരുഷമായി അറിയിച്ചു:

“മമ്മ എന്നെ കൊല്ലണ്ട… ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ താനേ ചാകും. ഇഞ്ചോടിഞ്ചു പോരാടി ചാകും…!?”

വിവരം കെട്ട മകന്‍റെ ജല്പനം കേട്ട് ഏലീശ്വ സ്തബ്ധയായി നിന്നുപോയി.

(തുടരും)

Leave a Comment

*
*