സൈബർവലയും കുട്ടിയിരകളും – 23

സൈബർവലയും കുട്ടിയിരകളും – 23

മാത്യൂസ് ആര്‍പ്പൂക്കര

പൊലീസ് അന്വേഷിച്ചിട്ടും വീട്ടുകാര്‍ അന്വേഷിച്ചിട്ടും നവീനെ കണ്ടെത്താനായില്ല. "കാണ്മാനില്ല" എന്ന തലക്കെട്ടോടെ പ്രമുഖ പത്രത്തില്‍ നവീന്‍റെ ഫോട്ടോ സഹിതം പരസ്യമിട്ടു. ഡേവീസാണത് പണം മുടക്കി ചെയ്തത്. എന്നിട്ടും ഫലമുണ്ടായില്ല.

ചിറ്റപ്പന്‍റെ വീട്ടിലെത്തി പൊലീസ് ഡേവീസിന്‍റെ മൊഴിയെടുത്തിരുന്നു. മകനുമായി അകന്നുകഴിയേണ്ടി വന്ന ഒരു പിതാവ്! ഭാര്യയുടെ ശണ്ഠ നിമിത്തം ചിറ്റപ്പന്‍റെ വീട്ടില്‍ താമസമാക്കാന്‍ നിര്‍ബന്ധിതനായൊരു ഭര്‍ത്താവ്!

ഏലീശ്വായുടെ വീട്ടില്‍വച്ച് ഏഎസ്ഐ അസീസ് അവളോടു ചോദിച്ചു: "നിങ്ങള്‍ ഭര്‍ത്താവുമായി കലഹിച്ചു കുടുംബകോടതിയിലും സഭാകോടതിയിലും കയറിയിറങ്ങുന്നു. രണ്ടുപേരും രണ്ടു ധ്രുവങ്ങളില്‍… പിന്നെങ്ങനെ മകന്‍ ശരിയാകും…?"

"നവീനെ ആ പ്രശ്നങ്ങളൊന്നും ബാധിക്കാതെയാണു ഞാന്‍ വളര്‍ത്തുന്നത്" – അവള്‍ അറിയിച്ചു.

"എന്നിട്ടവന്‍ എവിടെ…?" – ഏഎസ്ഐ സ്വരമുയര്‍ത്തി ചോദിച്ചു: "മകന്‍റെ തിരോധാനത്തില്‍ നിങ്ങള്‍ക്കു ഭര്‍ത്താവിനെ വരെ സംശയമുണ്ട്… മകന്‍റെ ഭാവികാര്യങ്ങളില്‍ നിങ്ങളേക്കാള്‍ ആത്മാര്‍ത്ഥതയും ഉത്കണ്ഠയുമുള്ള ആളാണു ഡേവീസ്… നിങ്ങള്‍ കാര്യങ്ങള്‍ ശരിയാംവണ്ണമല്ല മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും… ഓഫീസ് സ്റ്റാഫിനിടയിലും നിങ്ങളെപ്പറ്റി നല്ല അഭിപ്രായമല്ലല്ലോ കേട്ടത്… മകനിങ്ങനെ തോന്ന്യാസം പോകാന്‍ നിങ്ങളാണു പ്രധാന കാരണക്കാരിയെന്നാണു നാട്ടുകാര്‍ പറയുന്നത്; എന്തു പറയുന്നു…?"

"അവര്‍ക്കൊക്കെ എന്നോട് അസൂയയാണ്… എന്‍റെ വളര്‍ച്ചയില്‍…" – ഏലീശ്വ താണ സ്വരത്തില്‍ അറിയിച്ചു.

"എന്താണു നിങ്ങളുടെ വളര്‍ച്ച…? ഏഎസ്ഐക്ക് ചിരി വന്നു. "ഭര്‍ത്താവിനെ പിണക്കിവിട്ടതും മകനെ തോന്ന്യാസം വളര്‍ത്തിയതുമൊക്കെയാണോ നിങ്ങളുടെ വളര്‍ച്ച…?"

ഏഎസ്ഐയുടെ നിശിതമായ ചോദ്യങ്ങള്‍ സഹിക്കാനാവാതെ അവള്‍ ദേഷ്യത്തോടെ നിന്നു. എങ്കിലും പ്രതികരിച്ചില്ല.

അതിനിടയില്‍ നവീന്‍റെ കൂട്ടുകാരെപ്പറ്റിയായി ചോദ്യങ്ങള്‍. അവന്‍റെ പ്രധാന ഫ്രണ്ട് ശ്യാമിനെപ്പറ്റി പൊലീസുകാര്‍ക്ക് കൂടുതല്‍ അറിയാനുണ്ട്…

"ഏലീശ്വാ ഞങ്ങള്‍ ശ്യാമിന്‍റെ വീട്ടില്‍ നിന്നാണു വരുന്നത്. അവനെയും മിസ് ചെയ്തിരിക്കുകയാണ്…" – ഏഎസ്ഐ പറഞ്ഞു. നവീന്‍റെ ലാപ്ടോപ്പും മറ്റും പരിശോധിച്ചിട്ടാണു പൊലീസുകാര്‍ മടങ്ങിയത്.

പൊലീസുകാര്‍ പോയപാടേ ഓഫീസില്‍ നിന്നും പത്മകുമാരി ഫോണില്‍ വിളിച്ചു പറഞ്ഞു.

"ഏലീശ്വാ, പബ്ലിക് വര്‍ക്സിലെ ആ പഴയ ഫയല്‍ പ്രശ്നം വീണ്ടും പൊന്തിവന്നിരിക്കയാ… മിനിസ്റ്റര്‍ ആവശ്യപ്പെട്ടിട്ടാണത്രേ. അതിന്‍റെ പേരില്‍ നിനക്കു കുറ്റാരോപണ മെമ്മോ അയച്ചിട്ടുണ്ട്… പവന്‍കുമാറും ഉമ്മനും നിനക്കെതിരെ നിലപാടെടുത്തതോടെയാണത്…"

"കെടുതികള്‍ വരുമ്പോള്‍ കൂട്ടത്തോടെ എന്നു കേട്ടിട്ടുണ്ട്…" ഏലീശ്വ പത്മകുമാരിയോടു പറഞ്ഞു: "ഞാന്‍ നാളെത്തന്നെ ഓഫീസില്‍ വരാം… ഫയല്‍ തപ്പിയെടുക്കാം…"

ഏലീശ്വാ ശിരസ്സ് താങ്ങി കുമ്പിട്ടിരുന്നു; ചിന്താഭാരത്തോടെ. കാണാതെ പോയ പഴയ ഫയല്‍ കണ്ടെടുക്കാനാവുമോ…? ഓഫീസിലെ നടപടിക്രമങ്ങളില്‍ നിന്നും താന്‍ പോറല്‍കൂടാതെ രക്ഷപ്പെടുമോ…? സെക്രട്ടറിയും പവന്‍കുമാറും ഉമ്മനുംകൂടി ഒത്തൊരുമിച്ചുള്ള നീക്കമാണ്, തനിക്കെതിരെ!

ഓഫീസില്‍ തന്നെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ആത്യന്തികലക്ഷ്യമെന്നു തോന്നും. ഫയല്‍ കണ്ടുകിട്ടിയിരുന്നെങ്കില്‍..?

മോന്‍റെ കാര്യമോര്‍ക്കുമ്പോള്‍ ഒന്നിനും മനസ്സ് വരുന്നില്ല. ആകെയൊരു നിസ്സംഗത…! മോനേ…! നീ എവിടെയാണെടാ..?" നീയില്ലെങ്കില്‍ മമ്മയ്ക്കെന്തു ജീവിതം…?"

അവള്‍ മുഖം പൊത്തിക്കരഞ്ഞു. കണ്ണീര്‍ വീണു കൈത്തലമാകെ നനഞ്ഞു.

ശ്യാമിനെയും മിസ്സായിരിക്കുന്നു! കുറേക്കാലമായി അവന്‍റെ പ്രധാന കൂട്ടുകാരനാണു ശ്യാം. രണ്ടുപേരും കൂടി എവിടെ പോയതാണ്…? എന്തിനു പോയതാണ്..? ദൈവമേ…! ഇനി ഞാന്‍ എന്തു ചെയ്യും…? ആര്‍ക്കും പിടികൊടുക്കാത്തവിധം അവന്‍ എങ്ങോട്ടു പോയി…?"

അന്നുച്ച നേരം. ഇടവകപ്പള്ളിയിലെ കൈക്കാരന്‍ ജോര്‍ജുകുട്ടി ഏലീശ്വായെ വിളിച്ചു.

"ഏലീശ്വാ, നമ്മുടെ ഇടവകയുടെ യൂത്ത് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നവീനെ അന്വേഷിക്കുന്നുണ്ട്… ഏലീശ്വാ അറിഞ്ഞുകാണുമോ…? നവീന്‍റെ ഫ്രണ്ട് ശ്യാമിനെ കണ്ടു കിട്ടി! പൊലീസും നാട്ടുകാരുംകൂടിയാണ് അവനെ കണ്ടെത്തിയത്. ജഗതിയില്‍ ശ്യാമിന്‍റെ അച്ഛനൊരു വാടകവീടുണ്ട്. കുറേനാളായി അത് അടഞ്ഞുകിടക്കുകയാണ്. അതിനുള്ളില്‍ കൈത്തണ്ട മുറിച്ചു ചോരവാര്‍ന്നു മരണാസന്നനായ നിലയില്‍ കിടക്കുകയായിരുന്നു ശ്യാം. അയല്‍വാസികളാണു കണ്ടെത്തിയത്. ശ്യാമിപ്പോള്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണവിഭാഗത്തില്‍ കിടക്കുകയാ… അപകടനില തരണം ചെയ്തിട്ടില്ല…!"

"നവീനോ…!?"

ആ ചോദ്യം പെട്ടെന്ന് അവളുടെ മനസ്സിലുയര്‍ന്നെങ്കിലും പുറത്തേയ്ക്കു വന്നില്ല.

ജോര്‍ജുകുട്ടി അക്കാര്യംതന്നെ തുടര്‍ന്നറിയിച്ചു: "നവീനും അക്കൂടെയെങ്ങാനും കാണുമെന്നു നാട്ടുകാരും പൊലീസുകാരും വിചാരിച്ചു. പക്ഷേ അവനെയെങ്ങും കണ്ടില്ല… ശ്യാമിന്‍റെ കാര്യം ഓണ്‍ ലൈന്‍ ഗെയിമിന്‍റെ അനന്തരഫലമാണെന്നാണു പൊലീസ് കണ്ടെത്തല്‍… ഓണ്‍ലൈന്‍ ഡെത്ത് ഗെയിം…! മൊബൈല്‍ ഗെയിമിലൂടെ ഇരയെ മരണത്തിലേക്കു നയിക്കുന്ന കളി…!"

"ദൈവമേ…! ഞാനെന്തൊക്കെയാണീ കേള്‍ക്കുന്നേ…? മോനെവിടെപ്പോയി…? ഞാനവനെ എവിടെച്ചെന്നു കണ്ടു പിടിക്കും? ഞാനെന്തിനിനി ജീവിക്കണം…?"

മൊബൈല്‍ഫോണ്‍ പിടിച്ചുകൊണ്ടവള്‍ രണ്ടു കൈകൊണ്ടും ചങ്കത്തലച്ചു വാവിട്ടു കരഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org