സൈബർവലയും കുട്ടിയിരകളും – 3

സൈബർവലയും കുട്ടിയിരകളും – 3

മാത്യൂസ് ആര്‍പ്പൂക്കര

"മമ്മ എന്താ ഇങ്ങനെ…?"

മകന്‍റെ ഇമ്മാതിരി സ്വരത്തിലുള്ള ചോദ്യം ഏലീശ്വാ മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ല. ഒരു നിമിഷം ചിന്തിച്ചുപോയെങ്കിലും ഏലീശ്വ കാര്യമാക്കിയില്ല. അടുക്കളയിലേക്കു കയറി. ചോറും കറികളും തരപ്പെടുത്താം. അവള്‍ വിചാരിച്ചു. എന്തു പാചകം ചെയ്താലെന്താ…? നവീന്‍ കഴിച്ചെങ്കില്‍ കഴിച്ചു! ഓരോരോ തോന്നല്‍…! നിര്‍ബന്ധബുദ്ധി… ദുശ്ശാഠ്യം…!

അതുപോലെതന്നെ സംഭവിച്ചു. അത്താഴം കഴിക്കാന്‍ മോനെ വിളിച്ചപ്പോള്‍ അവന്‍റെ മുഖം വക്രിച്ചു.

"എനിക്കു ചോറു കഴിക്കാന്‍ തോന്നുന്നില്ല മമ്മ… ഹോട്ടലീന്നു ഫ്രൈഡ് റൈസും ചിക്കന്‍ കറിയും പാര്‍സല്‍ വാങ്ങാം…"

എട്ടാം ക്ലാസ്സുകാരന്‍റെ ശാഠ്യം തുടങ്ങി.

"എന്താ മോനേ…? മമ്മ ജോലി കഴിഞ്ഞു വന്നു കഷ്ടപ്പെട്ടു ചോറും കറികളുമൊക്കെ ഉണ്ടാക്കിവച്ചില്ലേ…? അതു കഴിച്ചാല്‍ പോരേ…? പാഴ്സല്‍ ഫുഡിനേക്കാള്‍ എത്രയോ നല്ലതാണീ ആഹാരം. ഹെല്‍ത്തിനും നല്ലത്…"

പെട്ടെന്ന് ഇലക്ട്രിക് ഷോക്കേറ്റപോലെ മകന്‍റെ ഭാവം മാറുന്നതു അമ്മ കണ്ടു. എങ്കിലും കണ്ടതായി ഗൗനിക്കാതെ എലീശ നയത്തില്‍ പറഞ്ഞു:

"ഇനിയിപ്പം പോയി ഏതു ഹോട്ടലീന്നു പാര്‍സല്‍ വാങ്ങാനാ?… നേരമിത്രയായില്ലേ?…." ഏലീശ മനസ്സില്‍ നുരയിട്ട ദേഷ്യം കടിച്ചമര്‍ത്തി.

"എന്നാല്‍പ്പിന്നേ കവലേലുള്ള തട്ടുകടേന്നു പൊറോട്ടയും ചിക്കന്‍ ഫ്രൈയും പാര്‍സല്‍ വാങ്ങാം…" നവീന്‍ സ്വരം ഉയര്‍ത്തി: "ഞാന്‍ സൈക്കിളേല്‍ പൊക്കോളാം."

ഏലീശ എതിര്‍ത്തില്ല. മകന്‍റെ ഇഷ്ടം സാധിച്ചുകൊടുത്തു. അവന്‍ സൈക്കിള്‍ ചവിട്ടി ഹോളിക്രോസ് കവലയിലേക്കു പോയി.

ചെറുകാര്യത്തിനു പോലും നവീന്‍ ശുണ്ഠിപിടിക്കുന്നു!.. അവന്‍റെ ഭാവം പാടേ മാറുന്നു!… അതേപ്പറ്റി മമ്മ വലുതായി ചിന്തിച്ചിരിക്കുമ്പോള്‍ മോന്‍ പാഴ്സല്‍ ഫുഡ് കൊണ്ടുവന്നു കഴിച്ചു. ശുദ്ധജലത്തിനു പകരം കോളയും!

ഭക്ഷണം കഴിച്ചിട്ടവന്‍ വടക്കേമുറിയിലേയ്ക്കുപോയി. അതാണവന്‍റെ ലോകം!… ആ വലിയ മുറിയിലാണു അവന്‍റെ കിടപ്പും പഠനവുമൊക്കെ. അതേ മുറിയില്‍ത്തന്നെയാണു കംപ്യൂട്ടറും ലാപ്ടോപ്പും മറ്റും. കിടപ്പുമുറിയില്‍ നിന്ന് കംപ്യൂട്ടറും മറ്റും അടുത്ത കൊച്ചു മുറിയിലേയ്ക്കു മാറ്റാനുള്ള ഏലീശായുടെ ശ്രമമത്രയും വിഫലം!

ബെഡ്റൂമിന്‍റെ വാതിലടച്ച നവീന്‍ പഠനത്തിലേയ്ക്കോ ഉറക്കത്തിലേയ്ക്കോ അല്ല പോയത്. വീഡിയോ ഗെയിം. അവന്‍റെ മനസ്സിലേയ്ക്കു അനക്കോണ്ട ഇഴഞ്ഞിറങ്ങി.

ഗ്രീഡി അനക്കോണ്ട!….

ഒരിക്കല്‍കൂടി കാണാനുള്ള പൂതി. അവന്‍റെ മനസ്സില്‍ നിന്നും ഗ്രീഡി അനക്കോണ്ട കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് ഇഴഞ്ഞു കയറി. ആമസോണ്‍ കാടുകളിലൂടെ, ആമസോണ്‍ നദിയിലൂടെ അതു ആര്‍ത്തിയോടെ ഇഴഞ്ഞു. കണ്ണില്‍ കണ്ടതൊക്കെ വിഴുങ്ങി. ഗ്രീഡി അനക്കോണ്ട മുന്നാക്കം നീങ്ങുന്നു!… ആമസോണ്‍ കാടുകളിലെ ഏറ്റം വമ്പന്‍ പാമ്പ്!… ഭീകരനാകുന്ന പാമ്പ്!…. ഭീകരനാക്കുന്ന പാമ്പ്!!….

ഗ്രീഡി അനക്കോണ്ട തവളയെ മുതല്‍ വിഴുങ്ങി തടസ്സങ്ങള്‍ ഭേദിച്ച് മുന്നോട്ടിഴയുന്നു. കൊടും കാട്ടിനുള്ളില്‍ പരിക്കുപറ്റി കിടന്ന കണ്ടാമൃഗത്തെ വിഴുങ്ങുന്ന അനക്കോണ്ടയുടെ വിശപ്പും ആര്‍ത്തിയും തീരുന്നില്ല. ആനയെ വിഴുങ്ങാന്‍, മലയെ വിഴുങ്ങാന്‍ ആ ഭീകരപാമ്പ് മോഹിക്കുന്നിടത്ത് ഗെയിം അവസാനിക്കുന്നു.

രാത്രി ഒരു മണി കഴിഞ്ഞും മകന്‍റെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ല. ഇത്രയും നേരം നവീന്‍ എന്തെടുക്കുകയായിരുന്നു. അമ്മ ആശങ്കയോടെ വാതില്‍ മുട്ടി വിളിച്ചു.

"നവീന്‍?…. നവീന്‍?…"

"എന്താ മമ്മാ…." വാതില്‍ തുറക്കാതെ അവന്‍റെ ചോദ്യം.

"നേരമെത്രയായെന്നറിയാവോ?… നീയെന്തേ ഉറങ്ങാത്തത്?…"

"പ്രൊജക്ട് വര്‍ക്ക് ചെയ്യാനുണ്ടായിരുന്നു…" വാതില്‍ തുറക്കാതെ തന്നെ അവന്‍ സ്വരമുയര്‍ത്തി പറഞ്ഞു.

അവന്‍റെ മറുപടിയില്‍ അത്ര വിശ്വാസം വന്നില്ലെങ്കിലും ഏലീശ ബെഡ്റൂമിലേയ്ക്കു മടങ്ങിപ്പോയി. എന്തുമാകട്ടെ മകനെ വിശ്വസിക്കാം. അവന്‍ ഇതുവരെ എട്ടാം ക്ലാസ്സിലെ ഏറ്റം കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന അഞ്ചു കുട്ടികളില്‍ ഒരാളാണല്ലോ….

പിറ്റേന്നു ഞായറാഴ്ച രാവിലെ ഏലീശ മകനെ വിളിച്ചുണര്‍ത്തി അറിയിച്ചു.

"ആറരയ്ക്കുള്ള ആദ്യത്തെ കുര്‍ബാനയ്ക്കു ഞാന്‍ പോകയാ… നീ ഒമ്പതരയ്ക്കുള്ള കുര്‍ബാനയ്ക്കല്ലേ പോണത്."

"ഞാന്‍ വൈകിട്ട് നാലരയ്ക്കുള്ള കുര്‍ബാനയ്ക്കാ…" അവന്‍ പറഞ്ഞു.

"അതു നടക്കില്ല മോനേ… കഴിഞ്ഞ ഞായറാഴ്ചയും നിനക്കങ്ങനെ പറ്റിയതല്ലേ?…" ഏലീശ കാര്‍ക്കശ്യത്തോടെ നിര്‍ദ്ദേശിച്ചു: "ഒമ്പതരയ്ക്കുള്ള കുര്‍ബാനയ്ക്കു പോയാല്‍ മതി…. സണ്‍ഡേ സ്കൂളിലും പോകണ്ടേ?…."

"മമ്മ, എന്‍റെ ഫ്രണ്ട്സ് ഉച്ചയ്ക്കു മുമ്പ് ഇങ്ങോട്ട് വരും."

നിനക്കവരോട് ഉച്ചയ്ക്കു ശേ ഷം വീട്ടില്‍ വരാന്‍ പറയാമായിരുന്നില്ലേ?…"

"മമ്മ, ഫ്രണ്ട്സിന് ഉച്ചയ്ക്കു മുമ്പേ ഇവിടെ വരുന്നതാണ് സൗകര്യം…."

"അവരെന്തിനാ ഇങ്ങോട്ടിന്നു വരുന്നത്?… മനസ്സിലാകാഞ്ഞിട്ട് ചോദിക്കയാ…"

"എന്തൊരു ചോദ്യമാ മമ്മാ?…" നവീന്‍ ചൊടിപ്പോടെ ചോദിച്ചു. "ഫ്രണ്ട്സ് ഫ്രണ്ടിന്‍റെ വീട്ടിലേയ്ക്കു വരാന്‍ ഒരു കാര്യോം കാണില്ലേ?…"

സംശയം പേറി മമ്മയുടെ തടിച്ച പുരികം വളയുന്നത് മകന്‍ ശ്രദ്ധിച്ചു. എന്നിട്ടവന്‍ കാര്യഗൗരവം സ്വരത്തിലുയര്‍ത്തിക്കൊണ്ട് പറഞ്ഞു.

"മമ്മാ, എന്‍റെ കൂട്ടുകാര്‍ വരുന്നതു വീഡിയോ ഗെയിം കാണാനാ…"

നവീന്‍ തന്‍റെ വിഷയത്തില്‍ അതീവ പ്രധാന്യം ചെലുത്തിക്കൊണ്ട് തുടര്‍ന്നു: "എന്‍റെ പക്കല്‍ ഒരുപാട് വീഡിയോ ഗെയിമുകളുടെ കളക്ഷനുണ്ടെന്നവര്‍ക്കറിയാം. അവര്‍ക്കിഷ്ടമുള്ളതൊക്കെ സൗകര്യത്തിനു കാണാനാ അവരിങ്ങോട്ട് വരുന്നേ….."

"ആനക്കാര്യം!…"

അങ്ങനെ പറയാനാണ് ഏലീശയ്ക്കു തോന്നിയത്. എങ്കിലും പറഞ്ഞില്ല. നവീന്‍ മുന്‍കോപത്തില്‍ മോശമായി പ്രതികരിച്ചാലോ?… ഏലീശയുടെ ഉള്ളം ഭയന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org