സൈബർവലയും കുട്ടിയിരകളും – 9

സൈബർവലയും കുട്ടിയിരകളും – 9

മാത്യൂസ് ആര്‍പ്പൂക്കര

തിരകള്‍ കവര്‍ന്നൊഴുകുന്ന തീരം. പിങ്ക് നിറമാര്‍ന്ന ഞണ്ടുകള്‍ പരക്കം പായുന്ന തീരം. അവിടെ തീരത്തു കടല്‍വെള്ളത്തിലേക്കു കാലും നീട്ടിയിരിക്കുന്ന കുട്ടി…!

അങ്ങോട്ട് നടന്നടുത്തിട്ടും ഡേവീസിനു വിശ്വാസം പോരാ. ആ കുട്ടി നവീന്‍തന്നെയാണെന്നു വിശ്വസിക്കാനാവുന്നില്ല. എന്നാല്‍ വി ശ്വസിച്ചേ പറ്റൂ. നവീന്‍ എങ്ങനെ ഈ കടപ്പുറത്തെത്തി? കൂടെ ഏലീശ്വയില്ല. അവന്‍റെ കൂട്ടുകാര്‍ ആരുമില്ല.

"നവീന്‍…?" – ഡേവീസിന്‍റെ ഉദ്വേഗമാര്‍ന്ന സ്വരം കടല്‍ക്കാറ്റിലുയര്‍ന്നു.

നവീന്‍ ഞെട്ടിത്തിരിഞ്ഞു; പപ്പപോലും….! അവനും വിശ്വസിക്കാനായില്ല. അവന്‍ പയ്യേ എഴുന്നേറ്റു. മണല്‍ത്തരികള്‍ അവന്‍റെ ജീന്‍സി ലും ഡ്രാഗന്‍റെ ചിത്രമുള്ള ടീഷര്‍ട്ടിലുമൊക്കെ പറ്റിപ്പിടിച്ചിരുന്നു. അതു കൊട്ടിക്കളയാന്‍ ഡേവീസും മകനെ സഹായിച്ചു.

"മോനേ, നീ ആരുടെ കൂടെയാ ഇവിടെ വന്നേ…?" – ഡേവീസ് തിരക്കി.

"ശ്യാമിന്‍റെ കൂടെ…"

"എന്നിട്ട് ശ്യാമെവിടെ…?"

"ശ്യാം ഒരു ഫ്രണ്ടിന്‍റെ വീട്ടിലേക്കു പോയി. ഒരു വീഡിയോ ഗെയിം കളക്ട് ചെയ്യാനാ… ഉടനെ എത്തും…" – നവീന്‍ പറഞ്ഞു.

"മോനേ, നീ ഒറ്റയ്ക്കീ കടപ്പുറത്ത്…!? നേരം ഇരുട്ടിയില്ലേ…?" – ഡേവീസ് ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ നവീന്‍ അതു കാര്യമാക്കാതെ പറഞ്ഞു:

"പപ്പ, എന്തു പേടിക്കാന്‍…? ശ്യാം വരുന്നവരെ ഞാനിവിടെയിരിക്കും. മിഡ്നൈറ്റില്‍ വന്നാലും ഞാനിവിടെത്തന്നെയുണ്ടാവും. എന്നാ പേടിക്കാനാ…?"

"എന്താ മോനേ നീ ഇങ്ങനെയൊക്കെ പറേന്നത്…? നീ മമ്മയോടു പറഞ്ഞിട്ടാണോ പോന്നത്…?" – ഡേവീസിന്‍റെ ആശങ്ക വര്‍ദ്ധിച്ചതേയുള്ളൂ.

"മമ്മ വീട്ടിലില്ലല്ലോ… ഇതൊക്കെ എന്നാ പറയാനാ…? സില്ലിക്കാര്യങ്ങളല്ലേ…?" നവീന്‍ കൈമലര്‍ത്തി. അടുത്ത നിമിഷം അവന്‍ കടല്‍പ്പരപ്പിലേക്കു കൈചൂണ്ടിക്കൊണ്ടു ചോദിച്ചു: "പപ്പ ദൂരെയൊരു കൊതുമ്പുവള്ളം കണ്ടോ? എനിക്ക് അമ്മാതിരിയൊരു കൊതുമ്പുവള്ളത്തിലേറി ദൂരെദൂരെ പുറംകടലില്‍ പോണം… എന്‍റേം ശ്യാമിന്‍റേം വല്യ ആഗ്രഹമാണിത്…."

"മോനേ നീ എന്തു നോണ്‍ സെന്‍സാണീ പറേണേ…? അതു കൊതുമ്പുവള്ളമൊന്നുമല്ല. വലിയ ഫിഷിങ്ങ് ബോട്ടാണ്. മൈലുകള്‍ക്കപ്പുറമാണതു കിടക്കുന്നത്. അതുകൊണ്ടാണു കൊതുമ്പുവള്ളമായി തോന്നുന്നത്…. കടലിലെ മുക്കുവന്മാര്‍ക്കുപോലും കൊതുമ്പുവള്ളത്തില്‍ പുറംകടലില്‍ പിടിച്ചുനില്ക്കാനാവില്ല…"

"പപ്പയ്ക്കു സാധിക്കില്ല. എന്നുവച്ചാല്‍ വില്‍പവറില്ല. മമ്മയ്ക്ക് ഇത്തിരി വില്‍പവറുണ്ട്. പക്ഷേ, പെണ്ണായിപ്പോയി…. അതുപോലെയല്ല ഞങ്ങള്… ഞാനും ശ്യാമും ഒരു കൊതുമ്പുവള്ളത്തില്‍ പുറംകടലില്‍ എത്ര ദൂരം വേണേലും പോയിവരും. വീഡിയോ ഗെയിമി ലെ കരകാണാക്കടലിലെ കൊച്ചു നായകന്‍ ഷുവാനെപ്പോലെ…! ഓ…! അതിനു പപ്പ ആ ഗെയിം കണ്ടിട്ടില്ലല്ലേ…! കഷ്ടം…! അതേ കൊതുമ്പുവള്ളത്തില്‍ ഞാനും ശ്യാമും ആ തിരമാലകളില്‍ ഊഞ്ഞാലാടിപ്പോകും…. പപ്പ എമ്യൂസ്മെന്‍റ് പാര്‍ക്കിലെ ജയന്‍റ് വീല്‍ കണ്ടിട്ടില്ലേ…? വല്യ തൊട്ടിലാട്ടം…? അമ്മാതിരി…!"

"നീ വന്നേ… വീഡിയോ ഗെ യിം കഥ വെറും തമാശക്കഥ…! പൊള്ളക്കഥ…! കുട്ടിക്കഥ…! അതുപോലെ അസല്‍ജീവിതം കാണരുത്…!" – ഡേവീസിനു മകനെ കൂട്ടിക്കൊണ്ടുപോകാന്‍ പാടുപെടേണ്ടി വന്നു.

"നീയെന്തേ ഇന്നു മൂന്നരയ്ക്കു ഹോളിക്രോസ് ജംഗ്ഷനില്‍ വരാമെന്നു പറഞ്ഞിട്ടു വന്നില്ല…. പപ്പ അവിടെ വന്ന് ഒത്തിരി നേരം വെയ്റ്റ് ചെയ്തു…"

ഡേവീസിന്‍റെ വാക്കുകള്‍ അവന്‍ കാര്യമാക്കിയില്ല. "പപ്പ അതൊന്നും നോക്കണ്ടാ…."

"പിന്നെന്തു നോക്കണം…?" ഡേവീസ് നീരസത്തോടെ തുടര്‍ന്നു; "ചിറ്റപ്പനും ചിറ്റമ്മയും നിന്നെ കാത്തിരുന്നു. ചിറ്റമ്മ ഏത്തക്കാപ്പവും ബജിയുമൊക്കെ നിനക്കുവേണ്ടി ഉണ്ടാക്കിവച്ചു കാത്തിരുന്നു…"

"അതൊന്നും കാര്യമാക്കണ്ടാ പപ്പാ… ഞങ്ങള്‍ക്ക് ചെയ്തുതീര്‍ക്കാന്‍ ഗെയിമുകളിലെ ഒരുപാടു ടാസ്കുകള്‍ ബാക്കി കിടക്കുന്നു…! ഒന്നിനും തീരെ ടൈമി ല്ല…" നവീന്‍റെ മനസ്സില്‍നിന്നും അഭിമാനത്തിന്‍റെ അല്ല, ദുരഭിമാനത്തിന്‍റെ ഹൈഡ്രജന്‍ ബലൂണ്‍ പ റന്നു. ഇരുള്‍ പരക്കുന്ന കടലിന്‍റെ അനന്തസീമകള്‍ തേടി.

"നീ എന്തൊക്കെയാണീ പറേന്നത്….?" വീഡിയോ ഗെയിം ക്രയ്സില്‍ മതിമറന്നു സംസാരിക്കു ന്ന മകന്‍റെ മുഖത്തേയ്ക്കു ഡേവീസ് ആകാംക്ഷയോടെ ഒന്നുകൂടി ഉറ്റുനോക്കി.

"മോനേ, നീ ചിറ്റപ്പന്‍റെ വീട്ടിലേക്കു പോരുന്നോ…? രാവിലെ വീട്ടില്‍ കൊണ്ടാക്കാം" – ഡേവീ സ് സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു.

"വേണ്ടാ… വേണ്ടാ… മമ്മ വയലന്‍റാകും… ഞാനങ്ങോട്ടില്ല…!" – നവീന്‍ ഉറപ്പിച്ചു പറഞ്ഞു.

മകനെ കൂടുതല്‍ കുഴപ്പങ്ങളിലേക്കു തള്ളിവിടണ്ടെന്നു ഡേവീസ് വിചാരിച്ചു. പിന്നെ നിര്‍ബന്ധിച്ചില്ല. മകനെ സ്കൂട്ടറില്‍ കയറ്റി സുരക്ഷിതമായി വീട്ടുപടിക്കല്‍ ഇറക്കിവിട്ടു. ഗെയ്റ്റ് തുറന്നു മകന്‍ വീട്ടിലേക്കു കയറിപ്പോകുന്നതു റോഡരികില്‍ സ്കൂട്ടറിലിരുന്നുകൊണ്ട് ഡേവീസ് കാണുന്നുണ്ടായിരുന്നു. ഗെയ്റ്റിന്‍റെ സൈഡില്‍ മതിലിന്‍റെ അടുത്തായി നില്ക്കു ന്ന ഉണങ്ങിത്തുടങ്ങിയ റമ്പുട്ടാന്‍മരത്തിന്‍റെ മറവില്‍ നിന്നാല്‍ വീടിന്‍റെ സിറ്റൗട്ട് വ്യക്തമായി കാണാം.

സിറ്റൗട്ടില്‍ മെയിന്‍ ഡോറില്‍ ഏലീശ്വ നില്പുണ്ടായിരുന്നു.

"ഇതുവരെ നീ എവിടാരുന്നു…?" അമര്‍ഷം തീരാഞ്ഞ് ഏലീശ്വ മകന്‍റെ ഷോള്‍ഡറിനിട്ട് ആഞ്ഞടിച്ചു.

വേദനകൊണ്ടു പുളഞ്ഞ നവീന്‍ അരിശം കേറി തുള്ളിച്ചാടി അകത്തേയ്ക്കു കടന്നു. കടപ്പല്ല് കടിച്ചു വിറകൊണ്ടു ടീപ്പോയിമേലിരുന്ന ഫ്ളവര്‍വെയ്സ് എടുത്തെറിഞ്ഞു. ഭംഗിയാര്‍ന്ന ആ വുഡന്‍ ഫ്ളവര്‍വെയ്സ് പൊട്ടിച്ചിതറി. ചന്തം വഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ വയലറ്റ് ഓര്‍ക്കിഡ് പൂക്കള്‍ ഡ്രോയിങ്ങ് റൂമിന്‍റെ മൂലയിലേക്കു തെറിച്ചു. അതു കണ്ട ഏലീശ്വയ്ക്കു സഹിച്ചില്ല. അവള്‍ വീണ്ടും മകനെ അടിക്കാനായി കയ്യോങ്ങി. പ ക്ഷേ, മകന്‍ പെട്ടെന്നു വികാരം പൂണ്ട് പ്രതികരിച്ചു: "തൊട്ടുപോകരുത് എന്നെ…!" കൈ ചൂണ്ടിക്കൊണ്ട് അവന്‍ നിന്ന് അടിമുടി വിറച്ചു. അവന്‍ ഏലീശ്വയെ തുറിച്ചുനോക്കി. മുമ്പെങ്ങും ഉണ്ടാകാത്ത വിധം. എന്തൊക്കെയോ പിറുപിറുക്കാനും തുടങ്ങി.

മകന്‍റെ കലിപൂണ്ട ഭാവം കണ്ടപ്പോള്‍ ഏലീശ്വയ്ക്കു പേടി തോന്നിച്ചു. എങ്കിലും അരിശം തീരാഞ്ഞ് അവള്‍ പറഞ്ഞു: "നീയെന്താ പിറുപിറുക്കന്നേ…? ഉറക്കെ പറയെടാ… കേള്‍ക്കട്ടെ….!"

"നിന്‍റെ ഒടുക്കത്തെ തല്ലാ…. ആ കൈ നോക്കിക്കോ…!" – നവീന്‍ കോപം കയറി വിറഞ്ഞു.

"എടാ നവീന്‍….!" അസഹിഷ്ണുതയോടെ ഏലീശ്വ ഉറക്കെ വിളിച്ചു.

അടുത്ത നിമിഷം നവീന്‍ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ഗദ്ഗദത്തോടെ അവന്‍ പറഞ്ഞു: "നോക്കിക്കോ ഞാന്‍ ചാകും… പുറംകടലില്‍ പോയി കടല്‍ച്ചുഴിയില്‍ ചാടിച്ചാകും… ഷുവാനെപ്പോലെ….!"

"നിന്നെ വിളിച്ചിട്ടു മറുപടി പോലുമില്ല…." കോപമടക്കിക്കൊണ്ട് അവള്‍ തിരക്കി: "നീ ആ വെറുക്കപ്പെട്ടവന്‍റെ കൂടെ കറങ്ങിനടക്കയായിരുന്നില്ലേ…? നീയും കൂടെ പൊയ്ക്കോ അയാളുടെ കൂടെ… എന്നെ തോല്പിക്കാന്‍…!"

കുടുകുടെ കണ്ണീര്‍ ഒലിച്ചിറങ്ങിയ മുഖത്തോടെ നവീന്‍ അവന്‍റെ മുറിയിലേക്ക് പിന്തിരിഞ്ഞോടി. അവിടെ കട്ടിലില്‍ പോയി വീണു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org