Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 1

സൈബർവലയും കുട്ടിയിരകളും – 1

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

സ്കൂള്‍ ബസ് പതിവില്ലാതെ ലേറ്റായി. കാമ്പസ് പാര്‍ക്കിങ്ങ് ഏരിയായിലേക്കു കടന്നപ്പോഴേക്കും ബെല്‍ മുഴങ്ങി. നവീനും എബിനും ക്ലാസിലേക്കോടുകയായിരുന്നു.

രസതന്ത്രത്തിന്റെ ക്ലാസ് തുടങ്ങിയതേയുള്ളൂ. രണ്ടു പേരും ക്ലാസില്‍ കയറി ഇരുപ്പുറപ്പിച്ചു. അതിനിടയില്‍ സമരകാഹളം! വിദ്യാര്‍ത്ഥിസംഘടനകള്‍ എത്തിക്കഴിഞ്ഞു. ഇന്നത്തെ പഠനം തീര്‍ന്നു.

“ഓവര്‍ ഓവര്‍…” – രസതന്ത്രടീച്ചര്‍ സുമംമരിയ ഉച്ചത്തില്‍ത്തന്നെ വിളിച്ചു പറഞ്ഞു.

കുട്ടികള്‍ ക്ലാസുകളില്‍ നിന്നും ചിതറിയോടി. നവീനും സൂരജും എബിനും മിലിയും ആന്‍മരിയയുമൊക്കെ ബാഗ് മുതുകിലേറ്റി നടന്നു. ഏവരും എട്ടാം ക്ലാസ്മേറ്റ്സ്. മെയിന്‍ഗെയ്റ്റിനടുത്തുളള തണല്‍ മരത്തില്‍നിന്നും കൊച്ചുകൊച്ചു നക്ഷത്രപ്പൂക്കള്‍ പൊഴിയുന്നു. ഒരു നിമിഷം നവീന്‍ അവിടെ നിന്നു. അവന്‍റെ ശിരസ്സിലും നക്ഷത്രപ്പൂക്കള്‍ കൊഴിഞ്ഞു വീണു.

“ശ്യാമിനെ കണ്ടോ…?”- നവീന്‍ കൂട്ടുകാരോടു തിരക്കി.

അവര്‍ കൈമലര്‍ത്തി.

“എന്തേ…?”- മിലി ചോദിച്ചു.

“പുതിയൊരു വീഡിയോഗെയിം തരാമെന്നു ശ്യാം പ്രോമിസ് ചെയ്തത്… നെറ്റീന്നു ഡൗണ്‍ലോഡ് ചെയ്തതാ… എന്നിട്ടിപ്പം…!?

“ഓ! എന്നാപ്പിന്നെ ഇന്നു നോക്കണ്ടാ… വാടാ നവീന്‍ പോകാം!” – സൂരജ് പറഞ്ഞു. എന്നിട്ട് എല്ലാവരോടുമായി അവന്‍ പരാമര്‍ശിച്ചു: “ശരിയാ, ശ്യാമിന്‍റെ പക്കല്‍ എന്തുമാത്രം വീഡിയോഗെയിമുണ്ടെന്നറിയാമോ…?”

നവീനു പോകാന്‍ മടി. നാളെ അവധി ദിവസംകൂടിയാണല്ലോ.

“മൊബൈലില്‍ വിളിച്ചില്ലേ…?” – ആന്‍ മരിയ തിരക്കി.

“സ്വിച്ചോഫാ…”- നവീന്‍ ഇച്ഛാ ഭംഗത്തോടെ പയ്യേ നടന്നു. കൂട്ടുകാരുടെ പിറകെ.

അതിനിടയില്‍ നവീന്‍റെ മൊബൈലില്‍ സിനിമാഗാനത്തിന്‍റെ ഈരടികള്‍ ഉതിര്‍ത്തു.

“ശ്യാമായിരിക്കും…” – നവീന്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു. എന്നിട്ട് അറിയിച്ചു: “ശ്യാംതന്നെ… അവന്‍ 15 മിനിട്ടിനകം വരും….”

“നിങ്ങള്‍ നടന്നോ…” – സൂരജ് കൂട്ടുകാരോടു പറഞ്ഞു.

“ഞാനും നവീനുംകൂടി വന്നോളാം…”

കൂട്ടുകാര്‍ പോയി. താമസിച്ചില്ല, ശ്യാമെത്തി. ക്ലോസ് ഫ്രണ്ടിന്‍റെ താത്പര്യം സാധിച്ചുകൊണ്ട്. ഡിവിഡിയും പെന്‍ഡ്രൈവുമൊക്കെയുണ്ട്.

മൂവരും നടന്നു. അതിനിടയില്‍ ശ്യാം കണ്ട വീഡിയോഗെയിമിലെ ലീലാവിലാസങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഹോളി ക്രോസ് ജംഗ്ഷ നിലെത്തിയപ്പോള്‍ ശ്യാമിന്‍റെ മൂത്ത സഹോദരന്‍ സ്കൂട്ടറില്‍ വന്ന് അവനെ പിക്കപ്പ് ചെയ്തുപോയി.

“പ്രണവം” വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ സൂരജ് നിര്‍ദ്ദേശം വച്ചു: “എടാ നവീന്‍, നീയിപ്പം വീട്ടില്‍ ചെന്നാല്‍ തന്നെയിരിക്കണ്ടേ? നിന്‍റെ മമ്മി വരുമ്പോള്‍ സന്ധ്യയാവില്ലേ? നമുക്കിവിടെ വീഡിയോ ഗെയിം കാണാം…”

നവീന്‍ മടിച്ചു. എന്നാലും കൂട്ടുകാരന്‍ നിര്‍ബന്ധിച്ചതുകൊണ്ടു കൂടെപ്പോയി. സൂരജിന്‍റെ വീട്ടില്‍ അച്ഛനും അമ്മയും അനുജത്തിയുമുണ്ടായിരുന്നു. കൂട്ടുകാരന്‍റെ അച്ഛന്‍ നവീനുമായി വിശേഷങ്ങള്‍ പങ്കുവച്ചെങ്കിലും ഡേവീസിന്‍റെ കാര്യങ്ങളൊന്നും തിരക്കിയില്ല. മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു. നവീനു നൊമ്പരമുണ്ടാക്കാതിരിക്കാന്‍….

നവീനും സൂരജും പ്രണവത്തില്‍ വീഡിയോ ഗെയിമിന്‍റെ തിരക്കിട്ട കാഴ്ചകളിലേറി. ഉച്ചയായതറിഞ്ഞില്ല. ഊണു കഴിക്കാന്‍ ലൂസി ടീച്ചര്‍ ജോണ്‍സാറിനെയും മക്കളെയും കുഞ്ഞതിഥിയെയും വിളിച്ചു.

ലൂസിടീച്ചര്‍ ഡൈനിങ്ങ് ടേബിളിന്‍റെ ക്ലോത്ത് ക്ലീനാക്കി ചെറിപ്പഴങ്ങളുടെയും വൈന്‍ഗ്ലാസിന്‍റെയും ചിത്രപ്പണികളുള്ള മാറ്റുകളിട്ടു. അതിന്മേല്‍ നല്ല വെള്ള നിറമുള്ള പ്ലേറ്റുകള്‍ നിരത്തിക്കഴിഞ്ഞു. സൂരജിന്‍റെ അടുത്തായി നവീനും ഡൈനിങ്ങ് ചെയര്‍. എല്ലാവരും നിര്‍ബന്ധിച്ചിട്ടും അവന്‍ ലഞ്ച് കഴിക്കാനിരുന്നില്ല; വീട്ടിലേക്കു പോയി.

ജോണ്‍സാറും കുടുബവും ഒന്നിച്ചിരുന്നു. എത്ര സന്തോഷത്തോടെയാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. നെറ്റിയില്‍ കുരിശു വരച്ചു നല്ല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള തടക്കം. തന്‍റെ വീട്ടിലെ സ്ഥിതിയോ!? ആകൂലതയോടെ നവീന്‍ ഓര്‍ത്തുപോയി. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയായ മമ്മ വീട്ടിലെത്തുമ്പോള്‍ ഇരുട്ടും; പപ്പ വരാറില്ല. ആഴ്ചയിലൊരിക്കല്‍ വന്നെങ്കിലായി; അതും തന്നെ കാണാന്‍…

മമ്മയും പപ്പയും നേരെ നോക്കിപ്പോയാല്‍ ശണ്ഠ. വിവാഹമോചനത്തിന്‍റെ വരമ്പത്തു വഴക്കടിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍…! മമ്മയാണു കുടുംബക്കോടതിയില്‍ ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഗസറ്റഡ് ഓഫീസറായി ഏലീശായും വാട്ടര്‍ അതോറിറ്റി ക്ലര്‍ക്കായ ഡേവീസും…! പപ്പയുടെ അണ്ടര്‍ എംപ്ലോയ്മെന്‍റാണോ ബേസിക് പ്രോബ്ളം? മകനോര്‍ക്കാറുണ്ട്. എന്തായാലും പൊരുത്തക്കേടുകളുടെ പ്രശ്നയാത്ര! സ്വസ്ഥത നഷ്ടം വരുത്തിയ ആ ദാമ്പത്യയാനത്തില്‍ ആ എട്ടാം ക്ലാസ്സുകാരന്‍റെ പിടപ്പ്…!

സന്തോഷമെവിടെ? സമാധാനമെവിടെ? പണവും സ്ഥാനവുമാണ് മമ്മയ്ക്കു പ്രധാനം! നവീന്‍ ചിന്തിച്ചുകൊണ്ടു നടന്നു വീട്ടിലെത്തി.

പോസ്റ്റ്ബോക്സ് ഗെയ്റ്റില്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും തപാലുരുപ്പടികള്‍ മുറ്റത്തു ചിതറിക്കിടക്കുന്നു. മഴ വീഴാഞ്ഞത് ഭാഗ്യം! അതിലൊന്ന് അഡ്വ. രാജ്മോഹന്‍റെ കത്ത്; മമ്മയുടെ വക്കീല്‍.

ബാക്പാക്ക് ബാഗിന്‍റെ കീശയില്‍ നവീന്‍ വിരലുകള്‍ പരതി. വീടിന്‍റെ താക്കോല്‍. വീട്ടില്‍ പ്രവേശിച്ചയുടനെ അവന്‍ ബാഗ് സോഫയിലേക്കിട്ടിട്ടു കമ്പ്യൂട്ടര്‍മുറിയിലേക്കാണു കടന്നത്. വീഡിയോ ഗെയിമുകളുടെ വാതായനങ്ങള്‍ തുറക്കാന്‍.

ശ്യാം തന്നുവിട്ട പെന്‍ ഡ്രൈവും മറ്റും നവീന്‍റെ മനസ്സില്‍ ഡിജിറ്റല്‍ ഫിഗറുമായി വളര്‍ന്നു. അതൊക്കെ കാണാന്‍ തിടുക്കമായി. മാജിക് ഓവനും അക്ഷയപാത്രവുമൊക്കെ. ഭീകരത വിതച്ചു മുന്നേറുന്ന ചൈനീസ് ഡ്രാഗണ്‍…! പാവംപിടിച്ച ജീവികളെ പിടിച്ചുതിന്നു വളര്‍ന്നു വലുതായി, വലുതായി ആകാശം മുട്ടേ വളരുന്ന ഡ്രാഗണ്‍ ഭീകരത വിതച്ചു മുന്നോക്കം നീങ്ങുന്നു…! എല്ലാം തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട്….

നവീന്‍ ഗെയിമുകളുടെ പൂരത്തില്‍ ലയിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. അപ്പോഴാണു പപ്പയുടെ ഫോണ്‍കോള്‍. ഫോണ്‍ തുടരേ റിങ്ങ് ചെയ്തപ്പോഴാണ് അവനതെടുത്തത്.

“മോനേ, നീവീന്‍ എന്തെടുക്കയാ..?”

“ഗെയിം കളിക്കയാ…”

“മോന്‍ എപ്പോഴും ഗെയിം കളിയാ…?”

“അല്ലാതെ ഈ വീട്ടില്‍ എന്തെടുക്കാനാ…?”

“മോനെന്തു കഴിച്ചു…?”

“പിസ”

“മോനിങ്ങോട്ടു വരുന്നോ… ചിറ്റപ്പന്‍റെ വീട്ടിലേക്ക്…?” – ഡേവീസിന്‍റെ സ്നേഹമാര്‍ന്ന ചോദ്യം.

“ഇല്ല…!” സ്വരം കടുപ്പിച്ചു നവീന്‍ പറഞ്ഞു: “വഴക്കുണ്ടാക്കാന്‍ ഞാനില്ല…!”

ഓഫീസില്‍നിന്നും വന്ന ഏലീശ ആ സംഭാഷണം ശ്രദ്ധിച്ചുനിന്നു. മമ്മയുടെ കണ്ണുകള്‍ ഗോലികള്‍പോലെ ഉരുളുന്നതു മകന്‍ കണ്ടില്ല.

“നവീന്‍…!” – ഘനഗംഭീരമാര്‍ന്ന ക്രോധത്തിന്‍റെ വിളി.

നവീന്‍ ചെറുതായൊന്നു നടുങ്ങി.

(തുടരും)

Leave a Comment

*
*