Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 2

സൈബർവലയും കുട്ടിയിരകളും – 2

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

നവീന്‍ അനങ്ങിയില്ല. മമ്മയുടെ വിളി തീര്‍ത്തും പരുഷമായിരുന്നു. എന്നിട്ടും അവനതു കാര്യമാക്കിയില്ല. അവന്‍ വീഡിയോ ഗെയിം തുടര്‍ന്നുകൊണ്ടേയിരുന്നു.

പപ്പയുമായി ഫോണില്‍ അടുപ്പത്തില്‍ സംസാരിച്ചത് മമ്മയ്ക്കു പിടിച്ചില്ല. അതുതന്നെ കാര്യം. നവീന്‍ വിചാരിച്ചു, മമ്മയും പപ്പയുമായുള്ള വിരോധവും വഴക്കും അകല്‍ച്ചയും എന്നെ എന്തിനു വെറുതെ ബന്ധിപ്പിക്കണം? ഞാന്‍ പപ്പയോടു മിണ്ടുന്നതുപോലും മമ്മയ്ക്ക് ഇഷ്ടമല്ലാതായിരിക്കുന്നു…!

“എടാ നവീന്‍…! ഞാന്‍ നിന്നെ വിളിച്ചതു കേട്ടോ…?” – ഏലീശ്വയ്ക്കു ദേഷ്യം വന്നു.

“കേട്ടു… കേട്ടു… കേട്ടു…!”-പ രുക്കന്‍ മറുപടിയോടെ അവന്‍ ചാടിയെണീറ്റു. “ഞാനിപ്പം എന്താ വേണ്ടത്….?”

“ഒന്നും വേണ്ട… നീ വോളിബോള്‍ കളിക്കാന്‍ പോണില്ലേ…?”

“പോണോ…? ഞാനൊന്നും കഴിച്ചില്ല”-നിസ്സംഗതയോടെ നവീന്‍ പറഞ്ഞു.

“അതെന്തേ…? ഫ്രിഡ്ജിലും ടേബിളിലും കഴിക്കാന്‍ പലതുമിരുപ്പുണ്ടല്ലോ… ഫ്ളാസ്കില്‍ ചൂടുചായയുമുണ്ട്…” – ഏലീശ്വയുടെ അരിശം അടങ്ങിയില്ല.

“എനിക്കു വിശപ്പു തോന്നണില്ല” – നവീന്‍ പറഞ്ഞൊഴിഞ്ഞു.

“നിനക്കു വിശപ്പില്ല, ദാഹമില്ല. എന്തേ ഇങ്ങനെ?”

ഏലീശ്വ മകന് ആഹാരസാധനങ്ങള്‍ ഓവനില്‍വച്ചു ചൂടാക്കിക്കൊടുത്തു; സാന്‍വിച്ചും മറ്റും. അവന്‍ താത്പര്യം കാണിച്ചില്ല. ചായ മാത്രം കുടിച്ചിട്ട് അവന്‍ വിളിപ്പാടകലെയുള്ള വോളിബോള്‍ കോര്‍ട്ടിലേക്കു പോയി.

കൂട്ടുകാര്‍ കൂടുന്നതേയുള്ളൂ; കളി തുടങ്ങിയിട്ടില്ല. ഇടവകപ്പള്ളി വക കോര്‍ട്ടാണ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലെ കുട്ടികളുടെ കായികവിനോദം. നിലത്തു പന്തടിച്ചു രസിച്ചുകൊണ്ടിരുന്ന സൂരജ് നവീനിനെ കണ്ടപ്പോള്‍ പറഞ്ഞു: “ഇത്രയും പേര്‍ മതി; നമുക്കങ്ങ് കളി തുടങ്ങിയാലോ…? ടൂര്‍ണമെന്‍റൊന്നുമല്ലല്ലോ… വെറും കളിയല്ലേ…?”

“ഞാനില്ല; നിങ്ങള് കളിച്ചോ…” – നവീന്‍ വിരസതയോടെ അറിയിച്ചിട്ടു തന്‍റെ സ്മാര്‍ട്ട്ഫോണില്‍ ഫെയ്സ് ബുക്ക് തുറന്നു നോക്കിയിരുന്നു.

“നവീന്‍, നിനക്കിതുവരെ സ്കൂള്‍ യൂണിഫോം മാറാറായില്ലേ…?” – സൂരജ് ചിരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.

അവനതു കേട്ടതായി ഭാവിച്ചില്ല. കൂട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും നവീന്‍ കളിയില്‍ ചേര്‍ന്നില്ല. അവന്‍ പറഞ്ഞു: “കളിക്കാനൊരു മൂഡില്ല.”

ഇടയ്ക്കു സൂരജ് തിരക്കാതിരുന്നില്ല; “ശ്യാം തന്ന വീഡിയോ ഗെയിമൊക്കെ എങ്ങനെ…? നീ വല്ലതും കണ്ടോ?”

“കുറെയൊക്കെ കണ്ടു.”

“ശ്യാം നെറ്റീന്നും മറ്റും ഡൗണ്‍ ലോഡ് ചെയ്തെടുത്തതാ… നീ ഏതാ കണ്ടത്…?” – സൂരജിന്‍റെ ആകാംക്ഷ.

“മാഡ് അനക്കോണ്ടാ…” – നവീന്‍ പറഞ്ഞു. “ഭ്രാന്തനായ അനക്കോണ്ട… ഞാനതു പലവട്ടം കണ്ടു…”

“ഞാനും…” – സൂരജ് അറിയിച്ചു. “ആമസോണ്‍ കാടുകള്‍ അടക്കി വാഴുന്ന ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പാമ്പ് അനക്കോണ്ടയുടെ കഥ…!”

“കണ്ണില്‍ കണ്ടതൊക്കെ വിഴുങ്ങി വിശപ്പടങ്ങാതെ വെള്ളത്തിലും കരയിലും പാഞ്ഞുനടക്കുന്ന അനക്കോണ്ടയല്ലേ…”-എബിന്‍ വിശേഷിപ്പിച്ചു.

“നവീന്‍, എനിക്കതൊന്നു കാണണം” -സാംസന്‍റെ ആഗ്രഹം.

“നീ നാളെ ക്ലാസ്സ്കഴിഞ്ഞു വീട്ടിലേക്കു വാ…” – അത്രയും പറഞ്ഞു നവീന്‍ കളിസ്ഥലത്തുനിന്നു മടങ്ങി.

“സാംസണ്‍, നവീന്‍റെ വീട്ടില്‍ നല്ല സൗകര്യം…” – എബിന്‍ വി സ്തരിച്ചു. “അവന്‍റെ മമ്മ ജോലി കഴിഞ്ഞു സെക്രട്ടറിയേറ്റില്‍നിന്നും വരുമ്പം ഇരുട്ടും; വേറാരുമില്ല…”

“അവന്‍റെ പപ്പയോ…?” – സാംസണ്‍ തിരക്കി.

“പപ്പയും മമ്മയും പിണങ്ങിപ്പിരിഞ്ഞു ഡിവോഴ്സ് കേസ് വരെ എത്തിനില്ക്കയാ… അവന്‍റെ പാവം പപ്പ ഡേവീസങ്കിള് ചിറ്റപ്പന്‍റെ വീട്ടിലാ താമസം…”- എബിന്‍ തുടര്‍ന്നു. “വീഡിയോ ഗെയിമോ മറ്റെന്തു വേണേലും ഇഷ്ടാനുസരണം കാണാം…”

“വീഡിയോ ഗെയിമുകളുടെ വീടാണത്…” – സൂരജ് ചിരിച്ചു.

“ഒരു ഷോപ്പില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വീഡിയോ ഗെയിമുകള്‍ അവിടെ കാണും… നവീന്‍ എന്തു പറഞ്ഞാലും അവന്‍റെ മമ്മ സാധിച്ചുകൊടുക്കും; കാസറ്റായാലും എന്തായാലും…”

“നിനക്കു നിന്‍റെ പേരന്‍റ്സ് വാങ്ങിത്തരില്ലേ? പിന്നെന്തിനു വെറുതെ അവനെ കുറ്റപ്പെടുത്തണം…” – ചിരിയോടെ ബിനുവിന്‍റെ കമന്‍റ്.

“ബിനുവിന് എന്‍റെ പേരന്‍റ്സിനെപ്പറ്റി ശരിക്കും അറിഞ്ഞുകടാ. ഞാനോ മീനുവോ പറയുന്നതെല്ലാം അവര്‍ വാങ്ങിത്തരില്ല. സെലക്ടീവാ… നല്ല നിയന്ത്രണങ്ങളുണ്ടെന്നു സാരം. ഞങ്ങളുടെ വീട്ടില്‍ പഠിക്കാന്‍ സമയം, കളിക്കാന്‍ സമയം, പ്രാര്‍ത്ഥിക്കാനും ഭക്ഷണം കഴിക്കാനും സമയം. പ്രെയറും ഫുഡും ടി.വി. കാണലുമൊക്കെ വീട്ടിലെല്ലാവരും ഒരുമിച്ചിരുന്നാണ്. വീഡിയോ ഗെയിമും മറ്റും കണ്ടു വെറുതെ സമയം കളയാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല…”

“മറ്റേന്നാള്‍ ഹോളിഡേ അല്ലേ…? നമ്മള്‍ കൂട്ടുകാര്‍ എല്ലാവരുംകൂടി നവീന്‍റെ വീട്ടില്‍ പോകാം… മാഡ് അനക്കോണ്ടാ കാണാം…” – ബിനു നിര്‍ദ്ദേശം വച്ചു.

“നവീന്‍റെ ഇഷ്ടമെന്തായാലും മമ്മ സാധിച്ചുകൊടുക്കും; ഒറ്റ ഡിമാന്‍റ്…. അവന്‍റെ പപ്പയോടു മിണ്ടാന്‍ പാടില്ല. ഫോണില്‍പോലും മിണ്ടിക്കൂടാ… അവനു പപ്പയെ ഇഷ്ടമാണ്. അവന്‍ എന്നും സംസാരിക്കും. ഇതാണാ വീട്ടിലെ അവന്‍റെ ഒരേയൊരു പ്രശ്നം…” – എബിന്‍ പറഞ്ഞു.

കൂട്ടുകാര്‍ പിരിഞ്ഞു.

നവീന്‍ വീഡിയോ ഗെയിമിന്‍റെ മായികലോകത്തായിരുന്നു. അവന്‍ സ്കൂള്‍ യൂണിഫോം ഇനിയും ചെയ്ഞ്ച് ചെയ്തിട്ടില്ല. അതു കണ്ട് ഏലീശ്വ മുറുമുറുത്തു: “സ്കൂള്‍ യൂണിഫോം പോലും നീ ഇതുവരെ മാറിയിട്ടില്ല. ഫ്രണ്ട് സിനോടൊപ്പം ഗെയിമിനു ചേര്‍ന്നില്ല. വീഡിയോ ഗെയിമുകളുടെ മായാലോകം മാത്രം. അതു മതിയോ…?

നവീന്‍…? നീ എന്താ ഇങ്ങനെ…?”

“മമ്മ എന്താ ഇങ്ങനെ…!?”- പെട്ടെന്നായിരുന്നു നവീന്‍റെ മറുചോദ്യം.

മകന്‍റെ പരുഷഭാവം കണ്ട് ഏലീശ്വ ഒരു നിമിഷം തരിച്ചു നിന്നു. പിന്നീടൊന്നും ചോദിക്കാന്‍ അവള്‍ നിന്നില്ല.

(തുടരും)

Leave a Comment

*
*