സൈബർവലയും കുട്ടിയിരകളും – 5

സൈബർവലയും കുട്ടിയിരകളും – 5

മാത്യൂസ് ആര്‍പ്പൂക്കര

ആ വീഡിയോകോള്‍ നവീന്‍ അറ്റന്‍ഡ് ചെയ്തു. "എന്താ മമ്മാ…?"

അവന്‍റെ സ്വരത്തില്‍ പരിഭവത്തിന്‍റെ ചുളുക്കം. വീട്ടില്‍ അവന്‍റെ മുറിക്ക് എതിര്‍വശത്തെ മുറിയില്‍ ഉച്ചമയക്കത്തിനു കിടന്ന മമ്മയുടെ ഫോണ്‍കോളാണ്.

മമ്മ എഴുന്നേറ്റു വന്നു മുറി തുറപ്പിച്ചു സംസാരിച്ചില്ലല്ലോ…? അത്രയും ആശ്വാസം നവീനു തോന്നി. താനിപ്പോള്‍ വീഡിയോ ഗെയിം "പോക് മോന്‍" കണ്ടുകൊണ്ടിരിക്കുകയാണ്. അതു കണ്ടാല്‍ ദേഷ്യമാകും. എന്താണെന്നറിയില്ല, കുറേനാളായി താന്‍ വീഡിയോ ഗെയിം കാണുന്നത് മമ്മയ്ക്ക് അത്ര രസിക്കുന്നില്ല. യഥേഷ്ടം താന്‍ ഇന്‍റര്‍നെറ്റില്‍ കടക്കുന്നതിനും വീഡിയോ ഗെയിമുകളിലും മറ്റും നിരതനായി രസിക്കുന്നതിനും മമ്മ എന്തിന് എതിരാകണം…?

"നവീന്‍, നീ അവിടെ എന്തെടുക്കുകയാ…?" – മമ്മയുടെ സ്വരത്തിന് കനപ്പ്.

"മമ്മാ, ഞാനിവിടെ പ്രോജക്ട് വര്‍ക്ക് ചെയ്യുകയാ…" തൊട്ടടുത്ത മുറിക്കുള്ളിലിരുന്ന മമ്മയെ കബളിപ്പിച്ചു കള്ളം പറയുന്നതില്‍ അവനു തെല്ലും ജാള്യത തോന്നിയില്ല.

"ഞാനൊരു പ്രത്യേക കാര്യം നിന്നോടു പറയാനാ വിളിച്ചത്…" മമ്മ ആമുഖമിട്ടപ്പോള്‍ സത്യത്തില്‍ അവനൊന്ന് ആശങ്കപ്പെട്ടു. ക്ലാസ് ടീച്ചറോ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററോ ആരെങ്കിലും തന്നെപ്പറ്റി ആരോപണം വല്ലതും ഉ ന്നയിച്ചിട്ടാകുമോ…?"

എന്നാല്‍ കാര്യം അതല്ലായിരുന്നു.

"മോനേ, നവീന്‍…." മമ്മയുടെ സ്വരം ഫോണിലൂടെ കനപ്പെട്ടു. 'ഡേവീസ് നിന്നെ എപ്പോള്‍ വിളിച്ചാലും മൂളി കേള്‍ക്കുക മാത്രം. ഒന്നും പറയാന്‍ പോകണ്ടാ. അയാള്‍ നിന്നെ എങ്ങനെയും ഇവിടെനിന്നും പറിച്ചെടുത്ത് ചിറ്റപ്പന്‍റെ വീട്ടിലേക്കു കൊണ്ടുപോകാനാ ഉദ്ദേശ്യം…. നീ അതില്‍ വീഴരുത്…. ലോ ക്ലാസ്സ് കൂട്ടു കൂടിയും മദ്യപിച്ചും അയാള്‍ നടക്കുകയാ…. ഇനി നിന്നെക്കൂടി ആ വലയത്തിലാക്കി നശിപ്പിക്കാനാ…"

"മമ്മ എന്തായീ പറേണത്…?" നവീനു ദേഷ്യം വന്നു. "പപ്പ എന്നെ ഇതുവരെ അങ്ങോട്ടു സ്ഥിരതാമസത്തിനു വിളിച്ചിട്ടില്ലല്ലോ…"

"അങ്ങനെ വിളിക്കാതെ വിളിച്ച് അയാള്‍ കാര്യം സാധിച്ചെടുക്കും. അത്ര സൂത്രശാലിയാ… എങ്ങനെയും എന്നെ ഒറ്റപ്പെടുത്തുകയാ അയാളുടെ ഉന്നം! വാശി…! ദുര്‍വാശി…! ആ ദുര്‍വാശിക്കല്ലേ അയാള്‍ ഡെപ്യൂട്ടേഷന്‍ വാങ്ങി മാറിപ്പോയത്… സെക്രട്ടറിയേറ്റില്‍ സെക്ഷന്‍ ഓഫീസറായ ഞാന്‍…! ആ എന്‍റെ കീഴില്‍ വെറുമൊരു അസിസ്റ്റന്‍റായി ജോലി ചെയ്യാന്‍ അയാള്‍ക്കു കഴിയില്ല. അയാളുടെ ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ് അല്ലാതെന്താ…?"

"മമ്മാടെ സുപ്പീരിയോറിറ്റി കോംപ്ലക്സ്…!" – നവീന്‍ പിറുപിറുത്തു.

"എന്താടാ പിറുപിറുക്കുന്നേ…?"

"ഏലീശ്വായ്ക്ക് അരിശം വന്നു.

"മമ്മാ എനിക്കു പ്രോജക്ട് വര്‍ക്ക് പൂര്‍ത്തിയാക്കാനൊണ്ട്." നവീനു ശുണ്ഠി കയറി. അവന്‍ പറഞ്ഞു: "മമ്മായും പപ്പയും തമ്മില്‍ കീരിയും പാമ്പുംപോലെ വഴക്കിടുന്നിടത്ത് എന്നെ എന്തിനു വലിച്ചിഴയ്ക്കണം…? പ്ലീസ് മമ്മാ…!"

"എടാ മോനേ…! അയാള്‍ നിന്നെ വലിച്ചിഴയ്ക്കാതിരിക്കാനാ ഞാനീ അഡ്വൈസ് ചെയ്യണത്…."

"പ്ലീസ് മമ്മാ….!"

"നിനക്കു പ്രോജക്ട് വര്‍ക്ക് ഫിനിഷ് ചെയ്യാനോ അതോ വീ ഡിയോ ഗെയിം ഫിനിഷ് ചെയ്യാനോ ഇത്ര തിടുക്കം?"

നവീന്‍ ശുണ്ഠിയോടെ ഫോണ്‍ കട്ട് ചെയ്തു.

ശ്യാം തന്നുവിട്ട പുതിയ ഗെയിമുകള്‍ ബാക്കിയാകുന്നു. അവന്‍ ലാപ്ടോപ്പ് തുറന്നുവച്ചു. അതിലൊരു ഗെയിം പ്രദര്‍ശനസജ്ജമാക്കി. നിന്‍ജാ കിഡ്സ് .

കുട്ടികള്‍ക്കിടയില്‍ പ്രചാരം നേടിയിട്ടുള്ള ഗെയിം. സമാര്‍ട്ട് ഫോണുകളിലും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ജാപ്പനീസ് ഗെയിമാണ്. കുട്ടികളുടെ മനസ്സിനെ ആശങ്കകളിലാഴ്ത്താന്‍ പോന്ന കഥയാണതില്‍ അനാവരണം ചെയ്യുന്നതെന്ന് ആരറിയാന്‍… മനഃശക്തിയില്ലാത്ത കുട്ടികളെ മാനസികമായി വിഘടിപ്പിക്കാന്‍ പോന്ന കാര്യങ്ങളാണതിലെന്നു മാതാപിതാക്കള്‍ ആരറിയുന്നു…!? നിന്‍ജാനഗരം പിടിച്ചെടുക്കാന്‍ നരകംവിട്ടു വരുന്ന സാത്താനും കൂട്ടാളികളുമാണിതിലെ പ്രതിപാദ്യം!

ഇളം മനസ്സുകള്‍ എവിടെയാണ് സ്ലിപ് ചെയ്തു വീഴുക…? സാത്താന്‍ ആരെയാണു വീഴിക്കുക…?

ഉച്ചതിരിഞ്ഞു മൂന്നര കഴിഞ്ഞുകാണും; ഏലീശ്വ മകന്‍റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചു.

"നവീന്‍…! എടാ നവീന്‍…."

അവന്‍ വാതില്‍ തുറക്കാന്‍ ഇത്തിരി നേരമെടുത്തു. ഏലീശ്വ അവനെ ഓര്‍മ്മിപ്പിച്ചു: "നീ കുര്‍ബാനയ്ക്കു പോകാന്‍ ഒരുങ്ങിക്കോ… ടൈമാകുന്നു…"

"എനിക്കു വയ്യ മമ്മാ… തലവേദനയെടുക്കുന്നു…!" അലസതയുടെ ചിലമ്പിച്ച മറുപടിയോടെ അവന്‍ ബെഡ്ഡില്‍ കയറിക്കിടന്നു.

"എന്താ നവീന്‍….! " ഏലീശ്വ അരിശവും അമര്‍ഷവും ഉള്ളിലൊതുക്കിക്കൊണ്ടു തുടര്‍ന്നു: "രാവിലെ പള്ളിയില്‍ പോയില്ല, സണ്‍ഡേ സ്കൂളും മുടങ്ങി. നാലിനുള്ള കുര്‍ബാനയ്ക്കു പോകാന്‍ നേരത്തെ തീരുമാനിച്ചിരുന്നതല്ലേ…? അതിനും പോകാതിരിക്കാനോ…?"

അവന്‍ മമ്മയുടെ പരാതികള്‍ക്കു ചെവി കൊടുക്കാതെ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു.

"ഇനി വല്ല പനിയുടെയും ആരംഭമാണോ…? വൈറല്‍ ഫീവര്‍ പരക്കെയുണ്ട്…" ഏലീശ്വ മകന്‍റെ നെറ്റിത്തടത്തില്‍ കൈവച്ചു നോക്കി. അവള്‍ക്കൊന്നും തോന്നിയില്ല; ഇവനെന്തു പറ്റി…? മടിയന്‍റെ മനസ്സ് അങ്ങനെ പറയാനും തോന്നിയില്ല.

അപ്പോഴാണു നവീന്‍റെ മൊബൈല്‍ഫോണ്‍ റിങ്ങ് ചെയ്തത്. കിടന്നുകൊണ്ടുതന്നെ അവനത് അറ്റന്‍ഡ് ചെയ്തു.

"എന്താടി മിലി…?"

സണ്‍ഡേ സ്കൂളില്‍ ഒപ്പം പഠിക്കുന്ന കുട്ടിയാണു മിലി.

"എടാ നവീന്‍…!" മിലി അറിയിച്ചു: "പള്ളിയിലും സണ്‍ഡേ സ്കൂളിലും മിക്കവാറും വരാതെയും വന്നിട്ട് ഉഴപ്പി നടക്കുകയും ചെയ്യുന്ന സണ്‍ഡേ സ്കൂള്‍ സ്റ്റുഡന്‍റ് സിന്‍റെ ഭവനങ്ങളില്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വര്‍ഗീസ് സാറും സാംസണ്‍സാറും വിസിറ്റ് ചെയ്യാനിറങ്ങിയെന്നു കേട്ടു…."

ശേഷം കേള്‍ക്കാന്‍ മനസ്സ് വയ്ക്കാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ടു മിനിട്ടുകള്‍ക്കകം ഒരുങ്ങിയിറങ്ങി.

"മമ്മാ, ഞാന്‍ പള്ളിയില്‍ പോകയാ…." – പുറപ്പെടുമ്പോള്‍ അവന്‍ പറയാതിരുന്നില്ല.

"നല്ല ബുദ്ധി അന്ത്യവിനാഴികയിലാണോ തോന്നിയത്…?" – ഏലീശ്വ പറഞ്ഞു ചിരിച്ചു.

ആ പറച്ചില്‍ അവനു പിടിച്ചില്ല. കയ്യിലിരുന്ന റൗണ്ട് ചീപ്പ് ദേഷ്യത്തോടെ ഹാളിലേക്കു വലിച്ചെറിഞ്ഞിട്ട് അവന്‍ പുറത്തേയ്ക്കു നടന്നുപോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org