Latest News
|^| Home -> Novel -> Childrens Novel -> സൈബർവലയും കുട്ടിയിരകളും – 7

സൈബർവലയും കുട്ടിയിരകളും – 7

Sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

ഏലീശ്വയുടെ നീരസങ്ങള്‍ കാര്യമാക്കാതെ നവീന്‍ പുതിയ വീഡിയോ ഗെയിമുകളെപ്പറ്റി വാചാലനായി.

“മമ്മാ എനിക്കൊരു എളിയ ആഗ്രഹം…” – നവീന്‍ കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടു.

“എന്താടാ നിന്‍റെ ആഗ്രഹം; പറയ്…” – ഏലീശ്വായുടെ മുഖത്ത് ആകാംക്ഷ തുടിച്ചു.

“ശ്യാമിന്‍റെ മുറി മമ്മ കണ്ടിട്ടില്ലല്ലോ…! ഞാന്‍ മൊബൈലില്‍ കാണിച്ചുതരാം…!! നവീന്‍ മൊബൈലില്‍ ഫോട്ടോസ് ഓപ്പണ്‍ ചെയ്ത് മമ്മയെ കാണിച്ചുകൊടുത്തു.

ശ്യാമിന്‍റെ മുറിയുടെ നാലു ചുവരുകളിലും വര്‍ണചിത്രങ്ങള്‍ നിറഞ്ഞിട്ടുള്ള ഫോട്ടോസ്. മൂവികളിലെയും വീഡിയോ ഗെയിമുകളിലെയും വര്‍ണചിത്രങ്ങള്‍…!

“ഇതിലെന്താ വിശേഷിച്ച്…?” – ഏലീശ്വയ്ക്കു ദ്വേഷ്യം വന്നു.

“മമ്മയക്ക് ഒന്നും മനസ്സിലാകത്തില്ല…” നവീന്‍ അരിശത്തോടെ തുടര്‍ന്നു. “സെക്രട്ടറിയേറ്റിലെ ഓഫീസ് മുറി മാത്രമല്ലേ മമ്മേടെ ലോകം…! കുറേയേറെ പൊടിപിടിച്ച ഫയലുകളും. മമ്മയോടു പറഞ്ഞിട്ടു കാര്യമില്ല… ചില്‍ഡ്രന്‍സ് വണ്ടര്‍വേള്‍ഡിനെപ്പറ്റി മമ്മയ്ക്ക് ഒരു ചുക്കും അറിഞ്ഞൂടാ…”

ഏലീശ്വ സംശയദൃഷ്ടിയോടെ നില്ക്കുമ്പോള്‍ നവീന്‍ ഉന്മേഷവാനായി തുടര്‍ന്നു: “എന്‍റെ മുറി ശ്യാമിന്‍റെ മുറിയേക്കാള്‍ ഗംഭീരമാക്കണം. മള്‍ട്ടികളര്‍ ചിത്രങ്ങള്‍ വാങ്ങിക്കാന്‍ കിട്ടും. ലാമിനേഷന്‍ പിക്ചേഴ്സ്, മൂവിചിത്രങ്ങള്‍, പോക്മോന്‍പോലെയുള്ള പോപ്പുലര്‍ ഗെയിമുകളുടെ പിക്ചേഴ്സ്…. ഒക്കെ കിട്ടും മമ്മാ…”

“എന്നിട്ടെന്താകാന്‍…?” ഏലീശ്വ അരിശം ഉള്ളിലൊതുക്കിക്കൊണ്ടു പറഞ്ഞു: “നവീന്‍, നിന്‍റെ വീഡിയോ ഗെയിം ഇത്തിരി ജാസ്തിയാകുന്നുണ്ട്… പഠിത്തത്തില്‍ ഇപ്പോള്‍ത്തന്നെ നീ പിറകോട്ടു പോയിട്ടുണ്ടെന്നോര്‍ക്കണം…”

“ഞാനതൊക്കെ സ്പീഡപ് ചെയ്തോളാം മമ്മാ… മമ്മ വറീഡാകണ്ട…” – നവീന്‍ കൊഞ്ചി.

“നവീനേ…” – ഏലീശ്വയുടെ സ്വരം അല്പമൊന്നു കനത്തു. “എത്ര ദിവസമായി നമ്മളൊന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചിട്ട്… പ്രാര്‍ത്ഥന കഴിഞ്ഞു ഫുഡ്…”

“മമ്മാ, ഫുഡ് കഴിഞ്ഞിട്ടു കിടക്കാന്‍ നേരത്തു പേഴ്സനലായിട്ടു പ്രാര്‍ത്ഥിച്ചാല്‍ മതി… ശ്യാമിന്‍റെ വീട്ടില്‍ എല്ലാവരും അങ്ങനെയാണല്ലോ…?”

“അങ്ങനെ പല വീട്ടിലും പല വിധത്തിലാകും… അതൊന്നും ഇവിടെ പറയണ്ടാ…”- ഏലീശ്വ ദ്വേഷ്യപ്പെട്ടു.

“മമ്മാ…” – നവീന്‍ കിണുങ്ങി. “മമ്മായാക്കൊരു കാര്യം കേക്കണോ…? ജപ്പാനീന്നൊരു വന്‍ കമ്പനി ഒരു വീഡിയോ ഗെയിം ഇറക്കീട്ടുണ്ട്… അവരുടെ ലേറ്റസ്റ്റ് പ്രോഡക്ടാ… ന്യൂജെന്‍ വീഡിയോ ഗെയിമെന്നാ അവരു പറേന്നത്… ശ്യാമിന്‍റെ വീട്ടില്‍വച്ച് ഞാനതു കണ്ടു. ഞങ്ങടെ ഓള്‍ ഏഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മിക്ക കുട്ടികളും അതു കണ്ടു കഴിഞ്ഞു…”

“അതു നിനക്കെങ്ങനെ മനസ്സിലായി…?” – ഏലീശ്വ ചോദിച്ചു.

“ഫ്രണ്ട്സൊക്കെ സംസാരിക്കുമ്പഴ് നമുക്കറിയാല്ലോ” – നവീന്‍ പറഞ്ഞു.

“ആ ഗെയിമിലെന്താ ഇത്ര വിശേഷം…?” ഏലീശ്വ തിരക്കി. “അതിന്‍റെ പേരെന്താ…?”

“തണ്ടര്‍വേവ്സ് ഓഫ് ദി സീ ന്നാ പേര്…” – നവീന്‍ തുടര്‍ന്നു.

“അതിന്‍റെ കഥ മമ്മയ്ക്കു കേക്കണോ…? ഒരു ദ്വീപിനെ സുനാമി വിഴുങ്ങി. രക്ഷപ്പെട്ടവരില്‍ ഒരു എട്ടു വയസ്സുകാരനുണ്ടായിരുന്നു. ഷുവാന്‍ എന്നാണവന്‍റെ പേര്… അവന്‍റെ മാതാപിതാക്കളെ കാണാനില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അവനറിയില്ല. വെള്ളം… വെള്ളം സര്‍വത്ര വെള്ളം. അവനു കിട്ടിയ ഫൈബര്‍ വള്ളത്തില്‍ അവന്‍ തുഴഞ്ഞുപോകുകയാണ്; ദ്വീപിനെ ചുറ്റി. തീരത്ത് ഉഴലുന്ന ചിലരെയൊക്കെ അവന്‍ കണ്ടു. പക്ഷേ, അവന്‍റെ മാതാപിതാക്കളെ കണ്ടില്ല… അവന് അവരെ കാണാന്‍ ആഗ്രഹം തോന്നിയില്ല. കാരണം അവര്‍ സ്നേഹത്തിനു പകരം സ്നേഹശൂന്യതയില്‍ പോരടിക്കുന്നവരായിരുന്നു… വഴക്കാളികള്‍…! തമ്മില്‍ കണ്ടാല്‍ വഴക്കിടുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍… കീരിയും പാമ്പുംപോലെ… മമ്മയും പപ്പയുംപോലെ…!”

“മതിയെടാ നിന്‍റെ കഥ…” – വെളച്ചില് പറയുന്നോ…?” – ഏലീശ്വായുടെ ഭാവത്തില്‍ പൊടുന്നനേ അമര്‍ഷം ഇരച്ചു.

“മമ്മേടേം പപ്പയുടെയും കഥയല്ലിത്…” നവീന്‍ ചുറുചുറുക്കോടെ തുടര്‍ന്ന് അറിയിച്ചു. “മമ്മേടേം പപ്പേടേം സ്വഭാവോം ഷുവാന്‍റെ പേരന്‍റ്സിന്‍റെ സ്വഭാവോം ഒരുപോലെയാണെന്നു പറഞ്ഞെന്നെയുള്ളൂ… തണ്ടര്‍ വേവ്സ് ഓഫ് ദി സീയുടെ ബാക്കി കഥ കൂടി പറയാം മമ്മാ… അതാ ബഹുരസം…!”

“എനിക്കു നിന്‍റെ കഥ കേള്‍ക്കണ്ടാ… നീ പഠിക്കാന്‍ നോക്ക്… എനിക്കു വേറെ പിടിപ്പതു പണിയുണ്ട്…” – ഏലീശ്വ അരിശപ്പെട്ട് ചുമല്‍ കുലുക്കി അടുക്കളയിലേക്കു പോയി.

മകന്‍ കഥ പറഞ്ഞപ്പോള്‍ സ്വാഭാവികമായി മമ്മയുടെ സ്വാഭാവത്തിന്‍റെ തനിമയിലേക്കു വിരല്‍ചൂണ്ടി. അതവള്‍ക്കു തീരെ പിടിച്ചില്ല. എന്നാല്‍ മകന്‍റെ മനസ്സിന്‍റെ വെള്ളിത്തിരയില്‍ കഥയുടെ ബാക്കി ഭാഗത്തിന്‍റെ റീലുകള്‍ ഓടുന്നുണ്ടായിരുന്നു.

മാതാപിതാക്കളെ തേടി കടല്‍ത്തിരകളോടു മല്ലിട്ടു കൊച്ചു വഞ്ചിയില്‍ നീങ്ങുന്ന ഷുവാന്‍ തീരുമാനിക്കുന്നു. സ്നേഹമില്ലാത്ത, സമാധാനം ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ എങ്ങനെയും പോകട്ടെ. അവര്‍ മരിച്ചാലും വേണ്ടില്ല, ജീവിച്ചാലും വേണ്ടില്ല. അവര്‍ക്ക് അവരുടെ വഴി; തനിക്കു തന്‍റെ വഴി.

തനിക്കു കടലിന്‍റെ അഗാധത കാണണം. കടലിന്‍റെ ആത്മാവ് കാണണം. ആ ആത്മാവിന്‍റെ നൊമ്പരങ്ങള്‍ നേരിട്ടു കാണണം. കടലിന്‍റെ അഗാധതയുടെ അഗാധതയില്‍ നടക്കുന്ന അനിയന്ത്രിതമായ വിസ്ഫോടനമാണു സുനാമി. ആ സുനാമിയുടെ തീരാത്ത നൊമ്പരങ്ങള്‍ കണ്ടറിയണം. ഷുവാന്‍റെ ചിന്തകള്‍ അങ്ങനെ അതിരു കടക്കുന്നു, അതിലംഘിക്കുന്നു. കടല്‍ത്തിരകളില്‍ വട്ടം കറങ്ങി അവന്‍ മുന്നാക്കം പായു്നു. കടല്‍ത്തിരകള്‍ ആ കൊതുമ്പു തോണി അമ്മാനമാടുകയാണ്. ഫൈബര്‍ ബോട്ട് കൈവിട്ടുപോയി. ഇനി ഈ കൊതുമ്പു തോണിയും…!?

രക്ഷാപ്രവര്‍ത്തകരുടെ വലിയ ഫിഷിങ്ങ് ബോട്ടില്‍ മാതാപിതാക്കള്‍ ഷുവാനെ കണ്ടെത്തി ഉച്ചത്തില്‍ വിളിക്കുന്നുണ്ട്. അവന്‍ തിരിഞ്ഞു നോക്കുന്നുപോലുമില്ല!

മോറല്‍ ചിന്തയില്ലാതെ, അനുസരണയില്ലാതെ, ദൈവികചിന്തകളില്ലാതെ ഷുവാന്‍ കഥയുടെ ര ണ്ടാം പകുതിയില്‍ ജീവിതം തട്ടിക്കളിക്കുന്നു. അതേ നെഗറ്റീവ് ആശയം കുട്ടികളുടെ മനസ്സിലേക്ക് അവരറിയാതെ ഇന്‍ജക്ട് ചെയ്യുന്നു. അതാണു ഗെയിം ചെയ്യുന്നത്. കുട്ടികളെ എങ്ങനെയും കഥയിലൂടെ ത്രസിപ്പിക്കുകയല്ലാതെ, നല്ല ഉപദേശങ്ങളിലൂടെ നല്ല വഴിക്കു തിരിക്കാനുള്ള ഗതിവിഗതികളൊന്നും ഈ വീഡിയോ ഗെയിമിലില്ല.

ആ ഷുവാന്‍ കഥാപാത്രത്തെപ്പോലെ, അനുസരണക്കേടുകളിലൂടെയാണ് ഇപ്പോള്‍ നവീന്‍റെ പോക്ക്. പ്രാര്‍ത്ഥനയ്ക്കു നവീന്‍ സമയം കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രിയില്‍ വീണു കിട്ടിയ സമയം അവന്‍ പഠനത്തിനായി പ്രയോജനപ്പെടുത്തിയില്ല. ശ്യാമിന്‍റെ വീട്ടില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തുകൊണ്ടുവന്ന അതേ ഗെയിമിന്‍റെ കോപ്പി ലാപ്ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരിക്കല്‍കൂടി കണ്ടു രസിക്കാനായി അവന്‍റെ ശ്രമം. അടുത്ത മുറിയില്‍ മമ്മ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ മോന്‍ തന്‍റെ മുറിയില്‍ തണ്ടര്‍ വേവ്സിന്‍റെ തീരം കാണാത്ത തിരകളുടെ കളര്‍ ഫുള്‍ സീനുകള്‍ വീണ്ടും വീണ്ടും കണ്ടുരസിക്കുന്നു!

രാവിലെ എട്ടു മണിയായിട്ടും നവീന്‍ ഉണര്‍ന്നിട്ടില്ല അവന്‍റെ മുറിയില്‍ ഫോണ്‍ പലവട്ടമായി ബെല്ലടിക്കുന്നു. ഏലീശ്വ അവന്‍റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചു: “മോനേ, നിന്‍റെ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടില്ലേ…?”

നവീന്‍ ഒന്നു മൂളി; വാതില്‍ തുറന്നില്ല. ഏലീശ്വ ഉറക്കെ വിളിച്ചു പറഞ്ഞു: “ഫുഡൊക്കെ ടേബിളിലുണ്ട്… മമ്മ ഇത്തിരി നേരത്തെ ഓഫീസിലേക്കു പോകുകയാ… മിനിസ്റ്റുടെ കോണ്‍ഫെറന്‍സുണ്ട്… നോട്സ് പ്രിപ്പയര്‍ ചെയ്യണം… മമ്മ പോകുന്നു… ഓകെ…!”

അപ്പോഴും നവീന്‍ നീട്ടിയൊന്ന് മൂളി. എന്നിട്ട് മൂടിപ്പുതച്ചു കിടന്നു.

(തുടരും)

Leave a Comment

*
*