
മാത്യൂസ് ആര്‍പ്പൂക്കര
മോന്‍റെ ഇഷ്ടത്തിന് എതിരു നിന്നാല്‍ അവന്‍ പെട്ടെന്നു പ്രതികരിക്കുമെന്ന് ഏലീശ്വ വിചാരിച്ചു. സ്ഥലകാലസന്ദര്‍ഭം നോക്കാതെ പ്രതികരിക്കും; മുന്‍കോപിയാണ്… പെട്ടെന്ന് അരിശം കേറി ലാപ്ടോപ്പോ മറ്റെന്തെങ്കിലും എറിഞ്ഞുടച്ചെന്നു വരാം. അങ്ങനെ സംഭവിച്ചിട്ടുണ്ട്… കടല്‍ത്തീരത്തെ പള്ളിയിലേക്കു നടക്കുമ്പോള്‍ ഏലീശ്വ ഓര്‍ത്തു.
ഡേവീസുമായുള്ള വിവാഹമോചനക്കേസ്സ് കുടുംബക്കോടതിയില്‍ കൊടുത്തു വന്ന ദിവസം. ഡേവീസ് സ്കൂളില്‍നിന്നും നവീന്‍മോനെ ചിറ്റപ്പന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്നു രാത്രിതന്നെ മോനെ ഇവിടെയെത്തിക്കാന്‍ താന്‍ എന്തുമാത്രം ബുദ്ധിമുട്ടി. കലഹം കൊഴുപ്പിക്കാതിരിക്കാന്‍ ചിറ്റപ്പന്‍ ചാക്കോള മുന്‍കയ്യെടുത്തു വേലക്കാരന്‍ കൊച്ചൂട്ടിയെ കൂട്ടി ഓട്ടോയില്‍ നവീന്‍ മോനെ ഇങ്ങോട്ടെത്തിച്ചു. ഡേവീസിന്‍റെ കൂടെ ചിറ്റപ്പന്‍റെ വീട്ടില്‍ പറയാതെ പോയതിനു താനവനെ കണ്ടമാനം ശകാരിച്ചു. അരിശം തീരാഞ്ഞു പ്രഹരിച്ചു. സഹിക്കാനാവാതെ പല്ലു കടിച്ചു ഞെരിച്ചുകൊണ്ടു നവീന്‍ ഏലീശ്വായുടെ സ്മാര്‍ട്ട്ഫോണെടുത്തു സിറ്റൗട്ടിലെ ഗ്രാനൈറ്റ് തറയില്‍ എറിഞ്ഞുടച്ചു.
അങ്ങനെ നവീനു തൊട്ടതൊക്കെ വാങ്ങിക്കൊടുക്കുന്ന ശീലം കുഴപ്പമാകുകയാണോ…? ഏലീശ്വ സംശയിച്ചു. വീഡിയോ ഗെയിമോ മറ്റെന്തായാലും വാങ്ങാന്‍ പോക്കറ്റ് മണി ലോപം കൂടാതെ നല്കുന്നതൊക്കെ പ്രശ്നത്തിലേക്കാണോ നീങ്ങുന്നത്…?
സെക്രട്ടറിയേറ്റിലെ സഹപ്രവര്‍ത്തകര്‍ വഴി ലഭിച്ച വ്യത്യസ്ത തരം വീഡിയോ ഗെയിം വരെ മോന്‍റെ നേരംപോക്കിനായി കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്; ഫോറിന്‍ വീഡിയോ ഗെയിംവരെ. അതൊക്ക വഴിവിട്ട ചെയ്തിയായിരുന്നോ…? ഏലീശ്വ ചിന്തിച്ചുകൊണ്ട് വെള്ളപ്പൊരിമണലിലൂടെ നടന്നു.
എട്ടാം ക്ലാസ്സുകാരന്‍ നവീന്‍ വീഡിയോ ഗെയിമുകളുടെ കൊച്ചുതമ്പുരാനായി മാറുമ്പോള്‍ സന്തോഷിച്ചു. അവന്‍ സ്മാര്‍ ട്ട് ഫോണിലും ലാപ്ടോപ്പിലും കമ്പ്യൂട്ടറിലുമൊക്കെ മിടുക്കനാകുന്നതു കണ്ടപ്പോള്‍ അഭിമാനിച്ചു. സെക്രട്ടറിയേറ്റിലെ സ്റ്റാഫിനോടും ബന്ധുമിത്രാദികളോടുമൊക്കെ മോന്‍റെ കമ്പ്യൂട്ടറിലും ഇന്‍റര്‍നെറ്റിലുമുള്ള കഴിവുകള്‍ പരത്തിപ്പറഞ്ഞു വമ്പു പറഞ്ഞു നടന്നത് ഭോഷ്കാകുമോ? ഏലീശ്വയുടെ മനസ്സില്‍ സംശയങ്ങളുടെ ഉല്‍ക്കകള്‍ പാറിവീണു.
ഇല്ല, സംശയിക്കേണ്ട. മോന്‍റെ പഠനവഴി ശരിതന്നെ. അവന്‍റ ജീവിതവഴി കുഴപ്പമുള്ളതല്ല. ഏലീശ്വ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.
രാവിലെ തന്നെ മഴ പൊടിയുന്നുണ്ട്… കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു… കാറെടുക്കേണ്ടതായിരുന്നു. മോണിങ്ങ്വാക്ക് കൂടി കരുതിയാണു പള്ളിയിലേക്കു നടന്നത്.
നവീന്‍മോനു പഠനത്തില്‍ ശുഷ്കാന്തിയും നല്ല ബുദ്ധിയും ലഭിക്കുന്നതിനുവേണ്ടി ഏലീശ്വ കുര്‍ബാനയ്ക്കിടെ പ്രാര്‍ത്ഥിച്ചു. എന്നാല്‍ വിവാഹമോചനത്തിന്‍റെ മുനമ്പില്‍ നില്ക്കുന്ന കുടുംബത്തിന്‍റെ തകര്‍ച്ച മാറുന്നതിനുവേണ്ടി അവള്‍ പ്രാര്‍ത്ഥിച്ചില്ല. ഭാര്യാ-ഭര്‍ത്തൃ ബന്ധം നല്ല രീതിയില്‍ വീണ്ടെടുക്കാനോ ദൈവികസ്നേഹത്തില്‍ ഒന്നിക്കാനോ അവള്‍ മനസ്സ് തുറന്നില്ല.
ഉച്ചയ്ക്കുമുമ്പു നവീനിന്‍റെ കൂ ട്ടുകാരെത്തി. കുറേയേറെ കൂട്ടുകാരെത്തുമെന്നു പറഞ്ഞിട്ടു നാലു പേര്‍. സാംസണും ടോമും എബിനും മിലിയും. നവീന്‍റെ വീടു കാണിച്ചുകൊടുക്കാനാണു സൂരജ് അവരുടെ കൂടെ വന്നത്.
വീഡിയോ ഗെയിമുകളുടെ വന്‍ ശേഖരം! അവന്‍റെ മുറിയിലെ സ്റ്റീല്‍ അലമാരയുടെ തട്ടുകളില്‍ കാത്തിരിക്കുന്നു…! ഫോറിന്‍ വീഡിയോ ഗെയിമുകള്‍തന്നെ കൂടുതലും!
"ഇത്രയേറെ കളക്ഷന്‍ എങ്ങനെ സംഘടിപ്പിച്ചെടാ നവീന്‍…!!?" – സാംസണ്‍ ആകാംക്ഷയോടെ തിരക്കി.
കൂട്ടുകാര്‍ ആ കളക്ഷന്‍ കണ്ട് അത്ഭുതം കൂറി. പഴയതും പുതിയതുമായ ഒട്ടേറെ വീഡിയോ ഗെയിമുകളുടെ ശേഖരം!
ഡെവിള്‍സ് ട്രാപ്, ലോര്‍ഡ്സ് ഓഫ് ഷാഡോ, പോക്മോന്‍ അങ്ങനെ പോകുന്നു ഗെയിമുകള്‍! ഗ്രീഡി അനക്കോണ്ട കാണാന്‍ വന്ന കൂട്ടുകാര്‍ക്കിനി ഏതു കാണണമെന്ന ആശങ്കയായി.
ഡെവിള്‍സ് ട്രാപ് ആദ്യം കാണാന്‍ തീരുമാനമായി. നവീനാണു തീരുമാനിച്ചത്. നന്മയ്ക്കുവേണ്ടി പൊരുതിക്കൊണ്ടിരുന്ന ഒരനാഥ ബാലനെ സാത്താന്‍ കെണിയില്‍പ്പെടുത്തുന്നതും തിന്മകളിലൂടെ വളരാന്‍ പ്രേരിപ്പിക്കുന്നതും അപ്രകാരം ചെയ്യിക്കുന്നതുമാണതിന്‍റെ ആശയം. കൊച്ചുകൂട്ടുകാരെയൊക്കെ വഴിതെറ്റിക്കാന്‍ പോന്ന പ്രമേയമാണതെന്ന് ആരറിയാന്‍… അറിഞ്ഞാലെന്താ…? പല മാതാപിതാക്കള്‍ക്കും വീഡിയോ ഗെയിം ഏതായാലും മക്കള്‍ എങ്ങനെയും രസിച്ചാല്‍ മതിയെന്നേയുള്ളൂ.
ഡെവിള്‍സ് ട്രാപ് തുടങ്ങിക്കഴിഞ്ഞപ്പോഴേ സൂരജ് വീട്ടിലേക്കു പോകാന്‍ തിടുക്കം കൂട്ടി.
"ഇതു കണ്ടിട്ട് പോകാം സൂരജ്…" – മിലി നിര്‍ബന്ധിച്ചു.
"എടീ മിലി; ഞാന്‍ പോകയാ. നിങ്ങളെ ഇവിടെ എത്തിച്ചിട്ട് ഉടനെ ചെല്ലണമെന്നാ പപ്പ പറഞ്ഞുവിട്ടത്…"
"ജോണ്‍സാറും ലൂസിടീച്ചറും മക്കളെ രണ്ടു പേരേം വരച്ച വരേലാ നിര്‍ത്തിയിരിക്കുന്നത്…" – സാംസണ്‍ പറഞ്ഞു ചിരിച്ചു; കൂടെ നവീനും മറ്റു കൂട്ടുകാരും ചിരി കൂട്ടി.
"എന്‍റെ പേരന്‍റ്സിനെപ്പറ്റി അങ്ങനെ ഒരു അഭിപ്രായം ആരും പറയില്ല. സാംസണ് അവരെപ്പറ്റി ഒന്നും അറിയില്ല…"- അത്രയും പറഞ്ഞു സൂരജ് ഇറങ്ങി നടന്നു.
"സാംസണ്‍ വെറുതെ പറഞ്ഞതാ… പിണങ്ങല്ലേ സൂരജ്…" – നവീന്‍ വിളിച്ചു പറഞ്ഞു.
ഒരു നിമിഷം! സൂരജ് തിരിഞ്ഞുനിന്നു. എന്നിട്ട് ഒരു ചെറുചിരിയോടെ നടന്നു.
കൂട്ടുകാര്‍ പോയി കഴിഞ്ഞപ്പോള്‍ നവീന്‍ തന്‍റെ സ്മാര്‍ട്ട് ഫോണിന്‍റെ റിങ്ങ്ടോണ്‍ മാറ്റിയിട്ടു. ഡെവിള്‍സ് ട്രാപ് എന്ന വീ ഡിയോ ഗെയിമിലെ ഒരു ബാക് ഗ്രൗണ്ട് മ്യൂസിക്കാണു നവീന്‍റെ മൊബൈല്‍ ഫോണിന്‍റെ പുതിയ റിങ്ങ്ടോണ്‍…!
അപ്പോള്‍ത്തന്നെ റിങ്ങ്ടോണ്‍ മുരണ്ടു. നാക്കു നീട്ടി തീ തുപ്പുന്ന പിശാചിന്‍റെ ഭീതിദമായ ശബ്ദം! മൊബൈല്‍ സ്ക്രീനില്‍ മമ്മയുടെ മുഖം തെളിഞ്ഞു. മമ്മയുടെ കോളാണ്. ബെഡ്റൂമില്‍ ഉച്ചമയക്കത്തില്‍ കിടക്കുന്ന ഏലീശ്വായുടെ ഫോണ്‍കോള്‍! തൊട്ടടുത്ത മുറിയിലിരുന്നു വീഡിയോ ഗെയിം തുടരെ കണ്ടു രസിക്കുന്ന മകനു ള്ള കോള്‍.
നവീന്‍ ഫോണെടുത്ത് അറ്റന്‍റ് ചെയ്തു. ഒരു വീഡിയോ കോള്‍…!
(തുടരും)