ഇല കൊഴിയും കാലം – 7

ഇല കൊഴിയും കാലം – 7

വഴിത്തല രവി

വിനയചന്ദ്രന്‍റെ കാറില്‍ രജിതയോടൊപ്പം അവരുടെ വീട്ടിലെ വേലക്കാരിയുമുണ്ടായിരുന്നു. അവര്‍ വേഗമിറങ്ങി മുറികളൊക്കെ അടിച്ചുവാരി തുടച്ചു. മുറ്റവും പ രിസരവും വൃത്തിയാക്കി.

സന്ധ്യയോടെ രജിത മേല് കഴുകി, വിളക്കുവച്ചു. സ്റ്റീല്‍ പാത്രങ്ങളില്‍ കൊണ്ടുവന്ന ഭക്ഷണം കാറില്‍ നിന്നു ഡൈനിംഗ് ടേബിളില്‍ നിരന്നു. ഓഫീസില്‍ നിന്നും വരുംവഴി വീട്ടിലെത്തി എടുത്തുകൊണ്ടു വന്നതാണു ഭക്ഷണം.

രജിത അച്ഛനെയും ചേട്ടനെയും ചേടത്തിയമ്മയെയും ഊണിനു ക്ഷണിച്ചു. സാമ്പാറും അവിയലും തോരനും സ്പെഷ്യലായി നെയ് മീന്‍ വറുത്തതും. നല്ല കുത്തരിച്ചോറ്.

നിമിഷനേരം കൊണ്ടു വേലക്കാരി പപ്പടവും കാച്ചിക്കൊണ്ടു വന്നു.

മക്കള്‍ സൗഹാര്‍ദ്ദമായി വര്‍ത്തമാനം പറഞ്ഞു ഭക്ഷണം കഴിക്കുന്നതു കണ്ടപ്പോള്‍ വിജയരാഘവന് ആശ്വാസമായി. രണ്ടു നാള്‍ മുമ്പു നടന്ന കാര്യങ്ങളൊക്കെ അവര്‍ മറന്നതുപോലുണ്ട്. ഏതായാലും താന്‍ വിചാരണ ചെയ്യപ്പെടുമെന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭീതിയും അസ്ഥാനത്തായി.

ഈശ്വരനു നന്ദി.

ഊണു കഴിഞ്ഞു വിനയന്‍റെ വീട്ടുവരാന്തയില്‍ വിജയരാഘവന്‍ വെളിയിലേക്കു നോക്കിയിരുന്നു.

നല്ല കാറ്റുണ്ട്. എപ്പോഴോ പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ട് അയാള്‍ തിരിഞ്ഞുനോക്കി. മക്കളെല്ലാവരുമുണ്ട്.

"അച്ഛാ… ഞങ്ങള്‍ എറണാകുളത്ത് ഓരോ ഫ്ളാറ്റ് വാങ്ങിയാലോ എന്ന് ആലോചിക്കുകയാണ്" – മുകുന്ദനാണതു പറഞ്ഞത്.

"ഈ വീട് ആഗ്രഹിച്ചു വാങ്ങിയതല്ലേ. ഇനി എന്തിനാ ഫ്ളാറ്റ്?"

"രാവിലെ തൃപ്പൂണിത്തുറയിലെയും വൈറ്റിലയിലെയും ട്രാഫിക് ബ്ലോക്ക് താണ്ടി ടൂവീലറായാലും കാറായാലും ഡ്രൈവ് ചെയ്ത് എറണാകുളത്തെത്താന്‍ പ്രയാസമാ. പോരാത്തതിന് അടുത്ത വര്‍ഷം മുത്തിനെ സ്കൂ ളില്‍ ചേര്‍ക്കണമല്ലോ. നേവല്‍ പബ്ലിക് സ്കൂളിലാണ്അഡ്മിഷന്‍ പറഞ്ഞുവച്ചിരിക്കുന്നത്. ഫ്ളാറ്റിലാവുമ്പോ… വിശ്വസ്തരായ ജോലിക്കാരെയും കിട്ടും. രജിതയുടെയും രേവതിയുടെയും പേരന്‍റ് സിന്‍റെ നോട്ടവും കിട്ടും; അവരടുത്താണല്ലോ."

"എവിടെയാണ് ഫ്ളാറ്റ് നോക്കിയിരിക്കുന്നത്?"

"പനമ്പിള്ളി നഗര്‍; ത്രീ ബെഡ്റൂം ഫ്ളാറ്റാണ്."

"പണത്തിന്‍റെ കാര്യം എങ്ങനെ?"

"രേവതിയുടെ അച്ഛന്‍ കുറച്ചു പണം തരാമെന്നു പറഞ്ഞിട്ടുണ്ട്."

"ബാക്കി?"

"ലോണെടുക്കേണ്ടി വരും."

"തിരിച്ചടവു വലിയ സംഖ്യ വരില്ലേ?"

"അതാണ് ആലോചിക്കുന്നത്."

"എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ?"

"അച്ഛന്‍ സമ്മതിക്കുകയാണെങ്കില്‍ ഈ വീടു നമുക്ക് വാടകയ്ക്കു കൊടുക്കാം. ഏഴായിരം… എണ്ണായിരം രൂപയൊക്കെ വാടക കിട്ടും. ലോണ്‍ പ്രശ്നമില്ലാതെ അടഞ്ഞുപോകും. അച്ഛന് ഞങ്ങളോടൊപ്പം മാറിമാറി താമസിക്കുകയും ചെയ്യാം."

"വിനയന്‍റെ കാര്യമോ?"

വിനയന്‍റെ സ്വരം വളരെ സൗമ്യമായിരുന്നു.

"രജിതയുടെ ആഭരണങ്ങളും പോക്കറ്റ്മണിയും എടുക്കണം! പോരാതെ വന്നാല്‍ സഹായിക്കാമെന്നു രജിതയുടെ ഗള്‍ഫിലുള്ള ബ്രദര്‍ സമ്മതിച്ചിട്ടുണ്ട്. ഏതായാലും ചെറിയൊരു ലോണും വേണ്ടിവരും."

എല്ലാ ഒരുക്കങ്ങളുമായി. അച്ഛന്‍റെ സമ്മതം. അതു കേവലം സാങ്കേതികം മാത്രം. ഒരു ഭംഗിവാക്കെന്നു പറയുകയാവും ശരി. അവരുടെ പേരിലുള്ള വീട്, അവര്‍ വാടകയ്ക്കു കൊടുക്കുന്നു.

"എന്നാല്‍ വൈകിക്കേണ്ട. സ്ഥലത്തിനും ഫ്ളാറ്റിനുമൊക്കെ ദിനംപ്രതി വില കൂടിവരികയല്ലേ?"

മക്കളുടെ മുഖത്ത് ആശ്വാസം പടരുന്നതു കാണമായിരുന്നു. അച്ഛന്‍ തടസ്സം നില്‍ക്കുമെന്ന് അവര്‍ കരുതിയോ?

ഇല്ല. തന്‍റെ ആയുസ്സ് മുഴുവന്‍ ചോര നീരാക്കിയതും ഓടിയതുമെല്ലാം അവര്‍ക്കു വേണ്ടിയാണ്. നന്നായി പഠിച്ചു വളരാന്‍; നല്ല നിലയിലെത്താന്‍.

ഇരുവര്‍ക്കും നല്ല ശമ്പളമുള്ള ജോലി; ജോലിയുള്ള ഭാര്യമാര്‍. ടൂ വീലര്‍, കാറ്. ഒന്നല്ല, ഇപ്പോള്‍ രണ്ടു വീടുകള്‍ വീതവും.

സന്തോഷമായിരിക്കട്ടെ.

വിജയരാഘവന്‍ ഇരുന്നിടത്തിരുന്നു ശ്രീദേവിയുടെ ഫോട്ടോയിലേക്കു നോക്കി. സാരമില്ല. എല്ലാം നല്ലതിനാണ് എന്ന് ആശ്വസിപ്പിക്കുംപോലെ തന്നെ മാത്രം നോക്കിയിരിക്കുന്നു.

*********

ഫ്ളാറ്റിന്‍റെ രജിസ്ട്രേഷന്‍ കഴിഞ്ഞു ഗൃഹപ്രവേശവും നിശ്ചയിക്കപ്പെട്ടു. വേണ്ടപ്പെട്ടവര്‍ക്കു രണ്ടു ചടങ്ങുകളിലും പങ്കെടുക്കാനായി ഒരാഴ്ച ഇടവിട്ടുള്ള അവധിദിവസങ്ങളാണു ക്രമീകരിച്ചത്. ആരെയൊക്കെ ക്ഷണിക്കണം, എന്തൊക്കെ ചടങ്ങുകള്‍ വേണം എന്നൊന്നും ആരും വിജയരാഘവനോട് ആലോചിച്ചില്ല. ഗൃഹ പ്രവേശചടങ്ങുകള്‍ രണ്ടും അക്ഷരാര്‍ത്ഥത്തില്‍ മരുമക്കളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഗെറ്റ് ടുഗദര്‍ മാത്രമായിരുന്നു. പുറത്തുനിന്നും അധികം പേരൊന്നും ആ കൂട്ടത്തില്‍ കണ്ടില്ല. പക്ഷേ, വന്നവരെല്ലാം സമൂഹത്തില്‍ ഉന്നതപദവിയിലിരിക്കുന്നവരും സാമ്പത്തികമായി നല്ല നിലയിലുള്ളവരുമാണെന്നും വിജയരാഘവന്‍ മനസ്സിലാക്കി. അവര്‍ വന്നിരിക്കുന്ന വാഹനങ്ങളും അവരുടെ ഭാര്യമാരും മക്കളും ധരിച്ചിരിക്കുന്ന ആഭരണങ്ങളും അതൊക്കെ വെളിവാക്കുന്നതായിരുന്നു.

ഗൃഹപ്രവേശചടങ്ങു കഴിഞ്ഞു വീട്ടുസാധനങ്ങളെല്ലാം ഫ്ളാറ്റിലേക്കു മാറ്റി.

സ്ഥലം മാറി വരുന്ന ജോലിക്കാര്‍ക്കു താമസിക്കാനായി പ്രമുഖ ബാങ്ക് വീടുകള്‍ രണ്ടും ലീസിനെടുക്കാന്‍ തയ്യാറായതു വലിയ നേട്ടമായി. നിലവില്‍ നാട്ടുനടപ്പുള്ള വാടകയുടെ ഇരട്ടിയോളം അവര്‍ വാഗ്ദാനം ചെ യ്തു. അവര്‍ നിര്‍ദ്ദേശിച്ച മെയിന്‍റനന്‍സും പെയിന്‍റിംഗും പൂര്‍ത്തിയാക്കാന്‍ വിജയരാഘവനു വീട്ടില്‍ത്തന്നെ തങ്ങേണ്ടി വന്നു. മതിയായ പണം ഏല്പിച്ചു മക്കള്‍ ഫ്ളാറ്റിലേക്കു പോയി.

വിജയരാഘവനു തിരക്കിന്‍റെ നാളുകളായിരുന്നു.

കുറച്ചു സിമന്‍റും മണലും സംഘടിപ്പിക്കണം, പെയിന്‍റ് വാങ്ങണം, പണിക്കാരെ കണ്ടെത്തണം. നെട്ടോട്ടം ഓടേണ്ടി വന്നു.

സാധനങ്ങള്‍ സംഘടിപ്പിക്കുക എളുപ്പമായിരുന്നു. പണിക്കാരോട് ഇടപെടുന്നതും പണിയെടുപ്പിക്കുന്നതുമാണു വിജയരാഘവനു പ്രയാസമായി തോന്നിയത്. പഴയ മനസ്സായതുകൊണ്ടാവാം പണിക്കാരുടെ മട്ടും മാതിരിയും വിജയരാഘവനു തെല്ലും ബോധിച്ചില്ല.

ഒമ്പതു കഴിഞ്ഞിട്ടേ അവര്‍ ജോലിക്കെത്തൂ. വന്നാല്‍ ബൈക്ക് ഒതുക്കിവച്ചു പാന്‍റ് സും ഷര്‍ട്ടും മാറി വര്‍ക്ക്ഡ്രസ് ധരിച്ചെത്തുമ്പോഴേക്കും ഒമ്പതര. വകുപ്പും ന്യായവും പറഞ്ഞു പണി തുടങ്ങുമ്പോള്‍ മണി പത്ത്. എന്നാല്‍ പണി വല്ലതും നടക്കുമോ? അതുമില്ല. മിനിറ്റ് ഇടവിട്ടു ഫോണ്‍ വന്നുകൊണ്ടേയിരിക്കും. ചിരിയും കളിയുമായി പെയിന്‍റ് കലക്കി ബ്രഷ് കയ്യിലെടുക്കുമ്പോഴേക്കും മണി പതിനൊന്ന്; ചായസമയമായി.

വരുംവഴി രണ്ടു കഷണം പുട്ടോ രണ്ടു ദോശയോ വാങ്ങിക്കൊണ്ടു വന്നാല്‍ മതി. അതു ചെയ്യില്ല. കൈ കഴുകി ഷര്‍ട്ടൊന്നു മാറി ചായക്കടയില്‍ പോയി വന്നാലേ സമാധാനമാകൂ. വീണ്ടും കോണിയില്‍ കയറുമ്പോഴേക്കും ഫോണ്‍. ഒരു മണിയാകാന്‍ പിന്നെ അധികസമയമൊന്നും വേണ്ട. ഊണ്, ചെറിയൊരു ഉറക്കം, വീണ്ടും പണി തുടങ്ങി ഒരു മണിക്കൂറാ യാല്‍ ചായ. പിന്നെ അഞ്ചു മണിയാക്കാനുള്ള വെപ്രാളമാണ്. കയ്യും കാലും കഴുകി വേഷം മാറി ബൈക്കിലേക്കു കയറുമ്പോള്‍ എഴുന്നൂറ്റമ്പതു മുതല്‍ ആയിരം വരെയാണു കൂലി. ഈ പണം എണ്ണിവാങ്ങുമ്പോള്‍ പകരമായി താന്‍ എന്തു നല്കി എന്ന് എപ്പോഴെങ്കിലും ഇവര്‍ ചിന്തിച്ചിട്ടുണ്ടാകുമോ?

ആരോടു ചോദിക്കാന്‍…?

"അച്ഛന്‍ ന്യായം പറഞ്ഞോണ്ടിരുന്നാല്‍ പണിക്ക് ആളെ കിട്ടൂല്ല. സമയത്തിനു പണി തീരണം. ഒന്നാം തീയതിക്കു മുമ്പു താക്കോല്‍ കൈമാറേണ്ടതാ."

"ഒന്നു കണ്ണടച്ചേരെ… കാര്യം നടക്കട്ടെ."

"ആയിക്കോട്ടെ."

മുകുന്ദന്‍റെ കാര്‍ അകന്നുപോയി.

സിമന്‍റിന്‍റെയും മണലിന്‍റെയും പൊടിയുടെയും പെയിന്‍റിന്‍റെയും നടുവില്‍ ഒരു മാസക്കാലം.

ഫ്ളാറ്റിലേക്കു കൊണ്ടുപോകാതെ ഉപേക്ഷിക്കപ്പെട്ട തന്‍റെയും ശ്രീദേവിയുടെയും കിടക്കയില്‍ പഴയ പേപ്പര്‍ വിരിച്ചു വിജയരാഘവന്‍ ഒരു മൂലയില്‍ ചുരുണ്ടുകൂടി കിടക്കും. ഈ നാളുകളില്‍ അച്ഛന്‍ എങ്ങനെ കഴിഞ്ഞുകൂടി? ഉണ്ടോ ഉറങ്ങിയോ എന്നൊന്നും മക്കളിരുവരും അന്വേഷിച്ചതേയില്ല. ജോലി തീര്‍ന്നു കാണാനുള്ള ധൃതി മാത്രമായിരുന്നു എപ്പോഴും. മൂത്രതടസ്സത്തിനുള്ള ഗുളികയോ… പുറംവേദനയ്ക്കുള്ള കുഴമ്പോ വാങ്ങാന്‍ കഴിയാതെ ശേഷിച്ച പെന്‍ഷന്‍ തുകകൊണ്ടു തൊട്ടടുത്ത ചായക്കടയില്‍നിന്ന് ഉച്ചയ്ക്കു മാത്രം ഊണു കഴിച്ചു വിജയരാഘവന്‍ പണി പൂര്‍ത്തിയാക്കി.

ആവശ്യമില്ലാത്ത പഴയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ പരിചയമുള്ള തമിഴ് ചെറുപ്പക്കാരന്‍ വീരമണി വന്നാല്‍ തനിക്കു വീടുപൂട്ടി പോകാം.

വീരമണി തന്‍റെ സൈക്കിള്‍ പെട്ടിവണ്ടിയുമായി എത്തുമ്പോള്‍ മണി നാല്.

പഴയ സാധനങ്ങളെല്ലാം പെറുക്കികൂട്ടി. ഇരുമ്പ്, കമ്പി, പ്ലാസ്റ്റിക് കുപ്പി, പാട്ട എന്നിങ്ങനെ വേര്‍തിരിച്ചിട്ടു വീരമണി ചോദിച്ചു.

"എത്തിനെ വേണം സാര്‍?"

"നിനക്കു നഷ്ടം വരാതെ എന്തെങ്കിലും തന്നാല്‍ മതി."

"ആയിരം രൂപ കൊടുക്കറെ സാര്‍?"

വിജയരാഘവന്‍ അന്ധാളിച്ചുപോയി; ആയിരം രൂപയോ?

"എനിക്കൊരു അഞ്ഞൂറു രൂപ തന്നാല്‍ മതി. നിനക്കും എന്തെങ്കിലും കിട്ടണ്ടേ?"

"എനിക്ക് അരി മേടിക്കാനുള്ളതു കിട്ടും സാര്‍."

കെട്ടിടം പണി കഴിഞ്ഞ് കോണ്‍ട്രാക്ടര്‍ ഉപേക്ഷിച്ചുപോയ കമ്പി ധാരാളമുള്ളതാണു വില അധികം പറയാന്‍ കാരണമെന്നു വിജയരാഘവനു മനസ്സിലായി. എന്നാലും അയാള്‍ പറഞ്ഞു.

"അഞ്ഞൂറു തന്നാല്‍ മതി."

അവനു സന്തോഷമായി.

വീടിന് അകത്തേയ്ക്കു നോക്കി വീരമണി വീണ്ടും ചോദിച്ചു: "ഉള്ളെ… ഏതാവത് ഇരിക്കുമാ സാര്‍?"

"കുറേ പേപ്പര്‍ കൂട്ടിയിട്ടുണ്ട്. ആകെ പൊടിയാ. നിനക്കു വേണമെങ്കില്‍ എടുത്തോ. കത്തിച്ചുകളയാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു."

വീരമണി കുറേ പേപ്പറൊക്കെ വേര്‍തിരിച്ചെടുത്തു. ബാക്കിയുള്ളതു മുറ്റത്തിനു പുറത്തേയ്ക്കു വാരിക്കൊണ്ടുപോകുമ്പോള്‍ അടിയില്‍ നിന്നും അവന് ഒരു ഫോട്ടോ കിട്ടി.

"സര്‍… ഇതു പെരിയമ്മ ഫോട്ടോ താനേ?"

"നോക്കട്ടെ."

ശരിയാണ്. വീരമണി പെരിയമ്മ എന്നു വിളിക്കുന്ന തന്‍റെ പ്രിയ പത്നി ശ്രീദേവിയുടെ ഫോട്ടോയാണത് എന്ന് ഒരു ഞെട്ടലോടെ വിജയരാഘവന്‍ തിരിച്ചറിഞ്ഞു.

ഉപയോഗശൂന്യമായ പേപ്പറുകള്‍പോലെ ഉപേക്ഷിക്കപ്പെടേണ്ടതാണോ ഈ ഫോട്ടോ?

പൊന്നു മക്കളെ… നിങ്ങളീ കടുംകൈ ചെയ്തല്ലോ. നിങ്ങള്‍ക്കു വേണ്ടി… നിങ്ങളുടെ ഭാര്യമാര്‍ക്കും കുഞ്ഞിനുംവേണ്ടി പകലന്തിയോളം പാടുപെട്ട ഈ സാധുവിന്‍റെ ചിത്രത്തിനു നിങ്ങളുടെ വീട്ടിലൊന്നും സ്ഥാനമില്ലേ…? മക്കള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ തന്‍റെ സ്ഥാനവും എന്താണെന്നു വിജയരാഘവന്‍ ആ നിമിഷം തിരിച്ചറിഞ്ഞു. ആ മനസ്സില്‍ ഒരു തീരുമാനം രൂപം കൊള്ളുകയായിരുന്നു അപ്പോള്‍.

"വീരമണി… ഇന്ത ഗ്ലാസ് ഒടച്ച് ഫോട്ടോ മട്ടും എനക്ക് കൊടുങ്കോ."

വീരമണി മെല്ലെ ഫ്രെയിം ഇളക്കി ഫോട്ടോ കേടു കൂടാതെ വിജയരാഘവനെ ഏല്പിച്ചു. വിജയ രാഘവന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന സങ്കടപ്പെരുമഴ താന്‍ കണ്ടില്ലെന്നു വരുത്താന്‍ വീരമണി മുഖം തിരിച്ചു.

******

വിജയരാഘവന്‍ മുകുന്ദന്‍റെ ഫ്ളാറ്റിലെത്തുമ്പോള്‍ രാത്രി ഒമ്പതു കഴിഞ്ഞു. രണ്ടു വീടുകളിലേക്കും സാധനങ്ങള്‍ വാങ്ങിയതിന്‍റെയും പണിക്കൂലിയുടെയും കണക്കുകള്‍ പ്രത്യേകമായി എഴുതിയതു മുകുന്ദനെ ഏല്പിച്ചു ബാക്കി പണവും കൊടുത്തുകഴിഞ്ഞപ്പോള്‍ ഒന്നു മേലു കഴുകി, എന്തെങ്കിലും കഴിച്ചു കിടന്നുറങ്ങാന്‍ തിടുക്കമായി. കുളിമുറിയില്‍നിന്നും പുറത്തു വന്നപ്പോള്‍, പക്ഷേ, എല്ലാവരും കിടന്നു കഴിഞ്ഞിരുന്നു. അച്ഛന്‍ എന്തെങ്കിലും കഴിച്ചോ എന്നു ചോദിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല.

അയാള്‍ അടുക്കളയില്‍ പോയി നോക്കി. ഭക്ഷണമെല്ലാം തീര്‍ന്നിരിക്കുന്നു. താന്‍ ഇന്നു വരുമെന്ന് അറിയിച്ചിരുന്നില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. ഫ്രിഡ്ജിനു മുകളില്‍ ചീഞ്ഞുതുടങ്ങിയ രണ്ടു ചെറുപഴം. ധാരാളം മതി. ഒരു ഗ്ലാസ് വെള്ളംകൂടി കുടിച്ചപ്പോള്‍ സുഭിക്ഷമായി. എവിടെയാണ് ഉറങ്ങുക? എല്ലാ മുറിയിലും ആരൊക്കെയോ ഉണ്ട്. മുമ്പൊരു ദിവസം പണിസ്ഥലത്തുനിന്നും പെട്ടെന്നു പണത്തിനാവശ്യം വന്നു ഫ്ളാറ്റിലെത്തിയപ്പോഴും ആരൊക്കെയോ ഉണ്ടായിരുന്നു. രേവതിയുടെ ബന്ധുക്കളോ കുട്ടികളോ ആകാം.

അന്നും ഇതുപോലെ വെള്ളംകുടിച്ചു കിടക്കേണ്ടി വന്നു.

ബാല്‍ക്കണിയില്‍ തുറക്കാതെ വച്ചിരിക്കുന്ന പെട്ടികളുടെ ഇടയില്‍ അല്പം സ്ഥലമുണ്ട്.

ടി.വി.യില്‍ പ്രശസ്തനായ അവതാരകന്‍ പറയുംപോലെ – സുഖനിദ്ര! ശുഭനിദ്ര!

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org