|^| Home -> Novel -> Novel -> ഇല കൊഴിയും കാലം – 8

ഇല കൊഴിയും കാലം – 8

Sathyadeepam

വഴിത്തല രവി

“എന്തൊരു ഉറക്കമാണിത്?”

വിജയരാഘവന്‍ ആ ശബ്ദം തിരിച്ചറിഞ്ഞു. ശ്രീദേവി അടുത്തു വന്നിരുന്നു കുലുക്കി വിളിക്കുകയാണ്. സ്വര്‍ഗം കിട്ടിയതുപോലെ അയാള്‍ അവരെ അണച്ചുപിടിച്ചു. സ്നേഹത്തിന്‍റെ ചൂട്… തന്‍റെ ഉടലിലാകെ പടരുന്നതും മോഹിപ്പിക്കുന്ന ഒരു സു ഗന്ധംതന്നെ പൊതിയുന്നതും അയാള്‍ തിരിച്ചറിഞ്ഞു.

“എവിടെയായിരുന്നു ഇതുവരെ. എന്നെ കാണണമെന്ന് ഒരിക്കല്‍പ്പോലും തോന്നിയില്ലേ നിനക്ക്?”

ഭ്രാന്തു പിടിപ്പിക്കുന്ന മൃദു മന്ദഹാസം.

ഒന്നും പറയാതെ ചിരിക്കുന്ന ശ്രീദേവിയുടെ മുന്നില്‍ പരാതികളുടെ ഭാണ്ഡക്കെട്ട് അഴിക്കുകയാണ് അയാള്‍ ചെയ്തത്.

“അറിയുമോ ശ്രീദേവി. മക്കളാരും എന്നെ മനസ്സിലാക്കുന്നില്ല. അവര്‍ക്ക് എന്നെ വേണ്ടാതായി. മുമ്പൊക്കെ എന്തിനും ഏതിനും അച്ഛന്‍ വേണമായിരുന്നു. അച്ഛന്‍റേതായിരുന്നു അവസാന വാക്ക്. ഇന്നിപ്പോള്‍ ഒന്നു മിണ്ടാന്‍പോലും അവര്‍ക്കു സമയമില്ല. അച്ഛന്‍ ഈ പരിസരത്ത് ഉണ്ടെന്നോ… അച്ഛനു ശ്രദ്ധയും പരിഗണനയും ആവശ്യമുണ്ടെന്നോ തിരിച്ചറിയാന്‍ ആരുമില്ല. ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി. എന്തിനാണ് എന്നെ തനിച്ചാക്കി പോയത്?”

വിജയരാഘവന്‍ തന്‍റെ മുഖം ശ്രീദേവിയുടെ മാറിലേയ്ക്കു ചേര്‍ത്തു കരച്ചിലടക്കാന്‍ ശ്രമിക്കുമ്പോഴാണു തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും നിര്‍മാല്യപൂജയ്ക്കുള്ള മണിനാദം മുഴങ്ങിയത്.

താന്‍ സ്വപ്നം കാണുകയായിരുന്നു എന്ന് അയാള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

മക്കളുടെ കാരുണ്യരഹിതമായ പെരുമാറ്റത്തില്‍ മനംനൊന്ത് അടങ്ങാത്ത വിങ്ങലോടെയും വേദനയോടെയുമാണ് ഉറങ്ങാന്‍ കിടന്നത്. അങ്ങനെയുള്ള ദിവസങ്ങളിലൊക്കെ ശ്രീദേവി അരികിലെത്താറുണ്ട്, സമാശ്വാസത്തിന്‍റെ കുളിര്‍കാറ്റുപോലെ, സാന്ത്വനത്തിന്‍റെ താരാട്ടുപോലെ.

താന്‍ കണ്ട സ്വപ്നത്തിന്‍റെ സുഖാലസ്യത്തില്‍ തെല്ലുനേരംകൂടി അയാള്‍ കിടന്നു. മനസ്സില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ നിറയുകയാണ്. മുന്നോട്ടു നോക്കിയാല്‍ വല്ലാത്തൊരു ശൂന്യത.

ജോലി എന്നു പറയുന്നത് ഒരു സ്റ്റാറ്റസ് ആണ്. ഒരു മേല്‍വിലാസമാണത്. എന്നു ജോലിയില്‍ നിന്നു വിരമിക്കുന്നോ… അന്ന് അതൊക്കെ ഇല്ലാതാകുന്നു. ബഹുമാനിച്ചിരുന്നവര്‍ അവഗണിക്കുന്നു. വിലമതിച്ചിരുന്നവര്‍ വില വയ്ക്കാതാവുന്നു.

വേദനാജനകമാണെങ്കിലും ജീവിതത്തിലെ അനിവാര്യമായ മാറ്റം ഉള്‍ക്കൊള്ളുകയല്ലാതെ എന്തു ചെയ്യാന്‍…?

വിജയരാഘവന്‍ തലേന്നു തന്നെ തന്‍റെ ഭാവിയെപ്പറ്റി ചില തീരുമാനങ്ങളെടുത്തിരുന്നു. അയാള്‍ എഴുന്നേറ്റു കുളിച്ചു. രണ്ടു ജോഡി ഡ്രസ്സ് കടലാസില്‍ പൊതിഞ്ഞ് തോള്‍ സഞ്ചിയില്‍വച്ചു പുറപ്പെടാനൊരുങ്ങി. കയ്യില്‍ തലേന്നു വീരമണി നല്കിയ അഞ്ഞൂറൂ രൂപയുണ്ട്.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാകണം മുകുന്ദന്‍ എഴുന്നേറ്റു വന്നു.

“അച്ഛനെങ്ങോട്ടാ… രാവിലെ?”

മകനോട് ആദ്യമായി അയാള്‍ കള്ളം പറഞ്ഞു: “ഗുരുവായൂര്‍വരെ. ഒരു സ്നേഹിതന്‍റെ മകളുടെ വിവാഹം.”

“ശരി.”

“വാതിലടച്ചോളൂ… ഒരുപക്ഷേ രണ്ടു മൂന്നു ദിവസം കഴിഞ്ഞേ ഞാന്‍ വരൂ.”

“ശരി.”

പിന്നില്‍ വാതിലടയുന്ന ശബ്ദം കേട്ടു വിജയരാഘവന്‍ ലിഫ്റ്റിനുള്ളില്‍ കടന്നു താഴേയ്ക്കിറങ്ങി.

വൈറ്റില ഹബ്ബ് എന്നു പേരുള്ള പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രഭാതം കണ്ണു തുറക്കുന്നതേയുള്ളൂ. എങ്ങോട്ടാണു യാത്ര? മനസ്സിലൊരു രൂപവുമില്ല. എവിടെയെങ്കിലും പോകണം. കഴിയുന്നത്ര ദൂരെ… സ്നേഹശൂന്യമായ പെരുമാറ്റം സഹിച്ച് ഇനിയും ജീവിച്ചാല്‍ തനിക്കു ഭ്രാന്തു പിടിക്കും. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരും.

തൊട്ടടുത്തു തുറന്നു കണ്ട സ്റ്റാളില്‍നിന്നും ഒരു ചായ വാങ്ങി മൊത്തിക്കൊണ്ട്, അന്നത്തെ ആദ്യയാത്രയ്ക്കൊരുങ്ങുന്ന ബസ്സുകളുടെ ബോര്‍ഡുകള്‍ ഒന്നൊന്നായി അയാള്‍ വായിച്ചു.

മൂന്നാര്‍… ദേവികുളം… കട്ടപ്പന… നെടുങ്കണ്ടം… തേക്കടി.

ഒരു ബസ്സ് മുന്നോട്ടെടുത്തപ്പോള്‍ വിജയരാഘവന്‍ കൈ കാണിച്ച് അകത്തു കയറി. ആ ബസ്സ് എങ്ങോട്ടാണെന്ന് അയാള്‍ക്ക് ഉറപ്പില്ലായിരുന്നു. കണ്ടക്ടര്‍ വന്നു ടിക്കറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ ലാസ്റ്റ് സ്റ്റോപ്പ് എന്നു പറയുകയും ചെയ്തു.

ബസ് ഓടുമ്പോള്‍ ചെറിയ കാറ്റും തണുപ്പുമുണ്ട്. അയാള്‍ ഷട്ടര്‍ താഴ്ത്തിയിട്ടു പിന്നിലേക്കു തല ചായ്ച്ചിരുന്നു. തനിക്കു നല്ല പരിചയമുള്ള സ്ഥലങ്ങളിലൂടെയാണു ബസ് നീങ്ങുന്നത്. മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തുംവരെ അയാള്‍ മുന്‍ചില്ലിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു. പിന്നെ അറിയാതെ ഉറങ്ങിപ്പോയി. ഒരുപാടു നേരം അയാള്‍ ഉറക്കത്തിലായിരുന്നു. കണ്ണു തുറക്കുമ്പോള്‍ വനഭൂമിയിലൂടെയാണു സഞ്ചാരം എന്നു മനസ്സിലായി. വിശാലമായ… ആള്‍പ്പാര്‍പ്പു കുറഞ്ഞ കുന്നുകളും മലകളുമാണു വശങ്ങളില്‍. കുത്തനെയുള്ള കയറ്റം, വളവുകളും തിരിവുകളും ധാരാളം. വളരെ സാവധാനമാണു ബസ് നീങ്ങുന്നത്.

നല്ല ക്ഷീണം. വിശപ്പും ദാഹവും തോന്നുന്നുണ്ട്. ഒരു കുപ്പിയില്‍ കുറച്ചു വെള്ളം എടുക്കേണ്ടതായിരുന്നു.

ഇടയ്ക്ക് ചായ കുടിക്കാന്‍ ബസ് നിര്‍ത്തിയതാണ്. അപ്പോള്‍ എന്തെങ്കിലും കഴിക്കാതിരുന്നത് അബദ്ധമായി.

അയാള്‍ വാച്ചിലേയ്ക്കു നോക്കി; ഒരു മണി. തീര്‍ച്ചയായും ഊണു കഴിക്കാന്‍ എവിടെയെങ്കിലും നിര്‍ത്തും അയാള്‍ ഷട്ടര്‍ ഉയര്‍ത്തിവച്ചു.

വല്ലപ്പോഴും എതിരെ വരുന്ന ചരക്കുലോറികളോ… കാറുകളോ ഒഴിച്ചാല്‍ വഴി വിജനമാണ്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍.

അധികം വൈകിയില്ല. റോഡില്‍ നിന്നും തെല്ലുമാറി വിശാലമായ കോമ്പൗണ്ടോടുകൂടിയ ഹോട്ടലിനു മുന്നില്‍ ബസ് നിന്നു.

ഊണ് കഴിക്കാനാണ്; ഏവരും ഇറങ്ങുന്നു.

കാലിനു മരവിപ്പ്. എഴുന്നേല്ക്കാന്‍ കഴിയുന്നില്ല. തോള്‍ സഞ്ചിയെടുത്തു മെല്ലെ പുറത്തേയ്ക്കിറങ്ങി. കാലിനു കനംവച്ചതുപോലെ. പാദത്തില്‍ നീരും വച്ചിരിക്കുന്നു. ഹോട്ടലില്‍ ആദ്യമെത്തിയവര്‍ സീറ്റെല്ലാം കയ്യടക്കികഴിഞ്ഞു. കാത്തുനില്ക്കുകയേ വഴിയുള്ളൂ.

അയാള്‍ പൈപ്പിനടുത്തേയ്ക്കു നടന്നു. ധാരാളം വെള്ളമുണ്ട്. മുണ്ടു മടക്കിക്കുത്തി കാലും മുഖവും കഴുകി തോര്‍ത്തുകൊണ്ടു തുടച്ചു. യാത്രാക്ഷീണം കണ്ണിലേല്പിച്ച ഭാരം കുറഞ്ഞതുപോലെ.

തിരിച്ചുവന്നപ്പോള്‍ സീറ്റ് ഒഴിവുണ്ട്. നല്ല ശുദ്ധമായ സസ്യാഹാരം. നല്ല വിശപ്പ്. ആസ്വദിച്ചു പതിവിലും കൂടുതല്‍ ഭക്ഷണം കഴിച്ചു.

പണം കൊടുത്ത് അയാള്‍ ബസ്സിനടുത്തേയ്ക്ക് നടന്നു.

ഞെട്ടിപ്പോയി; ബസ് കിടന്നിടം ശൂന്യം.

അകലെ… ഒരു പൊട്ടുപോലെ കയറ്റം കയറിപ്പോകുന്ന ബസ് നോക്കി നിസ്സഹായനായി അയാള്‍ നിന്നു.

******

“ബസ് വിട്ടുപോയോ?”

സെക്യൂരിറ്റി ജോലിക്കാരനോടോണു ചോദിക്കുന്നത്. അയാള്‍ മറുപടിയെന്നോണം തലയനക്കി.

“എവിടെ പോകാനാ?”

“അങ്ങനെയൊന്നുമില്ല.”

ഒന്നിരിക്കണം. കാല്‍ തളരുന്നതുപോലെ. സെക്യൂരിറ്റി ജീവനക്കാരന്‍ ഒരു കൈ സഹായിച്ചു. വീണില്ല. മോട്ടോര്‍ പുരയോട് ചേര്‍ന്നുള്ള അയാളുടെ മുറിയില്‍ ഒരു പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നപ്പോള്‍ കാലിന്‍റെ വിറയല്‍ മാറി. തല ചുമരിലേയ്ക്കു ചാരി കാല്‍ നീട്ടിവച്ചു. പിന്നില്‍ തുറന്നിട്ട വാതിലിലൂടെ നല്ല കാറ്റ്. കണ്ണുകള്‍ താനെ അടഞ്ഞു.

കണ്ണു തുറന്നപ്പോള്‍ നാലു മണി.

വെയില്‍ പോയി നേരം സന്ധ്യയായതുപോലെ.

“മാമന്‍ നന്നായി ഉറങ്ങി” – സെക്യുരിറ്റി ജോലിയിലുള്ള ചെറുപ്പക്കാരന്‍ ഡ്യൂട്ടി കഴിഞ്ഞു വേഷം മാറി മുന്നില്‍ നില്ക്കുകയാണ്.

ക്ഷീണം തോന്നുന്നു. വിശ്രമിക്കാനാണു ധൃതി. പക്ഷേ, എവിടെ?

“ഇന്നിനി പോകുന്നില്ലെങ്കില്‍ ഹോട്ടലില്‍ മുറി കിട്ടും.”

“വാടക കൊടുക്കാന്‍ എന്‍റെ കയ്യിലൊന്നുമില്ല.”

“എന്നാല്‍ വരൂ. ഇന്ന് എന്‍റെ കൂടെ കഴിയാം. ഈ വളവു തിരിയുന്നിടത്താ എന്‍റെ മുറി.”

വിജയരാഘവന്‍ ആ ചെറു പ്പക്കാരനോടൊപ്പം നടന്നു.

ചെറിയൊരു പലചരക്കു കടയുടെ പിന്നില്‍ ഒരു ചാര്‍ത്ത്. രണ്ടു പഴയ കട്ടിലും രണ്ടോ മൂന്നോ പാത്രങ്ങളും ബക്കറ്റും… അലങ്കോലമായി തൂക്കിയ വസ്ത്രങ്ങളും.

പിന്നിലെ വാതില്‍ തുറന്നാല്‍ ചെറിയൊരു തോട്. പ്രാഥമിക കാര്യങ്ങളൊക്കെ തോട്ടുവക്കിലാണെന്നു തോന്നി. ആ രാത്രി വിജയരാഘവന്‍ തന്‍റെ കാര്യങ്ങളൊക്കെ ആ ചെറുപ്പക്കാരനോടു പറഞ്ഞു.

മടങ്ങിപ്പോകാന്‍ ധൃതിയൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ ഹോട്ടലുടമയോടു സംസാരിക്കാമെന്നായി.

“വലിയ ജോലിയൊന്നും ചെയ്യാന്‍ എനിക്കു വയ്യ.”

“വലുതൊന്നും വേണ്ട. നിത്യവൃത്തിക്ക്… ചെറുതെന്തെങ്കിലും ചെയ്തുകൂടേ?”

“ഓ… ധാരാളം.”

ജോലിയില്‍ നിന്നും പിരിഞ്ഞതിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ വിജയരാഘവന്‍ ആശ്വാസത്തോടെ സ്വയം പറഞ്ഞു: “ഞാന്‍ ഹാപ്പിയാണ്.”

എന്നാലും തനിച്ചായിപ്പോയല്ലോ എന്നൊരു സങ്കടം. മനസ്സിലെവിടെയോ നുരയിട്ടുയരുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു.

പിറ്റേന്നു വിജയരാഘവന്‍ ജോലിയില്‍ പ്രവേശിച്ചു. രാവിലെ രണ്ടു മണിക്കൂര്‍, ഉച്ചയോടെ രണ്ടു മണിക്കൂര്‍, ആകെ നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ജോലി.

ഹൈവേയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര ബസ്സുകളും ടൂറിസ്റ്റ് വാഹനങ്ങളും മുന്നില്‍ കണ്ടു ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന ഹോട്ടലാണത്. ഹോട്ടലിന്‍റെ പേരും ലേബലും വലുതായി തുന്നിച്ചേര്‍ത്ത യൂണിഫോമും തൊപ്പിയും ധരിച്ചു കഴിഞ്ഞപ്പോള്‍ താന്‍ പുതിയൊരാളാണെന്നു വിജയരാഘവനു തോന്നി.

രാവിലെ എട്ടു മണിക്കു ഡ്യൂട്ടി ആരംഭിക്കുന്നു. ദൂരെ… രണ്ടു ഭാഗത്തുനിന്നും കുന്നു കയറി, വളവു തിരിഞ്ഞു കാറുകളോ ബസ്സുകളോ വരുമ്പോള്‍ റോഡിലേക്ക് ഇറങ്ങിനിന്നു ശ്രദ്ധ കിട്ടുമാറു ഭാരമില്ലാത്ത ഫ്ളെക്സ് ബോര്‍ഡ് ഉയര്‍ത്തിപ്പിടിക്കണം. ആ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന വലിയ അക്ഷരങ്ങള്‍ – ബ്രേക്ക് ഫാസ്റ്റ് തയ്യാര്‍ – കണ്ടു വാഹനങ്ങള്‍ ഹോട്ടല്‍ കോമ്പൗണ്ടിലേക്കു കയറിയാല്‍ ശ്രമം വിജയമായി. അതു പത്തു പത്തരവരെ.

തുടര്‍ന്നു വിശ്രമിക്കാം.

വീണ്ടും പന്ത്രണ്ടു മുതല്‍ ജോലി. അപ്പോള്‍ കയ്യിലെ ഫ്ളെക്സ് ബോര്‍ഡ് – ഊണ് തയ്യാര്‍, ബിരിയാണി തയ്യാര്‍ – എന്നായിരിക്കും. വാഹനങ്ങള്‍ ഇരുവശത്തുനിന്നും വരുമ്പോള്‍ ദൂരെനിന്നേ കാണാം. വാഹനം വരാത്ത ഇടവേളകളില്‍ തണലിലിട്ട പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കാന്‍ അനുവാദമുണ്ട്. രണ്ടു മണി മൂന്നു മണിയായാല്‍ ഹോട്ടലില്‍ നിന്നു സ്റ്റാഫിനുള്ള ഭക്ഷണം കഴിച്ചു വിശ്രമിക്കാം.

ജോലി കഴിഞ്ഞു മുറിയിലെത്തി തനിച്ചാകുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഏകാന്തത, മിണ്ടാനും അടുത്തിടപഴകാനും ആരുമില്ലെന്നും താന്‍ ഒറ്റയ്ക്കാണെന്നുമുള്ള യാഥാര്‍ത്ഥ്യം അയാളെ തളര്‍ത്തി.

ശ്രീദേവിയെപ്പറ്റി… മക്കളെപ്പറ്റി… അവരോടൊപ്പം ജീവിച്ച നല്ല നാളുകളെപ്പറ്റിയൊക്കെ ഓര്‍ത്ത് അയാള്‍ നെടുവീര്‍പ്പിടും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലെങ്കില്‍ ജീവിതം വിരസവും ശൂന്യവുമാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു.

ജോലി കഴിഞ്ഞു കുളിച്ചു വേഷം മാറി ഹോട്ടലിന്‍റെ പുറത്ത് ആരും വരാനില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, എത്തുന്ന ഏതെങ്കിലും വാഹനത്തില്‍ ഒരു പരിചിതമുഖം… തനിക്കായി ഒരു ചിരി ഉണ്ടാവുമെന്നു വൃഥാ മോഹിച്ചു വിജയരാഘവന്‍ എന്നും കാത്തുനില്ക്കും. ഒരുനാള്‍ പതിവു കാത്തിരിപ്പിന്‍റെ വേളയില്‍ ആരും വരുന്നില്ലെന്ന പതിവു യാഥാര്‍ത്ഥ്യത്തിലേക്ക് ഒതുങ്ങി കൂടുമ്പോള്‍ ഒരു മിനിവാന്‍ ഹോട്ടല്‍ കോമ്പൗണ്ടിനു മുന്നില്‍ വന്നുനിന്നു. അതിന്‍റെ പിന്നിലെ വാതില്‍ തുറന്ന് ഒരു വീല്‍ച്ചെയര്‍ മുന്‍വാതില്‍ക്കല്‍ കൊണ്ടു വച്ചു. മുന്‍സീറ്റില്‍ നിന്നും കൈ പിടിച്ചു താടിയും മുടിയും വളര്‍ന്ന ഒരു വൃദ്ധനെ വീല്‍ച്ചെയറിലിരുത്തി രണ്ടു ചെറുപ്പക്കാര്‍ ഹോട്ടലിലേയ്ക്കു സാവധാനം ഉരുട്ടിക്കൊണ്ടുവരുന്നതു വിജയരാഘവന്‍ ക ണ്ടു.

ഈ മുഖം….

ഈ മുഖം…

വിജയരാഘവന് അധികമൊന്നും മനസ്സില്‍ തേടേണ്ടി വന്നില്ല. കാലം എത്ര കഴിഞ്ഞാലും… പ്രായമേറി മുടിയും താടിയും നരച്ചാലും ആ കണ്ണിലെ കാന്തശക്തിയും തേജസ്സും തിരിച്ചറിയാന്‍ തനിക്കു പ്രയാസമൊന്നുമില്ല.

ഒരോട്ടമായിരുന്നു പിന്നെ. വീല്‍ച്ചെയറിനു മുന്നിലെത്തി ആ കരങ്ങള്‍ രണ്ടും കയ്യിലെടുത്തു തന്‍റെ കണ്ണോടു ചേര്‍ത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ അയാള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

(തുടരും)

Leave a Comment

*
*