ഇല കൊഴിയും കാലം – 9

ഇല കൊഴിയും കാലം – 9

വഴിത്തല രവി

തന്‍റെ ജീവിതപങ്കാളിയെ സമ്മാനിച്ച, തനിക്കൊരു കുടുംബജീവിതമുണ്ടാകാന്‍ കാരണഭൂതനായ, സ്ഥിരവരുമാനമുള്ള തൊഴിലും സമൂഹത്തില്‍ മാന്യതയുമുണ്ടാക്കിത്തന്ന പുണ്യദേഹം കുര്യാക്കോസ് അച്ചനാണു മുന്നിലെന്നറിഞ്ഞതും വിജയരാഘവന്‍റെ നിയന്ത്രണം വിട്ടുപോയി. മക്കളും കൊച്ചുമക്കളുമുള്ള ഒരു വൃദ്ധനാണു താനെന്ന തിരിച്ചറിവുപോലും അയാള്‍ക്കു നഷ്ടപ്പെട്ടു. വിജയരാഘവന്‍റെ കരച്ചില്‍ ചുറ്റുമുള്ളവരെ തെല്ല് അമ്പരപ്പിച്ചു.

"അച്ചന്‍ എന്ന ഏല്പിച്ചു തന്നയാള്‍ എന്നെ വിട്ടുപോയച്ചോ; ഞാന്‍ തനിച്ചായി."

"കരച്ചില്‍ നിര്‍ത്തി… എഴുന്നേല്ക്കൂ."

അച്ചന്‍റെ ശാന്തമായ സ്വരം കേട്ടപ്പോള്‍ പെട്ടെന്നു വിജയരാഘവനു പരിസരബോധമുണ്ടായി. എത്രകാലം കൂടിയാണ് അച്ചനെ ഒന്നു കാണുന്നത്. അതും ഇതുപോലൊരു അവസ്ഥയില്‍.

"അച്ചനിപ്പോള്‍ എവിടെയാണ്?"

"ഞാനിവിടെ അടുത്തൊരു പള്ളിയിലാണ്. വികാരിയല്ല; വിശ്രമജീവിതം."

"അച്ചനെ വീണ്ടും ഒന്നു കാണാന്‍ പറ്റിയത് എന്‍റെ പുണ്യം."

"വിജയന്‍ എന്താണിവിടെ?"

"എല്ലാ പറയാം. അതിനുമുമ്പ് ഒരു ചായ കുടിക്കാം."

വിജയരാഘവന്‍ അച്ചന്‍റെ വീല്‍ച്ചെയര്‍ ചെറുപ്പക്കാരില്‍ നിന്നും ഏറ്റുവാങ്ങി റെസ്റ്റോറന്‍റിന്‍റെ തിരക്കു കുറഞ്ഞ ഒരിടത്തേയ്ക്ക് ഉരുട്ടിക്കൊണ്ടു പോയി. ചൂടു പറക്കുന്ന ചായയും പഴംപൊരിയും കഴിക്കുന്നതിനിടയില്‍ വിജയരാഘവന്‍ തന്‍റെ കാര്യങ്ങളെല്ലാം ചുരുക്കി അച്ചനോടു പറഞ്ഞു. അച്ചന്‍ അയാളുടെ കയ്യില്‍ മെല്ലെ… സമാശ്വസിപ്പിക്കുംപോലെ തഴുകിക്കൊണ്ടിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അധികമൊന്നും ആലോചിക്കാതെ അച്ചന്‍ പറഞ്ഞു:

"നിന്‍റെ ബാഗോ… പെട്ടിയോ എന്താണുള്ളത് എന്നുവച്ചാല്‍ എടുത്തു വണ്ടിയില്‍ കയറ്."

അച്ചന്‍റെ മുന്നില്‍ മനസ്സ് തുറക്കാന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ സമാധാനമായി. കൂ ടെ വരാന്‍ പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം.

"ഹോട്ടലില്‍ ഒന്നു പറഞ്ഞിട്ടു വരാം."

"മതി… അതു മതി."

പിന്നെ ഒന്നും ആലോചിച്ചില്ല. ഹോട്ടല്‍ ഉടമയോട് അനുമതി വാങ്ങി അച്ചന്‍ വന്ന വാനിന്‍റെ പിന്‍സീറ്റില്‍ കയറിയിരുന്നു. ഒരു കരയ്ക്കെത്തിയ ആശ്വാസമായിരുന്നു അയാള്‍ക്ക്.

മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു കാപ്പിയും ഏലവും വളര്‍ന്നുനില്ക്കുന്ന കുന്നിറങ്ങി താഴ്വരയിലേക്കു വണ്ടി നീങ്ങി. ഇടിഞ്ഞുപൊളിഞ്ഞു ദുര്‍ഘടം പിടിച്ച റോഡ്. ഇടയ്ക്കിടെ മുള്ളുവേലി അതിരുവച്ച കൃഷിസ്ഥലങ്ങള്‍. അവിടവിടെ കൊക്കുകള്‍, നീരൊഴുക്കുള്ള ചെറിയ തോടുകള്‍… ഒന്നൊന്നര മണിക്കൂര്‍ ഓടിയും കിതച്ചും വണ്ടി ചെറിയൊരു പള്ളിയുടെ മുമ്പില്‍ നിന്നു. സഹായികളെത്തി അച്ചനെ വീല്‍ച്ചെയറിലേക്ക് ഇറക്കി. തൊട്ടുപിന്നാലെ ബാഗുമായി വിജയരാഘവനും പുറത്തിറങ്ങി. നേരമിരുട്ടി; നല്ല തണുപ്പുണ്ട്.

തന്‍റെയൊപ്പമുള്ളവരെ ചൂണ്ടി അച്ചന്‍ വിജയരാഘവനോടു പറഞ്ഞു: "ഇവരുടെ മുറിയില്‍ കൂടിക്കോ. ബാക്കിയൊക്കെ നാളെ."

കണ്ണുകളടച്ചു പ്രാര്‍ത്ഥിക്കുംപോലെ അച്ചന്‍ പള്ളിമേടയിലേക്കു മറഞ്ഞു.

പിറ്റേന്നു പ്രഭാതഭക്ഷണത്തിനുശേഷം ഇളം വെയിലിലിട്ട ചാരുകസേരയിലിരുന്നു കുര്യാക്കോസച്ചന്‍ വിജയരാഘവനോടു സംസാരിക്കാന്‍ തുടങ്ങി.

പാലക്കുഴി എന്ന ഈ മലമ്പ്രദേശം തീര്‍ത്തും വനമായിരുന്നു. ഏലവും കാപ്പിയും കപ്പയും വാഴയും കുറച്ചൊക്കെ നെല്ലും തെങ്ങും കൃഷി ചെയ്തുപോന്ന കുറേ പാവങ്ങള്‍. പക്ഷേ, പണ്ടു മുതല്‍ ഇവിടെയുണ്ടായിരുന്നു. ഇടവിട്ടിടവിട്ട് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും തുടര്‍ക്കഥയായതോടെ, നട്ടതും നനച്ചതും വീടും നഷ്ടപ്പെട്ടു നാട്ടുകാര്‍ പൊറുതി മുട്ടി. കുറേപ്പേര്‍ കിട്ടിയ വിലയ്ക്ക് ഉള്ളതൊക്കെ വിറ്റുപെറുക്കി മറ്റു സ്ഥലം തേടിപ്പോയി. ശേഷിക്കുന്ന പത്തുനാല്പതു കുടുംബങ്ങള്‍ സ്വയം ശപിച്ചു നിസ്സഹായരായി ഇവിടെത്തന്നെ കൂടി. യാതൊരു സൗകര്യവുമില്ല. സ്കൂളില്ല, ആശുപത്രിയില്ല, കടകള്‍ വേണ്ടത്രയില്ല. ബസ് കിട്ടാന്‍ പോലും നാലഞ്ചു കിലോമീറ്റര്‍ നടക്കണം. വല്ലപ്പോഴും ഓടുന്ന പൊട്ട ജീപ്പുമാത്രമാണ് ആശ്രയം. പള്ളിയുള്ളതു ബസ് കിട്ടുന്നിടത്താണ്. പഴമക്കാര്‍ ഞായറാഴ്ചയെങ്കിലും പള്ളിയില്‍ പോകും. പുതിയ തലമുറ അതിലൊന്നും ശ്രദ്ധിക്കാതെ കള്ളിലും കഞ്ചാവിലുമൊക്കെ അഭിരമിക്കാന്‍ തുടങ്ങിയപ്പോള്‍ പാലക്കുഴിയിലെ മുതിര്‍ന്ന കാരണവന്മാര്‍ അരമനയിലെത്തി ബിഷപ്പു തിരുമേനിയെ കണ്ടു. ചെറുതെങ്കിലും ഒരു പള്ളി വേണമെന്നതായിരുന്നു ആവശ്യം. കുമ്പസാരിക്കാനും കുര്‍ബാന കൈക്കൊള്ളാനും കുട്ടികളെ നേര്‍വഴിക്കു നടത്താനും വേണ്ടതു ചെയ്യാമെന്നു തിരുമേനി ഉറപ്പു നല്കി.

അങ്ങനെ പള്ളി തുടങ്ങിയപ്പോള്‍ ചുമതലക്കാരനും ആദ്യവികാരിയുമായി എത്തിയതാണു കുര്യാക്കോസച്ചന്‍. ഏഴെട്ടു കൊല്ലം മുമ്പാണത്. ഇന്നിപ്പോള്‍ നൂറോളം കുടുംബങ്ങളുണ്ട്. ഉരുള്‍പൊട്ടലും മലയിടിച്ചിലുംപോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടുത്തൊന്നും ഉണ്ടാകാത്തതുകൊണ്ടു ഗ്രാമം സമൃദ്ധിയുടെ പാതയില്‍ തിരിച്ചെത്തിയിരിക്കുന്നു.

പാലക്കുഴിയിലെ നാളുകള്‍ വിജയരാഘവന് ആനന്ദകരമായി തോന്നി. അച്ചനെ സഹായിക്കുന്നവര്‍ക്കൊപ്പം കൂടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അയാള്‍ക്ക് ഉത്സാഹമായിരുന്നു. നല്ലവരായ ആള്‍ക്കാര്‍ക്കൊപ്പം നാടന്‍ ഭക്ഷണം കഴിച്ചു ജീവിതാന്ത്യംവരെ അച്ചനു തുണയായി കഴിയണമെന്ന് അയാള്‍ ആഗ്രഹിച്ചു.

പള്ളിയില്‍ വേറെ വികാരിയുണ്ട്. താന്‍ വിശ്രമജീവിതത്തിലാണെന്ന് അച്ചന്‍ വിശേഷിപ്പിച്ചെങ്കിലും സത്യം അതൊന്നുമായിരുന്നില്ല. വീല്‍ച്ചെയറിലിരുന്ന് അച്ചന്‍റെ മേല്‍നോട്ടത്തില്‍ ഒരു പാടു സംരംഭങ്ങളുണ്ടായിരുന്നു അവിടെ. പശുവളര്‍ത്തലായിരുന്നു പ്രധാനം. അമ്പതിലേറെ പശുക്കളുള്ള ആധുനിക രീതിയിലുള്ള തൊഴുത്തു കാണേണ്ടതുതന്നെ. തീറ്റ കൊടുക്കാനും പശുകറവയ്ക്കും പാല്‍വിതരണം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കാനും തൊഴുത്തു വൃത്തിയാക്കാനുമൊക്കെയായി കുറേപ്പേര്‍ അവിടെ ജോലി ചെയ്യുന്നു. മീന്‍ വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍ തുടങ്ങി വേറെയും പദ്ധതികളുണ്ട്. ഇതൊന്നും അച്ചനോ പള്ളിക്കോ ലാഭമുണ്ടാക്കാന്‍ വേണ്ടിയല്ല. പള്ളിക്കു ചുറ്റുമുള്ള പാവപ്പെട്ട വീടുകളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ കൊടുക്കണമെന്നും അവരുടെ അടുപ്പുകളില്‍ തീ കെടരുതെന്ന അടങ്ങാത്ത ആഗ്രഹംകൊണ്ടാണെന്നറിഞ്ഞതും താന്‍ എത്തിയതു ശരിയായ സ്ഥലത്താണെന്നു വിജയ രാഘവന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അയാളുടെ ദിനങ്ങള്‍ സാര്‍ത്ഥകമായിത്തീര്‍ന്നു. ആഴ്ചകള്‍ ചിലതു കടന്നുപോയി; മാസങ്ങളും.

വൈകുന്നേരത്തെ ധ്യാനത്തിലേക്ക് അച്ചന്‍ പ്രവേശിക്കുന്നതിനുമുമ്പ് ഏതു തിരക്കിലും അദ്ദേഹത്തിനരികിലെത്തി ആ സ്വരമൊന്നു കേള്‍ക്കാന്‍ വിജയരാഘവന്‍ സമയം കണ്ടെത്തുമായിരുന്നു.

ഒരുനാള്‍ അച്ചന്‍ ചോദിച്ചു: "എന്താണ് ഈയിടെയായി ഒരാലോചന? മനസ്സില്‍ വിഷമം വല്ലതും തട്ടിയിട്ടുണ്ടോ? എപ്പോഴും ദൂരേയ്ക്കു നോക്കിനില്ക്കുന്നതു കാണാമല്ലോ?"

"കാര്യമുണ്ടായിട്ടൊന്നുമല്ല; വെറുതെ ഓരോന്ന് ഓര്‍ത്തുപോകും."

"എനിക്കറിയാം. മക്കളെയും കൊച്ചുമക്കളെയുമൊക്കെ കാണണമെന്നു തോന്നിത്തുടങ്ങി അല്ലേ?"

തന്‍റെ മനസ്സ് എത്ര ഭംഗിയായി അച്ചന്‍ വായിച്ചെടുത്തുവെന്ന് അത്ഭുതപ്പെടുകയായിരുന്നു അയാള്‍. മക്കള്‍ തന്‍റെ മനസ്സു തിരിച്ചറിയാത്തിടത്തോളം ആ തോന്നലിനൊക്കെ എന്തു പ്രസക്തി?

നിസ്സഹായനായി… മറുപടി പറയാതെ അയാള്‍ അച്ചനെത്തന്നെ നോക്കിനിന്നു.

"നിന്‍റെ മനസ്സ് എനിക്കു വായിക്കാന്‍ കഴിയുന്നുണ്ട്. നിന്‍റെ മനസ്സിലെല്ലാം മക്കളാണ്; മക്കള്‍ മാത്രം.

അതെ അച്ചോ… എന്നു പറയാന്‍ അയാള്‍ ആഗ്രഹിച്ചു. തൊണ്ടയോളം വന്ന ഒരു വിതുമ്പല്‍ അതിനു തടസ്സമായി.

കുര്യാക്കോസച്ചന്‍റെ മനസ്സില്‍ ചില തീരുമാനങ്ങള്‍ അപ്പോള്‍ രൂപപ്പെടുകയായിരുന്നു.

*** ***

പള്ളിയോടു ചേര്‍ന്നു മുറ്റത്തിനരികില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍ക്ക് ഇത്രയേറെ ഭംഗിയുണ്ടെന്നു വിജയരാഘവന്‍ ആദ്യമായാണു തിരിച്ചറിയുന്നത്. എത്ര തവണ കണ്ടിട്ടുള്ളതാണ്. അന്നൊന്നും തോന്നാത്തൊരു മനോഹാരിത. ആകര്‍ഷകമായ നിറത്തിലും രൂപത്തിലും എത്രമാത്രം പൂക്കളാണു തലയാട്ടിനില്ക്കുന്നത്. അവയുടെ സുഗന്ധം അന്തരീക്ഷമാകെ പരക്കുന്നതും ഹൃദ്യമായ അനുഭവംതന്നെ.

കുര്യാക്കോസച്ചന്‍ തലേന്നു വൈകീട്ട് പറഞ്ഞിരുന്നു: "വിജയാ, നാളെ പത്തു മണിയാകുമ്പോള്‍ നമുക്കു ചിലരെയൊക്കെ കാണാനുണ്ട്. പണിക്കാരോടൊപ്പം പുറത്തേയ്ക്കു പൊയ്ക്കളയരുത്. മുറിയില്‍ത്തന്നെ കാണണം. സമയമാകുമ്പോള്‍ ഞാന്‍ ആളെ വിടും. എന്‍റെ മുറിയിലേക്കു വരണം."

അച്ചന്‍ വിളിക്കുംമുമ്പേ കുളിച്ചൊരുങ്ങി ഇടനാഴിയുടെ അഴികള്‍ക്കിടയിലൂടെ പുറത്തേയ്ക്കു നോക്കി നില്‍ക്കുകയായിരുന്നു അയാള്‍.

പ്രസന്നമായ അന്തരീക്ഷം. കഠിനമായ തണുപ്പിനു ശമനം വന്നതുപോലെ.

അച്ചനോടൊപ്പം കാണാനുണ്ടെന്നു പറഞ്ഞത് ആരെയാണ്? പുറത്തേയ്ക്കെങ്ങാന്‍ പോകേണ്ടതുണ്ടോ? ഓരോന്ന് ആലോചിച്ചു നില്ക്കുമ്പോള്‍ അച്ചന്‍റെ വിളി വന്നു.

അച്ചന്‍ കാത്തിരിക്കുകയായിരുന്നു. അച്ചന്‍റെ മുറിയിലേക്കു കാലെടുത്തുവച്ച വിജയരാഘവനു സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.

തന്‍റെ മക്കളും മരുമക്കളും പേരമക്കളും ശ്വാസമടക്കിയെന്നോണം തന്നെ കാത്തുനില്ക്കുകയാണവിടെ. തന്‍റെ നിസ്സഹായതയും വീര്‍പ്പുമുട്ടലും തിരിച്ചറിഞ്ഞു കുര്യാക്കോസച്ചന്‍ മക്കളെ വിളിച്ചുവരുത്തിയതാണെന്ന് അയാള്‍ക്കു ബോദ്ധ്യമായി.

അടുത്ത നിമിഷം മുകുന്ദനും വിനയനും ഓടിയെത്തി അച്ഛന്‍റെ കൈകള്‍ കടന്നുപിടിച്ചു.

"അച്ഛനെ ഞങ്ങള്‍ എവിടെയൊക്കെ തേടിയെന്നറിയാമോ? പത്രത്തിലും പൊലീസിലും അറിയിച്ചില്ലെന്നേയുള്ളൂ. വല്യച്ചന്‍റെ ഫോണ്‍ കിട്ടിയപ്പോള്‍ സമാധാനമായി. ആ നിമിഷം ഞങ്ങള്‍ പുറപ്പെടുകയായിരുന്നു."

മുകുന്ദന്‍റെ വാക്കുകള്‍ നിസ്സഹായതയോടെ അയാള്‍ കേട്ടു നിന്നു.

"ഞങ്ങളുടെ ഭാഗത്തു തെറ്റുണ്ട്. അച്ഛന്‍റെ മനസ്സറിയാനും അതനുസരിച്ചു പെരുമാറാനും കഴിയാതെ പോയി. ഞങ്ങളോടു ക്ഷമിക്കണം. വല്യച്ചന്‍ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടി. ആ വാക്കുകള്‍ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു."

മറുപടിയൊന്നും പറയാതെ… അച്ഛച്ചാ എന്നു വിളിച്ച് ഓടിയെത്തിയ പേരക്കുട്ടിയെ ചേര്‍ത്തുപിടിച്ച് ആ നെറ്റിയില്‍ അയാള്‍ ഉമ്മവച്ചു. വിനയന്‍റെ കയ്യില്‍ ടവ്വലില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന പുതിയ അതിഥിയെ അയാള്‍ കൈ നീട്ടി വാങ്ങി. താന്‍ രണ്ടു കുഞ്ഞുങ്ങളുടെ മുത്തച്ഛനായിരിക്കുന്നു എന്ന് അഭിമാനത്തോടെ ഓര്‍ത്തു.

"അച്ഛനൊന്നും പറഞ്ഞില്ല."

"എന്‍റെ മക്കളല്ലേ. നിങ്ങളോട് എനിക്ക് ഇഷ്ടക്കേടൊന്നുമില്ല."

ഇളയ മരുമകള്‍ വന്നു കുഞ്ഞിനെ വാങ്ങിയപ്പോള്‍ വിജയരാഘവന്‍ കുര്യാക്കോസച്ചനെ നോക്കി. ആ നോട്ടത്തില്‍ നിന്നും അദ്ദേഹം എല്ലാം വായിച്ചെടുത്തു. അദ്ദേഹത്തിന്‍റെ ഊഴമായി പിന്നെ.

"ഏറ്റവും എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നത് ഉപദേശമായതു കൊണ്ടും ഞാന്‍ പഴയ തലമുറക്കാരനായതുകൊണ്ടും ഒന്നുരണ്ടു കാര്യങ്ങള്‍ ഒരിക്കല്‍കൂടി പറയുകയാണ്. അച്ഛനും മക്കളുമൊക്കെ കേള്‍ക്കണം. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു കുടുംബം കരുപ്പിടിപ്പിച്ച ആളാണു വിജയരാഘവന്‍. ചെറിയൊരു ജോലിയിലിരുന്നു ധാരാളിത്തത്തിനു പുറകെ പോകാതെ നിങ്ങളെയൊക്കെ പഠിപ്പിച്ചു നല്ല നിലയിലാക്കി. അതു ചെറിയ കാര്യമല്ല. കുറ്റപ്പെടുത്തുകയാണെന്നു തോന്നരുത്. നിങ്ങള്‍, മക്കള്‍ അച്ഛനെ അനാഥത്വത്തിലേക്കു തള്ളി വിടാന്‍ പാടില്ലായിരുന്നു. അണുകുടുംബം, ഒന്നിനും സമയമില്ലാത്ത… വേഗത്തിലും തിടുക്കത്തിലുമുള്ള ജീവിതശൈലി എന്നൊക്കെ ന്യായം പറയാമെങ്കിലും അടിസ്ഥാനപരമായ കാരണം സ്നേഹമില്ലായ്മയാണ്."

"കഴിഞ്ഞതു കഴിഞ്ഞു. ഇനിയുള്ള കാലം പരസ്പരം അറിഞ്ഞും ആശയങ്ങള്‍ പങ്കുവച്ചും പൊരുത്തപ്പെട്ടും ജീവിക്കണം. മുഖത്തൊരു സങ്കടം നിഴലിച്ചാല്‍ അതെന്താണെന്നു തിരിച്ചറിയാനും ചോദിക്കാനുമുള്ള അടുപ്പവും സ്നേഹവും സ്വാതന്ത്ര്യവും വേണം. അച്ഛനെ മക്കളറിയണം. മക്കള്‍ അച്ഛനോടും പഴയ കാലത്തേതുപോലുള്ള ഹൃദയബന്ധങ്ങള്‍ തിരിച്ചുവരണം എന്നാണ് എന്‍റെ ആഗ്രഹം. എവിടെയാണു പാളിച്ചകള്‍ എന്നു തിരിച്ചറിഞ്ഞു വീട്ടില്‍ സൗഹാര്‍ദ്ദവും പരസ്പരധാരണയും പുലരണം. വിട്ടുവീഴ്ചയും സ്നേഹവുമുണ്ടെങ്കില്‍ ഏത് അസ്വസ്ഥതയ്ക്കും സമാധാനക്കേടിനും അറുതിയാകും. പഴമക്കാര്‍ പറയാറില്ലേ, കൂടുമ്പോഴേ ഇമ്പമുണ്ടാകൂ… അപ്പോഴേ അതു കുടുംബമാകൂ എന്ന്. നിങ്ങളുടെ കുടുംബത്തില്‍ ഇമ്പമുണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു."

കുര്യാക്കോസച്ചന്‍റെ വാക്കുകള്‍ ഏവരിലും പുത്തനൊരു ഉണര്‍വ്വുണ്ടാക്കി.

മുകുന്ദന്‍ വീണ്ടും പറഞ്ഞു: "പറഞ്ഞതെല്ലാം ഞങ്ങള്‍ക്കു ബോദ്ധ്യമായി. അച്ഛനും വല്യച്ചനും ഞങ്ങളോടു പൊറുക്കണം. ആ മനസ്സു ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. ഇനി അങ്ങനെയൊന്നും സംഭവിക്കില്ല. കൂട്ടിക്കൊണ്ടുപോകാനാണു ഞങ്ങള്‍ വന്നത്. ഞങ്ങളോടൊപ്പം അച്ഛന്‍ വരണം."

"ഞാന്‍ വരാം. ഇപ്പോഴല്ല; ചെറിയ ജോലിയൊക്കെ ചെയ്യാനുള്ള ആരോഗ്യം ഇപ്പോഴുണ്ട്. അതില്ലാതാവുന്ന കാലത്ത്…"

"വേണ്ട; അച്ഛനിനി ജോലി ചെയ്യേണ്ട. ആ മനസ്സു ഞങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ട്. ഇതുവരെയുണ്ടായ വീഴ്ചകള്‍ ഇനിയുണ്ടാവില്ലെന്നും വീണ്ടും വീണ്ടും പറയുന്നു. എല്ലാം മറന്ന്… ക്ഷമിച്ചു ങ്ങളോടൊപ്പം വരണം."

വിജയരാഘവന്‍ മറുപടിയൊന്നും പറയുന്നില്ലെന്നു കണ്ടപ്പോള്‍ കുര്യാക്കോസച്ചന്‍ ഇടപെട്ടു.

"വിജയാ… ഞാനിവിടെ അധിക നാളൊന്നുമുണ്ടായിരിക്കില്ല. മലയിലെ തണുപ്പ് എനിക്കു താങ്ങാന്‍ വയ്യാതായിത്തുടങ്ങി. കാലിന്‍റെ വേദന കൂടിക്കൂടി വരികയാണ്. നാടിനുവേണ്ടിയുള്ള എന്‍റെ പരിശ്രമത്തിന് ഏതാണ്ട് അറുതിയായി. പ്രൈമറി സ്കൂളിന്‍റെ അനുമതി ലഭിച്ചുകഴിഞ്ഞു പോസ്റ്റോഫീസിന്‍റെയും ഹെല്‍ത്ത് സെന്‍ററിന്‍റെയും കാര്യങ്ങള്‍ അധികം വൈകാതെ ശരിയാകും. അതുകൂടി വന്നുകിട്ടിയാല്‍ ഞാന്‍ മലയിറങ്ങും. അതുകൊണ്ടു മക്കളോടൊപ്പം വിജയന്‍ നാട്ടിലേക്കു പോകുന്നതാണു നല്ലത്. ഒരു പ്രായം കഴിഞ്ഞവര്‍ക്ക് ഈ മലയിലെ തണുപ്പു താങ്ങാന്‍ പറ്റാതാവും; അതുകൊണ്ടുകൂടിയാ."

"വരൂ… അച്ഛച്ഛാ… നമുക്കു പോകാം" – പേരക്കുട്ടിയും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ കുര്യാക്കോസച്ചന്‍റെ അനുഗ്രഹത്തോടെ… പെട്ടെന്നൊരുക്കിയ സത്കാരം സ്വീകരിച്ചു വി ജയരാഘവന്‍ മക്കളോടൊപ്പം കാറില്‍ കയറി.

ആ കാര്‍ കുന്നിറങ്ങി താഴ്വരയിലേക്കു പോകുന്നതു തന്‍റെ വീല്‍ച്ചെയറിലിരുന്നു കുര്യാക്കോസച്ചന്‍ കണ്ടു. ആ കണ്ണില്‍ അപ്പോഴും ഒരു പാടു കനവുകള്‍… പദ്ധതികള്‍… യാത്രകള്‍ ബാക്കിയുണ്ടായിരുന്നു.

(അവസാനിച്ചു).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org