ഇല കൊഴിയും കാലം – 1

ഇല കൊഴിയും കാലം – 1

വഴിത്തല രവി

ഫാത്തിമമാതാ പള്ളിയില്‍ പ്രഭാതപ്രാര്‍ത്ഥനയ്ക്കു മണി മുഴങ്ങുന്നതു കേട്ടാണു ശ്രീദേവി എന്നും ഉറക്കമുണരുക. വെളുക്കുംമുമ്പേ എഴുന്നേറ്റ് തുടങ്ങിയ ജോലികള്‍ ഒതുക്കി ഭര്‍ത്താവിനെയും മക്കളെയും മരുമക്കളെയും തൊഴിലിടങ്ങളിലേക്കും പേരക്കുട്ടിയെ പ്ലേസ്കൂളിലേക്കും യാത്രയാക്കിയപ്പോഴേക്കും ഒരു നേരമായി.

വീട്ടുജോലി ഏറെയുണ്ടായിരുന്ന ദിവസമായിരുന്നു ഇന്ന്. തന്‍റെ കുട്ടികളുടെ അച്ഛന്‍ ജോലിയില്‍ നിന്നും വിരമിക്കുകയാണ്. രണ്ടര പതിറ്റാണ്ടിലേറെ മനസ്സിലേറ്റിയ കര്‍മമണ്ഡലത്തില്‍ നിന്നും പിരിയുന്ന ദിവസം നല്ല ഭക്ഷണമൊരുക്കണമെന്നു നിര്‍ബന്ധമായിരുന്നു അവര്‍ക്ക്. ഇഷ്ടവിഭവങ്ങളായ ഇടിയപ്പവും മുട്ടക്കറിയും ഏത്തപ്പഴം പുഴുങ്ങിയതുമായിരുന്നു പ്രഭാതഭക്ഷണം. പുറമേ മക്കള്‍ക്കും മരുമക്കള്‍ക്കും ചോറും മീന്‍കറിയും മുരിങ്ങയില തോരനും.

വീണ്ടും പള്ളിയില്‍നിന്നും മണി മുഴങ്ങുന്ന ശബ്ദം. പതിവില്ലാത്തതാണ്. ഒരുപക്ഷേ, എന്തെങ്കിലും വിശേഷമുണ്ടാകും. അല്ലെങ്കില്‍ പെരുന്നാളിനു കൊടിയേറിയോ?

ഓട്ടപ്പാച്ചിലിനിടയില്‍ ഒന്നുമറിയുന്നില്ല. എന്തായാലും വാതില്‍പ്പടിക്കു പുറത്തിട്ട കസേരയില്‍ അവര്‍ വന്നിരുന്നു. ദൂരെ തലയുയര്‍ത്തിനില്ക്കുന്ന പള്ളിയും കുരിശും മണിയടിക്കുന്ന ശബ്ദവും മനസ്സിനെ ഒരുപാടു പുറകിലേക്കു കൊണ്ടുപോയി. ആ കുരിശുമായും മണിയൊച്ചയുമായി ബന്ധപ്പെട്ടു തന്‍റെ കൊച്ചു ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട്.

അനാഥമായി… ആരാലും ശ്രദ്ധിക്കപ്പെടാതെ പടുമുളപോലെ കരിഞ്ഞുപോകേണ്ട തന്‍റെ ജീവിതത്തിനു വെള്ളവും വെളിച്ചവുമേകി തണലായി അവതരിച്ച ദൈവദൂതനെയാണ് ഈ നിമിഷം സകല ആദരവുകളോടെയും സ്മരിക്കുന്നത്. പ്രഭാതസൂര്യന്‍റെ പ്രകാശംപോലെ, കുളിര്‍മഴയുടെ സാന്ത്വനംപോലെ വാത്സല്യത്തിന്‍റെയും കരുതലിന്‍റെയും ആള്‍രൂപമായ കുര്യാക്കോസച്ചന്‍ എന്ന ക്രിസ്തീയ പുരോഹിതന്‍.

പെരുമഴയിലും കാറ്റിലും തകര്‍ന്നു വീണ വാടകവീടിനുള്ളില്‍ മരിച്ചുകിടന്ന അച്ഛനമ്മമാര്‍ക്കു മുന്നില്‍ പുസ്തകക്കെട്ടു മാറോടടുക്കി പകച്ചുനിന്ന ഒരു പത്തു വയസ്സുകാരിയുടെ ചിത്രം ഇന്നും മനസ്സിലുണ്ട്. ശ്രീദേവിയെന്നു പേരുള്ള താനായിരുന്നു അത്. സ്കൂള്‍ വിട്ട് നനഞ്ഞൊലിച്ചെത്തിയ അവളുടെ കൈപിടിക്കാന്‍ ആശ്വാസവാക്ക് പറയാന്‍ ആരുമുണ്ടായിരുന്നില്ല. ഓടിക്കൂടിയവരും മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചവരുമൊക്കെ പിരിഞ്ഞപ്പോള്‍ നനവു വീണ വരാന്തയില്‍ അവള്‍ മാത്രമായി. മടിയിലേയ്ക്കു മുഖം താഴ്ത്തിയിരുന്നു തേങ്ങുന്ന അവളുടെ തലയില്‍ മൃദുവായ ഒരു തലോടല്‍; അവള്‍ മെല്ലെ തലയുയര്‍ത്തി. വള്ളിച്ചെരുപ്പും ളോഹയും ഇടതുകയ്യില്‍ തൂങ്ങിക്കിടക്കുന്ന കുടയുമാണ് ആദ്യമവള്‍ കണ്ടത്.

സ്കൂള്‍ വിട്ടു വന്നു മേല്‍ കഴുകി പള്ളിയുടെ കോമ്പൗണ്ടിനു പുറത്തു റോഡരികിലുള്ള കപ്പേളയില്‍ മെഴുകുതിരി കത്തിക്കാന്‍ കൂട്ടുകാരോടൊപ്പം പോകുമ്പോള്‍ ളോഹയുടെ പോക്കറ്റില്‍ നിന്നും ചോക്ലേറ്റ് എടുത്തു തരുന്ന, അതിനേക്കാള്‍ മധുരമായി ചിരിക്കുന്ന പള്ളീലച്ചനാണെന്നറിഞ്ഞതും അവളുടെ സങ്കടം അണപൊട്ടി.

"എന്‍റെ അച്ഛനുമമ്മയും പോയി. എനിക്കാരുമില്ല അച്ചോ." വിതുമ്പലിനൊപ്പം തന്‍റെ അച്ഛനേക്കാള്‍ പ്രായമുള്ള അദ്ദേഹത്തെ അവള്‍ ചുറ്റിപ്പിടിച്ചു. അച്ചന്‍ ഒന്നും പറഞ്ഞില്ല. അവള്‍ കരയട്ടെ, മനസ്സിന്‍റെ ഭാരം കുറയട്ടെ എന്നു മാത്രം കരുതി. കരച്ചിലൊന്നു ശമിച്ചപ്പോള്‍ അച്ചന്‍ അവളെ പള്ളിയിലേക്കു കൂട്ടിക്കൊണ്ടുപോയി. പള്ളിയിലും മഠത്തിലും സഹായിക്കാന്‍ നില്ക്കുന്ന റോസിച്ചേടത്തിയെ അടുത്തു വിളിച്ച് അച്ചന്‍ പറഞ്ഞു:

"ഈ കുട്ടിയുടെ തല തോര്‍ത്തി ഈറന്‍ മാറാന്‍ എന്തെങ്കിലും കൊടുക്ക്. ഒന്നും കഴിച്ചിട്ടില്ല. ആഹാരം കൊടുത്തു ചേടത്തിയുടെ മുറിയില്‍ കിടത്തണം. നേരമിരുട്ടി. കാര്യങ്ങളൊക്കെ പിന്നീടു പറയാം."

പക്ഷേ, പിന്നീടു കാര്യങ്ങളൊന്നും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. കുട്ടികളും കുടുംബവുമില്ലാത്ത റോസിയമ്മ സ്വന്തം മകളെപ്പോലെ വാത്സല്യപൂര്‍വം അവളെ പരിപാലിച്ചു. ഒരു രക്ഷകര്‍ത്താവിന്‍റെ കരുതലോടെ സുരക്ഷിതമായ ജീവിതവും തുടര്‍പഠനവും അച്ചന്‍ ഉറപ്പു വരുത്തി.

വര്‍ഷങ്ങള്‍ കടന്നുപോയി. അവള്‍ പത്താം ക്ലാസ്സ് ജയിച്ചു. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ റോസിയമ്മയ്ക്കു വാര്‍ദ്ധക്യത്തിന്‍റേതായ അസുഖങ്ങളുടെ ആരംഭമായി. കാല്‍മുട്ടിനും നടുവിനും വേദന. നാലടി നടന്നാല്‍ കിതയ്ക്കും എന്ന അവസ്ഥ. വര്‍ദ്ധിച്ച ആശങ്കയോടെ അവര്‍ അച്ചനോടു പറഞ്ഞു:

"ഈ കുട്ടിയുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉടനെ വേണം. എനിക്കെന്തെങ്കിലും സംഭവിക്കുകയോ… അച്ചനു സ്ഥലംമാറ്റമാവുകയോ ചെയ്യുന്നതിനു മുമ്പായാല്‍ സമാധാനമായി."

'നോക്കട്ടെ' എന്നു പറഞ്ഞുപോയ അച്ചന്‍ അവളെ കല്യാണം കഴിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചു. പഠിച്ച് ഒരു ജോലി സമ്പാദിക്കുക എന്നതൊക്കെ കാലതാമസം വേണ്ടുന്ന കാര്യങ്ങളായിരുന്നു. പോരാത്തതിന് അവളുടെ പഠനം ശരാശരി നിലവാരം മാത്രവുമായിരുന്നു.

ആയിടെ പള്ളിയോടു ചേര്‍ന്നുള്ള ഹാളിന്‍റെ മേല്ക്കൂര അലൂമിനിയം ഷീറ്റിടാന്‍ വന്ന ഒരു ചെറുപ്പക്കാരനെ അച്ചന്‍ ശ്രദ്ധിച്ചിരുന്നു. ജോലിയിലുള്ള സൂക്ഷ്മതയും പെരുമാറ്റത്തിലെ കുലീനത്വവും അച്ചന് അവനെ ഇഷ്ടമാവാന്‍ കാരണമായി. കാഴ്ചയിലും നന്ന്; പേര് വിജയരാഘവന്‍.

അച്ചന്‍ അയാളെപ്പറ്റി വേണ്ടതുപോലെ അന്വേഷിച്ചു. അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പില്ല. ഒരു സഹോദരിയുള്ളതു വിവാഹിതയായി തമിഴ്നാട്ടില്‍ എവിടെയോ ആണ്. ദുശ്ശീലങ്ങളൊന്നുമില്ല.

അച്ചന്‍ അയാളോട് കാര്യങ്ങള്‍ തുറന്നു സംസാരിച്ചു.

"സമ്മതമാണ്. പക്ഷേ, കൂട്ടിക്കൊണ്ടുപോകാന്‍ എനിക്കൊരു വീടില്ല" – അതായിരുന്നു അയാളുടെ മറുപടി.

"ഞങ്ങളൊക്കെ ഇവിടെയില്ലേ; അതൊക്കെ ഉണ്ടാകും. തത്കാലം ഒരു വാടകവീടു കണ്ടുപിടിക്ക്."

ആ ഉറപ്പില്‍ കുര്യാക്കോസ് അച്ചന്‍ എടുത്തുകൊടുത്ത വരണമാല്യം ചാര്‍ത്തി വിജയരാഘവനും ശ്രീദേവിയും വിവാഹിതരായി. കുറച്ചു പൊന്നും പണവും അവള്‍ക്കായി അച്ചനും റോസിയും കരുതിയിട്ടുണ്ടായിരുന്നു.

അച്ചന്‍റെ ശിപാര്‍ശയില്‍ അവിടവിടെ ജോലി ചെയ്തു വാടകവീട്ടില്‍ കഴിയവേ ഒരുനാള്‍ ഉടനെ തന്നെ വന്നു കാണാന്‍ വിജയരാഘവനെ തേടി അച്ചന്‍റെ സന്ദേശമെത്തി.

അച്ചനു കഥകളിയിലും സംസ്കൃതത്തിലും നല്ല പിടിപാടുണ്ടായിരുന്നു. അതേ താത്പര്യമുള്ള ഒരു സഹപാഠി അടുത്തുതന്നെയുള്ള കമ്പനിയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സ്ഥലം മാറി വന്നതും ഒരു ചടങ്ങില്‍വച്ച് അവര്‍ തമ്മില്‍ കണ്ടുമുട്ടിയതുമാണു സേന്ദശമയയ്ക്കാന്‍ കാരണം.

കൃഷ്ണന്‍ നായര്‍ എന്നു പേരുള്ള ആ സഹപാഠി അ ച്ഛനോടു പറഞ്ഞു: "അച്ചന്‍ ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ. ചെറിയ രീതിയിലുള്ള സഹായമൊക്കെ ചെയ്യാന്‍ അധികാരമുള്ള ഒരു സ്ഥാനത്താണു ഞാനിരിക്കുന്നത്."

അച്ചനു പെട്ടെന്ന് ഓര്‍മ വന്നതു വിജയരാഘവന്‍റെ കാര്യമാണ്. അച്ചന്‍ നല്കിയ കുറിപ്പുമായെത്തിയ വിജയരാഘവനെ കമ്പനിയില്‍ ജോലിക്കുള്ള നിയമന ഉത്തരവു കാത്തിരിക്കുകയായിരുന്നു.

അന്നു ജോലിക്കു ചേര്‍ന്നയാളാണു രണ്ടര പതിറ്റാണ്ടിനുശേഷം ഇന്നു വിരമിക്കുന്നത്. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നു പറഞ്ഞാണ് അച്ചന്‍ തങ്ങളെ യാത്രയാക്കിയത്. എന്നാല്‍ ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍ ഇനിയും അച്ചനെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു തീരുമാനം. മറ്റൊന്നുകൊണ്ടുമല്ല തങ്ങളെപ്പോലെ തണല്‍ തേടുന്ന ഒരുപാടു കുടുംബങ്ങള്‍ അദ്ദേഹത്തിന്‍റെ കാരുണ്യത്തിനു കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞിട്ടു തന്നെ. പക്ഷേ, മക്കള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ വാരിയെടുത്ത് അച്ചന്‍റെ അടുത്തേയ്ക്ക് ഓടുമായിരുന്നു. അച്ചന്‍ തലയില്‍ തൊട്ടു പ്രാര്‍ത്ഥിച്ചാല്‍ ഏതസുഖവും മാറുമെന്ന് ഉറപ്പായിരുന്നു. അച്ചന്‍ സ്നേഹത്തോടെ ശാസിക്കും. "പ്രാര്‍ത്ഥനയൊക്കെ വേണം. പക്ഷേ, കുഞ്ഞിനെ നേരെ ഡോക്ടറുടെ അടുത്തേയ്ക്കു കൊണ്ടുപൊയ്ക്കോ."

ദൈവാനുഗ്രഹംകൊണ്ട് അച്ചന്‍റെ തലോടലില്‍ മാറാത്ത ഒരസുഖവും തന്‍റെ കുഞ്ഞുങ്ങള്‍ക്കുണ്ടായിട്ടില്ല നാളിതുവരെ.

അച്ചന്‍ സ്ഥലം മാറിപ്പോയപ്പോള്‍ ചിറകുകള്‍ നഷ്ടമായ തോന്നലായിരുന്നു. ആ സങ്കടം മാറാന്‍ ഏറെ നാളെടുത്തു. റോസിയമ്മ യാത്രയായതും തീരാവേദനയായിരുന്നു.

എന്നും ഫാത്തിമാമാതാ പള്ളിയിലെ മണി മുഴുങ്ങുമ്പോള്‍ അച്ചനെയോര്‍ക്കും. ഇന്നിവിടെ അച്ചന്‍ ഉണ്ടാകേണ്ടതായിരുന്നു. കമ്പനിയില്‍ കയറാന്‍ സാഹചര്യമൊരുക്കിയ അച്ചന്‍റെ അനുഗ്രഹം തീര്‍ച്ചയായും തങ്ങളുടെമേല്‍ ഉണ്ടാകുമെന്നു തന്നെ ശ്രീദേവി ഓര്‍ത്തു.

അച്ചനെപ്പറ്റി ഓര്‍ത്തു തുടങ്ങിയാല്‍ നേരം പോകുന്നതറിയില്ല. ഇന്നു പക്ഷേ, അങ്ങനെ ഓര്‍ത്തിരിക്കാന്‍ സാവകാശമില്ല. കമ്പനിയില്‍നിന്ന് അദ്ദേഹമെത്തുംമുമ്പു മക്കളെല്ലാവരും എത്തും. ഒപ്പം മറ്റു ചില അതിഥികളും.

ചില ഒരുക്കങ്ങളെല്ലാം ചെയ്യാനുണ്ട്; ശ്രീദേവി മെല്ലെ എഴുന്നേറ്റു.

****************

കമ്പനി ഗെയ്റ്റ് കടന്നു കുഴിക്കാട് കവലയിലെത്തി വീടിനു മുന്നിലെ വഴിയിലേക്കു കാര്‍ തിരിയുമ്പോള്‍ തന്നെ ചെറിയ ആള്‍ക്കൂട്ടം വിജയരാഘവന്‍റെ കാഴ്ചയില്‍പ്പെട്ടു. കാറെത്തി എന്ന് ആരോ വീട്ടിലേക്കു കയ്യുയര്‍ത്തി അറിയിക്കുന്നുണ്ട്.

കമ്പനിയില്‍ നിന്നും എത്തിയവരോടൊപ്പം കയ്യില്‍ ബൊക്കെയും കഴുത്തില്‍ ചന്ദനമാലയുമായി വിജയരാഘവന്‍ കാറില്‍നിന്നിറങ്ങുമ്പോള്‍ കയ്യില്‍ എരിയുന്ന നിലവി ളക്കുമായി ശ്രീദേവി വരാന്തയിറങ്ങി ഗെയ്റ്റിലേക്കു വന്നു. കാറ്റില്‍ ദീപനാളം അണയാതിരിക്കാന്‍ ഇരുവശവും പുത്രവധുക്കള്‍. വിജയരാഘവന്‍ ചെരിപ്പഴിച്ചുവച്ചു തന്‍റെ പത്നിയുടെ മുന്നില്‍ നിന്നു. നിലവിളക്കു മൂത്ത മരുമകള്‍ക്കു കൈമാറി, വിജയരാഘവന്‍റ കൈ പിടിച്ച് അവര്‍ അകത്തേയ്ക്കു കയറി. തന്‍റെ അച്ഛനമ്മമാരുടെയും ദൈവങ്ങളുടെയും ചിത്രം വച്ചിരിക്കുന്ന ചുവരിലേക്കു നോക്കി അയാള്‍ മനസ്സാ നമിച്ചു; കാത്തുകൊള്ളണേ…

പിന്നെ തന്‍റെ കഴുത്തില്‍ കിടന്ന മാല ഊരി ഒരു കൗതുകത്തിനായി ശ്രീദേവിയെ അണിയിച്ചു.

"അച്ഛാച്ചന്‍ അച്ഛമ്മയെ കല്യാണം കഴിച്ചു", "അച്ഛാച്ചന്‍ അച്ഛമ്മയെ കല്യാണം കഴിച്ചു" – വിങ്ങി മുറുകിയിരുന്ന അന്തരീക്ഷം പെട്ടെന്നു പേരക്കുട്ടിയുടെ ആശ്ചര്യവും സന്തോഷവും കലര്‍ന്ന വാക്കുകളാല്‍ അയവുള്ളതായി. ഒരു കൂട്ടച്ചിരിക്ക് അതു വഴിവച്ചു. വിജയരാഘവന്‍ തന്‍റെ കൊച്ചുമകളെ വാരിയെടുത്ത് എല്ലാവരോടുമായി പറഞ്ഞു: "ഉള്ള സ്ഥലത്തൊക്കെ ഇരിക്കൂ…"

പരസ്പരം പരിചയപ്പെടലും ചിരിയും വര്‍ത്തമാനവും കഴിഞ്ഞു പതിവുള്ള ഫ്രൈഡ് റൈസും ചിക്കനും ഐസ് ക്രീമും കഴിച്ച് അതിഥികളും അയല്‍വാസികളും സുഹൃത്തുക്കളും സന്തോഷവും സമാധാനവും നിറഞ്ഞ വിശ്രമജീവിതം ആശംസിച്ചു യാത്രയായി.

കമ്പനിയില്‍നിന്നും ലഭിച്ച പാരിതോഷികങ്ങളും സമ്മാനങ്ങളും തുറന്നുനോക്കുന്ന തിരക്കിലായിരുന്നു മരുമക്കളും പേരക്കുട്ടിയും.

നിലവിളക്ക് – വിലപ്പെട്ട സേവനക്കാര്യം രേഖപ്പെടുത്തിയ മൊമെന്‍റോ. യൂണിയന്‍റെ ഉപഹാരം വെല്‍ഫയര്‍ ഫണ്ടില്‍നിന്നുള്ള സമ്മാനം.

എല്ലാം ഒതുക്കിവച്ചു മക്കളെല്ലാം ഉറങ്ങാന്‍ പോയപ്പോള്‍ ഹാളില്‍ വിജയരാഘവനും ശ്രീദേവിയും മാത്രമായി.
"എന്തു തോന്നുന്നു?" – ശ്രീദേവിയുടെ ചോദ്യം.

"എല്ലാം ഭംഗിയായി ചെയ്തുതീര്‍ത്ത സംതൃപ്തിയുണ്ട്, സന്തോഷവുമുണ്ട്. ഒന്നിലും തോല്ക്കാതിരിക്കാന്‍ എന്നും ഒപ്പം നീ ഉണ്ടായിരുന്നല്ലോ… അതായിരുന്നു ശക്തി. ഇനി സമാധാനമായി. സന്തോഷമായി ഈ മടിയില്‍ തലവച്ചു കിടക്കണം… എപ്പോഴും."

അവര്‍ അയാളെ തെല്ലുനേരം നോക്കിയിരുന്നു. പിന്നെ ആശ്വസിപ്പിക്കുംപോലെ പറഞ്ഞു: "രാവിലെ തുടങ്ങിയ ഓട്ടമല്ലേ? മേല് കഴുകി വരൂ. ഒരുപാടു വൈകി."

അയാള്‍ കുളിമുറിയില്‍നിന്നും ഇറങ്ങി വന്നപ്പോഴേക്കും ശ്രീദേവി ഉറങ്ങിക്കഴിഞ്ഞിരുന്നു. മെല്ലെ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ തളര്‍ന്നുറങ്ങുന്ന രൂപം കണ്ടപ്പോള്‍ ഒരുപാട് ഓര്‍മകള്‍ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

വിവാഹം ചെയ്തു കൊണ്ടുവരുമ്പോള്‍ പ്രായം പതിനെട്ട്. പ്രീഡിഗ്രി ജയിച്ചിട്ടുണ്ടായിരുന്നു. ഒരു ജോലി കിട്ടാന്‍ അക്കാലത്ത് അതു ധാരാളമായിരുന്നു. പക്ഷേ ജോലിക്കു പോകാന്‍ ശ്രീദേവിക്കു താത്പര്യമില്ലായിരുന്നു. അവര്‍ പറഞ്ഞു.

"കുടുംബം പുലര്‍ത്താനുള്ളതു കമ്പനി തരുമല്ലോ. നല്ലൊരു വീട്ടമ്മയായി അങ്ങയെ സേവിച്ചു സ്വസ്ഥമായി ഞാന്‍ കഴിഞ്ഞുകൊള്ളാം."

"ഒരാളുടെ വരുമാനംകൊണ്ടു ജീവിക്കുക എന്നു പറഞ്ഞാല്‍ വല്ലാതെ ഞെരുങ്ങേണ്ടി വരും. ഒരു നല്ല സാരി വാങ്ങിത്തരാന്‍പോലും എനിക്കു കഴിഞ്ഞെന്നു വരില്ല."

"ആഡംബരങ്ങളില്ലാത്ത കൊച്ചൊരു ജീവിതം മതി നമുക്ക്."

വരുമാനമല്ല… മനസ്സാണു സന്തോഷം തരുന്നത് എന്നു വൈകാതെ തന്നെ വിജയരാഘവനു മനസ്സിലായി. വിവാഹം കഴിഞ്ഞ് അധികനാളാകുംമുമ്പേ തങ്ങള്‍ക്കു സ്വന്തമായൊരു വീടുണ്ടാകാന്‍ കാരണം ശ്രീദേവിയുടെ ഉത്സാഹമായിരുന്നു. കമ്പനി ഗെയ്റ്റില്‍ നിന്നും അകലെയല്ലാത്ത ഈ വീടു വില്ക്കാനുണ്ടെന്നു പലചരക്കു കടക്കാരന്‍ മത്തായിച്ചേട്ടനില്‍ നിന്ന് അറിഞ്ഞ നിമിഷം മുതല്‍ അവള്‍ അതിനായി പരിശ്രമിച്ചു. വിവാഹസമയത്ത് അച്ഛനമ്മമാര്‍ നല്കിയ സ്വര്‍ണം… ചെറിയൊരു താലിച്ചെയിനൊഴിച്ച്, എല്ലാം വിറ്റു തന്‍റെ അതുവരെയുള്ള ഇത്തിരി സമ്പാദ്യവും ചെറിയ വായ്പയും കൂട്ടിച്ചേര്‍ത്തു വീടു വാങ്ങുമ്പോള്‍ മഹാലക്ഷ്മിയാണിവള്‍ എന്നു തോന്നിപ്പോയി.

പരിഭവങ്ങളും പരാതികളുമില്ലാത്ത നല്ലൊരു ഭാര്യയായിരുന്നു എന്നുമവള്‍.

അടുത്ത വീട്ടില്‍ 20 ഇഞ്ചിന്‍റെ ടിവി വാങ്ങുമ്പോള്‍ നമുക്ക് 24 ഇഞ്ച് ടിവി വേണം എന്നവള്‍ ഒരിക്കലും ആവശ്യപ്പെട്ടില്ല. കൂടെ ജോലി ചെയ്യുന്നവര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ നമുക്കൊരു സ്കൂട്ടറെങ്കിലും വാങ്ങണം എന്നവള്‍ ശാഠ്യം പിടിച്ചിട്ടില്ല. രണ്ടു മക്കളായപ്പോഴും തന്‍റെ ഹെര്‍ക്കുലീസ് സൈക്കിളില്‍ നാലു പേരുംകൂടി മാര്‍ക്കറ്റിലും സിനിമാ തിയ്യറ്ററിലുമൊക്കെ ചുറ്റിയടിക്കുമായിരുന്നു, സന്തോഷത്തോടെ.

മുകുന്ദനും വിനയനും സ്കൂളില്‍ ചേരേണ്ട സമയമായപ്പോള്‍ തന്‍റെ സഹപ്രവര്‍ത്തകരുടെ മക്കളൊക്കെ പഠിക്കുന്ന പള്ളിവക ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹം. തൊട്ടടുത്തുള്ള ഗവണ്‍മെന്‍റ് സ്കൂളില്‍ ചേര്‍ത്താല്‍ മതിയെന്നായിരുന്നു ശ്രീദേവിയുടെ പക്ഷം. സ്ഥിരം സമരവും വഴക്കും മാത്രമാണവിടെ എന്നതൊന്നും ശ്രീദേവിയെ പിന്തിരിപ്പിക്കാന്‍ പറ്റിയ കാരണങ്ങളായിരുന്നില്ല.

"വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പത്തുമുള്ള അദ്ധ്യാപകരാണവിടെ. പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ പഠിപ്പിക്കും. വേണ്ടവര്‍ക്കു ജയിക്കാം. ഞാനിവിടെ വെറുതെയിരിക്കുകയല്ലേ. പത്താം ക്ലാസ്സുവരെ പറഞ്ഞുകൊടുക്കാനുള്ളത് എന്‍റെ കൈവശമുണ്ട്."

അതു സത്യമായിരുന്നു. മക്കള്‍ രണ്ടുപേരും ക്ലാസ്സില്‍ എന്നും ഒന്നാമതായിരുന്നു. മുതിര്‍ന്ന ക്ലാസ്സിലെത്തിയപ്പോള്‍ സംശയമുള്ള കാര്യങ്ങള്‍ അമ്മ ആദ്യം പഠിക്കും. അതിനായി ഉച്ച ഒഴിവുനേരങ്ങളില്‍ സ്റ്റാഫ് റൂമിലെത്തി അവര്‍ സംശയം തീര്‍ക്കുമായിരുന്നു. സ്കൂള്‍ ഫസ്റ്റായിട്ടാണ് ഇരുവരും പത്താംക്ലാസ്സ് ജയിച്ചത്.

മലയാളം പത്രത്തിനു പുറമേ കുട്ടികള്‍ക്ക് അധികമായി വാങ്ങിയിരുന്നത് ഒരു ഇംഗ്ലീഷ് പത്രം മാത്രമായിരുന്നു. പിന്നെ കമ്പനി റീഡിംഗ് റൂമില്‍നിന്നും ചെറിയ തുകയ്ക്കു ലേലം കൊള്ളുന്ന പഴയ 'ദീ വീക്ക്', 'ടെല്‍മീ വൈ' പോലുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും. അതു ഗുണം ചെയ്തു. കോളജിലെത്തിയപ്പോഴേക്കും ഇംഗ്ലീഷില്‍ സാമാന്യം തെറ്റില്ലാതെ സംസാരിക്കാന്‍ അവര്‍ പ്രാപ്തി നേടി.

മുകുന്ദന്‍ ബിടെക് പ്രവേശനം നേടിയതു മെറിറ്റിലായിരുന്നു. സ്കോളര്‍ഷിപ്പോടെ പാസ്സായപ്പോഴേക്കും കാമ്പസ് സെലക്ഷനിലൂടെ ജോലിയും സ്വന്തമായി. വിനയ ചന്ദ്രനും എംബിഎയ്ക്ക് ജയിക്കുമ്പോള്‍ത്തന്നെ നിയമന ഉത്തരവു ലഭിച്ചിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹവും നടന്നു.

ജോലിയുള്ള മരുമക്കള്‍.

മുകുന്ദനു മോളും പിറന്നു.

ജോലിയില്‍ നിന്നും വിരമിക്കും മുമ്പു ചുമതലകള്‍ ഒതുക്കാന്‍ കഴിഞ്ഞതു തന്‍റെ ഭാഗ്യം. ഇനി സന്തോഷത്തോടെ തനിക്കു വിശ്രമിക്കാം. അയാള്‍ ശ്രീദേവിയുടെ ഉറക്കത്തിനു തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിച്ചു കട്ടിലിലേക്കു മെല്ലെ കിടന്നു.

കിടന്നതും അയാള്‍ ഉറങ്ങിപ്പോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org