Latest News
|^| Home -> Novel -> Novel -> ഇല കൊഴിയും കാലം – 6

ഇല കൊഴിയും കാലം – 6

Sathyadeepam

വഴിത്തല രവി

വിജയരാഘവനു ജീവിതത്തില്‍ അമിതമായ ആഗ്രഹങ്ങളോ ആഘോഷങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ സാധാരണമായ ഒരു കൊച്ചു ജീവിതം. അതുകൊണ്ടുതന്നെ തന്‍റെ അറുപതാം പിറന്നാള്‍ ബന്ധുക്കളെയും സ്നേഹിതരെയും അയല്‍വാസികളെയുമൊക്കെ ക്ഷണിച്ചു ചെറിയ തോതില്‍ ആഘോഷിക്കണമെന്ന് ശ്രീദേവി ആഗ്രഹിച്ചിരുന്നതായി വിജയരാഘവന്‍ ഓര്‍ത്തു. സാധാരണ പിറന്നാളിന് അമ്പലത്തില്‍ പോയി തൊഴുതു പ്രാര്‍ത്ഥിക്കും. പേരും നാളും ചൊല്ലി പുഷ്പാഞ്ജലി. ചിലപ്പോള്‍ വീട്ടില്‍ സേമിയാപായസം തയ്യാറാക്കിയാലായി.

ആഘോഷിക്കണമെന്നു പറഞ്ഞയാള്‍ നേരത്തെ പോ യി. ഇനി ആര് ആഘോഷിക്കാന്‍?

പൊടിക്കുഞ്ഞുങ്ങളുടെ പിറന്നാള്‍ വലിയ ആഘോഷമാക്കുന്നവര്‍ തന്‍റെ പിറന്നാള്‍ വന്നതുപോലും ആരും ഓര്‍ത്തില്ല.

പുലര്‍ച്ചെ അമ്പലത്തില്‍ പോയി തൊഴാമെന്നു കരുതി പുറത്തിറങ്ങുമ്പോള്‍ മരുമകളുടെ ചോദ്യം: “അച്ഛന്‍ രാവിലെ എങ്ങോട്ടാ?”

“അമ്പലത്തിലൊന്നു പോകാമെന്നു കരുതി.”

“ഓ… ഇനി അതിന്‍റെ കുറവേയുള്ളൂ. ഇവിടത്തെ പ്രശ്നങ്ങള്‍ വല്ലതും അച്ഛന്‍ അറിയുന്നുണ്ടോ? പൈപ്പില്‍ വെള്ളം വന്നിട്ടു ദിവസം രണ്ടായി. കിണറ്റില്‍ നിന്നും വെള്ളം അടിക്കാമെന്നുവച്ചാല്‍ മോട്ടോര്‍ കേട്. എനിക്കിന്ന് നേരത്തെ പോകണം. ഞാനിറങ്ങുകയാ. കുളിമുറിയില്‍ രണ്ടുമൂന്നു ബക്കറ്റ് വെള്ളം കോരിവയ്ക്കണം. മുകുന്ദേട്ടന്‍ ഓഫീസിലേക്കു പുറപ്പെടാന്‍ ധൃതിവച്ചായിരിക്കും എഴുന്നേറ്റു വരുന്നെ.”

വിജയരാഘവന്‍ അകത്തു പോയി വെള്ള മുണ്ടും ഷര്‍ട്ടും മാറിയിട്ടു ബക്കറ്റുമായി കിണറ്റുങ്കരയിലേക്കു നടക്കുമ്പോള്‍ രേവതി വിളിച്ചുപറഞ്ഞു: “മുകുന്ദേട്ടനും മോളും പോയിക്കഴിയുമ്പോള്‍ ആരെയെങ്കിലും വിളിച്ചു മോട്ടോര്‍ ഒന്ന് നന്നാക്കിക്ക്.”

രണ്ടുമൂന്നു ബക്കറ്റ് നിറയെ വെള്ളം കോരി കുളിമുറിയില്‍ എത്തിച്ചപ്പോഴേക്കും വിജയരാഘവന്‍ തളര്‍ന്നുപോയി. എവിടെയെങ്കിലും ഒന്ന് ഇരുന്നാല്‍ മതി എന്നായി ചിന്ത. ഇരുന്നിടത്തുതന്നെ ചാരി. അയാള്‍ ഉറങ്ങിപ്പോയി. കാര്‍ പുറപ്പെടുന്ന ശബ്ദം കേട്ടാണ് അയാള്‍ ഉറക്കം ഉണര്‍ന്നത്.

പിന്നെ താമസിച്ചില്ല. മോട്ടോര്‍ മെക്കാനിക്കിനെ തേടി റോഡിലേക്കിറങ്ങി. ഇലക്ട്രിക്കല്‍ ഷോപ്പില്‍ കണ്ടുമുട്ടിയ ഒരു പരിചയക്കാരന്‍ വഴി ഒരാളെ കിട്ടി.

അയാളുടെ പരിശോധനയും പണിയും കണ്ടപ്പോള്‍ ജോലിയില്‍ അത്ര പ്രാഗത്ഭ്യം പോരെന്നു തോന്നി. സ്വിച്ച്ബോക്സ് തുറന്നു നോക്കിയും ഏതൊക്കെയോ വയര്‍ അഴിച്ചും കെട്ടിയും… പിന്നെ ഫുട്വാല്‍വില്‍ വെള്ളമൊഴിച്ചു നോക്കിയും മോട്ടോര്‍ ശരിയായപ്പോഴേക്കും മണി രണ്ടു കഴിഞ്ഞു. മെക്കാനിക്കിനു കൂലി കൊടുക്കാന്‍ തന്‍റെ കയ്യിലുള്ള അവസാന നാണയം വരെ നുള്ളിപ്പെറുക്കേണ്ടി വന്നു.

ടാങ്കില്‍ തുള്ളിവെള്ളമില്ല. മോട്ടോര്‍ ഓണ്‍ ചെയ്തുകഴിഞ്ഞപ്പോഴാണു കൊച്ചുമോളുടെ സ്കൂള്‍ വാന്‍ വരാറായല്ലോ എന്നോര്‍ത്തത്. വേഗം ഷര്‍ട്ടെടുത്തിട്ടു വീടു പൂട്ടി വാന്‍ എത്തുന്ന സ്റ്റോപ്പിലേക്കു കുതിച്ചു. സ്കൂള്‍ വാന്‍ പതിവിലും പതിനഞ്ചു മിനിറ്റു വൈകി. മോളെ കൂട്ടി വീട്ടിലെത്തുമ്പോള്‍ ടാങ്ക് നിറഞ്ഞു മുറ്റത്തുകൂടി വെള്ളം റോഡുവരെയെത്തി.

അന്നു വൈകീട്ട് തൊട്ടടുത്ത വീട്ടിലെ അഹങ്കാരി സ്ത്രീ മരുമകള്‍ക്കു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തുകൊടുത്തു.

“മോട്ടോര്‍ ഓണ്‍ ചെയ്തിട്ട്… അച്ഛന്‍ എവിടെയാ പോയത്? ടാങ്ക് നിറഞ്ഞു വെള്ളം ഒഴുകി റോഡുവരെ എത്തിയല്ലോ. കഴിഞ്ഞ തവണ കറന്‍റ് ബില്ല് എത്രയായെന്നു വല്ല വിചാരവുമുണ്ടോ… അതെങ്ങനെയാ… പണം കൊടുക്കുന്നതു സ്വന്തം കയ്യീന്നല്ലല്ലോ.” അടുത്ത വീട്ടിലെ സ്ത്രീയെക്കൊണ്ടു പൊറുതിമുട്ടി. മക്കളും ഭര്‍ത്താവും വീട്ടിലില്ലാത്ത മദ്ധ്യാഹ്നങ്ങളില്‍ വീടെത്തുന്നതിനുമുമ്പുള്ള വളവില്‍ വെളുത്ത മാരുതി റിറ്റ്സ് കാര്‍ നിര്‍ത്തി ഒളിച്ചുവരുന്ന അവരുടെ സ്നേഹിതനെ പതിവായി കാണാറുള്ള ഏകവ്യക്തിയെന്ന നിലയില്‍ അവര്‍ക്ക് തന്നോടു തീരാത്ത പകയുള്ളതുപോലെ. താന്‍ ഇക്കാര്യം ആരോടും പറഞ്ഞുകൊടുക്കാന്‍ പോകുന്നില്ല… എന്നവരെ എങ്ങനെയും അറിയിച്ചേ തീരൂ. ഇല്ലെങ്കില്‍ ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ തന്‍റെ സമാധാനം ഇല്ലാതാക്കും.

മരുമകളുടെ കയ്യില്‍നിന്നും വയറുനിറച്ചു കിട്ടിയപ്പോള്‍ വൈകിട്ടെങ്കിലും അമ്പലത്തില്‍ പോകണമെന്നു കരുതിയതും വിജയരാഘവന്‍ വേണ്ടെന്നു വച്ചു.

മനസ്സിനെന്നപോലെ ശരീരത്തിനും അന്നു തീരാവേദനയുടെ ദിവസമായിരുന്നു. സന്ധ്യയായപ്പോഴേക്കും പുറംവേദന കലശലായി. മൂത്രാശയരോഗവും ഇരട്ടിച്ചു.

വെള്ളം കോരിയതും അതു തൂക്കിയെടുത്തു കുളിമുറിയില്‍വച്ചതുമെല്ലാം പ്രശ്നമായി. ഇരിക്കാനും കിടക്കാനും വയ്യാത്ത അസ്വസ്ഥത. എണ്ണയും കുഴമ്പുമൊക്കെ തീര്‍ന്നിരിക്കുന്നു. എന്തോ ഓയിന്‍റ്മെന്‍റ് ശേഷിച്ചിരുന്നതു രണ്ടു കൈകൊണ്ടും വശങ്ങളിലൂടെ പുറത്തു പുരട്ടി. മുമ്പെപ്പോഴോ വാങ്ങിയിരുന്ന വേദനസംഹാരി ഗുളികയും കഴിച്ചു. എന്നിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒന്നു കണ്ണടയ്ക്കുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. രാവിലെ ഓഫീസിലേക്കു പുറപ്പെടാനൊരുങ്ങുന്ന മുകുന്ദനോടു വിജയരാഘവന്‍ പറഞ്ഞു.

“വരുമ്പോള്‍ ഇത്തിരി കുഴമ്പു വാങ്ങിക്കൊണ്ടു വരണം; പുറംവേദനയ്ക്കാണെന്നു പറഞ്ഞാല്‍ മതി.”

മരുമകള്‍ ഇടപെട്ടു: “കുഴമ്പൊന്നും വേണ്ട; ഭിത്തിയില്‍വച്ചു തേയ്ക്കാനല്ലേ?”

“ഭിത്തിയിലോ?”

“ഭിത്തിയിലേക്ക് നോക്ക്.”

മരുമകള്‍ പറഞ്ഞതു ശരിയായിരുന്നു. നടക്കുമ്പോള്‍ അറിയാതെ കൈകള്‍ ചുമരിലേയ്ക്കു നീളും. ഹാളിലും മുറിയിലും തന്‍റെ കൈ ഉയരത്തില്‍ ചെളിപ്പാടുകള്‍ ശ്രദ്ധിക്കണമായിരുന്നു. നടക്കുമ്പോള്‍ വേച്ചുപോകും. ഒരു ശീലംപോലെയാണു ചുവരില്‍ തൊടുന്നത് അത് ഇത്തരത്തില്‍ പാടു വീഴ്ത്തുമെന്നു കരുതിയതേയില്ല. മക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു പരിശ്രമം നടത്താന്‍ തോന്നി. പരസ്യത്തിലൊക്കെ കാണുന്ന പ്രശസ്തമായ പെയിന്‍റാണ്. വെള്ളം തൊട്ട് തുണികൊണ്ടു തുടച്ചാല്‍ ചെളി മാഞ്ഞുപോകും. കാലക്കേടുതന്നെ. പഴ മൊഴിയില്‍ പറയുംപോലെ ചെളി കളയാനുള്ള പരിശ്രമം പാണ്ടുപോലെയായി.

മരുമകള്‍ വന്നപ്പോള്‍ കലി തുള്ളി മകന്‍റെ വീതം കുറ്റവിചാരണയും.

“അച്ഛന്‍ ഇത് എന്തു വിചാരിച്ചിട്ടുള്ള പുറപ്പാടാ…”

തല കുമ്പിട്ടുനിന്നു കേള്‍ക്കാനേ വിജയരാഘവനു കഴിഞ്ഞുള്ളൂ. അന്നു രാത്രി കിടക്കുമ്പോള്‍ വിജയരാഘവന്‍ ശ്രീദേവിയെ ഓര്‍ത്തു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാന്‍ കുരുത്തക്കേടു വരുത്തിവയ്ക്കുന്നു.

എന്താണു ഞാനിങ്ങനെ?

എന്താണു ഞാന്‍ നന്നാവാത്തത്?

********

വീട്ടുകാര്യങ്ങള്‍ വേണ്ടം വണ്ണം നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്തതിലുള്ള ആത്മനിന്ദയും നിരാശയുമാണു മരുമകളുടെ പരുഷമായ പെരുമാറ്റത്തിനു കാരണമെന്നു വിജയരാഘവനു തോന്നി. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് ആശ്വാസം കൊള്ളുകയും ചെയ്തു. സ്വയം അടുക്കളയില്‍ കയറി വല്ലതും ഉണ്ടാക്കാമെന്ന ധൈര്യമൊന്നും തനിക്കില്ല. ഒന്നും ശീലിച്ചിട്ടില്ല എന്നതാണു സത്യം. അല്ലെങ്കില്‍ സഹായിക്കാമായിരുന്നു. ശ്രീദേവിയുള്ളപ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു. നമ്മുടെ വീട്ടിലെ ജോലി ചെയ്യാന്‍ ഞാന്‍ മാത്രം മതി എന്നായിരുന്നു അവളുടെ മട്ട്. പിന്നെ എന്താണു പ്രതിവിധി. ഒരു പരിഹാരം വീട്ടുജോലികള്‍ ചെയ്യാനും സമയാസമയത്തു ഭക്ഷണമൊരുക്കാനും കഴിവുള്ള ഒരാളെ കണ്ടെത്തുക; ഒരു പരിചാരിക.

പഴയ സഹപ്രവര്‍ത്തകരോടും തൊട്ടടുത്തുള്ള പലചരക്കു കടക്കാരനോടും അന്വേഷിച്ച്… രണ്ടുമൂന്നാഴ്ച തുടര്‍ച്ചയായ പരിശ്രമത്തിനൊടുവില്‍ ഇടനിലക്കാരന്‍ വഴി ഒരാളെ കണ്ടെത്തി.

സുഗന്ധി എന്നാണവളുടെ പേര്. 45 വയസ്സ് പ്രായം കാണും. സംസാരത്തിലും പെരുമാറ്റത്തിലുമുള്ള അവരുടെ വിനയവും ഒതുക്കവും രേവതിക്ക് ഇഷ്ടപ്പെട്ടു.

ഒന്നും പറഞ്ഞുകൊടുക്കേണ്ട. സ്വയം അറിഞ്ഞു ചെയ്യും. വെളുക്കുംമുമ്പ് ഉണര്‍ന്നു വീടും പരിസരവും വൃത്തിയാക്കും. നല്ല രുചികരമായി ഭക്ഷണമൊരുക്കും. ഒരാഴ്ചകൊണ്ട് അവര്‍ വീട്ടിലുള്ളവരുടെ മനം കവര്‍ന്നു.

ശ്രീദേവി പോയതിനുശേഷം തൃപ്തിയോടെ ഭക്ഷണം കഴിച്ചുതുടങ്ങിയതു സുഗന്ധി വന്നതിനുശേഷമാണെന്നു വിജയരാഘവന്‍ ഓര്‍ത്തു.

ശമ്പളത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു അവര്‍ ഒരു കുലീനസ്ത്രീയാണെന്നു മനസ്സിലായത്.

അവര്‍ പറഞ്ഞു: “ശമ്പളം നാട്ടുനടപ്പുള്ളതു തന്നാല്‍ മതി. പക്ഷേ, അതല്ല കാര്യം. ഒരു വേലക്കാരിയെന്ന പേരില്‍ മാറ്റിനിര്‍ത്താതെ വീട്ടിലെ ഒരംഗത്തെപ്പോലെ എന്നെ കണക്കാക്കിയാല്‍ അതാണ് എനിക്കുള്ള പ്രതിഫലവും സന്തോഷവും.”

ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരോ…?

ഏതായാലും കുറേ നാളുകളായി വീട്ടില്‍ നഷ്ടപ്പെട്ടിരുന്ന സമാധാനം തിരിച്ചുകിട്ടി. കര്‍ക്കശക്കാരിയായ അമ്മായിയമ്മയെ ഭയപ്പെടുന്ന നാട്ടുംപുറത്തുകാരി മരുമകളുടെ അവസ്ഥയായിരുന്നു രേവതിയുടെ മുന്നില്‍ തനിക്ക്. എല്ലാറ്റിനും പരിഹാരമായി.

സുഗന്ധി വീട്ടിലുള്ളതു കൊണ്ടു വീട് അടച്ചുപൂട്ടാതെ പുറത്തേയ്ക്കു പോകാനും വിജയരാഘവനു സൗകര്യമായി.

ഒന്നാം തീയതി കഴിഞ്ഞപ്പോള്‍ അയാള്‍ പുറത്തേയ്ക്ക് ഇറങ്ങിയത് പെന്‍ഷന്‍ എത്തിയോ എന്നറിയാനും മെഡിക്കല്‍ ഷോപ്പില്‍ പോകാനുമായിരുന്നു.

കൊച്ചുമോളുടെ സ്കൂള്‍ വാന്‍ വരുന്നതിനുമുമ്പേ മടങ്ങി എത്താന്‍ വേണ്ടി എവിടെ പോയാലും ശ്രദ്ധ വയ്ക്കും. അന്നും അങ്ങനെതന്നെയായിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്നും മോളെയും കൂട്ടി വീട്ടിലെത്തുമ്പോള്‍ വാതില്‍ ചാരിയിരിക്കുന്നു. സുഗന്ധി കുളിമുറിയിലായിരിക്കുമെന്നാണു കരുതിയത്. ഏറെ നേരമായിട്ടും കാണാതായപ്പോള്‍ കൊച്ചുമോള്‍ പോയി നോക്കി. ഇല്ല. അടുത്ത വീടുകളിലെങ്ങാനും പോയതാവുമോ? അങ്ങനെയൊരു പതിവില്ല. രേവതി വന്നു കഴിഞ്ഞു പരിശോധിച്ചപ്പോഴാണ് അറിയുന്നതു സുഗന്ധിയുടെ ബാഗും ഡ്രസ്സുമൊന്നും കാണാനില്ല.

അവര്‍ വീടുവിട്ടു പോയിരിക്കുന്നു. ഡ്രസ്സിംഗ് ടേബിളിലെ ചെപ്പില്‍ ഇടയ്ക്കിടെ മാറാന്‍ വച്ചിരുന്ന രേവതിയുടെ രണ്ടുമൂന്നു പൊടിക്കമ്മലുകളും രണ്ടുമൂന്നു ചെറിയ മോതിരങ്ങളും തലേന്നു പുറത്തുപോയിട്ടു വന്നപ്പോള്‍ ഊരി വച്ചിരുന്ന കൊച്ചുമോളുടെ ഒന്നര പവന്‍ ചെയിനും കാണാനില്ല.

ഫ്രിഡ്ജിനു മുകളില്‍ പച്ചക്കറിയും പാലും വാങ്ങാന്‍ വച്ചിരുന്ന ചെറിയ സംഖ്യയും നഷ്ടമായിരിക്കുന്നു.

പിന്നെ ചോദ്യം ചെയ്യലായി. അച്ഛന്‍ എപ്പോള്‍ പോയി… എപ്പോള്‍ വന്നു… തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങള്‍.

ഈ സ്ത്രീ എവിടത്തുകാരിയാണ്… ആരാണ് അവരെ ഏര്‍പ്പാടാക്കി തന്നത്? അവസാനിക്കാത്ത ചോദ്യങ്ങളെല്ലാം ഇപ്പോഴാണ്. ഇതുവരെ ആര്‍ക്കും ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ആരോ പറഞ്ഞു പരിചയപ്പെടുത്തിയ ഇടനിലക്കാരന്‍ മുഖേന വന്ന സ്ത്രീ എന്നതിനപ്പുറം തനിക്ക് ഒന്നുമറിയില്ല. വീട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങള്‍ക്ക് എത്രയും പെട്ടെന്നൊരു പരിഹാരം കാണാനുള്ള ബദ്ധപ്പാടില്‍ കൂടുതലൊന്നും അന്വേഷിച്ചതുമില്ല. വീട്ടില്‍ വിളിച്ചുനിര്‍ത്തുകയായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡെങ്കിലും വാങ്ങി വയ്ക്കേണ്ടതായിരുന്നു. പൊലീസില്‍ പരാതി കൊടുക്കാന്‍ പോലും വയ്യാത്ത അവസ്ഥ. ചതിയില്‍പ്പെട്ടു… പൂര്‍ണമായും.

പക്ഷേ, തനിക്കതില്‍ പങ്കുണ്ടെന്ന ധ്വനിയില്‍ രേവതി സംസാരിക്കുമ്പോള്‍… അത് എവിടെയോ അമ്പുപോലെ മുറിവേല്പിക്കുന്നു.

തനിക്കു ശബ്ദിക്കന്‍ അവകാശമില്ല. ഏതു പിഴച്ച നേരത്താണ് ഇതുപോലൊരു മണ്ടന്‍ ബുദ്ധി തന്‍റെ തലയില്‍ തോന്നിയത് എന്നു സ്വയം ശപിച്ചുകൊണ്ടേയിരുന്നു വിജയരാഘവന്‍.

*************

വിവരമറിഞ്ഞു രേവതിയുടെ അമ്മ വീട്ടിലെത്തി. വീട്ടില്‍ നടന്ന മോഷണം ഒരു നാടകമാണെന്നും അതില്‍ താനൊരു പങ്കാളിയാണെന്നുമുള്ള മട്ടിലായിരുന്നു അവരുടെയും പെരുമാറ്റമെന്നു തിരിച്ചറിയാന്‍ വിജയരാഘവനു പ്രയാസമുണ്ടായിരുന്നില്ല. കയ്യിലും കഴുത്തിലും ആവശ്യത്തിലേറെ ആഭരണങ്ങള്‍ ധരിച്ചു പട്ടുസാരിയുടുത്തു വന്ന ആ സ്ത്രീയെ മുമ്പേ തന്നെ അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. താനൊരു സുന്ദരിയും ചെറുപ്പക്കാരിയുമാണെന്ന ഭാവമാണ് എപ്പോഴും. സിംഗപ്പൂരിലോ മലേഷ്യയിലോ ഭര്‍ത്താവിനൊപ്പം കുറേക്കാലം ജീവിച്ചതിന്‍റെ പ്രൗഢിയും ധിക്കാരവും അവരുടെ എടുപ്പിലും നടപ്പിലും മുഴുകിനിന്നിരുന്നത് അരോചകമായിരുന്നു. മക്കള്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ മനസ്സുകൊണ്ട് ഒട്ടും അടുപ്പം തോന്നാത്ത അവരോടൊപ്പം ഒരേ വീട്ടില്‍ സമയം ചെലവിടുക ശ്വാസം മുട്ടുന്ന അനുഭവമായിരുന്നു.

അയാള്‍ പുറത്തേയ്ക്കു പോകും. വായനശാലയിലോ… കമ്പനി പരിസരങ്ങളിലോ വിശക്കുവോളം ചുറ്റിക്കറങ്ങും. മടങ്ങിയെത്തുമ്പോള്‍ ഔദാര്യംപോലെയാണ് അവര്‍ ഭക്ഷണം വിളമ്പുക. നിവൃത്തിയില്ലാത്തതുകൊണ്ട് അയാള്‍ എന്തെങ്കിലും കഴിച്ചെന്നു വരുത്തും. പക്ഷേ, എത്ര നാളാണു ശ്വാസംമുട്ടിയതുപോലെ കഴിഞ്ഞുകൂടുക. എങ്ങോട്ടെങ്കിലും പൊയ്ക്കളഞ്ഞാലോ എന്നുപോലും അയാള്‍ക്കു തോന്നിപ്പോയി.

തന്‍റെ അസ്വസ്ഥതയും വീര്‍പ്പുമുട്ടലും മുകുന്ദനോ വല്ലപ്പോഴും വരുന്ന വിനയചന്ദ്രനോ തിരിച്ചറിയുന്നുപോലുമുണ്ടായിരുന്നില്ല.

അനാഥമായ ഒരു ജന്മം… ഒന്ന് മനസ്സ് തുറക്കാന്‍…

ചുമലില്‍ തല ചായ്ച്ച് ആശ്വാസം തേടാന്‍ ആരുമില്ലാതെ വിജയരാഘവന്‍ കഷ്ടപ്പെട്ടു. ശാരീരികമായ അസ്വസ്ഥതയ്ക്കും കുറവൊന്നുമുണ്ടായിരുന്നില്ല.

ഒരുനാള്‍ പതിവുപോലെ പുറത്തേയ്ക്കു പോയ അയാള്‍ക്ക് ഏറെ നേരമൊന്നും ചുറ്റിത്തിരിയാന്‍ തോന്നിയില്ല. നില്ക്കാനും നടക്കാനും വയ്യാത്തപോലൊരു വിഷമം അടിവയറിനു താഴെ കനത്ത വേദന. അയാള്‍ തിരിച്ചു വീട്ടിലേക്കു നടന്നു.

വീടിന്‍റെ ഗെയ്റ്റ് കടന്നതും മൂത്രമൊഴിക്കാനുള്ള ധൃതിയായിരുന്നു. തോന്നിയാല്‍ ആ നിമിഷം നിവൃത്തിയുണ്ടാകണം. ഇല്ലെങ്കില്‍ ഉടുമുണ്ട് നനയുന്നതാണ് അനുഭവം. അയാള്‍ വീട്ടിലേക്ക് കയറാതെ മുറ്റത്തുകൂടി പന്‍ഭാഗത്തുള്ള പൊതുടോയ്ലറ്റിലേക്ക് ഓടിക്കയറി.

തീയില്‍ ചവിട്ടിയതുപോലെ… ഒരു നിമിഷം.

“ആഭാസന്‍… എന്തതിക്രമമാണീ കാണിച്ചത്?” – അലറുന്ന സ്വരത്തില്‍ രേവതിയുടെ അമ്മ അട്ടഹസിച്ചു. മേലാകെ എണ്ണ പുരട്ടി കുളിമുറിയില്‍ നില്ക്കുകയായിരുന്നവര്‍.

“സോറി… സോറി ആളുണ്ടെന്ന് അറിഞ്ഞില്ല” എന്നൊക്കെ പറഞ്ഞ് അയാള്‍ പുറത്തേയ്ക്കു ചാടിയെങ്കിലും ശബ്ദം വെളിയില്‍ കേട്ടില്ല.

അടുത്ത വീട്ടിലെ അഹങ്കാരി സ്ത്രീ വിളിച്ചു ചോദിച്ചു: “എന്തേ… ചേച്ചീ?”

“കുളിക്കാന്‍ തുണി മാറി നില്ക്കുമ്പോള്‍ അയാള്‍ കതക് തുറന്ന് അകത്തേയ്ക്കു വന്നു.”

“പ്ലീസ്… സത്യമായിട്ടും… ഞാന്‍ അറിഞ്ഞുകൊണ്ടല്ല.”

അയാള്‍ക്കു വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞതേയുളളൂ. തന്‍റെ നിസ്സഹായത എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയാതെ അയാള്‍ പരുങ്ങി.

“ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷംപോലുമായില്ല. അതിനുമുമ്പേ തുടങ്ങി ഭ്രാന്ത്; മര്യാദയില്ലാത്തവന്‍.”

അടുക്കളവരാന്തയുടെ മൂലയില്‍ ആരുടെയും ശ്രദ്ധയെത്താത്തിടത്ത് അയാള്‍ തല കുമ്പിട്ടിരുന്നു. അയാള്‍ കരഞ്ഞുപോയി. താനെന്തു പറഞ്ഞാലും ആരും വിശ്വസിക്കാന്‍ പോകുന്നില്ല.

മക്കളെത്തുംമുമ്പു ഭൂമി പിളര്‍ന്ന് അപ്രത്യക്ഷനാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അയാള്‍ കൊതിച്ചുപോയി. മക്കളെ അഭിമുഖീകരിക്കാന്‍ വയ്യ. അവരുടെ മുന്നില്‍ അസാന്മാര്‍ഗിക പ്രവൃത്തിക്കു പിടിക്കപ്പെട്ടവനെപ്പോലെ തല കുനിച്ചു നില്ക്കാന്‍ വയ്യ. എവിടേക്കെങ്കിലും ഓടിരക്ഷപ്പെടണം.

അയാള്‍ ശബ്ദമുണ്ടാക്കാതെ… തന്‍റെ മുറിയില്‍ കടന്ന് ഒന്നുരണ്ടു ഷര്‍ട്ടും മുണ്ടും പൊതിഞ്ഞെടുത്തു. ശേഷിച്ച ഇത്തിരി പണവും പോക്കറ്റിലിട്ടു പുറത്തേയ്ക്കിറങ്ങി.

മുന്‍പിന്‍ നോക്കാതെ വേഗം നടന്നു ഗെയ്റ്റിലെത്തുമ്പോള്‍ മുന്നില്‍ മുകുന്ദന്‍റെ കാര്‍; രേവതിയുമുണ്ട്. കോപംകൊണ്ടു ജ്വലിക്കുന്ന അവരുടെ കണ്ണുകള്‍ അഭിമുഖീകരിക്കാന്‍ കഴിയാതെ അയാള്‍ മുഖം താഴ്ത്തി.

ഫോണ്‍ ചെയ്തു മക്കളെ വരുത്തിയതാണ്, തീര്‍ച്ച. കാറിലിരുന്നുതന്നെ മുകുന്ദന്‍ ചോദിച്ചു: “അച്ഛന്‍ എങ്ങോട്ടാ… നില്ക്ക്… ചോദിക്കട്ടെ.”

ഭൂമി ചവിട്ടിപ്പൊട്ടിക്കുംപോലെയാണു മക്കള്‍ കോപത്തോടെ അകത്തേയ്ക്കു കയറിയത്.

“എന്താണ്… എന്താണ് ഇവിടെ നടന്നത്?” – ഇടിവെട്ടുംപോലെയായിരുന്നു മുകുന്ദന്‍റെ ചോദ്യം.

“മോനേ… പുറത്തു പോയിട്ടു വന്നപ്പോ… അച്ഛനു മൂത്രമൊഴിക്കാന്‍ തിടുക്കം തോന്നീട്ടു ധൃതിയില്‍ പുറത്തെ ടോയ്ലറ്റില്‍ കയറി.”

“രേവതീടമ്മ കുളിമുറി കേറീപ്പഴാ… അച്ഛനു തിടുക്കം?”

“ആ ടോയ്ല്റ്റ് ഞാനല്ലാതെ വേറാരും ഉപയോഗിക്കാറില്ലല്ലോ. അതുകൊണ്ടു ധൃതിയില്‍ തുറന്ന് അകത്തു കേറീതാ. ആളുണ്ടെന്നു സത്യമായും അറിഞ്ഞുകൊണ്ടല്ല.”

“എന്തായാലും ഇതു മഹാമോശമായി. ആള്‍ക്കാരറിഞ്ഞാ എത്രയാ നാണക്കേട്?”

“കുളിക്കാന്‍ അകത്തു കയറിയപ്പോള്‍ അവര്‍ക്കു കുറ്റിയിടാമായിരുന്നില്ലേ?”

“ഓഹോ… അതാണിപ്പോള്‍ കാരണം കണ്ടുപിടിച്ചത്. കഷ്ടമായിപ്പോയി അച്ഛാ… ഞാനവരോട് എന്തു സമാധാനം പറയും? ഏതായാലും മരുമകന്‍റെ അച്ഛനെപ്പറ്റി അവര്‍ക്കു നല്ല അഭിപ്രായമായിരിക്കും.”

മകന്‍ തന്നെ വിശ്വസിക്കുന്നില്ല. രേവതിയുടെ അമ്മ പറഞ്ഞതാണു സത്യം എന്ന രീതിയില്‍ മകന്‍ സംസാരിക്കുകകൂടി ചെയ്തപ്പോള്‍ ഉള്ളു പിടഞ്ഞു. തീച്ചൂടില്‍ നില്ക്കുന്നതുപോലൊരു നോവ് തന്നില്‍ പടരുന്നത് അയാളറിഞ്ഞു.

രേവതിയുടെ അമ്മ വേഷം മാറി ബാഗുമായി പുറത്തേയ്ക്കു വന്നു തനിക്കു മുഖം തരാതെ കാറില്‍ കയറിയിരുന്നു.

കോപം അടക്കാനാവാതെ മകനും മരുമകളും കാറില്‍ കയറി; കാര്‍ അകന്നുപോയി.

എങ്ങോട്ടു പോകുന്നെന്നോ… എപ്പോള്‍ വരുമെന്നോ അവര്‍ പറഞ്ഞില്ല.

തീരാത്ത സങ്കടങ്ങളുടെ കടല്‍ തന്‍റെയുള്ളില്‍ ഇരമ്പിയാര്‍ക്കുന്നത് അയാളറിഞ്ഞു.

തികച്ചും ഒറ്റപ്പെട്ട അവസ്ഥ.

എത്രനേരം അങ്ങനെയിരുന്നു. കൊച്ചുമോളുടെ സ്കൂള്‍ വാന്‍ വരാറായപ്പോള്‍ എഴുന്നേറ്റു വേഗം സ്റ്റോപ്പിലേക്കു നടന്നു.

കാത്തുനില്പിനൊടുവില്‍ വാനെത്തി.

കൊച്ചുമോളെ സ്കൂളില്‍ നിന്നും അച്ഛനുമമ്മയും നേരത്തെ കൂട്ടിക്കൊണ്ടുപോയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അന്നു രാത്രിയും അടുത്ത പകലും ആരും വിളിച്ചില്ല; ആരും വന്നതുമില്ല.

വൈകീട്ട്….

മുകുന്ദനും രേവതിയും വന്നതിനു പുറകെ വിനയചന്ദ്രനും രജിതയുംകൂടി വന്നപ്പോള്‍ തന്‍റെ വിധി പ്രഖ്യാപിക്കപ്പെടാനുള്ള സമയമായെന്നു വിജയരാഘവന്‍ ഭയന്നു.

(തുടരും)

Leave a Comment

*
*