ഇല കൊഴിയും കാലം – 2

ഇല കൊഴിയും കാലം – 2

വഴിത്തല രവി

"സമയം എത്രയായെന്നു വല്ല വിചാരവുമുണ്ടോ?" – ഉറക്കമുണര്‍ന്നിട്ടും കിടക്ക വിട്ടെഴുന്നേല്ക്കാത്ത വിജയരാഘവന്‍റെ അടുത്തിരുന്നു സ്നേഹപൂര്‍വം ശ്രീദേവി ചോദിച്ചു.

അയാള്‍ മറുപടി പറയാതെ ക്ലോക്കിലേക്കു നോക്കി; എട്ടു മണി കഴിഞ്ഞിരിക്കുന്നു.

"മക്കളെല്ലാം പോയി; എഴുന്നേല്ക്കൂ."

ഏഴു മണിയാകുമ്പോള്‍ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞു കമ്പനിയിലേക്കു പുറപ്പെട്ടിരുന്ന താന്‍ എന്തൊരു ഉറക്കമായിരുന്നു. തന്‍റെ റിട്ടയര്‍മെന്‍റ് ശരീരംപോലും തിരിച്ചറിഞ്ഞു എന്നു വേണം കരുതാന്‍.

അയാള്‍ എഴുന്നേറ്റ് മുഖം കഴുകി വന്നു.

പുളിയിലക്കരയുള്ള മുണ്ടും നേര്യതും ഇളംപച്ച ബ്ലൗസുമണിഞ്ഞു ചായഗ്ലാസുമായി നില്ക്കുന്ന ശ്രീദേവിയെ അയാള്‍ കൗതുകത്തോടെ നോക്കി. എന്നും ഇതൊക്കെത്തന്നെയായിരുന്നു അവരുടെ വേഷം. പക്ഷേ, ഇന്ന് എന്തോ പ്രത്യേകതയുള്ളതുപോലെ.

ചാവി കൊടുത്തു മുറുക്കിയ ഘടികാരംപോലെ കൃത്യമായ പാതയിലൂടെയുള്ള സഞ്ചാരമായിരുന്നു തന്‍റെ ജീവിതം. മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും അവര്‍ക്കൊരു ജീവിതമുണ്ടാകാനുമുള്ള പരിശ്രമത്തിനിടയില്‍ ഈ സാധുജന്മത്തിന്‍റെ ജീവിതവും മുരടിച്ചുപോയിരിക്കുന്നു.

ചുമതലകള്‍ക്കിടയില്‍ മനഃപൂര്‍വം വേണ്ടെന്നുവച്ച കൊച്ചുകൊച്ചു സന്തോഷങ്ങള്‍… കണ്ടില്ലെന്നു നടിച്ച ആഘോഷങ്ങള്‍… ഒഴിവാക്കിവിട്ട യാത്രകള്‍…

"ശ്രീദേവീ… നിനക്ക് എപ്പോഴെങ്കിലും എന്നോടു ദേഷ്യം തോന്നിയിട്ടുണ്ടോ?"

"എന്തിന്?"

"നിനക്കു ഞാന്‍ ഒരു തരി പൊന്നു വാങ്ങിത്തന്നിട്ടില്ല. നല്ലൊരു സാരിപോലും… നീയെന്നും കൊതിച്ചിരുന്ന അമ്പലങ്ങളിലോ… കാഴ്ചസ്ഥലങ്ങളിലോ… ഒന്നും ഞാന്‍ നിന്നെ കൊണ്ടുപോയിട്ടില്ല."

"ഇപ്പോള്‍ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്? നമുക്കു വലുതു നമ്മുടെ മക്കളാ… അവരുടെ സന്തോഷമാ. അവര്‍ നല്ലവണ്ണം പഠിച്ചു; നല്ല ജോലി സമ്പാദിച്ചു. നാലഞ്ചേക്കര്‍ സ്ഥലം വാങ്ങിയിട്ടാലോ… ബാങ്കില്‍ ലക്ഷങ്ങള്‍ ഡെപ്പോസിറ്റ് ചെയ്താലോ കിട്ടുന്ന തൃപ്തിയാണോ അതൊക്കെ. സമൂഹം മാന്യത കല്പിക്കുന്ന സ്ഥാനങ്ങളില്‍ അവരെത്തി; അതല്ലേ ഏറ്റവും വലിയ കാര്യം."

"നീ പറഞ്ഞതു ശരിയാണ് ശ്രീദേവി. എന്നാലും ഒരു പാടു കടം ബാക്കിയുള്ളതുപോലെ. നിന്നോടു ഞാന്‍ നീതി പുലര്‍ത്തിയില്ലെന്നൊരു തോന്നല്‍."

അയാള്‍ അവരെ തന്നോടു ചേര്‍ത്തുപിടിച്ചു.

"നിനക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ നിന്നെ ഞാന്‍ കൊണ്ടുപോകും. ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിത്തരും. തരക്കേടില്ലാത്ത ഒരു സംഖ്യ കമ്പനിയില്‍ നിന്ന് ഈയാഴ്ച ബാങ്കിലെത്തും. നമ്മുടെ ഹാപ്പിഡേയ്സാണ് വരാന്‍ പോകുന്നത്."

അവര്‍ ആ നെഞ്ചിലേക്കു തല ചേര്‍ത്തു.

പിന്നെ സന്തോഷത്തോടെ സ്വരം താഴ്ത്തി പറഞ്ഞു:

"ആഗ്രഹിച്ചതെല്ലാം എനിക്കു കിട്ടിയിട്ടുണ്ട്. ഇനി എന്തും ഞാന്‍ ബോണസായിട്ടേ കരുതൂ. അസുഖമൊന്നുമില്ലാതെ… എന്നും അടുത്തുണ്ടായിരുന്നാല്‍ മതി. അതില്‍പ്പരം സന്തോഷമൊന്നും എനിക്കു വേണ്ട.

*************

വിചാരിച്ച വേഗത്തില്‍ വിജയരാഘവന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കമ്പനിയില്‍ നിന്നും ബാങ്കിലേക്ക് എത്തിയില്ല. വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍നിന്നും ലഭിക്കേണ്ട നോ ഡിമാന്‍റ് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വീസ് വേരിഫിക്കേഷനില്‍ ഉണ്ടായ നോട്ടപ്പിശക്, പ്രോവിഡന്‍റ് ഫണ്ട് ഓഫീസുമായുള്ള എഴുത്തുകുത്തുകള്‍ തുടങ്ങിയവയിലൊക്കെ ഉണ്ടായ കാലതാമസംകൊണ്ടു ഫൈനല്‍ സെറ്റില്‍മെന്‍റ് വൈകി. ബാങ്കിലേക്കും കമ്പനിയിലേക്കും തന്‍റെ പഴയ സൈക്കിളില്‍ വിജയരാഘവന്‍ പല തവണ അന്വേഷണയാത്രകള്‍ നടത്തി. നിരാശയായിരുന്നു ഫലം.

പണം ബാങ്കിലെത്തുമ്പോള്‍ രണ്ടു മാസത്തിനു മേലായി. വിജയരാഘവനൊപ്പം കമ്പനിയില്‍നിന്നും വിരമിച്ച രണ്ടു പേര്‍ക്കു വൈകിയ ഓരോ ദിവസവും നിര്‍ണായകമായിരുന്നു. ആന്‍റണിക്കു പണം കിട്ടിയിട്ടു വേണം മകളുടെ വിവാഹം നടത്താന്‍. മനഃസമ്മതത്തിനു മുമ്പു പണം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. വിവാഹത്തിനുമുമ്പു തീര്‍ച്ചയായും പണം നല്കിയിരിക്കും എന്നു പള്ളിവികാരിയുടെ ഉറപ്പിലാണു മനഃസമ്മതം നടന്നതുതന്നെ.

മലബാറില്‍ മാനേജുമെന്‍റ് സ്കൂളില്‍ മകനു ജോലി പറഞ്ഞുവച്ചിരിക്കുകയാണു ദേവസ്സി. പണം നല്കി നിയമന ഉത്തരവു കൈപ്പറ്റിയാലേ ജോലി ഉറപ്പാക്കാന്‍ കഴിയൂ. ആരെങ്കിലും ഒരു ലക്ഷം കൂട്ടി ലേലം കൊണ്ടാല്‍ മാനേജുമെന്‍റ് മലക്കം മറിയും.

വിജയരാഘവനെ സംബന്ധിച്ച് ഈ വക വേവലാതികളൊന്നുമില്ല. തന്‍റെ ചുമതലകളെല്ലാം ജോലിയില്‍ നിന്നും വിരമിക്കുംമുമ്പേ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു അയാള്‍.

പണം മുഴുവനായി ബാങ്കില്‍ എത്തിയപ്പോള്‍ അത് എങ്ങനെ വിനിയോഗിക്കണം എന്നതിനെ സംബന്ധിച്ചു വിജയരാഘവനും ശ്രീദേവിയും ചില തീരുമാനങ്ങളിലെത്തി.

മൂത്ത മകന്‍ മുകുന്ദന്‍ വീട്ടില്‍ നിന്നു മാറി പുതിയ വീടിനുള്ള പരിശ്രമം നടത്തുമ്പോള്‍ നല്കാനായി ഒരു തുക. വിനയചന്ദ്രന്‍ ഇളയ ആള്‍ എന്ന നിലയില്‍ തങ്ങളോടൊപ്പം വീട്ടില്‍ത്തന്നെ താമസിക്കട്ടെ. മുറി കൂട്ടിയെടുക്കുകയോ മുകള്‍ നില പണിയുകയോ ചെയ്യുമ്പോള്‍ വിനിയോഗിക്കാന്‍ ചെറിയൊരു സംഖ്യ. ബാക്കി തുക തങ്ങളുടെ പേരില്‍ തുടര്‍ന്നും ബാങ്കില്‍ നിക്ഷേപിക്കുക; ഇതായിരുന്നു തീരുമാനം.

തെക്കേന്ത്യയിലെ ക്ഷേത്രങ്ങളായ മധുരയും പഴനിയും രാമേശ്വരവുമൊക്കെ മനസ്സിലുണ്ട്. ഊട്ടിയും മൈസൂരും ബംഗളൂരുവുമൊക്കെ ഒന്നു കാണണം. മൂകാംബികയിലും ഒന്നു തൊഴണം. കുട്ടികള്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായതുകൊണ്ടു മനസ്സില്‍ അനാവശ്യമായ അല്ലലുകളൊന്നും തോന്നിയതേയില്ല.

വൈകാതെ തീര്‍ത്ഥാടന ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടു. ടിക്കറ്റ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയ വിജയരാഘവന്‍ ചെറിയൊരു ഷോപ്പിംഗും കഴിച്ചാണു വന്നത്.

മക്കളും മരുമക്കളും ജോലിസ്ഥലത്തും കൊച്ചുമോള്‍ പ്ലേ സ്കൂളിലുമായതുകൊണ്ടു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

അത്ഭുതത്തോടെ, വര്‍ദ്ധിച്ച ആഹ്ലാദത്തോടെ ശ്രീദേവി ടെക്സ്റ്റൈല്‍ ഷോപ്പിന്‍റെ പായ്ക്കറ്റുകളെടുത്തുവയ്ക്കുമ്പോള്‍ ഹാന്‍ഡ് ബാഗില്‍നിന്നും വിജയരാഘവന്‍ ചെറിയൊരു ചെപ്പെടുത്തു ശ്രീദേവിയുടെ കയ്യില്‍ വച്ചുകൊടുത്തു; ഒരു സ്വര്‍ണ്ണച്ചെയിന്‍.

അവിശ്വാസത്തോടെ, ആ കണ്ണില്‍ മിന്നിത്തെളിഞ്ഞ ആയിരം നക്ഷത്രങ്ങള്‍ അയാള്‍ നോക്കിയിരുന്നു. ഒരു നവ വധുവിന്‍റേതുപോലെ ആ മുഖത്തു ചുവന്ന ചെമ്പകപ്പൂക്കള്‍ വിടര്‍ന്നു. പിന്നെ സന്തോഷംകൊണ്ട് ആ കണ്ണുകള്‍ നനഞ്ഞു. ഒരക്ഷരം മിണ്ടാനാവാതെ ഗദ്ഗദത്തോടെ അവര്‍ പായ്ക്കറ്റുകള്‍ തുറന്നു.

നല്ല രണ്ടുമൂന്നു സാരികള്‍; സ്കേര്‍ട്ടും ബ്ലൗസിനുമുള്ള തുണിയും ഒപ്പമുണ്ട്.

"സെലക്ഷന്‍ നന്നായി; എനിക്കിഷ്ടപ്പെട്ടു."

തുറക്കാത്ത മറ്റൊരു പായ്ക്കറ്റ് മാറ്റിവച്ചിരിക്കുന്നതു കണ്ടു ശ്രീദേവി ചോദിച്ചു: "അതെന്താ?"

"അത് എനിക്കുള്ളതാ."'

"ഷര്‍ട്ടും മുണ്ടും?"

അയാള്‍ പരുങ്ങുന്നതു കണ്ടപ്പോള്‍ ശ്രീദേവി പായ്ക്കറ്റ് എടുക്കാന്‍ നോക്കി. അയാളതു മാറ്റിപ്പിടിച്ചു. അവര്‍ക്കു കൗതുകമേറി.

"എന്തായാലും കാണട്ടെ."

"നീ മക്കളോടു പറഞ്ഞുകൊടുക്കുമോ?"

"ഇല്ല… സത്യം."

പായ്ക്കറ്റില്‍ നിന്നും അയാള്‍ ഒരു പാന്‍റ്സ് പുറത്തെടുത്തു.

കമ്പനിയില്‍ മുണ്ടുടുത്തു പോയിരുന്നയാള്‍ അവിടെ വര്‍ക്കിംഗ് ഡ്രസ്സിടുന്നതറിയാം. എന്നാല്‍ നാളിതുവരെ പാന്‍റ്സിട്ടു ശ്രീദേവി കണ്ടിട്ടേയില്ല. പെന്‍ഷനായിക്കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊന്നു തോന്നാന്‍ എന്തു പറ്റി?

"ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്?"

അയാളുടെ മറുപടി കേട്ട് അവരുടെ ചുണ്ടില്‍ ചിരിയൂറി.

"നാണാവില്ലേ മനുഷ്യാ?"

"നാണിക്കാതിരിക്കാനാ പാന്‍റ്സിടുന്നത്. കേരളത്തിനു പുറത്തു പോകുമ്പോള്‍ ഞാന്‍ മുണ്ടും ചുറ്റി നടന്നാല്‍ നിനക്കാ നാണക്കേട്. മൈസൂര്‍ പാലസും മൃഗശാലയുമൊക്കെ കണ്ട് അന്യദേശക്കാരോടൊപ്പം കറങ്ങിനടക്കുമ്പോള്‍ നിനക്കു ബോദ്ധ്യമാകും ഇതു വാങ്ങിയത് എത്ര നന്നായെന്ന്."

"എന്നാല്‍ എനിക്കും ഒരു ജീന്‍സും ടീഷര്‍ട്ടും വാങ്ങായിരുന്നല്ലോ."

"വങ്ങിയിട്ടുണ്ട്."

അവരുടെ കണ്ണില്‍ വിടര്‍ന്ന വിസ്മയം തീരുംമുമ്പേ പായ്ക്കറ്റില്‍ ശേഷിച്ചിരുന്ന ഡ്രസ്സ് വിജയരാഘവന്‍ പുറത്തെടുത്തു.

"എന്താണിത്?"

"തുറന്നുനോക്ക്."

കറുപ്പില്‍ അവിടവിടെ കസവ്നൂല്‍ പാകിയ ചേതോഹരമായ ഒരു ചുരിദാര്‍ കണ്ടു പ്രണയപൂര്‍വം അവര്‍ പരിഭവിച്ചു.

"ഞാന്‍ നിങ്ങളുടെ കൂടെ എങ്ങട്ടും വരണില്ല."

"എന്തേ?"

"ഞാനിതൊക്കെ ഇട്ടോണ്ടു നടന്നാല്‍ ആള്‍ക്കാരു ചിരിക്കും."

"നീ ഇത് ഇടുന്നതു കുഴിക്കാട് കവലയിലും കരിമോളിലുമൊന്നുമല്ല. മധുര, ഊട്ടി, പഴനി തുടങ്ങിയ അന്യദേശങ്ങളിലാ."

"പക്ഷേ കാണുന്നവര്‍ എന്തു വിചാരിക്കും?"

"ഈയിടെ കല്യാണം കഴിഞ്ഞ ഏതോ സുന്ദരിയാണെന്ന്."

അവര്‍ അയാളുടെ വാ പൊത്തി. അയാള്‍ മൃദുവായി ആ വിരലില്‍ കടിച്ചു. നോവുന്നു എന്നു പരിഭവിച്ചു കൈവലിച്ചെടുത്ത് അവര്‍ അടുക്കളയിലേക്കു നടന്നു. ആ മുഖത്തു കമ്പിത്തിരിയും മത്താപ്പും കത്തിവിടരുന്ന ഉത്സവകാലത്തിന്‍റെ തിളക്കമുണ്ടായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org