കഴുതയുടെ സ്വർ​​​ഗ്​ഗം

കഴുതയുടെ സ്വർ​​​ഗ്​ഗം

പ്രിന്‍സ് ജോസഫ്
മയൂര്‍ വിഹാര്‍, ഡെല്‍ഹി

എബനേസര്‍, അതായിരുന്നു ആ കഴുതക്കുട്ടിയുടെ പേര്. ഓശാനദിവസം ജെറുസലേമില്‍ നടന്ന സംഭവങ്ങള്‍ അവന്‍റെ സുഹൃത്തായ കഴുതക്കുട്ടി, വിവരിച്ചപ്പോള്‍ മുതല്‍ അവന്‍ അതിയായി ആഗ്രഹിച്ചു. ജെറുസലേം നഗരം മുഴുവനും യേശുക്രിസ്തുവിനെ പുറത്തിരുത്തി നടന്നതും ജനങ്ങള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു രാജാധിരാജന് ഓശാന പാടിയതുമെല്ലാം അവന്‍റെ സുഹൃത്ത് അഭിമാനത്തോടും അതിലുപരി തെല്ലൊരു അഹന്തയോടും കൂടി വിവരിച്ചപ്പോള്‍ അവന്‍ തീരുമാനിച്ചു. എനിക്കും ആ രാജാവിനെ കാണണം. അവന്‍ അനുവദിച്ചാല്‍ അവനെ തന്‍റെ പുറത്തിരുത്തി നഗരം മുഴുവനും ഒന്നു കറങ്ങണം. എബനേസര്‍ ഇറങ്ങിത്തിരിച്ചു, യേശുവിനെ കാണാനായി. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു നഗരത്തില്‍ പതിവില്ലാത്ത തിരക്കും ആരവങ്ങളും കണ്ട് അവന്‍ പരിഭ്രമിച്ചു. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്‍ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അതിന്‍റെ ഏറ്റവും മുമ്പില്‍ അതാ ഭാരമേറിയ കുരിശും വഹിച്ചുകൊണ്ട് ഒരാള്‍ വരുന്നു. അത്യധികം ക്ഷീണിച്ചവനെങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണതയും അവന്‍റെ മുഖത്തെ ശോഭയും അവനെ അത്ഭുതപ്പെടുത്തി. അവന്‍ ആരെന്ന് അന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു: ഇവനാണു നസ്രായനായ യേശു. അവര്‍ അവനെ ക്രൂശിക്കാനായി മലമുകളിലേക്കു കൊണ്ടുപോകുന്നു. എബനേസര്‍ ഇതു കേട്ട് അത്യധികം ദുഃഖിച്ചു. തന്‍റെ പുറത്തിരുന്നുകൊണ്ടു നഗരം ചുറ്റാനിരുന്നവന്‍ ഇതാ മരിക്കാനായി പോകുന്നു. ഇടയ്ക്കിടെ നിലത്തു വീണു പോകുന്ന തന്‍റെ രാജാവിനെ, അതാ അവര്‍ മര്‍ദ്ദിച്ചെഴുന്നേല്പിക്കുന്നു. ദുര്‍ബലനായ ആ കഴുതക്കുട്ടി യേശുവിനെ സ്വന്തം പുറത്തിരുത്താന്‍ അതിയായി ആഗ്രഹിച്ചുകൊണ്ടു ജനങ്ങള്‍ക്കിടയിലൂടെ യേശുവിന്‍റെ അടുത്തേയ്ക്ക് ഓടിച്ചെന്നു. അങ്ങെന്‍റെ പുറത്തിരുന്നാലും എന്നവന്‍ മൗനമായ ഭാഷയില്‍ യേശുവിനോടു പറഞ്ഞു. അപ്പോഴേക്കും അതാ ക്രൂരന്മാരായ പട്ടാളക്കാരുടെ അടിയേറ്റ് അവന്‍ പുളഞ്ഞു. അവര്‍ ആ കഴുതക്കുട്ടിയെ ദൂരേയ്ക്ക് തൊഴിച്ചെറിഞ്ഞു. യേശു നിസ്സഹായനായി അവനെ നോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ എബനേസര്‍ വീണ്ടും യേശുവിന്‍റെ അടുക്കലെത്തി. ഇത്തവണ ഒരു പടയാളി അവനെ കുന്തംകൊണ്ടു കുത്തി പുറത്തേയ്ക്കു തള്ളി. അവന്‍റെ മുറിവില്‍നിന്നു രക്തം ഒഴുകിക്കൊണ്ടിരുന്നു. എങ്കിലും ആ ജനക്കൂട്ടത്തോടൊപ്പം ആ കഴുതക്കുട്ടിയും എത്തിവലിഞ്ഞു മലമുകളിലെത്തി. തന്‍റെ രാജാവിനെ അവര്‍ നിര്‍ദ്ദയമായി കുരിശില്‍ തറയ്ക്കുന്നത് അവന്‍ കണ്ടു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ വിഷമിച്ചു കുരിശിന്‍ചുവട്ടിലെത്തി. അപ്പോള്‍ യേശു അവനോടു പറഞ്ഞു. എബനേസര്‍, നിന്‍റെ ആഗ്രഹം നടക്കും. അത്രയും പറഞ്ഞ് അധികം താമസിയാതെ യേശു മരിച്ചു. കുന്തമുനയേറ്റ മുറിവില്‍നിന്നു ചോര വാര്‍ന്ന് ആ കഴുതക്കുട്ടിയും യേശുവിന്‍റെ കുരിശിനു താഴെ മരിച്ചുവീണു.

മൂന്നാം ദിവസം അതിരാവിലെ വലിയ ഇടിമുഴക്കവും ഭൂകമ്പവുമുണ്ടായി. അതോടൊപ്പം കുരിശിന്‍റെ ചുവട്ടില്‍ കിടന്നിരുന്ന എബനേസറിന്‍റെ ശരീരത്തിലും ജീവന്‍റെ തുടിപ്പുകള്‍ കണ്ടു. അവന്‍ ഉറക്കത്തില്‍ നിന്നെന്നപോലെ എണീറ്റുനിന്നു. അപ്പോള്‍ അവന്‍ ഒരു ഗംഭീരശബ്ദം കേട്ടു. എബനേസര്‍, എബനേസര്‍ വരുവിന്‍ നമുക്കു പോകാം. അത്യുജ്ജ്വല പ്രഭയോടെ തന്‍റെ മുമ്പില്‍ നില്ക്കുന്ന യേശുവിനെ അവന്‍ കണ്ടു. അവന്‍ യേശുവിന്‍റെ അടുത്തേയ്ക്ക് ഓടിയണഞ്ഞു. വിറയലോടെ പറഞ്ഞു: പ്രഭോ, ഇതാ ഞാന്‍ എന്‍റെ പുറത്തിരുന്നാലും പ്രപഞ്ചനാഥനെ പുറത്തിരുത്തി അവന്‍ കുതിച്ചുപാഞ്ഞു. അപ്പോള്‍ അവന്‍ അറിഞ്ഞു. തന്‍റെ ശരീരം യേശുവിനെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതോടൊപ്പം അതാ തന്‍റെ ശരീരത്തില്‍ വെണ്മയാര്‍ന്ന രണ്ടു ചിറകുകള്‍ മുളയ്ക്കുന്നു. അവന്‍റെ ഓട്ടത്തിന്‍റെ വേഗം അവനറിയാതെ കൂടുകയായിരുന്നു. അല്ല അവന്‍ പറക്കുകയായിരുന്നു എബനേസര്‍ അറിഞ്ഞു. മരങ്ങളും മലകളും പിന്നെ മേഘങ്ങളും അവന്‍റെ കീഴില്‍ ആയിക്കഴിഞ്ഞു. ആത്മനിര്‍വൃതിയോടെ എബനേസര്‍ പറന്നു; കൂടുതല്‍ ഉയരങ്ങളിലേക്ക്… അത്യുന്നതങ്ങളിലേക്ക്…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org