Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 20

ഒരു കുടുംബകഥ കൂടി… അധ്യായം 20

Sathyadeepam

വിനായക് നിര്‍മ്മല്‍

ഏതോ അപരിചിതന് ഭക്ഷണം വിളമ്പികൊടുക്കുന്നതിലെ യാന്ത്രികത പോലെയായിരുന്നു എത്സയ്ക്ക്. അവള്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയതും എന്തോ അപ്രതീക്ഷിതമായത് സംഭവിച്ച മട്ടില്‍ ബിനു കസേരയില്‍ നിന്ന് ചാടിയെണീറ്റു.

അമ്മച്ചിയെന്ത്യേ… അവന്‍ ചോദിച്ചു: “അമ്മച്ചി…” എത്സ മറുപടിക്ക് പരതി. എന്താണ് അവനോട് മറുപടി പറയേണ്ടതെന്ന് അവള്‍ക്കറിയില്ലായിരുന്നു. എത്സ ശിരസ്സ് തിരിച്ചുനോക്കി. ത്രേസ്യാമ്മ പിന്നിലെങ്ങാനുമുണ്ടോ?

അവളുടെ മറുപടി കിട്ടാതെ വന്നപ്പോള്‍ ബിനു ഉറക്കെ വിളിച്ചു: “അമ്മച്ചീ…”

“എന്നതാടാ കാറിക്കൂവുന്നെ…” ത്രേസ്യാമ്മ അപ്പോള്‍ ബിനുവിന്‍റെ കിടപ്പുമുറിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. അവര്‍ കണ്ണുതുടച്ചുകൊണ്ടാണ് പുറത്തേയ്ക്ക് വന്നത്.

ബിനുവിന് എന്തോ സംശയം തോന്നി.

അമ്മച്ചിയെന്തിനാണ് തങ്ങളുടെ മുറിയില്‍ വന്നത്? അമ്മച്ചി കണ്ണു നിറഞ്ഞതുപോലെ എന്താണ് തുടച്ചുകളയുന്നത്?

എനിക്ക് നല്ല ദേഹവേദന… പനിക്കാനാണെന്ന് തോന്നുന്നു… ഞാനൊന്നു പോയികിടക്കട്ടെ…

ത്രേസ്യാമ്മ ബിനുവിന് മുഖം കൊടുക്കാതെ തങ്ങളുടെ കിടപ്പുമുറിയിലേക്ക് ചെന്നു.

അതൊരു ഒഴിഞ്ഞുമാറലോ രക്ഷപെടലോ പോലെ ബിനുവിന് അനുഭവപ്പെട്ടു. അവന്‍ ത്രേസ്യാമ്മയില്‍ നിന്ന് മുഖം തിരിച്ച് എത്സയെ നോക്കി. എത്സയുടെ മുഖത്ത് എന്തോ വല്ലായ്മയുണ്ടെന്ന് അവന് തോന്നി.

“അമ്മച്ചിയെന്നാ പറയാനാ വന്നേ?” – ബിനു ആരാഞ്ഞു.

എത്സ ഒന്നും പറയാതെ ശിരസ് നിഷേധാര്‍ത്ഥത്തില്‍ ചലിപ്പിച്ചു.

ബിനു ഭക്ഷണം കഴിക്കാതെ മുറിയിലേക്ക് പോയി. വിളമ്പിവച്ച ഭക്ഷണപാത്രങ്ങള്‍ക്ക് മുമ്പില്‍ എത്സ  ഒറ്റപ്പെട്ടുനിന്നു. വാതില്‍ തുറന്നുകൊടുക്കാന്‍ അമ്മച്ചി…യാത്ര പറയാന്‍ അമ്മച്ചി… ഭക്ഷണം വിളമ്പികൊടുക്കാന്‍ അമ്മച്ചി… എത്സയുടെ മനസ്സില്‍ രോഷം പുകഞ്ഞു. അവള്‍ ഭക്ഷണപാത്രങ്ങളെടുത്ത് അടുക്കളയിലേക്ക് ചെന്നു.

ബിനു ഇത്ര പെട്ടെന്ന് ഭക്ഷണം കഴിച്ചോ? അടുക്കളയിലായിരുന്ന ലിസി അത്ഭുതപ്പെട്ടു. ജോലിക്കാരി സാലിയുമായി എന്തോ വര്‍ത്തമാനം പറഞ്ഞുനില്ക്കുകയായിരുന്നു ലിസി.

കഴിച്ചില്ല… എത്സ  ശബ്ദം താഴ്ത്തി പറഞ്ഞു.

അത് മനസ്സിലാക്കിയിരുന്ന ഭാവം തന്നെയായിരുന്നു ലിസിയുടെ മുഖത്ത്. അവള്‍ ചിരിച്ചു.

അമ്മച്ചി വിളമ്പിക്കൊടുക്കാത്തതോണ്ടായിരിക്കും…ലിസി പിറുപിറുത്തു.

അല്ലാ അമ്മച്ചി സമ്മതിച്ചിട്ടാണോ എത്സ ചോറു വിളമ്പാന്‍ വന്നേ? ആകാംക്ഷയോടെ ലിസി ചോദിച്ചു.

സാധാരണ അമ്മച്ചി തവിയങ്ങനെ വിട്ടുകൊടുക്കാറില്ല… പറഞ്ഞുകഴിഞ്ഞ് അവള്‍ ചിരിച്ചു. ഇത്തിരി വൈകിയതിന് ശേഷം ജോലിക്കാരി ആ ചിരിയില്‍ പങ്കുചേര്‍ന്നു.

ചില തള്ളമാര് അങ്ങനെയാ… ആണ്‍മക്കള് കെട്ടിക്കൊണ്ടുവന്നാലും അവരുടെ അവകാശം കെട്ടിവന്ന പെണ്ണുങ്ങള്‍ക്ക് വിട്ടുകൊടുക്കേല… സാലി പറഞ്ഞു.

എന്‍റെ അടുത്ത് എന്‍റെ അമ്മായിയമ്മ ഈ കളിയിറക്കാന്‍ നോക്കിയതാ… ഞാന്‍ വിട്ടുകൊടുത്തില്ല… ഒറ്റമോനായിരുന്നു. കാര്യമൊക്കെ ശരിയാ… പക്ഷേ കല്യാണം കഴിഞ്ഞ് രണ്ടാംമാസം ഞാന്‍ അങ്ങേരേം കൊണ്ട് വേറേ പോയി… അവസാനം ആ തള്ള പച്ചവെള്ളം ഇറക്കാതെയാ കണ്ണടച്ചത്… ഒരു നിര്‍വൃതിയിലെന്നോണമായിരുന്നു അവളുടെ വാക്കുകള്‍.

അത് നിന്‍റെ സാമര്‍ത്ഥ്യം… ലിസി അഭിനന്ദിച്ചു.

പെണ്ണുങ്ങളായാ ഇത്തിരി സാമര്‍ത്ഥ്യമൊക്കെ വേണം.. സാലി എത്സയോടായി പറഞ്ഞു.

അല്ലാതെ ചത്തേ ചതഞ്ഞേ എന്ന മട്ടില്‍ ഇരുന്നാല്‍ ആരായാലും നമ്മുടെ തലയില്‍ കയറിനിരങ്ങും. ആണ്‍ മക്കളെ കെട്ട്യോള്‍മാര്‍ക്ക് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു തള്ളമാരും ആണ്‍ മക്കളെ കെട്ടിക്കാന്‍ പോകരുത്. വെറുതെയെന്നാത്തിനാ കെട്ടിക്കയറിവരുന്ന പെണ്ണുങ്ങള്‍ടെ കണ്ണീര് വീഴിക്കുന്നെ…

എന്‍റെ കുറേ കണ്ണീര് വീഴ്ത്താന്‍ നോക്കിയതാ… അപ്പോള്‍ ലിസി, സാലിയുടെ ഇടയില്‍ കയറി.

പക്ഷേ സോജന്‍ എന്‍റെ ഭാഗത്തായിരുന്നു… അത് നടന്നില്ല… അതാ ഇപ്പോ എത്സേടെ അടുത്ത് ഇറക്കാന്‍ നോക്കുന്നെ… എന്നോട് ഇവര് ചെയ്തതൊക്കെ ഓര്‍ക്കുമ്പഴാ… ലിസി മറ്റേതോ ഓര്‍മ്മയിലായിരുന്നു.

കുടുംബകലഹം ഉണ്ടാക്കാന്‍ നോക്കുവാന്ന് വിചാരിക്കരുത്… സാലി എത്സയുടെ അടുക്കലെത്തി കാതിലെന്നോണം പറഞ്ഞു.

നമ്മുടെ കെട്ട്യോന്മാര് നമുക്ക് അവകാശപ്പെട്ടവരാ… അവരെ പങ്കുവച്ചുകൊടുക്കരുത്. അമ്മയ്ക്കാണെങ്കിലും പെങ്ങന്മാര്‍ക്കാണെങ്കിലും.. ഈ അമ്മേടേം പെങ്ങന്മാരുടേം ദുഷ്ടസ്വാധീനത്തില്‍ നിന്ന് ബിനൂനെ അകറ്റിനിര്‍ത്തിയാലേ എത്സയ്ക്ക് ബിനൂനെ സ്വന്തമായി കിട്ടൂ… നിങ്ങള് വേറെ മാറിത്താമസിക്ക്…

 

നീയെന്നാ മണ്ടത്തരമാ സാലി ഇപ്പറയുന്നെ… നിനക്ക് അത് സാധിക്കുമായിരുന്നു. നിന്‍റെ കെട്ട്യോന് ഡ്രൈവിങ്ങ് അറിയാമായിരുന്നു. നിനക്കാണേ വീട്ടുപണി ചെയ്താണെങ്കിലും കുടുംബം പോറ്റാമെന്നുള്ള തന്‍റേടോം ഉണ്ടായിരുന്നു… അതുപോലെയാണോ ഇവരുടെ കാര്യങ്ങള്… ബിനൂന് സ്വന്തമായി എന്തെങ്കിലും ജോലിയുണ്ടോ… എത്സയ്ക്ക് ജോലിയുണ്ടോ… കഥയെഴുത്താ. സിനിമേടെ പുറകെയാ എന്നൊക്കെ പറഞ്ഞ് നടന്നിട്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും അവന് കാശു കിട്ടുന്നുണ്ടോ… ഇവിടെയായതുകൊണ്ടല്ലേ ഇവര് രണ്ടാളും ഒന്നുമറിയാതെ കഴിഞ്ഞുകൂടുന്നത്?

ദേഹത്ത് ചെളിവെള്ളം വീണതുപോലെയാണ് എത്സ യ്ക്ക് തോന്നിയത്. ആദ്യമായിട്ടായിരുന്നില്ല ലിസി ഇതേ രീതിയില്‍ സംസാരിക്കുന്നത്. ത്രേസ്യാമ്മ വിളമ്പികൊടുക്കുന്ന ചോറ് കഴിച്ചുതീര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ നിസ്സഹായതോടെയാണെങ്കി ലും എത്സ  വേസ്റ്റ് പാത്രത്തില്‍ കൊണ്ടുപോയി ഇടുന്നത് കാണുമ്പോഴെല്ലാം ലിസി മുള്ളും മുനയും വച്ച് സംസാരിക്കാറുണ്ടായിരുന്നു.

അരിക്കൊക്കെ ഇപ്പോ എന്നാ വിലയാ, ഇവിടെയാര്‍ക്കും അതേക്കുറിച്ച് ഒരു വിചാരോമില്ല എന്നും ഒരാള്‍ ഇങ്ങനെ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നതുകൊണ്ട് എല്ലാരും സുഖമായി ജീവിക്കുന്നുവെന്നുമെല്ലാം പരാതിയായും കുറ്റപ്പെടുത്തലായും ലിസി പറയാറുണ്ടായിരുന്നു. ചേട്ടന്‍റെ ചെലവിലാണ് താന്‍ കഴിയുന്നതെന്ന് ഓരോ തവണയും എത്സയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു അതുവഴി ലിസി ചെയ്തുകൊണ്ടിരുന്നത്. അത് എത്സയ്ക്ക് തിരിച്ചറിയാനും കഴിയുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ വരുമാനമില്ലായ്മയുടെ പേരില്‍ അയാളുടെ ജ്യേഷ്ഠന്‍റെ ചെലവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഭാര്യ. വളരെ അപമാനകരമായിട്ടാണ് എത്സയ്ക്ക് അത് തോന്നിയത്. സ്വന്തം കാലില്‍ നില്ക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയവള്‍ ഇപ്പോള്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍റെ ചെലവില്‍ കഴിയുന്നു.

അതു ശരിയാ… അക്കാര്യം ഞാനോര്‍ത്തില്ല. സാലി അബദ്ധം പറ്റിയതുപോലെ ഭാവിച്ചു.

എന്നുവച്ച് എല്ലാക്കാലവും അങ്ങനെ ജീവിക്കാന്‍ കഴിയോ… നാളെ ഇവര്‍ക്ക് പിള്ളേരുണ്ടാവില്ലേ…

കുട്ടികളുടെ കാര്യം പറഞ്ഞപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ഉത്സാഹമൊക്കെ ലിസിക്ക് നഷ്ടമായി.

പിള്ളേരൊക്കെ ദൈവത്തിന്‍റെ കയ്യിലിരിക്കുന്ന കാര്യങ്ങളല്ലേ സാലീ.

അതെയതെ. സാലി അത് സമ്മതിച്ചുകൊടുത്തു.

അപ്പോള്‍ ബിനുവിന്‍റെ എത്സേ എന്ന വിളി മുഴങ്ങി.

ഒരു നടുക്കം എത്സയിലുണ്ടായി. ബിനു അങ്ങനെ പേരു വിളിക്കാറില്ല. ഒരു കാര്യം ആവശ്യപ്പെടാറുമില്ല… പക്ഷേ ഈ വിളിയില്‍ അത്തരം എന്തെങ്കിലും ആവശ്യങ്ങളുള്ളതായി എത്സയ്ക്ക് തോന്നിയതുമില്ല. മറിച്ച് മറ്റെന്തോ അപകടം മണക്കുകയും ചെയ്തു.

എന്തായിരിക്കാമത്?

എത്സയ്ക്ക് ചങ്ക് പെരുമ്പറ കൊട്ടുന്നതുപോലെ തോന്നി.

ചെല്ല് ചെല്ല് ബിനു വിളിക്കുന്നുണ്ടല്ലോ…

ലിസി അനുവദിച്ചു. എത്സ വേഗം മുറിയിലേക്ക് ചെന്നു. അവള്‍ ചെല്ലുമ്പോള്‍ ബിനുവിന്‍റെ കയ്യില്‍ ഒരു പുസ്തകമിരിപ്പുണ്ട്. അത് താന്‍ വായിക്കാന്‍ എടുത്തിരുന്ന പുസ്തകമാണെന്ന് അവള്‍ക്ക് മനസ്സിലായി.

പക്ഷേ മറിച്ചുനോക്കിയതല്ലാതെ വായിച്ചിട്ടില്ല. പലവിധചിന്തകള്‍ മനസ്സിലേക്ക് കടന്നുവന്നു. അതിനിടയില്‍ ത്രേസ്യാമ്മയും വന്നു.

എടുക്കാന്‍ കൈ ഉണ്ടെങ്കില്‍ തിരിച്ചുവയ്ക്കാനും കൈ വേണം… ബിനു നല്ല ദേഷ്യത്തിലായിരുന്നു.

എടുത്ത സാധനം തിരികെ വയ്ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എടുക്കാന്‍ പോകരുത്. ബിനു പുസ്തകം തിരികെ കൊണ്ടുപോയി ഷെല്‍ഫില്‍ വച്ചു. എത്സയ്ക്ക് മിഴിനീര്‍ പൊട്ടി. ഇത്രമാത്രം ക്ഷോഭിക്കാന്‍ താനെന്താണ് ചെയ്തതെന്ന് അവള്‍ക്ക് മനസ്സിലായില്ല. പുസ്തകം എടുത്തതോ അതോ തിരികെ വയ്ക്കാതിരുന്നതോ?

എന്‍റെ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ട്. ഇന്ന സാധനം ഇന്നയിടത്താണെന്ന് എനിക്ക് കൃത്യമായിട്ടറിയാം… ബിനു തിരികെ കട്ടിലില്‍ ചെന്നിരുന്നു. എത്സയുടെ കണ്ണ് നിറഞ്ഞ് കണ്ടപ്പോള്‍ അവന് വല്ലായ്മ തോന്നി. അവന്‍ വേഗം നോട്ടം മാറ്റി. ഈ സമയം ത്രേസ്യാമ്മയും കുഞ്ഞേപ്പച്ചനും കൂടി മുറിയില്‍ സംസാരിക്കുകയായിരുന്നു.

നിന്‍റെ മുഖത്തെന്താ ഒരു വൈക്ലബ്യം? ത്രേസ്യാമ്മയുടെ മുഖത്തേയ്ക്ക് സാകൂതം നോക്കി കുഞ്ഞേപ്പച്ചന്‍ ചോദിച്ചു.

എന്തു വൈക്ലബ്യം? എനിക്കൊന്നുമില്ല. ത്രേസ്യാമ്മ മുഖം മാറ്റി.

കുഞ്ഞേപ്പച്ചന്‍ അവരുടെ അടുത്ത് ചെന്നിരുന്ന് ആ മുഖം തനിക്ക് നേരെ തിരിച്ചു.

ഞാന്‍ ഇന്നും ഇന്നലെയൊന്നുമല്ലല്ലോ ഈ മുഖം കാണാന്‍ തുടങ്ങിയത്? ദേഷ്യവും സങ്കടവും സന്തോഷവും നിരാശയും എല്ലാം എനിക്ക് മനസ്സിലാവും… അവള് നിന്നോടെന്നതാ പറഞ്ഞേ?

ത്രേസ്യാമ്മ പെട്ടെന്ന് നടുങ്ങിപ്പോയി. സംഭവിച്ചതിന്‍റെ എന്തോ സൂചന ഭര്‍ത്താവിന് പിടികിട്ടിയതുപോലെ…

ആര്… എന്നിട്ടും ഒന്നുമറിയാത്തവളെ പോലെ ത്രേസ്യാമ്മ ചോദിച്ചു.

എത്സ… കുഞ്ഞേപ്പച്ചന്‍ പറഞ്ഞു.

അവളെന്നോട് എന്നാ പറയാന്‍… ഞങ്ങള് വെറുതെ സംസാരിച്ചിരിക്കുവായിരു ന്നു… അപ്പോ ബിനു വന്നു… ചോറെടുത്ത് കൊടുക്കാന്‍ അവള് പോകേം ചെയ്തു.

ഉവ്വോ.. അപ്പോ നീ സൈഡ് മാറികൊടുക്കാന്‍ തീരുമാനിച്ചു അല്ലേ? നന്നായി… കുഞ്ഞേപ്പച്ചന്‍ സന്തോഷിച്ചു.

അതിന്‍റെ സങ്കടമാണോ നിനക്ക്… മകന്‍ നിനക്ക് നഷ്ടമാകുന്നതിന്‍റെ സങ്കടം.

എന്നെ അങ്ങനെയാണോ കരുതിയേക്കുന്നെ… താന്‍ തെറ്റിദ്ധരിക്കപ്പെട്ടതിന്‍റെ സങ്കടം ത്രേസ്യാമ്മയ്ക്ക് തികട്ടി വന്നു.

പെണ്ണുങ്ങള് എല്ലാം അങ്ങനെയാടീ… അവര്‍ക്കെല്ലാവരുടേം സ്നേഹം വേണം… പരിഗണന വേണം. പക്ഷേ അവരുണ്ടോ കിട്ടിയതുപോലും തിരികെ കൊടുക്കുമോ അതൊട്ടില്ലതാനും… ആര്‍ക്കും കൊടുക്കാതെ എല്ലാം അവരങ്ങ് പൂട്ടീ വച്ചോണ്ടു നടക്കും… അവസാനം ആണൊരുവനെ പെട്ടീലെടുത്ത് പള്ളീലോട്ട് കെട്ടിയെടുക്കുമ്പം എണ്ണിപ്പാടി കരയേം ചെയ്യും, അയ്യോ എന്നെ ഇട്ടേച്ചും പോകല്ലേയെന്നും പറഞ്ഞ്… എനിക്കിനി ആരുണ്ടെന്ന് പറഞ്ഞ്… കുഞ്ഞേപ്പച്ചന്‍ ചിരിച്ചു.

അതല്ല… ത്രേസ്യാമ്മ പെട്ടെന്ന് മറുപടി പറഞ്ഞു.

അമ്മയ്ക്കും പെങ്ങന്മാര്‍ക്കും വേണ്ടി പെണ്ണ് കെട്ടിയാ ശരിയാവുകേലാ അല്ലേ? ത്രേസ്യാമ്മ ചോദിച്ചു.

അവളങ്ങനെ പറഞ്ഞോ നിന്നോട്?

ഉം…

കുഞ്ഞേപ്പച്ചന്‍ ചിരിച്ചു.

അവള് കുറ്റം വിധിച്ചിരിക്കുന്ന ഈ അമ്മേം പെങ്ങന്മാരും അവന്‍റേം അവള്‍ടേം ജീവിതത്തില് ഇന്നേവരെ ദോഷമായിട്ടൊന്നും ചെയ്തിട്ടില്ലല്ലോ… പിന്നെയെന്നാത്തിനാ അവള് വെറുതെ…

അയാള്‍ക്ക് നീരസം തോന്നി.

ഞാന്‍ ചെയ്തത് തെറ്റായോ… അവനെ നിര്‍ബന്ധിച്ച് പെണ്ണു കെട്ടിച്ചത്? ത്രേസ്യാമ്മ സംശയിച്ചു.

ലോകത്തിലുള്ള ഏതമ്മയും ചെയ്യുന്നതേ നീ ചെയ്തുള്ളൂ…അത് അല്പം വ്യത്യസ്തമായിപ്പോയെന്ന് മാത്രം… പിന്നെ നീ വിചാരിച്ചു സാമ്പത്തികം കുറഞ്ഞ ഒരു വീട്ടിലെ പെണ്ണാകുമ്പോ അവള് ന മുക്ക് കീഴ്പ്പെട്ടും വിധേയപ്പെട്ടും നിന്നോളുമെന്ന്… അല്ലേ?

ത്രേസ്യാമ്മ കുറ്റസമ്മതംപോലെ തലയാട്ടി.

അവിടെ നിനക്ക് തെറ്റി. ഇപ്പോഴുള്ള ഒരു പെണ്ണും അങ്ങനെ നിന്നുതരില്ല. മാത്രോല്ല ബന്ധുത്വം എപ്പോഴും ചേരുന്നത് തമ്മിലേ ചേര്‍ക്കാവൂ.. അപകര്‍ഷത തോന്നിക്കാനോ ഉല്‍ക്കര്‍ഷം തോന്നിക്കാനോ വിധത്തിലുള്ളതല്ലാതെ സമം പോലെയുള്ളത്… ഇവിടെ അവള്‍ക്ക് തോന്നുന്നത് അപകര്‍ഷതയാ… അതാ അവള്‍ടെ പ്രശ്നം… താന്‍ എന്തോ വില കുറഞ്ഞവളാണെന്ന ഒരുതോന്നല്‍… അതുകൊണ്ട് നാമെന്തു പറഞ്ഞാലും അവള്‍ വേറെ രീതിയിലെടുക്കും… അവളെ തിരുത്താന്‍ അവള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

ത്രേസ്യാമ്മ അത്ഭുതത്തോടെ ഭര്‍ത്താവിനെ നോക്കി. ഭര്‍ത്താവ് തന്നെ ഈയിടെയായി വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി… ഒരു പുരുഷന്‍റെ ഹൃദയത്തിന്‍റെ ആഴവും ചിന്തയുടെ വ്യത്യസ്തതയും എന്നെങ്കിലും ഒരു സ്ത്രീക്ക് അതിന്‍റേതായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുമോ? ജീവിതകാലം മുഴുവന്‍ ഒരുമിച്ച് കഴിയുന്നവരായിരുന്നിട്ടും… ഭര്‍ത്താവ് കഴിവു കുറഞ്ഞ ആളാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ മനസ്സിലാകുന്നു തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ട് തന്നെ വളര്‍ത്താനായി അദ്ദേഹം മാറിനില്ക്കുകയായിരുന്നുവെന്ന്… മനസ്സിന് വല്ലാത്ത വലിപ്പം ഉള്ള പുരുഷന്മാര്‍ക്കേ അതിന് കഴിയൂ.

നീ അലക്സച്ചനോട് പറഞ്ഞത് ഞാനോര്‍ക്കുന്നു, കല്യാണജീവിതം എന്നു പറയുന്നത് വെള്ളത്തിലൂടെ ഒഴുകിവരുന്ന ഒരു തടിക്കഷണം പോലെയാ… ചിലപ്പോഴത് പൊന്തയിലോ എവിടെയെങ്കിലുമോ തട്ടിതടഞ്ഞുനില്ക്കും. അപ്പോ കരേല് നില്ക്കുന്നവര്‍ എന്തു ചെയ്യണം… കാലു കൊണ്ടൊന്ന് തട്ടിവിടണം… അത് പിന്നേം ഒഴുകിപ്പൊക്കോളും… അല്ലെങ്കീ നമ്മുടെ കാലത്തെപോലെയൊന്നുമല്ലെടോ ഇക്കാലത്തെ പിള്ളേര്… അവര്‍ക്കെല്ലാം അവരുടേതായ തത്ത്വങ്ങളുണ്ട്… ഇളക്കിമാറ്റാന്‍ കഴിയാത്തത്… അതോണ്ടല്ലേ കല്യാണത്തിന്‍റെ രണ്ടാഴ്ച കഴിഞ്ഞ് പോലും ഇവിടെ വിവാഹമോചനങ്ങള് നടക്കുന്നത്. കാര്‍ന്നോമ്മാര് പറയുന്നതില്‍ ശരിയുണ്ടോയെന്ന് പോലും അവര് നോക്കുന്നില്ല…

അപ്പോള്‍ ബിനുവിന്‍റെ മുറിയുടെ വാതില്ക്കല്‍ ഒരു മുട്ടുകേട്ടു.

ബിനുവാണ് വാതില്‍ തുറന്നത്; സാലിയായിരുന്നു അത്.

ഒരു പെങ്കൊച്ചും പിള്ളേരും എത്സയെ കാണാന്‍ വന്നിട്ടുണ്ട്.

കട്ടിലില്‍ കണ്ണു നിറഞ്ഞിരിക്കുകയായിരുന്ന എത്സ  ചാടിയെണീറ്റൂ.

ഒരു മുസ്ലീമാ… സാലി തുടര്‍ന്ന് പറഞ്ഞു.

മുസ്ലീമോ… പെണ്‍കുട്ടിയോ?എത്സയ്ക്ക് അമ്പരപ്പ് തോന്നി. ത ന്നെ കാണാനോ… ആരായിരിക്കും അത്? അവള്‍ വേഗം മുന്‍വശത്തേയ്ക്ക് ചെന്നു. പുറം തിരിഞ്ഞുനില്ക്കുകയായിരുന്നു പര്‍ദ്ദ ധരിച്ച ആ പെണ്‍കുട്ടി. രണ്ടു കുട്ടികള്‍ അവളോട് ചേര്‍ന്ന് നില്ക്കുന്നുമുണ്ടായിരുന്നു

ആരാ… എവിടുന്നാ…?

എത്സ ചോദിച്ചു.

പെട്ടെന്ന് പര്‍ദ്ദ ധരിച്ച പെണ്‍കുട്ടി തിരിഞ്ഞുനിന്നു.

ചേച്ചീ, അവള്‍ വിളിച്ചു.

എത്സ നടുങ്ങിപ്പോയി. ബെറ്റ്സിയായിരുന്നു അത്… എത്സയുടെ അനിയത്തി.

(തുടരും)

Leave a Comment

*
*