Latest News
|^| Home -> Novel -> ചെറുകഥ -> മരണത്തിന്റെ യാത്രാമൊഴി

മരണത്തിന്റെ യാത്രാമൊഴി

Sathyadeepam

ചെറുകഥ

ജോസ് മാത്യു കരീമഠം

ദിനപത്രത്തിന്‍റെ താളുകളില്‍ വന്ന വാര്‍ത്ത കണ്ട് അവന്‍റെ മനസ്സ് വേദനകൊണ്ടു പിടഞ്ഞു. ഒരിക്കല്‍ തന്‍റെ ആരെങ്കിലുമോ ആയിരുന്ന അവള്‍ മരണമടഞ്ഞിരിക്കുന്നു. സെമിത്തേരിയിലെ കുഴിമാടത്തില്‍, കുന്തിരിക്കത്തിന്‍റെയും പൂക്കളുടെയും അകമ്പടിയോടെ നിത്യവിശ്രമം കൊള്ളാന്‍ മണിക്കൂറുകള്‍ മാത്രം. എന്തുകൊണ്ടാണ് അവള്‍ തന്നില്‍ നിന്ന് അകന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രോഗിയാണെന്ന് അറിഞ്ഞ് അവള്‍ അകലുകയായിരുന്നോ? ആ അകല്‍ച്ചയില്‍ അവള്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും.

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് അവളുമായി പരിചയപ്പെട്ടത്. വെളുത്ത്, സുന്ദരിയായിരുന്നു അവള്‍. ഓമനത്തമുള്ള മുഖകാന്തി. എങ്കിലും, നയനങ്ങളില്‍ വിഷാദത്തിന്‍റെ നിഴലുകള്‍ ഒളിഞ്ഞിരുന്നോ? അടുക്കാന്‍ ശ്രമിക്കുമ്പോള്‍ അകലുന്ന സ്വഭാവം. അകലുമ്പോള്‍ കൂടുതല്‍ അടുക്കണമെന്നു മനസ്സ് മോഹിച്ചു. കണ്ണുകളിലെ വിഷാദം ഒപ്പിയെടുക്കാന്‍ കഴിഞ്ഞെങ്കില്‍!

ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു: “മരിയയുടെ ചുണ്ടുകളില്‍ എന്താണു പുഞ്ചിരിയുടെ പൂക്കള്‍ വിടരാത്തത്?” തലകുമ്പിട്ട് അവള്‍ മിണ്ടാതെ നിന്നു. മൗനത്തിന്‍റെ നിശ്ശബ്ദതയില്‍ ഒളിഞ്ഞിരിക്കുന്ന ദുഃഖഭാവം കണ്ടു. ഒലിച്ചിറങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന നീര്‍ത്തുള്ളികള്‍ ടൈല്‍സ് പാകിയ തറയില്‍ വീണു ചിന്നിച്ചിതറി. എന്തുകൊണ്ടോ മനസ്സ് തുറക്കാന്‍ കഴിയുന്നില്ല. എന്തിന് അവനെക്കൂടി വിഷമിപ്പിക്കണം? രോഗിയാണെന്നറിഞ്ഞാല്‍ അവനു സഹിക്കുമോ? ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

പേരന്‍റ്സിന്‍റെ മൂത്തമകളാണു മരിയ. ഇളയത് രണ്ട് ആണ്‍കുട്ടികള്‍. അപ്പച്ചന്‍ അകലെയൊരു കമ്പനിയുടെ ഓഫീസ് മാനേജരാണ്. അമ്മച്ചി പള്ളിവക സ്കൂളിലെ അദ്ധ്യാപികയും. വീക്കെന്‍ഡില്‍ അപ്പച്ചന്‍ വീട്ടില്‍ വരും. ശനിയാഴ്ച വൈകുന്നേരം വന്നു തിങ്കളാഴ്ച രാവിലെ തിരിച്ചുപോകും. അപ്പച്ചന്‍ വന്നാല്‍ വീട്ടിലൊരു പെരുന്നാളാണ്. അപ്പോഴാണ് അമ്മച്ചിയുടെ മുഖത്ത് വെട്ടം വീഴുന്നത്. അപ്പച്ചനു കമ്പനിയിലെ ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടാകും. അതു കേള്‍ക്കാന്‍ ഞങ്ങള്‍ ചെവി വട്ടം പിടിച്ചിരിക്കും.

കമ്പനിയുടെ എം.ഡി.യും മറ്റും വിസിറ്റിനു വന്നപ്പോള്‍ അപ്പച്ചനു പറ്റിയ ഒരമളിയോര്‍ത്തു ഞ ങ്ങള്‍ കുടുക്കുടാ ചിരിക്കും. അപ്പച്ചന്‍റെ കാബിനില്‍ വന്നു എം.ഡി ചോദിച്ചു. മിസ്റ്റര്‍ മാത്യു, ഈ കമ്പനിയില്‍ ഇപ്പോള്‍ എത്ര ജോലിക്കാരുണ്ട്? ഓഫീസ് സ്റ്റാഫും. അപ്പച്ചന്‍ പെട്ടെന്നു പറഞ്ഞതു പതിനഞ്ചു ജോലിക്കാരെന്നാണ്; 90 സ്റ്റാഫും. അതുകേട്ട് എം.ഡി. ഉറക്കെ ചിരിച്ചു. എന്താണു മിസ്റ്റര്‍ മാത്യു പതിനഞ്ചു ജോലിക്കാര്‍ 90 സ്റ്റാഫോ? സ്റ്റാഫിന്‍റെ എണ്ണം കുറച്ചു ജോലിക്കാരുടെ സ്ട്രെംഗ്ത് കൂട്ടിക്കൂടേ? പറ്റിയ അമളിയോര്‍ത്തു ചിരിക്കാതിരിക്കാന്‍ അപ്പച്ചനും കഴിഞ്ഞില്ല.

പല ദിവസങ്ങളിലും അവനില്‍ നിന്ന് ഒളിഞ്ഞിരിക്കാന്‍ മരിയ മുന്‍കരുതലെടുത്തു. അകലെവച്ച് അവനെ കണ്ടുമുട്ടിയാല്‍ വഴിമാറിപ്പോകുന്നതിന് ആഗ്രഹിച്ചു. പലപ്പോഴും വിജയിക്കാറില്ല. അന്നൊക്കെ മരിയയോടു കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചുനോക്കി.

അപ്പച്ചനുള്ള ഒരു ദിവസം അവന്‍ അവളുടെ വീട്ടില്‍ ചെന്നു. ഞായറാഴ്ചയായതിനാല്‍ പേരന്‍റ്സൊന്നിച്ചു മരിയ പള്ളിയിലായിരുന്നു. രാവിലെ ഒമ്പതു മണിക്കാണു മൂന്നാമത്തെ കുര്‍ബാന. തുടര്‍ന്നു കുട്ടികള്‍ക്കു കാറ്റിക്കിസം ക്ലാസ്സും. കുട്ടികളെയും കൂട്ടിയാണ് അവര്‍ തിരിച്ചുവരിക. മരിയ ചിലപ്പോള്‍ കൂട്ടുകാരികളുടെ വീട്ടില്‍ കയറും. അന്നൊക്കെ തനിച്ചാവും മടങ്ങിവരുന്നത്.

പെട്ടെന്ന് അവനെ കണ്ടപ്പോള്‍ അവളൊന്നു പകച്ചു. ഒരു മുന്നറിയിപ്പുമില്ലാതെയാണല്ലോ അവന്‍ വന്നിരിക്കുന്നത്. കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ അവന്‍ മരിയയുടെ വിഷാദത്തിന്‍റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പറയുമ്പോള്‍ അമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഒരു തിങ്കളാഴ്ച, മരിയ ക്ലാസ്സില്‍ നിന്നു വന്നതു നല്ല മഴയത്തായിരുന്നു. പനിയുടെ മട്ടു കണ്ടപ്പോള്‍ ചുക്കും കുരുമുളകുമിട്ട് തിളപ്പിച്ച കാപ്പി കൊടുത്തു. രാത്രിയില്‍ ചൂടുകഞ്ഞിയും. രാവിലെ പനി കുറഞ്ഞില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞു. രാത്രി പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും അമ്മച്ചിതന്നെ നടത്തി. മരിയ മയക്കത്തിലായപ്പോള്‍ ബ്ലാങ്കറ്റുകൊണ്ടു മൂടിപ്പുതപ്പിച്ചു. ഉറക്കത്തില്‍ മകള്‍ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. അമ്മച്ചിക്കു പേടിയായി. ഒരുവിധം നേരം വെളുപ്പിച്ചു.

രാവിലെതന്നെ യൂബര്‍ വിളിച്ച് അകലെയുള്ള ആശുപത്രിയിലേക്കു ചെന്നു. പനി കുറയാതിരുന്നപ്പോള്‍ അഡ്മിറ്റാകണമെന്നു ഫിസിഷ്യന്‍ നിര്‍ദ്ദേശിച്ചു. അപ്പച്ചനോടു വിവരങ്ങളൊക്കെ വിളിച്ചു പറഞ്ഞു. രണ്ടുമൂന്നു ദിവസം ആശുപത്രിയില്‍ കഴിയട്ടെ എന്ന് അപ്പച്ചനും പറഞ്ഞു. പരിശോധനയില്‍ പ്രത്യേകിച്ചൊന്നും മനസ്സിലായില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഡിസ്ചാര്‍ജായി വീട്ടിലേക്കു പോന്നു. വീട്ടിലെത്തിപ്പോള്‍ അപ്പച്ചന്‍ വന്നിട്ടുണ്ട്. മരിയയുടെ മുഖം വല്ലാതിരിക്കുന്നത് കണ്ട് ആശ്വസിപ്പിച്ചു.

വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ വിദഗ്ദ്ധ പരിശോധനയ്ക്കും ചെക്കപ്പിനുമായി മെഡിക്കല്‍ കോളജിലേക്കാണു കൊണ്ടുപോയത്. അപ്പച്ചനും അവധിയെടുത്ത് ഒപ്പമുണ്ടായിരുന്നു.ചീഫ് ഫിസിഷ്യനെ കണ്ട് അപ്പച്ചന്‍ സംസാരിച്ചു. ടെസ്റ്റുകള്‍ കഴിഞ്ഞു ഡിസിഷനെടുക്കാമെന്നു പറഞ്ഞതനുസരിച്ച് അന്നു രാത്രിയില്‍ ഞങ്ങള്‍ ആശുപത്രിയില്‍ കഴിച്ചുകൂട്ടി. പിറ്റേന്നു പത്തു മണിയോടെ ഡോക്ടര്‍ മുറിയില്‍ വന്നു മരിയയെ പരിശോധിച്ചു. ടെസ്റ്റുകളില്‍ നെഗറ്റീവായി ഒന്നും കാണുന്നില്ലെന്നും കുറച്ചു ദിവസം വീട്ടില്‍ വിശ്രമിക്കട്ടെ എന്നും പറഞ്ഞു. ഒരു മാസംകൂടി കഴിഞ്ഞു വന്നാല്‍ മതിയെന്നു നിര്‍ദ്ദേശിച്ചതനുസരിച്ച് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങിപ്പോന്നു.

ക്ലാസ് കട്ട് ചെയ്യേണ്ടത് ഓര്‍ത്തു മരിയയ്ക്ക് ഏറെ സങ്കടമായി. വീട്ടിലെ ഏകാന്തതയും മുറിയിലെ ഒറ്റപ്പെടലും അവള്‍ക്കു താങ്ങാവുന്നതിലധികമായിരുന്നു. എന്നാലും ഒരു മാസം പെട്ടെന്നു കടന്നുപോയതായി അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പച്ചനുമൊന്നിച്ചു വീണ്ടും ആശുപത്രിയില്‍ പോയി. ഡോക്ടര്‍ക്കു പ്രത്യേകിച്ചൊന്നുംനിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. പതിവുപോലെ പഠനം തുടരട്ടെ എന്നു മാത്രം പറഞ്ഞു.

ഒരാഴ്ച കൂടി കഴിഞ്ഞു മരിയ കോളജിലെത്തി. അവളെ കണ്ടപ്പോള്‍ അവനു സന്തോഷമായി. ആശ്വാസവാക്കുകള്‍ പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മാസങ്ങള്‍ ചിറകടിച്ചു പറന്നുപോയി; വര്‍ഷങ്ങളും.

കോളജ് വിദ്യാഭ്യാസം കഴിഞ്ഞു നാട്ടില്‍ത്തന്നെയുള്ള സ്കൂളില്‍ അവനു ജോലി കിട്ടി. മരിയയെ വിളിക്കാന്‍ എന്നും മറക്കാറില്ല. വീട്ടിലെ വിവരങ്ങള്‍ ചോദിച്ചറിയും. സമയംപോലെ ഒരു ദിവസം വീട്ടില്‍ ചെല്ലാമെന്നും പറയും. പഠനം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതില്‍ അവള്‍ക്കു ദുഃഖമുണ്ട്. ചെല്ലാമെന്നു പറഞ്ഞെങ്കിലും ഇന്നുവരെ വാക്ക് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു കുറ്റബോധവുമുണ്ട്. അപ്പച്ചനും അമ്മച്ചിയും എന്തു വിചാരിക്കും? എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കണം. മൊബൈലിലൂടെയുള്ള അവളുടെ വോയ്സില്‍ പതിയിരുന്നതു സങ്കടത്തിന്‍റെ സമുദ്രമായിരുന്നല്ലോ?

ദിനപ്പത്രം മടക്കി സെറ്റിയില്‍ നിന്ന് അവന്‍ എഴുന്നേറ്റു. മരിയയുടെ മുഖം അവസാനമായി കാണുന്നതിന് ഒരുങ്ങി. ഇടവകപ്പള്ളിയില്‍ മൂന്നു മണിക്കാണു ഫ്യൂണറല്‍ നടക്കുക. അതിനുമുമ്പു മരിയയുടെ പേരന്‍റ്സിനെ കണ്ട് ആശ്വസിപ്പിക്കണം. ബ്രദേഴ്സിന്‍റെ സങ്കടങ്ങള്‍ പങ്കിടണം. അവരുടെ നനവുള്ള നയനങ്ങള്‍ തുടയ്ക്കണം. ചേച്ചിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയണം.

വീട്ടിലെത്തിയപ്പോള്‍ മരിയയുടെ മൃതദേഹം പുറത്തെ പന്തലില്‍ വച്ചിരുന്നു. പൂക്കള്‍കൊണ്ട് അലങ്കരിച്ച ശവമഞ്ചത്തിനു സമീപം ഈറനണിഞ്ഞ നയനങ്ങളുമായി അപ്പച്ചനും അമ്മച്ചിയും നില്ക്കുന്നു. നിറകണ്ണുകളുമായി അവന്‍ മഞ്ചത്തിലുറങ്ങുന്ന മരിയയുടെ മുന്നിലേക്കു നീങ്ങിനിന്നു. ദുഃഖാര്‍ത്തരായ ബന്ധുജനങ്ങള്‍ തിങ്ങിക്കൂടി. ചന്ദനത്തിരിയുടെയും പനിനീരിന്‍റെയും നറുമണം പ്രാര്‍ത്ഥനയുടെയും ചരമഗീതത്തിന്‍റെയും ശബ്ദം. അച്ചന്മാരും കന്യാസ്ത്രീകളും മരിച്ചവര്‍ക്കുവേണ്ടിയള്ള ഒപ്പീസ് നടത്തുന്നു. ആളുകളുടെ മനസ്സില്‍ ദുഃഖത്തിന്‍റെ അരുവികള്‍ ഒഴുകി. കണ്ണുകള്‍ തുടച്ചു ഹൃദയവ്യഥയോടെ നിശ്ശബ്ദനായി കൈകള്‍ കൂപ്പി അവന്‍ നിന്നു.

മൂന്നു മണിയായപ്പോള്‍ ഇടവകപ്പള്ളിയില്‍ നിന്നു വികാരിയച്ചനും കൊച്ചച്ചനും വന്നു. ആളുകള്‍ മഞ്ചത്തിനടുത്തേയ്ക്കു നീങ്ങി ഒതുങ്ങിനിന്നു. കൊച്ചച്ചന്‍റെ ചരമപ്രഭാഷണം ഏവരുടെയും മനസ്സുകളില്‍ സങ്കടത്തിന്‍റെ പേമാരി ചൊരിഞ്ഞു. ചന്ദനത്തിരികള്‍ ജ്വലിപ്പിച്ചു സഹായി ആളുകള്‍ക്കു കൈമാറി. വികാരിയച്ചന്‍ പ്രാര്‍ത്ഥനകള്‍ക്കു തുടര്‍ച്ചയെന്നോണം ചൊല്ലി: “ഞാന്‍ നല്ലവണ്ണം യുദ്ധം ചെയ്തു. ഞാന്‍ എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി. എന്‍റെ വിശ്വാസം ഞാന്‍ സംരക്ഷിച്ചു. ആയതിനാല്‍ നീതിയുടെ ന്യായാധിപനായ കര്‍ത്താവ് നീതിയുടെ മുടി എന്‍റെ ശിരസ്സില്‍ അണിയിക്കട്ടെ.” നേരത്തെ തലയില്‍ വച്ചിരുന്ന മുടി മാറ്റി മറ്റൊന്നു വച്ചു. സഹായി ചെറുമണി അടിച്ചപ്പോള്‍ ഇടവകപ്പള്ളിയിലേക്കു പുറപ്പെടുന്നതിന് ആളുകള്‍ നിരന്നു. പേരന്‍റ്സും ബ്രദേ ഴ്സും ആംബുലന്‍സില്‍ കയറി. ശവമഞ്ചത്തെ അനുഗമിച്ച് ആളുകള്‍ നിരനിരയായി മുന്നോട്ടു നീ ങ്ങി.

ദേവാലയത്തിനകത്ത്, കറുത്ത തുണികള്‍കൊണ്ട് ആവരണം ചെയ്ത മേശമേല്‍ മഞ്ചം വച്ചു. അച്ചന്മാര്‍ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു. മരിയയോടുള്ള ദുഃഖസൂചകമായി പള്ളിമണികള്‍ വിതുമ്പി. ചെറുമണിയടിച്ചപ്പോള്‍ ചെറുപ്പക്കാര്‍ മഞ്ചം കൈകളിലേന്തി. മരിക്കുരിശും കറുത്ത കൊടികളുമായി ആളുകള്‍ നടന്നു.

ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ശവമഞ്ചവുമായി അവര്‍ സെമിത്തേരിയിലെത്തി. കല്ലറയ്ക്കു സമീപമുള്ള ഇരുമ്പു സ്റ്റാന്‍റില്‍ പേടകം വച്ചു. അന്ത്യചുംബനമര്‍പ്പിക്കുന്നതിനു പേരന്‍റ്സും ബ്രദേഴ്സും മുന്നോട്ടു വന്നു. കുന്തിരിക്കവും പൂക്കളുംകൊണ്ടു മരിയയുടെ മൃതദേഹം പൊതിഞ്ഞു. വെളുത്ത തൂവാലകള്‍കൊണ്ടു മറച്ച മരിയയുടെ മുഖത്തിലമര്‍ന്ന് അപ്പച്ചനും അമ്മച്ചിയും തേങ്ങിക്കരഞ്ഞു. കുഴിമാടം വെഞ്ചെരിച്ചു വികാരിയച്ചന്‍ ചൊല്ലി: “മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്കുതന്നെ മടങ്ങുക.” മഞ്ചത്തില്‍ കുന്തിരിക്കം വിതറി അച്ചന്‍ പ്രാര്‍ത്ഥിച്ചു. മരിയയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ കല്ലറ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

പേരന്‍റ്സിനെ സാന്ത്വനപ്പെടുത്താന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചു. അനുജന്മാരുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകളില്‍ നോക്കി അവന്‍ നെടുവീര്‍പ്പിട്ടു. അന്നു രാത്രിയില്‍ നിറകണ്ണകളുമായി മരിയയുടെ വീട്ടില്‍ തങ്ങാന്‍ അവന്‍ മടി കാണിച്ചില്ല. നിദ്രയുടെ നീണ്ട നിശ്ശബ്ദതയില്‍, മരണത്തിന്‍റെ യാത്രാമൊഴി ഉരുവിടുന്നതിന് അവന്‍റെ ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു.

Leave a Comment

*
*