Latest News
|^| Home -> Novel -> Childrens Novel -> മരതകതാഴ്വരയിലെ രാജ്ഞി – 3

മരതകതാഴ്വരയിലെ രാജ്ഞി – 3

Sathyadeepam

ഗിഫു മേലാറ്റൂര്‍

ഹാന്‍സിന് ഒന്നും മനസ്സിലായില്ല.

“മരതകത്താഴ്വരയിലെ രാജ്ഞിയോ?”

“ഹാന്‍സ്, അമ്പരക്കേണ്ടതില്ല. ഇവിടെ ഇങ്ങോട്ടൊന്ന് നോക്കൂ.”

എവിടുന്നാണ് ശബ്ദം?

ജീവനറ്റ കുഞ്ഞാടിന്‍റെ ശരീരമാണു പ്രകാശത്തിന്‍റെ ഉറവിടം.

വിടര്‍ന്ന കണ്ണുകളുള്ള ഹാന്‍സ് ആ ദൃശ്യം കണ്ടു.

ജീവനില്ലാത്ത കുഞ്ഞാടിന്‍റെ ശരീരത്തിനു പകരം അതിസുന്ദരിയായ ഒരു യുവതി!

ശിരസ്സില്‍ വെട്ടിത്തിളങ്ങുന്ന കിരീടം. കമനീയമായ ആടയാഭരണങ്ങളാണു ധരിച്ചിരിക്കുന്നത്. നിലത്തോളമെത്തുന്ന ചെമ്പിച്ച തലമുടി.

“ആ… ആരാണെന്നാണു പറഞ്ഞത്?”- ഹാന്‍സിനു വാക്കുകള്‍ കിട്ടിയില്ല.

“പറഞ്ഞല്ലോ, മരതകത്താഴ്വരയിലെ രാജ്ഞി!”

“ഇങ്ങനെയൊരു താഴ്വരയെപ്പറ്റി കേട്ടിട്ടില്ലല്ലോ…”

“ഹാന്‍സ് കേള്‍ക്കാത്ത എത്രയോ താഴ്വരകളുണ്ട് ഭൂമിയില്‍….!”

രാജ്ഞി പുഞ്ചിരിച്ചുകൊണ്ടു തുടര്‍ന്നു.

“ഹാന്‍സിന് എന്നെപ്പറ്റി കൂടുതല്‍ അറിയണ്ടേ? അങ്ങങ്ങു ദൂരെ മരതകതാഴ്വര എന്നൊരു ഇടമുണ്ട്. അവിടെ മനുഷ്യാരും വസിക്കുന്നില്ല. അവിടെ നിറയെ കുഞ്ഞാടുകളും ഇളമാനുകളും പക്ഷികളും മാത്രമാണുള്ളത്. അവിടുത്തെ രാജ്ഞിയായ എന്നെ ഒരു ദുര്‍മന്ത്രവാദിനി ശപിച്ചു കുഞ്ഞാടാക്കുകയായിരുന്നു. ചെന്നായവഴി ഹാന്‍സാണ് എനിക്കു ശാപമോക്ഷം തന്നത്.”

ഹാന്‍സ്, വാ പിളര്‍ന്ന് എല്ലാം കേട്ടുകൊണ്ടിരുന്നു.

“ഞാനെങ്ങനെ രാജ്ഞിക്കു മോക്ഷം നല്കി…?”

“അതോ, ഹാന്‍സ് ഉറങ്ങിപ്പോയതുകൊണ്ടല്ലേ എന്നെ ചെന്നായ പിടിച്ചത്? അങ്ങനയല്ലേ ഞാന്‍ മോചിതയായത്?”

“ഓഹോ, അങ്ങനെ…”

“ഹാന്‍സ് എന്തു വേണമെങ്കിലും ചോദിച്ചോളൂ എന്തു തരാനും ഞാന്‍ സന്നദ്ധയാണ്” – രാജ്ഞി മന്ദഹസിക്കുകയാണ്.

ഹാന്‍സിന് എന്തു വേണമെന്ന് ഒരു ഊഹവും കിട്ടിയില്ല.

എന്തു ചോദിക്കും…?

“ഹാന്‍സിന്‍റെ സ്ഥിതി എനിക്കറിയാം. യജമാനന്‍ ഹാന്‍സിനെ പറഞ്ഞയച്ചുവല്ലേ; വിഷമിക്കണ്ട… എന്‍റെ സഹായം എന്നും ഹാന്‍സിനണ്ടാകും…”

രാജ്ഞി, ഹാന്‍സിന്‍റെ മറുപടിക്കു കാത്തു.

“ഞാന്‍… ഞാനെന്തു വേണമെന്നു രാജ്ഞി തന്നെ പറഞ്ഞാട്ടെ…”

ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം രാജ്ഞി ഇപ്രകാരം പറഞ്ഞു:

“ഹാന്‍സ് ഒരു കാര്യം ചെയ്യുക; നേരെ പട്ടണത്തിലേക്കു പോകൂ. അവിടെ ഹാന്‍സിനു പലതും ചെയ്യാനുണ്ടാകും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ‘രാജ്ഞി വന്നാലും’ എന്നു പതുക്കെ ഉരുവിട്ടാല്‍ മതി. ഞാന്‍ എത്താം…”

ഹാന്‍സ് ചിന്തയിലാണ്ടു.

“പുലര്‍ച്ചെ ഹാന്‍സ് പുറപ്പെടുക. ഇന്നു കഴിയാനുള്ള ഇടം രാജ്ഞിതന്നെ ഒരുക്കിത്തരാം.”

രാജ്ഞി കൈ, വായുവില്‍ വീശി ചില മന്ത്രങ്ങള്‍ ഉരുവിട്ടു.

അത്ഭുതം!

ഒരു പരവതാനി നിറയെ ആഹാരാധനങ്ങളും മറ്റും. തൊട്ടടുത്തായി മനോഹരമായൊരു കട്ടിലും.

“ആഹാരം കഴിച്ചു സുഖമായുറങ്ങുക. കാലത്തുതന്നെ പുറപ്പെടുക”- അങ്ങനെ പറഞ്ഞു രാജ്ഞി മറഞ്ഞു.

ഹാന്‍സിന് ഉന്മേഷമായി.

പരവതാനിയില്‍ സ്വര്‍ണത്തളികയിലെ രുചിയൂറും ആഹാരത്തിന്‍റെ കൊതിപ്പിക്കുന്ന മണം ഹാന്‍സിന്‍റെ മൂക്കിലെത്തി.

ഹാന്‍സിനാണെങ്കില്‍ നല്ല വിശപ്പുമുണ്ടായിരുന്നു.

സുഭിക്ഷമായ ആഹാരവും കഴിച്ചു ഹാന്‍സ് കട്ടിലില്‍ കിടന്ന് ഉറക്കമായി.

*****************

അടുത്ത ദിവസം വളരെ നേരത്തെ ഹാന്‍സ് പട്ടണത്തിലേക്കു പുറപ്പെട്ടു.

താഴ്വരയിറങ്ങി, കുറേയേറെ ദൂരം കാല്‍നടയായി സഞ്ചരിച്ചതിനു ശേഷമാണു പട്ടണത്തിലെത്തിയത്.

സമയം ഉച്ച കഴിഞ്ഞിരുന്നു. ജനത്തിരക്കേറിയ പട്ടണത്തില്‍ എന്തു ചെയ്യണമെന്ന് ഒരു ഊഹവും ഹാന്‍സിനില്ലായിരുന്നു. വല്ലാത്ത വിശപ്പും ഹാന്‍സിനുണ്ടായിരുന്നു. ഇനി എന്തെങ്കിലും കഴിച്ചിട്ടു മതി ബാക്കി.

തലേന്നു രാത്രി ആഹാരം കഴിച്ചതില്‍പ്പിന്നെ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.

ആദ്യം കണ്ട സത്രത്തിലേക്കു ഹാന്‍സ് കയറിച്ചെന്നു.

സത്രത്തിനുള്ളില്‍ നിരവധി പേരുണ്ടായിരുന്നു. ഒഴിഞ്ഞ ഇരിപ്പിടത്തില്‍ ഹാന്‍സ് ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നു പേര്‍ ഹാന്‍സിന്‍റെ തൊട്ടരികിലായി വന്നിരുന്നു. സംസാരത്തിനിടയില്‍ അവര്‍ കാര്യമായെന്തോ ചര്‍ച്ചയിലാണെന്ന് ഹാന്‍സിനു മനസ്സിലായി.

അവര്‍ അറിയാതെ, ഹാന്‍സ് അവരുടെ സംസാരം ശ്രദ്ധിച്ചു.

“ഹീരാ, രാജകുമാരിയെപ്പറ്റി ഇതുവരെ ഒരു വിവരവും കിട്ടിയില്ലെന്നോ” – ഒന്നാമന്‍.

“ഇല്ലന്നേ… ഒരു വിവരവുമില്ല. ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ?” – രണ്ടാമന്‍ അലസമായി പറഞ്ഞു.

ഹാന്‍സിന് ഒന്നും പിടി കിട്ടിയില്ല.

ഏതു രാജകുമാരിയെപ്പറ്റിയാണ് ഇവര്‍ പറയുന്നത്?

ഹീരാ രാജകുമാരി ഈ രാജ്യത്തെ രാജാവിന്‍റെ പുത്രിയാകുമോ…?”

ആട്ടിന്‍ പറ്റവും താഴ്വരയും മാത്രമായി കഴിഞ്ഞിരുന്ന ഹാന്‍സിനു പുറംനാടിനെക്കുറിച്ചു വലിയ അറിവൊന്നുമുണ്ടായിരുന്നില്ല.

തങ്ങളുടെ സംസാരം ഹാന്‍സ് ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മൂവരും നിശ്ശബ്ദരായി.

“ഏതു രാജകുമാരിയെപ്പറ്റിയാണു നിങ്ങള്‍ പറയുന്നത്?”
മൂവരും ഹാന്‍സിനെ രൂക്ഷമായി നോക്കി.

“എവിടത്തുകാരനാണു നീ…?”

“ഗ്രാമത്തില്‍ നിന്നു വരുന്നു…” – ഹാന്‍സ് തന്‍റെ കഥ വിവരിച്ചു.

“ഇപ്പോള്‍ പട്ടണത്തില്‍ വന്നത്…?”

“വല്ല പണിയും കിട്ടുമോന്നറിയാന്‍…”

“കിട്ടും കിട്ടും; നല്ല പണി തന്നെ നിനക്കു കിട്ടും. മുക്കാലിയില്‍ കെട്ടി നൂറ്റൊന്നടിയും കഴുതപ്പുറത്തിരുത്തി, തല മൊട്ടയടിച്ചു നാടു കടത്തലും. പോടാ; പോയി ആട്ടിന്‍ മൂത്രം മോന്താന്‍ നോക്ക്. ഒരു പണി അന്വേഷിച്ചുവന്നിരിക്കുന്നു!”

മൂന്നു പേരും എഴുന്നേറ്റു പുറത്തേയ്ക്കു പോയി.

ഹാന്‍സിന് പെട്ടെന്നൊരെത്തും പിടിയും കിട്ടിയില്ല.

ഇതെന്തു കഥ?

തന്‍റെ സംശയത്തിന് ഇവര്‍ എന്തിനാണ് ഇങ്ങനെയൊരു മറുപടി നല്കിയത്? ഒന്നിലും പെടാതെ ഒരു മറുപടി….

അതോ വെറും ഗ്രാമീണനായ തന്നെ കൊച്ചാക്കിയതാണോ…?

ഏതായാലും സത്യാവസ്ഥ അറിയാന്‍ തന്നെ ഹാന്‍സ് ഉറച്ചു.
പക്ഷേ, എങ്ങനെ?

പൊടുന്നനെ ഹാന്‍സിനു സന്തോഷമായി; രാജ്ഞിയുടെ സഹായം തേടാം!

എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്.

സത്രത്തിനു പുറത്തെത്തി ആളുകളില്ലാത്ത ഒരിടത്തെത്തി ഹാന്‍സ് രാജ്ഞിയെ വിളിച്ചു: “രാജ്ഞീ, രാജ്ഞീ വന്നാലും.”

അത്ഭുതം! രാജ്ഞി തൊട്ടുമുന്നില്‍.

“എന്താ ഹാന്‍സ്, സുഖമല്ലേ?” – മന്ദഹസിച്ചുകൊണ്ട് ഹാന്‍സിനോടു രാജ്ഞി ചോദിച്ചു.

“അതേ.”

“ഹാന്‍സിന് എന്‍റെ സഹായം ആവശ്യമുണ്ടെന്നു തോന്നുന്നു?”

“തീര്‍ച്ചയായും.”

“ഞാനിവിടെ വന്നപ്പോള്‍ ഒരു വിശേഷവാര്‍ത്തയറിഞ്ഞു…”

സത്രത്തില്‍വച്ചുണ്ടായ സംസാരം രാജ്ഞിയെ ഹാന്‍സ് പറഞ്ഞു കേള്‍പ്പിച്ചു.

“ഞാന്‍ കൂടുതല്‍ അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ അവരെന്നെ കളിയാക്കുകയും ഒന്നും പറയാതെ ഇറങ്ങിപ്പോകുകയും ചെയ്തു.”

ഹാന്‍സ് പറഞ്ഞതു കേട്ടു രാജ്ഞി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. പിന്നെ കണ്ണുകളടച്ചു.

അല്പസമയം കഴിഞ്ഞു കണ്ണുതുറന്നു രാജ്ഞി പറഞ്ഞു.

ഹാന്‍സിനറിയുമോ, ഈ പട്ടണത്തില്‍ ഒരു അന്തര്‍നാടകം നടക്കുന്നുണ്ട്. അതിരഹസ്യമായൊരു ഗൂഢാലോചന!”

രാജ്ഞി പറയുന്നതു കേട്ടു ഹാന്‍സ് മിഴിച്ചുനിന്നു.

“എന്താണു രാജ്ഞി പറഞ്ഞുവരുന്നത്? എനിക്കൊന്നും മനസ്സിലായില്ല.”

“പറയാം, രാജകുമാരിയെ കാണ്മാനില്ലെന്നാണല്ലോ ഹാന്‍സ് കേട്ടത്; രാജകുമാരിയെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ്.”

“ങേ, അതെങ്ങനെ? ആരു പാര്‍പ്പിച്ചു?” – ഹാന്‍സിന് ആകാംക്ഷ വര്‍ദ്ധിച്ചു.

“രാജകുമാരിയെ ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നതു മറ്റാരുമല്ല; പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനും തന്നെ!”

“എന്‍റെ ദൈവമേ, ഇതെന്തു കഥ…?” – ഹാന്‍സ് നെഞ്ചില്‍ കൈ വച്ചുപോയി.

“എന്തിനെന്നല്ലേ; പറയാം.”

രാജ്ഞി തുടര്‍ന്നു പറയാന്‍ പോകുന്നതു കേള്‍ക്കാന്‍ ഹാന്‍സ് അക്ഷമയോടെ കാത്തുനിന്നു.

(തുടരും)

Leave a Comment

*
*