Latest News
|^| Home -> Novel -> Childrens Novel -> മരതകതാഴ്വരയിലെ രാജ്ഞി – 1

മരതകതാഴ്വരയിലെ രാജ്ഞി – 1

Sathyadeepam

ഗിഫു മേലാറ്റൂര്‍

ആടുകളുടെ ഉച്ചത്തിലുള്ള നിലവിളി താഴ്വരയില്‍ പ്രതിധ്വനിച്ചു.

ഒരു ഓക്കുമരച്ചുവട്ടില്‍ മയക്കത്തിലായിരുന്ന ഹാന്‍സ് പൊടുന്നനെ കണ്ണു തുറന്നു.

“ങേ…” – ഹാന്‍സ് പിടഞ്ഞെറീറ്റു.

ദൈവമേ സമയം സന്ധ്യയായിരിക്കുന്നു…!

എന്തൊരു ഉറക്കമായിരുന്നുതാന്‍….!

ചുറ്റും നോക്കി ഹാന്‍സ്, കൈ വടി തപ്പിയെടുത്ത് ആട്ടിന്‍പറ്റത്തിനു നേരെ നടന്നു.

പടിഞ്ഞാറു ചുവന്നുതുടങ്ങിയിരിക്കുന്നു. സൂര്യന്‍ കുറച്ചു സമയത്തിനുള്ളില്‍ മറയുകയായി.

വൈകിയതിന് ഇന്നു യജമാനന്‍റെ ശകാരം തീര്‍ച്ച!

അല്ലെങ്കിലും യജമാനനു തന്നെപ്പറ്റി പരാതി മാത്രമേയുള്ളൂ എന്നു ഹാന്‍സിനു നന്നായറിയാം.

താന്‍ ഒന്നിനും കൊള്ളരുതാത്തവനാണെന്നും ഏല്പിച്ച ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യില്ലെന്നും എപ്പോഴും ദിവാസ്വപ്നം കാണലാണു പണി എന്നുമൊക്കെയാണു തന്നെപ്പറ്റി യജമാനന്‍റെ പക്ഷം.

ഇനി ധൃതിയില്‍ ആട്ടിന്‍പറ്റത്തെ തെളിച്ചു സ്ഥലത്തെത്തി, കൂടുകളിലാക്കിയാലും തനിക്കു പിന്നെയും ജോലി ബാക്കിയുണ്ട്.

ആടുകള്‍ക്കു വെള്ളം കൊടുക്കണം, തീറ്റിയിട്ടു കൊടുക്കണം, വീടു വൃത്തിയാക്കണം, വെള്ളം കോരിക്കൊണ്ടു വരണം, കുട്ടകം നിറയ്ക്കണം. തീര്‍ത്താലും തീരാത്തത്ര പണി ബാക്കി കിടക്കുന്നു.

എല്ലാം ചെയ്തു തീര്‍ക്കുമ്പോള്‍ പാതിരാത്രിയായിരിക്കും.

ഒന്നു കണ്ണടയ്ക്കുമ്പോഴേക്കും കിഴക്കു വെള്ള കീറുകയായി. പിന്നെയും ആട്ടിന്‍പറ്റത്തെ ശുശ്രൂഷിക്കല്‍ തന്നെ.

ആട്ടിന്‍കൂടു വൃത്തിയാക്കി ആടുകള്‍ക്കു വെള്ളം കൊടുത്തു വീണ്ടും അവയുമായി താഴ്വരയിലേക്കുതന്നെ.

ദൈവമേ, എന്നാണ് ഇതിനൊരവസാനം?

ഹാന്‍സ് ഓരോന്നോര്‍ത്തുപോയി.

ആട്ടിന്‍പറ്റം വൈകിയതിന്‍റെ മുറുമുറുപ്പിലാണ്. പിന്നെ സമയം കളയാതെ ഹാന്‍സ് ആടുകളുടെ എണ്ണമെടുക്കാന്‍ തുടങ്ങി.

ആകെ തൊണ്ണൂറ്റിയെട്ട് ആടുകളാണുള്ളത്. എണ്ണം യജമാനന്‍ കൃത്യമായി നോക്കുക പതിവാണ്. ഒരെണ്ണമെങ്ങാനും കുറഞ്ഞുപോയാല്‍ തീര്‍ന്നതുതന്നെ!

ഒന്ന്.. രണ്ട്… മൂന്ന്…

എണ്ണിയെണ്ണി അവസാനത്തെ ആടും കഴിഞ്ഞപ്പോള്‍ ഹാന്‍സിന്‍റെ ഉള്ളില്‍ ഒരാന്തലുണ്ടായി.

ദൈവമേ…!

ഹാന്‍സ് നെഞ്ചില്‍ കൈവച്ചുപോയി.

ഒരെണ്ണം കുറവ്! തൊണ്ണൂറ്റിയേഴ് ആടുകള്‍ മാത്രം!

അതേ തനിക്ക് എണ്ണം പിഴച്ചതാണോ?

ഹാന്‍സ് ഒരിക്കല്‍കൂടി എണ്ണമെടുത്തു.

ഇല്ല; പിഴച്ചില്ല.

ഒരാടു കുറവുണ്ട്.

എന്തു ചെയ്യണമെന്നറിയാതെ ഹാന്‍സ് സ്തബ്ധനായി നിന്നു. ഇതുവരെ ഇങ്ങനെ ഒരബദ്ധം തനിക്കു പറ്റിയിട്ടില്ല. ഇന്ന് ഇനി എങ്ങനെ യജമാനനെ മുഖം കാണിക്കും? എന്തു പറയും യജമാനനോട്?

ദൈവമേ, എന്തിന് ഇങ്ങനെയൊരു പരീക്ഷണം?

“മക്കളേ, ഇവിടം വിടല്ലേ… ഞാനിപ്പോള്‍ വരാം.”

ആടുകളെയെല്ലാം ഒരു കൂട്ടമാക്കി, ഹാന്‍സ് താഴ്വാരത്തേയ്ക്കു നടന്നു.

തന്‍റെ പതിവില്ലാത്ത മയക്കമാണു പ്രശ്നമായത്. താന്‍ മയങ്ങി കിടന്നപ്പോഴായിരിക്കും സംഭവം.

ഹാന്‍സ് എല്ലാ കുറ്റിക്കാട്ടി ലും കുഴിയിലും താഴെ ഭാഗത്തുമെല്ലാം പരതിക്കൊണ്ടിരുന്നു.

ഇനി കൂട്ടംതെറ്റിയതാണെങ്കില്‍ എവിടെയെങ്കിലും ഭയന്നു വിറച്ചു നില്ക്കുന്നുണ്ടാകും.

തന്‍റെ ശബ്ദം കേട്ടാല്‍ ഒന്നുകില്‍ കരഞ്ഞു തന്‍റെ ശ്രദ്ധ ആകര്‍ഷിക്കും; അതല്ലെങ്കില്‍ ഓടിവരാനും മതി.

കാലങ്ങളായി താന്‍ അവയ്ക്കു യജമാനനാണല്ലോ.

എന്നാല്‍ എത്ര തിരഞ്ഞിട്ടും കാണാതായ ആടിനെ കണ്ടെത്താനായില്ല.

എന്തു ചെയ്യണമെന്നറിയാതെ സ്വയം ശപിച്ചു ഹാന്‍സ് നിലത്തിരുന്നു.

അപ്പോഴാണു ഹാന്‍സ് അതു ശ്രദ്ധിച്ചത് നിലത്തു വെളുത്ത രോമങ്ങള്‍….

ങേ…

ഹാന്‍സ് പിടഞ്ഞെഴുന്നേറ്റു.

വെളുത്ത രോമം നീണ്ടുപോകുന്നു.

ഉള്‍ക്കിടലത്തോടെ ഹാന്‍സ് രോമം പിന്തുടര്‍ന്നു. രോമം അവസാനിക്കുന്നിടത്തെ കാഴ്ച കണ്ട ഹാന്‍സിന്‍റെ നല്ല ജീവന്‍ പോയി.

ങേ…

ഒരു ചെമ്പന്‍ ചെന്നായ തന്‍റെ ആടിനെ അകത്താക്കുന്നു!

രക്തം വീണു ചുവന്ന പുല്‍മേട്.

ചുടുചോരയാല്‍ ചെന്നായയുടെ മുഖവും ശരീരവും കുളിച്ചിരിക്കുന്നു.

മറ്റൊന്നും ശ്രദ്ധിക്കാതെ മുരള്‍ച്ചയോടെ വളരെ വേഗം ആട്ടിറച്ചി ശാപ്പിടുകയാണു ചെന്നായ!

“എടാ… നീ…”

ഹാന്‍സ് സര്‍വശക്തിയുമെടുത്തു ചെന്നായയെ ഒരൊറ്റ ചവിട്ട്.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ചെന്നായ കുറച്ചകലേയ്ക്കു തെറിച്ചുപോയി.

(തുടരും)

Leave a Comment

*
*