Latest News
|^| Home -> Novel -> Childrens Novel -> മരതകതാഴ്വരയിലെ രാജ്ഞി – 4

മരതകതാഴ്വരയിലെ രാജ്ഞി – 4

Sathyadeepam

ഗിഫു മേലാറ്റൂര്‍

ഹാന്‍സിന്‍റെ ജിജ്ഞാസ മനസ്സിലാക്കിയിട്ടെന്നവണ്ണം രാജ്ഞി തുടര്‍ന്നു: “രാജ്യം അപകടത്തിലേക്കു നീങ്ങുകയാണ്. രാജാവിന്‍റെ കുടിലബുദ്ധിയായ മന്ത്രിയും സര്‍വസൈന്യാധിപനും ഒന്നുചേര്‍ന്നു രാജ്യാധികാരവും രാജ്യവും കയ്യാളാനുളള ശ്രമത്തിലാണ്…”

ഹാന്‍സ് മിഴിച്ചുനിന്നു.

“അതിനായി ഇരുവരും കഴുകന്‍മല എന്ന സ്ഥലത്തുള്ള ഒരു ഭീകര മന്ത്രവാദിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. രാജകുമാരിയെ ഈ വരുന്ന അമാവാസിനാള്‍ ബലി നല്കിയാല്‍ അവര്‍ക്ക് അമാനുഷികശക്തിയും സിദ്ധിയും കൈവരുമത്രേ….”

“അതിന് ഇത്രയും നാള്‍ രാജകുമാരിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്തിനാണ്?” – ഹാന്‍സിനു പിന്നെയും പിന്നെയും സംശയങ്ങളായിരുന്നു.

“അമവാസി നാള്‍ വരെ രാജകുമാരി കൊട്ടാരത്തിലുണ്ടാകാന്‍ പാടില്ല. പുറംലോകം കാണാതെ പത്തു ദിവസം കഴിഞ്ഞാലേ ബലി പ്രയോജനപ്രദമാകൂ.”

“കഷ്ടംതന്നെ!” ഹാന്‍സ് നിരാശയോടെ പറഞ്ഞു.

“അതെ. നാളെയാണ് അമാവാസി രാത്രി. ഇനി കുറച്ചു സമയം മാത്രം…!”

“രാജകുമാരിയെയും രാജ്യത്തെയും ചതിയന്മാരുടെ കൈപ്പിടിയില്‍ നിന്ന് എങ്ങനെയങ്കിലും രക്ഷിച്ചേ മതിയാകൂ…”

ഹാന്‍സിന്‍റെ ആഗ്രഹവും രാജ്യസ്നേഹവും രാജ്ഞിക്കു ബോധിച്ചു.

“കൊട്ടാരത്തില്‍ രാജാവും രാജ്ഞിയും കണ്ണീരുമായാണു കഴിയുന്നത്. അവര്‍ക്കാണെങ്കില്‍ ഈ ചതിയൊന്നുമറിയില്ലതാനും. ഇരുവരെയും നല്ല വിശ്വാസവും ആദരവുമാണു രാജാവിന്…”

“കഷ്ടം! പാവം രാജാവും റാണിയും. അവര്‍ അറിയുന്നില്ലല്ലോ; വരാന്‍ പോകുന്ന ആപത്തുകളൊന്നും…”

“രാജ്ഞീ, ഇതൊരിക്കലും അനുവദിക്കരുത്.”

“തീര്‍ച്ചയായും ഹാന്‍സ് ഇപ്പോള്‍ നമുക്കൊന്നും ചെയ്യാനില്ല. നാളെ അമാവാസി രാത്രിയില്‍ മന്ത്രിയെയും സൈന്യാധിപനനെയും ആ ദുര്‍മന്ത്രവാദിയെയും കയ്യോടെ പിടികൂടി രാജാവിനെ ഏല്പിക്കണം” – രാജ്ഞിയുടെ നിര്‍ദ്ദേശം ഹാന്‍സിനും ഇഷ്ടമായി.

“ഇന്നു ഹാന്‍സ് കൊട്ടാരസമീപത്തും പട്ടണത്തിലുമൊക്കെയായി ചുറ്റിനടന്നു വാര്‍ത്തകള്‍ ശേഖരിക്കണം. എന്താണു പ്രജകളുടെ സംസാരമെന്നറിയണം.”

“ശരി രാജ്ഞി” – അപ്പോള്‍ത്തന്നെ ഹാന്‍സ് കൊട്ടാരത്തിലേക്കു നടന്നു. എങ്ങും ദുഃഖം ഘനീഭവിച്ച മുഖങ്ങള്‍ മാത്രം.

വരാന്‍ പോകുന്ന മഹാദുരന്തം ഇവര്‍ക്കു നേരത്തെ അറിയുമായിരുന്നെങ്കില്‍, ദുഃഖം ഇങ്ങനെയാകുമായിരുന്നുവെന്നു ഹാന്‍സിനു തോന്നി. ഇന്നേയ്ക്ക് ഒമ്പതു നാളായല്ലോ, കുമാരിയെ കാണാതായിട്ട്. അതിന്‍റെ ആഘാതംതന്നെയാണു പ്രജകളുടെ മുഖത്തുള്ളത്; തീര്‍ച്ച.

അപ്പോള്‍ ഹാന്‍സിനൊരു സൂത്രം തോന്നി. കൊട്ടാരത്തിനകത്തു കടന്ന്, അകത്തെ വിവരങ്ങള്‍കൂടി അറിഞ്ഞാല്‍ കൂടുതല്‍ നന്നായിരിക്കും.

വൈകാതെ ഹാന്‍സ് കൊട്ടാരകവാടത്തിലെത്തി.

“ഉം… എന്തു വേണം?” – പാറാവുകാരന്‍റെ ചോദ്യം.

“മഹാരാജാവിനെ ഒന്നു മുഖം കാണിക്കണം.”

“ഇപ്പോള്‍ പറ്റില്ല; സഭ കൂടിയിരിക്കുകയാണ്. കുറച്ചു കഴിഞ്ഞു വരൂ.”

ഹാന്‍സ് ചിന്തയിലാണ്ടു.

രാജ്യസഭ കൂടിയ സമയം രാജാവും മന്ത്രിയും സൈന്യാധിപനും രാജ്യത്തെ മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളും സന്നദ്ധരായിട്ടുണ്ടാകും രാജസദസ്സില്‍. ഇതുതന്നെ ഏറ്റവും നല്ല സമയം.

“എന്താണ് ആലോചിച്ചു നില്ക്കുന്നത്; പുറത്തു പോകണം!”- പാറാവുകാരന്‍ ഹാന്‍സിനെ തള്ളി മാറ്റി.

എന്തോ തീരുമാനിച്ചുറച്ചതുപോലെ ഹാന്‍സ് വെളിയിലിറങ്ങി. അല്പസമയം കഴിഞ്ഞപ്പോള്‍ ഒരാള്‍ കൊട്ടാരകവാടത്തിലെത്തി തനിക്ക് അകത്തേയ്ക്കു പോകാന്‍ അനുവാദം തരണമെന്നു പാറാവുകാരനോട് അഭ്യര്‍ത്ഥിച്ചു.

“ആരാണ്?” – പാറാവുകാരന്‍ ചോദിച്ചു.

“ഞാന്‍ ഒരു ഉഗ്രന്‍ തിരുമ്മുകാരനാണ്. ഏതു തരം ശരീരവേദനയും ഞാന്‍ തടവിയാല്‍ പമ്പ കടക്കും. മഹാരാജാവ് തിരുമനസ്സ് ദേഹാസ്വാസ്ഥ്യം കാരണം വിവശനാണ് എന്നറിഞ്ഞു വന്നതാണ്” – തിരുമ്മുകാരന്‍ അറിയിച്ചു.

“ങും… പൊയ്ക്കൊള്‍ക. പക്ഷേ രാജ്യസഭ കൂടുന്ന സമയമാണിപ്പോള്‍. അതു കഴിഞ്ഞേ രാജാവിനെ കാണാന്‍ പറ്റൂ…”

“അതു മതി… നന്ദി!” – തിരുമ്മുകാരന്‍ അകത്തേയ്ക്കു നടന്നു.

അതു ഹാന്‍സ് ആയിരുന്നു.

*** *** ***
തിരുമ്മുകാരന്‍റെ വേഷത്തില്‍ വന്ന ഹാന്‍സ് കൊട്ടാരത്തിനകത്തെ അലങ്കാരങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു.

ആദ്യമായി കാണുകയായിരുന്നു അത്തരമൊരു മായാലോകം.

ഹാന്‍സ് പതുക്കെ രാജസദസ്സിലേക്കുള്ള പ്രവേശന കവാടത്തിലെത്തി.

വലിയൊരു സദസ്സ്. കമനീയമായ ആടയാഭരണങ്ങളണിഞ്ഞു രാജാവ് സിംഹാസനത്തില്‍ ഇരിക്കുന്നു.

തൊട്ടടുത്തായി പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനും.

ഹാന്‍സ് അവരെ ഒന്നുകൂടി നോക്കി. മുഖവും മറ്റു ഭാവവും കണ്ടാല്‍ എന്തു പാവമാണ്! എന്നാല്‍ ഉള്ളിലോ, കാളകൂട വിഷവും!

പാവം രാജാവോ മറ്റു പരിവാരങ്ങളോ ഈ കളിയൊട്ടറിയുന്നില്ലതാനും.

ഉപദേഷ്ടാവ് സംസാരിക്കുന്നു: “കുമാരിയെ കാണാതായിട്ട് ഇന്നേയ്ക്ക് ഒമ്പതാം നാള്‍. ഇതുവരെ ഒരു വിവരവും കുമാരിയെക്കുറിച്ചു കിട്ടിയിട്ടില്ല എന്നു പറയുന്നത് എന്തൊരു കഷ്ടമാണ്.”

“ഞങ്ങള്‍ അന്വേഷണത്തിലാണു ഗുരുവര്യാ” – സര്‍വസൈന്യാധിപന്‍റെ മുതലക്കണ്ണീര്‍.

അതു കേട്ടപ്പോള്‍ സൈന്യാധിപനെ പ്രഹരിക്കാനാണു ഹാന്‍സിനു തോന്നിയത്, കള്ളന്‍.

എത്ര സമര്‍ത്ഥമായാണ് അയാള്‍ സംസാരിക്കുന്നത്!?

“അന്വേഷണം എന്നു തീരും?” – ഉപദേഷ്ടാവിന്‍റെ ചോദ്യം.

“വൈകാതെ…”

സൈന്യാധിപന്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ അടുത്ത ദിവസം രാത്രിയിലാണ് എല്ലാം ശുഭമാകുക എന്നാണ് ഉദ്ദേശിച്ചതെന്നു ഹാന്‍സിനു മാത്രം മനസ്സിലായി. പിന്നെയും സദസ്സ് നീണ്ടുപോയി.

രാജാവു കൂടുതലൊന്നും സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ മുഖത്തുനിന്നുതന്നെ അതിന്‍റെ കാരണം വായിച്ചറിയമായിരുന്നുതാനും.

സദസ്സ് പിരിഞ്ഞപ്പോള്‍ രാജാവു പുറത്തേയ്ക്കു പോയി.

മന്ത്രിയും സര്‍വസൈന്യാപനും ആളൊഴിഞ്ഞ ഇടനാഴയില്‍ എന്തോ കാര്യമായി ചര്‍ച്ച ചെയ്യുന്നതു ഹാന്‍സ് കണ്ടുപിടിച്ചു. അവരറിയാതെ ഹാന്‍സ് അവരെ ഒന്നു ശ്രദ്ധിക്കാന്‍ തീരുമാനിച്ചു.

“നാളെ കൃത്യസമയത്ത്, അതായത് അര്‍ദ്ധരാത്രിക്ക് ഒരു നാഴിക ബാക്കിയുള്ളപ്പോള്‍ കുംഭാണ്ഡന്‍ വരും” – മന്ത്രിയുടെ ശബ്ദം.

“ഉവ്വ്. എല്ലാ ഒരുക്കങ്ങളും അയാള്‍ ഇപ്പോള്‍ത്തന്നെ ചെയ്തുതുടങ്ങിയിരിക്കുന്നു. ബലിക്കുവേണ്ട എല്ലാ മുന്നൊരുക്കവും”- സൈന്യാധിപന്‍റെ പതിഞ്ഞ സ്വരം.

“എല്ലാം പരമരഹസ്യമായിരിക്കണം. ഒരീച്ചപോലും അറിയരുത്. പിന്നത്തെ ഉദയം നമുക്കു മാത്രമാകണം.”

“അതൊക്കെ നിസ്സാരമല്ലേ… അങ്ങു രാജാവും ഞാന്‍ മന്ത്രിയും” – സൈന്യാധിപന്‍ ഉത്സാഹത്തോടെ പറഞ്ഞു.

“എന്നാല്‍ നാളെ കഴുകന്‍ മലയില്‍ വെച്ചു കാണാം” – ഇരുവരും യാത്ര പറഞ്ഞു പിരിഞ്ഞു.

ഹാന്‍സ് ചിലതു ചിന്തിച്ചു നിന്നു. കഴുകന്‍ മലയാണ് ഇവരുടെ രഹസ്യതാവളം. ഒരുപക്ഷേ, അവിടെയായിരിക്കും രാജകുമാരിയെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്നത്. അവിടെവച്ചു തന്നെയായിരിക്കാം കുമാരിയെ ബലി നല്കുന്നതും.

ഹാന്‍സ് നടന്നുനടന്ന് അന്തഃപുരത്തിന്‍റെ പടിവാതില്ക്കലെത്തി. കാവല്‍ക്കാരന്‍ ഹാന്‍സിനെ അകത്തേയ്ക്കു കടത്തിവിട്ടു.

സ്വയം പരിചയപ്പെടുത്തിയതിനുശേഷം ഹാന്‍സ് പറഞ്ഞു: “ഞാന്‍ ഒരു തിരുമ്മുകാരനാണ്. ഈ അവസരത്തില്‍ അങ്ങ് ഏറെ മനോവിഷമത്തിലാണ് എന്ന് അടിയനു നന്നായറിയാം. ഒരുപക്ഷേ, അടിയന് അങ്ങയെ സഹായിക്കാന്‍ കഴിഞ്ഞേക്കും.”

ഭവ്യതയോടെയുള്ള ഹാന്‍സിന്‍റെ പെരുമാറ്റം രാജാവിനെ ആകര്‍ഷിച്ചു.

“നിങ്ങള്‍ ആരാണെന്നാണു പറഞ്ഞത്?”

“കുറച്ചു ദൂരെനിന്നാണ്; പേര് ഹാരവന്‍.”

“ഉം… ശരി ഞാനിപ്പോള്‍ത്തന്നെ ക്ഷീണിതനാണ്.”

രാജാവിനെ തിരുമ്മാതെ ആശ്വസിക്കുന്നതു കണ്ട ഹാന്‍സിന് ഉള്ളില്‍ ചിരി വന്നു. ഇതുതന്നെ പറ്റിയ തക്കം.

“അങ്ങയുടെ മനോവിഷമം ഞാന്‍ മനസ്സിലാക്കുന്നു. ഒരു പ്രധാന കാര്യം പറഞ്ഞാല്‍, അങ്ങയില്‍ നിന്ന് ഇരുചെവി അറിയില്ലെന്ന് എനിക്ക് ഉറപ്പുതരണം.”

രാജാവു ഹാന്‍സിനെ മിഴിച്ചു നോക്കി.

“നിങ്ങള്‍ പറഞ്ഞുവരുന്നത്?”

രംഗം സുരക്ഷിതമാണ് എന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ ഹാന്‍സ് തനിക്കു പറയാനുള്ളതെല്ലാം രാജാവിനെ ധരിപ്പിച്ചു.

സമയം കളയാതെ ഹാന്‍സ് കൊട്ടാരത്തിനു പുറത്തു കടന്നു.

(തുടരും)

Leave a Comment

*
*