Latest News
|^| Home -> Novel -> ചെറുകഥ -> മോചനം

മോചനം

Sathyadeepam

ജോര്‍ജ് പുല്ലാട്ട്, മരട്

ഏറെ നേരത്തെ കൂടിയാലോചനയ്ക്കു ശേഷം വില്യംസ് പറഞ്ഞു: “നാളെ നമ്മള്‍ മോട്ടുവിനെ ഐലന്‍ഡില്‍ കൊണ്ടുപോയി വിടുന്നു. പുലരുംമുമ്പേ പോകണം.”
ഗ്ലോറിയാ പറഞ്ഞു “അങ്ങനെ തെരുവുനായ സംഘത്തില്‍ നമ്മുടെ വകയും ഒരെണ്ണം. താഷ്കെന്‍റില്‍ ജനിച്ചവന് കൊച്ചിയിലെ തെരുവില്‍ അന്ത്യം. കഷ്ടം.”

“എല്ലാവരുടേം കാര്യത്തില്‍ വിധി അങ്ങനെയൊക്കെയാ. നമ്മുടെ കാര്യത്തിലും.”

“അയ്യോ! വേണ്ട ഡാഡീ. മോട്ടൂനെ ഞാന്‍ നോക്കിക്കോളാം” പിങ്കി പറഞ്ഞു.

“മോളേ, ഇഷ്ടോം സ്നേഹോമൊക്കെ വേണം. പക്ഷെ. ബീ പ്രാക്ടിക്കല്‍. മനുഷ്യരെ വയസുകാലത്ത് നോക്കാന്‍ സ്ഥലങ്ങളുണ്ട്. നമ്മുടെ അമ്മച്ചിക്ക് സാന്‍തോമില്‍ നല്ല സുഖമല്ലേ. എന്താ കൊഴപ്പം? മൃഗങ്ങള്‍ക്ക് അങ്ങനെയൊരു സ്ഥലമുള്ളതായി കേട്ടിട്ടില്ല. മോട്ടൂനെ നമ്മള്‍ എവിടെ വിടും? നമ്മളെങ്ങനെ നോക്കും?

“അമ്മച്ചിക്ക് സാന്‍തോമില്‍ സുഖമാണെന്ന് ഡാഡിക്കെങ്ങനെ അറിയാം” എന്ന പിങ്കിയുടെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ വില്യംസ് വാട്ട്സാപ്പില്‍ പരതി.

“ഇത്രേം നാള് അവന് നമ്മളേം നമ്മക്കവനേം എന്ത് കാര്യമായിരുന്നു. ഈ വയസുകാലത്ത് അവനെ വഴീല്‍ തള്ളുന്നത് ക്രൂരതയാ ഡാഡീ”

“കാര്യം ശരിയാ മോളേ. വേറെ വഴിയില്ല. തീറ്റ കൊടുത്ത കൈ കൊണ്ടുതന്നെ കൊല്ലേണ്ടി വന്നാലോ? അതിലും ഭേദം ഇതല്ലേ. കഴിഞ്ഞയാഴ്ച ആ സേവ്യറ് അവന്‍റെ അള്‍സേഷ്യനെ വെടിവെച്ചുകൊന്നു. തല പൊക്കാതേം തീറ്റ തിന്നാതേം ഒരാഴ്ച കിടപ്പായിരുന്നു ആ പട്ടി. സേവ്യറിന് ഇപ്പഴും സങ്കടം തീര്‍ന്നിട്ടില്ല.”

“വേണ്ടാതാകുമ്പം എല്ലാരും പട്ടികളെ പുറത്താക്കുന്നത് കൊണ്ടാണല്ലോ ലക്ഷക്കണക്കിന് പട്ടികള് തെരുവിലുള്ളത്. ഇനി അതിലൊന്ന് നമ്മടേതും. അതുങ്ങള് എങ്ങനേം ജീവിച്ചോളും. വല്ല നായ പ്രേമികളും പിടിച്ചോണ്ടു പോയാല്‍ അവന്‍റെ ഭാഗ്യം.” ഗ്ലോറിയ വില്യംസിന്‍റെ സഹായത്തിനെത്തി.

ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നു മനസ്സിലാക്കി പിങ്കി സങ്കടത്തോടെ പുറത്തെ ഇരുട്ടിലേയ്ക്ക് തല തിരിച്ചു.

“നമ്മുടെ കണ്‍മുന്നില്‍ത്തന്നെ അവന്‍ നരകിച്ചു മരിക്കുന്നത് കാണാന്‍ പറ്റില്ല മോളേ. വി ഷുഡ് ആള്‍വേയ്സ് ഗോ ഫോര്‍ ദ ലെസ്സര്‍ ഈവിള്‍”ڔവില്യംസിന്‍റെ ന്യായീകരണം പിങ്കിക്ക് ഇഷ്ടമായില്ല.

ആറുമാസം മുമ്പ് അമ്മാമ്മയെ സാന്‍തോമിലേയ്ക്കു കൊണ്ടുപോകാനും ഡാഡി പറഞ്ഞ ന്യായവാദങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്ന് അവള്‍ സങ്കടത്തോടെ ഓര്‍ത്തു. അവളുടെ കണ്ണു നിറഞ്ഞ് രണ്ടു മുത്തുകള്‍ ഇരുട്ടിലേക്കു തെറിച്ചത് ഡാഡിയും മമ്മിയും കണ്ടില്ല.
* * *
പുലരുംമുമ്പേയുള്ള സല്‍ക്കാരത്തിന്‍റെ പൊരുളറിയാതെ അത്ഭുതവും സംശയവും കലര്‍ന്ന കണ്ണുകളോടെ മോട്ടു എല്ലാവരെയും നോക്കി. പാത്രത്തിലേയ്ക്കവന്‍ നോക്കിയതേയില്ല.

“കമോണ്‍ മോട്ടൂ, ടേക്കിറ്റ് ക്വിക്ക്” യജമാനന്‍റെ സ്വരത്തിലെ പതിവില്ലാത്ത ഗൗരവം ഒരു ദുഃസൂചന പോലെ അവനു തോന്നി. അവന്‍ തലതാഴ്ത്തി പാത്രത്തിലെ ബിരിയാണിക്കുന്നില്‍ നിന്ന് ഒരു വാ കടിച്ചെടുത്ത് ഇരുട്ടുമായി തൊട്ടുരുമ്മുന്ന പുലര്‍വെട്ടത്തിന്‍റെ അതിരുകളിലേയ്ക്ക് കണ്ണുകളയച്ച് നിസംഗനായി മാറി നിന്നു.

ചവയ്ക്കുമ്പോള്‍ വേദന. എല്ല് കടിച്ചു പൊട്ടിച്ചിരുന്ന പല്ലിന് ചോറു ചവയ്ക്കാനും പറ്റുന്നില്ല. കഴിച്ചാല്‍ വേദന. കഴിക്കാഞ്ഞാല്‍ ശാസന.

“ദേ, വൈകിയാല്‍ വഴീലൊക്കെ ആളാകും. വേഗം പോകാം.” ഗ്ലോറിയാ തിരക്കുകൂട്ടി.

തിന്നാന്‍ മടിച്ചുനില്‍ക്കുമ്പോഴൊക്കെ ചേര്‍ത്തു പിടിച്ചു തലോടി ഇറച്ചിക്കഷണം വായില്‍ വച്ച് തീറ്റിക്കാറുള്ള പിങ്കിയുടെ നേര്‍ക്ക് അവന്‍ ആശ്വാസത്തിനായി നോക്കി. പാടകെട്ടിയ അവന്‍റെ കണ്‍ കോണില്‍ നനവൂറുന്നത് കണ്ട പിങ്കി അവന്‍റെ നേര്‍ക്ക് കൈ നീട്ടി. ഒന്നു തൊട്ടാല്‍ മതി.

“നോ, ഡോണ്ട് ടച്ച് ഹിം. ഹി ഈസ് സിക്ക്” അമ്മ അവളെ വിലക്കി.

ഇന്നോവയുടെ പിന്‍സീറ്റിനു പുറകിലെ കൊളുത്തില്‍ വില്യംസ് മോട്ടുവിനെ കെട്ടി. അവന്‍റെ നെഞ്ചു കീറി പുറത്തുവന്ന ഒരു ദീന സ്വരം വണ്ടിക്കുള്ളില്‍ അലഞ്ഞു നടന്നു.

കുണ്ടന്നൂര്‍ പാലവും തേവര പാലവും കടന്ന് ഇന്നോവ ഇരുട്ട് തുളച്ച് ഓടി. പിന്നിട്ട പാതയിലെ ഇരുട്ടും വിജനതയും മോട്ടുവിന്‍റെ കണ്ണില്‍ ഭീതി നിറച്ചു.
ഹാര്‍ബര്‍ പാലത്തിന്‍റെ തുടക്കത്തിലെ ആളൊഴിഞ്ഞ ദിക്കില്‍ വണ്ടി നിര്‍ത്തി വില്യംസ് മോട്ടുവിനെ പുറത്തിറക്കി. “വെല്യ ശല്യമില്ലാത്ത സ്ഥലമാ മോനേ. ഇത്തിരിയങ്ങ് പോയാല്‍ ഇഷ്ടം പോലെ മീനും കിട്ടും.” അവന്‍റെ തലയിലൊന്നു തലോടി തിടുക്കത്തില്‍ വണ്ടിയില്‍ കയറിയ വില്യംസിനൊപ്പം അകത്ത് കയറാന്‍ അവന്‍ കുതിച്ചു. അയാള്‍ വലിച്ചടച്ച വാതിലിന്‍റെ മൂല തലയിലിടിച്ച് അവന്‍ നിലവിളിച്ചു. വേദനയിലും അജ്ഞാതമായ ഭീതിയിലും മോങ്ങിക്കൊണ്ട് മോട്ടു ആവുന്നത്ര ശക്തിയില്‍ വണ്ടിക്കു പിന്നാലെ പാഞ്ഞു. എവിടുന്നോ ഓടിയടുത്ത ഒരുപറ്റം നായ്ക്കളും മോട്ടുവിനു പുറകെ കുരച്ചുകൊണ്ട് പാഞ്ഞു.

“ഓ, മൈ ഗോഡ്” കണ്ണടച്ചിരു ന്ന് പിങ്കി നെറ്റിയില്‍ കുരിശുവരച്ചു.
* * *
ദിവസേന ഓഫീസിലേയ്ക്കും തിരിച്ചുമുള്ള യാത്രകളില്‍ വില്യംസ് മോട്ടുവിനെ പലവട്ടം കണ്ടു. തന്നെയും വാഹനത്തെയും തിരിച്ചറിഞ്ഞിട്ടെന്നപോലെ ഓടിയടുക്കുന്ന ത്, അവനേക്കാള്‍ ചെറിയ നായ്ക്കളെ പേടിച്ച് അവന്‍ ഓടുന്നത്, കടന്നുപോകുന്ന ഓരോ വാഹനത്തെയും പ്രതീക്ഷയോടെ നോക്കുന്നത്, ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെടുവാന്‍ തത്രപ്പെടുന്നത്, മാലിന്യക്കൂമ്പാരത്തില്‍ തല പൂഴ്ത്തി തിരയുന്നത്, തെരുവോരത്ത് തളര്‍ന്നുറങ്ങുന്നത്….

വണ്ടി കയറി ചത്ത ഒരു നായയുടെ ഛിന്നഭിന്നമായ ശരീരംകണ്ട് അയാളുടെ ഉള്ളുപൊള്ളി, വണ്ടി പാളി. ഒപ്പം ഉള്ളിലൊരു മിന്നല്‍ പാഞ്ഞു. ഈ വഴിയില്‍ ഒരുനാള്‍ മോട്ടുവിനെ ഇങ്ങനെ…

ഉള്ളിലുയര്‍ന്ന അസ്വസ്ഥതയുടെ അഗ്നി അണയ്ക്കാന്‍ ഒരു പാട്ടു പ്രതീക്ഷിച്ച് റേഡിയോ തിരിച്ച വില്യംസ് കേട്ടത് ഒരു പ്രഭാഷണത്തിന്‍റെ അവസാനഭാഗമായിരുന്നു. “ഊഷ്മളമായ പരസ്പരബന്ധമാണ് കുടുംബത്തിന്‍റെ ശക്തികേന്ദ്രം. മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യവും സൗഹൃദവും സാന്ത്വനവുമാണ് വൃദ്ധരായ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷമെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. സ്വന്തം വീടല്ലാത്ത ഏതൊരിടവും അവര്‍ക്ക് തടവറയ്ക്ക് തുല്യമാണ്” വില്യംസ് റേഡിയോ നിര്‍ത്തി.

നെഞ്ചില്‍ ഒരു കുന്തം തറച്ചതു പോലെ തോന്നി വില്യംസിന്. അയാള്‍ ചിന്തകളിലാണ്ടുപോയി.

അത്താഴവേളയില്‍ വില്യംസ് പറഞ്ഞു, “നാളെ നമ്മള്‍ അമ്മച്ചിയെ കൊണ്ടുവരാന്‍ പോകുന്നു”

“ആര് നോക്കും” ഗ്ലോറിയ ചോദിച്ചു. വില്യംസ് പറഞ്ഞു “നമ്മള് നോക്കും, നമ്മളെല്ലാവരും കൂടി.”

“ഹായ് ഡാഡീ. ദാറ്റീസ് ഗ്രേറ്റ്. നമുക്ക് മോട്ടൂനേം കൊണ്ടുവരാം. ഞാന്‍ നോക്കിക്കോളാം അമ്മാമ്മേം മോട്ടൂനേം. പിങ്കി തുള്ളിച്ചാടി.”
* * *
ഫോര്‍ട്ട്കൊച്ചി സാന്‍തോം വൃദ്ധമന്ദിരത്തിലേയ്ക്കുള്ള യാത്രയില്‍ ഐലന്‍ഡിലെ വിജനമായ പാതയോരത്ത് അവശനായി കിടന്ന നായ മോട്ടു തന്നെ എന്ന് പിങ്കി ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. വില്യംസും പിങ്കിയും കൂടി അവനെ താങ്ങി വണ്ടിയില്‍ കയറ്റുമ്പോള്‍ ആധിയും അവശതയും വിശപ്പും നന്ദിയും കൂടിക്കലര്‍ന്ന ഒരു സ്വരം അവന്‍ കേള്‍പ്പിച്ചു. ദയനീയമായ ആ ശബ്ദം ആകാശത്തിലലിഞ്ഞു. പിങ്കിയുടെ പാദങ്ങളില്‍ തല വെച്ച് അവന്‍ പതുങ്ങി കിടന്നു.

വണ്ടി സാന്‍തോമിന്‍റെ പടി കടക്കുമ്പോള്‍ വരാന്തയുടെ അറ്റത്തെ മുറിയുടെ ജനലഴികളില്‍ പിടിച്ച് അകലേയ്ക്ക് നോക്കിനില്‍ക്കുന്നത് അമ്മാമ്മ തന്നെ എന്ന് പിങ്കിക്ക് ഉറപ്പായി. വണ്ടി നിന്നപാടെ അവള്‍ അമ്മാമ്മയുടെ അടുത്തേയ്ക്ക് പറന്നു.

(സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം നേടിയ ചെറുകഥ.)

Leave a Comment

*
*