Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 19

ന്യായാധിപന്‍ – 19

Sathyadeepam

ജോര്‍ജ് പുളിങ്കാട്

സുധീഷ് ജയിലിലായതിനുശേഷം ജെസിബി ഡ്രൈവര്‍ക്കൊപ്പം നാടുവിട്ട സുലേഖ പത്തനംതിട്ട ജില്ലയിലെ ഇളമണ്ണിലുണ്ടെന്നു ശരത് തിരക്കിയറിഞ്ഞു. വിവാഹം കഴിക്കാതെ അനില്‍കുമാറിനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു അവള്‍. ആ ബന്ധത്തില്‍ സുലേഖയ്ക്ക് ഒരു ആണ്‍കുട്ടിയുണ്ട്. നാലു വര്‍ഷം മുമ്പ് അനില്‍കുമാര്‍ അപകടത്തില്‍ മരിച്ചതോടെ സുലേഖയും മകനും ഒറ്റപ്പെട്ടു. ജീവിക്കാനായി അവള്‍ വഴിപിഴച്ച ജീവിതം സ്വീകരിച്ചു. അവളെ കണ്ടു സംസാരിക്കാന്‍ ഒരു വ്യാഴാഴ്ച ഉച്ചനേരത്ത് ശരത് ആ വാടകവീട്ടിലെത്തി. വാതില്‍ അടഞ്ഞാണ് കിടന്നിരുന്നത്. അകത്തു ടെലിവിഷനില്‍ നിന്നുള്ള ശബ്ദം കേള്‍ക്കാമായിരുന്നു. ശരത് പലതവണ വാതിലില്‍ മുട്ടിവിളിച്ചു. ടി.വി. ഓഫാക്കി വാതില്‍ തുറന്നു സുലേഖ മുന്നിലെത്തി. അവള്‍ അഴിഞ്ഞുകിടന്ന മുടി വാരിക്കെട്ടി തീക്ഷ്ണമായ കണ്ണുകളോടെ അവനെ നോക്കി.

“ആരാ?”

“ഞാന്‍ ശരത്. തിരുവനന്തപുരത്തുനിന്ന് വരികയാ.”

“ങും?”

“സുലേഖയെന്നല്ലേ പേര്?”

“അതെ.”

“കണ്ട് അല്പം സംസാരിക്കാനായിരുന്നു.”

“പൊലീസുകാരനാണോ?” – സംശയഭാവത്തില്‍ അവള്‍ തിരക്കി.

“അയ്യോ അല്ല.”

“പിന്നെ ആരാ? സത്യം പറയ്?”

“സത്യം പറഞ്ഞാല്‍ ഞാനൊരു പത്രപ്രവര്‍ത്തകനാ. മലയാളം ഡെയ്ലി എന്ന പത്രത്തിന്‍റെ.”

“അങ്ങനെയൊരു പത്രം ഇവിടെങ്ങും ഞാന്‍ കണ്ടിട്ടില്ല.”

“ഉണ്ട്; കാണാഞ്ഞിട്ടാ.”

“പത്രക്കാര്‍ എന്നെ കാണുന്നതെന്തിനാ?”

“ചെറിയ കാര്യമുണ്ട്. ചേച്ചി സിനിമ കാണുകയായിരുന്നല്ലേ? ദേഷ്യായോ?”

“ഇല്ല; കയറി വാ.”

“സുലേഖ, ശരത്തിനെ അകത്തേയ്ക്കാനയിച്ച് കസേരയിലിരുത്തി. അതൊരു ഒറ്റ മുറിവീടായിരുന്നു. ഒരു പഴയ ടെലിവിഷന്‍ മാത്രമാണ് അവിടെയുള്ള ആഡംബരവസ്തു. തടിച്ച ശരീരമുള്ള സുലേഖ സാമാന്യം വൃത്തിയുള്ള നൈറ്റിയാണു ധരിച്ചിരുന്നത്. ഏതോ വില കുറഞ്ഞ അത്തറിന്‍റെ മണം ആ മുറിയില്‍ നിറഞ്ഞുനിന്നിരുന്നു. ഭീത്തിയില്‍ ഒരു യുവാവിന്‍റെ ഫോട്ടോ തൂക്കിയിട്ടുണ്ട്.

“ആള് എങ്ങനെയാ മരിച്ചേ?” – ഫോട്ടോയിലേക്കു നോക്കി ശരത് ചോദിച്ചു.

“ജീപ്പാക്സിഡന്‍റില്‍. കൂട്ടുകാരു കൂടി ഊട്ടിക്കു പോയിട്ടു തിരിച്ചുവന്നപ്പം വണ്ടീടെ ബ്രേക്ക് പോയി ഇടിച്ചുമറിഞ്ഞതാ.”

“ചേച്ചി ഒറ്റയ്ക്കാണോ താമസം?”

“മോനുണ്ട്. അവന്‍ സ്കൂളില്‍ പോയതാ.”

“അനില്‍കുമാറിന്‍റെ വീട്ടുകാരൊക്കെയിവിടില്ലേ?”

“ഉണ്ട്. എന്നെ വീട്ടില്‍ കയറ്റിയിട്ടേയില്ല. ഞങ്ങളന്നു മുതല്‍ ഈ വാടകവീട്ടിലായിരുന്നു. എന്‍റെ വിവരങ്ങളെല്ലാം നിങ്ങള്‍ ആരാ പറഞ്ഞുതന്നത്?”

“ഒക്കെ തിരക്കിയറിഞ്ഞു.”

“ഇനീം അറിയാത്തതെന്താ ഉള്ളത്? ചോദിക്ക്” – അല്പം ഈര്‍ഷ്യയോടെയാണു സുലേഖയതു പറഞ്ഞത്.

“ചേച്ചിയ്ക്കറിയാത്ത ചില കാര്യങ്ങള്‍ പറയാനുംകൂടിയാ ഞാന്‍ വന്നത്.”

“അതെന്താ കേള്‍ക്കട്ടെ.”

“സുധീഷേട്ടന്‍ ശിക്ഷ കഴിഞ്ഞിറങ്ങി. ഇപ്പോള്‍ നാട്ടിലുണ്ട്.”

സുലേഖയില്‍ അതു കേട്ടിട്ട് ഒരു ഭാവഭേദവുമുണ്ടായില്ല.

“ആരാ നിങ്ങള് പറഞ്ഞ സുധീഷേട്ടന്‍?”

“തീരെ മറന്നോ? ആദ്യത്തെ ഭര്‍ത്താവല്ലായിരുന്നോ?”

“ഭര്‍ത്താവ്!! കൊള്ളാം! അയാളാണോ സാറെ ഭര്‍ത്താവ്? എന്‍റെ ജീവിതം, എന്‍റെ മക്കളുടെ ജീവിതം, ഒരു പാവം പിടിച്ച പെണ്‍കുട്ടിയുടെ പ്രാണന്‍ എല്ലാം മുടിച്ച ആ ചെകുത്താന്‍റെ കാര്യം പറയാനാണോ സാറിങ്ങോട്ടെഴുന്നെള്ളിയത്? എനിക്കു കേള്‍ക്കണ്ട. ഭ്രാന്തു പിടിക്കും. എന്‍റെ നിയന്ത്രണം വിടും. എനിക്കുള്ള സമാധാനം കൂടെ കെടുത്താതെ.”

സുലേഖ ഒരു തരം വിഭ്രാന്തിയില്‍പ്പെട്ടതുപോലെ തോന്നി. ശരത് ആമുഖത്തുറ്റു നോക്കി. അല്പം കഴിഞ്ഞപ്പോള്‍ സുലേഖ ഒന്നു തണുത്തു.

“ഞാന്‍ വല്ലാതെന്തൊക്കെയോ പറഞ്ഞുപോയി. ക്ഷമിക്ക്. ഞാന്‍ ഇതുവരെ അനുഭവിച്ചതും അനുഭവിക്കുന്നതുമായ ദുരിതങ്ങളെപ്പറ്റി സാറിനറിയില്ല. ഈ വാടകവീടു നിങ്ങളെപ്പോലുള്ളവര്‍ക്കു കയറിവരാന്‍ പറ്റിയതൊന്നുമല്ല. ഞാന്‍ നല്ല രീതിയലല്ല ജീവിക്കുന്നത്. പെഴച്ചവളാ. നശിച്ചവളാ. തെറ്റു ചെയ്യുന്നതു ശരീരത്തിന്‍റെ ആര്‍ത്തികൊണ്ടല്ല, പണത്തിനുവേണ്ടിയാ. പിന്നെ ഒന്നിനു പിറകെ ദുരിതങ്ങള്‍ മാത്രം എനിക്കു വച്ചുനീട്ടുന്ന ദൈവത്തോടുള്ള ഒരു പ്രതികാരവും.” എന്‍റെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു. മകന്‍ നാടുവിട്ടുപോയത് ഇവിടെ മാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞിട്ടാ. വീടും പറമ്പും ബാങ്കില്‍വച്ച് അവനു ഗള്‍ഫില്‍ പോകാനുളള പണമുണ്ടാക്കിക്കൊടുത്തു. പോയതില്‍പ്പിന്നെ ഒരിക്കലും അവന്‍ വിളിച്ചിട്ടില്ല. നാട്ടില്‍ മടങ്ങിവന്നിട്ടില്ല. അവനുണ്ടോ ഇല്ലയോ എന്നുപോലുമെനിക്കറിയത്തില്ല. വീടും പറമ്പും ബാങ്കുകാര്‍ ജപ്തി ചെയ്ത് സ്വന്തമാക്കിയെന്നു കേട്ടു. ഏറ്റവും സന്തോഷത്തോടെ ജീവിച്ചുവരുന്നതിനിടയിലാ അയാളെന്നെ വഞ്ചിച്ചത്. ഭ്രാന്തു കയറി ആ പെണ്‍കൊച്ചിനെ ഉപദ്രവിച്ചതും പോരാഞ്ഞിട്ടു കൊന്നുകളഞ്ഞില്ലേ? തൂക്കിക്കൊല്ലേണ്ടതായിരുന്നു അയാളെ.”

“ചേച്ചിയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നുണ്ട്. പറുദീസയില്‍ നിന്നു പെട്ടെന്നു നരകത്തിലേയ്ക്കെടുത്തറിയപ്പെട്ടതുപോലെയായി” – ശരത് പറഞ്ഞു.

“നാട്ടില്‍ എല്ലാരുടേം പരിഹാസപാത്രമായിട്ട്, കൊലപ്പുള്ളീടെ ഭാര്യയാണെന്ന ദുഷ്പ്പേര് ചുമന്ന് ജീവിക്കാന്‍ വഴിയില്ലാതിരുന്നപ്പം അനില്‍ എന്നെ ഒപ്പം കൂട്ടി. കുടിക്കുമെങ്കിലും ഇടിക്കുമെങ്കിലും പാവമായിരുന്നു. അവന്‍റെ ഒരു മകനുണ്ടെല്ലോന്നോര്‍ത്താ ഇപ്പഴത്തെ എന്‍റെ ജീവിതം. അല്ലെങ്കില്‍ ഞാന്‍ തനിയെ അങ്ങു തീര്‍ത്തുകളഞ്ഞേനെ.”

‘ചേച്ചീ… സീധീഷെന്ന പേരു കേട്ടപ്പംതന്നെ ചേച്ചിക്കു കലി വന്നു. ഒരു കാര്യം ചോദിക്കട്ടെ; ഒന്നിച്ചു ജീവിച്ച കാലത്ത് എപ്പോഴെങ്കിലും സുധീഷ് ഒരു ദുഷ്ടനാണെന്നു ചേച്ചിക്കു തോന്നിയിട്ടുണ്ടോ?”

“സുലേഖ ഒന്നുരണ്ടു നിമിഷം ആലോചനാഭാവത്തില്‍ നിന്നു.

‘ഇല്ല… ഒരിക്കലും തോന്നിയിട്ടില്ല. സ്നേഹമുണ്ടായിരുന്നു.”

“എങ്കില്‍ ഞാനിനി പറയുന്നതു ചേച്ചി ഒന്നു ശ്രദ്ധിച്ചുകേള്‍ക്കണം. പെട്ടെന്നു പ്രതികരിക്കരുത്. എന്‍റെ വാക്കുകള്‍ക്ക് അടിസ്ഥാനമുണ്ടെന്നു തോന്നിയാല്‍ മാത്രം വിശ്വസിക്ക്.”

“സുധീഷിനെ പുകഴ്ത്തി പറയാനാണെങ്കില്‍ എനിക്കതു കേള്‍ക്കാന്‍ താത്പര്യമില്ല. അയാളെപ്പോലെ ഒരാളും ഈ ലോകത്തിലുണ്ടാകാതിരിക്കട്ടെയന്നാ എന്‍റെ എപ്പഴത്തെയും പ്രാര്‍ത്ഥന. എത്ര പേരുടെ ജീവിതങ്ങളാണ് ആ മനുഷ്യന്‍ തകര്‍ത്തെറിഞ്ഞത്.”

“ഞാന്‍ പറയാന്‍ പോകുന്നത് ഒരു സത്യമാണ്. സമൂഹം അംഗീകരിക്കാത്ത സത്യം. കോടതി കണ്ടെത്താത്ത സത്യം. ചേച്ചി അതൊന്നു കേള്‍ക്കണം. അല്പം ക്ഷമ കാണിക്കണം.”

“സുലേഖ മറുപടി പറയാതെ നിന്നു.

“സാറിനു കുടിക്കാനെന്തെങ്കിലും വേണോ?”

“വേണം; ഒരു ഗ്ലാസ് വെള്ളം മാത്രം.”

സുലേഖ ചെറിയ അടുക്കളയിലേക്കു പോയി. ഒരു വലിയ ഗ്ലാസില്‍ വെള്ളവുമായി തിരികെ വന്നു. ശരത് അതു വാങ്ങി ഒറ്റവലിക്കു കുടിച്ചൂതീര്‍ത്തു ഗ്ലാസ് തിരികെ കൊടുത്തു. ഗ്ലാസ് വച്ചിട്ടു സുലേഖ ശരത്തിനടുത്തെത്തി. എളിക്കു കൈവച്ചു പറയുന്നതു കേള്‍ക്കാനായി നിന്നു.

സാന്ദ്രയുടെ കൊലപാതകം സംബന്ധിച്ചു ഇതുവരെ വെളിപ്പെട്ടു കിട്ടിയ മുഴുവന്‍ കാര്യങ്ങളും കൃത്യമായി അവന്‍ പറഞ്ഞുകേള്‍പ്പിച്ചു. ഭാസുരചന്ദ്രവര്‍മ്മയുടെ കൊലപാതകവും സുധീഷിനെ നേരെ ജയിലില്‍വച്ചും പിന്നീടുമുണ്ടായ കൊലപാതകശ്രമങ്ങളും ഡോക്ടര്‍ ആന്‍മേരിഇടപെട്ടു ബാങ്കിലെ കുടിശ്ശികയടച്ചു വീടു സ്വതന്ത്രമാക്കിയ വിവരങ്ങളും അമ്പരപ്പോടെയാണു സുലേഖ കേട്ടത്. അവള്‍ മിഴി തുറിച്ചു വാപിളര്‍ന്നു നിന്നു പോയി.

“സാര്‍… അപ്പോള്‍…. അപ്പോള്‍… സുധീഷേട്ടന്‍…?”

“കോടതി ശിക്ഷിച്ചെന്നു കരുതി, കുറ്റപ്പെടുത്തിയെന്നുവച്ചു മാത്രം ഒരാളെയും വിധിക്കാന്‍ സാധിക്കില്ല ചേച്ചി. സത്യം ഇനിയും സമൂഹത്തിനു മുമ്പില്‍ വെളിപ്പെട്ടിട്ടില്ല. പലര്‍ക്കുംഅറിയാമെന്നു മാത്രം. നിരപരാധിയായ ആ മനുഷ്യന്‍ ശിക്ഷ പൂര്‍ണമായി അനുഭവിച്ചു കഴിഞ്ഞു. ചേച്ചിയുടെയും മറ്റുള്ളവരുടെയുമൊക്കെ മനസ്സില്‍ നിന്നു സുധീഷേട്ടനെക്കുറിച്ചുള്ള വിചാരങ്ങള്‍ നീക്കിക്കളയാന്‍ പറ്റിയാല്‍ അത്രയും നല്ലത്. അങ്ങനെയൊരു ആശ്വാസമെങ്കിലും അയാള്‍ക്കു കിട്ടട്ടെ.”

“സുധീഷേട്ടനെ സാറ് എന്നെങ്കിലും കണ്ടോ?” – സുലേഖ തിരക്കി.

“ഇല്ല. അതിനൊരവസരം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ, എന്‍റെ സഹപ്രവര്‍ത്തകയായ അഖില അദ്ദേഹത്തെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്.”

“ഈ കേട്ടതൊക്കെ സത്യമാണെങ്കില്‍ സുധീഷേട്ടനോടു വലിയ നന്ദികേടും വഞ്ചനയുമാണല്ലോ ഞാന്‍ ചെയ്തത്. ഈ നിമിഷംവരെ ഞാന്‍ സുധീഷേട്ടനെ ഏറ്റവും വെറുക്കുകയായിരുന്നു. ഒത്തിരി ശപിച്ചിട്ടുമുണ്ട്.”

“ഒന്നും മനഃപൂര്‍വമല്ലല്ലോ. ഒരാളും രണ്ടാളുമല്ലല്ലോ, സകലരും ചേര്‍ന്നല്ലേ, ആ മനുഷ്യനെ കുരിശില്‍ തറച്ചത്.”

“ഭഗവാനേ, ഞാനെന്തൊക്കെയാണിപ്പോള്‍ കേട്ടത്. എനിക്കിനി സുധീഷേട്ടനെ ഒരിക്കലും കാണണ്ട. ആ മുഖത്തു നോക്കാന്‍പോലുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ അനിലിന്‍റെ കൂടെ വീടുവിട്ടു പോന്നപ്പോഴും അവന്‍ മരിച്ചപ്പോള്‍ വഴിതെറ്റി ജീവിച്ചപ്പോഴും മനസ്സു നിറയെ ഒരു പ്രതികാരചിന്തയായിരുന്നു. ചെയ്ത തെറ്റുകള്‍ എന്‍റെ മനസ്സിനു ശരിയായിരുന്നു.”

“വിഷമിക്കാതെ ചേച്ചീ. ജീവിതം ഇനിയും ശേഷിക്കുന്നില്ലേ? കാര്‍മേഘങ്ങള്‍ പെയ്തൊഴിയുമ്പോള്‍ മാനം തെളിയും. മനുഷ്യജീവിതവും അങ്ങനെയൊക്കെത്തന്നെയാണ്.”

“സാറൊരു പത്രപ്രവര്‍ത്തകനല്ലേ? യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണ്ടേ? ശിക്ഷിക്കണ്ടേ? സുധീഷേട്ടന്‍റെ നിരപരാധിത്വം സകലരുമറിയണ്ടേ?”

“അത്… അതത്ര എളുപ്പമല്ല. അതിനുവേണ്ടി ശ്രമിക്കുന്നവര്‍ പലരും ശവപ്പറമ്പുകളില്‍ നിത്യനിദ്രയിലേക്കു പോകേണ്ടിവരും.”

“ഞാന്‍.. ഞാനിതൊക്കെ വിളിച്ചിപറയാം; പറയും. എനിക്കു മരിക്കാനും മടിയില്ല.”

“ആ വലിയ സത്യം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ വേണ്ടിയള്ള പോരാട്ടത്തിലാണു ഞാന്‍. ഞാനതില്‍ വിജയിക്കും. മുമ്പു ചേച്ചി പറഞ്ഞതുപോലെ എനിക്കും മരണത്തെ ഭയമില്ല. ഭാര്യയും മക്കളുമൊന്നുമില്ലതാനും. ഇപ്പോഴറിഞ്ഞതൊന്നും ആരോടും പറയാതിരിക്കുന്നതാണു ബുദ്ധി. ചേച്ചിയിതു പറഞ്ഞാല്‍ത്തന്നെ ഒരാളും വിശ്വസിക്കില്ല. ശല്യമെന്നു തോന്നിയാല്‍ അവര്‍ പണി തീര്‍ത്തെന്നുമിരിക്കും” – ശരത് സുലേഖയ്ക്കു മുന്നറിയിപ്പു കൊടുത്തു.

“എനിക്കു സുധീഷേട്ടനെ ഒന്നു കാണണമെന്നു തോന്നിപ്പോകുന്നു. പക്ഷേ എങ്ങനെ ചെന്നുകാണും മറ്റൊരാളുടെ കുഞ്ഞിനെയുംകൊണ്ട്?” – സുലേഖ സങ്കടപ്പെട്ടു.

“അങ്ങനെയൊന്നുമോര്‍ത്ത് ഒട്ടും വിഷമിക്കണ്ട. സുധീഷേട്ടന്‍ ഇന്നൊരു മഹാമുനിയെപ്പോലെയാണ്. താടിയും മുടിയുമൊന്നും നീട്ടിവളര്‍ത്തിയിട്ടില്ല. മനസ്സ് വല്ലാതെ വളര്‍ന്നിരിക്കുന്നു. ആരോടും പകയില്ല. ശത്രുവിനെയും മിത്രത്തെയും ഒരേപോലെ കാണാന്‍ ആ മനുഷ്യനിന്നു കഴിയുന്നു. സുധീഷേട്ടന്‍ ഒരാളോടും താന്‍ നിരപരാധിയാണെന്നു പറയാറില്ല. കുറ്റവാളിയെപ്പറ്റി സൂചന നല്കാറില്ല. ഞാനിതൊക്കെ പറഞ്ഞില്ലെങ്കില്‍ സുലേഖ ചേച്ചി എന്നെങ്കിലും അദ്ദേഹത്തെ കണ്ടാല്‍ ക്രൂരവാക്കുകള്‍ പറയും… കുറ്റപ്പെടുത്തും… ശപിക്കും.”

“എന്നെങ്കിലുമൊന്നു കാണാന്‍ പറ്റുമോ സാര്‍?”

“ഞാന്‍ കൊതിക്കുന്നതു നിങ്ങള്‍ തമ്മില്‍ പഴയതുപോലെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്നതു കാണാനാണ്.”

“അതിനുള്ള ഒരു യോഗ്യതയും എനിക്കില്ല സാര്‍. അത്രയധികം ഞാനധഃപതിച്ചു. ആ മനുഷ്യന്‍റെ ഭാര്യയായി ഒപ്പം ഈ പിഴച്ചവളെങ്ങനെ ജീവിക്കും?” – സുലേഖ വിഷമത്തോടെ പറഞ്ഞു.

അപ്പോള്‍ ആ വീടിന്‍റെ മുമ്പിലായി റോഡരുകില്‍ ഒരു കാര്‍ വന്നുനിന്നു. ഒരു ചെറുപ്പക്കാരന്‍ അവിടേയ്ക്കോടിക്കയറി. വാതിലില്‍ മുട്ടിവിളിച്ചു.

സുലേഖ വാതില്ക്കലേയ്ക്കു ചെന്നു.

“ചേച്ചി റെഡിയാക്; വേഗം വന്നു കാറില്‍ക്കയറ്” – യുവാവു പറഞ്ഞു.

“ഇല്ല: ഞാന്‍ വരില്ല; തലകറക്കമാണ്.”

“അതു പറഞ്ഞാല്‍ പറ്റില്ല ചേച്ചീ…”

“പറഞ്ഞതു കേട്ടില്ലേ; ഇറങ്ങിപ്പോടാ വീട്ടീന്ന്” – സുലേഖയുടെ ശബ്ദം ഉറച്ചതായിരുന്നു.

(തുടരും)

Leave a Comment

*
*