ന്യായാധിപന്‍ – 2

ന്യായാധിപന്‍ – 2

ജോര്‍ജ് പുളിങ്കാട്

ശിവരാമന്‍ ചായ സുധീഷിനു മുമ്പില്‍ കൊണ്ടുവന്നു വച്ചു. അവന്‍ അതു കുറേശ്ശെ കുടിച്ചുതുടങ്ങി. ശിവരാമനും സരോജവും സുധീഷിനെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. എന്നും മോഡിയുള്ള വസ്ത്രം ധരിച്ച് ഉന്നതനായ അഡ്വേക്കറ്റിന്‍റെ ഡ്രൈവറായി മിന്നി നടന്നിരുന്ന ആ പഴയ സുധീഷിനെ അവര്‍ ഓര്‍ത്തെടുത്തു. കയ്യില്‍ വിലങ്ങണിയിച്ചു പൊലീസ് ജീപ്പിന്‍റെ പിന്നിലിരുന്ന് അവന്‍ ഓടിയകലുന്ന രംഗവും മനസ്സിലെത്തി.

"സുധീഷേ, വീട്ടിലേം നാട്ടിലേം വിശേഷങ്ങളൊക്കെ നീ അറിയുന്നുണ്ടായിരുന്നോ?" – ശിവരാമന്‍ മൗനം മുറിച്ചു.

"നവ്യമോള് മരിച്ചതറിഞ്ഞു. അവളെ അവസാനമായി ഒന്നു കാണണമെന്നുണ്ടായിരുന്നു. പിന്നെ പോരേണ്ടെന്നു വച്ചു. ആ നേരത്ത് എല്ലാവര്‍ക്കും ഒരപമാനം കൂടെ വരുത്തണ്ടാന്നു വിചാരിച്ചു" – സുധീഷ് മുഖം കുനിച്ചിരുന്നു പറഞ്ഞു.

"സുലേഖേം അനീഷും വല്ലപ്പഴുമൊക്കെ വരുന്നില്ലായിരുന്നോ?"

"ഇല്ല. എന്നെ കാണാന്‍ ഇതുവരെ ഒരാളും വന്നിട്ടില്ല. ഭാര്യയുടേം മകന്‍റേം ഒരു വിവരോം എനിക്കറിയില്ല."

"വരാത്തതോര്‍ത്തു നീ വിഷമിച്ചിട്ടു കാര്യമില്ല. ഉണ്ടാക്കിയ കേസ് നിന്‍റെ ജീവിതവും അവരുടെ ജീവിതവും തകര്‍ത്തു. വീട്ടുകാരും നാട്ടുകാരുമൊന്നും നിന്‍റെ കുടുംബത്തെ സഹായിക്കാനുണ്ടായില്ല. അനുഭവിക്കട്ടെയെന്നൊരു മനോഭാവമായിരുന്നു എല്ലാവര്‍ക്കും. നല്ല ചികിത്സ കൊടുത്തിരുന്നെങ്കില്‍ നിന്‍റെ മകള് മരിക്കുകയില്ലായിരുന്നു. നാട്ടിലെത്രയോ പേര്‍ക്കു മഞ്ഞപ്പിത്തം വരുന്നു; മരിച്ചതായിട്ടു കേള്‍ക്കുന്നുണ്ടോ?"

സുധീഷിനു നെഞ്ചില്‍ കത്തിമുന ആഴ്ന്നിറങ്ങുന്നതുപോലെ തോന്നി. തന്‍റെ മകളുടെ മരണത്തിനു കാരണക്കാരനും മറ്റാരുമല്ലല്ലോ.

"ശിവരാമേട്ടാ സുലേഖ കൂലിപ്പണിക്കൊക്കെ പോയാണോ ജീവിക്കുന്നേ?"

"അവള് വീട്ടിലില്ല. മകന്‍ ഏതോ കൂട്ടുകാരന്‍ സഹായിച്ചു ഗള്‍ഫില്‍ ചെന്നുപെട്ടു. പോയതില്‍പ്പിന്നെ അവന്‍ വന്നിട്ടില്ല."

"സുലേഖയ്ക്ക് എന്തു പറ്റിയെന്നു പറയ് ശിവരാമേട്ടാ…" – സുധീഷ് വെപ്രാളം കാട്ടി.

"അവള് ജെസിബി പണിക്കു വന്ന ഒരുത്തന്‍റെ കൂടെ പോയിട്ടു വര്‍ഷം ആറേഴായി."

വീണ്ടും ഒരാഘാതംകൂടി. സുധീഷ് തലയില്‍ കൈവച്ചു.

"അവരു കല്യാണം കഴിച്ചു ജീവിക്കുകയാണോ ശിവരാമേട്ടാ?" – അവന്‍ ചോദിച്ചു.

"അതൊക്കെ ആര്‍ക്കറിയാം. പത്തനംതിട്ടയിലെങ്ങാണ്ടൊണ്ടെന്നു ചിലര്‍ പറഞ്ഞു കേട്ടു. ഇവിടന്നു പോയതു നന്നായി. നീ പോയതില്‍പ്പിന്നെ ശരിയായിട്ടുള്ള ജീവിതമല്ലായിരുന്നു അവളുടേത്."

സുധീഷ് നിശ്ശബ്ദനായി. ചായ മുഴുവന്‍ കുടിക്കാനവനു കഴിഞ്ഞില്ല. സുലേഖ നല്ലവളായിരുന്നു, സ്നേഹമുള്ളവളായിരുന്നു. അവള്‍ക്ക് എങ്ങനെ ചീത്തയാകാന്‍ കഴിഞ്ഞു? തന്നെ ഉപേക്ഷി ച്ചു മറ്റൊരുത്തന്‍റെ കൂടെ പോകാന്‍ കഴിഞ്ഞു? സുലേഖ ഇങ്ങനെയൊക്കെയായതും താന്‍ കാരണമാണ്. അവളുടെ നോട്ടത്തില്‍ സുധീഷ് എത്രയോ നികൃഷ്ടനാണ്. സുന്ദരിയും ആരോഗ്യവതിയുമായ സ്വന്തം ഭാര്യയെ മറന്നു മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു ജയിലിലായ അധമന്‍! അവള്‍ പിഴച്ചെങ്കില്‍ അതു ജീവിക്കാന്‍ വേണ്ടിയാകാം. ഒറ്റപ്പെട്ടുള്ള ജീവിതം ദുസ്സഹമായപ്പോള്‍ വിളിച്ചവനൊപ്പം അവള്‍ പോയി! കൊടും കുറ്റവാളി താന്‍തന്നെ; സുധീഷ്!

സുധീഷേ, നീ ആ ചായ മുഴുവന്‍ കുടിക്ക്. ഞാനായിട്ട് ഇതൊക്കെ പറയണ്ടായിരുന്നു, പിന്നെ എപ്പഴെങ്കിലും ആരെങ്കിലും പറഞ്ഞ് ഇതൊക്കെ നീയറിയേണ്ടി വരും."

"ശിവരാമേട്ടാ, എന്‍റെ വീടെവിടെയുണ്ടല്ലോ, അല്ലേ?"

"ഒണ്ട്; വെള്ളപ്പൊക്കമുണ്ടായപ്പം അതു വീണുപോയിട്ടില്ലെന്നേയുള്ളൂ. അടുത്തുപോയി ഞാന്‍ നോക്കിയിട്ടില്ല. നാട്ടിലിപ്പം ആളൊഴിഞ്ഞു കിടക്കുന്ന ഒരേയൊരു വീടതു മാത്രമാ. ചീട്ടുകളിക്കാരും കള്ളുകുടിയന്മാരുമൊക്കെ അവരുടെ താവളമാക്കിവച്ചിരിക്കാ അവിടെ. ഒന്നുരണ്ടു തവണ പൊലീസ് വന്നു കുറേയെണ്ണത്തിനെ പൊക്കി. എന്നിട്ടും മാറ്റമൊന്നുമില്ല."

സുധീഷ് ദീനമായി പുഞ്ചിരിച്ചു.

"ഒരു കിടപ്പാടമുണ്ടല്ലോയെന്നോര്‍ത്താ ഞാന്‍ ജയിലീന്നിറങ്ങിയപ്പം ഇങ്ങോട്ടുതന്നെ പോന്നത്. സുലേഖേം മകനേം ഒന്നു കാണാനും ആഗ്രഹിച്ചു."

"എടാ, നമ്മളില്ലാതെ, നമ്മുടെ നോട്ടമില്ലാതെ കഴിഞ്ഞാല്‍ വീടും ബന്ധങ്ങളും തകരും. നീ വല്യ വക്കീലിന്‍റെ ഡ്രൈവറായിട്ടു നടന്നപ്പം കെട്ടിയവളേം മക്കളേം നെഗളിപ്പിച്ചു കൊണ്ടുനടന്നു. അവര്‍ക്കൊന്നിനും കുറവു വരുത്തിയില്ല. ചുറ്റുവട്ടത്തുള്ളവര്‍ക്കൊക്കെ നല്ല അസൂയ തോന്നിയിട്ടുണ്ട് നിന്നോട്. എനിക്കും തോന്നി. നിനക്ക് ആണിനാണ്, പെണ്ണിനു പെണ്ണ്. രണ്ടു മിടുക്കര് മക്കള്. മക്കളില്ലാത്ത എന്‍റെ കാര്യം എത്ര കഷ്ടമാ. കെട്ടിയവള്‍ക്കു സകല നേരത്തും ആ ഒരു വിചാരം മാത്രമേയുളളൂ. ഞൊണ്ടനോ മണ്ടനോ ആണേലും ഒന്നുണ്ടായിരുന്നെങ്കിലെന്ന് എപ്പഴുമോര്‍ക്കും. ഇപ്പഴത്തെ നിന്‍റെ അവസ്ഥ കാണുമ്പം തോന്നുകാ ദൈവം എന്നെയാ അനുഗ്രഹിച്ചതെന്ന്."

ശിവരാമന്‍റെ വര്‍ത്തമാനം സുധീഷിന്‍റെ ചിന്തകളെ ഭൂതകാലത്തേയ്ക്കു പായിച്ചു. അച്ഛന്‍ തനിക്ക് എട്ടുവയസ്സുള്ളപ്പോഴാണ് അപകടത്തില്‍ മരിച്ചത്. ലോറിഡ്രൈവറായിരുന്നു. അമ്മ പിന്നെ അയല്‍വീടുകളില്‍ അടുക്കളപ്പണി ചെയ്താണു തന്നെയും പെങ്ങളെയും പഠിപ്പിച്ചത്. പഠനത്തില്‍ മിടുക്കിയായിരുന്ന ശരണ്യയെ നേഴ്സാക്കി കല്യാണം കഴിച്ചുവിട്ടു. തനിക്ക് അച്ഛനെപ്പോലെ ഡ്രൈവിംഗിലായിരുന്നു ഹരം. അച്ഛന്‍റെ കൂട്ടുകാരനായിരുന്ന ലാസറങ്കിള്‍ എല്ലാ വാഹനവും ഒടിക്കാന്‍ പഠിപ്പിച്ചു. അഡ്വേക്കറ്റ് സുരേഷ് മാത്യുവിന്‍റെ ഡ്രൈവറായി ജോലി സംഘടിപ്പിച്ചുതന്നതും ലാസറങ്കിളാണ്. തനിക്കു വരുമാനമായതോടെ അമ്മയുടെ ജോലിക്കു പോക്ക് നിര്‍ത്തിച്ചു. കഠിനമായ തലവേദനകൊണ്ടു കഷ്ടപ്പെടുന്നുണ്ടായിരുന്നു, അമ്മ. തന്‍റെ പെണ്ണായി സുലേഖയെ കണ്ടെത്തിയത് അമ്മയാണ്. അവളെ മരുമകളായല്ല മകളായി സ്നേഹിച്ചു. മക്കളായി അനീഷും നവ്യമോളുമുണ്ടായി. ഒരു കുഞ്ഞുപിണക്കംപോലുമില്ലാതെ സന്തോഷകരമായ തങ്ങളുടെ ജീവിതത്തില്‍ നിന്ന് അപ്രതീക്ഷിതമായി സ്ട്രോക്ക് വന്ന് അമ്മ കടന്നുപോയി. പിന്നെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണു ജീവിതമാകെ മാറ്റിമറിച്ച ആ സംഭവം നടന്നത്.

"ശിവരാമേട്ടാ, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷംകൊണ്ടു നമ്മുടെ നാടൊത്തിരി മാറിയല്ലോ. ഈ വീടും കടയും ബസ് സ്റ്റോപ്പിലെ ആല്‍മരവും മാത്രം അതേപടിയുണ്ട്."

ശിവരാമന്‍ പുച്ഛഭാവത്തില്‍ പുഞ്ചിരിച്ചു.

"സുധീഷേ, എനിക്കു മാറ്റം വരുത്താന്‍ മാത്രം സാമ്പത്തികമില്ല. ഇനീയീ പഴയ കെട്ടിടം പൊളിച്ചാല്‍ പിന്നെ വഴീന്ന് അഞ്ചു മീറ്റര്‍ തള്ളിയേ പുതിയതു പണിയാന്‍ പറ്റുകയുള്ളൂ. അങ്ങനെ നന്നായിട്ടതു പണിയുന്നതെന്തിനാ? എനിക്ക് അറുപത്തി രണ്ടും അവള്‍ക്ക് അമ്പത്തിനാലും വയസ്സായി. ഇനിയെത്ര കാലമുണ്ട്?"

"നല്ലൊരു ഹോട്ടലിനു പറ്റിയ സ്ഥലമാ. കാലമെത്ര ബാക്കിയുണ്ടെന്ന് ആര്‍ക്കും തീരുമാനിക്കാന്‍ പറ്റുകേലാ. ശിവരാമേട്ടന്‍ ഒരു ഇരുപതു വര്‍ഷംകൂടെ സുഖമായിട്ടു ജീവിക്കും; സരോജേച്ചി ഇരുപത്തഞ്ചും പോകും."

"നീയിങ്ങനെയൊക്കെ പറയുന്നതെന്നാ ഭാവിച്ചാ?" – ഞങ്ങളിതു നന്നാക്കീട്ട് നിനക്കെന്നതാ കാര്യം?"

"എനിക്കു ചെറിയ കാര്യമുണ്ട്. ശിവരാമേട്ടന്‍റെ കൂടെ ഈ കടേല് പണിയെടുത്തു കൂടണോന്നുണ്ട്. വേറെയൊരിടത്തും ജയിലീന്നിറങ്ങിയവനു പണി കിട്ടുകേല."

"എടാ ഇവിടെ ഒരാളെ പണിക്കെടുക്കാന്‍ മാത്രമൊന്നുമില്ല. അടുത്തടുത്തു രണ്ടു വലിയ ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. അവിടെ നല്ല കസേരയുണ്ട്, മേശയുണ്ട്, ഫാനുണ്ട്, പല വെറൈറ്റി ഫുഡ്സുണ്ട്. ഇവിടെയാകെ രാവിലെ മുപ്പതു ദോശ പോകും. മൂന്നു കുപ്പി പാലിന്‍റെ ചായേം. നൂറോ നൂറ്റമ്പതോ രൂപ ആദായമുണ്ട്. ഒരു ശമ്പളക്കാരനെ നിര്‍ത്തി അവനുംകൂടെ കൊടുക്കുന്നിലും ഭേദം ഈ പരിപാടിയങ്ങു നിര്‍ത്തുന്നതാ" – ശിമരാവന്‍ തന്‍റെയവസ്ഥ വിശദീകരിച്ചു.

"ദേ… ഇങ്ങോട്ടൊന്നു വന്നേ. ഒരത്യാവശ്യ കാര്യം പറയാനാ" – വാതില്ക്കല്‍ അവരുടെ സംഭാഷണം ശ്രദ്ധിച്ചുനിന്ന സരോജം ഭര്‍ത്താവിനെ വിളിച്ചു.

"എടാ ഞാനിപ്പ വരാം"- അങ്ങനെ പറഞ്ഞു ശിവരാമന്‍ ഭാര്യയുടെ അടുത്തേയ്ക്കു ചെന്നു.

"എന്നാടീ?"

"ശിവേട്ടന്‍ ഇതെന്തു ഭാവിച്ചാ? അവനൊരു ജയില്‍പ്പുളളിയാ, കൊലപാതകിയാ. ആ നോട്ടോം ഭാവോം കണ്ടിട്ടാണെങ്കില്‍ പേടിയാകുന്നു. ഇങ്ങനെ ചരിത്രോം ഭൂമിശാസ്ത്രോം പറഞ്ഞോണ്ടിരിക്കാതെ ചായ കുടിച്ചതിന്‍റെ രൂപായും വാങ്ങിച്ചു പറഞ്ഞുവിടതിനെ"- സരോജം രോഷത്തോടെ പറഞ്ഞു.

"അവന്‍ കൊലപാതകിയായിരിക്കും. ജയില്‍പ്പുള്ളിയായിരിക്കും. എങ്കിലും നമ്മളിത്തിരി മനുഷ്യത്വം കാണിക്കണ്ടേ?"

"വേണ്ട. ഇവിടെയവനെ പണിക്കു നിര്‍ത്തുകേം വേണ്ട, കിടത്തുകേം വേണ്ട. നിങ്ങള്‍ പറയുന്നതു മുഴുവന്‍ ഞാന്‍ കേട്ടു. ഞാനിങ്ങനെ ഒരു പെണ്ണിവിടെയുണ്ടെന്നൊരു ചിന്ത പോലുമില്ലല്ലോ. എല്ലാരും സഹായം ചോദിച്ചിങ്ങോട്ടു വരും. വേറെ വലിയ ഹോട്ടലുകളും കടകളുമൊക്കെയുണ്ടല്ലോ ഇവിടെ."

"നീ കുറച്ചു പയ്യെ പറയണം. അവനിതു കേള്‍ക്കും."

"കേള്‍ക്കട്ടെ. ഇവിടെ അവനെ നിര്‍ത്താനെനിക്കിഷ്ടമില്ല. അങ്ങ് പറഞ്ഞേക്ക്."

"സരോജം, നീ ആവശ്യമില്ലാത്ത കാര്യമാ പറയുന്നേ. അവനെയിവിടെ നിര്‍ത്താമെന്നാരും സമ്മതിച്ചിട്ടില്ല. പണിക്കാരുടെ ആവശ്യമില്ലെന്നു പറയുകയും ചെയ്തു."

"എങ്കിലതു മതി. ഞാന്‍ നിര്‍ത്തി" – സരോജം ലക്ഷ്യം നേടിയ ഭാവത്തില്‍ പിന്തിരിഞ്ഞു.

ശിവരാമന്‍ സുധീഷിന്‍റെ അടുത്തു തിരികെയെത്തി. അയാളുടെ മുഖത്ത് ഒരു താത്പര്യക്കുറവു പ്രകടമായി.

"ചേച്ചി, എന്നെ നിര്‍ത്തണ്ടാന്നു പറഞ്ഞുകാണുമല്ലേ?" – സുധീഷ് ചോദിച്ചു.

"അങ്ങനെയൊന്നും പറഞ്ഞില്ല. എടാ ഞാന്‍ പറഞ്ഞില്ലേ, ഇവിടെ ചെറിയ ഏര്‍പ്പാടൊക്കെയേ ഉള്ളൂ. ഞങ്ങള്‍ക്കു കഴിഞ്ഞുകൂടാന്‍ മാത്രം; പതിവുകാരു കുറച്ചുപേര്‍ക്കുണ്ടാക്കും" – ശിവരാമന്‍ ആവര്‍ത്തിച്ചു.

"എനിക്കങ്ങനെ ശമ്പളമൊന്നും തരണ്ട. വേറെ എവിടെയെങ്കിലും കയറിക്കൂടാനെളുപ്പമല്ല; അതുകൊണ്ടാ."

"നിനക്കതിനു ചായക്കടപ്പണി അറിയാമോ?"

"അറിയാമോന്ന്. ഞാന്‍ ജയിലിലെ പ്രധാന കുക്കായിരുന്നു. അവിടെയുള്ളവര്‍ക്കു മുഴുവന്‍ ഭക്ഷണമുണ്ടാക്കിയിരുന്നത് എന്‍റെ നേല്‍നോട്ടത്തിലാ. അതിനു പുറമെ ബൊറോട്ടയും ചിക്കന്‍കറിയും, കപ്പബിരിയാണിയും ഉച്ചയൂണുമൊക്കെ പുറത്തേയ്ക്കു വില്ക്കുന്ന പരിപാടിയും ജയിലിലുണ്ട്; ഒരു തവണ വാങ്ങിച്ചവര്‍ പിന്നേം അവിടുന്നുതന്നെ വാങ്ങിക്കും… റേറ്റുംകുറവാ."

"കാറോടിച്ചു നടന്നിരുന്ന നീ ഇതൊക്കെയെങ്ങനെ പഠിച്ചു?"

"അതു ജയിലിലുവച്ചു പഠിച്ചു; തലശ്ശേരിക്കാരന്‍ കുമാരേട്ടനാ എല്ലാക്കൂട്ടോം പഠിപ്പിച്ചത്. നല്ല സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു കുമാരേട്ടന്‍."

"അയാള് എന്തു കുറ്റത്തിനാ അകത്തായത്?"

"കൊലക്കുറ്റംതന്നെ."

"നീ പറഞ്ഞതുപോലെ സ്നേഹമുള്ള മനുഷ്യനായിരുന്നെങ്കില്‍ കൊലപാതകം നടത്തുമോ?"

"ശിവരാമേട്ടന്‍ വിചാരിക്കുന്നതു തെറ്റു ചെയ്തവരുതന്നെയാ ജയിലില്‍ കിടക്കുന്നതെന്നാ? അങ്ങനെയല്ല. ഒരു തെറ്റും ചെയ്യാത്ത പലരും അവിടെ പെട്ടുപോകുന്നുണ്ട്. കുമാരേട്ടന്‍ ആരെയും കൊന്നിട്ടില്ല; ഉറപ്പാ."

"വെറുതെ പിടിച്ചൊരാളെ ജയിലിലിടുമോ?"

"ഇടും, എങ്ങനെയാന്നു പറയാം. കുമാരേട്ടന്‍ വലിയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനവുമുണ്ടായിരുന്നു. അന്നു തലശ്ശേരിക്കടുത്ത് ഒരു രാഷ്ട്രീയസംഘട്ടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊല നടക്കുമ്പം കുമാരേട്ടന്‍ സ്ഥലത്തുപോലുമില്ലായിരുന്നു. ഇടുക്കിയിലെങ്ങാണ്ടു പോയതാ. കേസിലെ ഒന്നാം പ്രതി പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നയാളായിരുന്നു. അയാളെ ജയിലില്‍ തള്ളിയാല്‍ അതു പാര്‍ട്ടിക്കു ക്ഷീണമാകും. അതുകൊണ്ടു പകരം കുമാരേട്ടന്‍ കുറ്റമേറ്റു. അറസ്റ്റ് ചെയ്ത് അകത്തുമായി. ശരിക്കും കേസ് വാദിച്ചിരുന്നെങ്കില്‍ ശിക്ഷ കൂടാതെ എല്ലാ പ്രതികള്‍ക്കും ഊരിപ്പോരാമായിരുന്നു. അതുണ്ടായില്ല. കുമാരേട്ടന്‍റെ ജനപിന്തുണ പേടിച്ച ചില നേതാക്കന്മാര്‍ ആ മനുഷ്യന്‍ അകത്തുതന്നെ കിടക്കട്ടെയെന്നങ്ങു തീരുമാനിച്ചു. പാര്‍ട്ടിക്കുവേണ്ടി മാത്രം ജീവിച്ച ആ മനുഷ്യന്‍റെ ജീവിതം ജയിലിലൊടുങ്ങി. ഇങ്ങനെയും ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടായിരുന്നെന്ന് ആരറിയുന്നു?"

"കഷ്ടാ. അയാളുടെ വീട്ടുകാര്‍ക്കറിയില്ലായിരുന്നോ കൊല നടക്കുമ്പോള്‍ ഇയാള്‍ സ്ഥലത്തില്ലായിരുന്നെന്ന്?"- അവരെന്താ സത്യം പറയാത്തെ?"

"താനാണു വടിവാളിനു കഴുത്തിനു വെട്ടിയതെന്നു കുമാരേട്ടന്‍ പൊലീസിനു മൊഴി കൊടുത്തു. പിന്നെന്തു ചെയ്യും?"

"അയാളെ കാണാന്‍ ഭാര്യയോ മക്കളോ ജയിലില്‍ വന്നിരുന്നോ?

"ഇല്ല. മരിച്ചപ്പോള്‍ വീട്ടിലറിയിച്ചു. മകനെയാണറിയിച്ചത്. കാണാനും ബോഡി കൊണ്ടുപോകാനും വരുന്നില്ലെന്നു മറുപടി കിട്ടി. ജയിലിനടുത്തുള്ള പൊതുശ്മശാനത്തില്‍ കുമാരേട്ടന്‍റെ ജഡം സംസ്കരിച്ചു."

"അപ്പഴ് കുറ്റം ചെയ്യാത്തവരും ശിക്ഷയനുഭവിക്കുന്ന സ്ഥലമാ ജയില്‍?" – ശിവരാമന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

സുധീഷ് ബെഞ്ചില്‍ നിന്നെഴുന്നേറ്റു. അവന്‍ ശിവരാമന്‍റെ മുമ്പില്‍ ചെന്നു നിന്നു. പോക്കറ്റില്‍ നിന്നു പത്തു രൂപായെടുത്തു ചായയുടെ വിലയായി കൊടുത്തു.

"ശിവരാമേട്ടാ, ആള്‍ത്താമസമില്ലാതെ കിടക്കുന്ന എന്‍റെ വീട്ടില്‍ തനിച്ചു താമസിക്കാന്‍ ഒരു പേടി. ഞാന്‍ കടയുടെ ഇറയത്തു കിടന്നോട്ടെ?" – സുധീഷ് ചോദിച്ചു.

ശിവരാമന്‍ തെല്ലിട മൗനിയായി.

"എടാ… എനിക്കതിനെതിര്‍പ്പൊന്നുമില്ല. പക്ഷേ, അവള്‍ക്കു പേടിയാ നിന്നെ. ഒരു നിമിഷം മുമ്പേ പറഞ്ഞുവിടെന്നു പറഞ്ഞു ചാട്ടമാ."

"എങ്കില്‍… എങ്കില്‍ വേണ്ട ശിവരാമേട്ടാ." സുധീഷ് മെല്ലെ കടയില്‍ നിന്നിറങ്ങി. പ്രകൃതിയപ്പോള്‍ ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. നേരം ഇരുട്ടുകയാണ്. മാനത്തു കാര്‍മേഘം തിങ്ങിവളര്‍ന്നിരിക്കുന്നു. കാറ്റു വീശിത്തുടങ്ങി. സുധീഷ് വേഗത്തില്‍ നടന്നു. പ്രധാന വഴിയില്‍ നിന്ന് ഇടത്തേയ്ക്കുള്ള മണ്‍പാതയിലൂടെ നടന്ന് അവന്‍ തന്‍റെ വീട്ടില്‍ ചെന്നുകയറി. ചെറിയ മുറ്റം കാടുപുടിച്ചു കിടക്കുന്നു! മദ്യക്കുപ്പികളുടെയും പ്ലാസ്റ്റിക് കൂടുകളുടെയും കുമ്പാരമാണവിടം. മഴ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി. കറന്‍റ് പോയതിനാലാകാം പരിസരത്തു ഒരിടത്തും ബള്‍ബുകള്‍ കത്തുന്നില്ല. വീടു ചോര്‍ന്നൊലിക്കുകയാണ്. മിന്നലിന്‍റെ വെളിച്ചത്തില്‍ വീടിന്‍റെ ഭിത്തിയിലെ വിള്ളല്‍ അവന്‍ കണ്ടു. വീടാകെ തകര്‍ന്നിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. കൊടുങ്കാറ്റ് മരശിഖരങ്ങളെ ഞെരിച്ചൊടിക്കുന്നു. മുഴക്കം ഉച്ചത്തിലാകുന്നു. ഒരു ഭ്രാന്തനെപ്പോലെ താന്‍ അലറിക്കരഞ്ഞേക്കുമെന്നു തോന്നി. അപ്പോള്‍ ദൂരെ ഒരു വെളിച്ചം ആരോ ടോര്‍ച്ച് തെളിച്ചു തന്‍റെ വീടിനെ ലക്ഷ്യമാക്കി വരികയാണ്. മദ്യപനോ ആഭാസനോ താവളം തേടിവരികയായിരിക്കും. സുധീഷ് സ്വയം ധൈര്യം സംഭരിക്കാന്‍ നോക്കി. താനൊരു ജയില്‍പ്പുള്ളിയായിരുന്നു. ജീവപര്യന്തം തടവു കഴിഞ്ഞിറങ്ങിയവന്‍! തനിക്കാരെയും പേടിയില്ല! ആരും പേടിപ്പിക്കാന്‍ ശ്രമിക്കുകയും വേണ്ട. ടോര്‍ച്ച് തെളിച്ചുവന്ന ആള്‍ മുറ്റത്തു വന്നുനിന്നു. അയാള്‍ കുട ചൂടിയിട്ടുണ്ട്. ഇരുട്ടുമൂലം മുഖം വ്യക്തമാകുന്നില്ല.

"സുധിഷേ… ഞാനാടാ… ശിവരാമന്‍ ചേട്ടന്‍"- അയാള്‍ പറഞ്ഞു.

അവന് ആശ്വാസമായി.

"എന്തു പറ്റി ശിവരാന്‍ ചേട്ടാ…?" – സുധീഷ് ചോദിച്ചു.

"ഞാന്‍ സരോജത്തെ പറഞ്ഞു മനസ്സിലാക്കി. അവള് സമ്മതിച്ചു. നിന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാ. വാ… വന്നീ കുടക്കീഴില്‍ കയറ്" – ശിവരാമന്‍ പറഞ്ഞു.

സുധീഷ് ഓടിയിറങ്ങിച്ചെന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org