ന്യായാധിപന്‍ – 27

ന്യായാധിപന്‍ – 27


ജോര്‍ജ് പുളിങ്കാട്

രാവിലെ എട്ടുമണി നേരത്ത് ശരത്തിനെ കാണാന്‍ സുധീഷും ഭാര്യ സുലേഖയും മകനുമെത്തി. വാടകവീട്ടില്‍ അവരെ ഹൃദ്യമായിത്തന്നെ അവന്‍ സ്വീകരിച്ചു.

"സുധീഷേട്ടാ, നിങ്ങളെ ഒരുമിച്ചിങ്ങനെ കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്" – ശരത് പറഞ്ഞു.

"നല്ല കാര്യം. കഴിഞ്ഞതൊക്കെ ഒരു പാഴ്ക്കിനാവാണെന്നു കരുതിയാല്‍ മതി. ഇനിയൊരു പുതിയ ജീവിതം; അതാണു വേണ്ടത്."

"ഞാനും സുലേഖയും കൂടി ആലോചിച്ച് ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതു സാറിനോടു പറയാന്‍ കൂടിയാ ഇത്ര പെട്ടെന്നിങ്ങു വന്നത്."

"എന്താ തീരുമാനം? കേള്‍ക്കട്ടെ."

"ഞങ്ങള്‍ മൂന്നു പേരും കൂടി ഇന്നു പത്രക്കാരെയും ചാനലുകാരെയും കാണും. സാന്ദ്രാ വധക്കേസിന്‍റെ യാഥാര്‍ത്ഥ്യം വിളിച്ചു പറയാം. ഞങ്ങള്‍ അതിന്‍റെ പേരിലിന്നോളം അനുഭവിച്ചതും അനഭവിക്കുന്നതുമായ സകല യാതനകളും അപമാനങ്ങളും ജനങ്ങളറിയട്ടെ യഥാര്‍ത്ഥ പ്രതി ഇന്നിരിക്കുന്ന സ്ഥാനം എന്താണെന്നും അയാള്‍ ചെയ്തുകൂട്ടുന്ന തെറ്റുകള്‍ എത്ര വലുതാണെന്നും സകലരും മനസ്സിലാക്കട്ടെ."

"എവിടെക്കിട്ടി സുധീഷേട്ടനിത്രയ്ക്കു ധൈര്യം?"

"സകല പീഢകളും ഏറ്റുവാങ്ങി ഒന്നും പ്രതികരിക്കാത്തവനായി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നു തോന്നി. തെറ്റു ചെയ്യാത്തവരെ ശിക്ഷിക്കുന്ന ന്യായാധിപന്മാരെ ജനങ്ങള്‍ തിരിച്ചറിയണം."

"സുധീഷേട്ടന്‍ ഇങ്ങനെയൊരു ധൈര്യം കാട്ടുമെന്ന് ഒട്ടും കരുതിയില്ല. അതുകൊണ്ടു ന്യായാസനത്തില്‍ നിന്നു കുറ്റവാളിയെ ഇറക്കിവിടാന്‍ മറ്റൊരു മാര്‍ഗം തയ്യാറാക്കിവച്ചു കഴിഞ്ഞു"- ശരത് പറഞ്ഞു.

"എനിക്കു മനസ്സിലായില്ല" – സുധീഷ് ശരത്തിനെ ആകാംക്ഷയോടെ നോക്കി.

"നിയമത്തിന്‍റെ കാവലാളായി വിരാജിക്കുന്ന ആ അധമനെ വീഴ്ത്താന്‍ കെണിയൊരുക്കിക്കഴിഞ്ഞു. അതു മറ്റാരുമല്ല; സുധീഷേട്ടന്‍റെ സ്നേഹിതയായ അഖിലയാണ്. ദിവസങ്ങള്‍ക്കകം അതു സംഭവിച്ചിരിക്കും. നടന്നതെല്ലാം എല്ലാവരുമറിയാന്‍ പോകുന്നു. അതുവരെ നിങ്ങളിതു മനസ്സില്‍ സൂക്ഷിക്കണം. എന്തെങ്കിലും പുറത്തുപോയാല്‍ നമ്മള്‍ക്കൊക്കെ അത് അപായകരമാകും. മരണങ്ങളുടെ തുടര്‍ക്കഥയിവിടെ സംഭവിക്കും."

സുധീഷും സുലേഖയും മിഴിച്ചിരുന്നു.

"സാര്‍… സ്വര്‍ഗംപോലെ ജീവിച്ചു പോന്നവരാ ഞങ്ങള്‍. ആ പരമദുഷ്ടന്‍ ഞങ്ങളെ തള്ളിയിട്ടതു കൊടും നരകത്തിലേക്കാ. അനുഭവിച്ചതിനു കണക്കില്ല. മനസ്സും ശരീരവും ദുഷിച്ചു. ഒടുവില്‍ മരിക്കാന്‍ തീരുമാനിച്ചുറച്ച ദിവസമാ സുധീഷേട്ടന്‍ എന്നെ കാണാന്‍… കൂട്ടിക്കൊണ്ടുപോകാന്‍ വന്നത്. മുഖത്തു നോക്കാന്‍പോലും ശക്തിയില്ലാതെ ഞാന്‍ തളര്‍ന്നുപോയിരുന്നു" – സുലേഖ വേദനയോടെ പറഞ്ഞു.

"സുലേഖ, ഒരു കുറ്റം പല കുറ്റങ്ങളിലേക്കു കുറ്റവാളിയെ കൂട്ടിക്കൊണ്ടു പോകും. ഒരു കൊലപാതകം പിന്നെയും പിന്നെയുമുള്ള കൊലകളിലേക്കു നയിക്കും. എല്ലാത്തിനും ഒരവസാനം ഉണ്ടായേ പറ്റൂ. അത് ഉണ്ടാകുകതന്നെ ചെയ്യും" – ശരത് പറഞ്ഞു.

"സാറേ, എന്നെ സംബന്ധിച്ച്, ഞാനേറെയും നീറിയത് ഏറ്റവും നീചമായ ഒരു കുറ്റം ചുമക്കേണ്ടി വന്നതുകൊണ്ടാണ്. നല്ലവളും സുന്ദരിയും സ്നേഹമുള്ളവളുമായ ഭാര്യയുണ്ടായിട്ടും ഒരു പാവം പെണ്‍കുട്ടിയെ മൃഗീയമായി അനുഭവിക്കുകയും കൊല്ലുകയും ചെയ്തവനെന്ന ദുഷ്പ്പേര് എന്‍റെ തലയിലേറി. ഇന്നു ചുരുക്കം ചിലര്‍ മാത്രം ഞാനതു ചെയ്തിട്ടില്ല എന്നു മനസ്സിലാക്കുന്നു. ബഹുഭൂരിപക്ഷവും എന്നെ ഒരു 'കാമഭ്രാന്ത'നായ കൊലയാളിയായിത്തന്നെ വിലയിരുത്തുന്നു. സത്യം പുറത്തുവന്നിട്ട്, കുറച്ചു ദിവസം കൂടി ഈ ലോകത്തില്‍ ജീവിക്കണമെന്ന ഒരാഗ്രഹമേ എനിക്കുള്ളൂ."

"അതു സാധിക്കും സുധീഷേട്ടാ. ഇനി വിദേശത്തു ജോലിക്കു പോയ മകനെക്കൂടി തേടിപ്പിടിക്കണം. അതിനും വഴികളുണ്ട്" – ശരത് സൂചിപ്പിച്ചു.

"എന്‍റെ മകന്‍ നാട്ടിലേക്കു തിരിച്ചുവരാത്തത് എന്നെ വെറുക്കുന്നതുകൊണ്ടായിരിക്കും. എന്‍റെ മകനാണെന്ന 'ബഹുമതി' അവന്‍റെ ഭാവിയല്ലേ തകര്‍ക്കുന്നത്?" – സുധീഷ് പറഞ്ഞു.

"മകനും സത്യം അറിയും. അപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ അവന്‍ അച്ഛനെ സ്നേഹിക്കും. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവനോട് ആര്‍ക്കാണ് അലിവു തോന്നാത്തത്?"

"ഞങ്ങള്‍ക്കു ജീവിതം തിരിച്ചുതന്ന സാറിനോട് എങ്ങനെയാണു നന്ദി പറയേണ്ടതെന്നറിയില്ല. സാറിനു രാവിലെ നല്ല തിരക്കു കാണും. ഞങ്ങള് പോകുകാ." പോകാനെഴുന്നേറ്റുകൊണ്ടു സുധീഷ് പറഞ്ഞു. സുലേഖയും മകനും ഒപ്പമെഴുന്നേറ്റു.

"നിങ്ങള്‍ക്കു തരാന്‍ ഒന്നുമിവിടെയില്ല; പൊയ്ക്കോളൂ" – ശരത് അവരെ യാത്രയാക്കി.

ശരത്തിന്, ഒരു പഴയ സിനിമാസംവിധായകന്‍റെ ചരമവാര്‍ഷികം പ്രമാണിച്ചുള്ള ഓര്‍മക്കുറിപ്പു തയ്യാറാക്കാനുണ്ടായിരുന്നു. അതിന്‍റെ പണിയിലേക്കു കടന്നപ്പോള്‍ അഖിലയുടെ ഫോണ്‍ വന്നു.

"ഹലോ അഖില… താനാശുപത്രിയില്‍ത്തന്നെയല്ലേ?"

"അതെ."

"എങ്ങനെയുണ്ടച്ഛനിപ്പോള്‍?"

"ഇന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തുകാ. പത്തു മണിക്കു തിയ്യറ്ററിലേക്കു കൊണ്ടുപോകും. മനസ്സില്‍ ഒന്നു പ്രാര്‍ത്ഥിച്ചേക്കണേ."

"പ്രാര്‍ത്ഥിക്കാം മോളെ."

"അച്ഛനു വലിയ ക്ഷീണമുണ്ട് ശരത്. സങ്കടവുമുണ്ട്. എന്‍റെ കൈപിടിച്ചു കുറേ നേരം കരഞ്ഞു. ഇത്രയും മനസ്സ് തകര്‍ന്ന അച്ഛനെ ഞാന്‍ കണ്ടിട്ടില്ല."

"പ്രായവും രോഗവുമെല്ലാം മനുഷ്യന്‍റെ മനസ്സിനെ ദുര്‍ബലപ്പെടുത്തും."

"അച്ഛനു നമ്മള്‍ രണ്ടുപേരും വിവാഹിതരായി കാണണമെന്നുണ്ടായിരുന്നു."

"എനിക്കറിയാം."

"എന്നിട്ട് അങ്ങനെയൊന്നു നടക്കുമെന്നു തുറന്നു പറയാത്തതെന്താ? ശരത്തിനെന്നെ ഇഷ്ടമില്ലേ?"

"പെണ്ണേ, അതു ശരിയാകില്ല. ഇപ്പോള്‍ നമ്മള്‍ രണ്ടുപേരും തമ്മില്‍ വളരെ നല്ല ഒരു ബന്ധമുണ്ട്. അതീജിവിതകാലം മുഴുവന്‍ തുടരണമെന്നാ ഞാനാഗ്രഹിക്കുന്നെ. ഞാനിവിടുന്നു സ്ഥലം മാറിപ്പോയാലും നീയെന്നെ മറക്കാതിരിക്കണം. വല്ലപ്പോഴും വിളിക്കണം."

"ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നയാളിന് ഞാനെന്നും ഒപ്പമുണ്ടാകുന്നതിഷ്ടമല്ലാത്തതെന്താ?"

"വിവാഹബന്ധങ്ങള്‍, സ്നേഹമില്ലാതാക്കും. ഇഷ്ടം കുറയ്ക്കും. സ്വന്തമാകുന്ന നിമിഷം മുതല്‍ നീ എന്‍റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങും. ഞാന്‍ ജീവിതംകൊണ്ട് അറിഞ്ഞ സത്യമാണിത്."

"ഞാനിനി ഇക്കാര്യം ശരത്തിനോടു പറയില്ല."

"പിണങ്ങിയോ?"

"എന്‍റെയച്ഛന്‍റെ മനഃസമാധാനത്തിനെങ്കിലും അങ്ങനെയൊന്നു പറഞ്ഞില്ലല്ലോ?"

"വരണോ ഞാനിപ്പഴങ്ങോട്ട്?"

"വേണ്ട. നിര്‍ത്തുകാ. അച്ഛനെ തിയ്യറ്ററിലേക്കു കൊണ്ടുപോകാനാളു വന്നു." അഖിലയുടെ ഫോണ്‍ കട്ടായി.

ശരത്തിനു പിന്നെയൊരക്ഷരംപോലും എഴുതാന്‍ കഴിഞ്ഞില്ല.

* * *

അന്നു രാവിലെ എട്ടു മണിക്കും ഡോ. ആന്‍മേരി ഉറക്കമുണര്‍ന്നിരുന്നില്ല. വെളുപ്പിന് അഞ്ചു മണിയും കഴിഞ്ഞാണ് അവരിത്തിരി ഉറങ്ങാന്‍ കിടന്നത്. മകളെക്കുറിച്ചുള്ള അന്വേഷണം തീവ്രഗതിയില്‍ പൊലീസ് തുടരുകയാണ്. അര്‍ദ്ധരാത്രിയിലും ഡോക്ടര്‍ക്കു പൊലീസില്‍ നിന്നുള്ള ചില കോളുകള്‍ വന്നുകൊണ്ടിരുന്നു.

മഹാന്യായാധിപന്‍റെ ഏക മകളെ മൂന്നു ദിവസമായി കാണാതായ സംഭവം ചാനലുകളും പത്രങ്ങളും ആഘോഷമാക്കുകയാണ്. ബന്ധുക്കളുടെയും സ്നേഹിതരുടെയും അന്വേഷണങ്ങളും ആശ്വസിപ്പിക്കലുകളും ദുസ്സഹമായി ആന്‍ മേരിക്കനുഭവപ്പെട്ടു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജസീന്തയുടെ തുടര്‍ച്ചയായ കോളുകള്‍ ആന്‍ മേരിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തി. നേരം രാവിലെ എട്ടരയായത് അവര്‍ അതിശയത്തോടെ അറിഞ്ഞു.

"ഹലോ… സിസ്റ്റര്‍, ഞാനല്പം ഉറങ്ങിയതിപ്പഴാ."

"എന്തായി ഡോക്ടറേ, എന്തെങ്കിലും ഇന്‍ഫര്‍മേഷനുണ്ടോ?"

"ഇതുവരെ ഒന്നുമില്ല. പൊലീസ് ഫോഴ്സ് എല്ലാ കഴിവുമുപയോഗിച്ച് അന്വേഷിക്കുന്നുണ്ട്."

"ഞങ്ങള്‍ കോണ്‍വെന്‍റില്‍ ഇന്നലെ ആരാധന നടത്തി പ്രാര്‍ത്ഥിച്ചു. അവളെ കണ്ടുകിട്ടും ഡോക്ടര്‍. ദൈവം കൈവിടുകയില്ല."

"താങ്ക്സ് സിസ്റ്റര്‍… വയ്ക്കുകാ" – ഡോ. ആന്‍ മേരി ഫോണ്‍ കട്ട് ചെയ്തു.

പത്തു മണിയായപ്പോള്‍ ആ വീട്ടുമുറ്റത്ത് ഔദ്യോഗിക ചിഹ്നങ്ങള്‍ പതിച്ച മുഖ്യന്യായാധിപന്‍റെ വാഹനം വന്നുനിന്നു. യൂണിഫോം ധരിച്ച ഡ്രൈവര്‍ പെട്ടെന്നു പുറത്തിറങ്ങി ആദരപൂര്‍വം കാറിന്‍റെ ബാക്ക് ഡോര്‍ തുറന്നു ഓച്ഛാനിച്ചു നിന്നു. ജസ്റ്റിസ് സുരേഷ് മാത്യു കാറില്‍ നിന്നിറങ്ങി. ആറടി ഉയരം. അമ്പത്തിനാലിലും ഉലച്ചില്‍ തട്ടാത്ത ഉറച്ച ശരീരം. ഇരുനിറമുള്ള മുഖത്തു സമ്മിശ്ര ഭാവമാണ്. സിറ്റൗട്ടിലേയ്ക്കു മെല്ലെ നടന്നു കയറിയ അദ്ദേഹത്തിന്‍റെ മുമ്പിലേക്കു ഡോക്ടര്‍ ആന്‍ മേരി വെപ്രാളത്തോടെയെത്തി.

"സുരേഷ്… എന്തെങ്കിലും വിവരം?"- ന്യായാധിപ ഭാര്യ തിരക്കി.

"ഒരു ഡെഡ് ബോഡി കണ്ടെത്തിയിട്ടുണ്ട്. കായംകുളത്തു മേല്പാലത്തിനു സമീപമുള്ള ചതുപ്പില്‍ ചാക്കില്‍ക്കെട്ടി താഴ്ത്തിയ നിലയില്‍."

"ങ്ഹേ!!? അതു നമ്മുടെ മകളുടേതാണോ?" – ഡോ. ആന്‍ മേരി ഉള്ളുരുകി ചോദിച്ചു.

"സാദ്ധ്യതയുണ്ട്. മേട്രണ്‍ സൂസന്‍ തോമസ് അവളുടെ വസ്ത്രങ്ങളും മറ്റും കണ്ടു സാക്ഷ്യപ്പെടുത്തി."

"ഹെന്‍റെ ദൈവമേ!!" – ആന്‍ മേരിയില്‍ നിന്നും നിലവിളിയുയര്‍ന്നു.

മഹാന്യായാധിപന്‍ നിശ്ചലനായി അവിടെത്തന്നെ തറഞ്ഞുനിന്നു.

"ഡിഎസ്പി വിളിച്ച്, പേരന്‍റ്സിലാരെങ്കിലും ഉടനെ ഇവിടെയെത്തി ബോഡി തിരിച്ചറിയണമെന്നു പറഞ്ഞിട്ടുണ്ട്" – അദ്ദേഹം ഭാര്യയോടു സൂചിപ്പിച്ചു.

ഡോക്ടര്‍ ആന്‍ മേരിയില്‍ നിന്നു പ്രതികരണമുണ്ടായില്ല.

"നിനക്കു പോകാമോ?" – ന്യായാധിപശബ്ദം വീണ്ടുമുണ്ടായി.

"സുരേഷ്, അതിനും ഞാനാണോ പോകേണ്ടത്?" – ഡോക്ടര്‍ ആന്‍ മേരി രോഷത്തോടെ പ്രതികരിച്ചു. അവരുടെ കണ്ണുകള്‍ കത്തി.

"ആന്‍, ഞാനീ പദവിയിലിരുന്നുകൊണ്ട്… ഇങ്ങനെയൊരു കാര്യത്തിന്… എങ്ങനെ?"

"എങ്കില്‍ വേണ്ട. ആരും പോകണ്ട. അതു മതി" – ആന്‍ മേരി കിതച്ചുകൊണ്ടു പുലമ്പി. അവര്‍ അകത്തേയ്ക്കു കയറിപ്പോയി.

ഏതാനും നിമിഷങ്ങള്‍കൂടി ന്യായാധിപന്‍ അവിടെത്തന്നെ നിന്നു. പിന്നെ അദ്ദേഹം വീട്ടിലേക്കു കയറി. കമ്പ്യൂട്ടര്‍ സിസ്റ്റമൊക്കെയുള്ള തന്‍റെ മുറിയിലേക്കാണു കടന്നുചെന്നത്.

ജസ്റ്റിസ് സുരേഷ് മാത്യു കസേരയിലിരുന്നു. ചിന്തകള്‍ അദ്ദേഹത്തെ ഞെക്കിഞെരുക്കുകയായിരുന്നു. ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നിന്നു തകര്‍ച്ചയുടെ പാതാളത്തിലേക്കു പതിക്കുകയാണ്!

ശക്തമായ ഉള്‍പ്രേരണ! അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു നല്കാനുള്ള തന്‍റെ രാജിക്കത്ത് ലാപ്ടോപ്പില്‍ ടൈപ്പ് ചെയ്തു പ്രിന്‍റെടുത്ത്, ഒപ്പിട്ട്, സ്കാന്‍ ചെയ്തു. ഒട്ടും വൈകാതെ അതു ചീഫ് ജസ്റ്റിസിന്‍റെ മെയില്‍ അഡ്രസില്‍ സെന്‍റ് ചെയ്തു.

അദ്ദേഹം മുറ്റത്തേയ്ക്കിറങ്ങി വന്നു. പേഴ്സണല്‍ സ്റ്റാഫും ഡ്രൈവറും ഒന്നുരണ്ടു ബന്ധുക്കളും അവിടെയുണ്ടായിരുന്നു. നിസ്സംഗനായി അഡ്വ. സുരേഷ് മാത്യു അവരെ നോക്കി. അദ്ദേഹത്തിന്‍റെ ഇംഗിതമറിയാന്‍ ഡ്രൈവറും സെക്യുരിറ്റിക്കാരും അരികെയെത്തി ഒച്ഛാനിച്ചു നിന്നു.

"നിങ്ങള്‍ക്കൊക്കെ ഇനി മടങ്ങാം. ഞാനിപ്പോള്‍ ഒരു ജഡ്ജല്ല. സുപ്രീം കോടതി ജസ്റ്റിസിനു രാജിക്കത്ത് അയച്ചുകഴിഞ്ഞു. എനിക്കിനി കായംകുളം വരെ പോണം. അവിടെ എന്‍റെ മകളുടേതെന്നു സംശയിക്കപ്പെടുന്ന ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതു തിരിച്ചറിയണം. എന്‍റെ കാറില്‍ തനിയെ ഡ്രൈവ് ചെയ്തു പൊയ്ക്കോളാം" – അയാള്‍ പ്രതികരിച്ചു.

ആരും ഒന്നും പറഞ്ഞില്ല. ശ്വാസമടക്കി നിന്നതേയുള്ളൂ. അഡ്വ. സുരേഷ് മാത്യു തന്‍റെ കാറില്‍ക്കയറി. അതു സ്റ്റാര്‍ട്ടാക്കി. മകളുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കാണാന്‍… തിരിച്ചറിയാന്‍, ചീഞ്ഞുനാറിയ, പുഴുക്കളും ഈച്ചകളും ആര്‍ക്കുന്ന മൃതശരീരവുമായി തിരിച്ചുവരാനുള്ള ഒരു അച്ഛന്‍റെ യാത്ര!

(അവസാനിച്ചു)

ജോര്‍ജ് പുളിങ്കാട് – 9447148903

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org