|^| Home -> Novel -> Novel -> ന്യായാധിപൻ – 1

ന്യായാധിപൻ – 1

Sathyadeepam

ജോര്‍ജ് പുളിങ്കാട്

സെന്‍ട്രല്‍ ജയിലില്‍ ഒരു യാത്രയയപ്പ് നടക്കുകയാണ്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചശേഷം മോചിതനാകുന്ന സുധീഷ് എന്ന നാല്പത്തിയഞ്ചുകാരനെയാണു യാത്രയാക്കുന്നത്. സുധീഷിന്‍റെ സഹതടവു കാരും ജയിലര്‍ ദേവദത്തനും മാത്രമുള്ള യോഗം.

ദേവദത്തന്‍ ആരംഭിച്ചു.

പ്രിയമുള്ളവരേ,
ജയിലില്‍ ഇങ്ങനെയൊന്നു പതിവുള്ളതല്ല. സുധീഷ് പോകുമ്പോള്‍ നമുക്കതു വേണ്ടിവന്നു. എന്‍റെ കാല്‍ നൂറ്റാണ്ടു കാലത്തെ സര്‍വീസിനിടയില്‍ സുധീഷിനെപ്പോലെ നല്ലവനും മാന്യനും സഹകാരിയുമായ ഒരു തടവുപുള്ളിയെയും കാണാന്‍ പറ്റിയിട്ടില്ല. അവന്‍ നമ്മളെയെല്ലാവരെയും ഒത്തിരി സ്നേഹിച്ചു. രുചികരമായ ആഹാരം ഉണ്ടാക്കി തന്നു. ഇതിനകത്തെ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തിരുന്നതും അടിപിടിക്കാരെ പിടിച്ചുമാറ്റിയിരുന്നതും രോഗികളെ ശുശ്രൂഷിച്ചിരുന്നതും സുധീഷാണ്. അവന്‍ പോകുന്നതോടെ ഈ ജയിലിലെ നന്മയുടെ തിരിനാളം കെടുകയാണ്. കൂടുതലൊന്നും എനിക്കു പറയാന്‍ പറ്റുന്നില്ല. ജയിലിനു പുറത്തു സന്തോഷകരമായ ഒരു ജീവിതം സുധീഷിനുണ്ടാകട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു… പ്രാര്‍ത്ഥിക്കുന്നു…” പറഞ്ഞു നിര്‍ത്തിയപ്പോള്‍ ജയിലറുടെ തൊണ്ടയിടറി. തടവുകാര്‍ പലരും വിങ്ങി വിതുമ്പി.

“സുധീഷേ, രണ്ടു വാക്കു പറയുന്നോ?” – ജയിലര്‍ സങ്കടത്തോടെ തല കുനിച്ചിരുന്ന സുധീഷിനെ നോക്കി. അവന്‍ എഴുന്നേറ്റു ചെന്നു.

ബഹുമാനപ്പെട്ട ജയിലര്‍ സാറേ, എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരേ,
ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ പ്രസംഗിച്ചിട്ടില്ല. എനിക്കറിയില്ല. മനസ്സില്‍ വരുന്നതു പറയാം. ഇന്ന് ഈ നേരംവരെ എനിക്ക് ഉണ്ണാനും ഉറങ്ങാനും ജയിലുണ്ടായിരുന്നു. വര്‍ത്തമാനം പറയാനും സ്നേഹിക്കാനും നിങ്ങളെപ്പോലുള്ള കൂട്ടുകാരുണ്ടായിരുന്നു. നമ്മളൊക്കെ കുറ്റവാളികളാണ്, പാപികളാണ്. നമ്മള്‍ തമ്മില്‍ ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ ഒരു ഭിന്നതയുമില്ല. പുറത്തോട്ടിറങ്ങിയാല്‍ എനിക്കാരുമില്ല. നല്ലവരുടെയും പുണ്യവാന്മാരുടെയുമിടയില്‍ ഞാനൊറ്റപ്പെടും. പന്ത്രണ്ടു വര്‍ഷം അകത്തു കിടന്നിട്ടും ഒരാള്‍പോലും കാണാന്‍ വരാത്ത ഏക തടവുകാരന്‍ ഞാനായിരുന്നു. എന്‍റെ കൈപ്പുണ്യത്തെപ്പറ്റി ജയിലര്‍ സാര്‍ പറഞ്ഞു. വല്ലതും രുചിയായിട്ടുണ്ടാക്കാനെന്നെ പഠിപ്പിച്ചത് ഈ ജയിലില്‍ കിടന്നു മരിച്ച ‘കുമാരേട്ട’നാണ്. കുമാരേട്ടനെപ്പോലെ ഇവിടെവച്ചു മരിക്കാനായിരുന്നു എനിക്കാഗ്രഹം. പുറത്ത് ആരുമില്ലാത്ത ഒരുത്തനാ ഞാന്‍. ഇവിടന്നു പോകാനെനിക്കൊട്ടും ഇഷ്ടമില്ല… സത്യാ പറയുന്നെ… നെഞ്ചില്‍ തൊട്ടു പറയുകാ…” സുധീഷ് നില വിട്ടു പൊട്ടിക്കരഞ്ഞു. കൂട്ടുകാര്‍ അയാളെ കയ്യില്‍പ്പിടിച്ചും കെട്ടിപ്പുണര്‍ന്നുമൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇങ്ങനെയൊരു ചടങ്ങു വേണ്ടായിരുന്നെന്നുപോലും ജയിലര്‍ ദേവദത്തനു തോന്നിപ്പോയി.

“നമുക്കു പറച്ചില്‍ നിര്‍ത്താം. ഒരിക്കല്‍കൂടി ഒരുമിച്ചു ഭക്ഷണം കഴിക്കാം”- ദേവദത്തന്‍ പറഞ്ഞു.

“സാറേ, സുധീഷേട്ടന്‍ സ്പെഷലായിട്ടുണ്ടാക്കിയ പോത്തിറച്ചിക്കറീം മീന്‍മസാലേമൊക്കെയുണ്ട്”- ഭക്ഷണകാര്യങ്ങളുടെ ചുമതലക്കാരന്‍ സുബൈര്‍ സൂചിപ്പിച്ചു.

“എല്ലാം കഴിക്കാം. നമുക്കിന്ന് ഒന്നിനും കുറവു വരുത്തണ്ട” – ജയിലര്‍ പറഞ്ഞു.

തടവുകാര്‍ സ്റ്റീല്‍ പ്ലെയ്റ്റുകളുമെടുത്തു പതിവുപോലെ നിരയായി നിന്നു. സുബൈറും സുധീഷും ടൈഗര്‍ ജോസും ചേര്‍ന്നു ചൂടു ചോറും പോത്തിറച്ചി തേങ്ങാ കൊത്തിയിട്ട് ഉലര്‍ത്തിയതും ചിക്കന്‍കറിയും ഫിഷ് മസാലയും കാളനും അവിയലുമൊക്കെ വിളമ്പി. രുചികരമായ ആഹാരം തടവുകാര്‍ ആര്‍ത്തിയോടെ കഴിച്ചു. സുധീഷിനു പക്ഷേ, ഒരു പിടി ചോറുംപോലും കഴിക്കാന്‍ കഴിഞ്ഞില്ല.

അധികം വൈകാതെ സുധീഷിന് അവന്‍റെ വസ്ത്രങ്ങള്‍ തിരിച്ചു നല്കപ്പെട്ടു. പന്ത്രണ്ടു വര്‍ഷം മുമ്പു ജയിലിലേക്കു കയറിയപ്പോള്‍ ധരിച്ചിരുന്ന പാന്‍റും ഷര്‍ട്ടും! തന്‍റെ പഴയ ജീവിതത്തിന്‍റെ അവശേഷിപ്പ്. വിടുതലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. തടവുകാര്‍ ഓരോരുത്തരും വന്നു സുധീഷിനോടു യാത്ര പറഞ്ഞു. കുറ്റവാളികള്‍ക്കും കണ്ണിരുണ്ടെന്നും കരളലിവുണ്ടെന്നും വ്യക്തമാകുന്ന നിമിഷങ്ങള്‍!

ജയിലര്‍ ദേവദത്തന്‍ സുധീഷിനെ തന്‍റെ ക്യാബിനിലേക്കു കൂട്ടിക്കൊണ്ടുപോയി.

“നീ ആ കസേരയിലിരിക്ക്” – എതിരെയിട്ടിരുന്ന കസേര ചൂണ്ടി ദേവദത്തന്‍ പറഞ്ഞു.

സുധീഷ് ഇരിക്കാന്‍ മടിച്ചു.

“എടാ പറഞ്ഞതനുസരിക്ക്” – ജയിലര്‍ വീണ്ടും പറഞ്ഞു.

സുധീഷ് അദ്ദേഹത്തിനെതിരെ കസേരയില്‍ കടന്നിരുന്നു.

ചില മൗന നിമിഷങ്ങള്‍ അവര്‍ക്കിടയിലൂടെ കടന്നുപോയി. പിന്നെ ജയിലര്‍ പറഞ്ഞുതുടങ്ങി.

“സുധീഷ്, കൊലക്കുറ്റത്തിനു ജയിലില്‍ കിടന്നവര്‍ പുറത്തിറങ്ങുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ചിലരുടെയൊക്കെ മനസ്സുകളില്‍ പകയുടെ കനലുകള്‍ അണയാതെ നീറിക്കിടപ്പുണ്ടാകും. അതു കൂടാതെ നമ്മള്‍ അകത്തായതില്‍ സന്തോഷിക്കുന്നവര്‍ക്കും അസ്വസ്ഥതയുണ്ടാകും.”

സുധീഷിന് അതു കേട്ടു ഭയമല്ല, നിസ്സംഗതയാണുണ്ടായത്. താന്‍ കുറ്റവാളിയായി പിടിക്കപ്പെട്ട ആ ബുധനാഴ്ചയും അന്നത്തെ സംഭവങ്ങളും ഓര്‍മയില്‍ തെളിഞ്ഞു. സാന്ദ്രയുടെ ജഡം കിടന്നിരുന്ന റെയില്‍വേ ട്രാക്കില്‍ നിന്നും മണം പിടിച്ച പൊലീസ് നായ തന്‍റെ നേര്‍ക്കാണോടിയടുത്തത്. അതു ദേഹത്ത് അള്ളിപ്പിടിച്ചു കയറി.

ഉടനെതന്നെ അറസ്റ്റ് നടന്നു. തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടം തന്നെ പിച്ചിച്ചീന്തുമോ എന്നു ഭയപ്പെട്ടുപോയി. പൊലീസ് വളരെ ശ്രമപ്പെട്ടാണു തിരികെ ജീപ്പില്‍ കയറ്റിയത്. കൊല്ലപ്പെട്ട സാന്ദ്രയുടെ കാമുകന്‍ കത്തിയുമായി ചീറി വന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമര്‍ത്ഥമായി അവനെ കീഴ്പ്പെടുത്തി. എല്ലാമോര്‍ത്താല്‍ തനിക്കു വലിയ ഭീഷണികള്‍ മുമ്പിലുണ്ട്. പാറയ്ക്കല്‍ ‘സുധീഷ്’ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയെന്നു കേട്ടാല്‍ ഉന്നതരായ ചിലരും വിയര്‍ക്കും. അവരുടെ ഉറക്കം നഷ്ടപ്പെടും.

“എനിക്കു മോചനം കിട്ടാതിരിക്കുന്നതായിരുന്നല്ലേ സാര്‍, നല്ലത്?” – സുധീഷ് ചോദിച്ചു.

“സുധീഷ്, അങ്ങനെ കരുതരുത്. അല്പം ശ്രദ്ധിച്ചു ജീവിക്കണമെന്നേയുള്ളൂ. നിയമവും നീതിപീഠവും നിനക്കെതിരെ നിന്നെങ്കിലും സത്യം എനിക്കറിയാം” – ജയിലര്‍ പറഞ്ഞു.

“എന്ത്?”- സുധീഷ് അദ്ദേഹത്തെ മിഴിച്ചു നോക്കി.

“നിന്നെ സംബന്ധിച്ചതെല്ലാം ഇനി അതൊന്നും പറഞ്ഞിട്ടോ ഓര്‍മിപ്പിച്ചിട്ടോ ആര്‍ക്കും പ്രയോജനമില്ല. നീ ഇവിടത്തെ യാതനകളെല്ലാം അനുഭവിച്ചു തീര്‍ത്തു.”

സുധീഷ് നിമിഷങ്ങളോളം നിശ്ശബ്ദമായി ജയിലറെ ഉറ്റുനോക്കി നിന്നു. ഈ ഭൂമുഖത്തു ആരും തന്നെ മനസ്സിലാക്കിയിട്ടില്ലെന്നു കരുതിയിരുന്നു; ആ വിചാരം തെറ്റിയോ?

ജയിലര്‍ ദേവദത്തന്‍ സുധീഷിന്‍റെ ചുമലില്‍ വലതുകരമമര്‍ത്തി.

“മറ്റുള്ളവരുടെ പാപത്തിനു പ്രായശ്ചിത്തമായി കുരിശേറിയ ഒരു മഹാത്മാവേയുള്ളൂ; യേശുക്രിസ്തു. നീയും മറ്റൊരു ക്രിസ്തുവാണ്. എന്നെങ്കിലും ഒരു ഉയിര്‍പ്പുണ്ടാകും. ധൈര്യമായിട്ടു ശിഷ്ടകാലം ജീവിക്ക്” – ദേവദത്തന്‍ പറഞ്ഞു.

സുധീഷിന്‍റെ കണ്ണുകള്‍ നിറഞ്ഞുവന്നു. അവന്‍ വിതുമ്പി.

“സാര്‍… ഇപ്പോഴാണ് എന്‍റെ നെഞ്ചിലുണ്ടായിരുന്ന വലിയ ഒരു ഭാരം നീങ്ങിപ്പോയത്. എന്‍റെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍, എന്തിന് ഈ ലോകം മുഴുവന്‍ എന്നെ ഒരു കൊടും പാപിയായി കരുതി. ഒരാള്‍… ഒരാള്‍ മാത്രം… എങ്ങനെയോ എന്‍റെ സത്യമറിഞ്ഞല്ലോ. മതി എനിക്കതു മതി.

“സുധീഷ്, ഞാന്‍ വിളിപ്പിച്ചത് മറ്റൊരു പ്രധാന കാര്യം അറിയിക്കാനാണ്. നിന്‍റെ പഴയ മുതലാളി അഡ്വക്കേറ്റ് ജനറലായിരുന്ന സുരേഷ് മാത്യു ഇന്നു വളര്‍ന്നു കൊടുമുടിയിലെത്തിയിരിക്കുന്നു; കൊടുമുടിയുടെ അര്‍ത്ഥം പിടികിട്ടിയോ?”

“മനസ്സിലായി, സാര്‍. ഹൊ!!” – സുധീഷ് അതിശയിച്ചു നിന്നു.

“നീ പുറത്തിറങ്ങിയത് ആ “മഹാത്മാവി”ന്‍റെ ഉറക്കം കെടുത്തു.ം ജയിലിനകത്തുവച്ചുപോലും നിന്നെ വകവരുത്താന്‍ ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. നീ പോലുമറിയാതെ ഞാനാണതു തകര്‍ത്തത്. നാവിനു പൂട്ടിട്ടു മറ്റൊരു മനുഷ്യനായി ജീവിക്കുന്നതാകും നല്ലത്.”

സുധീഷ് വിരസമായി പുഞ്ചിരിച്ചു.

“പേടിയെനിക്കൊട്ടുമില്ല, സാര്‍. സ്നേഹിക്കാന്‍ ആരെങ്കിലുമുണ്ടെങ്കിലല്ലേ, മനുഷ്യനു ജീവിക്കാന്‍ കൊതി തോന്നുകയുള്ളൂ. തടവിലായിരുന്നെങ്കിലും ഇവിടെയെനിക്കു സ്നേഹിക്കാനാളുണ്ടായിരുന്നു. പുറത്ത് അങ്ങനെയൊരാള്‍പോലുമില്ല. എനിക്കു മരണം പൂര്‍ണമായ ഒരു മോചനം മാത്രമാണ്.”

“ഇനി എനിക്കൊന്നും പറയാനില്ല” – ജയിലര്‍ പറഞ്ഞു.

സുധീഷ് ജയിലര്‍ ദേവദത്തനു മുമ്പില്‍ കൈകള്‍ കൂപ്പി.

“സാര്‍… സാറെന്നെ മറക്കരുത്.”

“ഇല്ലെടാ… ഒരിക്കലുമില്ല.”ഇരുവരും ഗാഢാലിംഗനത്തിലമര്‍ന്നു. സ്നേഹം മിഴികളില്‍ ജലബിന്ദുക്കളായി.

ഗെയ്റ്റ് കീപ്പര്‍ ജയിലിന്‍റെ ഇരുമ്പുവാതില്‍ തുറന്നു. സുധീഷ് അതിലൂടെ പുറത്തേയ്ക്കിറങ്ങി. ചൂടില്‍ വെന്തു നീറി നില്ക്കുന്ന തലസ്ഥാനനഗരത്തെ അവന്‍ വെറുതെ നോക്കിനിന്നു. അഡ്വക്കേറ്റ് ജനറലിന്‍റെ ഡ്രൈവറായിരിക്കെ നഗരവീഥികളിലൂടെ എത്രയോ തവണ കടന്നുപോയിട്ടുണ്ട്. വര്‍ഷങ്ങള്‍ നഗരമുഖം വല്ലാതെ മിനുക്കിയിട്ടുണ്ട്. സുധീഷിനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു റോഡിനപ്പുറത്തു നിന്നിരുന്ന ചുരിദാര്‍കാരിയായ സുന്ദരി തിടുക്കത്തില്‍ മുമ്പിലെത്തി. ഇരുപത്തി രണ്ടോ ഇരുപത്തിമൂന്നോ വയസ്സ് പ്രായം തോന്നിക്കുന്ന അവള്‍ വലിയ കണ്ണട വച്ചിരുന്നു.

“ചേട്ടന്‍റെ പേര് സുധീഷെന്നല്ലേ?” – പെണ്‍കുട്ടി തിരക്കി.

“അതെ” – അയാള്‍ പറഞ്ഞു.

“ഞാന്‍ അഖിലാ ആനന്ദ്. മലയാളം ദേശം ഡെയ്ലിയുടെ റി പ്പോര്‍ട്ടറാണ്” – അഖില ഐ.ഡി. കാര്‍ഡ് അയാളെ കാണിച്ചു. സുധീഷിന് നേരിയ വിസ്മയവും ആകാംക്ഷയും തോന്നി.

“കുട്ടിക്ക് എന്നെ എങ്ങനെയറിയാം?” – സുധീഷ് ചോദിച്ചു.

“ചേട്ടനെക്കുറിച്ച് എനിക്കറിയാം. ഇന്നു പുറത്തിറങ്ങുമെന്നും മനസ്സിലാക്കിയിരുന്നു. പഴയ ഒരു ഫോട്ടോയും എനിക്കു കിട്ടിയിട്ടുണ്ട്. അതില്‍ ഇന്നത്തെപ്പോലെ താടിയില്ല; ക്ലീന്‍ ഷേവാണ്.”

“ഇതൊക്കെ എന്തുദ്ദേശിച്ചാ?”

“സുധീഷേട്ടാ, ഞാന്‍ കേരളത്തിലെ വിവിധ ജയിലുകള്‍ സന്ദര്‍ശിച്ച്, തടവുകാരെ കണ്ട് അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഞങ്ങളുടെ പത്രത്തില്‍ ഒരു പരമ്പര ചെയ്യുന്നുണ്ട്. വായനക്കാരെ ത്രില്ലടിപ്പിക്കാനോ പത്രത്തിന്‍റെ പ്രചാരം കൂട്ടാനോ വേണ്ടിയല്ലിത്. മറഞ്ഞുകിടക്കുന്ന ചില വലിയ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാനാണ്.”

“അങ്ങനെ എന്തെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞോ?”

“കഴിഞ്ഞു. നിഷ്കളങ്കരും നിരപരാധികളുമായ കുറേ പേര്‍ ജയിലിലുണ്ടെന്ന് എനിക്കു ബോദ്ധ്യമായി. കൊടും കൊലപാതകികളും അക്രമികളും പുറത്ത് ആഘോഷിച്ചു ജീവിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്.”

“അഖിലാ, ഇതൊന്നും ഒരു പുതിയ കാര്യമല്ല. കാലാകാലങ്ങളായി തുടരുന്നതാണ്. കുട്ടി പരമ്പര എഴുതിയതുകൊണ്ട് ഒരു നിരപരാധിയും രക്ഷപ്പെടാന്‍ പോകുന്നില്ല. അപരാധികള്‍ കുടുങ്ങാനും പോകുന്നില്ല. പത്രമുതലാളി ഇതുപോലുള്ള കണ്ടെത്തലുകള്‍ കയ്യിലുണ്ടെന്നു പറഞ്ഞു വമ്പന്‍മാരെ വിരട്ടി പണമുണ്ടാക്കും. കുട്ടിയെ, ഒരു ശല്യക്കാരിയായി കണ്ടു നാട്ടിലെ വൃത്തികെട്ടവന്മാര്‍ ചേര്‍ന്നു തട്ടിക്കളയുകയും ചെയ്യും. ചെറുപ്പമാണ്, സുന്ദരിയാണ്, കഴിവുള്ളവളാണ്. സത്യം തേടി നടക്കാതെ ജീവിക്കാന്‍ നോക്ക്.”

അഖില പുഞ്ചിരിച്ചു.

“സുധീഷേട്ടന്‍ ഇപ്പോള്‍ പറഞ്ഞതുപോല മറ്റു ചിലരും എന്നെ ഉപേശിച്ചിട്ടുണ്ട്. തുടങ്ങിവച്ചതില്‍ നിന്നു ഞാന്‍ പിന്മാറില്ല. ഒരു തെറ്റും ചെയ്യാതെ ജീവപര്യന്തം ശിക്ഷയനുഭവിച്ചു പുറത്തുവന്നയാള്‍ക്ക് ഒരു ചൂരും ചുണയുമില്ലല്ലോ. മരണത്തെ പേടിയായിരിക്കും. ചേട്ടന്‍റെ പകുതി പ്രായം മാത്രമുള്ള ഞാന്‍ ഒട്ടും ഭയക്കുന്നില്ല മരണത്തെ; മനുഷ്യന് അതൊരിക്കലുള്ളതാണ്.”

സുധീഷില്‍ ഒരു നടക്കമുണ്ടായി. താന്‍ നിരപരാധിയാണെന്ന് ഇവളെങ്ങനെ അറിഞ്ഞു? അയാള്‍ അവളെ ഉറ്റുനോക്കി.

“ഞാന്‍ തെറ്റു ചെയ്തില്ലെന്നു നീയെങ്ങനെ അറിഞ്ഞു? ഒരു ഇരുപതുകാരി പെണ്ണിനെ മൃഗീയമായി മാനഭംഗപ്പെടുത്തി ശ്വാസം മുട്ടിച്ചുകൊന്നു ശവം റെയില്‍വേ ട്രാക്കില്‍ കൊണ്ടുചെന്നിട്ടവനാ ഞാന്‍. എന്‍റെ മുമ്പില്‍ ഇങ്ങനെ നില്ക്കാന്‍ പോലും, അഖില നീ പേടിക്കണം.”

അഖില പരിഹാസ ഭാവത്തില്‍ പുഞ്ചിരിച്ചു.

“സുധീഷേട്ടന്‍ അത്രയ്ക്കൊന്നുമില്ലെന്ന് എനിക്കു കൃത്യമായിട്ടറിയാം. ഇപ്പോള്‍ പറഞ്ഞതില്‍ ഒരു ഭാഗം സത്യമാണ്. ശവം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു. അതും സ്വമനസ്സാലെയായിരുന്നില്ല. മുതലാളി തോക്കു ചൂണ്ടി പേടിപ്പിച്ചതു കൊണ്ട്, പ്രാണഭയംകൊണ്ട്!”

സുധീഷ് അന്തിച്ചുനിന്നു. എങ്ങനെയറിഞ്ഞു, ഇവളിതൊക്കെ?

“സുധീഷേട്ടാ, ചതിച്ചവരോട്, ജയിലിലടച്ചവരോട്, ജീവിതം നശിപ്പിച്ചവരോട് പകരം ചോദിക്കാന്‍ മുമ്പില്‍ പല വഴികളുമുണ്ട്. ഇത്തരക്കാരെ സമൂഹമദ്ധ്യത്തില്‍ കൊണ്ടുനിര്‍ത്തി കാപട്യത്തിന്‍റെ മുഖംമൂടി പറിച്ചെറിയേണ്ടതു സുധീഷേട്ടനുവേണ്ടി മാത്രമല്ല, നമ്മുടെ സമൂഹത്തിനുവേണ്ടിയാണ്. അതു ചെയ്തില്ലെങ്കില്‍ ഇവിടെ സാധാരണക്കാരെന്നൊരു വിഭാഗത്തിനു ജീവിക്കാനാവില്ല.”

തന്‍റെ മുമ്പില്‍ നില്ക്കുന്ന ഈ പെണ്ണു നിസ്സാരക്കാരിയല്ലെന്നു സുധീഷിനു തോന്നി. അവളുടെ കണ്ണുകളില്‍, വാക്കുകളില്‍ അഗ്നിയാണ്.

താന്‍ എല്ലാം നഷ്ടപ്പെട്ടവനാണ്. ഭാര്യയോടും മക്കളോടുമൊപ്പം സന്തോഷത്തോടെ ഇനിയൊരു ജീവിതമില്ല. സ്വന്തം ഗ്രാമത്തിനും അവിടെയുള്ളവര്‍ക്കും താനൊരപമാനമാണ്. തിരികെ ചെല്ലാതിരിക്കാനാവില്ല. ഇത്തിരി മണ്ണും കൊച്ചു വീടും സ്വന്തമായുള്ളത് അവിടെയാണ്. തന്‍റെ മുമ്പില്‍ വന്നുനിന്ന് ഉപദേശിക്കുകയും തര്‍ക്കിക്കുകയും വാശി കയറ്റുകയുമൊക്കെ ചെയ്യുന്ന ഈ പെണ്ണിനു മരിച്ചുപോയ ‘നവ്യ’മോളുടെ അതേ ഛായയും സ്വരവും ചിരിയുമാണല്ലോയെന്നു സുധീഷിനു തോന്നി.

“കുട്ടീ, കുട്ടിയെ ഞാന്‍ മോളെയെന്നൊന്നു വിളിച്ചോട്ടെ; ഒരു പ്രാവശ്യം മാത്രം”- സുധീഷ് ചോദിച്ചു.

“വിളിച്ചോളൂ; എത്ര തവണ വേണമെങ്കിലും” – അഖില പറഞ്ഞു.

“മോളേ, നമുക്ക് ഈ വര്‍ത്തമാനം ഇവിടെ നിര്‍ത്താം. ഞാന്‍ ജയിലീന്ന് ഇന്നിറങ്ങിയതേയുള്ളൂ. എങ്ങോട്ടുപോകും? എവിടെ താമസിക്കും എന്നൊന്നും ഒരു നിശ്ചയവുമില്ല. ഒരു കാര്യം ഞാന്‍ പറയാം. എന്നെ ഈ അവസ്ഥയിലെത്തിച്ചവന്‍ കുട്ടി കരുതുന്നതിലുമൊക്കെ വലിയ നിലയിലാണ്. അയാള്‍ വിമര്‍ശനങ്ങള്‍ക്കതീതനാണ്. കുറ്റം ചെയ്യാത്തവനെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞവന്‍ ഒട്ടും നിസ്സാരനല്ലല്ലോ” – സുധീഷ് പറഞ്ഞു.

അഖിലയ്ക്കു കുറ്റബോധം തോന്നി. അല്പനിമിഷങ്ങള്‍ക്കുമുമ്പു മാത്രം തടവില്‍ നിന്നു മോചിതനായ ഒരു മനുഷ്യന്‍റെ മാനസികാവസ്ഥയെപ്പറ്റി താന്‍ ചിന്തിച്ചില്ല. കണ്ടുമുട്ടിയതേ ഇന്‍റര്‍വ്യൂ നടത്താന്‍ തത്രപ്പെട്ടു. ഇയാളെ കുറ്റപ്പെടുത്തുകയും വാശികയറ്റുകയും ചെയ്തു; ചെയ്യരുതായിരുന്നു!

“സുധീഷേട്ടാ, ഞാന്‍ കുറേ ആക്രാന്തം കാട്ടി. സോറി കേട്ടോ. എന്‍റെ അഡ്രസ് കാര്‍ഡ് തന്നോട്ടെ” – അവള്‍ ചോദിച്ചു.

“അതിനെന്താ തന്നേക്ക്.”

അവള്‍ ബാഗില്‍ നിന്നെടുത്തു കൊടുത്ത അഡ്രസ് കാര്‍ഡ് അയാള്‍ താത്പര്യപൂര്‍വം വാങ്ങി പോക്കറ്റിലിട്ടു.

“സുധീഷേട്ടന് ഒരു മൊബൈലൊക്കെ ആകുമ്പം എന്നെ വിളിക്കണം. ഞാനെന്നെങ്കിലും നാട്ടിലേക്കു സുധീഷേട്ടനെ കാണാന്‍ വന്നെന്നുമിരിക്കും.”

“വന്നോളൂ കുട്ടി. നമുക്കു കാണാം, മിണ്ടാം” – സുധീഷ് അഖിലയോടു യാത്ര പറഞ്ഞു ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്കു നടന്നു. ഏഴെട്ടു മിനിറ്റുകൊണ്ടു സ്റ്റാന്‍റിലെത്തി. ചങ്ങനാശ്ശേരി വഴി കോട്ടയത്തേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാര്‍ട്ടായി കിടക്കുന്നു. അയാള്‍ അതില്‍ കയറിക്കൂടി. ആളുകള്‍ കുറവായിരുന്നു. സൈഡ്സീറ്റ് തന്നെ കിട്ടി. സുധീഷ് പിറകോട്ട് ചാരിയിരുന്നു. മനസ്സിലേക്കു പലവിധ ചിന്തകള്‍ പാറി വന്നു. തന്‍റെ പൊന്നോമനയായിരുന്നു നവ്യമോള്‍! വെറും ഏഴാമത്തെ വയസ്സില്‍ അവള്‍ ലോകം വിട്ടുപോയി. വലിയ സങ്കടമുണ്ടെങ്കിലും ആ മരണം നന്നായെന്നും ഒരുവേള സുധീഷ് ചിന്തിച്ചു. ഒരു കൊലപാതകിയുടെ, പീഡകന്‍റെ മകളായി വളര്‍ന്നുവലുതാകുമ്പോള്‍ അവള്‍ എന്തെല്ലാം കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുമായിരുന്നു. അച്ഛനെ ഏറ്റവും വെറുക്കുമായിരുന്നു, ശപിക്കുമായിരുന്നു. ഒന്നും വേണ്ടിവന്നില്ലല്ലോ.” തന്‍റെ വീട്ടിലിപ്പോള്‍ ആരൊക്കെ, എന്തൊക്കെയെന്നറിയില്ല. എന്തായാലും ഭാര്യയ്ക്കും മകനും താന്‍ ചെല്ലുന്നത് ഇഷ്ടമായിരിക്കില്ല.

വൈകുന്നേരം അഞ്ചു മണിയോടെ സുധീഷ് ഗ്രാമത്തില്‍ ബസ്സിറങ്ങി. വഴിയരുകില്‍നിന്ന് അവന്‍ ചുറ്റും നോക്കി. തന്‍റെ ഗ്രാമമിപ്പോള്‍ ഒരു ചെറുപട്ടണമായിരിക്കുന്നു! റോഡിനിരുപുറവുമുള്ള നെല്‍ പ്പാടം കാണാനില്ല. അതു നികത്തി കെട്ടിടങ്ങള്‍ തീര്‍ത്തിരിക്കുകയാണ്. ബസ് സ്റ്റോപ്പിലെ കൂറ്റന്‍ ആല്‍മരം മരണമില്ലാതെ നില്പുണ്ട്. ശിവരാമന്‍റെ ചായക്കടയും വീടും ചേര്‍ന്നതിന് ഒരു മാറ്റവുമില്ല. സുധീഷ് മെല്ലെ നടന്നു ചായക്കടയിലേക്കു കയറി. പണപ്പെട്ടിരിക്കരികെ കസേരയിലിരുന്ന ശിവരാമന്‍ അവനെ സൂക്ഷിച്ചുനോക്കി. മുഖത്തു ഭാവമാറ്റമുണ്ടായി.

“നീ… നീ, സുധീഷല്ലേ?” – അറുപത്തഞ്ചുകാരനായ ശിവരാമന്‍ ചോദിച്ചു.

“അതെ” – അവന്‍ പറഞ്ഞു.

“പരോളിലിറങ്ങിയോ?”

“അല്ല, ശിക്ഷ തീര്‍ന്നു.”

“ഹൊ! വര്‍ഷങ്ങള്‍ എത്ര പെട്ടെന്നു പോയി. പതിന്നാലു വര്‍ഷം അല്ലേ?”

“പന്ത്രണ്ടേ ഉണ്ടായിരുന്നുള്ളൂ.”

ശിവരാമന്‍ സുധീഷിനെ അടിമുടി നോക്കി. അവന്‍ ബെഞ്ചില്‍ കടന്നിരുന്നു.

“ഒരു ചായ വേണം; കടുപ്പത്തില്‍” – സുധീഷ് പറഞ്ഞു.

ശിവരാമന്‍ കസേരയില്‍ നിന്നെഴുന്നേറ്റു ചായയെടുക്കാനായി പോയി. അയാളുടെ ഭാര്യ സരോജം അടുക്കളവാതിലിലൂടെ സുധീഷിനെ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.

(തുടരും)

Leave a Comment

*
*