|^| Home -> Novel -> Novel -> ന്യായാധിപന്‍ – 11

ന്യായാധിപന്‍ – 11

Sathyadeepam

ജോര്‍ജ് പുളിങ്കാട്

വെളുപ്പിന് ആറു മണിക്കാണു സുധീഷിന്‍റെ ഫോണിലേക്ക് അഖിലയുടെ കോള്‍ വന്നത്. അവനപ്പോള്‍ ശിവരാമന്‍റെ ചായക്കടയില്‍ തിരക്കിട്ട പണികളിലായിരുന്നു. ഫോണെടുത്ത് അല്പം മാറിനിന്ന് ഓണാക്കി.

“ഹലോ… അതെ, അഖിലാ.”

“എന്നെ മനസ്സിലായോ?”

“ങും. അഖിലയല്ലേ?”

“അതെ. ഇയാളെന്തൊരു മനുഷ്യനാ? ഒന്നാന്തരമൊരു ഫോണൊക്കെ വാങ്ങിത്തന്നിട്ടു ഒന്നു വിളിച്ചില്ലല്ലോ ഇതുവരെ.”

“അത്… എനിക്കു പ്രത്യേക വിശേഷമൊന്നുമില്ലാഞ്ഞിട്ടാ.”

“സുധീഷേട്ടാ, ഇക്കാണാവുന്ന മനുഷ്യരൊക്കെ ചെവീന്നെടുക്കാതെ ഇതു വിളിച്ചോണ്ടിരിക്കുന്നതു പ്രത്യേക വിശേഷം പറയാനൊന്നുമല്ലല്ലോ? എന്നെ സുധീഷേട്ടന്‍ ഒരു പെങ്ങളായിട്ടല്ലേ കാണുന്നേ? പെങ്ങളെ ആഴ്ചയില്‍ ഒരു തവണയെങ്കിലുമൊന്നു വിളിച്ചുകൂടേ?”

“ഇനി വിളിക്കാം. അഖിലയ്ക്ക് എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?”

“ഞാന്‍ വിളിച്ചപ്പോഴല്ലേ, ഇതു ചോദിക്കുന്നേ? പറയുന്നില്ല. പെണക്കമാ.”

“പെണങ്ങാതെ, ഞാനൊരു പാവമല്ലേ?”

“കരുതിയതുപോലെ അത്ര പാവമൊനനുമല്ല. പാവമായിരുന്നെങ്കില്‍ ആ മുന്‍ ജസ്റ്റീസ് ഭാസുരചന്ദ്രവര്‍മയെ ഒന്നു ചെന്നു കാണില്ലായിരുന്നോ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു സുധീഷേട്ടനെ കാണണമെന്ന്.”

“ഞാന്‍ പോകാം; ചെന്നു കാണാം.”

“ഇനി വേണ്ട. അങ്ങേരു പോയി. സുധീഷേട്ടന്‍ പത്രങ്ങളൊന്നും കാണാറില്ലേ?”

“പത്രം കാണാറുണ്ട്. ആ വാര്‍ത്ത കണ്ടില്ല. അങ്ങനെ വിശദമായിട്ടൊന്നും പത്രം വായിക്കാറുമില്ല ഞാന്‍.”

“ഹൊ! ഒരു തരത്തില്‍ ചിന്തിച്ചാല്‍ ഞാനാ മനുഷ്യനെ ചെന്നു കാണേണ്ടതായിരുന്നു. പ്രമാദമായ ഒരു കൊലക്കേസില്‍ പന്ത്രണ്ടു വര്‍ഷം കഠിനതടവു കുറഞ്ഞ ശിക്ഷയാ. വധശിക്ഷ വിധിച്ചില്ലല്ലോ അദ്ദേഹം.”

“ഇനിയിപ്പം അതൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. ഭാര്യയോ മക്കളോ ബന്ധുക്കളോ അന്ത്യകാലത്ത് അദ്ദേഹത്തെ നോക്കാനുണ്ടായിരുന്നില്ല. പരിചാരികയുടെ പരിചരണത്തില്‍ മരിച്ചു! സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പോലും ഭാര്യയും മക്കളുമെത്താത്ത ഹതഭാഗ്യനായിപ്പോയി ആ ന്യായാധിപന്‍.”

“അത്രയും ദയനീയ അവസ്ഥയിലാണദ്ദേഹമെന്നു ഞാനൊരിക്കലും കരുതിയില്ല. തരാവുന്നതില്‍ ചെറിയ ശിക്ഷയാണെനിക്കു തന്നത്.”

“സുധീഷേട്ടന്‍റെ കാര്യം ഞങ്ങളോടദ്ദേഹം പറഞ്ഞു. നിരപരാധിയാണെന്ന് അദ്ദേഹത്തിനു വ്യക്തമായിരുന്നു. പക്ഷേ, തെളിവുകളും വാദമുഖങ്ങളുമെല്ലാം സുധീഷേട്ടനെതിരായി. മേല്‍ക്കോടതിയില്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷേ, സുധീഷേട്ടനു ശിക്ഷയില്‍ നിന്നൊഴിവായി പോരാമായിരുന്നു. അത്തരത്തിലുള്ള സാദ്ധ്യതകള്‍ വിധിയില്‍ അദ്ദേഹം കരുതിവച്ചിരുന്നതുമാണ്.”

“അങ്ങനെ അദ്ദേഹം പറഞ്ഞോ?”

“പറഞ്ഞു.”

“പുറത്ത് എനിക്കാരുമില്ലാതായിപ്പോയി. എന്നെ കുടുക്കിയയാള്‍ അതു ചെയ്യേണ്ടതായിരുന്നു. ചെയ്തില്ലെന്നു മാത്രമല്ല എന്നെ ഇല്ലാതാക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.”

“പിന്നെയെന്തങ്കിലുമുണ്ടായോ?”

“ഫോണില്‍കൂടെ അതൊന്നും പറയാന്‍ പറ്റില്ല. ഞാനിപ്പോഴൊരു ചായക്കടപ്പണിയിലാ.”

“വിളിച്ചത് ഒരു കാര്യം അറിയിക്കാനായിരുന്നു. പെട്ടെന്നു വിഷയം പറഞ്ഞു വയ്ക്കാം. തലസ്ഥാനത്തെ ഒരു വന്‍കിട ഹോട്ടലില്‍ കുക്കായി ഒരു ജോലി പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. നല്ല ശമ്പളം തരും. ആരുമറിയാതെ കഴിയാം. സുരക്ഷിതത്വമുണ്ട്.

“അത്… അത് വേണ്ട അഖിലാ. വലിയ ഹോട്ടലിലെ കിച്ചന്‍ മറ്റൊരു തടവറയാണ്. വെളിച്ചത്തില്‍ ജീവിച്ചു കൊതി പോയില്ല എനിക്ക്.”

“അപ്പോള്‍ അതു വേണ്ടെന്നു പറയട്ടേ?”

“പറഞ്ഞോളൂ; ഇവിടെ എനിക്കു വലിയ പ്രയാസങ്ങളൊന്നുമില്ല. ഞാന്‍ പിന്നെ വിളിക്കാം. കടയില്‍ കുറച്ചു പണിയുണ്ട്.”

“ശരി” – അഖില ഫോണ്‍ കട്ടാക്കി.

അഖില വേഗം ചായക്കടപ്പണികളിലേക്കു മടങ്ങി.

സൗകര്യങ്ങള്‍ പരിമിതമാണെങ്കില്‍പ്പോലും ഇന്നിപ്പോള്‍ ജംഗ്ഷനില്‍ ഏറ്റവുംകൂടുതല്‍ പിരിവുള്ള ചായക്കട ശിവരാമന്‍റേതാണ്. അവിടെയുണ്ടാക്കുന്ന അപ്പവും മുട്ടറോസ്റ്റും പൊറോട്ടയും ഇറച്ചിക്കറിയും ദോശയും ഇഡ്ഡലിയുമൊക്കെ കഴിക്കാന്‍ ആളുകള്‍ ഇടിച്ചുനില്ക്കുന്നു. നല്ല രീതിയില്‍ പാഴ്സലുകളും പോകുന്നുണ്ട്. രാവിലെ എട്ടര വരെ തിരക്കോടുതിരക്കാണു കടയില്‍. നാട്ടുകാര്‍ക്കു സുധീഷിപ്പോള്‍ രുചിയുടെ തമ്പുരാനാണ്. കെട്ടിടത്തിന്‍റെയും സജ്ജീകരണങ്ങളുടെയും കാര്യത്തില്‍ മികച്ച നിലവാരത്തിലുള്ള രണ്ടു ഹോട്ടലുകള്‍ അവിടെയുണ്ട്. പരസ്പരം മത്സരിച്ചു പ്രവര്‍ത്തിച്ചിരുന്ന അവര്‍ക്കിപ്പോള്‍ കച്ചവടം കുറഞ്ഞിരിക്കുന്നു. ഹോട്ടലുടമയായ വലിയപറമ്പില്‍ ചാക്കോച്ചന്‍, സുധീഷിനെ തന്‍റെ സ്ഥാപനത്തിലേക്കു മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. അതോടെ അയാള്‍ എങ്ങനെയും ശിവരാമന്‍റെ ‘കുതിപ്പ്’ തടയാന്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു.

ഒമ്പതരയായപ്പോഴാണ് ശിവരാമനും സുധീഷും എന്തെങ്കിലും കഴിക്കാനായി ബെഞ്ചില്‍ വന്നിരുന്നത്. സരോജം ശിവരാമന് അപ്പവും മുട്ടക്കറിയും സുധീഷിനു പൊറോട്ടയും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. സരോജം സ്റ്റീല്‍ പ്ലേറ്റില്‍ രണ്ടു ദോശയുമെടുത്തു കഴിക്കാനിരുന്നു.

“രാവിലെ ആരായിരുന്നെടാ നിന്നെ വിളിച്ചത്?”- ശിവരാമേട്ടന്‍ തിരക്കി.

“അത്… അതൊരാളാ ശിവരാമേട്ടാ” – സുധീഷ് പറഞ്ഞു.

“പറയാന്‍ വയ്യാത്ത കക്ഷികളാരെങ്കിലുമാണോ?”

“ഒന്നുമല്ല; അഖില ആനന്ദ്. പത്രത്തിലെ ഒരു പെണ്‍കുട്ടിയാ.”

“മൊബൈലൊക്കെത്തന്നാ ആ കുട്ടിയാ?”

“അതെ.”

“നിങ്ങള് തമ്മില്‍ ഇഷ്ടമാണോടാ?”

“ഛെ! പറയാതങ്ങനെ. ഞാന്‍ പത്തുനാല്പത്തഞ്ചു വയസ്സായ തൈക്കെളവന്‍. ആ കുട്ടിക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ കാണും. വലിയ നെലേലുള്ള കുട്ടിയാ.”

“എന്തായാലും നിന്നെയാ കൊച്ചിനിഷ്ടമാ. അല്ലെങ്കില്‍ തിരുവനന്തപുരത്തുനിന്ന് ഇവിടെ തിരക്കിപ്പിടിച്ചു വന്നു നിന്നെ കാണുമോ; മൊബൈല്‍ വാങ്ങിച്ചു തരുമോ?”

സരോജം അവരുടെ സംസാരം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കാ വര്‍ത്തമാനത്തില്‍ കൗതുകം തോന്നി.

“ശിവരാമേട്ടാ, അഖിലയ്ക്ക് എന്‍റെ നിരപരാധിത്വം അറിയാം. തെറ്റു ചെയ്യാതെ പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടന്നയാളോടു തോന്നിയ ഒരു സഹതാപം. അതാ അവള്‍ക്കുള്ളത്. പിന്നെ ആ കുട്ടി ‘സാന്ദ്രാവധ’ക്കേസുമായി ബന്ധപ്പെട്ട ചില അന്വേഷണങ്ങളൊക്കെ നടത്തുന്നുണ്ടെന്നു തോന്നുന്നു. കാണുമ്പോഴെല്ലാം എന്നോടോരോന്നു കിള്ളിക്കിഴിഞ്ഞു ചോദിക്കാറുണ്ട്.”

“ഇനിയാ പെണ്ണ് എന്തന്വേഷിക്കാനാ?’

“എഴുത്തുകാര്‍ക്ക് എത്ര വര്‍ഷം കഴിഞ്ഞാലും ഇതുപോലുള്ള സംഭവങ്ങള്‍ മുതലാക്കാന്‍ പറ്റും. ‘പാലരിമാണിക്യം – ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ; നോവലു വന്നു. പിന്നെ സിനിമ വന്നു. രണ്ടും ആളുകള്‍ക്കിഷ്ടപ്പെട്ടു. അതുപോലെ സാന്ദ്രാ കൊലക്കേസും ഒരു കഥയോ നോവലോ ആയേക്കും; ഞാനൊരു കഥാപാത്രവും.”

“നീയായിരിക്കില്ലേ സംഭവത്തിലെ വില്ലന്‍?”

“എന്നെ ആ കുട്ടി വില്ലനാക്കില്ല, ശിവരാമേട്ടാ. അവള്‍ക്ക് എല്ലാമറിയാം. അവളുടെ അച്ഛന്‍ എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്.”

“ഹോട്ടലുപണി തടവുപോലെയാണെന്നൊക്കെ നീ പറയുന്നതു കേട്ടല്ലോ?”

“അത്… ആ കുട്ടി ഒരു വലിയ ഹോട്ടലില്‍ കുക്കായിട്ടൊരു പണി പറഞ്ഞുവച്ചിട്ടുണ്ടെന്നറിയിച്ചതാ.”

“അങ്ങനെയൊന്നു കിട്ടിയാല്‍ നല്ല ശമ്പളം കിട്ടില്ലേ? വിടണ്ടായിരുന്നു” – ശിവരാമന്‍ പറഞ്ഞു.

“ശിവരാമേട്ടനും ചേച്ചിയും എന്നെ മടുത്തോ?”-സുധീഷ് പ്രത്യേക ഭാവത്തില്‍ അയാളെ നോക്കി.”

“പൊന്നുമോനെ അങ്ങനെ പറയാതെ. നീ രക്ഷപ്പെടട്ടേന്നു കരുതി പറഞ്ഞതല്ലേ? എനിക്കു നീ വന്നതില്‍പ്പിന്നെ ഒന്നുമറിയണ്ട. എല്ലാം ‘പൊടിപ്പ’നായിട്ടു പോകുന്നുണ്ട്. പണപ്പെട്ടീല്‍ പണം നിറയുന്നുണ്ട്. മറ്റുള്ള കടക്കാര്‍ക്കെല്ലാം ഞാനിപ്പഴൊരു നോട്ടപ്പുള്ളിയാ. നീ പോയാല്‍ എല്ലാം പഴയപടിയിലേക്കു പോകും. എന്നു കരുതി, നെനക്കൊരു നന്മയുണ്ടാകുന്നതിനു ഞാനെതിരു നില്ക്കില്ലെടാ.”

“ശിവരാമേട്ടന്‍ എനിക്കു ദിവസം എണ്ണൂറു രൂപാവച്ചു തരുന്നുണ്ട്. ചെലവു കഴിഞ്ഞ് കിട്ടുന്ന കാശാ. എന്‍റെ ജീവിതത്തിനതു ധാരാളം മതി. നമ്മള് ഒരു കുടുംബംപോലെ ജീവിക്കുകാ. അതിന്‍റെയൊരു സന്തോഷം വലുതാ. വീട്ടില്‍ ചെല്ലുമ്പഴത്തെ ഒറ്റയ്ക്കുള്ള ഇരിപ്പാ വലിയ കഷ്ടം. പഴയ കാര്യങ്ങളൊക്കെ ഓര്‍ത്തങ്ങനെയിരിക്കും.”

“ഒരു ടി.വി. വാങ്ങിച്ചുവയ്ക്കടാ. അതു കണ്ടോണ്ടിരുന്നാല്‍ നേരമ്പോക്കുണ്ടാകുകേലേ?”

“അതൊന്നും വേണ്ട ശിവരാമേട്ടാ. ഒരു ഓട്ടോ വാങ്ങിച്ചു കവലേലിട്ടോടിച്ചാലോ എന്നൊരാലോ ചനയുണ്ട്. പുത്തന്‍ വാങ്ങണമെങ്കില്‍ ഒന്നേകാല്‍ ലക്ഷമെങ്കിലും വേണം.”

“വീടിരിക്കുന്ന 10 സെന്‍റ് സ്ഥലമില്ലേ? അത് ഈടുവച്ച് ഏതെങ്കിലും ബാങ്കീന്നു കുറച്ചു ലോണെടുക്കാം. പിന്നെ തവണയായിട്ടു വര്‍ഷങ്ങള്‍കൊണ്ട് അടച്ചുതീര്‍ത്താല്‍ പോരേ?’

“ആ കാര്യം ഞാനാലോചിക്കാഞ്ഞിട്ടല്ല. വീടിന്‍റെ ആധാരം അരിച്ചുപെറുക്കി തപ്പീട്ടും കണ്ടില്ല. പിന്നെന്തു ചെയ്യും?”
ശിവരാമന്‍ ആലോചനാഭാവത്തിലിരുന്നു.

“മിക്കവാറും അതെവിടെയെങ്കിലും പണയത്തിലായിരിക്കുമെടാ.”

“അതിനു നല്ല സാദ്ധ്യതയുണ്ട്. പണയം വച്ചിരിക്കുന്നതു വല്ല ബ്ലേഡുകാരനുമാണെങ്കില്‍ അവന്‍ വന്ന് എന്നെ വീട്ടീന്നു ഇറക്കിവിടുമോന്നാ പേടി.”

“ഇറക്കിവിട്ടാല്‍ നമുക്കിവിടെ കഴിയാം. അതിനാരുടേം ശീട്ടു വേണ്ടല്ലോ” – ശിവരാമന്‍ പറഞ്ഞു.

“ശിവരാമേട്ടാ, ഇവനു വയസ്സ് നാല്പത്തിനാലേയുള്ളൂ. നമ്മള്‍ക്ക് എവിടെയെങ്കിലും ആലോചിച്ച് ഒരു പെണ്ണിനെ കണ്ടുപിടിച്ചു കെട്ടിക്കണം. അവനിനിയെങ്കിലും ഒരു നല്ല ജീവിതമുണ്ടാകട്ടെ” – സരോജം ഇടപെട്ടു പറഞ്ഞു.

“ഞാനും അക്കാര്യം മനസ്സിലോര്‍ത്തതാ; പറഞ്ഞില്ലെന്നേയുള്ളൂ.”

“മനസ്സിലോര്‍ത്തിട്ടു കാര്യമില്ല. ആരോടെങ്കിലും പറയണം. കുറച്ചു പ്രായമായി കെട്ടിക്കാതെ നില്ക്കുന്നതോ കെട്ടിയോന്‍ മരിച്ചതോ എന്തെങ്കിലുമാകട്ടെ”-സരോജം അഭിപ്രായപ്പെട്ടു.

“സരോജേച്ചി, സ്നേഹംകൊണ്ട് ഇതു പറഞ്ഞതാ. നടക്കുന്ന കാര്യമല്ല. കൊലക്കുറ്റത്തിനു പീഡനക്കുറ്റത്തിനും ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയവനെ കെട്ടാന്‍ ഒരു പെണ്ണും തയ്യാറാകുകേല. ആലോചനയുമായിട്ടു ചെല്ലുന്നവനെ ആട്ടിയോടിക്കും”-സുധീഷ് പറഞ്ഞു.

“അങ്ങനെ തീര്‍ത്തു പറയാതെടാ. നമ്മള്‍ കാര്യങ്ങള്‍ ശരിക്കു പറഞ്ഞു മനസ്സിലാക്കിയാല്‍ സമ്മതിക്കുന്ന പെണ്ണുങ്ങളൊക്കെയുണ്ട്. ഞാനൊന്നു നോക്കട്ടെ” – ശിവരാമന്‍ പറഞ്ഞു.

“എന്‍റെ ശിവരാമട്ടാ വെറുതെ അത്തരം പൊല്ലാപ്പിനൊന്നും പോകണ്ട. എന്തെങ്കിലും ഗുരുതരമായ കുഴപ്പങ്ങളുള്ള പെണ്ണല്ലാതെ, ചൊവ്വൊള്ള ഒരെണ്ണവും എന്നെ സമ്മതിക്കുകേല. കെട്ടിയവനെ കാമുകനോടൊപ്പം ചേര്‍ന്നു വെട്ടികൊലപ്പെടുത്തിയ പെണ്ണുങ്ങളൊക്കെ ജയിലിലുണ്ട്. അത്തരം ജാതികള്‍ പുറത്തുവന്നു നില്ക്കുന്നുണ്ടെങ്കില്‍ സമ്മതിക്കും. പിന്നെ അതിനെക്കൊണ്ടുള്ള സകല ശല്യവും ഞാനനുഭവിക്കേണ്ടിവരും. ഒറ്റയ്ക്ക്, ഉള്ള സമാധാനത്തോടെ ജീവിച്ചാ മതിയെനിക്ക്.”

“നിന്‍റെയിഷ്ടം അങ്ങനെയാണെങ്കില്‍ ആയിക്കോ” – ശിവരാമന്‍ വിഷയം വിട്ടു .

സുധീഷ് അധികം വൈകാതെ വീട്ടിലേക്കു മടങ്ങി. അവന്‍ വീട്ടിലേക്കു കയറിച്ചെന്നപ്പോള്‍ ഇറയത്തു ചെറുകര സണ്ണി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയല്‍ക്കാരനും സുധീഷിന്‍റെ സഹപാഠിയുമാണു സണ്ണി.

“സണ്ണീ, നീയെപ്പഴെത്തി?”-സുധീഷ് ചോദിച്ചു.

“ഞാനിവിടെ വന്നിരിപ്പു തുടങ്ങിയിട്ട് അര മണിക്കൂറായി. നീയെന്താ ഇത്രയും വൈകിയേ?”

“കടേല് രാവിലെയൊരു തെരക്കേയുള്ളൂ. അതു കഴിഞ്ഞപ്പം ശിവരാമേട്ടുമായി കുറേനേരം വര്‍ത്തമാനം പറഞ്ഞിരുന്നു.”

“ശിവരാമേട്ടന്‍ കേറിയടിക്കുകയാണല്ലോ? ആളെല്ലാമിപ്പം അവിടെയല്ലേ? നീ ജയിലീന്നു പഠിച്ചതൊക്കെ ഇവിടെ പ്രയോഗിക്കുകാ അല്ലേ?”

“ജീവിച്ചുപോകണ്ടേടാ. ഇന്നു നെനക്ക് ഓട്ടമൊന്നുമില്ലേ?”

“രണ്ടു ദിവസമായിട്ടു കാറു വര്‍ക്ക്ഷോപ്പിലാ. ഇന്നു വൈകീട്ട് കിട്ടും. പിന്നെ സുധീഷേ, ഞാനിപ്പം വന്നതു നിന്നോടൊരു പ്രധാന കാര്യം പറയാനാ.”

“പറയെടാ.”

“കേള്‍ക്കുമ്പം നെനക്കു വിഷമം വരും.”

“എടാ, വിഷമമോ, മാനക്കേടോ വേദനയോ പട്ടിണിയോ ഇടിയോ കുത്തോ മരണമോ ഒന്നും എനിക്കു പേടിയുള്ള കാര്യമല്ല. ഒത്തിരി വലിച്ചുനീട്ടാതെ നീ കാര്യം പറയ്.”

“ഞാനിന്നു സഹകരണ ബാങ്കില്‍ ചെന്നപ്പം സെക്രട്ടറി എന്നോടൊരു കാര്യം പറഞ്ഞു. നിന്‍റെയീ വീടും ഏഴു സെന്‍റ് സ്ഥലവും ബാങ്കിന്‍റെ പേരിലാ ഇപ്പം. സ്ഥലം സുലേഖയുട പേരിലല്ലായിരുന്നോ? അവളതു വച്ചു നാലു ലക്ഷം രൂപായെടുത്തിരുന്നു. പത്തു രൂപാപോലും തിരിച്ചടച്ചിട്ടില്ല. ഇപ്പം മൊതലും പലിശയും എല്ലാംകൂടി എട്ടുലക്ഷത്തോളം ബാദ്ധ്യതയുണ്ട്. ബാങ്ക് നോട്ടീസയച്ചതിനൊന്നും മറുപടിയില്ല. ഒടുവില്‍ വീടും സ്ഥലവും അവരു ജപ്തി ചെയ്തു. ലേലം ചെയ്തിട്ട് ആരും വാങ്ങാനെത്താത്തതു കാരണം ബാങ്കിന്‍റെ ആസ്തിയാക്കി. നീയിവിടെ താമസമായ കാര്യമൊന്നും ബാങ്കുകാര്‍ അറിഞ്ഞിട്ടില്ലായിരുന്നു. ഈയിടെ ആരോ വിവരമറിയിച്ചു. അവരു നിന്നെ ഇറക്കിവിടാന്‍ വരും. നേരത്തെ ഒന്നു പറഞ്ഞുവച്ചേക്കാന്‍ പ്രസിഡന്‍റും സെക്രട്ടറിയും എന്നോടു പറഞ്ഞു. “പിന്നെ അവര്‍ക്ക് അല്പം പേടിയുമുണ്ട്” – സണ്ണി പറഞ്ഞു.

“വരട്ടെ ബാങ്കുകാര്. അതുവരെ ജീവിക്കാമല്ലോ ഇവിടെ” – സുധീഷ് പറഞ്ഞു.

“പിന്നെ നീയെവിടെ പോകും?”

“ഞാനൊറ്റയ്ക്കല്ലേ സണ്ണീ; എവിടെയങ്കിലുമൊക്കെ സ്ഥലം കിട്ടും.”

“കെട്ടിയവളുടെ പേരില്‍ സ്ഥലമെഴുതി വാങ്ങിയതാണെനിക്കു പറ്റിയ അബദ്ധം.”

“എനിക്ക് എന്നും അബദ്ധങ്ങളേ പറ്റീട്ടുളളൂ; ഞാന്‍ തന്നെ ഒരബദ്ധമാ സണ്ണീ.”

“അനീഷിനു സൗദിയില്‍ പോകാന്‍ വേണ്ടിയെടുത്ത ലോണാണെന്നാ അറിഞ്ഞത്. അവന്‍ പിന്നെ ഒരിക്കലും നാട്ടിലേക്കു വന്നിട്ടില്ലല്ലോ. എവിടെയാ, എന്താന്ന് ആര്‍ക്കും ഒരറിവുമില്ല”- സണ്ണി പ റഞ്ഞു.

“സുലേഖയുടെ പേരില്‍ വസ്തു വാങ്ങിയതുകൊണ്ട് അന്നതു പണയം വയ്ക്കാനെങ്കിലും പറ്റി. മകന് അപ്പനെക്കൊണ്ട് അങ്ങനെയെങ്കിലും ഒരുപകാരം കിട്ടിയല്ലോ.”

സണ്ണി തല കുനിച്ചിരുന്നു.

അപ്പോള്‍ വീടിനെതിരെയുള്ള മെയിന്‍ റോഡരുകില്‍ ഒരു കറുത്ത സ്കോഡ കാര്‍ വന്നുനിന്നു. അതില്‍ നിന്നും ഒത്ത ഉയരവും തടിയുമുള്ള പ്രൗഢയായ അമ്പതുകാരി പുറത്തിറങ്ങി. അവര്‍ സുധീഷിന്‍റെ വീടിനു നേര്‍ക്കു നടന്നു വന്നു.

(തുടരും)

Leave a Comment

*
*