ന്യായാധിപന്‍ – 12

ന്യായാധിപന്‍ – 12

ജോര്‍ജ് പുളിങ്കാട്

സുധീഷിന്‍റെ വീട്ടുമുറ്റത്തിനടുത്തെത്തിയപ്പോള്‍ ഡോ. ആന്‍ മേരി ഒന്നു മടിച്ചുനിന്നു. തന്‍റെ ഭര്‍ത്താവു ചെയ്ത മഹാപരാധം നിമിത്തം കഠിനയാതനകള്‍ അനുഭവിച്ച മനുഷ്യനെ കാണാനുള്ള വരവാണ്! പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടന്ന അവന്‍ ഡ്രൈവിംഗ് പണി കൊടുത്തവന്‍റെ വാക്കനുസരിച്ചു എന്ന കുറ്റമേ ചെയ്തിട്ടുള്ളൂ. കുറ്റവാളി മഹത്ത്വത്തിന്‍റെ കൊടുമുടിയില്‍ വിരാജിക്കുമ്പോള്‍ അവനു ജീവിതംതന്നെ നഷ്ടപ്പെട്ടു. മകള്‍ മരിച്ചപ്പോള്‍ വന്നു കാണാന്‍ പോലും അവനു കഴിഞ്ഞില്ല. ഭാര്യ അന്യഒരുത്തന്‍റെ കൂടെപ്പോയി. മകനും നാടുവിട്ടു. പീഡകനും കൊലയാളിയുമെന്ന മുദ്രയുമായി പുറത്തുവന്ന അവനെ സമൂഹം അറപ്പോടെയും വെറുപ്പോടെയുമായിരിക്കും കാണുന്നത്. പകകൊണ്ടു കത്തിക്കാളുകയായിരിക്കും അവന്‍റെ മനസ്സ്. എന്തു പറയും? എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. എന്തായാലും അവനെ കാണണം. ആട്ടിയിറക്കിയാലും കരണത്തടിച്ചാലും അത് അധികമല്ല; സഹിക്കണം. ഡോ. ആന്‍ മേരി മുന്നോട്ടു നടന്നു. മുറ്റത്തെത്തി നിന്ന അവരെ കണ്ടു സുധീഷ് വീട്ടില്‍ നിന്നിറങ്ങി അടുത്തേയ്ക്കു ചെന്നു. അവിടെയുണ്ടായിരുന്ന ചെറുകര സണ്ണി മടങ്ങിപ്പോകുകയും ചെയ്തു.

"ഡോക്ടറ് ചേച്ചീ…"- സുധീഷ് ഇടറിയ ശബ്ദത്തില്‍ വിളിച്ചു.

ഡോ. ആന്‍ മേരി അവന്‍റെ കൈകളെ ഇരു കൈകളുംകൊണ്ടു പൊതിഞ്ഞുപിടിച്ചു. മിഴികള്‍ നിറഞ്ഞു തുളുമ്പി.

"വാ… കയറിയിരിക്ക്… വന്നല്ലോ… എന്നെ കാണാന്‍, ഒന്നു വരാന്‍ തോന്നിയല്ലോ" – അവരെ സ്വീകരിച്ചിരുത്തിക്കൊണ്ട് അവന്‍ പറഞ്ഞു. ഡോ. ആന്‍ മേരി കസേരയിലിരുന്നു.

അല്പനേരത്തേയ്ക്കു രണ്ടുപേരും നിശ്ശബ്ദരായിരുന്നു. അവര്‍ പരസ്പരം നോക്കുകയായിരുന്നു. ഹൃദയത്തിന്‍റെ അടിത്തട്ടോളമെത്തുന്ന നോട്ടം. പറച്ചിലിനേക്കാള്‍ മൂര്‍ച്ഛയേറിയ മൗനം!

"സുധീഷേ, നീയെന്തേ ഇങ്ങനെ? എന്നെ കയ്യില്‍പ്പിടിച്ചു സ്വീകരിക്കാനും കസേരയിലിരുത്താനും എങ്ങനെ കഴിഞ്ഞു? നിന്നെ എല്ലാത്തരത്തിലും തകര്‍ത്തെറിഞ്ഞവന്‍റെ ഭാര്യയല്ലേ, ഞാന്‍?"

"അത്… അത്… ഡോക്ടറ് ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ? കഴിയുന്ന പോലെ പാവങ്ങള്‍ക്കു നന്മ ചെയ്യുന്നയാളല്ലേ? എനിക്ക്… എനിക്കിപ്പം ആരോടും ശത്രുതയില്ല. പകരം വീട്ടണമെന്നുമില്ല. ജയില്‍ വലിയ ഒരു പാഠശാല തന്നെയാ ചേച്ചീ. കുറ്റം ചെയ്യാത്തവരും നല്ലവരുമൊക്കെ അവിടെയുണ്ട്. സ്നേഹവും ത്യാഗവുമുണ്ടവിടെ. സത്യവും ധര്‍മ്മവുമുണ്ട്. ഒന്നുമില്ലാത്തത് പുറത്താ…"- സുധീഷ് വികാരാധീനനായി പറഞ്ഞു.

"നീയനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ സകല പീഡനങ്ങളും മഹാശാപമായി ഞങ്ങളുടെ കുടുംബത്തിനുമേല്‍ പെയ്തിറങ്ങുമെന്നെനിക്കറിയാം. ഏഴല്ല എഴുനൂറ് തലമുറകള്‍ കഴിഞ്ഞാലും അതിന്‍റെ ദുരന്തം അന്നു ശേഷിക്കുന്നവര്‍ അനുഭവിച്ചു തീര്‍ക്കേണ്ടി വരും."

"ഡോക്ടര്‍ചേച്ചീ, ഇതൊക്കെ നമ്മുടെ ഓരോ അബദ്ധ വിശ്വാസങ്ങളാ. ദൈവവും ദൈവശിക്ഷയുമുണ്ടെങ്കില്‍ അതുണ്ടാകേണ്ടത് അദ്ദേഹത്തിനു മേലല്ലേ? ഒന്നും സംഭവിച്ചില്ലല്ലോ? സകലരും ആദരിക്കുന്ന പദവിയില്‍ ശോഭിക്കുകയല്ലേ? സാന്ദ്രയുടെ അമ്മയും മകളും പ്രാണന്‍റെ വില എണ്ണിപ്പറഞ്ഞു വാങ്ങിച്ചു; രാജ്ഞിയെപ്പോലെ ജീവിക്കുന്നു!"

"ഇതൊന്നും ശാശ്വതമല്ല സുധീഷ്. ഓരോരുത്തരും അനുഭവിച്ചുതീര്‍ക്കേണ്ടി വരും. നീ വിചാരിക്കുന്നുണ്ടാകും അദ്ദേഹത്തിന്‍റെ ഭാര്യ മാത്രം എന്താ ഇങ്ങനെ പറയുന്നതെന്ന്! ഞാന്‍ മറ്റുള്ളവരുടെ മുമ്പില്‍ ആ 'വ്യാളി'യുടെ ഭാര്യയാണ്. സമൂഹം കാണുന്നത്, വലിയ മഹാന്‍റെ ഭാര്യയായിട്ടുള്ള എന്‍റെ അഭിനയം മാത്രമാണ്. മക്കളെക്കരുതി, അവരുടെ ഭാവി രക്ഷപ്പെട്ടേക്കുമോ എന്ന വിചാരം കൊണ്ടാണ് ഈ വേഷംകെട്ടല്‍. എന്നെ വഞ്ചിച്ചതും ആ പെണ്ണിനെ നശിപ്പിച്ചിട്ടു പ്രാണന്‍ പറിച്ചെടുത്തതും നിന്നെ തടവറയിലടച്ചതും നിന്‍റെ കുടുംബം താറുമാറാക്കിയതും ജീവന്‍ പറന്നകലുംവരെ ഞാന്‍ പൊറുക്കില്ല."

"ഡോക്ടറു ചേച്ചീ, എനിക്കൊരു വലിയ സംശയമുണ്ട്; ചോദിക്കട്ടേ?"

"ചോദിക്ക്."

"ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരെയൊക്കെ അദ്ദേഹം സഹായിച്ചു. ചോദിച്ചതെല്ലാം നല്കി. ഇന്നും കൊടുത്തുകൊണ്ടിരിക്കുന്നു. പക്ഷേ, എന്നെ കൊല്ലാനാണു ശ്രമിക്കുന്നത്. ജയിലില്‍വച്ചുതന്നെ തീര്‍ക്കാന്‍ നോക്കി. പുറത്തിറങ്ങിയിട്ടും എന്‍റെ പിറകെ കൊലയാളിയുണ്ട്. പേടിച്ചാണു ഞാന്‍ ജീവിക്കുന്നത്."

ഡോ. ആന്‍ മേരിയുടെ മുഖത്തു സംഭ്രമമുണ്ടായി. "സുധീഷ്, അതു മറ്റൊന്നുംകൊണ്ടുമല്ല, നീ നാവുയര്‍ത്തുമോ എന്ന പേടി. പണം തന്ന് ഒതുക്കാനാവില്ലെന്നറിയാം. പ്രതികാരം നീ ചെയ്യുമോ എന്ന നല്ല സംശമുണ്ട്. പ്രൊഫഷനില്‍ എന്‍റെ ഭര്‍ത്താവ്, ഉന്നതമായ സല്‍പ്പേരു നേടിയെടുത്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഓരോ വിധികളും സമൂഹം ആഹ്ലാദത്തോടെയാണു സ്വീകരിക്കുന്നത്. പൊതു ചടങ്ങുകളില്‍ ഒരു ദിവ്യപുരുഷനെന്നപോലെയാണ് ആദരിക്കപ്പെടുന്നത്. സാമൂഹികപ്രശ്നങ്ങളിലെ ഇടപെടലുകള്‍ വലിയ സ്വീകാര്യതയുണ്ടാക്കിയിരിക്കുന്നു. നീ വിചാരിച്ചാല്‍ ഒരു മിനിറ്റുകൊണ്ടു സകല മഹത്ത്വങ്ങളും മാഞ്ഞുപോകുമെന്ന് ആ മനുഷ്യനറിയാം."

"ഡോക്ടര്‍ ചേച്ചീ, ഞാനങ്ങനെയൊന്നിനും ഒരിക്കലും പോകുകയില്ല; പേടികൊണ്ടല്ല. എന്‍റെ മനസ്സ് അങ്ങനെ രൂപപ്പെട്ടതുകൊണ്ടാണ്. ജയിലിലെ ലൈബ്രറിയിലുള്ള മുഴുവന്‍ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. അവിടെ വന്നുപോകുന്ന ഒത്തരിപ്പേരുടെ ജീവിതകഥകള്‍ അറിയാനും കഴിഞ്ഞിട്ടുണ്ട്. ബൈബിള്‍ പലവട്ടം വായിച്ചു. ഗാന്ധിജിയുടെ പുസ്തകങ്ങളും സോക്രട്ടീസിനെക്കുറിച്ചുള്ള പുസ്തകങ്ങളും വായിച്ചു. ഒരു കാലത്തുണ്ടായിരുന്ന പകയുടെ കനലുകള്‍ പൂര്‍ണമായും കെട്ടടങ്ങിപ്പോയി."

"സുധീഷ്, നീയെത്ര മിടുക്കന്‍. എനിക്കു നിന്നെപ്പോലെയാകാന്‍ കഴിയുന്നില്ല. വളരെ ബുദ്ധിമുട്ടിയാണു ഞാനെന്നെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. ചില നേരങ്ങളില്‍ എനിക്കൊരുതരം ഭ്രാന്തു വരും. എല്ലാം വിളിച്ചുപറയണമെന്ന തോന്നല്‍. എല്ലാം തകര്‍ത്തിട്ടു ജീവനെടുക്കാനാണു തോന്നുന്നത്. മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ പലപ്പോഴും ഞാന്‍ വല്ലാതെ പാടുപെടുകയാ"- ഡോ. ആന്‍ മേരി കിതച്ചു.

"ഡോക്ടര്‍ ചേച്ചീ, കുടിക്കാന്‍ ഒരു കടുംചായയെടുക്കട്ടേ?"- സുധീഷ് ചോദിച്ചു.

"വേണ്ടാ. ഞാന്‍ ചായയും കാപ്പിയുമൊന്നും കുടിക്കാറില്ല. നീ ഒരു ഗ്ലാസ് വെള്ളം തന്നാല്‍ മതി" – അവര്‍ പറഞ്ഞു.

സുധീഷ് അകത്തേയ്ക്കുപോയി. മണ്‍കലത്തില്‍നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കൊണ്ടുവന്നു ഡോക്ടര്‍ക്കു കൊടുത്തു. അവരത് ഒറ്റവലിക്കു കുടിച്ചു ഗ്ലാസ് തിരികെ നല്കി.

"മക്കളൊക്കെ ഇപ്പോള്‍!?" – സുധീഷ് തിരക്കി.

"അമല്‍ എംഡി കഴിഞ്ഞു. കോലഞ്ചേരി ഹോസ്പിറ്റലില്‍ ജോലിയിലാ. അനീഷ്, എംബിബിഎസിനു നാലാംവര്‍ഷം പുഷ്പഗിരിയില്‍ പഠിക്കുന്നു."

"രണ്ടാള്‍ക്കും എന്നെ വലിയ കാര്യമായിരുന്നു."

"പറയാറുണ്ട്."

"സുലേഖ എവിടെയുണ്ടെന്നു വല്ല വിവരവുമുണ്ടോ?"

"അവളു പത്തനംതിട്ടയിലെങ്ങോ ഉണ്ടെന്നു കേട്ടു. അവളെ കൊണ്ടുപോയവന്‍ എങ്ങനെയോ മരിച്ചു. നാലഞ്ചു വയസ്സുള്ള ഒരാണ്‍കുട്ടിയുണ്ടെന്നാണറിഞ്ഞത്."

"നീ പുറത്തു വന്നതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല."

"ഇല്ല."

"എങ്ങനെ സ്നേഹിച്ചു ജീവിച്ചതാ രണ്ടാളും" – ഡോ. ആന്‍ മേരി പറഞ്ഞു.

സുധീഷ് സങ്കടം കീഴ്ച്ചുണ്ടുകൊണ്ടു കടിച്ചമര്‍ത്തി. അവന്‍റെ കണ്ണുകള്‍ അറിയാതെ നനഞ്ഞു.

ഡോ. ആന്‍ മേരി കസേരയില്‍ നിന്നെഴുന്നേറ്റു. അവര്‍ കയ്യിലുണ്ടായിരുന്ന ബാഗ് തുറന്ന് ഒരു കെട്ടു നോട്ടുകള്‍ പുറത്തെടുത്തു.

"സുധീഷ് ഇത് ഒരു ലക്ഷമുണ്ട്; വാങ്ങിക്ക്" – അവര്‍ രൂപാ നീട്ടിക്കൊണ്ടു പറഞ്ഞു.

"അയ്യോ… എനിക്കു വേണ്ട ചേച്ചീ. പണത്തിന് ഒരു ദാരിദ്രോമില്ല. ജയിലില്‍ പണിതുണ്ടാക്കിയ കുറച്ചു സമ്പാദ്യമുണ്ട്. പിന്നെ ഇവിടെയടുത്തുള്ള ഒരു ചായക്കടയില്‍ പണി ചെയ്യുന്നുമുണ്ട്."

"പണത്തിനു പല ആവശ്യങ്ങള് വരും. നീയിതു വാങ്ങിക്ക്. ഒരു അക്കൗണ്ടെടുത്തു ബാങ്കിലിട്."

"വേണ്ട ചേച്ചീ. ഇതു വാങ്ങിച്ചാലതു സാന്ദ്രേടെ പ്രാണന്‍റെ വിലയായിട്ടു തോന്നും. എനിക്കു വേണ്ടത്. ഞാന്‍ വാങ്ങില്ല."

ഡോ. ആന്‍ മേരിക്ക് അവന്‍റെ വാക്കുകളില്‍ കഠാരയുള്ളപോലെ അനുഭവപ്പെട്ടു. പണം അവര്‍ ബാഗില്‍ തിരികെ വച്ചു. പിന്നെ യാത്ര പറഞ്ഞു മടങ്ങിപ്പോയി.

സുധീഷ്, ഡോ. ആന്‍ മേരി കാറിനടുത്തേയ്ക്കു നടന്നുനീങ്ങുന്നതു നോക്കിനിന്നു. സാധുവും നല്ലവളുമായ സ്ത്രീ! വലിയ പ്രൈവറ്റ് ഹോസ്പിറ്റലിലെ സര്‍ജനാണെന്ന ഭാവമൊന്നുമില്ലാതെ തന്നെ തിരക്കിവന്നിരിക്കുന്നു! പണവും പ്രതാപവുമുണ്ട്. ആളുകള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, ഒരു നിമിഷംപോലും മനഃസമാധനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. ഭര്‍ത്താവു തന്നെ സ്ഥിരമായി വഞ്ചിക്കുകയാണെന്നു ഭാര്യയ്ക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയും? അയാള്‍ ചെയ്ത കൊടുംപാതകം തന്‍റെ തലയില്‍ കെട്ടിവച്ചതുകൊണ്ട് അപമാനത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ചിതറിത്തെറിച്ചത് തന്‍റെ കുടുംബവുംജീവിതവുമാണ്. തന്‍റെ കയ്യില്‍ ഒരു ലക്ഷം തന്ന് ഇത്തിരി ശാന്തി നേടാനെത്തിയതാണ് ഡോ. ആന്‍ മേരി! ഭര്‍ത്താവു ചെയ്ത തെറ്റിനു ഭാര്യ ചെയ്യുന്ന പരിഹാരം! തനിക്കവരുടെ ചില്ലിപ്പൈസയും വേണ്ട.

അപ്പോള്‍ ഒരു പൊലീസുകാരനും പാന്‍റും ഷര്‍ട്ടും ധരിച്ച രണ്ടു പേരും സുധീഷിന്‍റെ മുറ്റത്തേയ്ക്കു കയറി വന്നു. അവന്‍ സംഭ്രമത്തോടെ അവരെ നോക്കി.

"എന്താ സാര്‍?" അവന്‍ പൊലീസുകാരനെ നോക്കി ചോദിച്ചു.

"എടാ, സുധീഷ് താന്‍ താമസിക്കുന്ന ഈ വീടും ചുറ്റുമുള്ള എട്ട് സെന്‍റ് സ്ഥലവും സഹകരണ ബാങ്ക് ജപ്തി ചെയ്തു പേരില്‍ കൂട്ടിയിട്ടുള്ളതാ. കെട്ടിയവള് ആധാരം പണയപ്പെടുത്തി ലക്ഷങ്ങള്‍ വായ്പയെടുത്തു. ഒരു രൂപാപോലും തിരിച്ചടയ്ക്കാത മുങ്ങി. എടുത്ത പണവും പലിശയും കൂട്ടിയാല്‍ ഈ സ്ഥലംകൊണ്ടൊന്നുമാകില്ല. താനിവിടെ താമസിക്കുന്നുണ്ടെന്നു ബാങ്കുകാരറിഞ്ഞിരുന്നു. കൊലപ്പുള്ളിയായതുകൊണ്ടു വന്നു പറയാന്‍ മടിച്ചതാ. ഇന്നുതന്നെ ഇറങ്ങി മാറണം; അല്ലെങ്കില്‍ ഇറക്കും."

"സാറെ, ഇപ്പഴ് ജപ്തിയൊക്കെ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയല്ലേ?"

"സര്‍ക്കാരീന്നല്ലല്ലോ തന്‍റെ കെട്ടിയവള്‍ ലോണെടുത്തത്. ബാങ്കീന്നല്ലേ? അവരിതു നേരത്തെ ജപ്തി ചെയ്തതാ. താനിതൊന്നുമറിയാതെ ജയിലില്‍ കിടന്നു."

"സാറെ എനിക്കു വേറെ കിടപ്പാടമില്ല."

"അതു ഞങ്ങടെ കുറ്റമല്ല" – ബാങ്ക് സെക്രട്ടറി പറഞ്ഞു.

വീടിരിക്കുന്ന സ്ഥലത്തിന് സാധാരണ ഒരു ബാങ്കുകാരും ലോണനുവദിക്കാറില്ലല്ലോ?" – സുധീഷ് വാദിച്ചു.

"കൊടുക്കാറില്ലാത്തതാ. വിധവയായ ഒരു സ്ത്രീ വന്നു മകനു ഗള്‍ഫിനു പോകാനാണെന്നും പറഞ്ഞാ വായ്പ ചോദിച്ചത്. മകന്‍ കൃത്യമായിട്ടു തിരിച്ചടയ്ക്കുമെന്നു പറഞ്ഞു. ബാങ്ക് പ്രിസഡന്‍റിനും കമ്മിറ്റിക്കാര്‍ക്കും സഹതാപം തോന്നിയതുകൊണ്ടു പണമനുവദിച്ചതാ. അതിപ്പം സകലര്‍ക്കും പാരയായി" – സെക്രട്ടറി പറഞ്ഞു.

"ഇറങ്ങിപ്പോണോന്നു മലയാളത്തില്‍ പറഞ്ഞാല്‍ തനിക്കു മനസ്സിലാകത്തില്ലേടാ" – കോണ്‍സ്റ്റബിള്‍ ക്രുദ്ധനായി സുധീഷിന്‍റെ അടുത്തേയ്ക്കു ചെന്നു.

"ഞാന്‍ ഇറങ്ങിക്കോളാം സാറെ. ഒരു രണ്ടു ദിവസത്തെ സാവകാശം തരണം. എവിടെയെങ്കിലും ഒരു സ്ഥലം തേടിപ്പിടിക്കണ്ടേ?" – സുധീഷ് പറഞ്ഞു.

"സാവകാശം വേണോ വേണ്ടയോ എന്നു ബാങ്കുകാര് തീരുമാനിക്ക്" – കോണ്‍സ്റ്റബിള്‍ ഒപ്പമുണ്ടായിരുന്ന ബാങ്ക് സെക്രട്ടറിയെ നോക്കി.

"രണ്ടു ദിവസം കൊടുക്കാം സാറെ; കുഴപ്പമില്ല"- സെക്രട്ടറി പറഞ്ഞു.

"എടാ, നാളെ കഴിഞ്ഞു നാലുമണിക്കുമുമ്പു നീ നിന്‍റെ സാധനങ്ങളും പെറുക്കി ഇവിടുന്നിറങ്ങിക്കോണം. എന്തെങ്കിലും വ്യത്യാസമുണ്ടായാല്‍ ഞാനും സ്റ്റേഷനീന്നു 'വല്യസാറും' കൂടെയിങ്ങു വരും; ഓര്‍ത്തോണം" – കോണ്‍സ്റ്റബിള്‍ 'ഡീസന്‍റ്' കുമാരന്‍ മുന്നറിയിപ്പു നല്കി.

"മാറ്റം വരികേല സാര്‍" – സുധീഷ് പറഞ്ഞു. പൊലീസുകാരും ബാങ്ക് സെക്രട്ടറിയും ക്ലാര്‍ക്കും മടങ്ങിപ്പോയി.

സുധീഷ് മണ്ണും കിടപ്പാടവുമില്ലാത്തവനായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org