ന്യായാധിപന്‍ – 14

ന്യായാധിപന്‍ – 14

ജോര്‍ജ് പുളിങ്കാട്

പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയായിരുന്ന അച്ഛനോടു പ്രൊഫഷണിലെ കാണാച്ചരടുകളെപ്പറ്റിയൊക്കെ സംസാരിക്കണമെന്ന് കുറേ ദിവസങ്ങളായി അഖില ആഗ്രഹിക്കുന്നുണ്ടായിരുന്നു. സമയവും സന്ദര്‍ഭവും ഒത്തുകിട്ടിയില്ല. ഓഫീസ് ഒഴിവുള്ള ഒരു വെള്ളിയാഴ്ച അവള്‍ ആനന്ദ്മേനോന്‍റെയടുത്തു ചെന്നു. മേനോന്‍ വീല്‍ച്ചെയറിലിരുന്ന് ഏതോ ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരുന്നു.

"അച്ഛാ…"- അഖില അടുത്തെത്തി ഉരത്തില്‍ കൈവച്ചുകൊണ്ടു വിളിച്ചു.

"എന്താ മോളേ?"

"അച്ഛനെന്താ ഈ വായിക്കുന്നേ?"

"ഒരു റഷ്യന്‍ നോവല്‍; 'ദ ഗാംബ്ലര്‍'; ദസ്തയ്വ്സ്കിയുടേതാ."

"ഞാനതു വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറ്റു പുസ്തകങ്ങള്‍പോലെ നന്നായിട്ടില്ലെന്നു തോന്നി."

"ഞാനിതു നാലാമതു തവണ വായിക്കുകയാ. ഇഷ്ടമാണിത്. അതുകൊണ്ടു മാത്രമല്ല പുതിയ പുസ്തകങ്ങളൊന്നും കിട്ടുന്നുമില്ലല്ലോ" – മേനോന്‍ പറഞ്ഞു. അത് അഖിലയുടെ ഹൃദയത്തില്‍ കൊണ്ടു. വീല്‍ച്ചെയറില്‍ ദുരിതജീവിതം നയിക്കുന്ന അച്ഛനാകെയുള്ള ഒരു സന്തോഷം വായനയാണ്. ആദ്യമൊക്കെ പല പുസ്തകങ്ങളും താന്‍ കൊണ്ടുവന്നു കൊടുക്കുമായിരുന്നു. ഇപ്പോഴൊന്നും കൊടുക്കാറില്ല. ഒന്നിനും പരിഭവിക്കുന്ന ശീലം അച്ഛനില്ലതാനും. താനും അമ്മയും പോയിക്കഴിഞ്ഞാല്‍ മനം മടുപ്പിക്കുന്ന ഏകാന്തത 'ഭക്ഷി'ക്കുകയാണച്ഛന്‍. പാവം വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിക്കുന്നു! പാറിപ്പറന്നു നടക്കുന്ന പക്ഷി ഒരിക്കലും കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയുടെ വേദന അറിയുന്നില്ലല്ലോ!

"സോറി… അച്ഛാ. ഞാന്‍ കുറേ നല്ല പുസ്തകങ്ങള്‍ അച്ഛനു വായിക്കാന്‍ വേണ്ടി കൊണ്ടുവരുന്നുണ്ട്."

"നീന്‍റെ കൂട്ടുകാരന്‍ വായനയുള്ളയാളാണോ?"

"ശരത്തിന്‍റെ കാര്യമാണോ അച്ഛനുദ്ദേശിച്ചത്?"

"അതെ."

"വായിക്കുന്നയാളാ. പുസ്തകങ്ങള്‍ ധാരാളമായി വില കൊടുത്തു വാങ്ങിക്കുകയും ചെയ്യും. പക്ഷേ, സൂക്ഷിക്കുകേല. കാണുന്നവര്‍ എടുത്തോണ്ടുപോകും."

"ചിലരങ്ങനെയാ" – ആനന്ദ്മേനോന്‍ പുഞ്ചിരിച്ചു.

"അച്ഛാ എനിക്കു ചിലതു പറയാനുണ്ടായിരുന്നു. അ ച്ഛന്‍റെ വായനയുടെ രസച്ചരടു മുറിയുമോ?"

"മുറിഞ്ഞല്ലോ"-അദ്ദേഹം പുസ്തകം അടയാളംവച്ചു മടക്കിവച്ചു.

"നീയവിടെയിരിക്ക്" – മേനോന്‍ കസേര ചൂണ്ടി പറഞ്ഞു. അഖില കസേരയിലിരുന്നു.

"പറയ് മോളെ."

"ഞാന്‍ മിക്കപ്പോഴും അച്ഛന്‍റെയവസ്ഥ മറന്നുപോകുന്നു. കാര്യമായിട്ടൊരു സഹായവും ചെയ്യുന്നില്ല."

"അതൊന്നും സാരമില്ല. നിന്‍റെ പ്രൊഫഷനങ്ങനെയുള്ളതല്ലേ? എനിക്കതിന്‍റെ പൊല്ലാപ്പുകളെല്ലാം നല്ലോണമറിയാം."

"അന്ന് അച്ഛനെതിരെ ആക്രമണമുണ്ടായപ്പോള്‍ നമ്മുടെ പത്രസ്ഥാപനത്തില്‍ നിന്നു വേണ്ടത്ര സഹകരണം കിട്ടിയോ?"

"കിട്ടിയില്ല മോളെ. സ്ഥാപനത്തിന്‍റെ പേരില്‍ വെറുതെ ഒരു കേസു കൊടുത്തെന്നു മാത്രം. കാര്യമായ അന്വേഷണവും നടന്നില്ല; പ്രതികളെ കണ്ടെത്തിയുമില്ല."

"എല്ലാവരും മനഃപൂര്‍വം കയ്യൊഴിയുകയായിരുന്നോ അച്ഛനെ?"

"മനഃപൂര്‍വമാണെന്നോ പേടിച്ചിട്ടാണെന്നോ ഒന്നും തീര്‍ത്തു പറയാന്‍ കഴിയില്ല; എനിക്കു നീതി കിട്ടിയില്ല. സുധീഷ് പന്ത്രണ്ട് വര്‍ഷം അന്യായമായി ജയിലില്‍ കിടന്നു. അവന്‍റെ ജീവിതം പോയി! എനിക്കാണെങ്കില്‍ തനിയെ ഒന്നു മരിക്കാന്‍ തയ്യാറായാല്‍ അതിനുപോലും കഴിയാത്ത അവസ്ഥയായി."

"നമ്മുടെയൊപ്പം നില്ക്കാത്ത, പത്രസ്ഥാപനത്തില്‍ തന്നെ എനിക്കു ജോലി കിട്ടിയപ്പോള്‍ അച്ഛന്‍ സന്തോഷിക്കുകയായിരുന്നല്ലോ?"

"സ്ഥാപനം എന്നോടത്രയുമെങ്കിലും സ്നേഹം കാണിച്ചല്ലോയെന്നോര്‍ത്താണ് സന്തോഷിച്ചത്."

"ശരിക്കും ഒരന്വേഷണം നടന്നെങ്കില്‍ അച്ഛനെ ആക്രമിച്ച പ്രതികളെ കണ്ടെത്താമായിരുന്നില്ലേ?"

"അക്രമിച്ചവര്‍ വെറും വാടകക്കാരാണ്."

"അവരെ ചോദ്യം ചെയ്താല്‍ അതിന്‍റെ അഗ്രമേതെന്നു കണ്ടെത്താമായിരുന്നു."

"കണ്ടെത്താന്‍ കഴിയും; കണ്ടെത്തുകയില്ല. എന്നെ ശരിപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും എന്തിനാണെന്നും എനിക്കു കൃത്യമായിട്ടറിയാമായിരുന്നു. പക്ഷേ, അതു പറയാന്‍ ഇന്ന് അനുവാദമില്ല; അവകാശമില്ല."

"അച്ഛന്‍ പറയണമായിരുന്നു; ആരായിരുന്നെങ്കിലും. നമ്മള്‍ ജീവിക്കുന്നതു ജനാധിപത്യരാജ്യത്താണ്. ആരുടെയും അടിമയൊന്നുമല്ലല്ലോ നമ്മള്‍?"

"ജനാധിപത്യം എന്ന വാക്കിന്‍റെ അര്‍ത്ഥം ചോര്‍ന്നുപോയി മോളെ. ഇന്നു നമ്മള്‍ കാണുന്നത് അതിന്‍റെ വെറും തോടു മാത്രമാ. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ എല്ലായിടത്തും നടക്കുന്നതു പണാധിപത്യമാണ്."

"അതു മാറ്റിയെടുക്കണം. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ എനിക്കാ ഉത്തരവാദിത്വമുണ്ട്. വിമര്‍ശാത്മകരായി ഉന്നതസ്ഥാനീയരായ ഒരാളെയും ഞാന്‍ കാണുന്നില്ലച്ഛാ."

"ആനന്ദ്മേനോന്‍ അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.

'മേളേ, നമ്മുടെ സമൂഹത്തില്‍ മനുഷ്യനു വേണ്ടത് ഒറ്റ നീതിയാണ്. ഉയര്‍ന്നവനും താണവനും, പണക്കാരനും പാവപ്പെട്ടവനും, സ്വാധീനമുള്ളവനും ഇല്ലാത്തവനുമൊക്കെ ഓരോരോ നീതിയാണിന്നു കിട്ടിക്കൊണ്ടിരിക്കുന്നത്."

"ശരിയാണച്ഛാ. നമ്മളില്‍പ്പെട്ട ഒരാളല്ലേ ഈയിടെ തലസ്ഥാനത്തു കൊല്ലപ്പെട്ട പി.എം. ബഷീര്‍. സാധാരണക്കാരനായ ഒരു പാവം പത്രപ്രവര്‍ത്തകന്‍. എളിയ നിലയില്‍ നിന്നും കഴിവുകൊണ്ടു മാത്രം ഉയര്‍ന്നു വന്നവന്‍! മദ്യപിച്ചു ലെക്കുകെട്ട ഐഎഎസ്സുകാരന്‍ അയാളുടെ പ്രാണനെടുത്തു. പാതിരാത്രി വരെ ജോലി ചെയ്തു തന്‍റെ കുടുംബത്തിലേക്ക്, ഭാര്യയുടെയും മക്കളുടെയും അടുത്തേയ്ക്കു ബൈക്കോടിക്കുമ്പോഴായിരുന്നു 'ഉന്മാദി'യുടെ വിളയാട്ടം."

"ലജ്ജാകരമായ കാര്യങ്ങളല്ലേ മോളെ പിന്നെ നടന്നത്? ഐഎഎസ്സുകാരന്‍റെ രക്തപരിശോധനയ്ക്കു പത്തു മണിക്കൂര്‍ വൈകി. ആഗ്രഹിച്ച റിപ്പോര്‍ട്ട് കിട്ടി. കോടതി ആ കൊടുംകുറ്റവാളിക്കു ജാമ്യവും നല്കി. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയൊന്നും പ്രതിഷേധിച്ചാല്‍ പോരാ. എന്തെങ്കിലും സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ വീല്‍ച്ചെയറിലാണെങ്കിലും എനിക്കും പങ്കെടുക്കണമെന്നുണ്ട്."

"ഞാന്‍ സംഘടനാ സെക്രട്ടറിയോട് ഇക്കാര്യം പറയാം. ഇക്കാര്യത്തില്‍ നടന്നതും സാന്ദ്രാവധക്കേസില്‍ നടന്നതുപോലുള്ള കാര്യമാണ്. ജസ്റ്റിസ് ഭാസുരചന്ദ്രവര്‍മ, സുധീഷേട്ടനെ കുറ്റവാളിയാണെന്നു കണ്ടെത്തിയതും ജീവപര്യന്തം ശിക്ഷിച്ചതും തെളിവിന്‍റെയും വാദത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു. യഥാര്‍ത്ഥ പ്രതി മറ്റൊരാളാണെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹത്തിനു നിരപരാധിയെ ശിക്ഷിക്കേണ്ടി വന്നു. ഇവിടെ ഐഎഎസ്സുകാരന്‍ മദ്യപിച്ചിരുന്നെന്നറിയാമായിരുന്നിട്ടും കോടതിക്ക് അയാളെ രക്ഷിക്കേണ്ടി വന്നു."

"മരിച്ചുപോയ ബഷീറിനു നീതി ലഭിക്കാനുള്ള പോരാട്ടം ആരംഭിക്കണം. നിന്‍റെ ഫ്രണ്ട് ശരത് മനുഷ്യത്വമുള്ളവനാണ്. അയാളെ എനിക്കൊന്നു കാണണമെന്നുണ്ട്."

"ഞാന്‍ പറയാം. ശരത് കാണുമ്പോഴെല്ലാം അച്ഛനെ അന്വേഷിക്കാറുണ്ട്. അച്ഛനെപ്പറ്റി പറയാറുമുണ്ട്" – അഖില പറഞ്ഞു.

പിറ്റേന്ന് ഒഫീസില്‍വച്ചു കണ്ടപ്പോള്‍ അഖില, അച്ഛന്‍ അന്വേഷിച്ച കാര്യം പറഞ്ഞു. ശരത്തിന് അതു സന്തോഷകരമായി. ഞായറാഴ്ച അയാള്‍ ആനന്ദ് മേനോനെ കാണാന്‍ വീട്ടിലെത്തുകയും ചെയ്തു. വീല്‍ച്ചെയറിലിരുന്ന മേനോന്‍റെ അരികിലെത്തി ആദരവോടെ അദ്ദേഹത്തിന്‍റെ കരം കവര്‍ന്നു.

"എനിക്കു സാറിനെ കാണണമെന്നുണ്ടായിരുന്നു. അഖില ഒരിക്കലും വീട്ടിലേക്കു ക്ഷണിച്ചില്ല. അതാ വരാന്‍ വൈകിയത്"- ശരത് പറഞ്ഞു.

മേനോന്‍ അരികെ നിന്ന അഖിലയെ നോക്കി.

"എന്താടീ പെണ്ണേ, ശരത്തിനെ വീട്ടിലേക്കു വിളിക്കാത്തത്? ഞാനങ്ങനെ കൂച്ചുവിലങ്ങിട്ടു വളര്‍ത്തിയതൊന്നുമല്ലല്ലോ നിന്നെ?"

"അച്ഛാ, അതു സമയോം സൗകര്യവും ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഒത്തുകിട്ടാഞ്ഞിട്ടാ" – അഖില പറഞ്ഞു.

സുഗത ടീച്ചര്‍ വീട്ടിലില്ലായിരുന്നു. അവധി ദിവസം ഒരു സ്നേഹിതയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ടീച്ചര്‍. അഖില, ശരത്തിനു ചായയെടുക്കാനും മറ്റുമായി കിച്ചനിലേക്കു പോയി. അച്ഛന്‍ 'ശരത്തു'മായി തനിയെ സംസാരിക്കട്ടെയെന്ന് അവള്‍ കരുതി.

"ഈ ആക്സിഡന്‍റുണ്ടായിട്ട് എത്ര വര്‍ഷമായി സാര്‍?"

"പന്ത്രണ്ടു വര്‍ഷം; ആക്സിഡന്‍റായിരുന്നില്ല. ആക്രമണം തന്നെയായിരുന്നു. പൊലീസത് ആക്സിഡന്‍റ് തന്നെയാണെന്നു വരുത്തിത്തീര്‍ത്ത് കേസ് എഴുതിത്തള്ളുകയായിരുന്നു."

"എന്താണ് അവരെ പ്രകോപിപ്പിച്ചത്?"

"സാന്ദ്രവധ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നു സമര്‍ത്ഥിക്കുന്ന രണ്ടു ലേഖനങ്ങള്‍ ഞാന്‍ മലയാളം ഡെയ്ലിയിലെഴുതി."

ശരത് നിശ്ശബ്ദനായി ഏതാനും നിമിഷം തല കുനിച്ചിരുന്നു. പിന്നെ മുഖമുയര്‍ത്തി ആനന്ദ്മേനോനെ നോക്കി.

"സുധീഷ് നിരപരാധിയാണെന്നു സാറിന് അന്നേ അറിയാമായിരുന്നോ?"

"അറിയാമായിരുന്നു. ആ കേസില്‍ അടിമുടി രാഷ്ട്രീയ ഇടപെടലുണ്ടായെന്നു ഞാന്‍ കൃത്യമായി മനസ്സിലാക്കി. വേണ്ടത്ര എവിഡന്‍സ് സഹിതമാണു ലേഖനമെഴുതിയത്."

"ആനന്ദ് സാര്‍, പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും സാന്ദ്രവധക്കേസ് സംബന്ധിച്ച എന്തെങ്കിലുമൊരു പ്രതികരണം വരുമ്പോള്‍ അലര്‍ട്ടായിട്ട് ആരൊക്കെയോ ഉണ്ട്."

"ആരാണെന്നും എന്തിനാണെന്നും ശരത്തിനറിയില്ലേ?"

"പ്രവര്‍ത്തിക്കന്നതാരാണെന്നറിയില്ല; പ്രേരണ എവിടെനിന്നാണെന്നറിയാം."

"ഇതു സംബന്ധിച്ചു വിവരങ്ങള്‍ കളക്ട് ചെയ്യുന്ന ശരത്തും അഖിലയും അപകടകരമായ പാതയിലൂടെയാണു നീങ്ങുന്നത്. എനിക്കതറിയാം. പിന്തിരിയണമെന്നു ഞാന്‍ പറയില്ല. കാരണം പതറാതെ, ഭയപ്പെടാതെ മുന്നോട്ടുനീങ്ങിയ ഒരു പത്രപ്രവര്‍ത്തകനായിരുന്നു ഞാന്‍."

"സാന്ദ്രയ്ക്കും സാറിനും സുധീഷിനും ഏറ്റവുമൊടുവില്‍ കൊല ചെയ്യപ്പെട്ട ഭാസുരചന്ദ്ര വര്‍മയ്ക്കും നീതി കിട്ടുമെന്നു കരുതുന്നുണ്ടോ?"

"ഞാനതു പ്രതീക്ഷിക്കുന്നു. മരണംവരെ അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യും. തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. ശിക്ഷകള്‍ പിടിപാടില്ലാത്ത പാവങ്ങള്‍ക്കു മാത്രമുള്ളതാകരുത്."

"ഞങ്ങള്‍ അതിനുവേണ്ടി ഒരുമിച്ചു നീങ്ങും സാര്‍. പ്രതിസന്ധികളെയും മരണത്തെയും പേടിക്കാതെ തന്നെ കഴിയുംവിധം പോരാടും."

ആനന്ദ് മേനോന്‍റെ ശോഷിച്ച വലതു കരം ശരത്തിനു നേര്‍ക്കു നീണ്ടു. കരങ്ങള്‍ ഒന്നുചേര്‍ന്നപ്പോള്‍ മേനോന്‍റെ വിരലുകള്‍ വിറച്ചു.

ചായയും കായ വറുത്തതുമായി അഖില കടന്നുവന്നു. ആദ്യം അതിഥിക്കും പിന്നെ അച്ഛനും അവള്‍ ചായക്കപ്പ് എടുത്തുകൊടുത്തു. രണ്ടുപേരും ചായ കുറേശ്ശെ കുടിച്ചുതുടങ്ങി. അച്ഛനും ശരതും തമ്മില്‍ ഗൗരവമാര്‍ന്ന ചര്‍ച്ചയാണു നടന്നതെന്ന് അഖിലയ്ക്കു തോന്നി. ചായക്കപ്പ് വാങ്ങി അവള്‍ മടങ്ങുന്നതുവരെ ആരും ഒന്നും മിണ്ടിയില്ല.

"ശരത്"- ആനന്ദ് മേനോന്‍ വി ളിച്ചു.

"എന്താ സാര്‍?"

"ഞാന്‍ തികച്ചും വ്യക്തിപരമായി ഒരു കാര്യം ചോദിക്കട്ടേ?"

"മേനോന്‍സാര്‍ എന്തും ചോദിച്ചോളൂ."

"എന്‍റെ മോളെ ഞാന്‍ ശരത്തിനെ ഏല്പിക്കട്ടേ?"

"ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം!!"

ശരത് മിഴിച്ചുപോയി. അവനു മറുപടി പറയാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ കൊഴിഞ്ഞു.

"ഇഷ്ടമില്ലെങ്കില്‍ തുറന്നു പറഞ്ഞോളൂ. അവള്‍ ഇക്കാര്യത്തില്‍ ഒന്നും എന്നോടു പറഞ്ഞിട്ടില്ല, കേട്ടോ. അവളുടെ ഇഷ്ടം ചോദിച്ചിട്ടുമില്ല. മനസ്സില്‍ തോന്നിയ കാര്യം വളച്ചുകെട്ടില്ലാതെ പറഞ്ഞെന്നേയുുള്ളൂ."

"ആനന്ദ് സാര്‍, ഞാന്‍ സാറു വിചാരിക്കുംപോലെയുള്ള ഒരു ചെറുപ്പക്കാരനല്ല. പല വൈകൃതങ്ങളുമുള്ള ഒരു കള്ളത്തെമ്മാടിയാണ്. അതിലൊക്കെയുപരി വിവാഹം ഒഴിയുകയും മോചനം നേടുകയും ചെയ്തവനാണ്."

"ഇപ്പറഞ്ഞതൊന്നും ഒരയോഗ്യതയായി ഞാന്‍ കാണുന്നില്ല. ഞാനൊന്നേ നോക്കിയുള്ളൂ. മനുഷ്യത്വമുള്ളവനാണോയെന്ന്. അങ്ങനെയാണെന്ന് എനിക്കു ബോദ്ധ്യമായിട്ടുണ്ട്."

"ജാതിയിലും ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്ക്കുന്നവനല്ല; സമ്പത്തിലുമല്ല. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും അഖിലയ്ക്കു ചേര്‍ന്നവനല്ല സാര്‍."

"ഛെ! ജാതിയെപ്പറ്റിയും സമ്പത്തിനെപ്പറ്റിയുമൊക്കെ ആനന്ദിനോടു പറയരുതായിരുന്നു. അതു കഷ്ടമായിപ്പോയി" – മേനോന്‍ പറഞ്ഞു.

അപ്പോള്‍ പുറത്ത് ആരുടെയോ ചുമശബ്ദം കേട്ടു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org