ന്യായാധിപന്‍ – 16
ജോര്‍ജ് പുളിങ്കാട്
സുധീഷിന് വീടും സ്ഥലവും വീണ്ടുകിട്ടിയത് സന്തോഷം നല്കി. അവന്‍ പെരുവഴിയിലേയ്ക്കിറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് ബാങ്കുകാര്‍ വന്നത്. തനിക്കുവേണ്ടി പണമടച്ചത് ഡോ. ആന്‍മേരിയാണെന്ന് വ്യക്തമായിരിക്കുന്നു. കഴിഞ്ഞദിവസം വീട്ടില്‍വന്ന് ഒരു ലക്ഷം വച്ചുനീട്ടിയത് താന്‍ നിരസിച്ചതാണ്. മരണപ്പെട്ട സാന്ദ്രയുടെ പേരില്‍ ഒരാനുകൂല്യവും കൈപ്പറ്റുകയില്ലെന്ന് ദൃഢനിശ്ചയമുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ തോറ്റുപോയിരിക്കുന്നു. ഈ സഹായം വലുതാണ്. താന്‍ ചോദിക്കാതെ നല്കിയതാണ്. നിരസിക്കാനാവുകയുമില്ല. ഈ സാഹചര്യം രൂപപ്പെടുത്തിയത് അഖിലയാണ്. അവള്‍ നല്കിയ വാര്‍ത്തയാണ്. ഒന്നു വിളിക്കണം. സുധീഷ് പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണെടുത്ത് അഖിലയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവളെ ലൈനില്‍ കിട്ടി.
"ഹലോ സുധീഷേട്ടാ…"
"അഖില ജോലിത്തിരക്കിലാണോ?"
"അല്ല."
"ഒന്നു രണ്ടു കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. പറയട്ടെ?"
"പറഞ്ഞോളൂ. ഞാന്‍ ഓഫീസില്‍നിന്നിറങ്ങി ഇപ്പോള്‍ വരാന്തയില്‍ നില്‍ക്കുകാ."
"ഇന്നത്തെ പത്രത്തില്‍ എന്നെ ബാങ്ക്കാര് വീട്ടിന്നിറക്കുന്ന വാര്‍ത്ത കൊടുക്കല്ലേ?"
"കൊടുത്തു. എനിക്കത ല്ലേഇങ്ങനെയൊരവസരത്തില്‍ ചെയ്യാന്‍ പറ്റൂ. ബാങ്കുകാര് ഇറക്കിവിടാന്‍ വന്നോ?"
"വന്നു. ഇറക്കിവിടാനല്ല, വീടിരിക്കുന്ന ഭൂമിയുടെ ആധാരം തിരിച്ചുതരാന്‍! ഒരു സ്ത്രീ ചെന്ന് കടബാധ്യത മുഴുവന്‍ തീര്‍ത്തകാര്യം പറയാന്‍."
"ദൈവമേ! ആരു ചെയ്തു അങ്ങനെയൊരു നല്ല കാര്യം? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. സുധീഷേട്ടന്‍ സത്യമാണോ പറയുന്നേ?"
"ഒട്ടും സംശയിക്കണ്ട. ഞാന്‍ അഖിലയോട് ഇതുവരെ എന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടോ?"
"ഇല്ല. പണമടച്ച ആ സ്ത്രീയാരാണെന്ന് പറയ്."
"ഡോക്ടര്‍ ആന്‍ മേരി! ഉയര്‍ന്ന ന്യായാധിപന്‍റെ ഭാര്യ!"
"മൈ ഗോഡ്! ഇങ്ങനെയൊരാക്ഷന്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല."
"ഡോക്ടറു ചേച്ചീന്നാ ഞാന്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ദിവസം എന്നെ കാണാനിവിടെ വന്നിരുന്നു. കുറെ നേരം സംസാരിച്ചു. മഹാനായ ഭര്‍ത്താവിനെ ചേച്ചി അങ്ങേയറ്റം വെറുക്കുന്നുണ്ട്. അറപ്പുണ്ടാ മനുഷ്യനോട്. പക്ഷേ, ഒന്നും പുറമെ ഭാവിക്കാതെ ഭാര്യയായി അഭിനയിക്കുന്നു! അച്ഛന്‍ ചെയ്യുന്ന കൊടുംപാതകങ്ങളുടെ ഫലം മക്കള്‍ക്കും കുടുംബത്തിനും മേലുണ്ടാകുമെന്ന് ഭയപ്പെടുന്നു. പോകാന്‍ നേരം ഒരു ലക്ഷം രൂപാ എനിക്കു നീട്ടി."
"തന്നില്ലേ?"
"തന്നു. വാങ്ങിച്ചില്ല. സാന്ദ്രയുടെ ജീവന്‍റെ വില എനിക്കു വേണ്ട അത് രക്തത്തിന്‍റെ കാശാണ്."
"സുധീഷേട്ടന്‍ അവരുടെ ഭര്‍ത്താവനുഭവിക്കേണ്ട ശിക്ഷ അനുഭവിച്ചുതീര്‍ത്തതല്ലേ? ജീവിതം അവരുടെ കുടുംബത്തിന്‍റെ സല്‍പ്പേരിനുവേണ്ടി ഹോമിച്ചയാളല്ലേ? ആ പണം വാങ്ങുന്നതിന് മടിക്കേണ്ടായിരുന്നു."
"അനുഭവിച്ചതൊക്കെ അനുഭവിച്ചു. ഇനിയും എന്‍റെ ജീവിതത്തില്‍ കുരിശുമരണങ്ങള്‍ ബാക്കിയാണ്. ഡോക്ടറുചേച്ചിയെങ്കിലും ആ കുടുംബത്തില്‍ എന്നെ മനസ്സിലാക്കുന്നുണ്ടെന്ന ചിന്ത മാത്രം മതിയായിരുന്നു. പക്ഷേ, ഇപ്പോള്‍ അവരന്നെ തോല്പിച്ചു കളഞ്ഞു, അഖിലാ. പെരുവഴിയിലോ വെയ്റ്റിംങ് ഷെഡ്ഡിലോ, ശിവരാമേട്ടന്‍റെ ചായക്കടയിലോ അന്തിയുറങ്ങുന്നതിന്‍റെ സമാധാനം ഇനിയെന്‍റെ വീട്ടില്‍നിന്ന് കിട്ടില്ല. എവിടെ നിന്നൊക്കെയോ ആ പാവം പെണ്‍കുട്ടിയുടെ വിലാപം എന്‍റെ ചെവിയില്‍ മാറ്റൊലിക്കൊള്ളും."
"ഇങ്ങനെയൊക്കെ ചിന്തിക്കാതെ സുധീഷേട്ടാ, ഇത്രയ്ക്കും ശുദ്ധഹൃദയനാകാതെ, സുധീഷേട്ടന്‍ ഇങ്ങനെയൊരു വിശുദ്ധനാണെന്ന് ഈ ലോകത്തില്‍ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? ആളുകള്‍ സുധീഷേട്ടനെ കാണുന്നത് പേടിയോടെയാണ്. വെറുപ്പോടെയാണ്. ഒന്നു മിണ്ടാന്‍ പോലും തയ്യാറാകുന്നവര്‍ എത്ര കുറവാണ്. ഒരു തെറ്റും ചെയ്യാതെ യേശുവിനെപ്പോലെ കുരിശു ചുമക്കുന്നു."
"അഖില ബൈബിള്‍ വായിച്ചിട്ടുണ്ടോ?"
"വായിച്ചിട്ടുണ്ട്. ഇപ്പഴും ഇടയ്ക്കിടെ വായിക്കാറുണ്ട്. ക്രിസ്തുവിനെ എനിക്കിഷ്ടമാണ്. പക്ഷേ, ആ ക്ഷമ കുറച്ചധികമാണ്. ജറുസലേം ദേവാലയത്തില്‍ നിന്നും കള്ളന്മാരെയും മ്ലേച്ഛന്മാരെയും ചാട്ടവാറിനടിച്ചോടിക്കുന്ന ക്രിസ്തുവിന്‍റെ ഭാവമാണെനിക്കിഷ്ടം."
"എനിക്കേറെയിഷ്ടപ്പെട്ടത് പ്രമാണികള്‍ കല്ലെറിഞ്ഞു കൊല്ലാന്‍ ഭാവിച്ച ആ പാപിനിയോട് ക്ഷമിച്ച സന്ദര്‍ഭമാണ്. ജീവന്‍ തിരിച്ചുകിട്ടിയതിന് ആ പെണ്ണ് എത്രയധികം യേശുവിനോട് കടപ്പെട്ടിരിക്കുന്നു! ക്ഷമിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും യേശു ആ വഴിതെറ്റിയവളെ കൈപിടിച്ചുയര്‍ത്തുകയല്ലായിരുന്നോ?"
"സുധീഷേട്ടനറിയ്യോ, സാന്ദ്ര വധത്തില്‍ പോലീസ് വഞ്ചന കാണിച്ചെന്ന് ലേഖനം പത്രത്തിലെഴുതിയതിന് എന്‍റെയച്ഛനെ ചിലര്‍ കൊല്ലാന്‍ ശ്രമിച്ചു. വണ്ടിയിടിപ്പിച്ച്! മരിച്ചെന്നു കരുതി വഴിയിലുപേക്ഷിച്ചുപോയപ്പോള്‍ അതുവഴി ഓട്ടോയില്‍ 'ബിസിനസ്സ്' കഴിഞ്ഞെത്തിയ ഒരു വേശ്യയാണ് ആശുപത്രിയിലെത്തിച്ചത്."
"ഒന്നും എനിക്കറിയില്ല. ഞാനകത്തായിരുന്നില്ലേ."
"ഞാനിതു പറഞ്ഞത്, നമ്മളെ ഒരാപത്തില്‍ സഹായിക്കുന്നത് ഒരു പരിചയവുമില്ലാത്ത ഒരാളായിരിക്കും. സമൂഹത്തിന്‍റെ പുറംപോക്കില്‍ കഴിയുന്നവരുമാകാം. ആരെയും കുറച്ചു കാണാനാവില്ലെന്ന് അനുഭവം നമ്മളെ പഠിപ്പിക്കുന്നു.
"അഖിലാ, എനിക്കിങ്ങനെ ഒരു വലിയ നന്മ ഡോക്ടര്‍ ആന്‍ മേരി ചെയ്ത കാര്യം പരസ്യപ്പെടുത്തിയേക്കരുത്. അതവര്‍ക്ക് പല പ്രശ്നങ്ങളുമുണ്ടാക്കും. എന്നെ സഹായിച്ചതിനു പിന്നിലെ കാണാച്ചരടുകള്‍ തേടി ആരെങ്കിലുമിറങ്ങിയാല്‍ അത് എല്ലാവര്‍ക്കും പൊല്ലാപ്പാകും."
"സുധീഷേട്ടന്‍ കുറ്റവാളിയെ എന്തിനിങ്ങനെ പൊതിഞ്ഞു പിടിക്കുന്നു. എനിക്കതിഷ്ടമല്ല."
"അഖിലാ, പീഡനം പോലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവന്‍റെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ ഇവരെല്ലാം അതിന്‍റെ ദുരന്തഫലം അനുഭവിക്കുന്നുണ്ട്. കുറ്റവാളിയുടെ സകല പ്രതിച്ഛായയും അതോടെ നഷ്ടപ്പെടും. അയാള്‍ ക്രൂരമായി ഒറ്റപ്പെടും. വലിയ ശിക്ഷയ്ക്കു പുറമെ കഠിനമായ അപമാനവും പേറേണ്ടിവരും. കുടുംബത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ നിരപരാധികളാണ്. അവരുടെ ജീവിതവും ഇതോടെ തകര്‍ന്നുപോകും."
"കുറ്റം നിരപരാധിയുടെ തലയില്‍ കെട്ടിവച്ചിട്ട് ഉയരങ്ങളില്‍ നിന്നുയരങ്ങളിലേക്ക് പറന്നുയരുന്നവനെ മഹാനായി വാഴ്ത്തണമെന്നാണോ? അങ്ങനെയുള്ളവനെ സിംഹാസനത്തില്‍ നിന്നു തള്ളിത്താഴെയിടണം. അവന്‍റെ മുഖംമൂടി അഴിച്ചെറിയണം. അവന്‍ ചെയ്തു കൂട്ടിയ കൊടുംപാതകങ്ങളുടെ ഫലം അവന്‍റെ ഭാര്യയും മക്കളും ബന്ധുക്കളുമനുഭവിക്കണം. അതാണ് ഞാന്‍ ആഗ്രഹിക്കുന്ന നീതി. ഡോക്ടര്‍ ആന്‍ മേരി ചെയ്തത് ഒരു മഹത്തായ പുണ്യമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പിന്നെ സുധീഷേട്ടന് വീട് വീണ്ടുകിട്ടിയതില്‍ സന്തോഷമുണ്ട്."
"അഖിലാ, വാര്‍ത്ത പത്രത്തില്‍ കൊടുക്കരുതെന്ന് ഉപദേശിച്ചത് ഡോക്ടര്‍ ആന്‍ മേരിക്കു വേണ്ടി മാത്രമല്ല, നിനക്കുവേണ്ടി കൂടിയാണ്. ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലായോ?"
"മനസ്സിലായി."
"ഇനി ഇഷ്ടംപോലെ ചെയ്തോളൂ. ഞാന്‍ നിര്‍ത്തുകാ"- സുധീഷ് കോള്‍ കട്ടാക്കി.
* * * *
പത്രമാഫീസില്‍ ഒരു വാഹനാപകടത്തിന്‍റെ വാര്‍ത്ത തയ്യാറാക്കുന്നതിനിടയ്ക്കാണ് ശരത്തിന് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറുടെ കോള്‍ വന്നത്. എസ്.ഐ. ശ്യാം കുമാര്‍ ശരത്തിന്‍റെ സഹപാഠിയുമായിരുന്നു.
"ഹലോ ശ്യാം. കൊള്ളാവുന്ന വാര്‍ത്ത വല്ലതുമുണ്ടോ?"
"പറയാം. താനിപ്പോള്‍ പത്രമാഫീസിലുണ്ടോ?"
"ഉണ്ട്. അല്പം തിരക്കിലാ."
"എപ്പഴാ തെരക്കു കുറയുന്നെ."
"ഒരു രണ്ടുമണിക്കൂറു കഴിഞ്ഞാ ഫ്രീയാകും."
"എങ്കില്‍ അപ്പോഴെന്‍റെയടുത്തൊന്നു വരണം."
"എന്താ സാറെ വിഷയം?"
"ഫോണില്‍ കൂടെ പറയാവുന്ന കാര്യമല്ല. അല്പം മുമ്പ് അറസ്റ്റിലായ ഒരുത്തന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാ. ആള് കള്ളടിച്ചിട്ടുണ്ട്. പറയുന്നത് അങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല. തള്ളിക്കളയാനും കഴിയുന്നില്ല."
"ഞാന്‍ വന്നു കാണാം ശ്യാം."
"ശരി വയ്ക്കുകാ." എസ്.ഐ. ശ്യാം കുമാര്‍ കോള്‍ കട്ടാക്കി.
കൃത്യം അഞ്ചു മണിക്ക് ശരത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി. ഇന്‍സ്പെക്ടര്‍ ശ്യാം കുമാര്‍ വലിയ തിരക്കിലായിരുന്നു അപ്പോള്‍. ചോദ്യം ചെയ്യലും വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ എസ്.ഐ.യുടെ മുറിയില്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ചേ മുക്കാലായപ്പോള്‍ ശരതിന് അകത്തു കയറാന്‍ പറ്റി.
"ശരത് ഇരുന്ന് മുഷിഞ്ഞു കാണും. സോറി. ഞങ്ങടെ പണി പെട്ടെന്ന് 'ഫയലടച്ചു' വയ്ക്കുന്നതുപോലെ നിര്‍ത്താന്‍ പറ്റില്ലല്ലോ."
"ഒരു കുഴപ്പോമില്ല. ഞാനെല്ലാം പുറത്തെ കസേരയിലിരുന്ന് ആസ്വദിക്കുയായിരുന്നു. പോലീസിപ്പോള്‍ ജനമൈത്രിയാണെന്ന് മറക്കരുത്."
"അതിന് മൈത്രിയല്ലാത്തതൊന്നും ഞാന്‍ പറയുകേം പ്രവര്‍ത്തിക്കുകേം ചെയ്തില്ലല്ലോ."
"ഇല്ല. പോലീസിന്‍റെ രീതി മാറിയ കാര്യം സൂചിപ്പിച്ചെന്നേയുള്ളൂ. ശ്യാം കാര്യത്തിലേക്ക് വാ."
"ശരത്തേ, നമ്മുടെയൊരു ട്രാഫിക് പോലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് 'സുമേഷെ'ന്നൊരുത്തനെ കസ്റ്റഡിയിലെടുത്തത്. അവന്‍ വന്ന ബൈക്ക് സിഗ്നല്‍ തെറ്റിച്ച് കയറിയപ്പം ട്രാഫിക് പോലീസുകാരന്‍ പിടിച്ചപ്പഴാ വയലന്‍റായത്. ഇവിടെ സ്റ്റേഷനില്‍ കൊണ്ടുവന്നത്. രണ്ട് ചാര്‍ത്തിയപ്പം അവന്‍റെ 'പൂസ്' ഇറങ്ങി. ചോദ്യം ചെയ്തപ്പം അവന്‍ 'അണ്ണ'ന്‍റെ ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണെന്ന് പറഞ്ഞു. റിട്ടയേര്‍ഡ് ജസ്റ്റീസിനെ വരെ അവന്‍ തട്ടിക്കളഞ്ഞിട്ടുണ്ടെന്നും ഒരുത്തനും അതറിഞ്ഞിട്ടുമില്ലെന്നും പിടിച്ചിട്ടുമില്ലെന്നും പറഞ്ഞു. വെറുതെ ഭ്രാന്തു പറയുന്നതാണെന്നാ ആദ്യം തോന്നിയത്. അടുത്ത പ്രയോഗം നടത്തിയപ്പോള്‍ അവന്‍ കൊലപ്പെടുത്തിയ ആളിന്‍റെ പേരു പറഞ്ഞു. 'ഭാസുരചന്ദ്രവര്‍മ്മ' അങ്ങേര് വര്‍ഷങ്ങളോളം കെടന്ന് നരകിച്ച് ഒടുവില്‍ വീട്ടില്‍ കിടന്ന് മരിച്ച വിവരം എനിക്കു കൃത്യമായിട്ടറിയാം. ഞാനതു പറഞ്ഞപ്പം അവന്‍ പറയുന്നു 'സയനൈഡ്' കൊടുത്ത് കെളവനെ തട്ടിയതവനാണ്!"
ശരത് ഉദ്വേഗത്തോടെയാണതു കേട്ടത്.
"എന്തിനാണങ്ങേരെ കൊന്നതെന്നവന്‍ പറഞ്ഞോ?'
"ക്വട്ടേഷന്‍ കിട്ടിയിട്ടാണെന്ന്."
"ആരുടെ ക്വട്ടേഷനാണെന്ന് ശ്യാം ചോദിച്ചില്ലേ?"
"അതവന്‍ പറയില്ല. കൊന്നാലും പറയില്ലെന്ന്."
"പറയിക്കാനുള്ള മാര്‍ഗം എസ്.ഐ. ശ്യാം കുമാറിനറിയില്ലേ?"
"അവന്‍ പറഞ്ഞത് തീരെ നിസ്സാരമായി കാണണ്ട. ഒരുപക്ഷേ, അവന്‍ പറഞ്ഞത് സത്യമാണെങ്കിലോ?"
"ഭാസുര ചന്ദ്രവര്‍മ്മയെ എണ്‍പത്തിയാറാം വയസ്സില്‍ സൈനയിഡ് കൊടുത്തു കൊന്നിട്ട് ആര്‍ക്കെന്തു കിട്ടാനാ?"
"മുമ്പ് നടത്തിയ വിധിയുടെ പേരില്‍ ആര്‍ക്കെങ്കിലും മുന്‍ വൈരാഗ്യമുണ്ടായിക്കൂടേ?"
"സാധ്യതയുണ്ട്. ന്യായാധിപനെ 'മാന്തി'യെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടി വരുമോ?"
"അതിനു സാഹചര്യമില്ല. അദ്ദേഹത്തെ ദഹിപ്പിക്കുകയായിരുന്നു. സാമുദായികാചാരപ്രകാരം വിറകു കൂട്ടിയുള്ള ദഹിപ്പിക്കലായിരുന്നു."
"എങ്കില്‍ പിന്നെ അവന്‍ പറഞ്ഞത് സത്യമാണെങ്കിലും അവഗണിക്കുന്നതാകുമല്ലേ നല്ലത്. ഒരു തരത്തിലും തെളിയിക്കാന്‍ പറ്റില്ല."
"അതെ. അവനെ വിട്ടയച്ചാലും ശ്രദ്ധിക്കണം. എനിക്കു തോന്നുന്നത് അവന്‍ ഒരു നൊട്ടേറിയസ് ക്രിമിനലാണെന്നാ!"
"എങ്കില്‍ ഇവനിലൂടെ നീങ്ങിയാല്‍ അവന്‍റെ അണ്ണനിലേയ്ക്കും പിന്നെ അതിനപ്പുറത്തേക്കും നീങ്ങാം"- എസ്.ഐ. ശ്യാംകുമാര്‍ പറഞ്ഞു.
"അതെ." ശരത് ശരിവച്ചു.
അപ്പോള്‍ എസ്.ഐ.യുടെ ക്യാബിന്‍ ഡോറില്‍ ആരോ തട്ടിവിളിച്ചു.
"ആരാ?" – എസ്.ഐ. ശ്യാം കുമാര്‍ ഉച്ചത്തില്‍ ചോദിച്ചു.
"ഞാന്‍ അഡ്വ. ജോര്‍ജ് മാത്യു" – ആഗതന്‍ പറഞ്ഞു.
"എങ്കില്‍ പിന്നെ കാണാം സാറെ. ഞാനിറങ്ങുക." ശരത് എഴുന്നേറ്റ് യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി. അഡ്വക്കേറ്റ് ജോര്‍ജ് മാത്യു എസ്.ഐ.യുടെ മുറിയിലേയ്ക്കു കയറി.
(തുടരും)