ന്യായാധിപന്‍ – 17

ന്യായാധിപന്‍ – 17

ജോര്‍ജ് പുളിങ്കാട്

സബ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍ തനിക്കെതിരെ കസേരയിലിരിക്കുന്ന അഡ്വ. ജോര്‍ജ് മാത്യുവിനെ സൂക്ഷിച്ചു നോക്കി. ആളിന്‍റെ മുഖത്തല്പം പരിഭ്രാന്തിയുള്ളതുപോലെ; നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞിട്ടുണ്ട്; ചുണ്ടുകള്‍ വരണ്ടിരിക്കുന്നു.

"വക്കീല്‍ സാറ് ഏതു കോര്‍ട്ടിലാ പ്രാക്ടീസ് ചെയ്യുന്നത്?" – എസ്.ഐ. ശ്യാം തിരക്കി.

"ഹൈക്കോടതിയില്‍; സംശയമെന്തെങ്കിലുമുണ്ടെങ്കില്‍ ഐ.ഡി. കാര്‍ഡ് കാണിക്കാം. " അയാള്‍ പോക്കറ്റില്‍നിന്നും ഐ.ഡി. കാര്‍ഡെടുത്തു എസ്.ഐ. യെ കാണിച്ചു; അദ്ദേഹത്തിനതു ബോദ്ധ്യപ്പെട്ടു.

"സാറേ, ഇയാളെ പെട്ടെന്നങ്ങനെ ജാമ്യത്തില്‍ വിടാന്‍ കഴിയുന്ന സാഹചര്യമല്ല; കേസുകള്‍ പലതുണ്ട്. ട്രോഫിക് സിഗ്നല്‍ തെറ്റിച്ചു ബൈക്കോടിച്ചു. ട്രാഫിക് പൊലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങി. മദ്യപിച്ചാണു ഡ്രൈവിംഗ് നടത്തിയത്. ഇതിനൊക്കെ പുറമേ ഇവന്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണെന്നു സ്വയം വെളിപ്പെടുത്തി. ചെയ്ത ക്രിമിനല്‍ കുറ്റങ്ങള്‍ പറയുകയും ചെയ്തു. കേട്ടാല്‍ സാറ് അമ്പരക്കും. ഒരു മുന്‍ ജസ്റ്റിസിനെ സയനൈഡ് കൊടുത്തു കൊന്നിട്ടുണ്ടെന്നുവരെ അവന്‍ മൊഴി നല്കിയിട്ടുണ്ട്."

"എന്‍റെ സാറേ, സാറിതൊക്കെ വിശ്വസിച്ചോ? ട്രാഫിക് നിയമം ലംഘിച്ചതും പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയതുമൊക്കെ തെറ്റുതന്നെയാ. വെളിപ്പെടുത്തലുകളൊക്കെ വെറും തമാശയാ, അവന്‍റെ വീമ്പുപറച്ചിലാ. അങ്ങനെ ചെയ്ത ഒരു ക്വട്ടേഷന്‍കാരന്‍ അതു പൊലീസിനോടു വിളിച്ചുപറയുമോ? ഇവന്‍ ഒന്നാംതരം മാനസികരോഗിയാ സാറെ. വെറുതെ പിടിച്ചുവച്ചു പൊല്ലാപ്പില്‍ ചാടരുത്."

"ഏതായാലും ഇതങ്ങനെ പെട്ടെന്നു വിടാന്‍ പറ്റില്ല. കേസ് ചാര്‍ജ് ചെയ്തു മജിസ്ട്രേറ്റിന്‍റെ മുമ്പില്‍ ഹാജരാക്കണം. റിമാന്‍ഡ് ചെയ്യേണ്ടി വരും. എന്നിട്ടു കസ്റ്റഡിയില്‍ വാങ്ങി ശരിക്കും ചോദ്യം ചെയ്യുകയും വേണം."

അഡ്വക്കേറ്റ് ജോര്‍ജ് മാത്യു തിടുക്കത്തില്‍ തന്‍റെ ബാഗില്‍ നിന്ന് ഒരു പേപ്പര്‍ തിരഞ്ഞെടുത്ത് എസ്ഐ ക്ക് നേരെ നീട്ടി.

"സാറിത് വായിച്ചുനോക്ക്. മെഡിക്കല്‍ കോളജില്‍ മെന്‍റല്‍ ട്രീറ്റ്മെന്‍റ് നടത്തിയതിന്‍റെ രേഖയാണ്. സുമേഷിപ്പോള്‍ ഈ സ്റ്റേഷനില്‍ വച്ച് എന്നെയോ സാറിനെയോ അങ്ങു കുത്തിക്കൊലപ്പെടുത്തിയാലും അവനെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. പൊലീസ് പിടിച്ചു ഭ്രാന്താശുപത്രീലോട്ടാക്കുകയേയുള്ളൂ."

"സാറെങ്ങനെ ഇവനെ പിടിച്ച വിവിരമറിഞ്ഞു?"

"അതൊക്കെയറിഞ്ഞു. മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഉപയോഗമതല്ലേ? മറ്റാരുമല്ല, അവന്‍ തന്നെയാ എന്നെ ഫോണ്‍ വിളിച്ചു വിവരം പറഞ്ഞത്."

"എങ്കില്‍ അവന്‍ നല്ല വിവരവും വിവേകവുമുള്ള മാനസികരോഗിയാണല്ലോ?"

"ആയിരിക്കും. സാറ് ഞാന്‍ കാണിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ അവനു സ്റ്റേഷന്‍ ജാമ്യം അനുവദിക്കണം."

"സാറ് ഉത്തരവിടുകയാണോ?" – ശ്യാംകുമാറിന്‍റെ മുഖമിരുണ്ടു.

"അല്ലാ, ഞാന്‍ റിക്വസ്റ്റ് ചെയ്യുകയാണ് സാര്‍."

എസ്.ഐ. ശ്യാംകുമാര്‍ ചിന്താധീനനായി തന്‍റെ കസ്റ്റഡിയില്‍ കിട്ടിയിരിക്കുന്നവന്‍ ചില്ലറക്കാരനല്ലെന്നു ബോദ്ധ്യമായി. പിന്നില്‍ വലിയവരുണ്ട്. മെന്‍റല്‍ ട്രീറ്റ്മെന്‍റ് നടത്തിയതിന്‍റെ രേഖ ഒരു പ്രശ്നം തന്നെയാണ്. മാനസികരോഗിയെ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചെന്നൊക്കെ പരാതിയുണ്ടായാല്‍ പണി കിട്ടും.

"സാറേ, ഒത്തിരി ആലോചിക്കണ്ട. എന്‍റെ ജാമ്യത്തില്‍ സാറിവനെ വിട്ടില്ലെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ മുകളില്‍ നിന്നു വിളിയുണ്ടാകും; വിടേണ്ടി വരും. സാറിനെതിരെ നടപടിയുമുണ്ടാകും. മറ്റൊന്നുകൂടി പറയാം. ഇവനിന്നു രാത്രി ലോക്കപ്പില്‍ തൂങ്ങിമരിച്ചാല്‍ എന്താകും സാറിന്‍റെ അവസ്ഥ്? അവനതിനും മടിക്കുന്നയാളല്ല. ചത്തിട്ടാണെങ്കിലും അവന്‍ സാറിനിട്ടു പണിയും."

നിരവധി സംശയങ്ങള്‍ മനസ്സിലുണ്ടായെങ്കിലും സുമേഷിനെ ജാമ്യത്തില്‍ വിടാന്‍ തന്നെ എസ്.ഐ. ശ്യാംകുമാര്‍ തീരുമാനിച്ചു. ജാമ്യത്തിനുവേണ്ടിയുള്ള വ്യവസ്ഥകളെഴുതി. മാനസികരോഗിയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണു വിട്ടയയ്ക്കുന്നതെന്നു വ്യക്തമായി രേഖപ്പെടുത്തപ്പെട്ടു. സുമേഷിനെ ലോക്കപ്പില്‍ നിന്നും എസ്.ഐ.യുടെ മുറിയിലേക്കു കൊണ്ടുവന്നു. അവന്‍റെയും അഡ്വക്കേറ്റിന്‍റെയും മുഖങ്ങളില്‍ വിജയഭാവം തെളിഞ്ഞുകണ്ടു.

"എടാ… ഒത്തിരിയങ്ങു നെകളിക്കല്ലേ? ഇനിയെന്നെങ്കിലും പൊലീസിന്‍റെ ദേഹത്തു നീ കൈവച്ചാല്‍ ആ കൈ ഞാനിങ്ങോട്ടു പറിച്ചെടുക്കും… ഇറങ്ങിപ്പോടാ…" – എസ്.ഐ. ശ്യാം കുമാര്‍ അലറിപ്പറഞ്ഞു.

വക്കീലിനൊപ്പം സുമേഷ് സ്റ്റേഷനില്‍ നിന്നിറങ്ങി നടന്നു.

ഏ.എസ്.ഐ. സുനില്‍ കുമാര്‍ അകത്തേയ്ക്കു കയറിവന്നു. അയാള്‍ എസ്.ഐ.യെ സല്യൂട്ട് ചെയ്തു.

"സാറേ, പറഞ്ഞുവിട്ടതു നന്നായി. കൊണ്ടുവന്നപ്പം നല്ലപോലെ കൊടുത്തിട്ടുണ്ട്. മൂലത്തില്‍കൂടെ ചോര പോയി. അവന്‍ ഒറപ്പായിട്ടും ക്വട്ടേഷനാ."

"അവനു മാനസികരോഗമുണ്ടെന്നും പറഞ്ഞുള്ള കത്തുംകൊണ്ടാ വക്കീലു വന്നത്. നാളെ പത്രക്കാരും ചാനലുകാരുംകൂടെ പൊലീസിന്‍റെ മുതുകത്ത് കേറാന്‍ വരാതിരുന്നാ മതി" – എസ്.ഐ. പറഞ്ഞു.

"ഒന്നും വരുകേല സാറെ. വന്നാലും അവര്‍ക്കു കാണാന്‍ ഒരടയാളോം ഉണ്ടാക്കീട്ടില്ല. അകത്തുള്ളതൊക്കെ ഇടിച്ചുകലക്കിയതേയുള്ളൂ" – സുനില്‍കുമാര്‍ പറഞ്ഞു.

"പത്രക്കാരോ ചാനലുകാരോ വിളിച്ചാല്‍ ഇവിടെയിങ്ങനെയൊരു സാധനത്തിനെ പൊക്കീട്ടുമില്ല, വിട്ടിട്ടുമില്ല; ഓര്‍ത്തോണം."

"ശരി സാര്‍" – സുനില്‍ കുമാര്‍ ഇറങ്ങിപ്പോയി.

രാത്രി പത്തു മണിയായപ്പോള്‍ മലയാളം ഡെയ്ലിയില്‍നിന്നും ശരത് എസ്.ഐ.യെ വിളിച്ചു. സ്റ്റേഷനിലപ്പോള്‍ തിരക്കൊട്ടുമില്ലായിരുന്നു.

എസ്.ഐ. കോള്‍ അറ്റന്‍ഡ് ചെയ്തു.

"ഹലോ ശരത്തേ, നീയിതുവരെ പത്രത്തീന്നു പോയില്ലേ?"

"പോയല്ലോ. ഞാനെന്‍റെ ലോഡ്ജിലെ മുറീലാ."

"സുമേഷിനെ വക്കീലിന്‍റെ കൂടെ പായ്ക്ക് ചെയ്തു.

"ശരതേ, ഇവന്‍റെയൊക്കെ ബന്ധോം എടപാടുകളും മനസ്സിലായില്ലേ?"

"മനസ്സിലായി. അവന്‍ വലിയ മഞ്ഞുമലയുടെ ഒരു ചെറിയ അറ്റമാ. നമ്മളവനെ കയറിപ്പിടിച്ചാല്‍ നമ്മുടെ തലയും കൊണ്ടുപോകും. പൊലീസിനെ കൈവച്ചവനെ 'അതിന്‍റെ' മനസ്സിലാക്കിക്കൊടുത്തേ സാധാരണ വിടാറുള്ളൂ. മാനസികരോഗത്തിന്‍റെ സര്‍ട്ടിഫിക്കറ്റും കൊണ്ടാ വക്കീലു വന്നത്. അതു യഥാര്‍ത്ഥത്തിലുള്ളതാണോ, നിര്‍മിച്ചതാണോന്നു കൃത്യമായിട്ടു പറയാന്‍ പറ്റില്ല."

"ശ്യാം, നമ്മള് പത്രക്കാരും പൊലീസുമൊക്കെ ഒരു സെയ്ഫ് കോര്‍ണറില്‍ കളിക്കുന്നതാ നല്ലത്. ലോകം നന്നാക്കാന്‍ നമ്മളെക്കൊണ്ടൊന്നും പറ്റുകേല. ഞാനതു മനസ്സിലാക്കി വരികയാ."

"ഇങ്ങനെ പറഞ്ഞാലും ശരത്തിനും ഒരു പെണ്ണുണ്ടല്ലേ; അഖിലാ ആനന്ദ്. അവളും കസറുന്നുണ്ട് പത്രത്തില്‍ക്കൂടെ. എന്നെങ്കിലും ഒരിക്കല്‍ ഈ പാവം പൊലീസുകാരന്‍റെ വിഷമതകളുംകൂടെ ഒന്നെഴുതിയേക്കണം. ഏറ്റവും താഴെ പഞ്ചായത്ത് മെമ്പര്‍ തുടങ്ങി മുകളില്‍ മന്ത്രിമാര്‍വരെ പൊലീസിനെയിട്ടു 'വട്ടുതട്ടുകാ.' ചില നേരത്ത് ഭ്രാന്ത് പിടിക്കുമെന്നുപോലും തോന്നിപ്പോകും."

"ശ്യാം, ഇതുവരെയറിയാത്ത, മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ മാത്രമെഴുതുന്ന ഒരു പുസ്തകം എഴുതപ്പെടും. ത്രില്ലര്‍ നോവലുകളേക്കാള്‍ ആകാംക്ഷയോടെ ജനം അതു വായിക്കും. ഭരണാധികാരികളും നീതിപാലകരും ക്രമസമാധാനപാലകരും ന്യായാധിപന്മാരും കളളന്മാരും വേശ്യകളും ക്രിമിനല്‍ സംഘങ്ങളും ആരുമറിയാതെ നടത്തുന്ന കേസ് അട്ടിമറികളും കൊലകളും അതിലുണ്ടാകും. ഇന്നു ശ്യാം പിടികൂടി തലോടിവിട്ട സുമേഷിനും അതിലൊരു റോളുണ്ട്. ലോക്കപ്പുമുറിയില്‍ കുന്തിച്ചിരിക്കുന്ന അവന്‍റെയൊരു ഫോട്ടോ ഞാനെടുത്തിട്ടുണ്ട്. ഒരു അണലിയാണു ശ്യാമിന്‍റെ കണ്‍മുമ്പിലൂടെ ഇഴഞ്ഞുപോയത്."

"ശരത്, താനതു വാര്‍ത്തയാക്കരുത്. അവന്‍റെ പടം കൊടുക്കരുത്. പൊലീസിനെ കയ്യേറ്റം ചെയ്തവനെ ജാമ്യത്തില്‍ വിട്ടെന്നു പറഞ്ഞ് എനിക്കെതിരെ നീക്കം ആരംഭിച്ചു കഴിഞ്ഞു."

"പത്രത്തിലൊന്നും വരത്തില്ലെടോ. പുസ്തകത്തില്‍ ചേര്‍ക്കും. എങ്ങനെ കിട്ടി, ഏതു ജയില്‍, ഏതു സ്ഥലം എന്നൊന്നും വ്യക്തമാക്കി സാറിനു വിഷമമുണ്ടാക്കില്ല."

"എങ്കില്‍ ശരി. നല്ലതു വരട്ടെ. ഇവിടെയടുത്തൊരു അപകടമുണ്ടായി. എനിക്കെത്തണം; വയ്ക്കുകയാ" – സബ് ഇന്‍സ്പെക്ടര്‍ ശ്യാം കുമാര്‍ ഫോണ്‍ കട്ടാക്കി.

*********

വ്യാഴാഴ്ച! രാവിലെ എട്ടര മുതല്‍ തുടര്‍ച്ചയായ സര്‍ജറികളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോ. ആന്‍ മേരി. രണ്ടരയായപ്പോള്‍ അല്പം ചോറു കഴിക്കാനും ഇത്തിരി വിശ്രമിക്കാനും കഴിഞ്ഞു. ക്യാബിനില്‍ സ്വസ്ഥമായിരിക്കുമ്പോള്‍ അവര്‍ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കി. മകള്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിലെ മേട്രന്‍റെ പത്തു മിസ്ഡ് കോളുകള്‍! ഹൊ! എന്തായിരിക്കും? അവര്‍ പെട്ടെന്നു തന്നെ മേട്രണ്‍ സൂസന്‍ തോമസിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു; എന്‍ഗേജ്ഡാണ്. പിന്നെയും പല പ്രാവശ്യം ട്രൈ ചെയ്തെങ്കിലും അവരെ ലൈനില്‍ കിട്ടിയില്ല. പെട്ടെന്നു നഴ്സ് ശ്രീരേഖ ക്യാബിനിലേക്കോടിക്കയറി വന്നു.

"ഡോക്ടര്‍, റൂം നമ്പര്‍ സെവന്‍റീനിലെ അനുപ്രിയ എന്ന പേഷ്യന്‍റിനു ബ്ലീഡിങ്ങാ" – ശ്രീരേഖ പറഞ്ഞു.

"ഞാന്‍ വരാം" – ഡോ. ആന്‍മേരി അവര്‍ക്കൊപ്പം റൂം നമ്പര്‍ സെവന്‍റീനിലേക്കോടി. വല്ലാത്ത ഒരു കണ്ടീഷനിലായിരുന്നു അനുപ്രിയ. ഡോ. വര്‍ഗീസ് മാത്യുവിന്‍റെ പേഷ്യന്‍റാണ്. അദ്ദേഹം ഓപ്പറേഷന്‍ തിയ്യറ്ററിലും! ഡോ. ആന്‍ മേരിയും നഴ്സുമാരും അതീവ ജാഗ്രതയോടെ ഓരോന്നും ചെയ്തു. അര മണിക്കൂര്‍ നേരത്തെ ശ്രമങ്ങള്‍കൊണ്ടു പേഷ്യന്‍റ് അപകടനില തരണം ചെയ്തു. അനുപ്രിയ കണ്ണു തുറന്നു. ആഹ്ലാദവും ആശ്വാസവുംകൊണ്ട് അരികിലുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷ് കുമാര്‍ വിങ്ങി വിതുമ്പി.

"ഡോക്ടര്‍… ഡോക്ടര്‍ ഈശ്വരനാണ്, ഭഗവാനാണ്" – ആന്‍ മേരിക്കു മുമ്പില്‍ കൈ കൂപ്പികൊണ്ട് അയാള്‍ പറഞ്ഞു.

ഡോ. ആന്‍ മേരി അയാളുടെ ചുമലില്‍ കൈവച്ചു.

"ഇങ്ങനെയൊക്കെ പറയാതെ. ഞാന്‍ റെുമൊരു മനുഷ്യ സ്ത്രീ മാത്രം. എനിക്കു പറ്റുന്നതു ഞാന്‍ ചെയ്തു. കൈവിട്ടു പോകേണ്ടതായിരുന്നു, അനു പ്രിയ. ദൈവം രക്ഷിച്ചു. ഇനി പേടിക്കാനൊന്നുമില്ല കേട്ടോ…" അങ്ങനെ പറഞ്ഞിട്ട് അവര്‍ അവിടെനിന്നു തന്‍റെ റൂമിലേക്കു പോയി. ഡോ. ആന്‍മേരിയുടെ മനസ്സില്‍ മകളെക്കുറിച്ചുള്ള ആധിയായിരുന്നു. അവള്‍ക്കെന്തെങ്കിലും അസുഖമാണോ? അതോ വല്ല അപകടവും പറ്റിയോ? റൂമിലെ കസേരയിലിരുന്നപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. മേട്രണ്‍ സൂസന്‍ തോമസിന്‍റെ ഫോണ്‍!

"ഹലോ ഡോക്ടര്‍…"

"ഹലോ സൂസന്‍. ഒത്തിരി തവണ വിളിച്ചല്ലോ? എന്താ വിശേഷം? അവള്‍ക്കെന്തെങ്കിലും?"

"ഫെമിക്ക് ഒരു വിശേഷവുമില്ല. സുഖമായിരിക്കുന്നു."

"പിന്നെ…. വിളിച്ചത്?"

"പഠനത്തില്‍ ഫെമി ഒന്നിനൊന്നു പിന്നോട്ടു പോകുകാ; താത്പര്യമില്ലാത്തതുപോലെ."

"ഹൊ! അവള്‍ അങ്ങനെയായിരുളല്ലല്ലോ. ആരോഗ്യപ്രശ്നങ്ങളെന്തെങ്കിലുമുണ്ടോ മേഡം?"

"അങ്ങനെയൊന്നുമില്ല. ടീച്ചേഴ്സിനൊന്നും ഡോക്ടറെ വളിച്ച് ഇക്കാര്യം പറയാന്‍ പേടിയാ. ഫെമിയുടെ പപ്പായും ഡോക്ടറുമൊക്കെ വലിയ സ്ഥാനത്തുള്ളവരായതു കൊണ്ടാ."

"ശ്ശെ! അങ്ങനെയൊക്കെ പറയാതെ. എല്ലാവരെയുംപോലെ കണ്ടാല്‍ മതി. സൂസന്‍ എന്താണെങ്കിലും തുറന്നു പറയ്."

"അവള്‍ക്കു കോളജിനു പുറത്ത് ഏതോ ഒരുത്തനുമായി അടുപ്പമുണ്ട്. മനസ്സിലാക്കിയിടത്തോളം അവന്‍റേതു മോശമായ പശ്ചാത്തലമാണ്. സൂക്ഷിക്കണേ മേഡം"

ഡോക്ടര്‍ ആന്‍ മേരി സ്തബ്ധയായി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org