Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 21

ന്യായാധിപന്‍ – 21

Sathyadeepam

ജോര്‍ജ് പുളിങ്കാട്

ഒരുകാലത്ത് അടുക്കളപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന സുചിത്രയുടെ പണിതീര്‍ത്ത ആ ബംഗ്ലാവിന്‍റെ ഗെയ്റ്റിനു മുമ്പില്‍ ശരത് കറില്‍ ചെന്നിറങ്ങി. മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള കൂറ്റന്‍ ഗെയ്റ്റായിരുന്നു അത്. യൂണിഫോം ധരിച്ച സെക്യൂരിറ്റിക്കാരന്‍ അടുത്തേയ്ക്കു വന്നു.

“സുചിത്ര മാഡത്തെ കാണാനാണോ?” – അയാള്‍ തിരക്കി.

“അതെ.”

“എവിടെ നിന്നാ?”

“കോട്ടയം.”

“എന്തെടുക്കുന്നു?”

“ഞാനൊരു ജേര്‍ണലിസ്റ്റാ.”

“എന്നു പറഞ്ഞാല്‍ പത്രക്കാരനാണോ?”

“അതെ.”

“അങ്ങനെയുള്ള ഒരാളെയും അകത്തു കയറ്റേണ്ടന്നു കര്‍ശന നിര്‍ദ്ദേശമുണ്ട്; പൊയ്ക്കോ.”

“അതെന്താ അങ്ങനെ? ഇവിടെ അങ്ങനെ മോശമായ എന്തെങ്കിലും നടക്കുന്ന സ്ഥലമാണോ?”

“അങ്ങനെ പറയാതെ. ദയവായി നിങ്ങള്‍ എന്നെ വെറുതെ ബുദ്ധിമുട്ടിക്കരുത്. ചാനലുകാര്, ഫോട്ടോഗ്രാഫര്‍മാര്‍, പത്രക്കാര്‍ തുടങ്ങിയവരെയൊന്നും കയറ്റിവിടാതിരിക്കാനാ പ്രധാനമായും ഞാനിവിടെ നില്ക്കുന്നത് അതുപോലെ വെളുപ്പിനെ വന്ന രണ്ടാളുകള്‍ മേഡവുമായി വളരെ പ്രധാനപ്പട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയുമാണ്. അവരു വളരെ നേരത്തെ അപ്പോയ്ന്‍റ്മെന്‍റെടുത്തു വന്നതാ. അപ്പോയ്ന്‍റ്മെന്‍റ് കിട്ടാത്ത ആരെയും മേഡം എന്തു സാഹചര്യമായാലും കാണുകയില്ല” – സെക്യൂരിറ്റിക്കാരന്‍ തീര്‍ത്തു പറഞ്ഞു.

തന്‍റെ വരവ് നിഷ്പ്രയോജനമായെന്നു ശരത്തിനുതോന്നി. സുചിത്രയെ കാണാനോ സംസാരിക്കാനോ കഴിയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്ദര്‍ശനാനുമതി കിട്ടില്ല. മറ്റെന്തെങ്കിലും മേല്‍വിലാസത്തില്‍ ഒരുപക്ഷേ, കയറിക്കൂടാന്‍ കഴിഞ്ഞേക്കും. പക്ഷേ ഉദ്ദേശിക്കുന്നതുപോലെ ഒരു തുറന്നുപറച്ചില്‍ സുചിത്രയില്‍നിന്നു പ്രതീക്ഷിക്കണ്ട. ഒരു കാര്യം വ്യക്തമാണ്. അടുക്കളക്കാരി സാമ്പത്തികമായി ആകാശത്തോളം വളര്‍ന്നിരിക്കുന്നു. പണത്തിനൊപ്പം അഹങ്കാരവും കൂടിയിട്ടുണ്ട്. ഗെയ്റ്റിന്‍റെ അഴിയിലൂടെ ബംഗ്ലാവിനു നേര്‍ക്കു ശരത് നോക്കി. അതിശയിപ്പിക്കുന്ന കെട്ടിടം. ആകര്‍ഷകമായ ലോണും പൂന്തോട്ടവും. ജലപാതകള്‍!

“നിങ്ങള്‍ വെറുതെ ഇവിടെ നില്ക്കാമെന്നേയുള്ളൂ. വേഗം സ്ഥലം വിടുന്നതാണു നല്ലത്.” കാവല്‍ക്കാരന്‍റെ പറച്ചിലില്‍ നേരിയ ഭീഷണിയുടെ ധ്വനിയുണ്ടായിരുന്നു. ശരത് തിരികെ കാറില്‍ക്കയറി സ്റ്റാര്‍ട്ടാക്കി മുമ്പോട്ടെടുത്തു. സുചിത്രയുടെ ബംഗ്ലാവിനു സമീപം മറ്റു വീടുകളൊന്നുമില്ല. കുറേ ചെന്നപ്പോള്‍ റോഡരുകില്‍ ഒരു പെട്ടിക്കട കണ്ടു. കാര്‍ സൈഡൊതുക്കി നിര്‍ത്തി ശരത് ഇറങ്ങി. പെട്ടിക്കടയുടെ അടുത്തേയ്ക്കു ചെന്നു. ചെറുപ്പക്കാരനായ കടക്കാരന്‍ ആസ്വദിച്ചു ബീഡി പുകയ്ക്കുകയാണ്. ബീഡി വലിക്കുന്ന ചെറുപ്പക്കാര്‍ കുറവായ കാലത്ത് ഇവന്‍ സാധാരണ ബീഡിയല്ല പുകയ്ക്കുന്നതെന്നു തോന്നി.

“എന്താ വേണ്ടേ?” – ബീഡി കെടുത്തി മാറ്റിവച്ചുകൊണ്ടു കടക്കാരന്‍ തിരക്കി.

“ഒരു സോഡാ നാരങ്ങാവെള്ളം” – ശരത് പറഞ്ഞു.

“ഉപ്പോ? പഞ്ചസാരയോ?”

“പഞ്ചസാരമതി. ഇത്തിരി ഉപ്പും ചേര്‍ത്തേക്ക്.”

“ചെറുപ്പക്കാരന്‍ ഗ്ലാസെടുത്തു നന്നായി കഴുകി നാരങ്ങാവെള്ളം ഉണ്ടാക്കാനുള്ള ശ്രമമാരംഭിച്ചു.

“വീടുകളും കച്ചവടപ്പീടികയുമൊന്നുമില്ലാത്ത ഇവിടെ പെട്ടിക്കകട എങ്ങനെ പോകുന്നു?”

“ഒത്തിരി കച്ചവടമൊന്നുമില്ല. മാഡത്തെ കാണാന്‍ വരുന്നവരുടെ കച്ചവടമേയുള്ളൂ. വൈകുന്നേരം ഇതൊരു തട്ടുകടയാ. സാമാന്യം നല്ല ചെലവു കിട്ടും.”

“ഈ മേഡം ആളെങ്ങനെ?”

“അമ്പതിനു മേല്‍ പ്രായമുണ്ടെങ്കിലും ആള് സുന്ദരിയാ.”

“ഞാന്‍ ചോദിച്ചതു സ്വഭാവത്തെപ്പറ്റിയാ?”

“നല്ലൊന്നാന്തരം സ്വഭാവം. ഒത്തിരിപ്പേരെ സഹായിക്കുന്നുണ്ട്.”

“എങ്ങനെ പണം കൊടുത്താണോ?”

“ചേട്ടന്‍ സഹായം ചോദിക്കാന്‍ വന്നതാണോ?”

“അല്ല. വിവരമറിയാന്‍ ചോദിച്ചെന്നേയുള്ളൂ.”

“പൊലീസാണോ?”

“ഏയ് അല്ല.”

“പൊലീസുകാരുടെ തലപ്പത്തിരിക്കുന്നോരുമായിട്ടും രാഷ്ട്രീയത്തിലെ കൊലകൊമ്പന്മാരുടെയടുത്തും മേഡത്തിനു പിടിയുണ്ട്. മേഡം വിചാരിച്ചാല്‍ നടക്കാത്ത ഒരു കാര്യവും സൂര്യനു താഴെ ഈ ഭൂമിയിലില്ല.”

“സത്യമാണോ?”

“അതെ. തൂക്കുമരത്തില്‍ കിടന്നു ഊഞ്ഞാലാടേണ്ടവരെ മേഡം കൂളായി ഇറക്കിക്കൊണ്ടുപോന്നിട്ടുണ്ട്. ഇതൊന്നും വെറുതെ നടക്കത്തില്ല. പണം മുടക്കണം. അതിന് ഏക്കമുള്ളവരങ്ങോട്ടു ചെന്നാല്‍ മതി.”

“കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീട്ടില്‍ അടുക്കളപ്പണിക്കു നിന്നായാളാണെന്നു കേട്ടിട്ടുണ്ട്” – ശരത് പറഞ്ഞു.

“കറക്ടാ. നല്ല ഓറഞ്ചുപോലൊരു പെണ്‍കൊച്ചുണ്ടായിരുന്നു മേഡത്തിന്. അതിനെ ഒരാള് പീഡിപ്പിച്ചു കൊന്നു. ചെയ്തതു വലിയ ഒരാള്. ശിക്ഷിക്കപ്പെട്ടത് അയാളുടെ പാവപ്പെട്ട ഡ്രൈവര്‍! സ്വന്തം മകളെ കൊന്ന കേസൊതുക്കാന്‍ അമ്മ കൂട്ടുനിന്നു. അങ്ങനെ നല്ലൊരു തുക സമ്പാദിച്ചു. ഇന്നു അന്നത്തെ കുറ്റവാളി ഉന്നത നിലയിലാ. പദവി ഞാന്‍ പറയില്ല. പറഞ്ഞാല്‍ അതലക്ഷ്യമാകും; മനസ്സിലാകുന്നുണ്ടോ?

“ഉണ്ട്.”

“ഇനിയീ നാരങ്ങാവെള്ളമങ്ങ് കുടിക്ക്” – യുവാവു നന്നായി സ്പൂണ്‍കൊണ്ടടിച്ച സോഡാനാരങ്ങാവെള്ളം ശരത്തിനെടുത്തു നല്കി.

ശരത് അതു വാങ്ങി പെട്ടെന്നു കുടിച്ചുതീര്‍ത്തു.

“ഇരുപതു രൂപാ” – യുവാവ് പറഞ്ഞു.

ശരത് പോക്കറ്റില്‍നിന്നു രണ്ടു പത്തു രൂപാ നോട്ടുകളെടുത്തു നല്കി.

“നമ്മള്‍ പറഞ്ഞുവന്നതു തീര്‍ന്നില്ലല്ലോ?”

“ഇല്ല, ഇനിയൊന്നും പറയില്ല. ഒരു പരിചയോമില്ലാത്ത നിങ്ങളോട് ഇതൊക്കെ പറഞ്ഞതു ശരിയായില്ല. വലിയ ആളുകളെക്കുറിച്ചു പറയുമ്പം സൂക്ഷക്കണം.”

“ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കറിയാവുന്നതാ. അന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍ ഈയിടെ ശിക്ഷ കഴിഞ്ഞിറങ്ങി. ആ മനുഷ്യനു ഭാര്യയെയും മക്കളെയുമൊക്കെ അതിന്‍റെ പേരില്‍ നഷ്ടപ്പെട്ടു. കൊടുംചതിയാ അന്നു നടന്നത്” – ശരത് പറഞ്ഞു.

“അന്നു മാത്രമല്ല ഇന്നുംചതിയും വഞ്ചനയും തുടര്‍ന്നോണ്ടിരിക്കുകാ. എന്‍റെകണ്‍മുമ്പില്‍ ഈ പെട്ടിക്കടയുടെ മുന്നിലൂടെ വലിയ കാറകളില്‍ വരുന്നവരും പോകുന്നവരും ഈ നാട്ടിലെ കൊലകൊമ്പന്മാരാ. മേഡത്തിനു നിയമത്തിന്‍റെ തുഞ്ചത്തേയ്ക്കൊരു പാലമുണ്ടന്നറിയാവുന്നവര്‍! അവരെത്തുന്നതു പെട്ടികളില്‍ നോട്ടുകളുമായിട്ടാ. മേഡത്തിന്‍റെ വിഹിതമെടുത്തിട്ടു ബാക്കി കൃത്യമായി എത്തേണ്ടിടത്തെത്തുന്നുണ്ട്. ഈ ലോകം ഒട്ടും ശരിയല്ലല്ലോ സാറെ. സുധീഷ് എന്ന ഡ്രൈവര്‍ ജയിലീന്നെറങ്ങിയെങ്കില്‍ അവന്‍റെ ആയുസ്സെത്തിയെന്നേ എനിക്കു പറയാനുള്ളൂ.”

“നിങ്ങള്‍?”

“കള്ളും കഞ്ചാവുമൊക്കെ വലിച്ചുകേറ്റുന്ന ഒരു ‘തറ’പെട്ടിക്കടക്കാരന്‍.”

“എനിക്കങ്ങനെ തോന്നുന്നില്ല.”

“പിന്നെ?”

“എഡ്യൂക്കേറ്റഡാണെന്നു തോന്നുന്നു.”

“എങ്ങനെയറിഞ്ഞു?” – അയാള്‍ നെറ്റി ചുളിച്ചുകൊണ്ട് ശരത്തിനെ നോക്കി.

“ശരിയല്ലേ?”

“അതെ. ഞാനൊരു എം ടെക്കുകാരനായിരുന്നു. പി ഡബ്ല്യൂഡിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയറായിരുന്നു. ഞങ്ങടെ ഡിപ്പാര്‍ട്ടുമെന്‍റില്‍ നടക്കുന്ന കൊടും അഴിമതിക്കെതിരെ വര്‍ത്തമാനം പറഞ്ഞതുകൊണ്ടു കൈക്കൂലിക്കാരനാക്കി പുറത്താക്കി.”

“ഹൊ!” – ശരത് അതിശയിച്ചു.

“നടുങ്ങാനൊന്നുമില്ലാട്ടോ സാറെ. ഒട്ടും പുതുമയുള്ള കാര്യമല്ല ഇതൊന്നും. എനിക്കൊരു കാര്യത്തിലേ സങ്കടമുള്ളൂ. ഞാനേറ്റവുമധികം എതിര്‍ത്തതു കൈക്കൂലിയെയും പണികളിലെ തട്ടിപ്പിനെയുമാണ്. ഈ രണ്ടു തിന്മകളും ചെയ്തെന്നു വ്യാജരേഖയുണ്ടാക്കിയാണെന്നെ അവര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. വീട്ടിലും നാട്ടിലും സമൂഹത്തിലും ഞാനൊരു നികൃഷ്ടനാണിന്ന്. സ്വന്തം മനസ്സിനെ മരവിപ്പിക്കാനാണു ലഹരിയിലേക്കു വീണത്. അതല്ലെങ്കില്‍ ഉറപ്പായും ഞാനൊരു കൊലപാതകിയായെന്നിരിക്കും.”

“ഒന്നോ രണ്ടോ പേരെ കൊന്നാല്‍ ലോകം നന്നാകുമോ?”

“ഇല്ല. ചില വേരുകള്‍ അറുത്തുമാറ്റിയാല്‍ വന്മരങ്ങള്‍ നിലംപൊത്തും. വിഷപ്പൂവുകളും കായകളും മാത്രമുണ്ടാകുന്ന മരത്തെ വീഴ്ത്തിയാല്‍ അത്രയുമെങ്കിലുമാകും.”

“എനിക്കു താങ്കളോടു വിശദമായി സംസാരിക്കാനാഗ്രഹമുണ്ട്.”

“വേണ്ട; കൂടുതലാണു പറഞ്ഞത്. ഇനിയൊന്നുമില്ല. നിങ്ങളുടെ പേരില്‍ വലിയ കേസെന്തെങ്കിലും കോടതിയിലുണ്ടോ? അതോ മറ്റു വല്ലവരുടെയും ഇടനിലക്കാരനായെത്തിയതാണോ?”

“കേസില്ല. ഇടനിലക്കാരനുമല്ല. ഈ മേഡത്തെ ഒന്നു കാണാനും ഇത്തിരി സംസാരിക്കാനുമെത്തിയതാണ്.”

“എളുപ്പമല്ല; കൂര്‍മബുദ്ധിയാണ്. ഒറ്റനോട്ടത്തിലാളെ പഠിക്കും. ഒന്നും വിട്ടുപറയില്ല. തെറ്റുകളുടെ ഒരു കൂമ്പാരമാണാ സ്ത്രീ. സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കൊല ചെയ്തു റെയില്‍വേ ട്രാക്കിലെറിഞ്ഞവനുമായി ചങ്ങാത്തത്തില്‍ കഴിയുന്നവള്‍ ഒരു സ്ത്രീയാണെന്നു പറയാനേ പറ്റില്ല.”

ശരത് തന്‍റെ പോക്കറ്റില്‍ നിന്നും അഡ്രസ് കാര്‍ഡ് പുറത്തെടുത്തു പെട്ടിക്കടക്കാരനു നേരെ നീട്ടി.

“ഇതിരിക്കട്ടെ. എപ്പോഴെങ്കിലും ഒന്നു വിളിക്കാന്‍ തോന്നിയാല്‍ ഉപകരിക്കും”- ശരത് പറഞ്ഞു.

അയാള്‍ അതു വാങ്ങി. ഒന്നു നോക്കിയിട്ടു ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു.

“ഇതുവരെ പേരു പറഞ്ഞില്ലല്ലോ?” – ശരത് ചോദിച്ചു.

“സാഗര്‍ മാധവന്‍.”

“നല്ല ഗാംഭീര്യമുള്ള പേരാണ്” – ശരത് പ്രതികരിച്ചു.

സാഗറിന്‍റെ മുഖത്തു വിരസമായ ചിരിയുണ്ടായി.

“എന്‍റെയീ രൂപത്തിനും ജോലിക്കും തീരെ ഇണങ്ങാത്ത പേരാണെന്നു തോന്നുന്നുണ്ടാകും. എന്തു ചെയ്യാം. പാവം അച്ഛന്‍ വലിയ പ്രതീക്ഷയോടെയിട്ട പേരാണ്. വലിയവനാക്കാനാഗ്രഹിച്ചു പഠിപ്പിച്ചു. ചുമട്ടുതൊഴിലാളിയായിരുന്ന അച്ഛന്‍ മകനെ എന്‍ജിനീയറാക്കി. ടെസ്റ്റെഴുതി ജയിച്ചു സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും നേടി. പിന്നീടു സംഭവിച്ചതൊക്കെ ഞാന്‍ നേരത്തെ പറഞ്ഞതാണ്. എന്‍റെ തകര്‍ച്ചകള്‍ കാണാതെ ഒരപകടത്തില്‍ അച്ഛന്‍ മരിച്ചതു നന്നായെന്നു ചിലപ്പോള്‍ ചിന്തിക്കാറുണ്ട്.”

“ശരി. ഞാന്‍ പോട്ടെ” – ശരത് യാത്ര പറഞ്ഞു വാഹനത്തില്‍ കയറി.

പിറ്റേന്ന് ആകാംക്ഷയോടെയാണ് അഖില വിവരങ്ങളിയാന്‍ ശരതത്തിന്‍റെ അടുത്തെത്തിയത്.

“സാന്ദ്രയുടെയമ്മ എങ്ങനെ? ശരത്തിനോടു സഹകരിച്ചോ?” – അഖില ക്യാബിനില്‍ അവന്‍റെയടുത്തുനിന്നു ചോദിച്ചു.

ശരത് വെറുതെ പുഞ്ചിരിച്ചു.

“പെണ്ണേ, ആ കക്ഷിയെ കാണാന്‍പോലും കഴിഞ്ഞില്ല. അതു ഒട്ടുമെളുപ്പമല്ല. സാധിക്കുമെന്നു തോന്നുന്നില്ല.”

“പിന്നെ?” അഖിലയുടെ മുഖത്ത് ആകാംക്ഷയുണ്ടായി.

“അഖിലയിരിക്ക്. സാന്ദ്രയുടെ അമ്മയേക്കാള്‍ പ്രധാനപ്പെട്ട ഒരാളെ ഞാന്‍ കണ്ടു. അയാളില്‍ നിന്നു കിട്ടിയതു നടക്കുന്ന കുറേ വിവരങ്ങളാണ്” ശരത് പറഞ്ഞു.

അഖിലയ്ക്ക് ഉദ്വേഗമുണ്ടായി.

അവള്‍ അയാള്‍ക്കെതിരെ കസേരയിലിരുന്നു. അപ്പോള്‍ അഖിലയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. അതു സുധീഷിന്‍റേതായിരുന്നു. അവളതെടുത്തു.

(തുടരും)

Leave a Comment

*
*