Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 23

ന്യായാധിപന്‍ – 23

Sathyadeepam

ജോര്‍ജ് പുളിങ്കാട്

“ശരത്തും അഖിലയും കാറില്‍ നിന്നിറങ്ങി സുധീഷിന്‍റെ വീട്ടിലേക്കു നടന്നു. അവര്‍ മുറ്റത്തെത്തി നോക്കിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയാണ്. സമയമപ്പോള്‍ പതിനൊന്നു മണിയായിരുന്നു.

“അഖിലാ അയാള്‍ സ്ഥലംവിട്ടു പോയോ?” – ശരത് സംശയിച്ചു.

“അതിനു സാദ്ധ്യതയില്ല. രാത്രിയില്‍ ഞാന്‍ വിളിച്ചിരുന്നു. പത്തു കഴിയുമ്പോള്‍ എത്തുമെന്നു പറഞ്ഞതാണ്. ഞാനൊന്നു വിളിച്ചുനോക്കാം.”

“അങ്ങനെ പറഞ്ഞ് അഖില മൊബൈല്‍ഫോണെടുത്തു സുധീഷിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. പരിധിക്കപ്പുറത്താണെന്ന മറുപടിയാണു കിട്ടിയത്.

“ആള് മുങ്ങിക്കാണും. ഈ വീട്ടില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ലെന്നും അവളെ സ്വപ്നം കാണുന്നെന്നുമൊക്കെയല്ലേ പറഞ്ഞത്?”

“മുങ്ങാന്‍ സാദ്ധ്യതയില്ല. മിക്കവാറും കടയില്‍ നിന്നു വരുന്നതേ ഉള്ളായിരിക്കും” – അഖില പറഞ്ഞു.

“എന്തായാലും നമ്മള്‍ വന്നതല്ലേ കുറേ നേരം നോക്കാം” – ശരത് തിണ്ണയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരയില്‍ കയറിയിരുന്നു. അഖില ആ വീടും പരിസരവും നിരീക്ഷിച്ചുകൊണ്ടു മുറ്റത്തുതന്നെ നിന്നു.

അല്പം കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോറിക്ഷയില്‍ സുധീഷ് വന്നിറങ്ങി. അയാള്‍ തിടുക്കത്തില്‍ വീട്ടിലേക്കു നടന്നെത്തി. കയ്യില്‍ ചെറിയ പാഴ്സലുമുണ്ടായിരുന്നു.

“അഖിലാ, ഒത്തിരി നേരമായോ വന്നിട്ട്?” – സുധീഷ് തിരക്കി.

“ഇല്ല; കുറച്ചുനേരമേ ആയിട്ടുള്ളൂ.”

“ആരാ കൂടെയുള്ളയാള്‍? അഖിലയുടെ വിവാഹം കഴിഞ്ഞോ?”

“അയ്യോ ഇല്ല. ഇതെന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ശരത്. സുധീഷേട്ടനെ കാണാനുള്ള താത്പര്യംകൊണ്ട് ഒപ്പം പോന്നതാ.”

സുധീഷ് ശരത്തിനെ നോക്കി പുഞ്ചിരിക്കുകയും കൈ കൂപ്പുകയും ചെയ്തു.

“ഇന്നു കടയില്‍ നല്ല തിരക്കായിരുന്നു. അതാ വൈകിയെ. ഞാന്‍ പാഴ്സല്‍ കൊണ്ടുവന്നിട്ടുണ്ട്. ഒത്തിരി അകലേന്നു വരികയല്ലേ? വിശക്കുന്നുണ്ടാകും; കഴിക്കാം…”

“സന്തോഷം, നല്ല വിശപ്പുണ്ട്” – ശരത് പറഞ്ഞു.

സുധീഷ് പെട്ടെന്നു വീടു തുറന്ന് അകത്തു കയറി. ചെറിയ മേശയില്‍ രണ്ടുപേര്‍ക്കും അപ്പവും മുട്ട റോസ്റ്റും വിളമ്പി. കൈ കഴുകാന്‍ ബക്കറ്റില്‍ വെള്ളവും കപ്പും കൊണ്ടുവന്നു തിണ്ണയ്ക്കരികില്‍ വച്ചു. പെട്ടെന്നു കടുംചായയുണ്ടാക്കി. രുചികരമായ പാലപ്പവും മുമ്പൊരിക്കലും കഴിച്ചിട്ടില്ലാത്തവിധം ആസ്വാദ്യകരമായ താറാവിന്‍ മുട്ട റോസ്റ്റും രണ്ടു പേരും കഴിച്ചുതുടങ്ങി.

“മുട്ട റോസ്റ്റ് ഒരു ഫൈവ് സ്റ്റാര്‍ ക്വാളിറ്റിറ്റിയാണല്ലോ. ഇതൊക്കെ നാട്ടിന്‍പുറത്തു ചെറിയ വിലയ്ക്കു കൊടുക്കാന്‍ പറ്റ്വോ?” – ശരത് ചോദിച്ചു.

“അങ്ങനെയൊന്നുമില്ല സാര്‍. കഴിക്കുന്നോര്‍ക്കു ദോഷം വരാത്ത ചില പ്രത്യേക ചേരുവകളൊക്കെ ചേര്‍ക്കുന്നന്നേയുള്ളൂ” – സുധീഷ് പറഞ്ഞു.

“സുധീഷേട്ടന്‍ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ക്ഷീണിച്ചു. മുടിയും കണ്ടമാനം നരച്ചു.”

“അത്… ഞാന്‍ പറഞ്ഞില്ലേ കഴിഞ്ഞ ദിവസം.”

“എന്‍റെ സുധീഷേട്ടാ, ആ ഡോക്ടര്‍ ബാങ്കിലെ പണമമടച്ചു കടം വീട്ടിയെന്നോര്‍ത്ത് എന്തിനാ ഇത്ര വിഷമിക്കുന്നേ? സുധീഷേട്ടന്‍ വാ തുറന്നാല്‍ അവര്‍ രണ്ടാളുടെയും സകല പത്രാസും തീരും. ജനത്തിനു മുമ്പില്‍ അവര്‍ പുഴുത്ത പട്ടിയേക്കാളും അറയ്ക്കപ്പെടും. സുധീഷേട്ടന്‍റെ ജീവിതം തകര്‍ത്തത് അയാള്‍ കാരണമല്ലേ? പന്ത്രണ്ടു വര്‍ഷം തടവില്‍ കിടന്നത് അയാള്‍ക്കു വേണ്ടിയല്ലേ? അയാള്‍ കൊടുംവഞ്ചനയിലൂടെയല്ലേ സുധിഷേട്ടനെ ശിക്ഷിപ്പിച്ചത്? ഇതൊന്നും പോരാത്തതിനു ജീവനെടുക്കാന്‍ എത്ര പ്രാവശ്യം ശ്രമിച്ചു? സുധിഷേട്ടന്‍റെ സ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഏറ്റവും കൂടിയ അധികാരക്കസേരയിലിരിക്കുന്ന ആ കൊടുംപാപിയുടെ നേര്‍ക്കു ബോംബെറിയുമായിരുന്നു. അതല്ലെങ്കില്‍ നെഞ്ചില്‍ കത്തികയറ്റുമായിരുന്നു. സ്വന്തം മകളെ ആ കിരാതമൃഗത്തിന്‍റെയടുത്തേയ്ക്കയച്ചവള്‍ ഇന്നു കൊലയാളിയുടെ പ്രിയപ്പെട്ടവളായി കഴിയുകാ. ഇതൊന്നു മറിയാതെ വെറുതെ മനോവേദന തിന്നണ്ട സുധീഷേട്ടന്‍…” – അഖില കിതച്ചുകൊണ്ടു പറഞ്ഞുനിര്‍ത്തി.

അഖിലയുടെ ധാര്‍മികരോഷം ശരത് വിസ്മയത്തോടെ ശ്രദ്ധിക്കുകയായിരുന്നു. ഇവള്‍ പത്രപ്രവര്‍ത്തനരംഗത്തെ തീപ്പൊരിയായി തിളങ്ങിയ ആനന്ദ് മേനോന്‍റെ യഥാര്‍ത്ഥ സന്തതിതന്നെ! അവളുടെ വാക്കുകള്‍ സുധീഷിനെയും ആഴത്തില്‍ സ്പര്‍ശിച്ചു.

“ഞാന്‍… ഞാനെന്തെങ്കിലും കടത്തി പറഞ്ഞോ?” അഖില ശരത്തിനെയും സുധീഷിനെയും നോക്കി. അവരുടെ നിശ്ശബ്ദത അവളെ സംശയിപ്പിച്ചു.

“അഖില പറഞ്ഞതെല്ലാം ശരി മാത്രമാ. ഒട്ടും കൂടുതലില്ല. പക്ഷേ, ഞാനാരെയും ബോംബെറിയാനാഗ്രഹിക്കുന്നില്ല. ഒരാളോടുമിപ്പോള്‍ എന്‍റെ മനസ്സില്‍ വൈരാഗ്യവുമില്ല. പകയും വൈരാഗ്യവും പ്രതികാരചിന്തയുമൊക്കെ ജയിലിലെ ആദ്യ വര്‍ഷങ്ങളില്‍ എനിക്കുണ്ടായിരുന്നു. അതെല്ലാം കെട്ടടങ്ങി. ഇനിയും ആതാളിക്കത്തിക്കാന്‍ ആരു ശ്രമിച്ചാലും നടക്കുകയുമില്ല” – സുധീഷ് പറഞ്ഞു.

അഖിലയുടെ മുഖം വിളറി.

“ഞാന്‍ സുധീഷേട്ടനെക്കൊണ്ടു പ്രതികാരം ചെയ്യിക്കാന്‍ ശ്രമിച്ചതല്ല. ഇനിയുള്ള ജീവിതത്തില്‍ കുറച്ചൊക്കെ ആത്മധൈര്യം വീണ്ടെടുക്കാന്‍ വേണ്ടി പറഞ്ഞതാ.”

“അറിയാം; എനിക്കറിയാം” – സുധീഷ് പറഞ്ഞു.

“സുധീഷേട്ടാ, ജയിലില്‍ വച്ച് ഒരു പരിവര്‍ത്തനം മനസ്സിനെങ്ങനെയുണ്ടായെന്നറിയാന്‍ താത്പര്യമുണ്ട്” – ശരത് സൂചിപ്പിച്ചു.

“എന്നെ മാറ്റിയതു ചില പുസ്തകങ്ങളാണ്. ബൈബിളും ഗീതയും ഖുറാനും ഞാന്‍ വായിച്ചു; പല പ്രാവശ്യം. തന്നതും വായിപ്പിച്ചതും കുമാരേട്ടനാണ്. ജയിലില്‍ ജീവപര്യന്തം തടവിനു ശിക്ഷയനുഭവിച്ചിരുന്ന കുമാരേട്ടന്‍! നാട്ടിലെ വലിയ നേതാവും ലൈബ്രറേറിയനുമായിരുന്നു അദ്ദേഹം. എന്നെപ്പോലെ കുറ്റം ചെയ്യാതെ ശിക്ഷയനുഭവിച്ചയാള്‍. കാലാവധി തീരുംമുമ്പേ ജയിലില്‍വച്ചു മരിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വന്നില്ല. മിത്രങ്ങളെ കണ്ടില്ല. പാര്‍ട്ടിക്കാരും അറിഞ്ഞതായി ഭാവിച്ചില്ല. ജയില്‍ വളപ്പില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു.”

“ഞാന്‍ കേട്ടിട്ടുണ്ട് കുമാരേട്ടനെപ്പറ്റി. നാട്ടില്‍ വലിയ പേരുണ്ടായിരുന്ന ആളാണ്. വലിയ വാഗ്മിയും ചിന്തകനുമായിരുന്നു. ജയിലില്‍ പെട്ടുപോയിരുന്നില്ലെങ്കില്‍ എംഎല്‍എയും മന്ത്രിയുമൊക്കെയാകേണ്ടയാളായിരുന്നു” – ശരത് പറഞ്ഞു.

“പാര്‍ട്ടിക്കാര്‍ എതിര്‍പക്ഷത്തു തിളങ്ങിനിന്ന ഒരു ചെറുപ്പക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിസ്ഥാനം കുമാരേട്ടന്‍ ഏറ്റെടുക്കുകയായിരുന്നു. കൃത്യം നടന്നപ്പോള്‍ സ്ഥലത്തുപോലും ഇല്ലാതിരുന്ന കുമാരേട്ടന്‍ ശിക്ഷയില്‍നിന്നെളുപ്പം ഊരിപ്പോരുമെന്നാണ് എല്ലാവരും കരുതിയത്. വേണ്ടവിധം പാര്‍ട്ടി കേസ് നടത്തിയില്ല. കുമാരേട്ടനെ പാര്‍ട്ടിയിലെ എതിരാളികള്‍ അകത്തു കിടത്തുകയായിരുന്നു.”

“കുറ്റവാളികള്‍ പുറത്തും നിരപരാധികള്‍ അകത്തും എന്ന സ്ഥിതി ഉണ്ടാകുന്നുണ്ടല്ലേ ശരത്?” – അഖില അയാളെ നോക്കി.

“പാര്‍ട്ടിയോടു അമിതമായ കൂറും വിധേയത്വവും കാട്ടുന്ന ചിലര്‍ക്കൊക്കെ ഇങ്ങനെ സംഭവിക്കും. സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്താവന്‍ എവിടെയും പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടിവിടെ.”

“പ്രതികരിക്കാത്തതാണു സുധിഷേട്ടനും പറ്റിയ അബദ്ധം” – അഖില പറഞ്ഞു.

“സുധീഷേട്ടാ, ഈ കുമാരേട്ടന്‍ എന്ന വ്യക്തിയെപ്പറ്റി കുറച്ചുകൂടി അറിയാനാഗ്രഹമുണ്ട്.”

“പറയാം. പാര്‍ട്ടിക്കുവേണ്ടി കൊലക്കുറ്റം ഏറ്റെടുത്ത കുമാരേട്ടന്‍ പാര്‍ട്ടിനേതാക്കള്‍ വഞ്ചിച്ചെന്ന് അദ്ദേഹം മനസ്സിലാക്കി. കാര്യങ്ങള്‍ വെളിപ്പെടുത്താനും മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുക്കാനും പലരുമുപദേശിച്ചു. കുമാരേട്ടന്‍ വഴങ്ങിയില്ല. സ്വന്തം കുടുംബാംഗങ്ങള്‍ക്കു കുമാരേട്ടനോടു വലിയ ശത്രുതയുണ്ടായി. കുടുംബത്തിന്‍റെയും മക്കളുടെയും ഭാവി തകര്‍ന്നു. രണ്ടു പെണ്‍മക്കളായിരുന്നു കുമാരേട്ടന്. അവരുടെ വിവാഹം നടന്നില്ല. ഒരു കൊലപാതകിയുടെ മകളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാകില്ലല്ലോ?”

“ആ മനുഷ്യന്‍റെ ജീവിതം പൂര്‍ണപരാജയമായിത്തീര്‍ന്നുവല്ലേ?” – ശരത് ചോദിച്ചു.

“എന്നു പറയാനാവില്ല. അന്നു കൊലപാതകത്തിനു പിന്നില്‍ ചരടുവലിക്കുകയും കുമാരേട്ടനെ ജയിലില്‍ കുടുക്കുകയും ചെയ്തയാള്‍ പിന്നീടു എംഎല്‍എയും മന്ത്രിയുമായി. അയാള്‍ മന്ത്രിയായിരിക്കെ ജയില്‍ സന്ദര്‍ശിച്ചു. കുമാരേട്ടനെ കാണാന്‍ അപ്പോഴും ആ മനുഷ്യന്‍ കൂട്ടാക്കിയില്ല. തിരിച്ചടികളും തകര്‍ച്ചകളും ജീവിതത്തില്‍ ഒരുപാടുണ്ടായെങ്കിലും സമാധാനത്തോടെയും സംതൃപ്തിയോടെയുമാണദ്ദേഹം മരിച്ചത്. അവസാനം വരെയും അദ്ദേഹം പാര്‍ട്ടിവിശ്വാസിയായിരുന്നു. പാര്‍ട്ടി ഒരു പതിനെട്ടുകാരന്‍റെ ജീവനെടുത്തതില്‍ അദ്ദേഹം ദുഃഖിച്ചു. ജയില്‍ ശിക്ഷയനുഭവിച്ചതും പാര്‍ട്ടിക്കുവേണ്ടിയാണ്.”

“നിങ്ങള്‍ രണ്ടാളും ഒരേയവസ്ഥയിലൂടെ കടന്നുപോയവരാണല്ലോ സുധീഷേട്ടാ” – അഖില പ്രതികരിച്ചു.

“അതെ. ക്രിസ്തുവിന്‍റെയും ഗാന്ധിയുടെയും സോക്രട്ടീസിന്‍റെയും രക്തസാക്ഷിത്വം മറ്റുള്ളവര്‍ക്കുവേണ്ടിയായിരുന്നല്ലോ. ഞങ്ങള്‍ രണ്ടും തടവനുഭവിച്ചതും മറ്റുള്ളവര്‍ക്കുവേണ്ടിയാണ്” – സുധീഷ് പറഞ്ഞു.

അറിവും വിദ്യാഭ്യാസവുമൊക്കെ കൂടുതല്‍ നേടിയെങ്കിലും സുധീഷെന്ന സാധാരണ മനുഷ്യന്‍റെ മുമ്പില്‍ തങ്ങള്‍ തീര്‍ത്തും ചെറുതായിപ്പോകുന്നതുപോലെ ശരത്തിനും അഖിലയ്ക്കും തോന്നി.

സുധീഷേട്ടന്‍ ഭാര്യയെക്കറിച്ചും മകനെക്കുറിച്ചുമൊക്കെ ഓര്‍ക്കാറുണ്ടോ?”

“ഉണ്ട്. തനിച്ചിരിക്കുമ്പോള്‍ എല്ലാവരെക്കുറിച്ചുമുള്ള ഓര്‍മകള്‍ കയറിവരും. ചിലപ്പോള്‍ പൊട്ടിക്കരയും. എത്രയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞുവന്ന കുടുംബത്തിലിപ്പോള്‍ ഞാന്‍ മാത്രമാണ്. സുലേഖയ്ക്കും അനീഷിനും എന്നെ വെറുപ്പായിരിക്കും. കാണാന്‍പോലും ആഗ്രഹിക്കുന്നുണ്ടാവില്ല” – സുധീഷിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു.

“സുധീഷേട്ടന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവരറിയണം. അപ്പോള്‍ വിരോധവും ശത്രുതയും അലിഞ്ഞുപോകും. ഭാര്യയോടും മകനോടുമൊപ്പം ജീവിക്കണമെന്നു സുധീഷേട്ടനാഗ്രഹമില്ലേ?” – ശരത് ചോദിച്ചു.

“നടക്കാത്ത കാര്യങ്ങളെക്കുറിച്ചു പറഞ്ഞു എന്നെയെന്തിനു വേദനിപ്പിക്കുന്നു?” – സുധീഷ് ശരത്തിനെ ദീനമായി നോക്കി.

“സുധീഷേട്ടനെ പഴയ സന്തോഷത്തിന്‍റെ ദിനങ്ങളിലേക്കു തിരികെയെത്തിക്കാന്‍ കഴിയുമെന്നുതന്നെയാണു ഞാന്‍ കരുതുന്നത്. അതിനുവേണ്ടി ചിലതൊക്കെ ഞാനുടനെ ചെയ്യും” – ശരത് പറഞ്ഞു.

കേള്‍ക്കുന്നതു വെറും ആശ്വസിപ്പിക്കലാണെന്ന ഭാവമായിരുന്നു സുധീഷിന്. അയാള്‍ തോളിലെ തോര്‍ത്തുമുണ്ടുകൊണ്ടു മുഖമമര്‍ത്തിത്തുടച്ചു.

“സുധീഷേട്ടാ…” – അഖില വിളിച്ചു.

“ങും” – അയാള്‍ വിളി കേട്ടു.

“സുധീഷേട്ടന്‍ ഒരുപാടു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. ബൈബിളില്‍ ഏഴ് ഏഴുപതു പ്രാവശ്യം ക്ഷമിക്കണമെന്നു പഠിപ്പിച്ച ക്രിസ്തുവിനെയും ബൂട്ടിട്ടു മുഖത്തു ചവിട്ടിയവനോടു കാലു നൊന്തോ എന്നു ചോദിച്ച ഗാന്ധിജിയുമൊക്കെ മാതൃകയാക്കുകയാണു സുധീഷേട്ടനിപ്പോള്‍. ജെറുസലേം ദേവാലയത്തിലെ കള്ളക്കച്ചവടക്കാരെയും കപടനാട്യക്കാരെയും ചാട്ടവാറിനടിച്ചോടിച്ച ക്രിസ്തുവിന്‍റെ വ്യക്തിത്വമാണു ഞാനിഷ്ടപ്പെടുന്നത്. സുധീഷേട്ടന്‍ ക്ഷമിച്ചതുകൊണ്ടും സഹിച്ചതുകൊണ്ടും ഉയരങ്ങളിലെ അധമന്മാര്‍ നീതിയും നിയമവും ചവിട്ടിയരയ്ക്കുന്നു. അവരെ സിംഹാസനത്തില്‍ നിന്നു തള്ളിത്താഴെയിടാനാ ഞാങ്ങള്‍ ശ്രമിക്കുന്നത്. ഒരു മന്ത്രിയെ താഴെയിറക്കുകയും അധര്‍മിയായ ‘ന്യായാധിപനെ’തിരെ ലേഖനമെഴുതുകയും ചെയ്ത എന്‍റച്ഛന്‍ വീല്‍ച്ചെയറിലായി. എന്നിട്ടും മനസ്സിലെ തീയിന്നും ആളിക്കത്തുകയാണാ മനുഷ്യന്” – അഖില പറഞ്ഞു.

“ഞാനെന്തു ചെയ്യണം? അഖില പറയ്” – സുധീഷ് കൈ കൂപ്പിക്കൊണ്ടു ചോദിച്ചു.

“ഒന്നും ചെയ്യണ്ട. ധൈര്യത്തോടെ ഈ വീട്ടില്‍ ജീവിക്ക്. മറ്റൊന്നുമോര്‍ത്തു വേവലാതിപ്പെടണ്ട. ഡോക്ടര്‍ ആന്‍ മേരി ഇനിയും ചില നന്മകളൊക്കെ ചെയ്തെന്നിരിക്കും. അതവരുടെ ഭര്‍ത്താവിന്‍റെ കൂടിലതയ്ക്കു ദൈവശിക്ഷ കിട്ടാതിരിക്കാനാ.”

സുധീഷ് തലയാട്ടി സമ്മതിച്ചു.

ശരത്തും അഖിലയും പോകാനെഴുന്നേറ്റു.

(തുടരും)

Leave a Comment

*
*