Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 24

ന്യായാധിപന്‍ – 24

Sathyadeepam

ജോര്‍ജ് പുളിങ്കാട്

ഉച്ചകഴിഞ്ഞ് രണ്ടു മണി നേരം. ആനന്ദ്മേനോന്‍റെ വീട്ടുമറ്റത്ത് കറുത്ത ‘സ്കോഡാ’ കാര്‍ വന്നുനിന്നു. ഡ്രൈവര്‍ പുറത്തിറങ്ങി പിന്‍ഡോര്‍ തുറന്നപ്പോള്‍ ആകാശ നീലനിറമുള്ള വിലകൂടിയ പട്ടുസാരി ധരിച്ച സുന്ദരിയായ മദ്ധ്യവയസ്ക മെല്ലെ പുറത്തിറങ്ങി.

“മേഡം, ഇവിടെയാരുമില്ലെന്നു തോന്നുന്നല്ലോ” – ഡ്രൈവര്‍ അടഞ്ഞുകിടക്കുന്ന മുന്‍വാതില്‍ നോക്കി പറഞ്ഞു.

“ആളു കാണും മിക്കവാറും തനിച്ചായിരിക്കും; വീല്‍ച്ചെയറിലാ” – അവര്‍ പറഞ്ഞു.

“ഞാന്‍ ബെല്ലടിക്കാം” – ഡ്രൈവര്‍ സന്നദ്ധത അറിയിച്ചു.

“വേണ്ടാ. നീ കാറില്‍ തന്നെയിരുന്നോളൂ. ഞാന്‍ മാനേജ് ചെയ്തോളാം” അവര്‍ അങ്ങനെ പറഞ്ഞു വീടിന്‍റെ തിണ്ണയിലേക്കു കയറി കോളിംഗ് ബെല്ലടിച്ചു. അകത്തു വീല്‍ച്ചെയര്‍ ഉരുളുന്ന ശബ്ദമുണ്ടായി. നിമിഷങ്ങള്‍ക്കകം വാതില്‍ മെല്ലെ തുറക്കപ്പെട്ടു. ആഗത മെല്ലെ അകത്തേയ്ക്കു കയറി. ആനന്ദ് മേനോന്‍ വിസ്മയത്തോടെ അവരെ നോക്കി.

“സാറിന് എന്നെ മനസ്സിലായില്ലേ?” – അവര്‍ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.

“ഇല്ല” – മേനോന്‍ പറഞ്ഞു.

“മറക്കാന്‍ പറ്റാത്ത ഒരു ബന്ധം നമ്മള്‍ തമ്മിലുണ്ട്.”

“ഒരു പിടിയും കിട്ടുന്നില്ല; പേരെന്താ?”

“ഞാന്‍ ശോഭ.”

“എക്സ്പ്രസ്സില്‍ വര്‍ക്ക് ചെയ്തിരുന്ന ശോഭാ പ്രഭാകര്‍?”

“അയ്യോ, അല്ല. ഞാനങ്ങനെ ഒരിടത്തും വര്‍ക്ക് ചെയ്തിട്ടില്ല. ഒരിക്കല്‍ സാറെന്നെ വീട്ടില്‍ വന്നു കണ്ടിരുന്നു. ഞാനന്നവഗണിച്ചു വിട്ടു. എന്‍റെ സാഹചര്യം തീര്‍ത്തും മോശമായതുകൊണ്ടാണ്. സാര്‍ വന്നത് എന്നോടൊരു നന്ദി പറയാനായിരുന്നു.”

“ഈശ്വരാ! മനസ്സിലായി. നിങ്ങള്‍ ഒത്തിരി ഒത്തിരി മാറിപ്പോയിരിക്കുന്നു! ഇരിക്ക്… അങ്ങോട്ടിരിക്ക്.” ആനന്ദ് മേനോന്‍ വെപ്രാളപ്പെട്ടു. ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണത്തില്‍ മൃതപ്രായനായി നടുറോഡില്‍ ബോധമറ്റു കിടന്ന തന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിത്തിണ്ണയിലെത്തിച്ചു പ്രാണന്‍ രക്ഷിച്ചവളാണു മുമ്പില്‍!

ശോഭ അയാള്‍ക്കെതിരെ കസേരയിലിരുന്നു. മേനോന്‍റെ പരിമിതമായ സൗകര്യങ്ങളും തന്‍റെ ബംഗ്ലാവിലെ ആരെയും ആശ്ചര്യപ്പെടുത്തന്ന ആഡംബരങ്ങളും ശോഭ ഒരു നിമിഷം താരതമ്യപ്പെടുത്തി.

“മേനോന്‍ സാര്‍, നല്ല ചികിത്സ നടത്തിയാല്‍ ഈ വീല്‍ച്ചെയറില്‍ നിന്നൊരു മോചനമുണ്ടാവില്ലേ?” – ശോഭ ചോദിച്ചു.

“നട്ടെല്ലിന്‍റെ തകരാറ് ഭേദമാകില്ല ശോഭനേ. എഴുപത്തഞ്ചു കഴിഞ്ഞു. ഇനിയിങ്ങനെ കുറച്ചുകാലം കൂടെയൊക്കെ കഴിഞ്ഞങ്ങു പോകണം.”

“സാറെന്നെ കണ്ടപ്പോള്‍ അറിയാതിരുന്നതില്‍ അതിശയമില്ല. എനിക്കു നല്ല തടിവച്ചു. പഴയ ജീവിതം പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഞാനിന്ന് അറുപത്തഞ്ചുകാരനായ ഒരു കോടീശ്വരന്‍റെ ഭാര്യയാണ്. അയാളെന്നെ സ്നേഹിക്കുന്നുണ്ട്. രാജ്ഞിയെപ്പോലെ പരിപാലിക്കുന്നുണ്ട്. എനിക്കൊന്നിനും ഒരു കുറവുമില്ല. ഇരുപത്തഞ്ചു ലക്ഷത്തിന്‍റെ കാറിലാണു ഞാനിവിടെയെത്തിയത്. എന്‍റെ ജീവിതത്തില്‍ വന്ന ഈ മാറ്റം ചിലപ്പോള്‍ എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്നു. മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായിരന്ന അച്ഛന്‍ പതിനഞ്ചു വര്‍ഷം മുമ്പു മരിച്ചപ്പോള്‍ ആസ്ത്മ രോഗിയായ അമ്മയും അഞ്ചു പെണ്‍ മക്കളും അടങ്ങുന്ന ഞങ്ങളുടെ കുടുംബം തകര്‍ന്നുപോയി. വഴി തെറ്റിയ ജീവിതമല്ലാതെ എന്‍റെ മുമ്പില്‍ മറ്റൊരു മാര്‍ഗവുമുണ്ടായില്ല. നന്നായിട്ടു ജീവിക്കുന്നവരോടും പണക്കാരോടുമൊക്കെ എനിക്കു പകയായിരുന്നു. ആരോടും എനിക്കു സ്നേഹം തോന്നിയില്ല. ആരും എന്നോടു കാരുണ്യം കാട്ടിയുമില്ല. ജീവിതത്തില്‍ ഞാനാകെ ചെയ്ത ഒരു നല്ല കാര്യം സാറിനെയന്ന് ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചതു മാത്രമാ. അന്ന്, അപ്പോള്‍ എനിക്കങ്ങനെയങ്ങു തോന്നി. അതുകൊണ്ടായിരിക്കാം എനിക്കിന്നു ദൈവം സകല സൗഭാഗ്യങ്ങളും വാരിക്കോരി തന്നത്.”

ആനന്ദ്മേനോന്‍ വിരസമായി പുഞ്ചിരിച്ചു.

“ശോഭ അന്ന് എന്നെ രക്ഷിക്കുകയാണോ ശിക്ഷിക്കുകയാണോ ചെയ്തതെന്നാണു ഞാനിപ്പോള്‍ ചിന്തിക്കുന്നത്?” – ആനന്ദ് മേനോന്‍ പറഞ്ഞു.

“ജീവിച്ചിരിക്കുന്നത് അത്രയും വേദനാജനകമാണോ സാര്‍?”

“ഏതു മഹാരോഗിയും പടുവൃദ്ധനും ഒരു ദിവസം കൂടെയെങ്കിലും ഈ ഭൂമിയില്‍ ജീവിക്കാനാണാഗ്രഹിക്കുന്നത്. എന്‍റെ ജീവിതം നിഷ്പ്രയോജനമായ ഒന്നായിരിക്കുന്നു. വീട്ടിലെ മറ്റുള്ളവര്‍ക്കു പല ബുദ്ധിമുട്ടുകളും സഹനങ്ങളും ഞാന്‍ മൂലമുണ്ട്. ഭാര്യയും മകളും ഒന്നും പ്രകടിപ്പിക്കുന്നില്ല. ചിലപ്പോഴെങ്കിലും അവരുടെ മനസ്സില്‍ ഈ പാഴ് ജീവിതം തീര്‍ന്നു കിട്ടിയിരുന്നെങ്കിലെന്ന വിചാരമുണ്ടാകാതിരിക്കില്ല.”

“സാര്‍ പറഞ്ഞതിന്‍റെ പൊരുള്‍ അന്നു ഞാന്‍ സാറിനെ തിരിഞ്ഞുനോക്കാതെ പോകുകയായിരുന്നു നല്ലതെന്നാണ്.”

“അതെ. എങ്കില്‍ ഞാനില്ലാതെ ഈ ലോകം പത്തിലേറെ വര്‍ഷങ്ങള്‍ പിന്നിടുമായിരുന്നു. ജീവിച്ചിരിക്കുന്നതുകൊണ്ടു സമൂഹത്തില്‍ വളര്‍ന്നുപെരുകുന്ന തെറ്റുകളുടെ കൂമ്പാരം കണ്ടു മരവിച്ച മനസ്സുമായി കഴിയാമെന്നു മാത്രം.”

“അയ്യോ അല്ല. സമൂഹത്തിലെ ഉന്നതരുടെ ഭരണസാരഥ്യം വഹിക്കുന്നവരുടെ, സത്യത്തെയും നീതിയെയും ധര്‍മത്തെയും നിഷ്കരുണം ചവിട്ടിയരയ്ക്കുന്ന ന്യായാധിപന്മാരുടെ പ്രവൃത്തിയാണെന്നെ നോവിക്കുന്നത്.”

“സാര്‍ വലിയ കാര്യങ്ങള്‍ പറഞ്ഞാല്‍ എനിക്കു മനസ്സിലാവില്ല. എനിക്കു വലിയ വിദ്യാഭ്യാസമില്ല. കുടുംബപാരമ്പര്യമില്ല. ഞാനിതുവരെ ഇടപെട്ടിട്ടുള്ളവരൊക്കെ മോശപ്പെട്ടയാളുകളുമായിരുന്നു.”

“ശോഭ ഇപ്പോള്‍ പറഞ്ഞതൊന്നും ഒരു കുറവല്ല. അല്പമെങ്കിലും നന്മ ശേഷിക്കുന്നതു മുമ്പു സൂചിപ്പിച്ചആളുകളിലൊക്കെയാണ്.”

“സാമ്പത്തികമായിട്ടു ഞാനെന്തെങ്കിലും ചെയ്താല്‍ സാറിനതു കുറച്ചിലാകുമോ? എനിക്കിന്ന് അതിനൊക്കെ കഴിയും. പലരെയും ഞങ്ങള്‍ സഹായിക്കാറുണ്ട്.”

“ശോഭയോടു സഹായം പറ്റുന്നത് എനിക്ക് ഒരു കുറച്ചിലുമുള്ള കാര്യമല്ല. പക്ഷേ, വേണ്ട. ഭാര്യയ്ക്കു ജോലിയുണ്ട്; മകള്‍ക്കുമുണ്ട്. എനിക്കങ്ങനെ വലിയ ചെലവൊന്നുമില്ല. എന്നെ കാണാന്‍ വന്ന ശോഭയ്ക്ക് ഒരു ചായയെടുത്തു തരാന്‍ പോലും കഴിയില്ലല്ലോ.”

“ചായയൊന്നും വേണ്ട സാര്‍. ഞാന്‍ വന്നത് എന്‍റെ ഉയര്‍ച്ചയും പത്രാസും കാണിക്കാനൊന്നുമല്ല. എന്നോടു നന്ദി പറയാന്‍ അന്നു വീട്ടില്‍ വന്ന സാറിനെ മാനിക്കാതെ വിട്ടതിന്‍റെ വിഷമം തീര്‍ക്കാനാ. ഞാനിനി താമസിക്കുന്നില്ല. ഞാനങ്ങനെ അടുത്തുനിന്ന് ഏറെ നേരം മാറിനില്ക്കുന്നതു പുള്ളിക്കാരനിഷ്ടമല്ല” – അങ്ങനെ പറഞ്ഞു ശോഭ എഴുന്നേറ്റു.

ആനന്ദ് മേനോന്‍ സ്നേഹത്തോടെ അവളെ യാത്രയാക്കി. അദ്ദേഹം ആഴമായ ചിന്തയില്‍ മുഴുകി. ജീവിതത്തിലെ തെറ്റും ശരിയും സന്തോഷവും സങ്കടവും ഉയര്‍ച്ചയും താഴ്ചയും, സ്നേഹവും ദ്വേഷവുമൊക്കെ എത്ര പെട്ടെന്നു മാറി മറിയുന്നുവെന്നു ചിന്തിച്ചു. സമൂഹത്തിലെ അഴുക്കുചാലിലൂടെ മാത്രം സഞ്ചരിച്ച ശോഭയിപ്പോള്‍ മറ്റൊരു ജീവിതം തുടങ്ങിയിരിക്കുന്നു! ഒരിക്കല്‍ തന്‍റെയും കുടുംബാംഗങ്ങളുടെയും വയറു നിറയ്ക്കാന്‍ ശരീരം വില്ക്കേണ്ടി വന്നവള്‍ ഇന്നു മറ്റുള്ളവരെ പണം കൊടുത്തു സഹായിക്കുന്നു! ദൈവത്തിന്‍റെ കാരുണ്യം അവളിലൂടെ വര്‍ഷിക്കപ്പെടുകയാണ്. ഉന്നതരെന്നും മാന്യന്മാരെന്നും വാഴ്ത്തപ്പെടുന്ന പലരും സ്വാര്‍ത്ഥതയുടെ വാല്മീകത്തില്‍ അടയിരിക്കുമ്പോഴാണ് ഒരു തെരുവുവേശ്യയുടെ സഹജീവിസ്നേഹം!

വൈകുന്നേരം പതിവിലും നേരത്തെ അഖില വീട്ടിലെത്തി. അവള്‍ അച്ഛന്‍റെയടുത്തേയ്ക്കു ചെന്നു. മോനോന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടയാളം വച്ചു മടക്കി.

“അച്ഛാ… ഞാനിനി രണ്ടാഴ്ചത്തേയ്ക്കു സ്ഥാപനത്തില്‍ നിന്നു ലീവാ” – അഖില പറഞ്ഞു.

“എന്തിനാ മോളേ അത്?” – മേനോന്‍ തിരക്കി.

“എഴുതിക്കൊണ്ടിരിക്കുന്നതു പൂര്‍ത്തീകരിക്കാന്‍. ശേഖരിക്കേണ്ടതു മുഴുവന്‍ കിട്ടി. ഇനിയെല്ലാം അക്ഷരങ്ങളാക്കണം. ഒന്നുരണ്ടു പ്രാവശ്യം വായിച്ചുതിരുത്തണം. പിന്നെ അച്ചടിശാലയിലേക്കു കൊടുക്കണം.”

“മോളേ, നിന്‍റെ ആദ്യരചനയാണിത്. ആര് അച്ചടിക്കും? വിതരണം ചെയ്യും? പണം മുടക്കുള്ള കേസാണിത്. പ്രതീക്ഷിക്കുംപോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല” – ആനന്ദ് മേനോന്‍ പറഞ്ഞു.

അഖില, ശരത് തന്നെ സഹായിക്കാമെന്നേറ്റ കാര്യം അച്ഛനെയറിയിച്ചു. ആശ്ചര്യത്തോടെ മേനോന്‍ അവളെ നോക്കി.

“ശരത് നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമായി മോളെ.”

“ഓ…. അങ്ങനെയൊന്നുമില്ലച്ഛാ. ശരത് എല്ലാവരെയും ഹെല്‍പ്പ് ചെയ്യുന്ന സ്വഭാവക്കാരനാ. മുമ്പു ശരത്ചന്ദ്ര വര്‍മയുടെ ചിതയ്ക്കു തീ കൊളുത്തിയ കാര്യം ഞാന്‍ പറഞ്ഞതല്ലേ?”

ആനന്ദ് മേനോന്‍ മന്ദഹസിച്ചു.

“അഖിലാ, ആനന്ദ് മേനോന് മനുഷ്യമനസ്സെങ്ങനെയെന്നു കണ്ടുപിടിക്കാന്‍ നല്ല കഴിവുണ്ട്. ഞാനെത്തുന്ന നിഗമനങ്ങള്‍ തെറ്റാറില്ല.”

“എന്താ അച്ഛന്‍റെ നിഗമനം?”

“നീയും ശരതും പ്രണയബദ്ധരാണെന്ന്.”

“ഇക്കുറി അച്ഛനു തെറ്റി. ഇപ്പോള്‍ പറഞ്ഞതിലൊരര്‍ത്ഥവുമില്ല. എനിക്കറിയാമത്.’

“നിനക്കൊന്നുമറിയില്ല. അതല്ലെങ്കില്‍ എന്‍റെ മുമ്പില്‍ മേനി നടിക്കുകയാണു നീ.”

“ഒന്നുമല്ല. ശരത് നല്ലവനാണെന്ന് അച്ഛന്‍ മുമ്പു പറഞ്ഞിട്ടുണ്ട്. എന്തോ ഒരിഷ്ടമുണ്ട് കക്ഷിയോട്.”

“ഉണ്ട്. പറഞ്ഞത് അതുപോലെതന്നെയിരിക്കട്ടെ.”

“അച്ഛാ! ഇനിയുള്ള എന്‍റെ ദിവസങ്ങള്‍ കഠിനപ്രയത്നത്തിന്‍റേതാണ്. രണ്ടാഴ്ചകൊണ്ട് എഴുതിത്തീര്‍ക്കണം. പിന്നെ വായിച്ചുതിരുത്തണം. പ്രകാശനം തീരുമാനിച്ചു കഴിഞ്ഞു. ആളെയും മനസ്സില്‍ കണ്ടു വച്ചിട്ടുണ്ട്.”

“അതു ശുദ്ധ മണ്ടത്തരമായിപ്പോയി. എഴുത്ത് ഉദ്ദേശിക്കുന്നതുപോലെ നടക്കണമെന്നില്ല. പല തടസ്സങ്ങളുമുണ്ടാകാം. ആരോഗ്യപ്രശ്നങ്ങള്‍ വരാം.”

“ജീവനുണ്ടെങ്കില്‍ തീര്‍ത്തിരിക്കും” – അഖില ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“കൊള്ളാം; നല്ലതു വരട്ടെ. തീയതി എന്നാണ്?”

“ഒക്ടോബര്‍ 2-ന്. മഹാത്മാവിന്‍റെ ജന്മദിനത്തില്‍!”

“എന്താ ആ ദിവസം തന്നെതെരഞ്ഞെടുത്തത്?”

“രാജഭരണമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നെഴുതാന്‍ കഴിയുമായിരുന്നില്ല. സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്‍റെ 150-ാം ജന്മദിനത്തില്‍ എന്‍റെ പുസ്തകം പ്രകാശിതമാകണമെന്നത് ഒരാഗ്രഹമാണ്.”

“പുസ്തകപ്രകാശനം ആരെക്കൊണ്ടാണു നടത്തിക്കുന്നത്?”

“കേരളത്തിലെ ജനപ്രിയനായ മഹാന്യായാധിപനെക്കൊണ്ട്.”

“ജനപ്രിയതയല്ല ജഡ്ജിനു വേണ്ടത്. നീതിബോധമാണ്, സത്യസന്ധതയാണ്, ഔചിത്യമാണ്, കരുണയാണ്.”

“അച്ഛന്‍ ഇപ്പോള്‍ പറഞ്ഞ സകല ഗുണങ്ങളുമുണ്ടെന്നു സമൂഹം വാഴ്ത്തുന്ന ഒരു ന്യായാധിപനേ ഇന്നുള്ളൂ.”

“ഉള്ളടക്കമറിഞ്ഞാല്‍ അദ്ദേഹമിതു പ്രകാശനം ചെയ്യില്ല.”

“വിശ്വസ്തനായ സഹചാരി വായിച്ചിട്ടുറപ്പു നല്കിയാല്‍ അദ്ദേഹമതു ചെയ്യും. സഹചാരി അക്ഷരം വായിക്കുന്നവനല്ല താനും.”

“കുടുക്കാനാണോ നിങ്ങള്‍ പദ്ധതിയിടുന്നത്?”

“അതെ. കുടുങ്ങുമോ എന്നറിയില്ല. ചിലപ്പോള്‍ വലയെറിയുന്നവന്‍ തന്നെ വലയില്‍ കുടുങ്ങിയെന്നുമിരിക്കും.”

ആനന്ദ് മേനോന്‍റെ മുഖത്തു ഭയസംഭ്രമങ്ങള്‍ പ്രകടമായി.

(തുടരും)

Leave a Comment

*
*