ന്യായാധിപന്‍ – 25

ന്യായാധിപന്‍ – 25

ജോര്‍ജ് പുളിങ്കാട്

പത്രമോഫീസില്‍ നിന്നു വാടകവീട്ടില്‍ തിരിച്ചെത്തിയ ശരത് ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ശബ്ദിച്ചു. അയാള്‍ ടേബിളില്‍ നിന്നതെടുത്ത് ഓണാക്കി ചെവിയോടു ചേര്‍ത്തു.

"ഹലോ… ശരത് സാറാണോ?"- ഒരു സ്ത്രീശബ്ദം.

"അതെ. ആരാണു വിളിക്കുന്നേ?"

"എന്‍റെ പേര് സുലേഖ. ഒരിക്കല്‍ സാറെന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ജയിലീന്നെറങ്ങിയ സുധീഷേട്ടന്‍റെ…"

"മനസ്സിലായി; പറഞ്ഞോളൂ."

"സാറ് എന്നോടു സുധീഷേട്ടന്‍ തെറ്റു ചെയ്തിട്ടില്ലെന്നൊക്കെ പറഞ്ഞില്ലേ?"

"പറഞ്ഞു; അതു ശരിയല്ലെന്നാണോ?"

"അന്നു ഞാനതു പൂര്‍ണമായി വിശ്വസിച്ചില്ല. മനസ്സില്‍ ഒരിളക്കം തട്ടീന്നു മാത്രം. പിന്നെ ഞങ്ങളുടെ വീടിന്‍റേം സ്ഥലത്തിന്‍റേം ബാങ്കിലെ കടം മുഴുവന്‍ ഡോ. ആന്‍മേരി തീര്‍ത്തെന്നു വ്യക്തമായറിഞ്ഞു. സുധീഷേട്ടനല്ല കുറ്റം ചെയ്തതെന്ന് അപ്പോഴാണു ഞാന്‍ ശരിക്കും വിശ്വസിച്ചത്. പിന്നെ എന്‍റെ മനസ്സില്‍ വലിയ പ്രയാസം തുടങ്ങി. അതുവരെ ചെയ്തു വന്ന തെറ്റുകള്‍ എന്നെ ഞെരുക്കാന്‍ തുടങ്ങി. എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് മകനെയും വളര്‍ത്തി ജീവിക്കണോന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എന്നെയാരും ജോലിക്കു നിര്‍ത്താന്‍ തയ്യാറായില്ല. താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥനും എനിക്കെതിരായി. അയാളുടെ ഇഷ്ടത്തിനു വഴങ്ങാത്തതുകൊണ്ടാകാം ഇപ്പം ഇറങ്ങി മാറണോന്നു നിര്‍ബന്ധം പിടിക്കുകാ, അയാള്‍."

"ഞാനെന്തു ചെയ്യണോന്നാ സുലേഖചേച്ചി പറയണേ?"

"സാറെ, ബിനുക്കുട്ടന്‍ നല്ല കുട്ടിയാ. ഇംഗ്ലീഷ് മീഡിയത്തില്‍ മൂന്നാം ക്ലാസ്സിലാ അവന്‍ പഠിക്കുന്നെ. ഇപ്പം പഠിക്കുന്നിടത്തു തുടരാന്‍ മാര്‍ഗമില്ല. വീട്ടീന്നും ഇറങ്ങേണ്ടി വരുമ്പം അവന്‍റെ കാര്യം കഷ്ടത്തിലാകും. സാറു പിടിപാടൊക്കെയുള്ളയാളല്ലേ? എന്‍റെ മോനെ ഏതെങ്കിലും നല്ല ഒരു പുവര്‍ഹോമില്‍ ചേര്‍ക്കാനുള്ള സൗകര്യം ചെയ്തുതരണം. അവനെങ്കിലും രക്ഷപ്പെടട്ടെ സാറെ."

"സുലേഖ പിന്നെയെങ്ങനെ…?"

നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയുണ്ടായില്ല.

"സുലേഖാ…"

"ങും. കട്ടാക്കിയതല്ല സാറെ."

"ഞാന്‍ ചോദിച്ചതിനു മറുപടി പറഞ്ഞില്ലല്ലോ?"

"അത്… ഞാന്‍ ഞാനെങ്ങനെയെങ്കിലുമൊക്കെ…"

"സുലേഖാ… ഞാന്‍ കഴിഞ്ഞ ദിവസം സുധീഷേട്ടനെ കണ്ടിരുന്നു. ഒപ്പം സുധീഷേട്ടന്‍റെ സുഹൃത്തായ അഖില എന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. എല്ലാ കാര്യങ്ങളും പറഞ്ഞു; സുലേഖയെക്കുറിച്ചും പറഞ്ഞു."

"എന്നിട്ട്… എന്നിട്ട്?"

"എന്നിട്ടെന്താ, ഒരിളക്കവുമില്ല ആ മനസ്സിന്. പ്രത്യേക സങ്കടവുമില്ല, സന്തോഷവുമില്ല."

"എനിക്കൊരു മകനുണ്ടെന്നും പറഞ്ഞോ?"

"പറഞ്ഞു. ഒക്കെ ശാന്തനായി കേട്ടിരുന്നതേയുള്ളൂ. സുലേഖയും മകനും മടങ്ങിവന്നാല്‍ സ്വീകരിക്കുമോ എന്നും ചോദിച്ചു. തീര്‍ച്ചയായും സ്വീകരിക്കുമെന്നാണു പറഞ്ഞത്."

"വയ്യ സാറെ, മറ്റൊരാളില്‍ പിറന്ന മകനെയുംകൊണ്ട് ആ വീട്ടിലേയ്ക്ക്, സുധീഷേട്ടന്‍റെ മുമ്പിലേയ്ക്കു കയറിച്ചെല്ലാന്‍ എനിക്കു കഴിയില്ല സാറെ. ഒരു പെണ്ണിന്‍റെ മനസ്സ് നിങ്ങള്‍ ആണുങ്ങള്‍ക്കു കാണാന്‍ പറ്റില്ല. സങ്കല്പിച്ചാലും അതു യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകലെയായിരിക്കും."

"നിങ്ങള്‍ രണ്ടുപേര്‍ക്കും അതായിരിക്കും നല്ലത്. ഒരിക്കലും ചേച്ചിയെ സുധീഷേട്ടന്‍ കുറ്റപ്പെടുത്തില്ല, ആക്ഷേപിക്കില്ല. ആ മനുഷ്യനെ പൂര്‍മണമായും മനസ്സിലാക്കിയിട്ടാ പറയുന്നെ."

"ഒരാളെ പൂര്‍ണമായും മനസ്സിലാക്കാനാര്‍ക്കു കഴിയും സാറെ?"

"കയ്യില്‍, ഒന്നുമില്ലാതെ എട്ടു വയസ്സുള്ള മകനെയുംകൊണ്ടു പെരുവഴിയിലേക്കിറങ്ങുമ്പോഴറിയാം അതിന്‍റെ മധുരം."

"മകന്‍റെ കാര്യത്തില്‍ സാറിനെന്നെ സഹായിക്കാന്‍ കഴിയില്ലേ?"

"ഞാന്‍ ശ്രമിക്കാം. ഒന്നുരണ്ടു ദിവസം സാവകാശം തരണം."

"അതു കുഴപ്പമില്ല. പുവര്‍ ഹോമുകള്‍ എല്ലാമൊന്നും നല്ല രീതിയിലല്ലല്ലോ നടക്കുന്നത്. കുട്ടികളെ ഉപദ്രവിക്കുകയും പണിയെടുപ്പിക്കുകയും പട്ടിണിക്കിടുകയുമൊക്കെ ചെയ്യുന്ന സ്ഥാപനങ്ങളുണ്ടെന്നു കേള്‍ക്കുന്നു. അതൊന്നു ശ്രദ്ധിക്കണേ സാറെ."

"ശ്രദ്ധിക്കാം. അവനെ നല്ല രീതിയില്‍ സംരക്ഷിക്കുന്ന ഒരിടം തന്നെ ഞാന്‍ കണ്ടുപിടിക്കും."

"ശരി സാര്‍. നന്ദി. ഒത്തിരി നന്ദി. ഞാന്‍ വിളിച്ചന്വേഷിച്ചുകൊണ്ടിരിക്കാം; നിര്‍ത്തുകാ" – സുലേഖ ഫോണ്‍ കട്ടാക്കി.

മകനെ സുരക്ഷിതസ്ഥാനത്തെത്തിച്ചിട്ടു മരിക്കാന്‍ തന്നെയാണു സുലേഖയുടെ തീരുമാനമെന്നു ശരത്തിനു തീര്‍ച്ചയായിരുന്നു. അവരുടെ ശബ്ദത്തിലും വാക്കുകളിലുമെല്ലാം അതിന്‍റെ സൂചനകള്‍ പ്രതിഫലിക്കുന്നു. കുഞ്ഞിനെ ഏതെങ്കിലും പുവര്‍ ഹോമിലാക്കിയില്ലെങ്കില്‍ അവനെയും ഒരുപക്ഷേ അവള്‍ മരണത്തിലേക്കു നയിച്ചേക്കാം. മകന്‍ നരകിക്കാനാവരാഗ്രഹിക്കുന്നില്ല. ഉടനെ എന്തെങ്കിലുമൊന്നു ചെയ്തേ പറ്റൂ. ശരത് ജഗ്ഗില്‍നിന്നും വെള്ളം ഗ്ലാസില്‍ പകര്‍ന്നു കുടിച്ചു. സുലേഖ വിളിച്ച വിവരം അഖിലയെ അറിയിക്കുന്നതു നല്ലതാണെന്നു തോന്നി. ശരത് അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അഖില മറ്റൊരു കോളിലാണ്. അവന്‍ ഫോണ്‍ ഡിസ്കണക്ടാക്കി മാറ്റി വച്ചു. വൈകാതെ അഖില തിരികെ വിളിച്ചു.

"ഹലോ… എന്താ ശരത്?"

"തന്‍റെ എഴുത്തൊക്കെ എന്തായെന്നറിയാന്‍ വിളിച്ചതാ. നടക്കുന്നതു ഫോണിലൂടെയുള്ള ലാത്തിയായിരുന്നു."

"അയ്യേ അല്ല. ഒരടുത്ത ബന്ധു വിളിച്ചപ്പോള്‍ ഒന്നെടുത്തതാ. പണി വേഗത്തില്‍ നടക്കുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ എന്‍റെ അപൂര്‍ണ നോവല്‍ തീരും."
ശരത്, സുലേഖ വിളിച്ചു പറഞ്ഞ വിവരം ചുരുക്കമായി അഖിലയെ ഫോണിലൂടെ അറിയിച്ചു.

"ശരത്, എന്താ ഒരു പോംവഴി? അവരെ പിഴച്ച വഴിയില്‍നിന്നു മാറ്റിവിട്ടതു ശരത്താണ്. മനസ്സിലേക്കു കുറ്റബോധം നിറയ്ക്കുകയും ചെയ്തു. അതിന്‍റെ ഇംപാക്റ്റാ ഇപ്പോള്‍ കാണുന്നത്."

"എങ്കില്‍ ഞാന്‍ രണ്ടു പേരെയും ഇങ്ങേറ്റെടുക്കാം."

"ഛെ! എന്തായീ പറയുന്നേ? ആള് അതിനും മടിക്കില്ലാന്ന് എനിക്കറിയാം" – അവളില്‍ സ്വാര്‍ത്ഥത തലപൊക്കി.

"അഖിലയ്ക്ക് ഏതെങ്കിലും ഓര്‍ഫനേജുകാരെ പരിചയമുണ്ടോ?"

"ഇല്ല കുട്ടിയെ ഓര്‍ഫനേജിലാക്കിയാല്‍ സുലേഖ പിന്നെ ജീവിച്ചിരിക്കില്ലെന്നല്ലേ ശരത്തിന്‍റെ നിഗമനം."

"അതെ. അതു സംഭവിക്കും."

"നമുക്കു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള മാര്‍ഗം നോക്കാം ശരത്."

"അതു ഞാനാ സ്ത്രീയോടു പറഞ്ഞു. സുധീഷ്ചേട്ടന്‍ രണ്ടു പേരെയും ഏറ്റെടുക്കുമായിരുന്നു. അവള്‍ അയാളുടെയടുത്തേയ്ക്കു പോകാന്‍ തയ്യാറല്ല. എന്തു ചെയ്യാം."

"ഞാന്‍ സുധീഷേട്ടനെയൊന്നു വിളിക്കട്ടെ?"

"വിളിക്ക്. അയാള്‍ മറ്റൊരാളുടെ കുഞ്ഞിനോടൊപ്പം ഭാര്യയെ ഏറ്റെടുക്കുമോ എന്നറിയാമല്ലോ" – ശരത് ഫോണ്‍ കട്ടാക്കി.

രാത്രി എട്ടു മണിക്കാണ് അഖിലയ്ക്കു സുധീഷിനെ ഫോണില്‍ കിട്ടിയത്. അവള്‍ ശരത്തില്‍ നിന്നറിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ടതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. സുലേഖ ഇപ്പോള്‍ താമസിക്കുന്ന സ്ഥലവും അവിടെയെത്താനുള്ള വഴിയും അവള്‍ അയാളെ ബോദ്ധ്യപ്പെടുത്തി. പ്രശ്നത്തിന് ഒരു പരിഹാരവും അയാള്‍ നിര്‍ദ്ദേശിച്ചില്ല.

പിറ്റേന്നു രാവിലെ ചായക്കടയിലെ തിരക്കു കുറഞ്ഞപ്പോള്‍ സുധീഷ് ശിവരാമന്‍റെയടുത്തെത്തി.

"ചേട്ടാ, എനിക്ക് ഒരു മൂവായിരം രൂപാ വായ്പ തരുമോ?" – അവന്‍ ചോദിച്ചു.

"മൂവായിരമോ? എന്താടാ പെട്ടെന്നിത്രയും രൂപയുടെ ആവശ്യം?"

ഒരു സ്ഥലം വരെ പോകണം. കാറില്‍ത്തന്നെ പോകണം."

"എവിടേയ്ക്കാ, എന്തിനാണെന്നെന്നോടു പറയരുതേ?" – ശിവരാമന്‍ സുധീഷിനെ പ്രത്യേക ഭാവത്തില്‍ നോക്കി. അയാള്‍ തന്‍റെ തീരുമാനം ശിവരാമന്‍ ചേട്ടനെ അറിയിച്ചു.

ശിവരാമന്‍ നിശ്ശബ്ദനായി ഏതാനും നിമിഷമിരുന്നു. പിന്നെ മൗനം വെടിഞ്ഞു.

"സുധീഷേ, നിന്‍റെ കെട്ടിയവള് ഈ നാട്ടില്‍ ഒരു പെഴച്ച ജീവിതമാ നടത്തിയത്. ഒടുവില്‍ അകലെയെങ്ങാണ്ടുള്ള ഏതോ ഒരു ത്തന്‍റെകൂടെ പോയി. അവനവളെ കല്യാണം കഴിച്ചോ ഇല്ലയോ എന്നാര്‍ക്കുമറിയില്ല. അവനിപ്പം കൂടെയില്ലെന്നാ ഞാനറിഞ്ഞത്. മകനൊന്നൊള്ളത് അവന്‍റെയായിരിക്കും. ഇപ്പം ജീവിക്കുന്നിടത്തും അവളു പഴയ പടി തന്നെയാന്നു കേട്ടു. ഇനി നീയെന്തിനവളെ കൂടെ കൂട്ടുന്നു? അങ്ങനെ നിനക്കൊരാഗ്രഹമുണ്ടെങ്കില്‍ ഈ നാട്ടിലേക്കു കൊണ്ടുവരരുത്. ഇവിടത്തെ വീടും സ്ഥലവും വിറ്റു വേറെയെവിടെയെങ്കിലും പോയി താമസിക്ക്. അതാ നല്ലത്."

"അവളെയിങ്ങോട്ടു കൊണ്ടുവന്നല്‍ നാട്ടുകാരു പരിഹസിക്കുമെന്നായിരിക്കും ശിവരാാമന്‍ചേട്ടന്‍ വിചാരിക്കുന്നത്?" – സുധീഷ് ചോദിച്ചു.

"അതെ നിനക്കതു പിന്നേം പല പ്രശ്നങ്ങളുമുണ്ടാക്കും."

"ശിവരാമന്‍ ചേട്ടാ, എനിക്കിനി നാട്ടുകാരുടേം വീട്ടുകാരുടേം സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല. ഞാനെല്ലാവര്‍ക്കും എന്നും ഒരു നികൃഷ്ടന്‍തന്നെയായിരിക്കും. സുലേഖ ഇങ്ങനെയൊക്കെയായതു ഞാന്‍ കാരണമാ. അവളേം അവളുടെ മകനേം ഞാനേറ്റെുടുക്കുകാ. അവളുടെ മകനെ എന്‍റെ മകനെപ്പോലെ തന്നെ കരുതുകേം ചെയ്യും."

ശിവരാമന്‍ പുച്ഛഭാവത്തില്‍ ചിരിച്ചു.

"എന്‍റെയഭിപ്രായം ഞാന്‍ പറഞ്ഞെന്നേയുള്ളൂ. എല്ലാം നിന്‍റെയിഷ്ടം. ഞാന്‍ പണം തരാം" – അയാള്‍ പറഞ്ഞു.

പിന്നെ ഒട്ടും മടിക്കാതെ മൂവായിരം രൂപാ എണ്ണി സുധീഷിന്‍റെ കയ്യില്‍ കൊടുക്കുകയും ചെയ്തു.

റെന്‍റിനെടുത്ത കാറിലാണു സുധീഷ് സുലേഖ താമസിക്കുന്നിടത്തേയ്ക്കു പുറപ്പെട്ടത്. അവള്‍ ആകെ ഗതികെട്ട അവസ്ഥയിലാണെന്ന് ശരത് അറിയിച്ചിരിക്കുന്നു. മകനെ സുരക്ഷിതമായ ഒരിടത്ത് എത്തിച്ചുകഴിഞ്ഞാല്‍ പിന്നെ സുലേഖ ജീവനൊടുക്കാന്‍ സാദ്ധ്യതയേറെയുണ്ട്. എത്രയും പെട്ടെന്ന് അവിടെയെത്തണം. രണ്ടുപേരെയും കൂട്ടി പോരണം. തന്നെ വീണ്ടും കാണാന്‍ സുലേഖ ഇഷ്ടപ്പെടുന്നുണ്ടാവില്ല. വലിയ കുറ്റബോധമുണ്ടായിരിക്കും. കൂടെപ്പോരാന്‍ മടിച്ചെന്നുമിരിക്കും.

നാലു മണിക്കൂര്‍ യാത്ര ചെയ്താണു സുധീഷ് സ്ഥലത്തെത്തിയത്. ചിലരോടൊക്കെ തിരക്കി അയാള്‍ ആ വീടു കണ്ടെത്തി. റോഡരുകില്‍ കാര്‍ നിര്‍ത്തിയിട്ട് അവന്‍ ആ ചെറിയ വീട്ടിലേക്കു നടന്നെത്തി. അവിടെ ആള്‍ത്താമസമില്ലെന്നു തോന്നി. വാതിലില്‍ മുട്ടി വിളിച്ചു.

അകത്തു കാല്‍പ്പെരുമാറ്റമുണ്ടായി.

വാതില്‍ തുറന്നു സുലേഖ അയാളെ ഉറ്റുനോക്കി. അവള്‍ക്കു വല്ലാത്ത പാരവശ്യമുണ്ടായി.

"സുലേഖാ… ഞാനാ… സുധീഷ്."

"സുധീഷേട്ടാ എനിക്ക് മനസ്സിലായി. എന്തിനാ വന്നേ? വേണ്ടായിരുന്നു… വരണ്ടായിരുന്നു."

"എന്നോട് ഇപ്പോഴും വെറുപ്പാണോ? ശത്രുതയാണോ?"

"വെറുപ്പും അറപ്പും എന്നോടാ. ഞാനാകെ ചീത്തയാ സുധീഷേട്ടാ. പൊയ്ക്കോ എന്നെ കാണണ്ട. അകത്തു നില്ക്കണ്ട" – സുലേഖ ഇടറി.

"ഞാന്‍ വന്നതു നിന്നെ കൂട്ടിക്കൊണ്ടുപോകാനാ. എനിക്കിേപ്പാഴും നിന്നോടു സ്നേഹമുണ്ട്. ഒരു പിണക്കവുമില്ല. മകന്‍… സ്കൂളില്‍ പോയിരിക്കുകമല്ലേ?"

സുലേഖയില്‍ ഒരു നടുക്കമുണ്ടായി.

"എല്ലാം അറിഞ്ഞിട്ടാണു വന്നിരിക്കുന്നതല്ലേ?" – സുലേഖ കരച്ചില്‍പോലെ ചോദിച്ചു.

"അതെ."

"സുധീഷേട്ടാ…." ശക്തമായ ഉള്‍പ്രേരണയാല്‍ സുലേഖ അവന്‍റെ പാദങ്ങളില്‍ വീണു കെട്ടിപ്പിടിച്ചു കരഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org