ന്യായാധിപന്‍ – 26

ന്യായാധിപന്‍ – 26

ജോര്‍ജ് പുളിങ്കാട്

ഞായറാഴ്ച. പൂര്‍ണമായി എഴുതിത്തീര്‍ത്ത കയ്യെഴുത്തു പ്രതിയുമായി അഖില ശരത്തിന്‍റെ വാടകവീട്ടിലെത്തി. അവനപ്പോള്‍ ഷര്‍ട്ടും പാന്‍റും കഴുകുകയായിരുന്നു. തത്കാലം ജോലി നിര്‍ത്തി കൈ കഴുകി ശരത് അഖിലയുടെ അടുത്തെത്തി അതു വാങ്ങിച്ചു.

"ആകെ എത്ര അദ്ധ്യായങ്ങളുണ്ട്?" – ശരത് ചോദിച്ചു.

"പതിനെട്ട്."

"ഇങ്ങനെയൊരു നോവല്‍ ഒരുപക്ഷേ, ലോകചരിത്രത്തില്‍ ആദ്യമായിരിക്കും. സാങ്കല്പികമായി ഒന്നുമില്ല. എല്ലാം സംഭവിച്ചതു മാത്രം. സത്യം അതേപടി എഴുതുന്നതിനു നോവല്‍ എന്നു പറയാന്‍ പറ്റുമോ എന്നു സംശയമുണ്ട്" – അഖില പറഞ്ഞു.

"സംഭവിച്ച കാര്യങ്ങള്‍ മുമ്പും പലരും കഥകളും കവിതകളും നോവലുകളും സിനിമകളുമൊക്കെയാക്കിയിട്ടുണ്ട്, ശരത്."

"ഉണ്ടായിരിക്കും. പക്ഷേ, അതിലൊക്കെ എഴുത്തുകാരുടെ കൂട്ടിച്ചേര്‍ക്കലുകളുണ്ട്; കുറച്ചെങ്കിലും സങ്കല്പങ്ങളുമുണ്ട്."

"നമ്മുടെ ലക്ഷ്യം മികച്ച ഒരു സാഹിത്യകൃതിയല്ലല്ലോ. ഒരു കൊടുംപാതകിയെ കസേരയില്‍ നിന്നു തെറിപ്പിക്കുകയല്ലേ? ആ ലക്ഷ്യം സാധിച്ചാല്‍ പിന്നെ നമുക്കു സന്തോഷിക്കാം. രചന ചിലപ്പോള്‍ അപ്രസക്തമായേക്കാം. ആരും വായിച്ചില്ലെന്നുമിരിക്കും" – അഖില പറഞ്ഞു.

"അഖില, ഇവിടെ പുസ്തകം ന്യായാധിപനാകുകയാണ്. ന്യായവിധി നടപ്പാക്കുകയാണ്. സത്യം വെളിപ്പെടുത്തുകയാണ്. ലക്ഷ്യം നിറവേറിയാല്‍ അതിനു കാരണമാകുന്ന ഈ കൃതിയും ജീവിക്കും. വായിക്കപ്പെടും, പുകഴ്ത്തപ്പെടും. ഇതില്‍ വെളിവാക്കപ്പെടുന്ന സത്യം പലരെയും പൊള്ളിക്കും; നടുക്കും."

"ശരത്, രണ്ട് അപൂര്‍ണതകള്‍ ഈ രചനയ്ക്കുണ്ട്" – അഖില സൂചിപ്പിച്ചു.

"പറയ്" – ശരത്തിന് ആകാംക്ഷയായി.

"ഒന്നാമതായി ഒരു ക്ലൈമാക്സില്ല."

"ഉണ്ടാകും. കൃതി പുസ്തകരൂപത്തില്‍ പ്രകാശിതമാകുന്ന മുഹൂര്‍ത്തത്തിലാണതുണ്ടാകുന്നത്. അതു യഥാര്‍ത്ഥ ക്ലൈമാക്സ് തന്നെയാകും. അപ്പോഴുണ്ടാകാന്‍ പോകുന്ന സംഭവംകൂടി ചേര്‍ത്തു നോവല്‍ പൂര്‍ത്തീകരിക്കണം. യഥാര്‍ത്ഥ ക്ലൈമാക്സിനുവേണ്ടി രചന പൂര്‍ത്തീകരിക്കാതെ പ്രകാശിപ്പിക്കുന്ന നോവല്‍ എന്ന ഖ്യാതിയും നമുക്കു കിട്ടേണ്ടതാണ്."

"ഇങ്ങനെയൊരു വിഷയം രൂപപ്പെട്ടതു ശരത്തിന്‍റെ മനസ്സിലാണ്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒടുവില്‍ നമ്മള്‍ വിജയിക്കാനും പരാജയപ്പെടാനും സാദ്ധ്യതയുണ്ട്."

"പരാജയപ്പെടുമെന്ന ചിന്ത എങ്ങനെയുണ്ടായി?" – ശരത് ചോദിച്ചു.

"നമ്മുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ടാകും. വിജയത്തിലേക്കെത്തുമ്പോള്‍ എല്ലാം തട്ടിത്തൂവിക്കളയാന്‍ നല്ല സാദ്ധ്യതയുണ്ട്. ഭാസുരചന്ദ്രവര്‍മയെ എത്ര സമര്‍ത്ഥമായാണ് അവര്‍ വകവരുത്തിയത്. പബ്ലിഷിംഗിന്‍റെ ജോലികളെല്ലാം സൂക്ഷിച്ചു ചെയ്യണേ, ശരത്."

"അഖില, ശുഭാപ്തിവിശ്വാസം കൈവിടരുത്. ഇനിയുള്ള കാര്യങ്ങളെ വേണ്ട തരത്തില്‍ ഞാന്‍ പൂര്‍ത്തിയാക്കിക്കോളാം. അഖില ചെയ്യാനുള്ളതു ഭംഗിയായി പൂര്‍ത്തിയാക്കിയല്ലോ."

"കൃതിക്കു പേരു നല്കിയിട്ടില്ല. പല പേരുകളാലോചിച്ചു. ഒന്നിലും ഒരു തൃപ്തി കിട്ടുന്നില്ല."

"അതോര്‍ത്തു വിഷമിക്കണ്ട. അഖിലയുടെ നോവലിന് ഒരു പേരു മാത്രമേ യോജിക്കുകയുളളൂ; അതെന്‍റെ മനസ്സിലുണ്ട്."

"എന്താണത്?"

"നേര്!"

"കൊളളാം. എനിക്കിഷ്ടപ്പെട്ടു. എഴുതിയതത്രയും സത്യംതന്നെയാണ്."

"വളരെ പെട്ടെന്നുതന്നെ ഡിടിപി ചെയ്ത്, പ്രിന്‍റ് ചെയ്തു പ്രകാശനത്തിനു റെഡിയാക്കാം. മഹാന്യായാധിപന്‍റെ മുമ്പില്‍ അതു സമര്‍പ്പിച്ചു തീയതി കുറിപ്പിക്കുന്നതിനുള്ള കാര്യങ്ങളുംഞാനേര്‍പ്പാടു ചെയ്യാം" – ശരത് പറഞ്ഞു.

"'നേരി'ന്‍റെ ക്ലൈമാക്സ് ശരത്തിനു പ്രവചിക്കാന്‍ കഴിയുമോ?"

"കഴിയില്ല. എന്തു ട്വിസ്റ്റും ഇതിനുണ്ടാകാം. മനസ്സിനെ പാകപ്പെടുത്തിക്കോളൂ."

"വാസ്തവത്തില്‍ നമുക്കു രണ്ടിനും ഇപ്പോള്‍ സെക്യൂരിറ്റി പ്രോബ്ലമുണ്ട്. ഓഫീസില്‍ ചിലര്‍ക്കൊക്കെ നമ്മള്‍ രണ്ടു പേരെയും സംശയമാണ്."

"മരിക്കാന്‍ എനിക്കു മടിയില്ല, ഭയവുമില്ല. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു ക്രൈം തെളിയിക്കപ്പെടുകയാണ്. സുധീഷിനെപ്പോലെ എത്രയോ നിരപരാധികള്‍ നമ്മുടെ നാട്ടില്‍ വെറുതെ ശിക്ഷിക്കപ്പെടുന്നു. കുറ്റവാളികള്‍ സിംഹാസനങ്ങളില്‍ വാഴുന്നു."

"ഈ കേസ് തെളിഞ്ഞതുകൊണ്ട് എല്ലാം ശുദ്ധവും സത്യസന്ധവുമാവുമെന്നുണ്ടോ?"

"ഇല്ല; അത്രയെങ്കിലുമാകുമല്ലോ."

അപ്പോള്‍ അഖിലയുടെ മൊബൈല്‍ ശബ്ദിച്ചു. അവള്‍ അതെടുത്ത് ഓണാക്കി.

"ഹലോ… ആരാ?"

"അഖിലയല്ലേ?"

"അതെ, ആരാ വിളിക്കുന്നേ?"

"ഞാന്‍ നിങ്ങടെ അടുത്ത വീട്ടിലെ സന്ധ്യച്ചേച്ചിയാ. അഖിലയിപ്പോഴെവിടെയാ?"

"ഞാന്‍ ഒരു ഫ്രണ്ടിന്‍റെ വീട്ടിലാ."

"എങ്കില്‍ ഒന്നു വേഗം 'ശ്രീലക്ഷ്മീ' ഹോസ്പിറ്റലിലേക്കു വാ. അച്ഛനെ അറ്റാക്കായിട്ട് അവിടെ അഡ്മിറ്റാക്കിയിരിക്കുകാ."

"ഭഗവാനേ… ചേച്ചീ… അച്ഛനെങ്ങനെയുണ്ട്?"

"നീ ഒന്നു വേഗം ഹോസ്പിറ്റലിലേക്കു ചെല്ല്. ഇവിടുന്ന് ആളുകളൊക്കെ കൂടി ഹോസ്പിറ്റലിലേക്കു കൊണ്ടുപോയതേ എനിക്കറിവുള്ളൂ."

"സന്ധ്യച്ചേച്ചീ, ഞങ്ങളിപ്പത്തന്നെ ഹോസ്പിറ്റലിലേക്കു പോകുകാ. അങ്ങനെ പറഞ്ഞു അഖില ഫോണ്‍ കട്ടാക്കി.

പെട്ടെന്നുതന്നെ ശരത്തിന്‍റെ ബൈക്കില്‍ക്കയറി അഖില ശ്രീലക്ഷ്മി ഹോസ്പിറ്റലിലേലലേയ്ക്കു ശീഘ്രം പാഞ്ഞു. മുക്കാല്‍ മണിക്കൂര്‍കൊണ്ട് അവര്‍ ഹോസ്പിറ്റലിലെത്തി. കാഷ്വാലിറ്റിയിലെ എമര്‍ജന്‍സി റൂമില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ആനന്ദ്മേനോന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഠിനശ്രമത്തിലായിരുന്നു അപ്പോള്‍. സുഗതടീച്ചര്‍ അഖിലയുടെ അടുത്തേയ്ക്കു വന്നു. ദുഃഖാകുലമായിരുന്നു അവരുടെ മുഖം. മകളുടെ കയ്യില്‍ ടീച്ചര്‍ ഇറുകെ പിടിച്ചു.

"അച്ഛന് എന്താണമ്മേ?"- അഖില ചോദിച്ചു.

"വലിയ ഒരു ബ്ലോക്കുണ്ട്. ആഞ്ചിയോപ്ലാസ്റ്റി ചെയ്യണം. ഈശ്വരാധീനംകൊണ്ടു ഞാന്‍ സ്കൂളീന്നു വന്നു കഴിഞ്ഞാ വിഷമമുണ്ടായത്. ദേഹം വല്ലാതെ വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ പോണോന്ന് അച്ഛന്‍ തന്നെ പറഞ്ഞു. പെട്ടെന്നുതന്നെ ആളെക്കൂട്ടി ഇങ്ങോട്ടുപോന്നു. ഹോസ്പിറ്റലിലെത്തിയതേ ഇന്‍ജക്ഷന്‍ നല്കി. പേടിക്കാനില്ല."

"ബോധമില്ലല്ലോ അമ്മേ അച്ഛന്?" – അഖില പറഞ്ഞു.

"ഉടനെ ബോധം വീഴുമെന്നാ ഡോക്ടര്‍ പറഞ്ഞത്" സുഗതടീച്ചര്‍ പ്രതികരിച്ചു.

"ടീച്ചറേ, മറ്റു ഹോസ്പിറ്റലിലെവിടെയെങ്കിലും പോണോ നമുക്ക്?" – ശരത് അഭിപ്രായം ചോദിച്ചു.

"അതിന്‍റെയാവശ്യമില്ല, ശരത്. ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്" – ടീച്ചര്‍ പറഞ്ഞു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആനന്ദ്മേനോനു ബോധം വന്നു. അദ്ദേഹം അല്പം കാപ്പി കുടിച്ചു. സുഗതടീച്ചര്‍ അരികെയെത്തി. അവര്‍ മൃദുവായി മേനോന്‍റെ കയ്യില്‍പ്പിടിച്ചു.

അല്പനേരം അവരുടെ കണ്ണുകളിലേക്കു നോക്കി നിശ്ശബദം കിടന്നു.

"ആനന്ദേട്ടാ, പ്രയാസമെന്തെങ്കിലുമുണ്ടോ?" – സുഗതടീച്ചര്‍ തിരക്കി.

"ചെറിയ നെഞ്ചുവേദനയുണ്ട്; സാരമില്ല" – മേനോന്‍ പറഞ്ഞു.

"ആനന്ദേട്ടന്‍ വല്ലാതെ പേടിപ്പിച്ചു."

"എന്തിനു പേടിച്ചു? മരണത്തിനു വേണ്ടാത്ത ഒരുത്തനാണെന്നു തോന്നുന്നു, ഞാന്‍."

"പറയാതെ… പറയാതങ്ങനെ" – സുഗതടീച്ചര്‍ മേനോന്‍റെ നെറ്റിയില്‍ തടവി.

"അഖിലയെ വിവരമറിയിച്ചോ, സുഗതേ?"

"അറിയിച്ചു. വന്നിട്ടുണ്ടു രണ്ടാളും; പുറത്തുണ്ട്."

"രണ്ടാളെന്നു പറഞ്ഞത്?"

"അവള്‍ ശരത്തിനൊപ്പമാണു വന്നത്. കുറച്ചുകൂടെ ക്ഷീണം മാറിയിട്ട് അവരെ കണ്ടാല്‍ പോരേ?"

"പോരാ. ഇപ്പോള്‍ത്തന്നെ എനിക്കവരെ കാണണം; പറഞ്ഞുവിടിങ്ങോട്ട്" – ആനന്ദ് മേനോന്‍ പറഞ്ഞു.

സുഗതടീച്ചര്‍ റൂമില്‍ നിന്നിറങ്ങി. ശരത്തിന്‍റെയും അഖിലയുടെയും അടുത്തെത്തി.

"കയറിച്ചെല്ല്, നിങ്ങളെ ആനന്ദേട്ടനു കാണണോന്ന്" – ടീച്ചര്‍ അറിയിച്ചു.

ശരത്തും അഖിലയും കാഷ്വാലിറ്റിയിലേക്കു കയറി. അവര്‍ ആനന്ദ്മേനോന്‍റെ ബെഡ്ഡിനടുത്തെത്തി നിന്നു. അഖില അച്ഛന്‍റെ ദുര്‍ബലമായ കയ്യില്‍ മെല്ലെ പിടിച്ചു.

"മക്കളേ, മരണവുമായുള്ള മല്‍പ്പിടുത്തത്തില്‍ എന്‍റെ ദുര്‍ബലമായ ജീവന്‍ ഇത്തവണയും ജയിച്ചെന്നു തോന്നുന്നു; വേണ്ടായിരുന്നു" – മേനോന്‍റെ ശബ്ദമിടറി.

"അച്ഛന്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍കൂടി ജീവിക്കണം. അമ്മയുടെയും ഞങ്ങളുടെയും സ്നേഹമുണ്ടല്ലോ അച്ഛന്."

"നല്ലതൊന്നും കാണാനും കേള്‍ക്കാനുമില്ലാത്ത ജീവിതം എന്തിനാ മക്കളേ?"

"ഒരു ദിവസം നല്ലതു കാണും, കേള്‍ക്കും. അതു തീര്‍ച്ചയാ അച്ഛാ" – അഖില പറഞ്ഞു.

"ശരത്തേ, നീയൊന്നും പറയാത്തതെന്താ?" – മേനോന്‍റെ ക്ഷീണിതമായ കണ്ണുകള്‍ അവനു നേരെയായി.

"അഖില പറഞ്ഞില്ലേ സാറെ. ഞാനത് ആവര്‍ത്തിക്കണ്ടല്ലോ?"

"വേണ്ട. എനിക്കു സന്തോഷായി. നാളെ ആഞ്ചിയോപ്ലാസ്റ്റി നടക്കും. ഇനിയും ഇങ്ങനെയൊക്കെ കാണാനും കേള്‍ക്കാനും പ്രാര്‍ത്ഥിച്ചേക്ക്" – അനുഗ്രഹംപോലെ മേനോന്‍ മെല്ലെ കയ്യുയര്‍ത്തി.

******

രാവിലെ ഒമ്പതു മണി മുതല്‍ തുടര്‍ച്ചയായി പേരഷ്യന്‍റ്സിനെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഡോ. ആന്‍ മേരി. ഗൈനക്കോളജി വിഭാഗത്തിലെ ചീഫ് സര്‍ജനാണവര്‍. പന്ത്രണ്ടു മണിക്കു അല്പം ഭക്ഷണം കഴിക്കാന്‍ ഇടവേളയെടുത്തപ്പോള്‍ ഫോണെടുത്ത് മിസ്ഡ് കോളുകള്‍ നോക്കി. മകള്‍ ഫെമിയുടെ മേട്രന്‍ സൂസന്‍ തോമസിന്‍റെ പന്ത്രണ്ടു കോളുകളാണു വന്നിരിക്കുന്നത്.

ഡോ. ആന്‍ മേരി തിരികെ വിളിച്ചു. അപ്പോള്‍ സൂസന്‍ എന്‍ഗേജ്ഡാണ്. ഒന്നു രണ്ടു തവണ കൂടി ട്രൈ ചെയ്തു ഫോണ്‍വച്ചു. വൈകാതെ ഫോണ്‍ ശബ്ദിച്ചു. സൂസന്‍ തന്നെയായിരുന്നു.

"ഹലോ, ഡോക്ടര്‍."

"അതെ. ഒത്തിരി വിളിച്ചല്ലേ? ഞാന്‍ കണ്‍സള്‍ട്ടിംഗ് റൂമിലായിരുന്നു. ഫോണ്‍ സൈലന്‍റ് മോഡിലുമായിരുന്നു. എന്താണു വിശേഷം?"

"വിശേഷമുണ്ട്. ഡോക്ടറുടെ മകളെ മൂന്നു ദിവസമായി കാണാനില്ല."

"എന്നിട്ടിപ്പഴാണോ വിവരം പറയുന്നത്?" – ഡോക്ടര്‍ക്കു വെപ്രാളവും ഉത്കണ്ഠയും ഉണ്ടായി.

"അത്… അവള്‍ മുമ്പും ഇങ്ങനെ പോകാറുണ്ടായിരുന്നു. ഞാന്‍ ഡോക്ടറെ വിളിച്ചുവരുത്തി പറഞ്ഞിട്ടുമുണ്ട്. ഒരു വഷളനുമായി അടുപ്പുണ്ടെന്ന കാര്യവും ഞാനറിയിച്ചിരുന്നു."

"നിങ്ങള്‍ വിവരം പൊലീസിലറിയിച്ചോ?"

"ഇതുവരെയില്ല. വലിയ ആളുടെ മകളായിതിനാല്‍ വാര്‍ത്തയാകും. കുട്ടിയുടെ ഭാവിക്കു ദോഷമുണ്ടായേക്കുമോ എന്നു പേടിച്ചാ പൊലീസില്‍ അറിയിക്കാതിരുന്നത്."

"അവളുടെ അച്ഛനെ വിവരമറിയിച്ചോ?"

"ഇല്ല. ഞങ്ങള്‍ക്കു ഭയമാണ്. അദ്ദേഹത്തെപ്പോലെ ഒരുന്നതനോട് എങ്ങനെ ഇക്കാര്യം ഇന്‍ഫോം ചെയ്യും. ഡോക്ടര്‍ അറിയിച്ചാല്‍ മതി."

"നിങ്ങള്‍ മറ്റൊന്നും വിചാരിക്കണ്ടാ. പെട്ടെന്നുതന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. അച്ഛന്‍റെ പദവി പറയാന്‍ മടിക്കണ്ട. മകളെ എത്രയും പെട്ടെന്നു കണ്ടെത്താന്‍ അതു പറയുന്നതുതന്നെയാണു നല്ലത്."

"ശരി ഡോക്ടര്‍. അങ്ങനെ ചെയ്യാം" – ഫോണ്‍ കട്ടായി.

ഡോക്ടര്‍ ആന്‍മേരിക്കു പിന്നെ പേഷ്യന്‍റ്സിനെ കാണാന്‍ പറ്റിയില്ല. അവര്‍ കാറെടുത്തു വീട്ടിലേക്കു പാഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org