Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 3

ന്യായാധിപന്‍ – 3

Sathyadeepam

ജോര്‍ജ് പുളിങ്കാട്

ആനന്ദ്മേനോന്‍ വീല്‍ച്ചെയറിലിരുന്നു പത്രം വായിക്കുകയാണ്. അറുപത്തിയഞ്ചിലെത്തിയ അയാള്‍ക്ക് നീണ്ടുവളര്‍ന്ന നരച്ച താടിയും മുടിയുമുണ്ട്. കറുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട വച്ചിരിക്കുന്നു. കണ്ണുകള്‍ തീക്ഷ്ണങ്ങളാണ്. മലയാളം ഡെയ്ലിയുടെ ചീഫ് ന്യൂസ് റിപ്പോര്‍ട്ടറായിരുന്ന മേനോന്‍ ആറു വര്‍ഷം മുമ്പ് എതിരാളിയുടെ ഉണ്ടകളാല്‍ ആക്രമിക്കപ്പെട്ടു. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന്‍ നിലനിര്‍ത്തുന്നു. ഭാര്യ സുഗതടീച്ചര്‍ ചായയുമായി അടുത്തെത്തി.

“ആനന്ദേട്ടാ… ചായ”- ടീച്ചര്‍ പുഞ്ചിരിയോടെ പറഞ്ഞു. മേനോന്‍ ഗൗരവഭാവത്തില്‍ തന്നെ കപ്പിലെ ചായ വാങ്ങി.

“സുഗത, അവന്‍ സുധീഷ് ശിക്ഷ കഴിഞ്ഞിറങ്ങി. പുറത്തുവന്നിട്ടിപ്പോള്‍ നാലു ദിവസമായി” – അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു.

“പത്രത്തിലുണ്ടോ?”

“ങും… കോളം ന്യൂസാണ്. ഇതു കൊടുത്തത് അഖിലതന്നെയായിരിക്കും.”

“ഹൊ! അച്ഛനെപ്പോലെ ഇതിന്‍റെയൊക്കെ പുറകെ പോയി അവളും അപകടത്തില്‍ ചെന്നു ചാടും”- സുഗത ടീച്ചര്‍ സങ്കടപ്പെട്ടു.

ആനന്ദ്മേനോന്‍ വിരസമായി പുഞ്ചിരിച്ചു.

“സുഗതടീച്ചര്‍, ഞാനിങ്ങനെ വീല്‍ച്ചെയറിലായി. ടീച്ചര്‍ക്കു നല്ല കഷ്ടപ്പാടുണ്ട്. ഇങ്ങനെയൊരു ഭര്‍ത്താവെന്തിനെന്നുപോലും ചിന്തിച്ചു പോയിട്ടുണ്ടാകും. പക്ഷേ, നമ്മുടെ നാടിന്‍റെ ഭരണക്കസേരയില്‍ നിന്ന് ഒരു മഹാവൃത്തികെട്ടവനെ ചാടിച്ചു വിടാന്‍ പറ്റി. ജനങ്ങള്‍ക്ക് അത്രയുമെങ്കിലും ചെയ്യാന്‍ കഴിഞ്ഞു. ലക്ഷ്യം കൈവരിച്ചിട്ടുതന്നെയാ പേന എന്നേയ്ക്കുമായി എന്‍റെ വിരല്‍ത്തുമ്പില്‍ നിന്നും വഴുതിപ്പോയത്. ആ പേന തറയില്‍ കിടക്കുകയല്ല. എന്‍റെ മകളുടെ എഴുത്തുവിരലുകളോടൊപ്പമുണ്ടത്. അവള്‍ യുദ്ധം ചെയ്യുന്നതു നെറികെട്ട രാഷ്ട്രീയക്കാരനോടല്ല. പേരു പറയുന്നതിനുപോലും വിലക്കുള്ള സകലതിനുംനേരെയുള്ള ചില നാടാണ്. എന്‍റെ മോള് വിജയിക്കും.”

സുഗതടീച്ചറിനു ഭര്‍ത്താവു പറഞ്ഞതിനോടു യോജിക്കാനായില്ല.

“ആനന്ദേട്ടാ, നാടിന്‍റെ മുക്കിലും മൂലയിലും ഒന്നും രണ്ടും പേര്‍ അനീതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു, പ്രതികരിക്കുന്നു. അവര്‍ ഇതുപോലെ വീല്‍ച്ചെയറിലും ശ്മശാനത്തിലും പിന്നീടു നിശ്ശബ്ദമായി കഴിയുന്നു. നിങ്ങള്‍ക്ക് ഇവിടെ എന്തു മാറ്റമുണ്ടാക്കാന്‍ കഴിയും? സ്വയം നശിക്കാനും കുടുംബം നശിപ്പിക്കാനുമല്ലാതെ?” – ടീച്ചര്‍ ചോദിച്ചു.

“സുഗത പറഞ്ഞത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്തായാലും സമൂഹത്തിലെ അതിഭീകരമായ അനീതികള്‍ കണ്ടും കേട്ടും അനുഭവിച്ചും മിണ്ടാതെ പ്രതികരിക്കാതെ അടിമജീവിതം നയിക്കാന്‍ എന്നെപ്പോലുള്ളവര്‍ക്കു കഴിയില്ലെടോ. മകളുടേതും എന്‍റെ രക്തംതന്നെയല്ലേ?”

“നമുക്ക് ആകെ ഒരു മകള്‍ മാത്രമേയുള്ളൂ.”

“മതിയല്ലോ. ആയിരം ആണുങ്ങളേക്കാള്‍ കേമിയാണവള്‍. ഈ ചെറിയ പ്രായത്തില്‍ത്തന്നെ എന്തെല്ലാം ബഹുമതികള്‍ അവള്‍ നേടി. വര്‍ക്ക് ചെയ്യുന്ന പത്രം വലിയ ഉത്തരവാദിത്വമാണവളെ ഏല്പിച്ചിരിക്കുന്നത്.”

“പറച്ചില്‍ നിര്‍ത്താം. ആ നന്ദേട്ടന്‍ ആ ചായ കുടിക്ക്”- സുഗതടീച്ചര്‍ പറഞ്ഞു.

ആനന്ദ്മേനോന്‍ ചായ പെട്ടെന്നു കുടിച്ചുതീര്‍ത്തു. സുഗതടീച്ചര്‍ കപ്പു വാങ്ങി അകത്തേയ്ക്കു പോയി. ആനന്ദ്മേനോന്‍ പത്രം വീണ്ടുമെടുത്തു നിവര്‍ത്തി. അല്പം കഴിഞ്ഞപ്പോള്‍ അഖില പത്രമാഫീസിലേക്കു പോകാന്‍ തയ്യാറായി മുറിയില്‍ നിന്നിറങ്ങി. അവള്‍ അച്ഛന്‍റെയടുത്തേയ്ക്കു ചെന്നു.

“അച്ഛാ…” സ്നേഹവും ആദരവും ഭക്തിയും ആ ശബ്ദത്തില്‍ നിഴലിച്ചു. ആനന്ദ്മേനോന്‍ വാത്സല്യത്തോടെ മകളെ നോക്കി. അവള്‍ വീല്‍ച്ചെയറിനരികെ വന്നുനിന്ന് അച്ഛന്‍റെ ഉരത്തില്‍ കൈവച്ചു.

“രണ്ടു ദിവസമായല്ലോ മോളെ കണ്ടിട്ട്; യാത്രയായിരുന്നല്ലേ?”

“അതെയച്ഛാ. ഇന്നലെ രാത്രി പതിനൊന്നയപ്പഴാ ടാക്സിയില്‍ ഇവിടെ വന്നത്. പിന്നെ അച്ഛനെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ടാന്നു കരുതി.”

“അതൊന്നും സാരമില്ല. ഈ തൊഴിലിന്‍റെ ഭാഗമാ അതൊക്കെ. നിങ്ങളുടെ പത്രം കേറിവരികയല്ലേ. മൂന്നാമതെത്തിയെന്നറിഞ്ഞു.”

“കോപ്പികള്‍ കൂടുന്നുണ്ട്. പക്ഷം ചേരാതെ നില്ക്കുന്നതുകൊണ്ടാണെന്നൊരു വിലയിരുത്തലാ.”

“സുഗത ശിക്ഷ കഴിഞ്ഞിറങ്ങിയെന്ന വാര്‍ത്ത കോളത്തില്‍ കണ്ടു.”

“അച്ഛന്‍ ഇന്‍ട്രസ്റ്റ് കാട്ടിയ ഇഷ്യുവായതുകൊണ്ട് അയാള്‍ ജയിലിനു പുറത്തിറങ്ങിയതേ ഞാന്‍ ചെന്നു കണ്ടു.”

“നേര്?”

“കണ്ടച്ഛാ; ഞങ്ങള്‍ സംസാരിച്ചു.”

“അവന്‍ എങ്ങനെയുണ്ട്?”

“ഒരു സാധാരണ നാല്പത്തഞ്ചുകാരന്‍റെ മട്ട്. ക്ഷീണമൊന്നുമില്ല.”

“മുഖത്ത്…. കണ്ണുകളില്‍… ഒരു തീയുണ്ടോ?”

“കണ്ടില്ല. ശാന്തവും ദീനവുമായ ഭാവമാണ്. ഇനിയെങ്ങനെയെന്ന വലിയ ഉത്കണ്ഠയുണ്ടെന്നു തോന്നി.”

“അഖിലാ, നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു വെല്ലുവിളിയാണവന്‍. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന തത്ത്വം സുധീഷിന്‍റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. യഥാര്‍ത്ഥ കുറ്റവാളി, മാന്യനായി, നല്ലവനായി തന്‍റെ പ്രോഫഷന്‍റെ ഓരോ പടികളും ചവിട്ടിക്കയറി. അയാളിപ്പോള്‍ അവസാനത്തെ പടിയിലാണ്. ജീവിതം തന്നെ നഷ്ടപ്പെട്ട സുധീഷിന് നീതി കിട്ടണമെങ്കില്‍ യാഥാര്‍ത്ഥ്യം പുറത്തു വരണം. യഥാര്‍ത്ഥ പ്രതിയുടെ കയ്യില്‍ വിലങ്ങു വീഴണം. എളുപ്പമല്ല മോളെ അത്. പ്രതി, പൂര്‍ണ സുരക്ഷാവലയത്തിലാണ്. അയാളെക്കുറിച്ചു പറയുന്നതു നിയമ വിരുദ്ധമാണ്. കുറ്റപ്പെടുത്തുന്നവന്‍ അകത്താകും. നീ ഉപയോഗിക്കുന്ന എന്‍റെ പേനകൊണ്ടു ഞാനന്നു തള്ളിത്താഴെയിട്ടതു രാഷ്ട്രീയത്തിലെ ഒരു അതികായനെയാണ്. ഇതിപ്പോള്‍ പണി അതിലും കട്ടിയാ.”

“ഞാന്‍… അച്ഛന്‍റെ മോളൊന്നു നോക്കട്ടെ”- അഖില പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

“നോക്ക്. ധൈര്യമായിട്ടു മുന്നോട്ടു പോണം. എല്ലാ വശത്തുനിന്നും എതിര്‍പ്പുകളുയരും, ഉപദേശങ്ങള്‍ വരും. നീങ്ങുന്ന വഴികള്‍ ആര്‍ക്കും പറഞ്ഞുകൊടുക്കരുത്. പത്രത്തിലെ സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസത്തിലെടുക്കണ്ട. ചോരും; ചാരപ്പണിക്കാര്‍ എല്ലാ പത്രസ്ഥാപനങ്ങളിലുമുണ്ട്. സ്വന്തമായൊന്നുമല്ലാത്തവര്‍ ബാഹ്യശക്തികളുമായി അടുപ്പം വളര്‍ത്തുന്നതു വലിയ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്താണ്. ചീഫ് എഡിറ്ററും എം.ഡിയും വരെ നമ്മുടെ അദ്ധ്വാനംവച്ചു വില പേശും. നമ്മളെ കുരുതികൊടുക്കാനും മടിക്കാത്തവരുണ്ട്. പറയുന്നതു സങ്കല്പമല്ല; അനുഭവമാണു മോളെ.”

“അച്ഛനെയന്ന് അക്രമികള്‍ മരിച്ചെന്നു കരുതി ഇട്ടിട്ടുപോയതല്ലേ?”

“അതെ. രാത്രിയില്‍ അതുവഴി ഓട്ടോയില്‍ വന്ന ഒരു തെരുവുവേശ്യയ്ക്കു തോന്നിയ കാരുണ്യം. എന്നെ മെഡിക്കല്‍ കോളജിന്‍റെ വരാന്തയില്‍ കൊണ്ടിട്ടിട്ടുപോയി. ഒരുതരത്തില്‍ അന്നാ വഴിവക്കില്‍ ചോര വാര്‍ന്നു കിടന്നു മരിക്കുന്നതായിരുന്നു നല്ലത്. സുഗത എനിക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടു; ഇന്നും അതു തുടരുന്നു.”

അഖില കുനിഞ്ഞ് അച്ഛന്‍റെ പാദങ്ങളില്‍ വന്ദിച്ചു. പിന്നെ നിവര്‍ന്ന് അദ്ദേഹത്തിന്‍റെ നെറുകെയില്‍ ഒരു സ്നേഹചുംബനം നല്കി.

“ഞാന്‍ വരട്ടെ അച്ഛാ” – അഖില യാത്ര ചോദിച്ചു.

“ങും. പറഞ്ഞ കാര്യങ്ങളൊന്നും മറന്നേക്കരുത്” – ആനന്ദ്മേനോന്‍ ഓര്‍മിപ്പിച്ചു.

“മറക്കില്ലച്ഛാ” അഖില ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങി. അവളുടെ സ്വിഫ്റ്റ് കാറില്‍ പത്രമാഫീസിലേക്കു തിരിച്ചു. മുക്കാല്‍ മണിക്കൂര്‍കൊണ്ടു സ്ഥാപനത്തിലെത്തി. ന്യൂസ് ഡെസ്ക്കില്‍ ഗൗരവമായ ചര്‍ച്ച നടക്കുകയാണ്. സുധീഷ് മോചിതനായതു സംബന്ധിച്ചു പത്രത്തില്‍ വന്ന കോളം വാര്‍ത്ത വിവാദമായിരിക്കുന്നു. മറ്റു പത്രങ്ങളിലൊന്നും വരാത്ത വാര്‍ത്ത മലയാളം ഡെയ്ലിയില്‍ എങ്ങനെ വന്നുവെന്നു പലരും വിളിച്ചു ചോദിക്കുന്നു. കുറ്റവാളിയെ മഹത്ത്വവത്കരിക്കുന്നതായി ആക്ഷേപവുമുണ്ട്.

“ഇതെവിടെനിന്നു കിട്ടി. ആരു കോളം കൊടുത്തു” – ചവറ മോഹന്‍ ചോദ്യമുന്നയിച്ചു.

“ഇങ്ങനെയൊരു വാര്‍ത്ത അടിച്ചുവന്നതിന് ആര്‍ക്കാണിത്ര വിഷമം; അതറിയട്ടെ” – സുരേഷ് കുമാര്‍ പറഞ്ഞു.

“വിഷമം ഒരാള്‍ക്കല്ല. പല വായനക്കാര്‍ക്കുമുണ്ട്. കോളുകള്‍ ഒരുപാടു വന്നു” – ഗീത രവീന്ദ്രന്‍ പ്രതികരിച്ചു.

“ഒത്തിരിപ്പേരു വിളിച്ചെങ്കില്‍ ഇതിനു പിന്നില്‍ എന്തോ കാര്യമുണ്ട്. കൊടുത്തതു ശരിക്കും ‘ഒരു വാര്‍ത്ത’ തന്നെയാ. പന്ത്രണ്ടു വര്‍ഷം മുമ്പു കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടയാള്‍ കാലാവധി പൂര്‍ത്തിയാക്കി പുറത്തുവന്നത് ആളുകള്‍ ശ്രദ്ധിച്ചു. മിക്കവാറും ശത്രുപക്ഷ പത്രക്കാരുടെയും കാര്യം ഇതിനു പിന്നില്‍ കാണും” – അപര്‍ണ മാത്യു പറഞ്ഞു.

എല്ലാം കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഒന്നും പ്രതികരിക്കാതെ അഖില തന്‍റെ സീറ്റില്‍ ചെന്നിരുന്നു ജോലിയാരംഭിച്ചു. താന്‍ വീട്ടില്‍ നിന്നിറങ്ങും മുമ്പ് അച്ഛന്‍ തന്ന ഉപദേശങ്ങള്‍ അവളോര്‍ത്തു. താന്‍ വളരെ ശ്രദ്ധിച്ചു നീങ്ങേണ്ടിയിരിക്കുന്നു! വാര്‍ത്തയുടെ പിതൃത്വം തത്കാലം ഏറ്റെടുക്കണ്ട. അതറിയേണ്ടവര്‍ക്കറിയാം. പത്രത്തിലേക്കു വിളിച്ച ചിലര്‍ സുധീഷ് എവിടേക്കാണു പോയതെന്നും താമസമെവിടെയായാരിക്കുമെന്നുമൊക്കെ അന്വേഷിച്ചതായിട്ടറിഞ്ഞു. ദുഷ്ടലാക്കോടെയുള്ള അന്വേഷണമാണ്.

അപ്പോള്‍ അറ്റന്‍ഡര്‍ സാബു അഖിലയുടെ അടുത്തെത്തി. “ചീഫ് ന്യൂസ് എഡിറ്ററെ കാണണം” – അവന്‍ പതിയെ ചെവിയില്‍ പറഞ്ഞു.

അഖില എഴുന്നേറ്റു. അവള്‍ ന്യൂസ് എഡിറ്ററുടെ ക്യാബിനിലേക്കു ചെന്നു. പ്രസാദചന്ദ്രന്‍ പുഞ്ചിരിയോടെ അവളെ സ്വീകരിച്ചിരുത്തി.

“അഖില, എന്തൊക്കെയുണ്ട്?”

“നന്നായി പോകുന്നു.”

“സുധീഷിന്‍റെ മോചനത്തെപ്പറ്റി നമ്മള്‍ കൊടുത്ത ചെറിയ ‘ബോക്സ് ന്യൂസ്’ വലിയ സംഭവമായിരിക്കുന്നു!”

“അറിഞ്ഞു. അതു പബ്ലിക്കിന്‍റെ സ്വാഭാവികമായ ഒരു പ്രതികരണമല്ല സാര്‍. കൃത്രിമമായി ചില കേന്ദ്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തുണ്ടാക്കുന്ന ഒരു ഓളമാണ്. മതി. ഇനി മിണ്ടരുത് എന്നു നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണവര്‍” – അഖില പറഞ്ഞു.

“എനിക്കു നാലു കോളുകള്‍ വന്നു. വളരെ സൗമ്യമായിട്ടു തുടങ്ങിയിട്ട് ഒടുവില്‍ കത്തിക്കയറി. ഒരു കൊടും കുറ്റവാളിക്ക് അനാവശ്യമായ പബ്ലിസി്റി നല്കിയെന്നായിരുന്നു ആരോപണം. ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമുണ്ടായി. എം.ഡി. ക്കു വന്ന കോളുകളെല്ലാം പത്രം നിര്‍ത്തുന്നു എന്ന അറിയിപ്പോടുകൂടിയാണ്” – പ്രസാദചന്ദ്രന്‍ പറഞ്ഞു.

“ഈ റിപ്പോര്‍ട്ട് എവിടെനിന്നു വന്നുവെന്ന് എഡിറ്റോറിയലില്‍ തര്‍ക്കം നടക്കുന്നുണ്ട്.”

“പിതൃത്വം അഖില ഏല്ക്കണ്ട. ഒരു തരത്തിലും അതു പുറത്തു പോകാത്ത തരത്തിലാണ് ഓപ്പറേറ്റ് ചെയ്തത്.”

“ഉന്നതങ്ങളിലുള്ള മഹാന് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയെന്നു തീര്‍ച്ച. നമ്മുടെ വാര്‍ത്ത ഇരുട്ടടിപോലെയായി. ഞാന്‍ ജയിലര്‍ ദേവദത്തന്‍ സാറില്‍ നിന്നുമറിഞ്ഞതു രണ്ടുതവണ സുധീഷിനെ വധിക്കാനുള്ള ശ്രമം ജയിലില്‍ നടന്നെന്നാണ്. അദ്ദേഹമാണതു തടഞ്ഞത്.”

“എങ്കില്‍ അത് അയാള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലായിരുന്നോ?”

“അറിയിച്ചു ഒന്നുമുണ്ടായില്ല. ജയിലര്‍ക്കു വാണിംഗ് കിട്ടുകയും ചെയ്തു; പോരേ?”

“അപ്പോള്‍ സുധീഷ് ജയിലിനു വെളിയില്‍ ഒട്ടും സുരക്ഷിതനല്ല.”

“അവന് ഏതു നേരവും എന്തും സംഭവിക്കാം. നമ്മുടെ മഹാന്‍ സര്‍ക്കാര്‍ തലപ്പത്തുള്ളവരുടെ ഭാവി തീര്‍ത്തേക്കാവുന്ന ചില കേസുകളില്‍ വേണ്ടതു ചെയ്തുകൊടുത്തിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ സകല രാഷ്ട്രീയപ്രമുഖരും ‘മഹാന്‍റെ’ ആള്‍ക്കാരാണ്.”

“അഖില ഇതൊക്കെ എങ്ങനെ കൃത്യമായിട്ടറിയുന്നു?” – പ്രസാദചന്ദ്രന്‍ അതിശയിച്ചു.

“വീല്‍ച്ചെയറില്‍ കഴിയുന്ന ഒരച്ഛനുണ്ടല്ലോ എനിക്ക്. അച്ഛന് ഉന്നതങ്ങളിലുള്ള പലരുമായി അടുപ്പമുണ്ട്. നമ്മുടേതിനേക്കാളൊക്കെ വലിയ നെറ്റ്വര്‍ക്ക് അച്ഛനുണ്ട്.”

“മലയാളം ഡെയ്ലി ഈ വിഷയം ടേക്ക് അപ്പ് ചെയ്ത കാര്യം അച്ഛനോടു പറഞ്ഞില്ലേ?”

“പറഞ്ഞു.”

“അഭിപ്രായമെന്താ?”

“കേരളത്തില്‍ മറ്റൊരു പത്രവും ഇങ്ങനെയൊരു യുദ്ധത്തിനു തയ്യാറാകില്ലെന്ന് അച്ഛന്‍ പറഞ്ഞു. ആ അനുഗ്രഹവും വാങ്ങിയാണു ഞാനിതേറ്റെടുക്കുന്നത്.”

“വലിയ റിസ്കുണ്ട്.”

“അറിയാം.”

“ജീവന്‍ പോലും അപകടത്തിലാകാം.”

“പേടിയില്ല.”

“പത്രത്തിനു മഹത്ത്വം കിട്ടും. പ്രതികള്‍ കൂടും. ചീഫ് എഡിറ്ററായ എനിക്കും റിപ്പോര്‍ട്ടായ അഖിലക്കും ദുരന്തങ്ങളേ പ്രതീക്ഷിക്കാനുള്ളൂ.”

“സംഭവിക്കട്ടെ സാര്‍. നമ്മള്‍ ഈ സമൂഹത്തിനുവേണ്ടിയല്ലേ? നാളെയുടെ നന്മയ്ക്കുവേണ്ടിയല്ലേ?”

പ്രസാദചന്ദ്രന്‍ കസേരയില്‍ പിന്നോട്ടു ചാഞ്ഞിരുന്നു. അയാള്‍ നിശ്ശബ്ദനായി ചിന്തയിലാണ്ടു. അല്പം കഴിഞ്ഞപ്പോള്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.

“യെസ്…”- ചീഫ് എഡിറ്റര്‍ അനുമതി നല്കി. അറ്റന്‍ഡര്‍ കടന്നുചെന്നു. അയാള്‍ ചീഫ് എഡിറ്ററുടെ ചെവിയില്‍ എന്തോ പറഞ്ഞു. പിന്നെ വേഗം പുറത്തു പോയി.

“അഖില… എനിക്കൊരു ഗസ്റ്റ് വന്നിട്ടുണ്ട്. തത്കാലം നമുക്കീ സംഭഷണം നിര്‍ത്താം. ഇന്നുതന്നെ വീണ്ടും നമുക്കു കാണണം. ഞാന്‍ വിളിക്കാം” – ചീഫ് എഡിറ്റര്‍ തെല്ലു പതര്‍ച്ചയോടെ പറഞ്ഞു.

അഖില വേഗമെഴുന്നേറ്റ് ചീഫ് എഡിറ്ററുടെ ക്യാബിനില്‍ നിന്നു പുറത്തിറങ്ങി. പാന്‍റും ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച യോഗ്യനായ ചെറുപ്പക്കാരന്‍ അകത്തേയ്ക്കു കയറി.

“നമസ്കാരം സര്‍” – അയാള്‍ പ്രസാദചന്ദ്രനെ വന്ദിച്ചു.

“നമസ്കാരം, ഇരിക്ക്” – ചീഫ് എഡിറ്റര്‍ എതിരെ കിടന്ന കസേര ചൂണ്ടി പറഞ്ഞു. ആഗതന്‍ കസേരില്‍ കടന്നിരുന്നു.

“എന്‍റെ പേര് സിദ്ധാര്‍ത്ഥ്” – അയാള്‍ പറഞ്ഞു.

“അതു താങ്കളുടെ യഥാര്‍ത്ഥ പേരല്ലല്ലോ?” – പ്രസാദചന്ദ്രന്‍ ആഗതനെ സൂക്ഷിച്ചു നോക്കി. അവന്‍ തെല്ലു വിളറി.

“എന്‍റെ പേര് സിദ്ധാര്‍ത്ഥനെന്നുതന്നെയാണു സര്‍” – അയാള്‍ ഉറച്ചുനിന്നു.

“ഞാന്‍ സമ്മതിച്ചു; വന്നത്?”

സിദ്ധാര്‍ത്ഥന്‍ കസേരയില്‍ ഒന്നിളകിയിരുന്നു. പിന്നെ പറഞ്ഞു.

“ഞാന്‍ നമ്മുടെ സമൂഹത്തില്‍ വളരെ ഉന്നതവും മഹനീയവുമായ സ്ഥാനത്തുള്ളയാളിനുവേണ്ടി സംസാരിക്കാന്‍ വന്നതാ.”

“ആ മഹാന് എന്നെ നേരിട്ടു വിളിക്കുന്നതു കുറച്ചിലായിട്ടാണോ?”

“കുറച്ചിലായിട്ടല്ല. അദ്ദേഹത്തിന്‍റെ പദവി അത്ര വലുതാണ്; സര്‍വാദരണീയനുമാണ്.”

പ്രസാദചന്ദ്രന്‍ സിദ്ധാര്‍ത്ഥനെ സൂക്ഷിച്ചുനോക്കി.

“പറയ്… വിവരമെന്താണെന്ന്.”

“സാന്ദ്രാ വധക്കേസ് പ്രതി സുധീഷ് ശിക്ഷ കഴിഞ്ഞിറങ്ങിയ വാര്‍ത്ത താങ്കളുടെ പത്രത്തില്‍ കോളത്തില്‍ കൊടുത്തിരുന്നു.”

“അതിനെന്താ?”

“മറ്റൊരു പത്രത്തിലും ആ വാര്‍ത്ത വന്നില്ല. ഒരു പ്രതിയെ മഹത്ത്വവത്കരിച്ചു വാര്‍ത്ത കൊടുത്തതു മനഃപൂര്‍വമാണെന്നു തോന്നി.”

“തോന്നല്‍ ശരിയാണ്.”

“സകലരും മറന്ന ആ കേസും സംഭവവുമൊക്കെ ചികഞ്ഞെടുക്കേണ്ട വല്ല കാര്യവുമുണ്ടോ?”

“ഉണ്ട്. ശിക്ഷ കഴിഞ്ഞിറങ്ങിയ സുധീഷ് നിരപരാധിയായിരുന്നു. പന്ത്രണ്ടു വര്‍ഷം അയാള്‍ അന്യായമായി തടവില്‍ കിടന്നു.”
സിദ്ധാര്‍ത്ഥന്‍ തെല്ലു വിളറി.

“അതേച്ചൊല്ലി നമ്മള്‍ തമ്മില്‍ ഒരു തര്‍ക്കം വേണ്ട. ശിക്ഷിച്ചതു കോടതിയാണ്. കോടതിയുടെ തീരുമാനത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നറിയാമല്ലോ.”

“അറിയാം.”

“തീര്‍ന്നുപോയ ആ കേസ് ഒരിക്കല്‍കൂടി സമൂഹമദ്ധ്യത്തിലേക്കു വലിച്ചിടരുത്. എന്‍റെ കക്ഷിക്ക് അതു പല പ്രശ്നങ്ങളുമുണ്ടാക്കും. വെറുതെ സഹായം വേണ്ട. ചോദിച്ചോളൂ. എത്ര വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. അക്കൗണ്ട് നമ്പര്‍ തന്നാല്‍ സെന്‍ഡ് ചെയ്യാം. ക്യാഷായിട്ടാണു വേണ്ടതെങ്കില്‍ അങ്ങനെയുമാകാം. ആരുമറിയാത്ത വിധത്തിലായിരിക്കും ട്രാന്‍സാക്ഷന്‍.”

പ്രസാദചന്ദ്രന്‍ പുച്ഛഭാവത്തില്‍ അയാളെ നോക്കി.

“മിസ്റ്റര്‍, താങ്കള്‍ വിചാരിക്കുന്നതുപോലെയുള്ള ഒരു പത്രസ്ഥാപനമല്ലിത്. കൈക്കൂലി വാങ്ങി വാര്‍ത്തകള്‍ കൊടുക്കുകയോ മുക്കുകയോ സത്യം മൂടിവയ്ക്കുകയോ വളച്ചൊടിക്കുകയോ ഒക്കെ ചെയ്യുന്ന ഒരു ന്യൂസ് എഡിറ്ററല്ല ഞാന്‍. നമ്മള്‍ തമ്മില്‍ കൂടുതല്‍ സംസാരിക്കാതിരിക്കുന്നതാണു നല്ലത്; പൊയ്ക്കോളൂ…”

സിദ്ധാര്‍ത്ഥിന്‍റെ മുഖമിരുണ്ടു. അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു.

“പ്രസാദചന്ദ്രന്‍, ഉപദ്രവിക്കാന്‍ തന്നെയാണു തീരുമാനമെങ്കില്‍ അതു നടക്കട്ടെ. ഒരിക്കല്‍ തോന്നും, ഒന്നും വേണ്ടായിരുന്നെന്ന്. താങ്കളെപ്പോലുള്ള കപട ആദര്‍ശക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞങ്ങള്‍ക്കു നല്ല നിശ്ചയമുണ്ട” -ഗൗരവസ്വരത്തില്‍ അത്രയും പറഞ്ഞിട്ട് അയാള്‍ ഇറങ്ങിപ്പോയി.

ചീഫ് എഡിറ്റര്‍ പ്രസാദചന്ദ്രന്‍ അല്പനേര ചിന്തയിലാണ്ടിരുന്നു. അപകടകരമായ വഴിയിലൂടെയാണു താന്‍ നീങ്ങുന്നതെന്നു തോന്നി. ആദര്‍ശാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വ്യക്തിപരമായ തകര്‍ച്ചയ്ക്കു വഴിയൊരുക്കും. അന്ധകാരത്തിന്‍റെ മക്കള്‍ വെളിച്ചത്തിന്‍റെ മക്കളേക്കാള്‍ കൂര്‍മ്മബുദ്ധികളാണ്. പൊലീസും രാഷ്ട്രീയനേതൃത്വവും നീതിപാലകരും ഒരുമിച്ചുനിന്നു സത്യത്തെ എത്രയോ വട്ടം കുരിശിലേറ്റുകയാണിവിടെ. അതിനെതിരെ ചെറുവിരല്‍ പോലും അനക്കാനായില്ലെങ്കില്‍ തന്നെപ്പോലുള്ളവരുടെ ജീവിതവും അര്‍ത്ഥമില്ലാതാകും.

പ്രസാദചന്ദ്രന്‍ അഖിലാ ആനന്ദിനെ വീണ്ടും ക്യാബിനിലേക്കു വിളിപ്പിച്ചു. അഖില ആകാംക്ഷയോടെ ചീഫ് എഡിറ്ററെ നോക്കി.

“അഖില, അല്പംമുമ്പു എന്നെ കാണാന്‍ വന്നതു ‘മഹാനായ’ വ്യക്തിയുടെ ആളാണ്. ‘സാന്ദ്രാ വധക്കേസ് അടഞ്ഞ അദ്ധ്യായമാണ്. അതിനി തുറക്കാന്‍ നോക്കരുത്.’ അതാണയാളുടെ ആവശ്യം. വെറുതെ സഹായം ചെയ്യണ്ട. ചോദിക്കുന്ന പണമുണ്ട്. അതല്ല ഇനിയും മുമ്പോട്ടു നമ്മള്‍ പോയാല്‍ അതിനുള്ള വഴിയും അവരുടെ കയ്യിലുണ്ടെന്ന്!”

“സാര്‍… എന്തു പറഞ്ഞു?” – അഖില ചോദിച്ചു.

“നമ്മള്‍, പണത്തിനും ഭീഷണിക്കും വഴിങ്ങില്ലെന്നു ബോദ്ധ്യപ്പെടുത്തി വിട്ടു.”

അഖിലയ്ക്ക് ആത്മവിശ്വാസമിരട്ടിച്ചു.

(തുടരും)

Leave a Comment

*
*