Latest News
|^| Home -> Novel -> Novel -> ന്യായാധിപന്‍ – 4

ന്യായാധിപന്‍ – 4

Sathyadeepam

ജോര്‍ജ് പുളിങ്കാട്

സാമാന്യം വലിയ ഒരു കുടയാണു ശിവരാമന്‍ ചൂടിയിരുന്നത് അയാള്‍ സുധീഷിനെ അതിനു കീഴില്‍ നിര്‍ത്തി.

“നെനക്കല്ലേ പൊക്കക്കൂടുതല്‍. നീ കുട പിടിച്ചോ; ഞാന്‍ ലൈറ്റ് തെളിക്കാം.” അങ്ങനെ പറഞ്ഞു ശിവരാമന്‍ കുട സുധീഷിന്‍റെ കയ്യില്‍ കൊടുത്തു. ടോര്‍ച്ചിന്‍റെ വെട്ടവും ഇടയ്ക്കിടെയുണ്ടായ മിന്നല്‍വെട്ടവും അവര്‍ക്കു വഴികാട്ടി.

“നിന്‍റെ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ലെന്നെനിക്കറിയാമായിരുന്നു. അവള് എതിര്‍ത്തപ്പം പിന്നെ എനിക്കൊന്നും മേലന്നായി”- ശിവരാമന്‍ പറഞ്ഞു.

“ഇപ്പം പിന്നെ എന്താ ചേട്ടന്‍ എന്നെ തേടി വന്നത്?”

“നിന്‍റെയവസ്ഥ ഓര്‍ത്തപ്പം വിഷമം തോന്നി. അവളോട് ഒന്നൂടെ ചോദിച്ചു. അവള് സമ്മതിച്ചു. വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. കുടയും എടുത്തോണ്ടു വന്നു.”

“ഞാന്‍ നനഞ്ഞൊലിക്കുന്ന വീടിന്‍റെ മൂലയില്‍ കൂനിക്കൂടിയിരുന്ന് എന്താ ഒരു വഴിയെന്നാലോചിക്കുകയായിരുന്നു. പത്തുപന്ത്രണ്ടു വര്‍ഷമായിട്ടു ജയിലില്‍ വലിയ കുഴപ്പമില്ലാതെ ജീവിച്ചുവന്നതാ. ശിക്ഷ തീര്‍ന്നത് അതിലും വലിയ ഒരു ശിക്ഷയായല്ലോന്നോര്‍ത്തു പോയി.”

“സരോജത്തിനു നിന്നെ കണ്ടപ്പം മുതല്‍ പേടിയായിരുന്നു. കൊലക്കേസിലും പീഡനക്കേസിലും പെട്ട് അകത്തു കിടന്നയാളല്ലേ?”

“എന്നാലും ഒടുവില്‍ ചേച്ചി സമ്മതിച്ചല്ലോ.”

“പാവമാടാ. ഞാനവളോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നീയല്ല പീഡനവും കൊലയും നടത്തിയതെന്ന്. പേരുപറയാന്‍ പാടില്ലാത്ത ഒരു വലിയ ആളാ യഥാര്‍ത്ഥ കുറ്റവാളിയെന്ന്. അതു കേട്ടപ്പം അത്ഭുതമായി. നിന്നോടു സഹതാപമായി.”

“ശിവരാമേട്ടാ, ഞാന്‍ തന്നെയാ കുറ്റങ്ങള്‍ ചെയ്തത്. ശിക്ഷ മുഴുവന്‍ അനുഭവിക്കുകയും ചെയ്തു. ഞാന്‍ കുറ്റവാളിയല്ലെന്നൊന്നും ശിവരാമേട്ടന്‍ ഇനിയാരോടും പറയല്ലേ?”

“നീ ഒരു ചുക്കും ആരെയും ചെയ്തില്ലെന്ന് എനിക്കറിയാം. പീഡിപ്പിച്ചെന്നും കൊന്നെന്നുമൊക്കെ പറഞ്ഞു ഹീറോയാകാനാണോ നോട്ടം?”

“ഹീറോയാകാനൊന്നും ഒരുദ്ദേശ്യവുമില്ല. ഞാനീ ഭൂലോകത്തില്‍ കുറച്ചു കാലോംകൂടെയൊക്കെ ജീവിച്ചുകാണണമെങ്കില്‍ ഇതു പറയണം.”

ശിവരാമനു സുധീഷ് പറഞ്ഞതിന്‍റെ പൊരുള്‍ പിടി
കിട്ടി.

“നിന്നെ പലരും വാച്ച് ചെയ്യുന്നുണ്ടല്ലേ?”

“ഉണ്ട് ശിവരാമേട്ടാ. ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍പ്പോലും വകവരുത്താനുള്ള ശ്രമമുണ്ടായി; രണ്ടു തവണ. ജയിലര്‍ ദേവദത്തന്‍സാറിന്‍റ കഴിവുകൊണ്ടാ ഞാനിന്നു ജീവനോടിരിക്കുന്നത്.”

“ഹൊ! അപ്പഴങ്ങനെ നീ പുറത്തിറങ്ങി നടക്കും?”

‘ഞാനുദ്ദേശിക്കുന്നത് ഏതെങ്കിലും വലിയ ഹോട്ടലില്‍ കുക്കായി ജോലി പിടിക്കണമെന്നാ. മിക്കവാറും നാടന്‍ വിഭവങ്ങളെല്ലാം ഞാനൊന്നാന്തരമായിട്ടുണ്ടാക്കും. കിച്ചനില്‍ വര്‍ക്ക് ചെയ്യുന്നയാള് മിക്കവാറും തടവില്‍ കിടക്കുന്ന ആളെപ്പോലെയാ. ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണത്തിനു രുചിയുണ്ടെങ്കില്‍ ഹോട്ടലിനു പേരാകും. ചില ഐറ്റത്തിന്‍റെ പേരില്‍ മാത്രം പിടിച്ചുനില്ക്കുന്ന വലിയ ഹോട്ടലുകളുണ്ട്.”

“വലിയ ഹോട്ടലുകാരൊക്കെ ഒരു ജയില്‍പ്പുള്ളിയെ ജോലിക്കെടുക്കുമോ?”

“എന്‍റെ സ്വഭാവത്തെയും പ്രവര്‍ത്തനത്തെയുംകുറിച്ചു ജയിലര്‍ ദേവദത്തന്‍സാറെഴുതി തന്ന നല്ലൊരു കത്തുണ്ട്; അതു പ്രയോഗിക്കണം.”

“ങാ ചെലപ്പം അതു നടന്നേക്കും. എവിടേലും കയറിപ്പറ്റുന്നതുവരെ എന്‍റെ കൂടെ താമസിച്ചോ. രാവിലെ നാലു മണിക്ക് എഴുന്നേറ്റു ശരിക്കും കഷ്ടപ്പെട്ടാ ഞങ്ങളു മുതുക്കനും മുതുക്കീം കൂടെ ഈ ചായക്കട ഓടിച്ചുകൊണ്ടുപോകുന്നേ”-ശിവരാമന്‍ പറഞ്ഞു.

“കേട്ടിട്ടു കൊള്ളാം. പക്ഷേ, ഒരു അഞ്ഞൂറു രൂപാപോലും നിനക്കു ശമ്പളംതരാന്‍ പറ്റില്ല. ഒരു ദിവസത്തെ ലാഭം കണക്കുകൂട്ടിയാല്‍ പത്തുമുന്നൂറു രൂപയേ വരൂ.”

“എന്‍റെ ശിവരാമന്‍ചേട്ടാ ഇങ്ങനെ വിഷമിക്കാതെ. എനിക്കൊരു രൂപയും ശമ്പളം തരണ്ട. ഇത്തിരി ഭക്ഷണോം കിടക്കാനൊരിടോം കിട്ടിയാല്‍ ധാരാളം” – സുധീഷ് പറഞ്ഞു.

“അതിനൊന്നും ഒരു കുഴപ്പവുമില്ല. കച്ചവടം നീ പറഞ്ഞതുപോലെ കേറിവന്നാല്‍ രൂപായെന്തെങ്കിലും തരികയും ചെയ്യാം” – ശിവരാമന്‍ പ്രതികരിച്ചു.

മഴ കുറഞ്ഞിരുന്നു. വീടും കടയും ചേര്‍ന്ന ആ പഴയ കെട്ടിടത്തിലേക്കു ശിവരാമനും സുധീഷും കയറിച്ചെന്നു. കറന്‍റ് പോയതിനാല്‍ മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ചിട്ടുണ്ട്. രണ്ടാളും തിണ്ണയിലേക്കു കയറിയപ്പോള്‍ തോര്‍ത്തുകളുമായി സരോജം അടുത്തെത്തി.

“ഇന്നാ… ഇതുകൊണ്ടു തല തുവര്‍ത്ത്. അല്ലേല്‍ പനി പിടിക്കും.” തോര്‍ത്തു രണ്ടു പേര്‍ക്കും കൊടുത്തുകൊണ്ടു സരോജം പറഞ്ഞു. സുധീഷ് അല്പം മാറിനിന്നു തല തുവര്‍ത്തുകയും ഷര്‍ട്ടഴിച്ചു പിഴിഞ്ഞു വെള്ളം കളയുകയും ചെയ്തു. മൂന്നുനാലു പ്രാവശ്യം കുടഞ്ഞതിനുശേഷം അവനതു ധരിച്ചു.

സരോജം സ്റ്റീല്‍ പ്ലേറ്റുകളില്‍ ചൂടുകഞ്ഞിയും ചെറുപയര്‍ വേവിച്ചുലര്‍ത്തിയതും മേശയില്‍ നിരത്തി. പിഞ്ഞാണികളില്‍ കടുമാങ്ങാ അച്ചാറും വിളമ്പിവച്ചു.

“വാ… രണ്ടുപേരും വന്നു കഞ്ഞി കുടിക്ക്”-സരോജം പറഞ്ഞു. ശിവരാമനും സുധീഷും കഞ്ഞി കുടിക്കാനിരുന്നു.

“ജയിലില്‍ എന്നും കഞ്ഞീം പയറുമാണെന്നു കേട്ടിട്ടുണ്ട്. അതുതന്നെ നീയവനു കൊടുത്തല്ലോ സരോജം”- ശിവരാമന്‍ വിഷമിച്ചു.

“ഈ പെരുമഴയത്തും തണുപ്പത്തും ചൂടുകഞ്ഞീം പയറും പറ്റിയതാ” – സുധീഷ് പറഞ്ഞു.

“ശിവരാമന്‍ചേട്ടന്‍റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും ഇവിടെ ഇറച്ചീം മീനുമൊക്കെ വാങ്ങിക്കൊണ്ടെത്തന്നിട്ടു ഞാനതു കറിവയ്ക്കാത്തതാന്ന്. ചൊവ്വേ നേരെ ഒരു ഭക്ഷണമില്ല കൊച്ചേ ഇവിടെ”- സരോജം തിരിച്ചടിച്ചു.

ശിവരാമന്‍ മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.

കഞ്ഞി കുടിച്ചെഴുന്നേറ്റശേഷം ശിവരാമന്‍ കടയില്‍ പാചകം ചെയ്യുന്ന സ്ഥലം കാട്ടിക്കൊടുത്തു. പിറ്റേദിവസത്തേക്കുള്ള ദോശയ്ക്ക് അരിയും ഉഴുന്നും അരച്ചു പുളിക്കാന്‍ വച്ചിട്ടുണ്ട്. ദോശയും ചായയും മാത്രമാണ് ആ ചായക്കടയിലെ ഏകവിഭവം. അതിനു താത്പര്യമുള്ള കുറച്ചു പേര്‍ വരുന്നു, കഴിച്ചുപോകുന്നു; അത്രമാത്രം. അപ്പവും മുട്ടയും ബൊറോട്ടായും ഇറച്ചിക്കറിയും കപ്പബിരിയാണിയുമൊക്കെ വൃത്തിയായി രുചിയോടെ ഉണ്ടാക്കിക്കൊടുത്താല്‍ കച്ചവടം കയറിവരുമെന്നു സുധീഷിനു തോന്നി. വീട്ടുവരാന്തയില്‍ അവനു കിടക്കാന്‍ ഒരു ഷീറ്റും തലയണയും പുതപ്പും ശിവരാമന്‍ കൊണ്ടുവന്നു കൊടുത്തു. വൈകാതെ സുധീഷ് ഉറങ്ങാന്‍ കിടന്നു. ഓര്‍മകള്‍ അവനെ വേട്ടയാടി. ഈ ലോകത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാനാണു താനെന്ന് അവനു തോന്നി. ചെയ്യാത്ത കുറ്റത്തിനു പന്ത്രണ്ടു വര്‍ഷം ശിക്ഷ അനുഭവിച്ചവന്‍! ചികിത്സ കിട്ടാതെ മകള്‍ മരിച്ചതിനും ഭാര്യയുടെ ജീവിതം വഴിതെറ്റിയതിനും മകന്‍ അച്ഛനോടും അമ്മയോടുമുള്ള അടങ്ങാത്ത പകയോടെ മണലാരണ്യത്തില്‍ പണിയെടുക്കുന്നതിനും താനാണല്ലോ ഉത്തരവാദി. തണുത്ത തറയില്‍ വിരിച്ച ഷീറ്റില്‍ സുധീഷ് ഉരുണ്ടും പിരണ്ടും കിടന്നു. എപ്പോഴോ ഉറങ്ങി. പതിവുപോലെ അഞ്ചു മണിക്കുണര്‍ന്നു. അടുക്കളയില്‍ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം കണ്ടു. ശിവരാമന്‍ചേട്ടന്‍ ദോശ ചുടാനുള്ള തയ്യാറെടുപ്പാണ്. സുധീഷ് അങ്ങോട്ടു ചെന്നു.

“നീ എഴുന്നേറ്റോ?” – ശിവരാമന്‍ തിരക്കി.

“ഞാനെന്നും നേരത്തെ എഴുന്നേല്ക്കാറുണ്ട്” – സുധീഷ് പറഞ്ഞു.

“ഉറക്കം വന്നോടാ?”

“ഉറങ്ങി.”

“കറന്‍റില്ലാത്തതുകൊണ്ട് ആകെ ബുദ്ധിമുട്ടാ” – ശിവരാമന്‍ സൂചിപ്പിച്ചു.

“ശിവരാമേട്ടന്‍ കുറച്ചു നേരംകൂടി പോയി കിടക്ക്. പണിയൊക്കെ ഞാന്‍ ചെയ്തോളാം.”

“എന്നാല്‍ നിയങ്ങു ചെയ്യെല്ലാം. എനിക്കു രണ്ടു ദിവസമായി ഒരു കഴുത്തിനുവേദന തുടങ്ങിയിട്ട്. വാതത്തിന്‍റെയായിരിക്കും. പിന്നെ ഒരു കാര്യം പറയാനുണ്ട്. ചമ്മന്തിക്കു തേങ്ങാ നല്ലോണം ചേര്‍ക്കണം. വലിയ ഹോട്ടലിലൊക്കെ ചമ്മന്തിപ്പാത്രത്തില്‍ വെള്ളപ്പൊക്കമാ. ഇവിടെ നല്ലോണമുണ്ടാക്കുന്നതുകൊണ്ടാ കുറച്ചുപേരു കയറുന്നെ” – ശിവരാമന്‍ പറഞ്ഞു.

“ഒന്നും ആരും മോശം പറയാത്ത രീതിക്കു ചെയ്തോളാം ശിവരാമേട്ടാ” – സുധീഷ് ഉറപ്പുകൊടുത്തു.

ആറരയായപ്പോഴേക്കും ദോശയും ചമ്മന്തിയും തയ്യാറായി. സവോള രണ്ടുമൂന്നെണ്ണം കൊത്തിയരിഞ്ഞു മുളകും അല്പം വിനാഗിരിയും എണ്ണയും ചേര്‍ത്ത് ഒരു സലാഡ് സ്പെഷലായുണ്ടാക്കി. പതിവുകാര്‍ വന്നു തുടങ്ങി. വൃത്തിയാക്കിയ സ്റ്റീല്‍ പ്ലേറ്റുകളില്‍ ദോശയും ചമ്മന്തിയും സലാഡും വിളമ്പി കൊടുക്കുമ്പോള്‍ ശിവരാമന് അഭിമാനം തോന്നി. ദോശ കഴിച്ച ചിലര്‍ പാഴ്സല്‍ ചോദിച്ചു. എട്ടു മണിക്കുമുമ്പേ ഉണ്ടാക്കിയതു മുഴുവന്‍ തീര്‍ന്നു.

“നിന്‍റെ കുക്കിംഗ് എല്ലാവര്‍ക്കും പിടിച്ചെന്നു തോന്നുന്നു” – ശിവരാമന്‍ സുധീഷിനെ പുകഴ്ത്തി.

“നാളെ മുതല്‍ ബൊറോട്ടായും അപ്പവും മുട്ടക്കറീംകൂടെ തുടങ്ങിയാലോ ശിവരാമേട്ടാ” – സുധീഷ് തിരക്കി.

“ഇവിടെയിപ്പം അതൊന്നും പോകത്തില്ലെടാ” – അയാള്‍ പറഞ്ഞു.

“നമ്മള്‍ക്കൊന്നു നോക്കാമെന്നേ.”

“നിന്‍റെ ഇഷ്ടംപോലെ ചെയ്യ്” – ശിവരാമന്‍ പറഞ്ഞു.

പിറ്റേദിവസം മുതല്‍ വിഭവങ്ങള്‍ വര്‍ദ്ധിച്ചു. ആളുകള്‍ കൂടുതല്‍ കയറി. വലിയ ഹോട്ടലുകാരെ അമ്പരപ്പിക്കുംവിധം ശിവരാമന്‍റെ ചായക്കടയിലെ കപ്പബിരിയാണിയും ബൊറോട്ടയും മസാല ദോശയുമൊക്കെ ജനപ്രിയത നേടി. കച്ചവടം പതിന്മടങ്ങു വര്‍ദ്ധിച്ചു. ദിവസം 500 രൂപാ നിരക്കില്‍ സുധീഷിനു പണിക്കൂലി കിട്ടിത്തുടങ്ങി.

വ്യാഴാഴ്ച ഉച്ചനേരം. ചായക്കടയുടെ ചുവരുകള്‍ക്കു പെയിന്‍റിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സുധീഷ്. അപ്പോള്‍ പാന്‍റും ടീഷര്‍ട്ടും ധരിച്ച് ഇരുപത്തഞ്ചു വയസ്സു തോന്നിക്കുന്ന ഉയരം കൂടിയ യുവാവ് കടയിലേക്കു കയറി വന്നു. അയാള്‍ സുധീഷിന്‍റെ അടുത്തേയ്ക്കു ചെന്നു.

“ചേട്ടാ… ഈ കടയുടെ ഉടമസ്ഥനിവിടുണ്ടോ?” – ആഗതന്‍ തിരക്കി.

“ഇവിടില്ലല്ലോ; മാവേലി സ്റ്റോറില്‍ പോയതാ” – സുധീഷ് പറഞ്ഞു.

“ഉടനെയങ്ങാനും വരുമോ?”

“വരും. ചായയോ മറ്റോ വേണമെങ്കില്‍ ചേച്ചിയകത്തുണ്ട്; എടുത്തുതരും.”

“ചായ വേണം; ധൃതിയില്ല” – നമ്മടെ വീടെവിടെയാ?”

ചോദ്യം സുധീഷിനു സംശയമുണ്ടാക്കി.

“കുറച്ചകലെയാ.”

“സ്ഥലം പറയരുതോ?”

“നിങ്ങളാരാ?”

“ഞാന്‍ മഫ്ടിയിലുള്ള ഒരു പൊലീസുകാരനാ. ഐഡന്‍റിറ്റി കാര്‍ഡ് കാണണമെന്നുണ്ടോ?” – പരുഷമായിരുന്നു മറുപടി.

“എനിക്കൊന്നും കാണണ്ട” – സുധീഷ് മുഷിഞ്ഞ മട്ടില്‍ പറഞ്ഞു. ആഗതന്‍ കടയ്ക്കകത്തേയ്ക്കു കയറി. അവന്‍ ജോലി തുടര്‍ന്നു.

“ഒരു ചായ അല്പം കടുപ്പത്തില്‍”- യുവാവ് അടുക്കളയിലുണ്ടായിരുന്ന സരോജത്തോടായി പറഞ്ഞു. സരോജം വെള്ളം ചൂടാക്കാന്‍ വച്ചു. ഗ്ലാസ് കഴുകി. വേഗം കടുപ്പമുള്ള ചായയുണ്ടാക്കി ചെറുപ്പക്കാരനു കൊടുത്തു. അതു കുടിക്കുന്നതിനിടെ അയാള്‍ കടയുടെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. താമസിയാതെ ശിവരാമന്‍ സാധനങ്ങളും വാങ്ങി തിരിച്ചെത്തി.

“കടയുടമയാണല്ലേ?” – അങ്ങനെ ചോദിച്ച് ആഗതന്‍ എഴുന്നേറ്റു ചെന്നു.

“അതെ, ആരാ?”

“ഞാന്‍ മഫ്ത്തിയിലുള്ള പൊലീസുകാരനാ.”

ശിവരാമന്‍ തെല്ലു പകച്ചു; ആഗതനെ അടിമുടി നോക്കി.

“വന്നതെന്താ സാര്‍?”

“ഇതു വീടും കടയും കൂടിയാണല്ലേ?”

“അതെ.”

“ഇവിടെ താനും ഭാര്യയും മക്കളുമല്ലാതെ മറ്റാരെങ്കിലുമുണ്ടോ?”

“ഞാനും ഭാര്യയും മാത്രമേയുള്ളൂ: എനിക്കു മക്കളില്ല.”

“പണിക്കാരനില്ലേ ഒരാള്‍?”

“ഇല്ലല്ലോ. ഇവിടെ ചെറിയ ഏര്‍പ്പാടൊക്കെയേയുള്ളൂ. ഞങ്ങളുതന്നെയാ ഉണ്ടാക്കുന്നെ.”

“പൊലീസിനോടു നുണ പറയരുത്” – ശബ്ദം പരുഷമായി.

“നുണയല്ല സാര്‍.”

“ആളുണ്ട്. ഒരു കൊടുംക്രിമിനലാണ്. ജയിലില്‍നിന്നും ചാടി വന്നവന്‍. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാള്‍. എല്ലാം കൃത്യമായി മനസ്സിലാക്കിയിട്ടാ ഞാന്‍ വന്നിരിക്കുന്നത്” – അയാള്‍ പറഞ്ഞു.

“തെറ്റിദ്ധാരണയാ നിങ്ങള്‍ക്ക്. ഇവിടെയങ്ങനെയൊരാളില്ല” – ശിവരാമന്‍ പറഞ്ഞതിലുറച്ചുനിന്നു.

“തര്‍ക്കിക്കുന്നില്ല. പിന്നെ ഞാന്‍ വന്നതു നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പു തരാനാ. നിങ്ങളുടെ മുമ്പില്‍ അവന്‍ പറഞ്ഞിരിക്കുന്നതു ശിക്ഷ കഴിഞ്ഞിറങ്ങിയതാണെന്നായിരിക്കും. അതു സത്യമല്ല. ജയില്‍ ചാടിയതാ. നല്ല മര്യാദക്കാരനായിട്ടവന്‍ അഭിനയിക്കും. എന്തു സഹായവും ചെയ്യും. അവസരം കിട്ടുമ്പോള്‍ തനി സ്വഭാവം പുറത്തു വരും. നിങ്ങളുടെ ഭാര്യ ഒട്ടും സുരക്ഷിതയല്ലെന്നോര്‍ക്കണം. അടുത്ത ദിവസം ക്രൂരമായ ഒരു കൊലപാതകം ഈ വീട്ടിലുണ്ടാകാനുള്ള സകല സാദ്ധ്യതയുമുണ്ട്. ഒരു മുന്നറിയിപ്പു തരാന്‍ വേണ്ടി വന്നതാണ്.”

ശിവരാമന്‍ സംഭിതനായി വാ പിളര്‍ന്നു നിന്നു.

കുടിച്ച ചായയുടെ പണം പോലും നല്കാതെ അയാള്‍ കടയില്‍ നിന്നിറങ്ങിപ്പോയി. സരോജം ശിവരാമന്‍റെയടുത്തേയ്ക്ക് ഓടിയെത്തി.

“അതാരാ ശിവരാമേട്ടാ…? എന്താ പറഞ്ഞത്?” – സരോജം വേവലാതിപ്പെട്ടു.

“അയാള്, ആരാ എന്താണെന്നൊന്നും കൃത്യമായി പറയാന്‍ പറ്റില്ല. പൊലീസാന്നാ പറഞ്ഞത്.”

“എന്തിനാ വന്നത്?”

“സുധീഷിവിടെയുണ്ടെന്നു കൃത്യമായി മനസ്സിലാക്കിയിട്ടു വന്നതാ. സംസാരം കേട്ടിട്ടു വന്നവന്‍റെ ലക്ഷ്യം സുധീഷാ. അവന്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതല്ലെന്ന്. തടവു ചാടി വന്ന കൊടും കൊലയാളിയാന്നൊക്ക പറഞ്ഞു.”

“നേരായിരിക്കുമോ?”

“എനിക്കു തോന്നുന്നില്ല. വന്നവന്‍റെ നോട്ടം നമ്മളെ പേടിപ്പിക്കുകയാണ്.”

“ഇവിടെ കൊലപാതകം നടന്നേക്കുമെന്നൊക്കെ പറഞ്ഞല്ലോ?”

“അതെ. എന്തൊക്കെയോ ഗൂഢനീക്കങ്ങള്‍ സുധീഷിനെതിരെ നടക്കുന്നുണ്ട്. അവനിവിടെ താമസിക്കുമ്പോള്‍ അതിന്‍റെ ദോഷം നമ്മള്‍ക്കുമുണ്ടാകും. പറഞ്ഞുവിടുന്നതാണു നല്ലതെന്നു തോന്നുന്നു” – ശിവരാമന്‍ പറഞ്ഞു.

“നമ്മുടെ കട നല്ല രീതിയില്‍ കയറിവന്നതായിരുന്നു. എന്തെല്ലാം കൂട്ടമാ അവന്‍ ഉണ്ടാക്കുന്നേ. അപ്പുറത്തെ വലിയ കടയിലൊക്കെ ചെലവു പകുതിയായി കുറഞ്ഞെന്നു പറച്ചിലുണ്ട്. കണ്ടിടത്തോളം സുധീഷ് ഒരു തരത്തിലും കുഴപ്പക്കാരനല്ല. എനിക്കു തോന്നുന്നത് ഇവിടത്തെ ഹോട്ടലുകാരന്‍റെ എന്തോ കള്ളക്കളിയാ ഇതെന്നാ.”

“സരോജം, ഹോട്ടലുകാരായിരിക്കില്ലെടീ ഇതിനൊക്കെ പുറകില്‍. ഒരുകാര്യം ഞാന്‍ നിന്നോടു പറയാം. നമ്മുടെ സുധീഷ് എന്നെങ്കിലും അപായപ്പെടും. ജയിലിനികത്തുപോലും അവനെ കൊല്ലാനുള്ള നീക്കം നടന്നതായിട്ട് അവനെന്നോടു പറഞ്ഞിട്ടുണ്ട്.”

“സുധീഷിനെക്കൊണ്ടു പൊലീസില്‍ ഒരു പരാതി കൊടുപ്പിച്ചാലോ?”

ശിവരാമന്‍ പുച്ഛഭാവത്തില്‍ ചിരിച്ചു.

“പൊലീസില്‍ എന്തൊക്കെയാ നടക്കുന്നതെന്നു നീ പത്രത്തിലും ടിവിയിലുമൊക്കെ കാണുന്നില്ലേ? സുധീഷ് നമ്മള്‍ക്ക് ഒരു നല്ല കൂട്ടും സഹായിയുമൊക്കെയായിരുന്നു. പക്ഷേ, ഇനിയിവിടെ നിര്‍ത്തുന്നതു നമ്മള്‍ക്കും അവനും നല്ലതല്ല. അവന്‍ താവളമൊന്നു മാറുന്നതുതന്നെയാ നല്ലത്” – ശിവരാമന്‍ പറഞ്ഞു.

അപ്പോള്‍ പെയിന്‍റിംഗ് തത്കാലം നിര്‍ത്തി കൈകാല്‍ കഴുകി സുധീഷ് കടയിലേക്കു കയറി വന്നു.

(തുടരും)

Leave a Comment

*
*