ന്യായാധിപന്‍ – 5

ന്യായാധിപന്‍ – 5

ജോര്‍ജ് പുളിങ്കാട്

"ശിവരാമേട്ടാ, ഇവിടെ വന്നവര്‍ പൊലീസൊന്നുമല്ല കേട്ടോ. എനിക്കു തോന്നുന്നത് ഏതോ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവനാന്നാ" – സുധീഷ് പറഞ്ഞു.

"ആയിരിക്കും. നിന്നെ തേടിയാണവന്‍ വന്നത്. എവിടെന്നോ നമ്മളെപ്പറ്റി കുറെയേറെ വിവരങ്ങള്‍ അവനു കിട്ടിയിട്ടുണ്ട്."

"എന്നെ കണ്ടപ്പോള്‍ അവനു സംശയമുണ്ടായി. ഒടുവില്‍ പെയിന്‍റിംഗ് തൊഴിലാളിയാണെന്ന വിശ്വാസത്തിലാ പോയതെന്നു തോന്നുന്നു."

"എടാ ഇവിടെ സ്പോട്ട് കണ്ടെത്തിയ സ്ഥിതിക്കു നീയിവിടെ ഒട്ടും സുരക്ഷിതനല്ല."

"എനിക്കറിയാം. രണ്ടുവിധത്തില്‍ അറ്റാക്ക് പ്രതീക്ഷിക്കണം. എന്നെ നേരിട്ട് ഇല്ലാതാക്കാന്‍ പറ്റാതെ വന്നാല്‍ ആദ്യമുണ്ടായതുപോലെ മറ്റൊരു കൊലപാതകമുണ്ടാക്കി ജയില്‍പ്പുള്ളിയായിരുന്ന എന്‍റെ തലയില്‍ കെട്ടിവയ്ക്കും. പിന്നെ മനോവൈകല്യമുള്ള കൊലയാളിയെന്നൊക്കെ വരുത്തി എന്നേയ്ക്കും ജയിലില്‍ തളയ്ക്കാനായിരിക്കും ശ്രമിക്കുന്നത്."

"നമ്മളിപ്പോള്‍ എന്താ ചെയ്യേണ്ടത്? പൊലീസിലൊരു കംപ്ലയിന്‍റ് കൊടുത്താലോ?"

"വേണ്ടേ വേണ്ട. എന്‍റെ ജീവിതം തകര്‍ക്കാന്‍ എല്ലാ സഹായവും ചെയ്തതു പൊലീസാ. വലിയ ഒരു വഞ്ചനയവര്‍ കാട്ടി. സരോജേച്ചിയുടെ കേള്‍ക്കെ ഞാനതു പറയില്ല."

"എന്നെ വിശ്വാസമില്ലേ സുധീഷിന്?" – സരോജം ചോദിച്ചു.

"വിശ്വാസമില്ലാഞ്ഞിട്ടല്ല ചേച്ചി. അറപ്പിക്കുന്ന ഒരു സത്യമാണ്. പൊലീസും രാഷ്ട്രീയക്കാരും വക്കീലുമൊത്താല്‍ ഏതു കൊടുംപാതകിയെയും ഇവിടെ രക്ഷപ്പെടുത്താം. അതുപോലെ നിരപരാധിയെ ജയിലിലടയ്ക്കുകയും ചെയ്യാം."

"സുധീഷേ നീയെന്താ ഉദ്ദേശിക്കുന്നത്?"

"ശിവരാമേട്ടാ, പന്ത്രണ്ടു വര്‍ഷം തടവില്‍ കിടന്നിട്ടു പുറത്തുവന്നവനല്ലേ ഞാന്‍. ശിവരാമേട്ടനല്ലാതെ ഒരു മനുഷ്യനും എന്നോടിത്തിരി കനിവു കാട്ടിയിട്ടില്ല. എന്‍റെ ചരിത്രമറിയുന്ന ആരും എന്നെ വെറുതെ വിടുമെന്ന വിശ്വാസവുമില്ല. തടവിനേക്കാള്‍ കഷ്ടതയേറിയതാണ് ഒളിച്ചുള്ള ജീവിതം. ഇനി ഇവിടെനിന്നു പോകാതെ തരമില്ല. എന്നും ചാരക്കണ്ണുകള്‍ എന്‍റെ പിന്നാലെയുണ്ടാകും. സുധീഷിന്‍റെ മരണം ഉറപ്പായെങ്കില്‍ മാത്രമേ നമ്മുടെ സമൂഹത്തിലെ ഒരു മഹാനായ വ്യക്തിക്ക് സമാധാനത്തോടെ ഒന്നുറങ്ങാന്‍ പറ്റൂ."

"എടാ വേട്ടക്കാരന്‍ ആരാണെന്നറിയാമെങ്കില്‍ അതങ്ങു വിളിച്ചുപറഞ്ഞുകൂടേ നിനക്ക്?"

"ആവില്ല ശിവരാമേട്ടാ. അങ്ങനെ ചെയ്താല്‍ അതാരും വിശ്വസിക്കില്ല. പറയുന്ന ഞാനൊരു ഭ്രാന്തനാണെന്നു വരും. അതിനടുത്ത ദിവസം ഞാനീ ഭൂമിയില്‍ കാണുകയുമില്ല. എന്‍റെ പറച്ചില്‍ ഒരു ക്രിമിനല്‍ കുറ്റവുമാകും."

"എനിക്കു നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. മനസ്സിലുള്ളതു മലയാളത്തില്‍ പറയരുതോ?"

"മലയാളത്തില്‍ തന്നെയാണു ഞാന്‍ പറഞ്ഞത്. ശിവരാമേട്ടന്‍ ഇതില്‍ കൂടുതലൊന്നും അറിയാതിരിക്കുന്നതാ നല്ലത്."

"ഇവിടെ കയറി വന്ന ചെറുപ്പക്കാരന്‍ ഇവിടെ ഒരു കൊലപാതകമുണ്ടായേക്കുമെന്നു പറഞ്ഞു."

"ഞാനതു കേട്ടു ശിവരാമേട്ടാ. അവനെന്തൊക്കെയോ പദ്ധതികളുണ്ട്. ഇനിയിവിടത്തെ താമസം നിര്‍ത്തുന്നതാ നല്ലത്. ഞാന്‍ കാരണം ശിവരാമേട്ടനും ചേച്ചിക്കും ഒരാപത്തും വരരുത്."

"നീ നാടു വിട്ടു പോകാനാണോ പരിപാടി?"

"അല്ല. ഞാനെന്‍റെ വീട് അടിച്ചുവാരി പോയ ഓടൊക്കെയൊന്നു മാറ്റിയിട്ടു ശരിയാക്കിയെടുക്കാം. മുറ്റവും ഉള്ള പറമ്പും ഒന്നു വൃത്തിയാക്കിയെടുക്കണേലും നല്ല പണിയുണ്ട്" – സുധീഷ് പറഞ്ഞു.

"നീ നമ്മടെ കടേല് കുറേ ഐറ്റമൊക്കെ തുടങ്ങിവച്ചു. നാളെ അതു കഴിക്കാനാളു വരുമ്പം ഞാനെന്തു പറയും?"

"അത്… ഇവിടെ ശിവരാമേട്ടനും ചേച്ചിക്കും താത്പര്യമാണെങ്കില്‍ ഞാന്‍ രാവിലെ എഴുന്നേറ്റു വരാം."

"നീ വരുന്നതു ഞങ്ങള് രണ്ടു പേര്‍ക്കും വലിയ ഇഷ്ടാ. ഞങ്ങളെക്കൊണ്ട് ഒരു പണീമെടുപ്പിക്കാതെ എല്ലാം ചെയ്തുതന്നതല്ലേ ഇതുവരെ. അങ്ങനെതന്നെ തുടരണം" – ശിവരാമന്‍ പറഞ്ഞു.

വൈകുന്നേരം ആറു മണിയോടെ സുധീഷ് കടയില്‍നിന്നും യാത്ര ചോദിച്ചു പോയി.

നാലു പണിക്കാരെ കൂട്ടി രണ്ടു ദിവസം ശരിക്കും അദ്ധ്വാനിച്ചാണു വീടു താമസയോഗ്യമാക്കിയത്. പല്ലിയെയും പാറ്റയെയും എട്ടുകാലിയെയുമൊക്കെ കൊല്ലേണ്ടി വന്നു. അതോടൊപ്പം മുറ്റവും പരിസരവുമെല്ലാം പള്ള കളഞ്ഞു വൃത്തിയാക്കി. എല്ലാ ദിവസവും അഞ്ചു മണിക്ക് എഴുന്നേറ്റു ശിവരാമന്‍റെ കടയില്‍ ചെന്നു വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ പത്തു മണി. ശിവരാമേട്ടന്‍റെ കടയിലെ പണികള്‍ തീര്‍ത്തു സുധീഷ് വീട്ടില്‍ വന്നു. ഉച്ചയ്ക്കു കഴിക്കാന്‍ ചോറുണ്ടാക്കാനായി അവന്‍ വീട്ടിലെ ചെറിയ അടുക്കളയില്‍ കയറി. അലൂമിനീയം കലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്കു അരി കഴുകിയത് ഇടുമ്പോഴാണു വീട്ടുമുറ്റത്ത് ഒരു കൈനറ്റിക് വന്നു നിന്നത്. അരിയിട്ടു കഴിഞ്ഞു സുധീഷ് വേഗം ഉമ്മറത്തേയ്ക്ക് ചെന്നു. നിറപുഞ്ചരിയോടെ ഇറങ്ങിവന്നത് അഖിലാ ആനന്ദാണ്.

"ഓ! അഖിലാ… വരണം… വരണം" – സ്നേഹം സുധീഷില്‍ വെപ്രാളമുണ്ടാക്കി. ആകെയുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര തോര്‍ത്തുകൊണ്ടു തുടച്ച് അവന്‍ അവള്‍ ക്കിരിക്കാനായി നീക്കിയിട്ടു. അഖില ആ ചെറിയ വീടും ചറ്റുപാടുകളും ആകെയൊന്നു നോക്കിയിട്ടു കസേരയിലിരുന്നു.

"ഞാനിവിടെയുണ്ടെന്ന് എങ്ങനെയറിഞ്ഞു?" – അവന്‍ തിരക്കി.

"സുധീഷേട്ടന്‍ എവിടെയാണെന്നു സത്യത്തില്‍ എനിക്കറിയില്ലായിരുന്നു. വീടു ഇവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞു. ഇവിടെ അന്വേഷിച്ചു കൂടുതല്‍ വിവരം അറിയാമെന്നു കരുതി ഇങ്ങോട്ടു പോന്നു"-അഖില പറഞ്ഞു.

"ഈ കൈനറ്റിക്കില്‍… ഇത്രയും ദൂരം; മടുത്തില്ല?"

"മടുപ്പുണ്ട്; എന്നതാ കഴിക്കാനുള്ളത്?"

"ഞാന്‍ ചോറുണ്ടാക്കാനുളള പണിയിലായിരുന്നു. കുറച്ചു താമസിച്ചാല്‍ ചോറു തരാം. അതിനുമുമ്പ് ഒരു കടുംചായയിട്ടു തരട്ടെ."

"ങും. നല്ലോണം മധുരമിട്ടേക്കണം. ജയിലിലെ വലിയ കുക്കല്ലേ? കൈപ്പുണ്യമൊന്നറിയണം"- അഖില പറഞ്ഞു.

സുധീഷ് അടുക്കളയിലേക്കോടി. അഖില ഓരോന്നാലോചിച്ചിരുന്നു. ഇയാളുടെ ഭാര്യ മറ്റൊരുത്തന്‍റെ കൂടെപ്പോയെന്നും മകന്‍ ഗള്‍ഫിലാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. പാവം മനുഷ്യന്‍; നാട്ടില്‍ ഏകനായി ജീവിക്കുകയാണ്.

സുധീഷ് പെട്ടെന്നുതന്നെ കടുംചായയുമായി കടന്നുവന്നു. അഖില നേര്‍ത്ത പുഞ്ചിരിയോടെ അതു വാങ്ങി കുറേശ്ശെ കുടിച്ചുതുടങ്ങി.

"ശരിക്കും രുചിയുണ്ട് കേട്ടോ; കൊള്ളാം" – അഖില പറഞ്ഞു.

"താങ്ക് യൂ. ജയിലര്‍ ദേവദത്തന്‍ സാറിന് എന്‍റെ കടും ചായ വലിയ ഇഷ്ടമായിരുന്നു" – സുധീഷ് പറഞ്ഞു.

"അങ്ങനെ ചിലര്‍ക്കൊക്കെ നമ്മളെ ഇഷ്ടമുണ്ടെന്ന വിചാരമല്ലേ ജീവിക്കാനുള്ള ആഗ്രഹം തരുന്നത്. ഞാനിത്രയും ദൂരെ കൈനറ്റിക് ഓടിച്ചുവന്നതും സുധീഷിനോട് ഇഷ്ടമുണ്ടായിട്ടല്ലേ?"

"അഖില എന്നെയിഷ്ടപ്പെടാന്‍ മാത്രം എന്താ ഉള്ളത്? ഒരു തവണ കണ്ടിട്ടുണ്ടെന്നും മിണ്ടിയിട്ടുണ്ടെന്നുമല്ലേയുള്ളൂ."

"ഒരിക്കലും കണ്ടിട്ടില്ലാത്തവരെ നമ്മള്‍ ഇഷ്ടപ്പെടാറുണ്ടല്ലോ. അത് അവരുടെ പ്രവൃത്തി മൂലമാണ്."

"ഞാന്‍ ഒരു പ്രവൃത്തീം ചെയ്യാത്ത ഒരുത്തനാ. പെണ്ണുങ്ങളും കുട്ടികളുമൊക്കെ കണ്ടാല്‍ പേടിക്കുന്നു, മാറി നടക്കുന്നു. ഭാര്യ അവളുടെ വഴിക്കു പോയി. മകന്‍ അവന്‍റെയും. മകള് ഒന്നുമറിയാത്ത പരലോകത്തേക്കും പറന്നു!"

"സുധീഷേട്ടാ, ഞാന്‍ മുമ്പു പറഞ്ഞു ഒരു കാര്യമുണ്ട്. സുധീഷേട്ടന്‍ ചെയ്യാത്ത തെറ്റിനു കുരിശേറിയവനാ. ഈ സമൂഹത്തില്‍ സത്യവും നീതിയും സമാധാനവുമൊക്കെ സംരക്ഷിക്കേണ്ടവരൊക്കെ കൂടിയാണ് ഈ കൊടുംക്രൂരത ചെയ്തത്. കുരിശില്‍ രക്തസാക്ഷിത്വം വഹിച്ച ക്രിസ്തുവിനു മറ്റൊരു ഭാവം കൂടിയുണ്ടല്ലോ. ജെറുസലേം ദേവാലയത്തില്‍ നിന്ന് അനീതി ചെയ്യുന്നവരെ ചാട്ടവാറിനടിച്ചു പുറത്താക്കിയ ആ രൂപമാണു ഞാനിഷ്ടപ്പെടുന്നത്."

"അഖില എല്ലാ മതഗ്രന്ഥങ്ങളും പഠിച്ചിട്ടുണ്ടെന്നു തോന്നുന്നല്ലോ?"

"പൂര്‍ണമായി അറിയില്ല; കുറച്ചൊക്കെ അറിയാം"- അവള്‍ പറഞ്ഞു.

"ഞാന്‍ പ്രതികരിക്കുന്നില്ലെന്ന ഒരു പരിഭാവം അഖിലയ്ക്കുണ്ട്?"

"ഉണ്ട്. അനീതിക്കെതിരെ പേനകൊണ്ടു പോരാടിയ പോരാളിയാണ് എന്‍റെ അച്ഛന്‍, ആനന്ദ് മേനോന്‍. അതു വീല്‍ച്ചെയറിലാണ് അവസാനിച്ചത്."

സുധീഷ് വിരസമായി പുഞ്ചിരിച്ചു.

"പ്രതികരിക്കുന്നവര്‍ക്കുള്ള സ്ഥലം വീല്‍ച്ചെയറുകളിലും സ്ട്രെച്ചറുകളിലും ശവപ്പെട്ടിയിലുമൊക്കെയായിരിക്കും. പരമാവധി അടങ്ങിയൊതുങ്ങി ഈ ഭൂമിയിലൊരിടത്തു ചായക്കടയിലെ പാത്രം കഴുകിയും ദോശയുണ്ടാക്കിയും ചായയെടുത്തും ജീവിച്ചിട്ടും മരണവാറന്‍റ് എനിക്കു കിട്ടിക്കൊണ്ടിരിക്കുകയാ."

അഖില അയാളെ മിഴിച്ചുനോക്കി. ഇയാളൊരു ഭീരുവല്ലെന്നും നെഞ്ചില്‍ രോഷത്തിന്‍റെ അഗ്നി നീറിപ്പുകയുന്നുണ്ടെന്നും അവള്‍ക്കു തോന്നി.

"ഞാന്‍ സുധീഷ്ഷേട്ടന്‍റെ കയ്യില്‍ ഒരു നമ്പര്‍ കുറിച്ചു തന്നിരുന്നല്ലോ. എന്നെങ്കിലും എന്നെയൊന്നു വിളിക്കുമെന്നു കരുതി."

"ഞാനെന്തിനു വിളിക്കണം? എല്ലാ നഷ്ടങ്ങളും സംഭവിച്ചുകഴിഞ്ഞു. ഒന്നും വീണ്ടെടുക്കാന്‍ എന്നെക്കൊണ്ടാവില്ല. അഖില കൊടുത്ത പത്രവാര്‍ത്ത കണ്ടായിരിക്കാം കൊലയാളികള്‍ എനിക്കു ചുറ്റും വലവിരിച്ചത്."

"ഞാന്‍ അങ്ങനയൊരപകടം ചിന്തിച്ചില്ല. കൊടുംക്രൂരതകള്‍ ചെയ്തിട്ടും തിരിച്ചടികളൊന്നുമേല്ക്കാതെ പ്രതാപത്തിന്‍റെ കൊടുമുടിയിലിരിക്കുന്നവന് അല്പമൊന്നു പൊള്ളിക്കോട്ടെ എന്നേ വിചാരിച്ചുള്ളൂ."

"എന്നെ ദ്രോഹിക്കാന്‍ ചെയ്തതല്ലെന്നറിയാം."

"എന്താ ശരിക്കുമുണ്ടായത്; പറയാമോ?" – അഖില ആകാംക്ഷയോടെ ചോദിച്ചു.

സുധീഷ് നാട്ടില്‍ വന്നതിനുശേഷമുണ്ടായ സംഭവങ്ങള്‍ വിശദമായി അഖിലയെ പറഞ്ഞുകേള്‍പ്പിച്ചു. ഒന്നും പത്രത്തിലെഴുതി തന്‍റെ ജീവന്‍ കൂടുതല്‍ അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പും നല്കി.

"സുധീഷേട്ടാ, പത്രത്തില്‍ ഇതു സംബന്ധിച്ച് ഒരു അക്ഷരംപോലും ഞങ്ങള്‍ നല്കില്ല. എങ്കിലും വിമര്‍ശനാതീതനായ മഹാനെതിരെയുള്ള പോരാട്ടം ഞാന്‍ തുടരും. ഇന്നിവിടെയെത്തി സുധീഷേട്ടനെ കണ്ടതുപോലെ നിരവധി പേരെ കണ്ടുകൊണ്ടിരിക്കുകയാ. 'സാന്ദ്ര'യുടെ കൊലപാതകത്തില്‍ സുധീഷേട്ടന്‍ നിരപരാധിയാണെന്നു വിശ്വസിക്കുമ്പോഴും ഈ കേസ്സില്‍ പിടികിട്ടാത്ത് ഒരു ഭാഗം എന്നെ കുഴയ്ക്കുന്നുണ്ട്. ഒരുപക്ഷേ അതെങ്ങനെ സംഭവിച്ചെന്നു സുധീഷേട്ടനറിയാമായിരിക്കും."

"എന്താണത്; ചോദിച്ചാളൂ."

"ഞാന്‍ സാന്ദ്രാവധത്തിന്‍റെ കേസ് ഷീറ്റും ശിക്ഷാവിധിയും മുഴുവന്‍ പഠിച്ചു. കുറ്റം മര്‍ദ്ദനമേറ്റു സമ്മതിച്ചുപോയതുകൊണ്ടോ നല്ല വക്കീല്‍ വാദിക്കാത്തതുകൊണ്ടോ ഒന്നുമല്ല ജീവപര്യന്തം ശിക്ഷ കിട്ടിയത്."

"പിന്നെ?"

"സുധീഷേട്ടനാണു കൊലയാളിയെന്നു തീര്‍ച്ചപ്പെടുത്താവുന്ന തരത്തില്‍ ബലമുള്ള ഒരു തെളിവു പൊലീസിനു കിട്ടി. സാന്ദ്രയുടെ ശരീരത്തില്‍നിന്നും കണ്ടെത്തിയ ബീജം സുധീഷേട്ടന്‍റേതായിരുന്നു!"

സുധീഷ് പുച്ഛഭാവത്തില്‍ പുഞ്ചിരിച്ചു.

"അഖിലാ, അന്നു ലോക്കപ്പില്‍ കിടന്നപ്പോള്‍ പൊലീസുകാര്‍ പറയാന്‍ വയ്യാത്ത മാര്‍ഗത്തിലൂടെ ശേഖരിച്ചു. അതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. ഇപ്പോള്‍ മനസ്സിലായി. അവളുടെ ദേഹത്തുനിന്നു കിട്ടിയതിനു പകരം പരിശോധിച്ചതും തെളിവായി സമര്‍പ്പിച്ചതും എന്‍റെ ബീജമായിരിക്കും."

അഖില നിമിഷങ്ങളോളം തരിച്ചിരുന്നു.

"അപ്പോള്‍ ഇതിന്‍റെ പിന്നില്‍ വലിയ ആസൂത്രണങ്ങളാണു നടന്നത്" – അഖില പറഞ്ഞു.

അഖിലാ, ഞാനിതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, സാധിക്കുന്നില്ല. ഏകാന്തതകളില്‍ ഓരോന്നും തികട്ടിവരികയാണ്.

"കുറ്റം ചെയ്തയാള്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടണ്ടേ?"

"വേണ്ടതാണ്. പക്ഷേ ശിക്ഷിക്കപ്പെടുന്നതു പണമില്ലാത്തവരും സ്വാധീനശക്തിയില്ലാത്തവരും മാത്രമാണ്. ആരോ പറഞ്ഞതുപോലെ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്നതു ചെറിയ കുറ്റവാളികളാണ്. സ്രാവുകളും തിമിംഗലങ്ങളുമൊക്കെ പുറത്തു സ്വാതന്ത്ര്യത്തോടെ സുഖസന്തോഷങ്ങളില്‍ നീന്തിത്തുടിക്കുന്നു."

"സുധീഷേട്ടാ, അഖില തിമിംഗലവേട്ടയ്ക്കിറങ്ങിയവളാണ്."

"വേണ്ട, നല്ല ചെറുപ്പം; സുന്ദരിയാണ്, ആരോഗ്യവുമുണ്ട്. അറിഞ്ഞുകൊണ്ട് അബദ്ധത്തില്‍ ചാടണ്ട. പിന്നെ ലോകത്തില്‍ മനുഷ്യന്‍ സൃഷ്ടിച്ച നീതിന്യായകോടിതകള്‍ക്കപ്പുറം മറ്റൊരു വിധിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. നിരപരാധിയുടെ കണ്ണുനീര്‍, അവന്‍റെ നിലവിളി മുകളിലേക്കെത്തും. അങ്ങേരു ചിലതൊക്കെ നടപ്പാക്കും."

"സുധീഷേട്ടന്‍ പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ടെന്നു തോന്നുന്നു. പത്രത്തില്‍ സുധീഷേട്ടന്‍ ശിക്ഷ കഴിഞ്ഞിറങ്ങിയെന്ന വാര്‍ത്ത കണ്ട ഒരാള്‍ ആഫീസിലേക്കു വിളിച്ചു. വിരമിച്ച ഒരു ന്യായാധിപന്‍; പത്തനംതിട്ടയില്‍നിന്നാണ്."

"ആ മനുഷ്യന്‍ എന്തു പറഞ്ഞു?"

"അയാള്‍ നട്ടെല്ലിനു ഗുരുതരമായ രോഗം ബാധിച്ചു നാലു വര്‍ഷമായി കിടപ്പിലാണ്. ഭാര്യയും മക്കളും അമേരിക്കയില്‍ കഴിയുന്നു. വലിയ തറവാട്ടു വീട്ടില്‍ അയാളും ഹോം നഴ്സും ഒരു കാര്യസ്ഥനും മാത്രം. ഇപ്പോഴത്തെ അയാളുടെ പ്രശ്നം മരിക്കാന്‍ കഴിയാത്തതാണ്. സുധീഷേട്ടനെ കാണാനും മാപ്പു പറയാനും സാഹചര്യമുണ്ടാക്കണമെന്നാണു പത്രത്തിലേക്കു വിളിച്ചാവശ്യപ്പെട്ടത്. എന്‍റെ കൂടെ അവിടെവരെയൊന്നു വരാമോ? നമുക്കൊന്നു കാണാം."

"ഇല്ല; അയാള്‍ വിധിച്ചെന്നല്ലേയുള്ളൂ. വാദങ്ങള്‍ കേട്ടു തെളിവുകള്‍ പരിശോധിച്ചാണു ശിക്ഷ വിധിച്ചത്. ആ മനുഷ്യന്‍ എന്നോടൊന്നും ചെയ്തിട്ടില്ല; എനിക്കു വിരോധവുമില്ല."

"അതൊക്കെ ശരിയാണ്. പക്ഷേ, സുധീഷേട്ടന്‍ നിരപരാധിയാണെന്നയാള്‍ക്കു വ്യക്തമായിരുന്നെന്ന്. ആ ശാപം മൂലമാണു രോഗം വന്നതും വീട്ടുകാര്‍ ഉപേക്ഷിച്ചതും മരണം മാറിനില്ക്കുന്നതുമെന്നാണ് അദ്ദേഹം കരുതുന്നത്."

"അയാള്‍ എന്തു കരുതിയാലും നമുക്കൊന്നുമില്ല. കാണാന്‍ ഞാന്‍ വരികയുമില്ല" – സുധീഷ് തീര്‍ത്തു പറഞ്ഞു.

"ഇഷ്ടമില്ലെങ്കില്‍ വരണ്ട. ഞാനേതായാലും ആ മനുഷ്യനെ ഒന്നു കാണുന്നുണ്ട്. പിന്നെ സുധീഷേട്ടനു തരാന്‍ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട്, ഞാന്‍!"

"എന്തു സാധനം…?'

അഖില ഹാന്‍ഡ് ബാഗ് തുറന്ന് ഒരു മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. അതയാള്‍ക്കു നീട്ടി.

"ഇതാ… വാങ്ങിക്ക്. ഇഷ്ടമായോന്ന് പറയ്"- അഖില പറഞ്ഞു.

സുധീഷ് അതു കൈനീട്ടി വാങ്ങി. ഒരെണ്ണം വാങ്ങിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു അവന്‍.

"നല്ലതാ എനിക്കിഷ്ടപ്പെട്ടു" – സുധീഷ് പറഞ്ഞു.

"ഇനിയെങ്കിലും വല്ലപ്പോഴും വിളിക്കണം കേട്ടോ"-അഖില ഓര്‍മിപ്പിച്ചു.

"വിളിക്കാം."

"സുധീഷേട്ടന്‍റെ ഭാര്യ ഒരിടത്തുണ്ടെന്നറിഞ്ഞു. ഞാന്‍ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വന്നാല്‍ വഴക്കിടുമോ? കൂടെ ഒരു കുഞ്ഞുമുണ്ട്."

"ഇല്ല. ഒരിക്കലുമില്ല" – സുധീഷ് പറഞ്ഞു.

അഖില യാത്ര പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org