ന്യായാധിപന്‍ – 20

ന്യായാധിപന്‍ – 20

ജോര്‍ജ് പുളിങ്കാട്

ഓഫീസ് ടൈം കഴിഞ്ഞു ചില പ്രധാന ജോലിയില്‍ മുഴുകി ക്യാബിനിലിരിക്കുമ്പോഴാണു ശരത്തിന്‍റെയടുത്ത് അഖിലയെത്തിയത്.

"ങാ… അഖിലാ… ഇരിക്ക്ക്ക്" – ശരത് പുഞ്ചിരിച്ചുകൊണ്ട് എതിരെയിട്ടിരുന്ന കസേര ചൂണ്ടി പറഞ്ഞു.

അവള്‍ കസേരയിലിരുന്നു.

"അഭിനന്ദനങ്ങള്‍ അഖില…" – ശരത് അവള്‍ക്കു നേരെ കൈ നീട്ടി.

"ഇതെന്തിന്?" – അവന്‍റെ കൈപിടിച്ചുകൊണ്ട് അവള്‍ തിരക്കി.

"നോവലിന്‍റെ തുടക്കം അതിഗംഭീരമാക്കിയതിന്. ഞാനിത്രയുമൊന്നും പ്രതീക്ഷിച്ചില്ല. മുറുക്കവും ചടുലതയുമുള്ള ശൈലി. തികച്ചും സത്യസന്ധമായ അവതരണം. ഒന്നാം അദ്ധ്യായം 'അറസ്റ്റി'ങ്ങാണ്."

"പറഞ്ഞതു നേരോ?" – അവള്‍ ആഹ്ലാദത്തോടെ ചോദിച്ചു.

"ഇല്ലാത്തതു പറഞ്ഞു പുകഴത്തിയാല്‍ ആരും രക്ഷപ്പെടില്ലെന്ന് എനിക്കറിയാം; ഞാനതു ചെയ്യാറില്ല."

"എങ്കില്‍ തുടരാം; ഇപ്പോഴാണെനിക്ക് ആത്മവിശ്വാസമായത്."

"ഇതൊരു പരീക്ഷണരചനയാണ്. വലിയൊരു ലക്ഷ്യത്തോടെയുള്ള നോവല്‍. ഇതിന്‍റെ പ്രിന്‍റിംഗ്പോലും അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെ ആയിരിക്കണം. പ്രകാശനം ഒരു മഹാന്യായാധിപനെക്കൊണ്ടു തന്നെ നടത്തിക്കണം."

"ആരെയാണു ശരത് കണ്ടു വച്ചിരിക്കുന്നത്?"

"ഈ നോവലിലെ മുഖ്യ കഥാപാത്രത്തെത്തന്നെ."

"അതെങ്ങനെ സാധിക്കും?"

"ഇന്നു നമ്മുടെ സംസ്ഥാനത്ത് ഏറ്റവും ആദരിക്കപ്പെടുകയും ഒന്നിനൊന്നു മികച്ച വിധിന്യായങ്ങളിലൂടെ ജനഹൃദയത്തില്‍ ഇടം നേടുകയും ചെയ്തിട്ടുള്ളത് അദ്ദേഹമാണ്."

"ഇതിന്‍റെ ഉള്ളടക്കമറിഞ്ഞാല്‍? അതു മനസ്സിലാക്കാതെ പ്രകാശനത്തിനു തയ്യാറാകുമോ? നോവലിന്‍റെ പേര് 'ന്യായാധിപന്‍' എന്നു കൊടുത്തിരിക്കുന്ന സാഹചര്യത്തില്‍?"

"കോപ്പി നേരത്തെ കൊടുക്കേണ്ടി വരും. പക്ഷേ, വായിക്കാന്‍ സമയം കിട്ടണമെന്നില്ല. ആരെക്കൊണ്ടെങ്കിലും വായിപ്പിക്കും; അതേ നടക്കൂ."

"വായിക്കുന്നയാള്‍ ഉള്ളടക്കം പറഞ്ഞു പേടിപ്പിക്കില്ലേ?"

"കേള്‍പ്പിക്കട്ടെ. ന്യായാധിപന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയണം. ഞാന്‍ കഴിഞ്ഞ ദിവസം സുധീഷിന്‍റെ ഭാര്യ സുലേഖയെ സന്ദര്‍ശിച്ചു. ആ ചേച്ചി യുടെ ജീവിതവും ഇതില്‍ ചേര്‍ക്കണം. തെറ്റായ ഒരു ശിക്ഷാവിധി എത്രയോ ജീവിതങ്ങളെ ഏതെല്ലാം വിധത്തില്‍ ബാധിക്കുന്നു എന്നതിന്‍റെ നേര്‍ചിത്രമായിരിക്കണം അഖില എഴുതുന്ന നോവല്‍."

"പറയ് ശരത് അവരെപ്പറ്റി. ഞാന്‍ തനിയെ ആ സ്ത്രീയെ തേടി പോകാനിരിക്കുകയായിരുന്നു" – അഖില പറഞ്ഞു.

"ഇനി പോകണ്ട; ഞാനെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ ജീവിതപശ്ചാത്തലവും വീടുമൊക്കെ കാണുന്നതും കേള്‍ക്കുന്നതും സൂക്ഷിക്കേണ്ട കാര്യമാ."

ആകാംക്ഷയോടെ അഖില അവന്‍ പറയുന്നതു കേട്ടിരുന്നു. മുഴുവന്‍ കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.

"ശരത്, സത്യത്തില്‍ നിയമവും നീതിപീഠവുമാണ് സുലേഖ എന്ന സ്ത്രീയുടെ ജീവിതം നശിപ്പിച്ചത്. വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമായിരുന്നു സുധീഷേട്ടന്‍റേത്" – അഖില പറഞ്ഞു.

"ഞാന്‍ മനസ്സിലാക്കിയിടത്തോളം ആ സ്ത്രീ ദുര്‍മ്മാര്‍ഗിയായി ജീവിക്കുന്നതു പണത്തിനുവേണ്ടി മാത്രമല്ല. ഭര്‍ത്താവിനോടും ഈ സമൂഹത്തോടുമുള്ള ഒരുതരം പകവീട്ടല്‍കൂടിയാണ്. സുധീഷിനെ അവര്‍ ഏറ്റവും വെറുക്കുകയാണ്. അവനു വധശിക്ഷ കിട്ടണമെന്നായിരുന്നു സുലേഖയുടെ ആഗ്രഹം.

"ശരത് ആ ചേച്ചിയോടു സത്യം വിശദീകരിച്ചില്ലേ?"

"പറഞ്ഞു. ഒടുവില്‍ അവരതു വിശ്വസിച്ചെന്നു തോന്നി. സുധീഷിനെ കാണാനാഗ്രഹിച്ചു. മറ്റൊരുത്തന്‍റെ കൂടെ ജീവിക്കേണ്ടി വന്നതിലൊക്കെ വിഷമമുണ്ടായെന്നു തോന്നി."

"അവരെ പരസ്പരം ജോയിപ്പിക്കാന്‍ നമുക്കു കഴിയുമോ?"

"മറ്റൊരുത്തന്‍റെ കുഞ്ഞിനോടൊപ്പം പഴയ വീട്ടിലേക്കു ഭര്‍ത്താവിന്‍റെ മുമ്പിലേക്കു സുലേഖ എങ്ങനെ കയറിച്ചെല്ലും?" – ശരത് പറഞ്ഞു.

"ചെന്നാല്‍ സുധീഷേട്ടന്‍ രണ്ടും പേരെയും സ്വീകരിക്കും, സ്നേഹിക്കും; എനിക്കുറപ്പാ" – അഖില പറഞ്ഞു.

"ഒരു വാടകവീട്ടില്‍ അഞ്ച് വയസ്സുള്ള മകനോടൊപ്പം തനിച്ചു താമസിക്കുന്ന സുലേഖയ്ക്ക് ആരും സഹായമില്ല. പഴയതുപോലെയുള്ള ഒരു ജീവിതത്തിലേക്ക് അവരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. മുറിവുകള്‍ സുലേഖയ്ക്കും സുധീഷിനും ഒരുപാടുണ്ടായിട്ടുണ്ട്. മനസ്സുകള്‍ തമ്മില്‍ ഒരുമിച്ചാല്‍ മറ്റെല്ലാം മറക്കാനും ക്ഷമിക്കാനും അവര്‍ക്കു കഴിഞ്ഞേക്കും."

"ശരത്, സുലേഖചേച്ചിയെ കാണാന്‍ പോയപ്പോള്‍ ഞാന്‍കൂടെ വരാമായിരുന്നു."

"വിളിക്കാത്തതു മനഃപൂര്‍വമാണ്. അവരുടെ ജീവിതപശ്ചാത്തലം ഞാന്‍ തെരക്കിയറിഞ്ഞിരുന്നു. അവിടെയൊരാള്‍ കയറിച്ചെല്ലുന്നതും ഇറങ്ങിപ്പോകുന്നതുമൊക്കെ പലരും ശ്രദ്ധിക്കുന്നുണ്ടാകും. വീടല്ലത്; ഒരു വേശ്യാലയമാണത്."

"സുലേഖചേച്ചിയുടെ നമ്പര്‍ കിട്ടിയിരുന്നെങ്കില്‍ എനിക്കൊന്നു സംസാരിക്കാമായിരുന്നു. സുധീഷേട്ടനെക്കൊണ്ടു വിളിപ്പിക്കുകയും ചെയ്യാമായിരുന്നു."

"അതു ഞാന്‍ എങ്ങനെയെങ്കിലും സംഘടിപ്പിക്കാം. ആ ഫോണില്‍ വിളിക്കുന്നതൊക്കെ വളരെ സൂക്ഷിച്ചു വേണമെന്നു മാത്രം. ഞാനവിടെയുള്ളപ്പോള്‍ ഒരാള്‍ കാറുമായി വന്നു; അവരെ കൂട്ടിക്കൊണ്ടുപോകാന്‍."

"എന്നിട്ടു കാറില്‍ക്കയറി പോയോ സുലേഖചേച്ചി?"

"ഇല്ല. തലകറക്കമാണെന്നു പറഞ്ഞു മടക്കിവിട്ടു. മനസ്സാകെ കലങ്ങിയിരുന്നതിനാലാകും."

"സുധീഷേട്ടന്‍റെയും സുലേഖേച്ചിയുടെയും ഒരു മകനുണ്ടല്ലോ. അനീഷെന്നോ മറ്റോ ആണു പേര്. ആ കുട്ടിയെകൂടി കണ്ടുപിടിക്കണം. കൂട്ടം തെറ്റിപ്പോയവരെയൊക്കെ ഒരുമിച്ചു ചേര്‍ക്കണം. ഇനിയുള്ള കാലമെങ്കിലും അവരൊന്നിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ. സ്വന്തം അച്ഛനെക്കുറിച്ചു മകന്‍റെ മനസ്സില്‍ തെറ്റായ ധാരണകളല്ലേയുളളത്? അതു മായ്ക്കണം."

"മകന്‍ ഏതു രാജ്യത്തേക്കാ പൊയതെന്നൊക്കെ സുധീഷിന്‍റെ നാട്ടില്‍ തിരക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. എവിടെയാണെന്നറിഞ്ഞാല്‍ ബന്ധപ്പെടാന്‍ നമുക്കു പല മാര്‍ഗങ്ങളുമുണ്ട്."

"മകന്‍ നാട്ടിലേക്കു വരാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അച്ഛന്‍ വരുത്തിവച്ച അപമാനം നിസ്സാരമല്ലല്ലോ. എന്തായാലും അവനെയും കണ്ടെത്താന്‍ നമുക്കു ശ്രമിക്കണം."

"ശ്രമിച്ചാല്‍ അതു സാധിക്കും. നോവലില്‍ അവനും ഇടം കൊടുക്കണം. എന്നേക്കുമായി വീടും നാടുമുപേക്ഷിച്ചു പോകേണ്ടി വന്ന ഒരു ചെറുപ്പക്കാരന്‍റെ വേദനയും അടയാളപ്പെടുത്തണം."

"നമ്മുടെ ഡേറ്റാ കളക്ഷന്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയൊരാളെകൂടി കാണാനുണ്ട്. വളരെ പ്രധാനപ്പെട്ട ഒരാളെ" – അഖില പറഞ്ഞു.

"ആരാണത്?"

"ശ്രീലക്ഷ്മി; സാന്ദ്രയുടെ അമ്മ."

"അവരെവിടെയുണ്ടെന്നറിയാമോ?"

"അറിയാം. ചെങ്ങന്നൂര്‍ എന്ന സ്ഥലത്തു വലിയ വീട്ടില്‍ ആര്‍ഭാടമായി ജീവിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലറിഞ്ഞത്. ഉന്നതന്‍റെ വീട്ടിലെ അടുക്കളപ്പണിക്കാരിയായിരുന്നു ശ്രീലക്ഷ്മി."

"അമ്മയുടെ പ്രേരണയാലാണോ സാന്ദ്ര ഉന്നതന്‍റെ അടുത്തെത്തിയത്?"

"നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു സാന്ദ്ര. അത്യപൂര്‍വമായ സൗന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണവള്‍ ജയിച്ചത്. മെഡിസിനു ചേരണമെന്നായിരുന്നു അവളുടെ വലിയ ആഗ്രഹം. കോടതിക്ക് ഒഴിവുള്ള ഒരു ദിവസം മെഡിക്കല്‍ എന്‍ട്രന്‍സിനെയും അഡ്മിഷനെയുമൊക്കെ കുറിച്ചു ചോദിച്ചറിയാനാണ് അന്നു പ്ലീഡറായിരുന്ന ഉന്നതനെ അവള്‍ കണ്ടത്. മൃഗീയമായി ആക്രമിക്കപ്പെട്ടു. എല്ലാം വെളിപ്പെടുത്തുമെന്നും കേസ് കൊടുക്കുമെന്നും ഉറപ്പായതോടെയാണു ശ്വാസം മുട്ടിച്ചു കൊന്നത്."

"ഒടുവില്‍ പറഞ്ഞ കാര്യം അഖിലയുടെ ഭാവനയല്ലേ?"

"ഭാവനയല്ല. സാന്ദ്ര ഒന്നിലും വിട്ടുകൊടുക്കുന്ന തരക്കാരിയായിരുന്നില്ല. ജീവനോടെ വിട്ടാല്‍ തന്‍റെ ഭാവിജീവിതമവള്‍ തകര്‍ക്കുമെന്നു മഹാനു ബോദ്ധ്യമായി കാണും. അതുകൊണ്ടാണു വകവരുത്തിയത്" – അഖില പറഞ്ഞു.

"അതിനു സാദ്ധ്യതയുണ്ടെന്നേ ഞാന് പറയൂ. എന്തു സംഭവിച്ചെന്ന കാര്യം 'മഹാനു' മാത്രമേ അറിയൂ."

"ഞാന്‍ തര്‍ക്കിക്കുന്നില്ല ശരത്."

"കൊലപാതകിയാണെന്ന സത്യം ശ്രീലക്ഷ്മിക്ക് അറിയാമല്ലേ?"

"അറിയാം. ഒന്നും അവള്‍ വിളിച്ചുപറഞ്ഞില്ല. പൊലീസിന് ഒരു പ്രതിയെ കിട്ടി. കുറ്റം അയാള്‍ ഏല്ക്കുകയും ചെയ്തു. ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നടന്നു. ആറു മാസത്തിനുളളില്‍ ശിക്ഷ വിധിക്കപ്പെട്ടു; ജീവപര്യന്തം തടവ്. ശ്രീലക്ഷ്മി ഭീഷണിയിലൂടെ വലിയ തുക നേടിയെടുത്തു. ശിക്ഷയേറ്റു ജയിലില്‍ കിടന്നവനെ യഥാര്‍ത്ഥ പ്രതി തിരിഞ്ഞുനോക്കിയില്ല. അവനെ രക്ഷിക്കാനായി ഒന്നും ചെയ്തില്ല. ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടത്തുകയും ചെയ്തു."

ശരത്തിന്‍റെ ചുണ്ടില്‍ വിരസമായ ഒരു ചിരി വിരിഞ്ഞു മാഞ്ഞു. "അഖിലയുടെ നോവലില്‍ ഈ സംഭവംകൂടി കൃത്യമായി ചേര്‍ക്കേണ്ടതല്ലേ?"

"വേണം; നല്ല ധൈര്യത്തോടെതന്നെ ഈ സംഭവം വിവരിക്കണം."

"ഉന്നതനു മാനഹാനിയുണ്ടാകും. നോവലിസ്റ്റിനു ഭീഷണിയുണ്ടാകും. കൃതി നിരോധിക്കപ്പെടാനും സാദ്ധ്യതയുണ്ട്."

"എല്ലാം സംഭവിക്കട്ടെ. പതിമൂന്നു വര്‍ഷം മുമ്പു നിരപരാധിയായ ഒരു മനുഷ്യനെ നമ്മുടെ പൊലീസും നീതിന്യായകോടതിയും പത്രമാധ്യമങ്ങളുമൊക്കെകൂടി കൊടുംപാതകിയെന്നു മുദ്രകുത്തി കല്‍ത്തുരങ്കിലടയ്ക്കുകയായിരുന്നില്ലേ? അയാളുടെ വേദനയും കണ്ണുനീരും ആരും കണ്ടില്ല. സ്വന്തം ജീവിതത്തോടൊപ്പം അയാളുടെ കുടുംബവും തകര്‍ന്നടിഞ്ഞു. നിരപരാധി അധഃപതനത്തിന്‍റെ പാതാളത്തിലേക്കു താഴ്ത്തപ്പെട്ടപ്പോള്‍ കുറ്റവാളി ഉയര്‍ത്തപ്പെട്ടു. നിയമസംവിധാനത്തിന്‍റെ കൊടുമുടിയിലേക്ക്! ഞാനെഴുതുന്ന അക്ഷരങ്ങള്‍ അയാളെ പൊള്ളിക്കാനുള്ളതാണ്."

"അഖില തന്‍റെയീ കൃതി ആരു പ്രസിദ്ധീകരിക്കും? സ്വന്തമായി ഒരു നോവല്‍ പുസ്തകമാക്കണമെങ്കില്‍ മുപ്പതിനായിരം രൂപായെങ്കിലുമാകും. എങ്ങനെയുണ്ടാക്കും?"

"അതൊരു പ്രശ്നംതന്നെയാണ്. അച്ഛന്‍റെ സുഹൃത്തുക്കള്‍ പല സ്ഥലത്തുമുണ്ട്. ആ വഴിക്കൊരു ശ്രമം നടത്താനേ കഴിയൂ."

"ഏറ്റവും പ്രയാസം എഴുതിത്തീര്‍ക്കുകയാണ്. ശ്രീലക്ഷ്മിയെ കണ്ട് അവരുടെ പശ്ചാത്തലവും മനോഭാവവുംകൂടി മനസ്സിലാക്കണം. മകളുടെ മരണം ഒരമ്മ എങ്ങനെയൊക്കെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു എന്നതും ശ്രദ്ധിക്കപ്പെടും."

"മറ്റൊരു നടുക്കുന്ന സത്യവും തുറന്നെഴുതേണ്ടിവരും ശരത്. എനിക്കു വ്യക്തമായ ചില സൂചനകളും തെളിവുകളും കിട്ടിയിട്ടുണ്ടതിന്."

"എന്താണെന്നു പറയ്."

"പ്രമാദമായ ഒരു കൊലക്കേസില്‍ പ്രതിയായ പണക്കാരന്‍റെ മകനെ അര്‍ഹമായ വധശിക്ഷയില്‍ നിന്നു രക്ഷിച്ചതു ശ്രീലക്ഷ്മിയാണെന്ന്! അവളുടെ സ്വാധീനത്താല്‍ പ്രതി സംശയത്തിന്‍റെ ആനുകൂല്യം നേടി രക്ഷപ്പെട്ടു. ഡീലില്‍ ശ്രീലക്ഷ്മി ലക്ഷങ്ങളുണ്ടാക്കി."

"ഹൊ! സത്യവും നീതിയും നിര്‍ലജ്ജം കശാപ്പു ചെയ്യപ്പെടുകയാണല്ലോ?" – ശരത് പരിതപിച്ചു.

"എന്നും ഇതൊക്കെയിങ്ങനെയൊക്കെയാണ്. ഒന്നും പുറത്തറിയുന്നില്ല. സുരക്ഷിതകവചത്തിനള്ളിലിരിക്കുന്നവരെപ്പറ്റി പറയുന്നതു കുറ്റവുമാണല്ലോ!"

"കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് എഴുതുന്ന വിരലുകളിലെ ചോരയോട്ടം കുറഞ്ഞു വീല്‍ച്ചെയറിലിരിക്കുന്നയാളിനു കിട്ടുന്ന ഇന്‍ഫൊര്‍മേഷനായിരിക്കും ഇതൊക്കെ" – ശരത് പറഞ്ഞു.

"അതെ. കിട്ടുന്നതില്‍ ചിലതൊക്കെയെ എന്നോടു പറയാറുള്ളൂ. ഇത്തരം കാര്യങ്ങളറിയുന്ന ദിവസം ആളു വല്ലാതെ അസ്വസ്ഥനാകും. ആഹാരം കഴിക്കില്ല, ഉറങ്ങില്ല. പതിവില്ലാതെ അമ്മയോടു ദേഷ്യപ്പെടുകയും ചെയ്യും."

"മനസ്സിന്‍റെ പിരിമുറുക്കം കൊണ്ടാണ്. അനീതിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന വേദനകൊണ്ടാണ്."

"അറിയാം. അച്ഛനെ ജീവിതത്തില്‍ ഏറ്റവും അലട്ടുന്നതു ധാര്‍മികരോഷമാണ്. പല കോണുകളില്‍നിന്നും നീതി നിഷേധത്തിന്‍റെ വിവരങ്ങള്‍ ചിലരൊക്കെ അച്ഛനെ അറിയിക്കുന്നു. തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്? അച്ഛന്‍ മനസ്സുവച്ചാല്‍ ലേഖനങ്ങള്‍ എഴുതാം. ലീഡിംഗ് പത്രങ്ങള്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്യും. എന്തോ അതിനു തയ്യാറാകുന്നില്ല അച്ഛന്‍!"

"ശ്രീലക്ഷ്മിയെ ഞാന്‍ കാണണോ? അഖില കാണുമോ?"

"അതു ശരത് ഏറ്റെടുക്ക്. ഒരു വല്ലാത്ത തരക്കാരിയാ അവരെന്നാണു കേള്‍ക്കുന്നത്. ആണുങ്ങളാകുമ്പോള്‍ കുറേ മാറ്റമുണ്ടായേക്കാം" – അഖില പറഞ്ഞു.

ശരത് അതു സമ്മതിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org