Latest News
|^| Home -> Novel -> ചെറുകഥ -> ഒന്നാം നിരയിലെ ബെഞ്ച്

ഒന്നാം നിരയിലെ ബെഞ്ച്

Sathyadeepam

സന്ധ്യാ ജോര്‍ജ്ജ് വലിയമ്യാലില്‍, മരട്

കുര്‍ബാനസമയത്ത് പതിവുപോലെ കൂദാശവചനത്തിന് ശേഷമുള്ള പ്രാര്‍ത്ഥനകള്‍ അച്ചന്‍ ചൊല്ലാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഗീവറീച്ചന്‍ അള്‍ത്താരയിലേക്ക് നോക്കി കൈകള്‍കൂപ്പി വ്യാകുലപ്പെട്ടു നിന്നു… “ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവര്‍ക്കും വേണ്ടിയും, ഞങ്ങളുടെ ഇടയില്‍നിന്നും അങ്ങയുടെ നാമത്തില്‍ വേര്‍പിരിഞ്ഞു പോയ എല്ലാ മരിച്ചവര്‍ക്കുവേണ്ടിയും….” പ്രാര്‍ത്ഥന അവിടെയെത്തിയപ്പോഴേയ്ക്കും എന്നത്തേയും പോലെ ഗീവറീച്ചന്‍ തൊണ്ടയില്‍ കിളുന്തു വന്ന ഗദ്ഗദത്തെ ഉള്ളിലൊതുക്കാന്‍ നന്നേ ബുദ്ധിമുട്ടി. അതങ്ങനെയാണ്. ഒരാണ്ടു മുമ്പ് ഭാര്യ മറിയാമ്മ മരിച്ചതില്‍പ്പിന്നെ അയാള്‍ക്ക് അച്ചന്‍റെ ആ പ്രാര്‍ത്ഥന കേള്‍ക്കുമ്പോഴേയ്ക്കും നെഞ്ചകം വിങ്ങും. പിന്നെ കുര്‍ബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് മകന്‍റെ കൈപിടിച്ച് ഒരു പോക്കാണ്.

മറിയാമ്മ മരിച്ചതില്‍ പിന്നെ എല്ലാ ഞായറാഴ്ചകളിലും പതിവിതാണ്. വീടിന് തൊട്ടടുത്ത് പള്ളിയുണ്ടായിട്ടും ഞായറാഴ്ച കുര്‍ബാനയ്ക്ക് ഇടവകപ്പള്ളിയിലേക്ക് വരുന്നതിന്‍റെ ഉദ്ദേശവും മറ്റൊന്നല്ല. എട്ടുമണിയുടെ കുര്‍ബാനയ്ക്ക് ഏഴരയാകുമ്പോഴേയ്ക്കും കുളിയും പ്രാതലും കഴിഞ്ഞ് അലക്കിത്തേച്ച ഷര്‍ട്ടും മുണ്ടുമണിഞ്ഞ് അകത്തെ ഹാളിലെ നടുമുറ്റത്തിന് ചുറ്റും ഗീവറീച്ചന്‍ ഉലാത്തുവാന്‍ തുടങ്ങി. ഏഴര മണി കഴിയുമ്പോഴേയ്ക്കും വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് ഗീവറീച്ചന് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ പള്ളിയില്‍ ഒന്നാം നിരയിലെ ബെഞ്ചില്‍ ഇടം കിട്ടില്ലെന്ന് അയാള്‍ക്കറിയാം. ഒന്നാം നിരയിലെ ബെഞ്ചില്‍ പള്ളിയുടെ മദ്ധ്യഭാഗത്തോടു ചേര്‍ന്നുള്ള അറ്റം തന്നെ വേണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഗീവറീച്ചന്‍ ആ സ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.

അന്നും കുര്‍ബാന കഴിഞ്ഞ് സെമിത്തേരിയിലെത്തിയതോടെ ഗീവറീച്ചന്‍ ആവലാതികളുടേയും പരിഭവങ്ങളുടേയും ഭാണ്ഡക്കെട്ടഴിച്ച് മറിയാമ്മയോട് തോറ്റം പറഞ്ഞുകൊണ്ടിരുന്നു. കൂട്ടത്തില്‍ അടുത്ത ഞായറാഴ്ച വരാന്‍ പറ്റില്ലെന്നും പറഞ്ഞു. മകനും കുടുംബവും അവധി ആഘോഷിക്കുവാന്‍ ഒരു യാത്ര പോവുകയാണ്. ഒരാഴ്ച മകളുടെ വീട്ടിലാണ്. മരിച്ചവിശ്വാസികളുടെ പ്രാര്‍ത്ഥന അഞ്ചാവര്‍ത്തി ചൊല്ലി, അയാള്‍ മറിയാമ്മയോട് യാത്ര പറഞ്ഞ് മടങ്ങി.

മകളുടെ വീട്ടില്‍ ഗീവറീച്ചന്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നു. മരുന്നും ആഹാരവുമൊക്കെ മകള്‍ ചിട്ടയായിത്തന്നെ കൊടുത്തിരുന്നു. പക്ഷേ, കരയിലെടുത്തിട്ട മീനിനെപ്പോലെ ഗീവറീച്ചന് എന്തോ ഒരു ശ്വാസംമുട്ടല്‍… തന്‍റെ സ്വന്തംവീട്ടിലെ കിടപ്പുമുറിയിലെ മേശയ്ക്ക് മുമ്പിലിരുന്നുള്ള പത്രം വായനയും മേശയോട് ചേര്‍ന്നുള്ള ഭിത്തിയില്‍ അയാളെ നോക്കി സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മറിയാമ്മയുടെ ഫോട്ടോയുമെല്ലാം തത്ക്കാലത്തേക്കെങ്കിലും ഇല്ലാതായപ്പോള്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിക്കൊണ്ടിരുന്നു. മൊബൈല്‍ ഫോണില്‍ എപ്പോഴും കുത്തിക്കുത്തി ഇരിക്കുന്ന മകളുടെ ശീലം ചിലപ്പോഴെങ്കിലും അയാളെ അരിശപ്പെടുത്തി. തനിക്ക് നല്കുന്നതിനേക്കാള്‍ ശ്രദ്ധയും പരിചരണവും അവള്‍ ആ മൊബൈലിന് നല്കുന്നുണ്ടെന്ന് അയാള്‍ക്കു പലപ്പോഴും തോന്നി.

ഒരാഴ്ചത്തെ പൊറുതി കഴിഞ്ഞ് മകളുടെ വീട്ടില്‍നിന്നും മകനോടൊപ്പം തന്‍റെ സ്വന്തം കിടപ്പുമുറിയിലെത്തിയപ്പോഴാണ് ഗീവറീച്ചന് ശ്വാസം നേരെവീണത്. മറിയാമ്മയുടെ ഫോട്ടോയില്‍ നോക്കി താനെത്തിയെന്ന് പറഞ്ഞ് അയാള്‍ മേശപ്പുറത്തെ പൊടിയെല്ലാം തൂത്ത് വൃത്തിയാക്കാന്‍ തുടങ്ങി. തലേ ഞായറാഴ്ച മറിയാമ്മയുടെ അടുത്തു പോകാന്‍പറ്റാത്തതിന്‍റെ വിമ്മിഷ്ടത്തിലായിരുന്നു, അയാള്‍. അടുത്ത ഞായറാഴ്ച എത്തിയതോടെ ഏഴരയ്ക്കു മുമ്പുതന്നെ അയാള്‍ കുളിച്ചൊരുങ്ങി റെഡിയായി നിന്നു. അത്ര രാവിലെ പോകാന്‍ മകന് ഇഷ്ടമില്ലായിരുന്നെങ്കിലും ഗീവറീച്ചന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി നേരത്തെ പുറപ്പെട്ടു. മകന്‍റെ കൈപിടിച്ച് പള്ളിയുടെ മുന്‍വാതിലിലൂടെ ഒന്നാം നിരയിലെ ബെഞ്ചിനടുത്തെത്തിയ അയാള്‍ ഞെട്ടിപ്പോയി. തന്‍റെ സ്ഥാനത്ത് ആ ഇടവകയിലെങ്ങും അതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ ഇരിക്കുന്നു! ബെഞ്ചിന്‍റെ അറ്റത്തു നിന്നും അയാള്‍ നീങ്ങിത്തരുന്നതും കാത്ത് ഗീവറീച്ചന്‍ കുറച്ചു നേരം അയാള്‍ക്കരികില്‍ നിന്നെങ്കിലും പുതിയ വ്യക്തി അയാളെ തീരെ ഗൗനിച്ചില്ല. തത്ക്കാലം ആ മനുഷ്യന്‍റെ തൊട്ടടുത്തിരിക്കുവാന്‍ ആംഗ്യം കാണിച്ചിട്ട് മകന്‍ പിന്‍നിരയിലേക്കു പോയി. അന്നത്തെ കുര്‍ബാന ഗീവറീച്ചന് ശ്രദ്ധിക്കാനേ പറ്റിയില്ല. ആളില്ലാത്ത സമയം നോക്കി അതിക്രമിച്ചു കടന്നുവന്ന ഒരു അക്രമിയെ നോക്കുന്നപോലെ അയാള്‍ ആ മനുഷ്യനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു. ഗീവറീച്ചനേക്കാള്‍ ചെറുപ്പമായിരുന്ന അയാള്‍ പാന്‍റും ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തലയില്‍ ധാരാളം മുടിയുണ്ടായിരുന്നുവെങ്കിലും നരച്ചമുടികളായിരുന്നു കൂടുതല്‍. അയാളുടെ ഇടത്തെക്കണ്ണിന്‍റെ താഴെ ഒരു അരിമ്പാറയുണ്ടായിരുന്നു. സ്വര്‍ണ്ണ ഫ്രെയിമുള്ള കട്ടിക്കണ്ണടയും വിദേശനിര്‍മ്മിതവാച്ചും അയാള്‍ക്ക് ഒരു സമ്പന്ന പരിവേഷം നല്കിയിരുന്നു.

കുര്‍ബാന കഴിഞ്ഞയുടന്‍ ആ മനുഷ്യന്‍ ഡ്രൈവറോടൊപ്പം ഒരു പഴയ ബിഎംഡബ്ല്യൂ കാറില്‍ കയറി പോകുന്നത് ഗീവറീച്ചന്‍ ശ്രദ്ധിച്ചു. അന്ന് സെമിത്തേരിയിലെത്തിയ ഗീവറീച്ചന്‍ മറിയാമ്മയോട് പറയാന്‍ കരുതിയിരുന്ന കാര്യങ്ങളെല്ലാം മറന്നു. പകരം താനില്ലാത്ത സമയം നോക്കി തന്‍റെ സ്ഥാനം കൈക്കലാക്കിയ ആ പുതിയ മനുഷ്യനെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. കണ്ണിനു താഴെയുള്ള അരിമ്പാറയുടെ കാര്യം പറഞ്ഞ ഗീവറീച്ചന്‍ ആ മനുഷ്യന്‍റെ മുഖത്തിനൊരു കള്ളലക്ഷണമുണ്ടെന്നും മറിയാമ്മയോട് പറഞ്ഞു. അടുത്ത ഞായറാഴ്ച പള്ളിയില്‍ കുറെക്കൂടി നേരത്തെ എത്തണമെന്ന് സെമിത്തേരിയില്‍ വച്ചു തന്നെ അയാള്‍ മകനോട് പറഞ്ഞു.

പിറ്റേ ഞായറാഴ്ച മകനെ ചൊവ്വേ നേരെ ഭക്ഷണം പോലും കഴിക്കാന്‍ അനുവദിക്കാതെ അയാള്‍ പള്ളിയിലേക്ക് പോകാന്‍ ശാഠ്യം കൂട്ടി. ആ ബഞ്ചറ്റം തിരിച്ചുപിടിക്കാന്‍ അയാള്‍ വെമ്പല്‍ കൊണ്ടു. പക്ഷേ, പള്ളിയുടെ മുന്‍ വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ഒന്നാം നിരയിലെ ബെഞ്ചിന്‍റെ അറ്റത്ത് കറുപ്പും വെളുപ്പും മുടിയിഴകള്‍ ഇടകലര്‍ന്ന ഒരു തല ഗീവറീച്ചന്‍ കണ്ടു. അയാളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറി. കനത്ത മുഖത്തോടെ പള്ളിയുടെ അകത്തേക്ക് കയറിയ ഗീവറീച്ചന്‍ ഏറെ നീരസത്തോടെ ആ മനുഷ്യന്‍റെ തൊട്ടപ്പുറത്ത് ചെന്നിരുന്നു. അടുത്തിരിക്കുമ്പോള്‍ തന്‍റെ ശത്രുവിന്‍റെ കണ്ണുകളില്‍ പരിചയത്തിന്‍റെ ഒരു തിളക്കം മിന്നി മറയുന്നത് അയാള്‍ കണ്ടെങ്കിലും കണ്ടതായി നടിച്ചില്ല. കുര്‍ബാനയ്ക്കിടയ്ക്ക് ‘സമാധാനം’ നല്കാനായി ആ മനുഷ്യന്‍ ഗീവറീച്ചനു നേരെ തിരിഞ്ഞെങ്കിലും വല്ലാത്ത നിസ്സംഗതയായിരുന്നു, ഗീവറീച്ചന്.

ഞായറാഴ്ചകള്‍ കഴിയുന്തോറും ഒന്നാം നിരയിലെ ബെഞ്ചറ്റം ആ മനുഷ്യന്‍ ഏതാണ്ട് സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ഞായറാഴ്ചകളില്‍ മകനേയും കൂട്ടി എത്ര നേരത്ത പുറപ്പെട്ടിട്ടും ഗീവറീച്ചന് ആ സ്ഥാനം തരിച്ചുപിടിക്കാനായില്ല. വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴൊക്കെ പുതിയ കയ്യേറ്റക്കാരനെ ഗീവറീച്ചന്‍ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. ആ മനുഷ്യന്‍ അങ്ങ് അമേരിക്കയിലായിരുന്നെന്നും മക്കളെല്ലാം ഉയര്‍ന്ന ഉദ്യോഗക്കാരാണെന്നും മരുമകള്‍ അയാളോട് പറഞ്ഞു. ഭാര്യ അമേരിക്കക്കാരി ആയിരുന്നെന്നും അവള്‍ അയാളെ ഉപേക്ഷിച്ചെന്നും ഗീവറീച്ചന്‍ അറിഞ്ഞിരുന്നു. എന്നാല്‍ പഴയ ബി.എം.ഡബ്ല്യൂ. കാറില്‍ ഡ്രൈവറോടൊപ്പം വരുന്ന ആ മനുഷ്യനെ ഗീവറീച്ചന്‍ ശത്രുവായിത്തന്നെ കണ്ടു. തന്‍റെ സ്വച്ഛ ജീവിതത്തിന്‍റെ ഓളപ്പരപ്പിലേക്ക് വെറുതെ ഒരു കല്ലെടുത്തെറിഞ്ഞ് രസിക്കുവാന്‍ വന്ന ഒരുവന്‍…

ഗീവറീച്ചന്‍ അയാളെ കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മകന്‍ ചോദിക്കും. “ബെഞ്ചില്‍ രണ്ടാമനായി ഇരിക്കുന്നതു കൊണ്ട് എന്താണു കുഴപ്പം?” അതിന് ഗീവറീച്ചന്‍ മറുപടി പറയാറില്ല. എന്തോ, ആ ബെഞ്ചറ്റത്ത് ഇരിക്കുമ്പോള്‍ ഗീവറീച്ചന് താന്‍ ആ പള്ളിയിലെ ഒന്നാമനാണെന്നാണ് തോന്നിയിരുന്നത്. തലയ്ക്കു മുകളില്‍ ഫാന്‍ കറങ്ങുന്നത് തനിക്കു വേണ്ടിയാണെന്ന് അയാള്‍ക്ക് തോന്നിയിരുന്നു. അവിടെയിരിക്കുമ്പോള്‍ അച്ചന്‍ ഏറ്റവും ആദ്യം തിരുവോസ്തി നല്കിയിരുന്നതും അയാള്‍ക്കായിരന്നു. ആരും കൊതിച്ചുപോകുന്ന ഒരു സ്ഥാനം തന്നെയായിരുന്നു ഒന്നാം നിരയിലെ ആ ബെഞ്ചറ്റം.

നാളുകള്‍ ചെല്ലുന്തോറും ഞായറാഴ്ചകളില്‍ പള്ളിയില്‍ വേഗമെത്താനുള്ള ഗീവറീച്ചന്‍റെ ഉത്സാഹം കുറഞ്ഞു. തന്‍റെ ശത്രു വളരെ നേരത്തെ തന്നെ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. യുദ്ധത്തില്‍ തോല്‍വി സമ്മതിച്ച് വീറും വാശിയും നഷ്ടപ്പെട്ട ഒരു പോരാളിയുടെ അവസ്ഥയിലേക്ക് അയാള്‍ ഏതാണ്ട് എത്തിയിരുന്നു. പലപ്പോഴും പള്ളിയില്‍ പോകാന്‍ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞിട്ടും ഗീവറീച്ചന്‍ ഒരുങ്ങിയിറങ്ങാന്‍ വൈകിക്കൊണ്ടിരുന്നു.
ആ ഞായറാഴ്ചയും ഗീവറീച്ചന്‍ വൈകിയാണ് തന്‍റെ കിടപ്പുമുറിയില്‍ നിന്നും ഒരുങ്ങിയിറങ്ങി വന്നത്. സമയം വൈകിയതിന് മുഖം വീര്‍പ്പിച്ചുകൊണ്ടു നിന്ന മരുമകളെ ശ്രദ്ധിക്കാതെ അയാള്‍ നേരെ കാറിലേക്ക് കയറി. മകന്‍റെ കൈപിടിച്ച് പള്ളിയുടെ മുന്‍വാതില്‍ കടക്കുമ്പോള്‍ പതിവുപോലെ വെളുപ്പും കറുപ്പും മുടിയിഴകള്‍ ഇടകലര്‍ന്ന ആ ശിരസ്സ് ബെഞ്ചറ്റത്ത് അയാള്‍ കണ്ടില്ല. തന്‍റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ഗീവറീച്ചന്‍ സ്തബ്ധനായി നിന്നുപോയി. ഒരു ജയാഘോഷത്തിന്‍റെ ആരവം അയാളുടെ മനസ്സിലേക്ക് ഇരച്ചുകയറി. ഗീവറീച്ചനെ ഒന്നാം നിരയിലെ ബെഞ്ചറ്റത്ത് കൊണ്ടിരുത്തുമ്പോള്‍ മകന്‍ അയാളുടെ ചെവിയില്‍ പറഞ്ഞു: “കക്ഷി തിരികെ അമേരിക്കയ്ക്കു പോയെന്നാ തോന്നുന്നെ.” ഒരു ബാധ ഒഴിഞ്ഞുപോയ സന്തോഷം ഗീവറീച്ചന്‍റെ മുഖത്ത് തെളിഞ്ഞു. ഒരു ജേതാവിനെപ്പോ ലെ ഒന്നാം നിരയിലെ ബെഞ്ചറ്റത്ത് അയാള്‍ ഞെളിഞ്ഞിരുന്നു.

കുര്‍ബാന കഴിഞ്ഞ് മറിയാമ്മയുടെ അടുത്തേക്ക് അയാള്‍ മകന്‍റെ കൈപിടിച്ച് ഓടുകതന്നെയായിരുന്നു. ചെറിയ കിതപ്പോടെ ഗീവറീച്ചന്‍ ആ ശുഭവാര്‍ത്ത മറിയാമ്മയോട് മന്ത്രിച്ചു. എല്ലാം നിന്‍റെ പ്രാര്‍ത്ഥന കൊണ്ടാണെന്നൊരു പ്രശംസയും മറിയാമ്മയ്ക്ക് കൊ ടുത്തു. ലോകം കീഴടക്കിയ ഭാവത്തോടെ ഗീവറീച്ചന്‍ അവിടെ നിന്നും നീങ്ങി. കല്ലറകള്‍ക്കിടയിലൂടെ കുറച്ച് നീങ്ങിയപ്പോള്‍ കാല്‍വിരലുകള്‍ക്കിടയില്‍ എന്തോ നനവ് തോന്നി. അയാള്‍ താഴോട്ട് നോക്കി. രാവിലത്തെ ഇളംമഞ്ഞില്‍ നനഞ്ഞു കുതിര്‍ന്ന കുറെ പൂക്കളായിരുന്നു. അയാളുടെ കാലിനടിയില്‍ രണ്ടോ മൂന്നോ ദിവസം മുമ്പ് മരിച്ച ആരുടേയോ കല്ലറയുടെ വക്കില്‍നിന്നും ചിതറിത്തെറിച്ചു വീണ പൂക്കള്‍. ഗീവറീച്ചന്‍ ആ പുതിയ കല്ലറയ്ക്കരികില്‍ ചാരിവച്ചിരിക്കുന്ന റീത്തുകളിലേക്കും വാടിത്തുടങ്ങിയ പൂക്കളിലേക്കും അലക്ഷ്യമായി നോക്കി. അവിടെ വച്ചിരിക്കുന്ന ഫ്ളക്സില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍റെ ചിത്രം. മകന്‍റെ കൈപിടിച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ ആ ചിത്രത്തിലെ മനുഷ്യന്‍റെ മുഖത്തെ അരിമ്പാറ ഗീവറീച്ചന്‍റെ മനസ്സില്‍ ഉടക്കി. മകന്‍റെ കൈവിട്ടിട്ട് പിന്നോട്ടു നടന്ന് അയാള്‍ ആ ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കി. അതേ കണ്ണിനു താഴെ അരിമ്പാറയുള്ള അതേ മുഖം, തന്‍റെ ശത്രുവിന്‍റെ മുഖം. പള്ളിയില്‍ രണ്ടാമത്തെ ഞായറാഴ്ച ഗീവറീച്ചനെ കണ്ടപ്പോള്‍ അയാള്‍ കാണിച്ച പരിചിതഭാവം അപ്പോഴും ആ മുഖത്ത് ഉണ്ടായിരുന്നു. ഗീവറീച്ചന്‍ അവിടെ തളര്‍ന്നിരുന്നു പോയി. ജയത്തിന്‍റെയും തോല്‍വിയുടേയും കണക്കുകള്‍ അയാളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നു. തലേന്ന് രാത്രി വായിച്ച സങ്കീര്‍ത്തനപുസ്തകത്തിലെ വരികള്‍ അയാള്‍ക്കോര്‍മ്മ വന്നു.

“അവിടുന്ന് മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍, പ്രഭാതത്തില്‍ അത് തഴച്ചു വളരുന്നു; സായാഹ്നത്തില്‍ അത് വാടിക്കൊഴിയുന്നു.” ജേതാവിന്‍റെ കിരീടം തന്‍റെ കയ്യില്‍ നിന്നും വഴുതിപ്പോകുന്നതും അത് തന്‍റെ ശത്രുവിന്‍റെ ശിരസ്സില്‍ അമര്‍ന്നിരിക്കുന്നതും ഗീവറീച്ചന്‍ കണ്ടു.

(സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ചെറുകഥ.)

Leave a Comment

*
*