ഒരു കുടുംബകഥ കൂടി… അധ്യായം 1

ഒരു കുടുംബകഥ കൂടി… അധ്യായം 1

വിനായക് നിര്‍മ്മല്‍

സന്ധ്യ

പാലത്തുങ്കല്‍ തറവാട്.

വൈദ്യുതദീപങ്ങളാല്‍ അലങ്കൃതമായ വീടും പരിസരവും. കൂട്ടം കൂടിയും കൂട്ടംപിരിഞ്ഞും വര്‍ത്തമാനം പറഞ്ഞുനില്ക്കുന്നവര്‍. അവര്‍ക്കിടയിലൂടെ ഓടിക്കളിക്കുന്ന കുട്ടികള്‍. അവരുടെ ചിരികള്‍. ഇടയ്ക്ക് മാതാപിതാക്കളുടെ ചില താക്കീതുകള്‍.

മോനേ സൂക്ഷിച്ച്… തട്ടിവീഴരുതേ…

മോളേ, മതിയാക്കാറായില്ലേ കളി..

കുട്ടികള്‍ അത് ഗൗനിച്ചതേയില്ല. പറഞ്ഞ മാതാപിതാക്കളാകട്ടെ മക്കള്‍ അത് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചതുമില്ല. അവര്‍ നിര്‍ത്തിവച്ച സംസാരത്തിലേക്ക് തന്നെ മടങ്ങിപ്പോയി.

അല്ല സോജാ, ഇനിയെന്തിനാ വച്ചുതാമസിപ്പിക്കുന്നെ… പരിപാടി തുടങ്ങുവാണെങ്കില് എനിക്കെന്നല്ല എല്ലാവര്‍ക്കും പോകാമായിരുന്നു…

ഫാദര്‍ അലക്സാണ്ടര്‍ അപ്പോള്‍ സമീപത്തുകൂടി ഫോണ്‍ ചെയ്ത് പോവുകയായിരുന്ന സോജനോടായി പറഞ്ഞു.

നോ രക്ഷ… മൊബൈല്‍ കാതില്‍ നിന്ന് വേര്‍പ്പെടുത്തിയിട്ട് സോജന്‍ ഇച്ഛാഭംഗത്തോടെ അറിയിച്ചു.

നോട്ട് റീച്ചബിള്‍…

നീ ആരെയാ വിളിച്ചേ…? അച്ചന്‍ തിരക്കി.

വിശിഷ്ടാതിഥിയെ… അല്ലാതാരെയാ.. അല്പം പരിഹാസവും ദേഷ്യവും സോജന്‍റെ സ്വരത്തില്‍ കലര്‍ന്നിരുന്നു.

ആര്? സോജന്‍ ഉദ്ദേശിച്ച ആളെ അച്ചന് മനസ്സിലായില്ല.

അവന്‍… ബിനു… അല്ലാതാരെയാ.. സോജന് വീണ്ടും ദേഷ്യം വന്നു.

അപ്പോ അവന്‍ ഇതുവരേം ഇവിടെ വന്നില്ലേ… ഇതു നല്ലതമാശ്.. ക്ഷണിച്ചുവരുത്തിയ എല്ലാവരും വന്നു. എന്നിട്ടും മകന്‍ വന്നില്ലെന്ന് വച്ചാ…

തല മുതിര്‍ന്ന ഒരു കാരണവര്‍ അത്ഭുതപ്പെട്ടു.

ഇനീം അവനെ നോക്കിയിരിക്കാതെ പരിപാടി തുടങ്ങാന്‍ നോക്ക്… എനിക്കേ എനിക്ക് ഗ്യാസിന്‍റെ പ്രശ്നമുള്ളതാ… ഭക്ഷണം കറക്ട് സമയത്ത് കിട്ടിയില്ലെങ്കില്‍ വായു എളകും… അയാള്‍ കൃത്രിമമായി ഒരു ഏമ്പക്കം പുറപ്പെടുവിച്ചു.

അവന്‍ വരും… പെട്ടെന്ന് അവര്‍ക്കിടയില്‍ ഉറച്ച ആ ശബ്ദം കേട്ടു. അവര്‍ തിരിഞ്ഞു നോക്കി. ത്രേസ്യാമ്മയായിരുന്നുവത്.

വരുമെന്ന പറഞ്ഞ സമയത്തുതന്നെ അവന്‍ വരും. ത്രേസ്യാമ്മ തുടര്‍ന്നു.

… ഇപ്പോ സമയമെത്രയായെടാ… അവര്‍ സോജനോട് ചോദിച്ചു.

ആറ് അമ്പത്തഞ്ച്… സോജന്‍ പറഞ്ഞു.

അവന്‍ പറഞ്ഞിരിക്കുന്ന സമയം ഏഴേകാലാ… അതു കഴിഞ്ഞിട്ടും അവന്‍ എത്തിയില്ലെങ്കീ അപ്പോ നോക്കാം അടുത്ത പരിപാടി..

ഓ… സോജന്‍ അത്ര രസിക്കാത്ത മട്ടില്‍ സമ്മതം മൂളി.

പൊന്നുമോന്‍ പറഞ്ഞതിന് അപ്പുറം അമ്മച്ചി കടക്കുകേലല്ലോ… ആയിക്കോട്ടെ.. സോജന്‍ മൊബൈലുമായി വന്നയിടത്തേയ്ക്കു തന്നെ തിരിച്ചുപോകാന്‍ ശ്രമിച്ചു.

നീയാ മൊബൈല്‍ ഇങ്ങ് തന്നേച്ച് പൊയ്ക്കോ… ഞാനവനെയൊന്ന് വിളിച്ചുനോക്കട്ടെ..

സോജന്‍ മൊബൈല്‍ ത്രേസ്യാമ്മയക്ക് കൈമാറി. ത്രേസ്യാമ്മ അലക്സച്ചനെ നോക്കി ചിരിച്ചു.

അച്ചന് മുഷിച്ചിലായെന്നറിയാം… ക്ഷമിക്കച്ചോ… പത്തോ ഇരുപതോ മിനിട്ട് നേരം കൂടിയല്ലേയുള്ളൂ… അവിരാച്ചാ, ത്രേസ്യാമ്മ അല്പംമുമ്പ് സംസാരിച്ച കാരണവര്‍ക്ക് നേരെ തിരിഞ്ഞു.

ഗ്യാസിന്‍റെ പ്രശ്നമുണ്ടെങ്കില് അവിടെ ചെന്ന് വല്ല തും കഴിക്ക്… കേക്ക് മുറി. അത് എന്‍റെ മോന്‍ വന്നിട്ട് മാത്രമേയുള്ളൂ. കാരണം ഈ ഒരു ദിവസം ഇങ്ങനെയാക്കി മാറ്റാമെന്ന് തീരുമാനിച്ചത് അവന്‍ ഒറ്റയൊരുത്തനാ… അവന്‍റെ വാശീം ആശേം ഒക്കെയായിരുന്നുവിത്. അവന്‍റെ അപ്പച്ചന്‍റെ എണ്‍പതാം പിറന്നാളും അവന്‍റെ അപ്പച്ചന്‍റേം അമ്മച്ചീടേം അമ്പതാം വിവാഹവാര്‍ഷികവും… ത്രേസ്യാമ്മയുടെ ചുണ്ടില്‍ മകനെയോര്‍ത്തുള്ള അഭിമാനവും ഈ സുദിനത്തെയോര്‍ത്തുള്ള സന്തോഷവും പുഞ്ചിരിയായി പരന്നു.

രണ്ടുംകൂടി ഒറ്റദിവസം ആഘോഷിക്കാമെന്ന് പ്ലാന്‍ ചെയ്തത് അവനാ… അതോണ്ട് അവന്‍ വരാതെ ആ ചടങ്ങൊന്നും നടക്കുകേലാ… പിന്നെയച്ചോ… ത്രേസ്യാമ്മ അലക്സച്ചന് നേരെ വീണ്ടും തിരിഞ്ഞു.

ഈ ഒരു ദിവസത്തിന് പിന്നെയും ഒരു പ്രത്യേകതയുണ്ടച്ചോ… അത് ഞാനായിട്ട് ഉണ്ടാക്കിയെടുത്തതാ… എന്‍റെ ഒരു പ്ലാന്‍.

അതെന്നതാ ചേടത്തീ.

അച്ചന് ആകാംക്ഷയായി.

അച്ചന്‍ ഇങ്ങ് വന്നേ…

ത്രേസ്യാമ്മ അലക്സച്ചന്‍റെ കൈക്ക് പിടിച്ച് ആളൊഴിഞ്ഞ ഒരു കോണിലേക്ക് കൊണ്ടുപോയി.

അമ്മച്ചി എന്നതാ കുമ്പസാരിക്കുവാന്‍ പോവാണോ?

അപ്പോള്‍ അതിഥികളായെത്തിയ ചെറുപ്പക്കാരുടെ സംഘത്തില്‍ നിന്നൊരുവന്‍ വിളിച്ചു ചോദിച്ചു.

അല്ലടാ മോനേ, ഒരു കല്യാണം ആലോചിക്കുവാന്‍ പോവാ…

ചെറുപ്പക്കാര്‍ക്ക് അത് ഒരു തിരിച്ചടിപോലെയാണ് തോന്നിയതെങ്കിലും ത്രേസ്യാമ്മ പറഞ്ഞത് ശരിയായിരുന്നു.

അതാണ് അവര്‍ അച്ചനോട് സംസാരിച്ചത്.

അച്ചോ, ബിനൂന് വയസ് പത്തുമുപ്പതാകാറായി. ഇന്നുവരെ അവനെ ഞാന്‍ പിടിച്ചിടത്ത് കിട്ടിയിട്ടില്ല… പെണ്ണ് കെട്ടാന്‍ പറയുമ്പോഴെല്ലാം ഓരോരോ കാരണം പറഞ്ഞ് അവനൊഴിഞ്ഞു മാറുവാ… അവന്‍റെ പ്രായത്തിലുള്ള ആമ്പിള്ളേര്‍ക്കൊക്കെ മക്കള് രണ്ടും മൂന്നുമായി. ഇവന്‍ മാത്രം കാള കളിച്ച് നടക്കുവാ… കഥയെഴുത്തും കഥാപ്രസംഗവുമാണെന്നൊക്കെ പറഞ്ഞ്.. പെണ്‍മക്കള് പുരനിറഞ്ഞ് നില്ക്കുന്നതു മാത്രമല്ലച്ചോ ഒരമ്മേടെ ദെണ്ണം. ആണ്‍മക്കളും ജീവിതാന്തസ്സില്‍ പ്രവേശിക്കാത്തത് അവര്‍ക്ക് വേദന തന്നെയാ.. അവനും ഒരു തുണയായിക്കണ്ടിട്ട് വേണം എനിക്കും അവന്‍റെ അപ്പച്ചനും സമാധാനത്തോടെ കണ്ണടയ്ക്കാന്‍… ത്രേസ്യാമ്മയുടെ തൊണ്ട ഇടറി…

അവന് വേണ്ടി ചൊല്ലാത്ത നൊവേനകളില്ല… പ്രാര്‍ത്ഥിക്കാത്ത പ്രാര്‍ത്ഥനകളില്ല… ഒരു ഫലോം ഇല്ല… ഇനി അവനെ അങ്ങനെ വിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വീണ്ടും ത്രേസ്യാമ്മയുടെ സ്വരത്തിന് കടുപ്പം വന്നു…

…ഇന്ന് രണ്ടിലൊന്നറിയണം. അതാ ഒരു കാരണവശാലും വരാതിരിക്കരുത് എന്ന് ഞാന്‍ അച്ചനെ ശട്ടം കെട്ടിയത്. ഇന്നാകുമ്പോ ഇവിടെയെല്ലാവരുമുണ്ട്… എല്ലാവരും കേള്‍ക്കെ അവനെക്കൊണ്ട് കല്യാണം കഴിക്കാന്‍ സമ്മതമാണെന്ന് ഞാനിന്ന് പറയിപ്പിക്കും…

അതെങ്ങനെ? അലക്സച്ചന്‍ സംശയിച്ചു.

അച്ചന്‍ നോക്കിക്കോ അതിനുള്ള വഴിയൊക്കെയുണ്ട്… ത്രേസ്യാമ്മ നിഗൂഢമായി ചിരിച്ചു

എന്നാലും ചേട്ടത്തീ, ക ല്യാണം കഴിക്കാന്‍ ഇഷ്ടമില്ലാതെ നടക്കുന്ന ഒരുവനെ നിര്‍ബന്ധിച്ച് പെണ്ണുകെട്ടിക്കുകാന്ന് വച്ചാ… അതിത്തിരി അക്രമമല്ലേ… ഉപദേശിക്കാം… ശാസിക്കാം… നയം പറയാം… അതൊക്കെ വേ ണം. എന്നിട്ടും വഴങ്ങാത്ത ഒരുവനെ കുറുക്കുവഴിയില്‍ക്കൂടി കല്യാണം കഴിക്കാമെന്ന് സമ്മതിപ്പിക്കുന്നത് ശരിയായ നടപടിയല്ല… പൂര്‍ണ്ണമനസ്സോടെയാ ഒരാള്‍ വൈദികാന്തസിലേക്ക് പ്രവേശിക്കുന്നത്. അതുപോലെ തന്നെ പൂര്‍ണ്ണാരോഗ്യവാനായ ഒരു ചെറുപ്പക്കാരന്‍ പൂര്‍ണ്ണമനസ്സോടെ വേണം കല്യാണത്തിന് സമ്മതിക്കാന്‍… അല്ലാതെ ഉന്തി മരംകേറ്റിയാ കേറില്ല… അതു ശരിയുമല്ല… അവനോട് മാത്രമല്ല കെട്ടിവരുന്ന പെണ്ണിനോടും… അലക്സച്ചന്‍ നയം വ്യക്തമാക്കി.

എന്‍റെ അച്ചോ… കല്യാണം കഴിക്കാന്‍ എനിക്കും തീരെ ഇഷ്ടമില്ലായിരുന്നു.. എന്‍റെ മക്കള്‍ടെ അപ്പച്ചനും തീരെ ഇഷ്ടമില്ലായിരുന്നു. എന്നിട്ടെന്താ ഞങ്ങള്‍ക്ക് അഞ്ചാറ് മക്കളുമായി… പത്തമ്പതു വര്‍ഷം ഒരുമിച്ച് താമസിക്കുകേം ചെയ്തു. തട്ടുകേം മുട്ടുകേം ഒക്കെ ചെയ്യും. അത് ദാമ്പത്യജീവിതത്തിന്‍റെ പ്രത്യേകതയാ… പൊട്ടിപ്പോകാതെ മാത്രം നോക്കിയാല്‍ മതി… പിന്നെയത് മുമ്പോട്ട് പൊയ്ക്കോളും. പൊഴേക്കൂടി ഒഴുകിവരുന്ന ഒരു വിറകുകഷ്ണം പോലെയാ കു ടുംബജീവിതോം. ഏതെങ്കിലും കുറ്റിക്കാട്ടില്‍ ഒഴുകിവരുന്ന വഴിക്ക് തടഞ്ഞുകിടക്കും. കരയ്ക്ക് നില്ക്കുന്നവര് അതങ്ങ് തട്ടിനീക്കണം.വീണ്ടും അതങ്ങ് ഒഴുകിപ്പൊക്കോളും… ഇത്ര പേടിക്കേണ്ട എടപാടൊന്നുമല്ല കല്യാണം. ഒഴിഞ്ഞുമാറി നടക്കേണ്ട കാര്യോം ഇല്ല… അതൊന്നും അച്ചന് മനസ്സിലാവുകേലാ…കാരണം കല്യാണംനടത്തിക്കൊടുത്ത പരിചയമല്ലേ അച്ചനുള്ളൂ, കഴിച്ചുള്ള പരിചയം ഇല്ലല്ലോ..

കഴിച്ചവരും കഴിക്കാത്തവരും അവരുടെ സങ്കടോം പങ്കപ്പാടും അഴിച്ചുവയ്ക്കുന്നത് എന്നെപ്പോലുള്ള അച്ചന്മാരുടെ അടുത്താ… അതുമതി കല്യാണം കഴിച്ചവര്‍ക്കുള്ളതിനേക്കാള്‍ വലിയ അനുഭവങ്ങള്‍ക്ക്… അലക്സച്ചന്‍ നെടുവീര്‍പ്പിട്ടു…

ഏതൊക്കെ ടൈപ്പ്… എത്രയെത്ര സംഭവങ്ങള്‍… ഹോ…

ങാ.. ഞാന്‍ അവനെയൊന്ന് വിളിച്ചുനോക്കട്ടെ… വരാനുള്ള സമയമായിക്കാണും… ത്രേസ്യാമ്മ മൊബൈലുമായി മറ്റൊരു ദിശയിലേക്ക് നീങ്ങി.

അവള് അച്ചനോട് എന്നതാ പറഞ്ഞെ?

ശബ്ദം കേട്ട് അച്ചന്‍ തിരിഞ്ഞുനോക്കി. അത് കുഞ്ഞേപ്പന്‍ചേട്ടനായിരുന്നു. ത്രേസ്യാമ്മയുടെ ഭര്‍ത്താവ്. പിറന്നാളുകാരന്‍.

മകന്‍റെ കല്യാണക്കാര്യം… ബിനൂന്‍റെ…

അവള് ഇന്ന് രണ്ടും കല്പിച്ചാ… കുഞ്ഞേപ്പന്‍ചേട്ടന്‍ അമര്‍ത്തി മൂളി.

കുഞ്ഞേപ്പന്‍-ത്രേസ്യാമ്മ ദമ്പതികള്‍ക്ക് ഏഴാണ് മക്കള്‍. അഞ്ച് പെണ്ണും രണ്ട് ആണും. മക്കളില്‍ മൂത്തത് മൂന്നും പെണ്‍മക്കള്‍. മേഴ്സി, ആന്‍സി, ബിന്‍സി, നാലാമന്‍ സോജന്‍. അഞ്ചും ആറും പെണ്ണുങ്ങള്‍ സീനയും ബിന്ദുവും. ഏഴാമനാണ് ബിനു. ആറുമക്കള്‍ക്കും കുടുംബമായി… ബിനുവാകട്ടെ മുപ്പതിനടുത്ത പ്രായത്തിലും അവിവാഹിതനായി തുടരുന്നു. തങ്ങളുടെ വിവാഹവാര്‍ഷികവും ഭര്‍ത്താവിന്‍റെ എണ്‍പതാം പിറന്നാളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ വേളയില്‍ അടുത്ത ബന്ധുമിത്രാദികളും ഇടവകവികാരിയും ഒക്കെ അടങ്ങുന്ന ഈ ചടങ്ങില്‍വച്ച് അവന്‍റെ ജീവിതത്തെ സംബന്ധിച്ച കാര്യത്തിന് ഒരു തീര്‍ച്ചയുണ്ടാക്കണമെന്നാണ് ത്രേസ്യാമ്മ കരുതുന്നത്.

ജീവിതത്തിന്‍റെ ഒരുപാട് കയ്പും ചവര്‍പ്പും കഴിച്ചുവളര്‍ന്ന ദമ്പതികളാണ് കുഞ്ഞേപ്പന്‍ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന പാലത്തുങ്കല്‍ ജോസഫും ത്രേസ്യാമ്മയും. ദാരിദ്ര്യം അതില്‍ മുഖ്യപങ്കു വഹിച്ചു. സോജനാണ് ആ കുടുംബത്തെ കരയ്ക്ക് കയറ്റിയത്. നന്നേ ചെറുപ്പത്തിലേ ഗള്‍ഫില്‍ പോയ സോജന്‍ പത്തുപന്ത്രണ്ട് വര്‍ഷക്കാലം ഗള്‍ഫിലായിരുന്നു. ആ കഷ്ടപ്പാടിന്‍റെ ഫലമാണ് ഇന്ന് പാലത്തുങ്കല്‍ തറവാട് കൈവരിച്ചിരിക്കുന്ന ശ്രേയസ്. സഹോദരിമാര്‍ക്കൊക്കെ ജീവിതം ഉണ്ടാക്കിക്കൊടുത്തും നാട്ടില്‍ നിലയും വിലയുമുള്ള ഒരു കുടുംബമാക്കി പാലത്തുങ്കലിനെ മാറ്റിയതും സോജനായിരുന്നു.

ഏറ്റവും ഇളയവനായ ബിനുവാകട്ടെ മറ്റൊരു വഴിയെയാണ് സഞ്ചരിച്ചത്. സാഹിത്യവും സിനിമയും രാഷ്ട്രീയവുമൊക്കെയാണ് അവന്‍റെ ലോകം. കുടുംബത്തോട് ഒരിക്കലും തന്‍റെ ഉത്തരവാദിത്വങ്ങള്‍ അവന്‍ നിറവേറ്റിയിട്ടില്ലെന്നാണ് സോജന് അവനെക്കുറിച്ചുള്ളപരാതി. അതില്‍ തീരെ കഴമ്പ് ഇല്ലാതെയുമില്ല. ബിരുദാനന്തരബിരുദധാരിയാണെങ്കിലും അവന് ജോലിയില്ല. ജോലി കിട്ടാഞ്ഞിട്ടല്ല… കിട്ടുന്ന ജോലിയിലൊന്നും ഉറച്ചുനില്ക്കുന്ന സ്വഭാവക്കാരനല്ല അവന്‍. ത്രേസ്യാമ്മയ്ക്കും കുഞ്ഞേപ്പന്‍ചേട്ടനും തീരെ പ്രതീക്ഷിക്കാത്ത ഒരു കാലത്തായിരുന്ന് ബിനുവിന്‍റെ ജനനം. ഏറ്റവും ഇളയവനായതുകൊണ്ടും നേരം തെറ്റി പിറന്നതുകൊണ്ടും എല്ലാവരുടെയും സ്നേഹഭാജനവുമായിരുന്നു അവന്‍. സാമ്പത്തികമായി അടിത്തറയില്ലെങ്കിലും വീടിന്‍റെ കേന്ദ്രബിന്ദു അവന്‍ തന്നെയാണ്. അതാണ് ഏറ്റവും വലിയ വിരോധാഭാസം. വീട്ടിലേക്ക് സാമ്പത്തികമായി ഒന്നും നല്കാറില്ലെന്ന കുറവൊഴിച്ചാല്‍ വീട് ബിനുവിന് പ്രാണനാണ്. അപ്പനും അമ്മയും കുടപ്പിറപ്പുകളും എല്ലാം… എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിയത്തക്കവിധത്തില്‍ എന്തോ അദൃശ്യശക്തി ബിനുവിലുണ്ടായിരുന്നു. അതുകൊണ്ടാണ് വീടിനെ സാമ്പത്തികമായി തൃപ്തിപ്പെടുത്താത്തപ്പോഴും വീട് അവന് മുഖ്യസ്ഥാനം നല്കിയിരുന്നത്.

അവള്‍ടെ തീരുമാനങ്ങള് പലപ്പോഴും ശരിയാകാറുണ്ടച്ചോ… അതോണ്ട് ഞാനവളെ ഒന്നിനും വിലക്കാറില്ല. ഒന്നും അങ്ങോട്ടുകയറിചോദിക്കുകേം ഇല്ല. ഈ കുടുംബത്തിനും എനിക്കും എന്‍റെ മക്കള്‍ക്കും നന്മ വരുന്നതേ അവള് ചെയ്യൂ എന്ന് എനിക്കറിയാം. ശരിയാ സോജന്‍റെയാ ഈ പണം മുഴുവന്‍. പക്ഷേ അവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതു മുഴുവന്‍ വേണ്ടുംവണ്ണം വി നിയോഗിച്ചത് അവളാ… ത്രേസ്യാമ്മ… ഈ അമ്പതുവര്‍ഷവും അവളാ എന്നെ താങ്ങിനടത്തിയെ… ഞാന്‍ വീണുപോയപ്പോഴും. അതോണ്ട് എന്നതാ ഇന്ന് അവള് മനസ്സിലുളളത് നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അച്ചനെപ്പോലെ തന്നെ അതെന്നതാന്ന് കണ്ടറിയാന്‍ കാത്തിരിക്കുവാ ഞാന്‍… കുഞ്ഞേപ്പന്‍ചേട്ടന്‍ അലക്സച്ചനോട് പറഞ്ഞു.

ഹലോ.. ത്രേസ്യാമ്മ മൊബൈലില്‍ ബിനുവിനെ വിളിക്കുകയായിരുന്നു.

നീയെവിടെയാ… എല്ലാരേം വി ളിച്ചുവരുത്തിയിട്ട് നീയിതെവിടെപ്പോയിക്കിടക്കുവാ..

ത്രേസ്യാമ്മയുടെ സ്വരം ഉയര്‍ ന്നു.

തൊണ്ണ പൊളിക്കാതെ അമ്മച്ചി വാച്ചിലേക്ക് നോക്ക്… സമയം ഏഴ് പതിനഞ്ച്.. ഇനി ഗയ്റ്റിങ്കലേയ്ക്ക് നോക്ക്.. .

മറുതലയ്ക്കല്‍ നിന്ന് ബിനുവിന്‍റെ സ്വരം. ത്രേസ്യാമ്മ അതനുസരിച്ച് ഗെയ്റ്റിങ്കലേയ്ക്ക് നോക്കി. ബൈക്കില്‍ സുഹൃത്തിന്‍റെ പിന്നില്‍നിന്നും ഇറങ്ങുന്ന ബിനുവിനെ അവര്‍ കണ്ടു. അവന്‍ ത്രേസ്യാമ്മയ്ക്ക് നേരെ കരം ഉയര്‍ത്തിക്കാണിച്ചു. ത്രേസ്യാമ്മ തിരിച്ചും. അവര്‍ക്ക് സന്തോഷമായി.

അച്ചോ അവന്‍ വന്നു… ഞാന്‍ പറഞ്ഞില്ലേ… എന്‍റെ മോന്‍ പറഞ്ഞാ പറഞ്ഞതാ… ത്രേസ്യാമ്മ ഉത്സാഹത്തോടെ മകന്‍റെ അടുത്തേയ്ക്ക് ചെന്നു. ആളുകള്‍ക്കിടയില്‍ പെട്ടെന്ന് ചലനമുണ്ടായി.

ഹായ് അങ്കിള്‍ വന്നു… ബിനു അങ്കിള്‍ വന്നേ… സഹോദരങ്ങളുടെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ എവിടെനിന്നൊക്കെയോ ഓടിവന്ന് ബിനുവിനെ പൊതിഞ്ഞു. ബിനുവിന്‍റെ ആകര്‍ഷണവലയത്തില്‍ കുട്ടികള്‍ ഒതുങ്ങിനിന്നു. സോജന്‍റെ ഭാര്യ ലിസിക്ക് അതുകണ്ടപ്പോള്‍ ദേഷ്യം വന്നു.

കാന്തം വന്നു. അവള്‍ ശബ്ദം താഴ്ത്തി സോജനോട് പറഞ്ഞു. മേഴ്സിയും ആന്‍സിയും ബിന്‍സിയും ബിനുവിന്‍റെ അടുത്തേയ്ക്ക് വന്നു.

എവിടെപ്പോയതായിരുന്നു മോനേ… എത്രനേരമായി ഞങ്ങള് നി ന്നെ നോക്കിയിരിക്കുന്നു…

അതൊക്കെ പറയാം ചേച്ചിമാരേ. ആദ്യം ഈ ചടങ്ങ് നടക്കട്ടെ… അച്ചോ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.. ബിനു അച്ചന് നേരെ കൈകൂപ്പി.

ഉവ്വവ്വ.. അച്ചന്‍ തലകുലുക്കി. അലക്സച്ചനും ബിനുവും സുഹൃത്തുക്കളാണ്. കണ്ടുമുട്ടുമ്പോഴൊക്കെ ആശയപരമായി വിയോജിപ്പുകളുണ്ടെങ്കിലും അവര്‍ക്കിടയില്‍ സ്നേഹസൗഹൃദങ്ങളുടെ പൊന്‍ നൂലുകള്‍ പാകിയിട്ടുണ്ടായിരുന്നു.

ഇത് കഴിഞ്ഞിട്ട് കാണാം… ബിനു അച്ചനോട് പറഞ്ഞു.

ഇത് കഴിഞ്ഞിട്ട് എന്തു സംഭവിക്കുമെന്ന് കാണാം… അച്ചനും പറഞ്ഞു. ബിനു അപ്പനെയും അമ്മയെയും ഇരുവശത്തു നിര്‍ത്തി, അവരുടെ തോളത്ത് കൈയിട്ട് കേക്കിന് സമീപത്തേയ്ക്ക് നടന്നു.

പ്രിയപ്പെട്ടവരേ, ബിനു കരമടിച്ച് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. കൂട്ടം കൂടി നിന്നിരുന്നവര്‍ വര്‍ത്തമാനം അവസാനിപ്പിച്ച് ബിനുവിന് നേര്‍ക്ക് തിരിഞ്ഞു.
ഒരുവര്‍ഷം പോലും തികയുന്നതിന് മുമ്പ് ദമ്പതികള്‍ പരസ്പരം വേര്‍പിരിയുന്ന ഇക്കാലത്ത് വിവാഹമോചനങ്ങള്‍ പെരുകുന്ന ഇക്കാലത്ത് സ്നേഹിച്ചും പിണങ്ങിയും അകന്നും അടുത്തും അമ്പതുവര്‍ഷങ്ങള്‍ ഒരുമിച്ചുതാമസിച്ചുവെന്ന് പറയുന്നത് അത്ഭുതമാണ്. ആ അത്ഭുതമാണ് പാലത്തുങ്കല്‍ ജോസഫും ത്രേസ്യാമ്മയും എന്ന എന്‍റെ അപ്പനും അമ്മയും അല്ല ഞങ്ങളുടെ അപ്പനും അമ്മയും കാഴ്ചവച്ചിരിക്കുന്നത്. ഞങ്ങളുടെ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹവന്ദനം… സ്നേഹസ്വാഗതം… ചടങ്ങുകള്‍ ഇവിടെ ആരംഭിക്കാന്‍ പോവുകയാണ്…

പെട്ടെന്ന് ത്രേസ്യാമ്മ ഇടയ്ക്ക് കയറി.

മതി നീ നിര്‍ത്ത്… ഇനി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.

ത്രേസ്യാമ്മ ബിനുവിനോട് പറഞ്ഞു.

എന്താമ്മച്ചീ?

ഈ ചടങ്ങ് നടക്കണമെങ്കില്‍ ഇവരെല്ലാം സാക്ഷി നിര്‍ത്തി നീയെനിക്ക് ഒരു വാക്ക് നല്കണം.

എന്ത്? ബിനുവിന് ആകാംക്ഷയായി.

കല്യാണം കഴിക്കാന്‍ സമ്മതമാണെന്ന്…?

ഈ അമ്മച്ചിയെന്നതാ ഇപ്പറയുന്നെ… ഞാന്‍ കല്യാണംകഴിക്കാന്‍ പോവുകയാണെന്ന് ഇവരോടെല്ലാം എന്നാത്തിനാ ഞാന്‍ പ്രഖ്യാപിക്കുന്നെ… അതെന്‍റെ വ്യക്തിപരമായ തീരുമാനമല്ലേ…

അതെ, നിന്‍റെ വ്യക്തിപരമായ തീരുമാനം തന്നെയാ. അതോണ്ടാണല്ലോ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നീയെനിക്ക് വഴങ്ങിത്തരാത്തത്. അതോണ്ടാ ഞാന്‍ പറയുന്നെ, ഇപ്പം നീയെനിക്ക് വാക്ക് തരണമെന്ന്..

ശ്ശോ… ബിനു നെറ്റിക്കടിച്ചു.

ഈ അമ്മച്ചിക്ക് എന്നാത്തിന്‍റെ കേടാ..

നീ വാക്ക് പറയാതെ ഇവിടെ കേക്ക് മുറിക്കില്ല… ഇവിടെയൊരു ചടങ്ങും നടക്കുകേലാ… ഇവരെയെല്ലാം ഞാന്‍ തിരിച്ചയ്ക്കും. അതിന്‍റെ നാണക്കേട് നമുക്കെല്ലാവര്‍ക്കുമാ… കാരണം നമ്മുടെ ക്ഷണം സ്വീകരിച്ച് വന്നിട്ടുള്ളവരാ ഇവരെല്ലാവരും. അവരെ വെറുതെ പറഞ്ഞയ്ക്കുകാന്ന് വച്ചാ അത് വല്ലാത്ത ക്ഷീണമാ… നിനക്കെന്നെ അറിയാമല്ലോ, പറഞ്ഞാ പറഞ്ഞതാ…

ബിനു നിസ്സഹായതോടെ ചുറ്റും നോക്കി. എല്ലാവര്‍ക്കും അമ്പരപ്പുണ്ട്. എന്താണ് അടുത്ത നിമിഷം സംഭവിക്കാന്‍ പോവുകയെന്ന ആകാംക്ഷയുമുണ്ട്. ചിലര്‍ക്ക് ചിരി. ഇങ്ങനെയൊരു ഏടാകൂടത്തില്‍ താന്‍ ചെന്നുചാടുമെന്ന് സ്വപ്നേപി കരുതിയില്ല. ബിനു അസ്വസ്ഥനായി. അവന്‍റെ നോട്ടം അലക്സച്ചനില്‍ പതിഞ്ഞു. അച്ചന്‍ ആംഗ്യം കാണിച്ചു, സമ്മതിച്ചോ അല്ലാതെ രക്ഷയില്ലെന്ന മട്ടില്‍.

പറ, വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് പറ… നാളെയോ ഇന്നോ വിവാഹം കഴിക്കണമെന്ന് ആരും പറയുന്നില്ല… നിര്‍ബന്ധിക്കുന്നുമില്ല… ത്രേസ്യാമ്മ വീണ്ടും ബിനുവിനെ ഓര്‍മ്മപ്പെടുത്തി.

നിങ്ങള്‍ അമ്മയും മോനും ത മ്മിലുള്ള നാടകം കളിക്ക് ഞങ്ങളെയെന്തിനാ വിളിച്ചുവരുത്തിയേ? ഞങ്ങള് പോകുവാ…

ഭക്ഷണം കഴിക്കാന്‍ വൈകുന്നതിന്‍റെ പേരില്‍ അസ്വസ്ഥനായ കാരണവര്‍ പിറുപിറുത്തു. അത് മറ്റാളുകള്‍ക്കിടയിലും സ്വാധീനമുണ്ടാക്കി. ബിനു നോക്കുമ്പോള്‍ ചിലരുടെ പാദങ്ങള്‍ക്ക് ചലനം സംഭവിച്ചുകഴിഞ്ഞു. പിണങ്ങിപ്പോവുകയാണെന്ന മട്ടില്‍…

അവന്‍ പെട്ടെന്ന് പറഞ്ഞു.

ആരും പോകരുത്… ആളുകള്‍ തിരിഞ്ഞുനിന്നു.

അവന്‍ കേക്ക് മുറിക്കാനുള്ള കത്തി കയ്യിലെടുത്ത് അപ്പനും അ മ്മയ്ക്കും നേരേ നീട്ടി.

നീ സമ്മതിക്ക്…

ത്രേസ്യാമ്മ ആവശ്യപ്പെട്ടു. അ ല്ലെങ്കില്‍ ഞാനിത് വാങ്ങില്ല…

സമ്മതം… വിവാഹം കഴിക്കാന്‍ എനിക്ക് സമ്മതം… ബിനു പറഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org