Latest News
|^| Home -> Novel -> Novel -> ഒരു കുടുംബകഥ കൂടി… അധ്യായം 5

ഒരു കുടുംബകഥ കൂടി… അധ്യായം 5

Sathyadeepam

ഇവിടെയെവിടെയോ ആണെന്ന് തോന്നുന്നു… ബൈക്ക് കുറെ ദൂരം പിന്നിട്ടുകഴിഞ്ഞപ്പോള്‍ റോസ്മേരി ജോമോനോട് പറഞ്ഞു.

…അവള്‍ടെ വീട്.

തോന്നുന്നതേയുള്ളോ അപ്പോ നിനക്ക് കൃത്യമായറിയില്ലേ… ജോമോന് ചെറുതായി ദേഷ്യം വന്നു.

അതെങ്ങനെയാ ഞാനറിയുന്നെ… അവള് ഇവിടത്തുകാരിയൊന്നുമല്ലെന്ന് ഞാന്‍ പറഞ്ഞില്ലേ. അടുത്തകാലത്താ ഇങ്ങോട്ട് താമസം മാറിയത്… സ്കൂളില്‍ ഒരുമിച്ച് പഠിച്ചതാ… പിന്നെ ഇത്രേം വര്‍ഷോം ഒരു വിവരോം ഇല്ലായിരുന്നു.

എന്നിട്ടെങ്ങനെയാ ഇപ്പോ വിവരം വച്ചത്?

ജോമോന്‍ ബൈക്ക് വഴിയുടെ ഓരത്തായി നിര്‍ത്തി. ഒരു നാല്‍ക്കവലയായിരുന്നു അത്.

ഞങ്ങളുടെ സ്കൂളിന്‍റെ ഫെയ്സ്ബുക്ക് പേജ് ആരോ ക്രിയേറ്റ് ചെയ്തായിരുന്നു. അങ്ങനെ സേര്‍ച്ച് ചെയ്തപ്പഴാ അവളെ കിട്ടിയത്. റോസ്മേരി പറഞ്ഞു.

ഫെയ്സ്ബുക്ക് കൊണ്ട് മറ്റുള്ളവര്‍ക്ക് ഇങ്ങനെയും പണി കിട്ടുമെന്ന് ഇപ്പഴാ മനസ്സിലായെ… ങ് നീ ചെന്ന് ആ കടക്കാരനോട് വഴി ചോദിക്ക്. ഉദാസീനഭാവത്തില്‍ ജോമോന്‍ പറഞ്ഞു.

എങ്കി പിന്നെ ആ കടയുടെ വാതില്ക്കല്‍തന്നെ നിര്‍ത്തിയാ പോരായിരുന്നോ… റോസ് മേരി പിറുപിറുത്തുകൊണ്ട് ബൈക്കില്‍ നിന്നിറങ്ങി.

ഒരു കൂട്ടുകാരിക്ക് വേണ്ടി രണ്ടുചുവട് നടക്കാന്‍ പോലും വയ്യെങ്കി പിന്നെ നിന്‍റെയൊക്കെ എന്നാ ഫ്രണ്ട്ഷിപ്പാടീ…

ജോമോന്‍ ചോദിച്ചു.

ഓ പിന്നേ നിങ്ങള്‍ക്ക് മാത്രമല്ലേ ഫ്രണ്ട്സുള്ളൂ. കാണാം.. ബിനൂന്‍റെ കല്യാണം ഇങ്ങ് കഴിഞ്ഞോട്ടെ… ഫ്രണ്ട്സ് ആണോ വലുത് വൈഫാണോ വലുത് എന്ന് ബിനു പറഞ്ഞുതരും.

റോസ്മേരി ഒരു കടയുടെ നേര്‍ക്ക് നടന്നു. അവള്‍ മടങ്ങുന്ന സമയത്തിന് ജോമോന്‍ പോക്കറ്റില്‍നിന്ന് ഒരു സിഗററ്റെടുത്ത് കത്തിച്ചു. കടക്കാരന്‍ നീനയോട് ഏതൊക്കെയോ വഴികള്‍ കാണിച്ചു കൊടുക്കുന്നത് ജോമോന്‍ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവള്‍ തിരികെ വന്നു.

ഞാന്‍ പോയപ്പോഴേക്കും കത്തിച്ചു അല്ലേ… റോസ് മേരി ദേഷ്യം കടിച്ചമര്‍ത്തി അവന്‍റെ ചുണ്ടുകള്‍ക്കിടയില്‍ നിന്ന് സിഗററ്റ് വലിച്ചൂരിയെടുത്ത് നിലത്ത് ചവിട്ടിയരച്ചു. അവള്‍ ബൈക്കിന് പിന്നിലേക്ക് വീണ്ടും കയറിയിരുന്നു.

വഴി മനസ്സിലായോ? അല്ലെങ്കില്‍ ഇത്രേം ബുദ്ധിമുട്ടുന്നത് എന്തിനാ അവളോട് നേരിട്ട് വഴി ചോദിച്ചാ പോരേ?

ജോമോന്‍ ബൈക്ക് മുന്നോട്ടെടുത്തു.

അതല്ലേ അതിന്‍റെ സസ്പെന്‍സ്… അവള് ഞെട്ടണം എന്നെ കാണുമ്പം… റോസ്മേരിയുടെ പദ്ധതി അതായിരുന്നു.

പാമ്പ് പാപ്പച്ചന്‍ എന്നാ അവള്‍ടെ ചാച്ചനെ എല്ലാവരും വിളിക്കുന്നെ… ബൈക്കിലിരിക്കുമ്പോള്‍ അവള്‍ അറിയിച്ചു.

ഇനി വല്ല വിഷഹാരിയോ മറ്റോ ആണോ അവള്‍ടെ ചാച്ചന്‍? റോസ്മേരി ആലോചിച്ചു. ജോമോന് അതു കേട്ടപ്പോള്‍ ചിരി വന്നു.

എടീ പൊട്ടീ വിഷഹാരിയല്ല വിഷം അടിക്കുന്ന ആളാ അവള്‍ടെ ചാച്ചന്‍. ആല്‍ക്കഹോളിക്… ജോമോന്‍ പറഞ്ഞുകൊടുത്തു. അതുകേട്ടപ്പോള്‍ തന്‍റെ മണ്ടത്തരമോര്‍ത്ത് റോസ്മേരി ജാള്യതപ്പെട്ടു. ഒരു ഇടവഴിയിലേക്ക് വണ്ടി തിരിഞ്ഞു. ഒരു വളവിലെത്തിയപ്പോള്‍ വഴി തീര്‍ന്നു. ഇനിയുള്ളത് റബര്‍ത്തോട്ടമാണ്.

ജോമോന്‍ വണ്ടി നിര്‍ത്തി. ഇരുവരും വണ്ടിയില്‍ നിന്നിറങ്ങി. അപ്പോള്‍ റബര്‍ത്തോട്ടത്തിലെ ഒറ്റയടിപ്പാതയിലൂടെ ഏതാനും പെണ്‍കുട്ടികള്‍ അവര്‍ക്കെതിരെ നടന്നുവന്നു. അവരുടെ കയ്യില്‍ പാഠപുസ്തകങ്ങളുണ്ടായിരുന്നു.

ഈ കുട്ടികളോട് ചോദിക്കാം. ജോമോന്‍ തീരുമാനിച്ചു. അപ്പോഴേയ്ക്കും അവര്‍ അടുക്കലെത്തിക്കഴിഞ്ഞിരുന്നു.

പാമ്പ്… ജോമോന്‍ കുട്ടികളുടെ അടുക്കല്‍ ചെന്ന് തുടങ്ങിയത് അങ്ങനെയാണ്.

യ്യോ… പെണ്‍കുട്ടികള്‍ നിലവിളിച്ചുകൊണ്ട് പെട്ടെന്ന് പുറംതിരിഞ്ഞോടി. അപ്രതീക്ഷിതമായുള്ള പെണ്‍കുട്ടികളുടെ ആ പ്രതികരണത്തില്‍ ജോമോനും പേടിച്ചു. എവിടെയാ പാമ്പ്… ജോമോന്‍ നിലത്തുനിന്നുയര്‍ന്നു ചാടി ചോദിച്ചു.

ചേട്ടനല്ലേ പറഞ്ഞത് പാമ്പ്ന്ന്… പെണ്‍കുട്ടികളിലൊരാള്‍ ദേഷ്യപ്പെട്ടു.

ഞാനോ… ഞാന്‍ ചോദിച്ചത് ഈ പാമ്പ് പാപ്പച്ചന്‍റെ വീടെവിടെയാന്നാ… ജോമോന്‍ ആശ്വാസത്തോടെ ചോദിച്ചു.

വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍… പെണ്‍കുട്ടിക്ക് അപ്പോഴും ദേഷ്യം തീര്‍ന്നിരുന്നില്ല.

ഈ വഴിക്ക് നേരെ പോയാ മതി… ഒറ്റ വീടേ ഉള്ളൂ. മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടികള്‍ പിറുപിറുത്തും അടക്കം പറഞ്ഞ് പൊട്ടിചിരിച്ചും അവരെ കടന്നുപോയി. ജോമോന്‍ റോസ് മേരിയുടെ നേര്‍ക്ക് നോക്കുമ്പോള്‍ അവള്‍ വായ് പൊത്തി ചിരിക്കുകയായിരുന്നു.

…ന്‍റമ്മേ ഇത്രേം വലിയ കോമഡി ഞാന്‍ ലൈവായിട്ട് ഇതിന് മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. വയറ്റില്‍ കൈ കൊടുത്ത് നിന്ന് ഇനിയും ചിരി തീരാത്തവളെപോലെ റോസ്മേരി ചിരിക്കുകയായിരുന്നു അപ്പോഴും.

മതി ചിരിച്ചത്. വരുന്നുണ്ടെങ്കീ വാ.. ജോമോന്‍ മുന്നേ നടന്നു.

റബറിന് വിലയിടിഞ്ഞതില്‍ പിന്നെ ടാപ്പിങ്ങ് നടക്കുന്നില്ലെന്ന് തോന്നുന്നു. റബര്‍ മരങ്ങളെ നോക്കിക്കൊണ്ട് ജോമോന്‍ അഭിപ്രായപ്പെട്ടു.

അവര്‍ കയ്യാലകള്‍ പിന്നിട്ട് ഒരു വീടിന് മുമ്പിലെത്തി. ചെറിയൊരു വീടായിരുന്നു അത്. ഓട് മേഞ്ഞ വീട്. നീളന്‍ വരാന്ത. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്ന് പശു കരയുന്നുണ്ടായിരുന്നു. അപ്പോഴാണ് അകത്തുനിന്ന് ഒരു സ്ത്രീ വരാന്തയിലേക്ക് വന്നത്. മുഷിഞ്ഞ സാരിയായിരുന്നു അവരുടെ വേഷം.

ഏത് നേരോം അമറിക്കൊണ്ടിരുന്നാ ഞാനെവിടെ ചെന്ന് പുല്ല് ചെത്തിക്കൊണ്ടുവരാനാ എന്‍റെ അമ്മിണീ… പശുവിനോടായി അവര്‍ തുടര്‍ന്നു.

…റബര്‍ത്തോട്ടമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല പറമ്പിലോട്ട് ഇറക്കിക്കെട്ടാമെന്ന് വച്ചാ അപ്പോഴത്തേയ്ക്കും ആ കാലമാടന്‍ കലിതുള്ളി വരും… പശൂനെ കെട്ടാന്‍ സമ്മതിക്കുകേല.. റബറ് പോകുമത്രെ… പിന്നേ ഒട്ടുപാലിന്‍റെ പോലും വിലയില്ല റബര്‍ഷീറ്റിന്… എന്നിട്ടും റബറെന്ന് വച്ചാ അയാള്‍ക്ക് സ്വര്‍ണ്ണമാ…

അതു പറഞ്ഞിട്ട് അവര്‍ തിരിഞ്ഞുനോക്കിയത് മുറ്റത്തുനില്ക്കുന്ന ജോമോന്‍റെയും റോസ്മേരിയുടെയും നേര്‍ക്കായിരുന്നു.

ആരാ… എവിടുന്നാ… സ്ത്രീ ചമ്മലോടെ ചോദിച്ചു

ഈ പാ… ജോമോന്‍ അങ്ങനെ തുടങ്ങിയപ്പോഴേയ്ക്കും റോസ്മേരി ഇടയ്ക്ക് കയറി.

എത്സയുടെ വീടല്ലേ ഇത്… എത്സയുണ്ടോ?

സ്ത്രീയുടെ മുഖത്ത് അമ്പരപ്പ് പ്രകടമായി.

എത്സയെ അന്വേഷിച്ചോ? അവര്‍ ചോദിച്ചു

എത്സയുടെ അമ്മച്ചിയല്ലേ… എന്നെ മനസ്സിലായില്ലല്ലേ.. എന്‍റെ വീട് മടുക്കക്കുന്നിലാ.. ഞാനും എത്സേം അവിടെ പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചവരാ..

ന്‍റീശോയേ ആണോ.. എന്നാ ഇങ്ങോട്ട് കേറിയിരി… എത്സയുടെ അമ്മ മേരിക്കുട്ടി സ്നേഹത്തോടെ അവരെ സ്വാഗതം ചെയ്തു.

പിള്ളേര്‍ക്ക് ട്യൂഷന്‍ കഴിഞ്ഞിട്ട് അവള്‍ ഇവിടെ എവിടെയോ ഉണ്ടായിരുന്നു… എടീ എത്സേ… അകത്തേയ്ക്ക് നോക്കി മേരിക്കുട്ടി ഉറക്കെവിളിച്ചു.

എന്നതാ അമ്മേ… പിന്നാമ്പുറത്ത് നിന്ന് മുന്‍വശത്തേയ്ക്ക് എത്സ വന്നു. അവളുടെ കൈയില്‍ അലക്കിയ തുണിയുണ്ടായിരുന്നു. മുന്‍വശത്തെ അയയില്‍ തുണി വിരിച്ചിടാനായിരുന്നു അവള്‍ വന്നത്.

ദേ നിന്നെ തിരക്കി നിന്‍റെ കൂട്ടുകാരി വന്നിരിക്കുന്നു. മേരിക്കുട്ടി പറഞ്ഞു.

ഒരു നിമിഷം എത്സയുടെ കണ്ണുകളില്‍ അത്ഭുതം മിന്നിത്തിളങ്ങി.

എടീ റോസേ…

എടീ എത്സേ… കൂട്ടുകാരികള്‍ ഓടിവന്ന് പരസ്പരം കെട്ടിപ്പുണര്‍ന്നു.

എത്ര വര്‍ഷമായെടീ കണ്ടിട്ട് നിനക്കൊരു മാറ്റവും ഇല്ല… അതുപോലെ തന്നെ… റോസ്മേരി പറഞ്ഞു.

നിന്‍റെ മുടിയൊക്കെ പണ്ടത്തേതുപോലെ ഉണ്ടോടീ… റോസ്മേരിക്ക് അതറിയാനായിരുന്നു ആകാംക്ഷ. അവള്‍ എത്സയുടെ ശിരസിലേക്ക് നോക്കി. അപ്പോള്‍ ജോമോനും അറിയാതെ എത്സയുടെ ശിരസിലേക്ക് നോക്കി. ഹോ അയാള്‍ അത്ഭുതപ്പെട്ടുപോയി. മുടി തഴച്ചുവളരുന്നതിന്‍റെ പരസ്യങ്ങളിലെ നായികമാരെ അതിശയിപ്പിക്കുന്ന കേശഭാരം… കേശഭംഗി. നിതംബത്തെ മറച്ചുകിടക്കുന്ന കാര്‍കൂന്തല്‍. മുടി കണ്ടതിന് ശേഷമാണ് എത്സയെ അയാള്‍ നോക്കിയത്. ഇരുനിറമായിരുന്നു എത്സയ്ക്ക്… ആര്‍ക്കും ഒറ്റനോട്ടത്തില്‍ ഇഷ്ടം തോന്നുന്ന പ്രകൃതം. മുഖത്ത് എപ്പോഴും പ്രസന്നഭാവം. നിരയൊത്ത പല്ലുകള്‍. ഹൃദ്യമായ പുഞ്ചിരി. കൃത്രിമത്വമില്ലാത്ത ഇടപെടല്‍.

ജോമോനേ, ജോമോന് ഒരു രസം കേള്‍ക്കണോ… എത്സയുടെ കൈക്ക് പിടിച്ച് റോസ്മേരി ജോമോന്‍റെ അടുക്കലേക്ക് ചെന്നു.

ഞങ്ങള് ടെന്‍ന്തില്‍ പഠിക്കുമ്പോ ക്ലാസില്‍ ഒരുത്തനുണ്ടായിരുന്നു. സിനോജ്. അവന് എപ്പഴും ഒരു ചോദ്യമാ, എത്സേ നിനക്ക് മാത്രമെന്താ ഇത്രേം മുടി, നീയെന്നാ എണ്ണയാ തലയില്‍ വയ്ക്കുന്നത് എന്നെല്ലാം…ചോദ്യം കേട്ട് സഹികെട്ടപ്പോ ഇവള് ഒരു ദിവസം പറഞ്ഞു. ചാണകം തലയില്‍ പുരട്ടി കുളിക്കുന്നതുകൊണ്ടാ മുടി ഇത്രയും ഉണ്ടായതെന്ന്… അന്നും എത്സേടെ അമ്മച്ചിക്ക് പശുവളര്‍ത്തല്‍ ഉണ്ടായിരുന്നതോണ്ട് അവനത് വിശ്വസിച്ചു; മണ്ടന്‍…

പറഞ്ഞുകഴിഞ്ഞ് റോസ് മേരി ഉറക്കെ ചിരിച്ചു. ജോമോനും ചിരി വന്നു.

ശ്ശോ ഈ കൊച്ച് അതൊക്കെ ഓര്‍ത്തുവച്ചേക്കുവാണോ… മേരിക്കുട്ടി അത്ഭുതപ്പെട്ടു.

നിങ്ങള് വര്‍ത്താനം പറഞ്ഞിരി… ഞാന്‍ ചായയെടുക്കാം. മേരിക്കുട്ടി ധൃതിയില്‍ അടുക്കളയിലേക്ക് പോയി.

നീ ജോമോനെ പരിചയപ്പെട്ടിട്ടില്ലല്ലോ. ഇതാണ് എന്‍റെ ജോമോന്‍. റോസ് മേരി എത്സയ്ക്ക് പരിചയപ്പെടുത്തി.

ജോമോനേ ഇതാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട് എത്സ. അവള്‍ തിരിച്ചും പരിചയപ്പെടുത്തി.

ബെസ്റ്റ് ഫ്രണ്ട്. ജോമോന്‍ ഉള്ളില്‍ ചിരിച്ചു. പത്താം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ യാതൊരു അടുപ്പവും പുലര്‍ത്താതെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോഴും ബെസ്ററ് ഫ്രണ്ട്. വിവാഹം കഴിയുന്നതോടെ ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും പരസ്പരമുളള സൗഹൃദം അവസാനിക്കും. പിന്നെ എവിടെയെങ്കിലും എന്നെങ്കിലും പരസ്പരം ഭര്‍ത്താവും മക്കളുമായി കണ്ടുമുട്ടിക്കഴിയുമ്പോള്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയായിരിക്കും. ബെസ്റ്റ് ഫ്രണ്ട്. വലിയ നീണ്ട കാലയളവില്‍ ഒരിക്കല്‍ പോലും അന്വേഷിക്കാത്തവരായിരിക്കും. അല്ലെങ്കിലും പെണ്‍കുട്ടികളുടെ ഫ്രണ്ട് ഷിപ്പ് എന്ന് പറയുന്നത് അവര്‍ ഏതവസ്ഥയില്‍ ആയിരിക്കുന്നുവോ അപ്പോള്‍ മാത്രം നിലനിര്‍ത്തിപോരുന്നതാണ്. അതിനപ്പുറം അതിന് വലിയ ആയുസ്സൊന്നുമില്ല. പക്ഷേ അവരത് സമ്മതിച്ചുതരില്ലെന്ന് മാത്രം.

നീ വാ, നമുക്ക് സംസാരിക്കാം.

ജോമോന്‍ അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ എത്സ റോസ് മേരിയുടെ കൈയ്ക്ക് പിടിച്ച് പിന്നിലേക്ക് കൊണ്ടുപോയി.

ഞാന്‍ നിന്നെ ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത്. നിനക്ക് ഭര്‍ത്താവും കുടുംബവുമൊക്കെ ആയിക്കാണുമെന്നായിരുന്നു.

അവര്‍ തനിച്ചായപ്പോള്‍ എത്സയോട് റോസ്മേരി പറഞ്ഞു. അപ്പോഴും എത്സയുടെ മുഖത്തെ ചിരി മാഞ്ഞില്ല

ഓ, അതിന് സമയം കഴിഞ്ഞുപോയിട്ടൊന്നുമില്ലല്ലോ..

നിനക്ക് രണ്ട് അനിയത്തിമാരില്ലായിരുന്നോ അവരൊക്കെ എന്തു ചെയ്യുന്നു..

ഒരാള്‍ടെ കല്യാണം കഴിഞ്ഞു. ഒരാള് പഠിക്കുന്നു,

എത്സ ചിരിച്ചു.

നീയെന്തൊക്കെയാ ഇപ്പറയുന്നെ… അനിയത്തീടെ കല്യാണം കഴിഞ്ഞെന്നോ… അപ്പോ നിന്‍റെയോ…

അതൊക്കെ വലിയ കഥയാ എന്‍റെ മോളേ… അപ്പോള്‍ ചായയുമായി അവരുടെ അടുക്കലേക്ക് വന്ന മേരിക്കുട്ടി പറഞ്ഞു.

അനുഭവിക്കാനുള്ളത് അനുഭവിക്കണമല്ലോ… ങ് മോള് ഈ ചായ കുടിക്ക്… അമ്മിണീയെ ഒന്നു കൂടി പിഴിഞ്ഞെടുത്തതാ… വൈകിട്ടത്തെ കറവ കഴിഞ്ഞതായിരുന്നു. പാലും കൊണ്ട് ഇവരുടെ ചാച്ചന്‍ പോയേക്കുവാ… അവര്‍ ചായ കൊടുത്തിട്ട് തിരികെ പോയി.

എന്നതാടീ… നീ തെളിച്ചു കാര്യം പറ റോസ്മേരി ചോദിച്ചു.

അകലെയുള്ള മലകളിലേക്ക് നോക്കി നില്ക്കവെ എത്സ പറഞ്ഞു,

എന്‍റെ വിവാഹം ഉറപ്പിച്ചതായിരുന്നു. മനസ്സമ്മതോം കഴിഞ്ഞതായിരുന്നു. ചരക്കെട കഴിഞ്ഞ് പിറ്റേന്ന് ഉളള സ്വര്‍ണ്ണോം പണോം എടുത്ത് അവള് ബെറ്റ്സി ഒരുത്തന്‍റെ കൂടെ ഇറങ്ങിപ്പോയി.. അപ്പഴാ ഞങ്ങള് അറിയുന്നതുപോലും അവള്‍ക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നുവെന്ന്… വിവാഹം മുടങ്ങി… പിന്നെ നാട്ടില്‍ നില്ക്കാന്‍ തോന്നിയില്ല ചാച്ചന്… ഉള്ളതെല്ലാം വിറ്റുപെറുക്കി ഇങ്ങോട്ട് പോന്നു. ഇവിടെ വന്നപ്പോഴും ജീവിതം ഏതാണ്ടൊക്കെ സെയിം തന്നെ. അമ്മച്ചി പശൂനേം കോഴിയേം വളര്‍ത്തുന്നു. ചാച്ചന്‍ പണ്ടത്തെതുപോലെ തന്നെ കള്ളും കുടിച്ച്… പിഎസ്സി ഞങ്ങടെ കുടുംബക്കാരല്ലാത്തോണ്ട് മാറിമാറി എക്സാം എഴുതിയും ബാക്കിയുള്ള സമയം വീട്ടില്‍ ട്യൂഷനെടുത്തും ടെയ്ലറിങ്ങ് നടത്തിയും ഞാന്‍ ഇങ്ങനെയൊക്കെ ഇങ്ങ് കഴിഞ്ഞു കൂടുന്നു. ഇത്രയുമൊക്കെയേയുള്ളൂ എന്‍റെ സ്റ്റോറി.

ചിരിച്ചുകൊണ്ടാണ് എത്സ അത് മുഴുവന്‍ പറഞ്ഞതെങ്കിലും അതിലെ വേദന റോസ്മേരിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. നീയെന്നാടി എന്നെ ഇങ്ങനെ നോക്കിനില്ക്കുന്നത്. സഹതാപം കൊണ്ടോ ഒന്നു പോടീ… ഇതിലൊക്കെ എന്താ സഹതപിക്കാനിരിക്കുന്നെ? കാതുകുത്തിയവന്‍ പോയാ കടുക്കനിട്ടവന്‍ വരുമെന്ന് ചാച്ചന്‍ എപ്പഴും പറയും. കുതിരപ്പുറത്തേറി ഒരു രാജകുമാരനായിരിക്കും എന്നെ കെട്ടിക്കൊണ്ടുപോകാന്‍ വരുന്നത്. നീ നോക്കിക്കോ… എത്സ ചിരിച്ചു. പെട്ടെന്ന് റോസ്മേരിയുടെ മനസ്സിലേക്ക് ഒരു രംഗം കടന്നുവന്നു.

കുന്നിന്‍മുകളിലേക്ക് താഴ്വരയില്‍ നിന്ന് ഒരു വെള്ളക്കുതിര പാഞ്ഞുവരുന്നു. കുതിരപ്പുറത്തിരിക്കുന്നത് യോദ്ധാവിന്‍റെ വേഷമണിഞ്ഞ ബിനു.

റോസ്മേരിയുടെ ചിന്തകളെ ഉണര്‍ത്തിയത് ഉച്ചത്തിലുള്ള ഒരു പാട്ടാണ്.

പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് തലചായ്ക്കാന്‍
മണ്ണിലിടമില്ല…

ചാച്ചന്‍ വന്നു. എത്സ റോസ് മേരിയോട് പറഞ്ഞു. ഒഴിഞ്ഞ പാല്‍പാത്രങ്ങളുമായി മുറ്റത്തേക്ക് വന്ന പാപ്പച്ചനെ കണ്ടപ്പോള്‍ അരപ്രേസിലിരുന്ന ജോമോന്‍ എണീറ്റു നിന്നു.

ആരാ മനസ്സിലായില്ലല്ലോ…?

പാപ്പച്ചന്‍ ചോദിച്ചു.

ഞാന്‍… ജോമോന്‍ പറയാന്‍ ഭാവിക്കുമ്പോഴേക്കും എത്സ അവിടേയ്ക്ക് വന്നു.

എന്‍റെ കൂട്ടുകാരിയും ഭര്‍ത്താവുമാ ചാച്ചാ…

എന്നാ കൂട്ടുകാരിയും ഭര്‍ത്താവും അങ്ങോട്ടിരി… അരപ്രേസിലേക്ക് ചൂണ്ടി പാപ്പച്ചന്‍ പറഞ്ഞു.

ഇല്ല പോയേക്കുവാ… കുറച്ചുനേരമായി വന്നിട്ട്… ഇനി പിന്നെയൊരിക്കലാവാം… ജോമോന്‍ ഭവ്യതയോടെ പറഞ്ഞു. ജോമോനും റോസ്മേരിയും യാത്ര ചോദിച്ച് ഇറങ്ങി.

ഇനീം വരണം കേട്ടോ മോളേ… മേരിക്കുട്ടി ഓര്‍മ്മിപ്പിച്ചു. ബൈക്ക് ഇരിക്കുന്ന സ്ഥലം വരെ എത്സ അവരെ അനുഗമിച്ചു.

വിളിക്കാം മൊബൈല്‍ ഉയര്‍ത്തിക്കാണിച്ച് റോസ്മേരി പറഞ്ഞു.

എത്സ തലയാട്ടി.

പോട്ടെ… ജോമോന്‍ എത്സയോട് യാത്ര ചോദിച്ചു. എത്സ കരം വീശി.

കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസനതൈലം? ബൈക്ക് ഓടിക്കവെ ജോമോന്‍ അറിയാതെ പാടിപ്പോയി.

പിന്നില്‍ നിന്ന് റോസ്മേരി അയാളുടെ ചെവിക്ക് പിടിച്ചു.

ഇപ്പോ എന്നാ ഇങ്ങനെയൊരു പാട്ട്?

ഓ ചുമ്മാതാണേ… ജോമോന്‍ വേദന ഭാവിച്ചു.

വളരെ കഷ്ടമാ അവള്‍ടെ കാര്യം… റോസ്മേരി പറഞ്ഞു.

എന്തുപറ്റി അവള്‍ക്ക്? ജോമോന്‍ ചോദിച്ചു.

അല്ല ജോമോനേ എനിക്കൊരു ഐഡിയ… നമുക്ക് ബിനൂന് വേണ്ടി എത്സയെ ആലോചിച്ചാലോ?

ഒന്നുപോടീ… ജോമോന്‍ പെട്ടെന്ന് തന്നെ മറുപടി നല്കി.

ഈ മലമൂട്ടില്‍ വന്ന്… ഈ വീട്ടുകാരുമായി ഒരു ബന്ധം… അതും ബിനൂന്… നല്ല ശേലായി..

നിനക്ക് നിന്‍റെ ഫ്രണ്ടിനെക്കുറിച്ച് വിചാരമുണ്ടെങ്കി അതിനേക്കാള്‍ വിചാരമുണ്ട് എനിക്ക് എന്‍റെ ഫ്രണ്ടിനെക്കുറിച്ച്… പാലത്തുങ്കല്‍ക്കാര് തറവാടികളാ… തറവാടികള്… അല്ലാതെ ഏതുനേരോം വെള്ളത്തി താമര വിരിയിച്ച് നടക്കുന്ന നിന്‍റെ കൂട്ടുകാരിയുടെ വീട്ടുകാരെ പോലെയല്ല..

ജോമോന്‍ എന്നാത്തിനാ ഇത്രമാത്രം റെയ്സ് ആകുന്നെ? റോസ് മേരിക്ക് ദേഷ്യം വന്നു.

ഞാനൊരു പ്രൊപ്പോസല്‍ വച്ചുവെന്നല്ലേയുള്ളൂ. ഇഷ്ടമായില്ലെങ്കില്‍ വേണ്ട. ജോമോന് ബിനൂനെ എങ്ങനെ അറിയാമോ അതുപോലെ എനിക്ക് എത്സേം അറിയാം… ആ എത്സയെ ജോമോന്‍ പറഞ്ഞുകേട്ട ബിനുവുമായി ആലോചിച്ചുനോക്കിയപ്പോള്‍ ജോമോന്‍റെ ബിനൂന് എന്‍റെ എത്സേനെ ചേരുമെന്ന് എനിക്ക് തോന്നി. ആ തോന്നല്‍ ജോമോന് ജോമോന്‍റെ ബിനൂനെക്കുറിച്ച് തോന്നുന്നില്ലെങ്കില്‍ എന്‍റെ എത്സേടെ കാര്യം എനിക്ക് വിട്ടിട്ട് ജോമോന്‍ ജോമോന്‍റെ ബിനുവിന്‍റെ കാര്യവുമായി മുന്നോട്ട് പൊയ്ക്കോ.. ഞാനെന്‍റെ എത്സേടെ കാര്യം നോക്കിക്കോളാം.

ശ്ശോ, നീയിങ്ങനെ പ്രാസമൊപ്പിച്ച് പറഞ്ഞോണ്ടിരുന്നാ എന്‍റെ തലേല്‍ ഒന്നും കയറില്ല… മനുഷ്യന് മര്യാദയ്ക്ക് മനസ്സിലാവുന്ന ഭാഷേല്‍ വല്ലതും പറ… ജോമോന്‍ ദേഷ്യപ്പെട്ടു.

എങ്കില്‍ നമുക്ക് കോഫീ ഹൗസില്‍കയറി രണ്ട് കോള്‍ഡ് കോഫി കഴിച്ച് ഇതേക്കുറിച്ച് സംസാരിക്കാം. റോസ്മേരി അഭിപ്രായപ്പെട്ടു.

ജോമോന്‍ ബൈക്ക് കോഫി ഹൗസിന്‍റെ മുമ്പില്‍ നിര്‍ത്തി.

ബിനൂന്‍റെ പ്രശ്നം എന്നതാ? ടേബിളിന് ഇരുവശങ്ങളിലിരിക്കുമ്പോള്‍ റോസ്മേരി ജോമോനോട് ചോദിച്ചു.

അവനെന്ത് പ്രശ്നം… ജോമോന്‍ നെറ്റി ചുളിച്ചു.

ജോമോന് അറിയില്ലെങ്കി ഞാന്‍ പറയാം, ഉത്തരവാദിത്തമില്ലായ്മ,,അലസത… കാര്യപ്രാപ്തിയില്ലായ്മ… പ്രായോഗികജ്ഞാനമില്ലായ്മ… ഈ ലോകത്ത് അത്യാവശ്യം ഒരു ചെറുപ്പക്കാരന് ജീവിക്കാന്‍ വേണ്ടുന്ന യാതൊന്നും ബിനൂവിനില്ല… അവന് കൃത്യമായ ജോലിയുണ്ടോ… വരുമാനമുണ്ടോ. അവന്‍ ഒരു സ്വപ്നജീവിയല്ലേ… വെറും സ്വപ്നജീവി?

എടീ, അവന്‍റെ ഒരു സ്ക്രിപ്റ്റ് സിനിമയായാല്‍ അവന്‍ നാളെ ആരാ?

ജോമോന്‍ സുഹൃത്തിന് വേണ്ടി തര്‍ക്കിച്ചു.

ആയാലലല്ലേ… വര്‍ഷം കുറെയായില്ലേ അവന്‍ കഥേം പറഞ്ഞ് നടക്കുന്നു… എന്നിട്ട് എന്തെങ്കിലും ആയോ..നാളെത്തെ കാര്യം പറയാതെ ഇന്നത്തെ കാര്യം പറ..

റോസ്മേരി വെല്ലുവിളിച്ചു.

പറയാം, ഇന്നത്തെ ചെറുപ്പക്കാരെ പോലെ അവന് വെള്ളമടിയുണ്ടോ… സ്റ്റഫെടുക്കാറുണ്ടോ… വായ് നോട്ടമുണ്ടോ… ഏതെങ്കിലും ഒരു പെണ്ണിനെ പതിന്നാല് സെക്കന്‍റില്‍ കൂടുതല്‍ തുറിച്ചുനോക്കിയിട്ടുണ്ടോ… വീട്ടുകാരോട് സ്നേഹത്തിന് വല്ല കുറവുമുണ്ടോ… സുഹൃത്തുക്കള്‍ക്ക് വേണ്ടി ചാകാന്‍ വരെ റെഡിയല്ലേ… ഇതൊക്കെ അവന്‍റെ മെരിറ്റല്ലേ?

ഇതൊന്നും വിവാഹക്കമ്പോളത്തില്‍ വലിയ മെരിറ്റൊന്നുമല്ല…രണ്ട് സ്മോള്‍ വീശിയാലും നഗരം നഗരം മഹാസാഗരം എന്ന് നാവ് കുഴയാതെ പാടാന്‍ കഴിയുന്ന ആണുങ്ങളെയാ ഇന്നത്തെ കാലത്തു പെമ്പിള്ളേര്‍ക്ക് ഇഷ്ടം – റോസ് മേരി പറഞ്ഞു. ജോമോന്‍റെ കണ്ണില്‍ അതിശയം നിറഞ്ഞു.

സത്യം? അവളുടെ അടുക്കലേക്ക് മുഖം ഒന്നുകൂടി അടുപ്പിച്ചിട്ട് വിശ്വാസം വരാത്തവനെപ്പോലെ ജോമോന്‍ ചോദിച്ചു.

സത്യം. പക്ഷേ ജോമോന്‍ ആ വഴിക്ക് പോകണ്ടാ… പോയാല്‍ എന്‍റെ തനിസ്വഭാവം അറിയും. പറഞ്ഞേക്കാം… റോസ്മേരി ചൂണ്ടുവിരല്‍ ഉയര്‍ത്തി.

തുടര്‍ന്ന് റോസ്മേരി തനിക്ക് എത്സയെക്കുറിച്ചുള്ള അറിവുകള്‍ മുഴുവന്‍ പങ്കുവച്ചു. സ്കൂള്‍ കാലത്തെ വിശേഷങ്ങള്‍, അന്നത്തെ അവളുടെ സ്വഭാവപ്രത്യേകതകള്‍… പിന്നെ കണ്ടുമുട്ടിയ അവസരത്തില്‍ അവള്‍ തുറന്നു പറഞ്ഞ കാര്യങ്ങള്‍..

എത്സ ജീവിതം കണ്ടവളാ… തീയില്‍ കുരുത്തവളാ… അവള് വെയിലത്ത് വാടില്ല. ജീവിതത്തെ എന്തുവന്നാലും നേരിടാനുള്ള കരുത്തുണ്ടവള്‍ക്ക്… ബിനൂനെപോലെ ഒരു സ്വപ്നജീവിക്ക് കരുത്തുപകരാന്‍ എത്സയെപോലുള്ള ഒരുവള്‍ക്കേ കഴിയൂ. പാലത്തുങ്കല്‍ക്കാരെ പോലെ ഒട്ടും മോശമല്ലാത്തവരാ അവള്‍ടെ വീട്ടുകാരും. പിന്നെ അവള്‍ടെ ചാച്ചനായിട്ട് കുടിച്ചും ചീട്ടുകളിച്ചും ഇങ്ങനെയാക്കിയെന്നേയുള്ളൂ… റോസ്മേരി പറഞ്ഞു.

നീ പറഞ്ഞതിലും ചില കാര്യങ്ങള്‍ ഇല്ലാതില്ല. ജോമോന്‍ ആലോചനാമഗ്നനായി പറഞ്ഞു.

….മെരിറ്റും ഉണ്ട് ഡീമെരിറ്റും ഉണ്ട്… എന്തായാലും അമ്മച്ചിയോട് ഇക്കാര്യം ഒന്ന് പറഞ്ഞുനോക്കാം. ജോമോന്‍ ഇരിപ്പിടത്തില്‍ നിന്നെണീറ്റു.

ഏതുവഴിക്കാ അപകടം വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ? ജോമോന്‍ നെടുവീര്‍പ്പെട്ടു.

അപകടമോ? റോസ്മേരി സം ശയിച്ചു.

വിവാഹജീവിതം എന്ന് പറയുന്നത് ആക്സിഡന്‍റലാ… എവിടെയോ ഉള്ള രണ്ടുപേര്‍… എവിടെയോ ജനിച്ച്… എവിടെയോ വളര്‍ന്ന്… എങ്ങനെയൊക്കെയോ ഒരുമിച്ച് ചേരുന്നവര്‍… നമ്മള്‍ ശ്രദ്ധയോടെ വണ്ടിയോടിച്ച് പോയാലും ഏതെങ്കിലുമൊക്കെ കുടുസുവഴിയില്‍ നിന്ന് റോങ്ങായി കയറി വന്ന് നമ്മുടെ വണ്ടി ഇടിച്ചുനിരപ്പാക്കുന്ന ചില ആള്‍ക്കാരില്ലേ… അതുപോലെ തന്നെയാ വിവാഹജീവിതവും. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല. ബിനൂന്‍റെ തലേല് ഇതാണ് വരച്ചിരിക്കുന്നതെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? തലേവര അമര്‍ത്തിതുടച്ചാല്‍ പോകില്ലല്ലോ?

ജോമോന്‍ തല തുടച്ചുകൊണ്ടാണ് അത് പറഞ്ഞത്.

ഒന്നു പോടാ… റോസ്മേരി തമാശയോടെ മുഷ്ടിചുരുട്ടി ജോമോനെ ഇടിച്ചു.

(തുടരും)

Leave a Comment

*
*